കുരിക്കൾ തെയ്യം
കൂടാളി കുഞ്ഞിരാമൻ ഗുരിക്കൾ എന്ന ഇതിഹാസ പുരുഷനെയാണ് കുരിക്കൾ തെയ്യം എന്ന പേരിൽ കെട്ടിയാടുന്നത്. മന്ത്രവാദത്തിലും വൈദ്യത്തിലും ഏർപ്പെട്ടുനടക്കുന്നവരുടെ പേരിലുള്ള തെയ്യങ്ങളാണ് കുരിക്കൾ തെയ്യം എന്നും പറയാം, പൊന്ന്വൻ തൊണ്ടച്ചൻ, വിഷകണ്ടൻ തുടങ്ങിയ തെയ്യങ്ങളും ഈ ഗണത്തിൽ പെടുന്നു.
ഐതിഹ്യം
[തിരുത്തുക]മന്ദപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു വീരപുരുഷൻ. കതിവനൂർ വീരൻ തെയ്യം കെട്ടിയാടുന്ന ഇടങ്ങളിൽ ഗുരുക്കൾ തെയ്യം, അഥവാ കുരിക്കൾ തെയ്യവും കെട്ടിയാടിക്കാറുണ്ട്. കതിവനൂർ വീരനെപ്പോലെതന്നെ വീരമൃത്യുവടഞ്ഞ പൂർവികന്റെ സങ്കല്പത്തിലാണ് കുരിക്കൾ തെയ്യവും കെട്ടിയാടുന്നത്. കൂടാളി നാട്ടിലെ യോഗിയായിരുന്നു കുഞ്ഞിരാമൻ. നാട്ടുരാജാവ് തന്നിലെ ബാധയകറ്റാൻ ഒരിക്കൽ മന്ത്രവാദിയും വൈദികനുമായ കുഞ്ഞിരാമൻ ഗുരുക്കളെ വിളിച്ചു വരുത്തി. ശരീരത്തിൽ നിന്നും ബാധയകറ്റിയ ഗുരുക്കൾക്ക് കൈനിറയെ സ്വർണ്ണസമ്മാനങ്ങളും നല്ലൊരു സ്ഥാനനാമവും നൽകുകയുണ്ടായി. എന്നാൽ ഇക്കാര്യങ്ങളിൽ അസൂയപൂണ്ട അനുയായികൾ ഗുരുക്കളെ ചതിയാൽ കൊലചെയ്യപ്പെട്ടു എന്നാണൈതിഹ്യം. പുഴാതിപ്പറമ്പിന്റെ കന്നിമൂലയിൽ ആയിരുന്നുവത്രേ ഗുരുക്കൾ മരിച്ചു വീണത്. മരണവെപ്രാളത്തിൽ കരയുന്ന ഗുരുക്കളുടെ നിലവിളി കതിവനൂർ വീരൻ കേൾക്കാനിടയായി എന്നും കതിവനൂർ വീരൻ തന്നെ ഗുരുക്കളെ ഒരു തെയ്യമായി തന്റെ കൂടെ കൂട്ടി എന്നുമാണു വിശ്വാസം. പ്രധാനമായും വണ്ണാൻസമുദായം കെട്ടിയാടുന്ന ഈ തെയ്യത്തിന്റെ
വേഷത്തിന് കതിവനൂർ വീരനുമായി നല്ല സാമ്യമുണ്ട്.
കുരിക്കൾ തെയ്യമെന്ന പേരിൽ പുലയർക്കും വിവിധങ്ങളായ തെയ്യങ്ങളുണ്ട്. പുലിമറഞ്ഞ തൊണ്ടച്ചനാണ് ഇവയിൽ പ്രധാനം. പനയാർ കുരിക്കൾ, പിത്താരി വെള്ളൂ കുരിക്കൾ, കാരി കുരിക്കൾ, ചിറ്റോത്ത് കുരിക്കൾ, പൊല്ലാലൻ കുരിക്കൾ, അമ്പിലേരി കുരിക്കൾ, വട്ടിയൻ പൊള്ള, വളയങ്ങാടൻ തൊണ്ടച്ചൻ തുടങ്ങിയവയൊക്കെ ഗുരുക്കൾ തെയ്യങ്ങൾ തന്നെയാണ്. പക്ഷെ മേൽ വിവരിച്ച ഐതിഹ്യമല്ല ഈ തെയ്യങ്ങളുടെ പുറകിൽ ഉള്ളത്.
വേഷം
[തിരുത്തുക]മാർച്ചമയം - അരിച്ചാന്ത്
മുഖത്തെഴുത്ത് - നാഗവും കുറിയും
തിരുമുടി - പൂക്കട്ടിമുടി