കാളി
ഭദ്രകാളി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഭദ്രകാളി, മഹാകാളി, ചാമുണ്ഡി, കാലരാത്രി | |
---|---|
സംഹാരം, ശക്തി, വിജയം, ഐശ്വര്യം, സമ്പത്ത്, ആരോഗ്യം, ദുഃഖനാശം, ഭയനാശം, ദുഷ്ടരിൽ നിന്നും രക്ഷ, പാണ്ഡിത്യം, വിദ്യ, മോക്ഷം | |
ദേവനാഗരി | काली |
Sanskrit Transliteration | Kālī |
Affiliation | ആദിപരാശക്തി, ഭുവനേശ്വരി, ദുർഗ്ഗ, പാർവതി, ചണ്ഡിക, ചാമുണ്ഡേശ്വരി, രക്തേശ്വരി , സപ്തമാതാക്കൾ |
നിവാസം | ശ്മശാനം, രണഭൂമി |
ഗ്രഹം | ചൊവ്വ, പക്ഷബലമില്ലാത്ത ചന്ദ്രൻ, കേതു, ശനി |
ആയുധം | വാൾ, ത്രിശൂലം |
Mount | ഭദ്രകാളി- വേതാളം, മഹാകാളി - സിംഹം |
ആദിമകാലങ്ങളിൽ മാതൃദായക്കാരായ പുരാതന ദ്രാവിഡ ഗോത്രങ്ങളുടെയും പിന്നീട് ശാക്തേയരുടെയും കാലക്രമേണ ഹൈന്ദവരുടേയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ് ഭദ്രകാളി അഥവാ മഹാകാളി [അവലംബം ആവശ്യമാണ്]. ഭദ്രാ ഭഗവതി ചുരുക്കത്തിൽ ഭഗവതി എന്ന പേരിൽ അറിയപ്പെടുന്നു. ശാക്തേയ പാരമ്പര്യമുള്ള ഇടങ്ങളിൽ എല്ലാം ജഗദീശ്വരിയായ ആദിപരാശക്തിയുടെ ആരാധന കാണാം. നവരാത്രിയുടെ ഏഴാം ദിവസം കാലരാത്രി എന്ന പേരിൽ ആരാധിക്കപ്പെടുന്നതും കാളി തന്നെ. പ്രപഞ്ച സൃഷ്ടിയുടെ അടിസ്ഥാനം മഹാശക്തിയായ സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ ജഗദീശ്വരിയും ആദിപരാശക്തിയുമായ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദികാലങ്ങളിൽ ഗോത്ര ജനത കാളിയെ പ്രകൃതിയായി, ഊർവ്വരതയായി, മണ്ണിന്റെ ഫലഭൂയിഷ്ടതയായി, കാർഷിക സമൃദ്ധിക്കായി, യുദ്ധ വിജയത്തിനായി ആരാധിച്ചിരുന്നു. വേഗം അനുഗ്രഹം ചൊരിയുന്നവളും സർവ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യുന്നവളും ആപത്തുകളിൽ രക്ഷകിയുമാണ് ഭഗവതി എന്നാണ് വിശ്വാസം. ക്രിസ്തുവർഷത്തിനു മുമ്പ് വളരെ പുരാതന കാലം മുതൽക്കേ തന്നെ ലോകത്തിൽ മാതൃദൈവ സങ്കൽപ്പം നിലനിന്നിരുന്നു. മാതൃദൈവ ആരാധന സിന്ധുനാഗരികതയ്ക്ക് മുൻപേ തന്നെ ഭാരതത്തിലും നിലനിന്നിരുന്നു. ഇത് ഉർവ്വരതാ സങ്കൽപവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കാളീക്ഷേത്രങ്ങളിലും കാവുകളിലും ഇന്നും തുടർന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾ ഇത്തരം ആരാധനയുമായി ബന്ധപ്പെട്ടു കിടക്കുന്നു. തിൻമയുടെ മേലുള്ള നൻമയുടെ വിജയമാണ് കാളീ സങ്കൽപ്പം. ദുഷ്ടരെ ശിക്ഷിക്കുകയും ശിഷ്ടരെ രക്ഷിക്കുകയും ചെയ്യുന്ന ഭദ്രകാളി സങ്കല്പം കേരളത്തിലും പ്രബലമാണ്. കാടിനെ കാക്കുന്ന കാവ് പ്രകൃതിയായ കാളി സങ്കൽപവുമായി ചേർന്ന് നിൽക്കുന്നു.
കേരളീയരുടെ കുലദൈവം ഭദ്രകാളി എന്ന ഭഗവതിയാണ്. കേരളത്തിൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ചെറുതും വലുതുമായ ഭദ്രകാളി ക്ഷേത്രങ്ങൾ കാണാം. ഭാരതത്തിൽ എല്ലായിടത്തും മഹാകാളി ആരാധന നിലവിലുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നായി മഹാകാളിയെ കണക്കാക്കുന്നു. ഇത് ശ്രീ പാർവതിയുടെ കറുത്ത രൂപമായി ശൈവർ വിശ്വസിക്കുന്നു. വിവിധ പ്രദേശങ്ങളിൽ പല പ്രാദേശികമായ പേരുകളിൽ കാളിയെ ആരാധിച്ചു വരുന്നുണ്ട്.
കാളിയുടെ സൗമ്യവും രൗദ്രവുമായ പത്ത് രൂപങ്ങളെ ദശ മഹാവിദ്യ എന്നറിയപ്പെടുന്നു. സപ്തമാതാക്കളിൽ പ്രധാനപ്പെട്ട ഭഗവതിയും കാളിയാണ്. ശ്രീഭദ്ര, ഭദ്രാഭഗവതി ചുരുക്കത്തിൽ ഭഗവതി എന്നും അറിയപ്പെടുന്നു. കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി, കാലത്തെ (സമയത്തെ) നിയന്ത്രിക്കുന്നവൾ, കാരുണ്യത്തിന്റെ ഭഗവതി" എന്നൊക്കെ പല രീതിയിൽ വിശേഷിപ്പിച്ചു കാണാറുണ്ട്. "ഭദ്രമായ (മംഗളമായ) കാലത്തെ നല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. കറുത്ത നിറത്തോടുകൂടിയ ഭഗവതി കരിങ്കാളി എന്നറിയപ്പെടുന്നു. കേരളത്തിൽ ശ്രീകുരുംമ്പ, തമിഴ്നാട്ടിൽ മാരിയമ്മൻ, കർണാടകയിൽ ചാമുണ്ഡി, ബംഗാളിൽ ഭവതാരിണി എന്നെല്ലാം അറിയപ്പെടുന്നതും കാളി തന്നെ. പൊതുവേ അവർണ്ണ വിഭാഗങ്ങളും പിന്നോക്ക സമുദായക്കാരുമാണ് ഭദ്രകാളിയെ കൂടുതലായി ആരാധിച്ചു കണ്ടിരുന്നത്. അയോധനകലകളുടെ ദൈവമായി കളരികളിലും കാളീപൂജ പതിവായിരുന്നു. കളരി പരമ്പര ദൈവമായും ഭഗവതിയെ സങ്കൽപ്പിച്ചു വരുന്നു.
ഭദ്രകാളിയെ ആരാധിക്കുന്നതിനു പ്രത്യേക നിഷ്ഠയോ നിവേദ്യമോ ഇല്ലെന്നാണ് സങ്കല്പം. വിശ്വാസികളായ ആർക്കും ആരാധിക്കാം. ഭക്തർക്ക് ഇഷ്ടമുള്ള ഭക്ഷണം നിവേദ്യമായി സമർപ്പിക്കാം എന്നാണ് വിശ്വാസം. അബ്രാമണർ പൂജ നടത്തുന്ന ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും ഇന്നും കേരളത്തിൽ ധാരാളം. വീടുകളിൽ മച്ചകത്തും, മുകൾ നിലയിലും കുടുംബ ദൈവമായി ഭഗവതിയെ കാണാം. ശാക്തേയ വിധിപ്രകാരം തറവാട്ടിലെ അംഗങ്ങൾ തന്നെ നേരിട്ട് ഭഗവതിയെ പൂജിക്കുന്ന രീതി ഇന്നും വ്യാപകമാണ്. കാളികാ പുരാണം കാളിയെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന പൗരാണിക ഗ്രന്ഥമാണ്. കൂടാതെ ദേവി മാഹാത്മ്യം, ദേവി ഭാഗവതം, ശിവപുരാണം എന്നിവയിലും കാളിയുടെ വർണ്ണനകൾ കാണാവുന്നതാണ്. മഹായാന ബുദ്ധമതത്തിൽ ഭഗവതി താര എന്ന പേരിൽ ആരാധിക്കപ്പെടുന്നു.[1]
വിശ്വാസം
[തിരുത്തുക]ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയായ കാളി വീര്യത്തിന്റെയും ശക്തിയുടെയും കരുണയുടെയും ദൈവമായാണ് അറിയപ്പെടുന്നത്. ദേവീഭാഗവതത്തിൽ സർവേശ്വരിയായ ആദിപരാശക്തി അഥവാ ഭുവനേശ്വരിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. മഹാലക്ഷ്മിയും മഹാസരസ്വതിയും ആണ് മറ്റു രണ്ടു ഭാവങ്ങൾ. കലിയുഗത്തിൽ രക്ഷ നൽകുന്നവളും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നവളുമാണ് ഭഗവതി എന്ന് പറയപ്പെടുന്നു. പൗർണമി ദിവസം (പൂർണ്ണ ചന്ദ്രൻ) ദുർഗ്ഗയായും അമാവാസി ദിവസം കാളി ആയും സങ്കൽപ്പിക്കപ്പെടുന്നു. ശിവ പുരാണപ്രകാരം ശിവന്റെ മഹാകാലൻ എന്ന അവതാരത്തിന്റെ ശക്തിയാണ് മഹാകാളി. കാളിയുടെ സൗമ്യവും സുന്ദരവുമായ രൂപം സുമുഖീകാളി എന്നറിയപ്പെടുന്നു. സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഭഗവതി ആണിത്. മഹാദേവൻറെ പുത്രിയാണ് ഭദ്രകാളി, ഭയത്തെ ഇല്ലാതാക്കുന്ന ഭഗവതി സങ്കൽപ്പമാണ് ഭദ്രകാളി. പല ക്ഷേത്രങ്ങളിലും ഭദ്രകാളിയെ സുമുഖി കാളി രൂപത്തിൽ ആരാധിയ്ക്കപ്പെടുന്നു.
ഒരു കൊച്ചു പെൺകുട്ടിയുടെ രൂപത്തിൽ ഉള്ള ഭഗവതി ബാലഭദ്ര എന്നറിയപ്പെടുന്നു. കല്പാന്തത്തിൽ അഖില ബ്രഹ്മാണ്ഡത്തെയും ഭഗവതി തന്നിൽ ലയിപ്പിക്കുന്നു. പുന സൃഷ്ടിയുടേയും ശക്തി കാളിയാണ്. ശാന്തസ്വരൂപിണിയായും രൗദ്രസ്വരൂപിണിയായും കാളി വിരാജിക്കുന്നു. ശ്മശാനത്തിൽ വസിക്കുന്ന ഭഗവതി ആരോഗ്യത്തിന്റെ ദൈവം കൂടിയാണ്. മഹാമാരികളിൽ നിന്നും മഹാരോഗങ്ങളിൽ നിന്നും രക്ഷക്കായി ഭഗവതിയെ ആരാധിച്ചു കാണാറുണ്ട്. കൊടുങ്ങല്ലൂർ, തിരുമാന്ധാകുന്ന്, മണ്ടയ്ക്കാട് തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ രോഗനാശത്തിനായി ഭക്തർ ദർശനം നടത്തി വരുന്നത് ഇതിന് ഉദാഹരണമാണ്.
ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുപീഡ, രോഗം, ദാരിദ്ര്യം, പ്രകൃതിദുരന്തം പോലെയുള്ള ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കുന്നവളാണ് എന്നാണ് വിശ്വാസം. കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി ഇല്ലങ്ങളായ ഭദ്രകാളി മറ്റപ്പിള്ളി , കാട്ടുമാടം, കൊളത്താപ്പള്ളി, കണ്ണമംഗലം ( പൂരാടം ) , കരുമത്താഴത്ത് മണ്ണൂർ,മുല്ലമംഗലം തുടങ്ങിയ അനേകം നമ്പൂതിരി ഇല്ലങ്ങളുടേയും, പിടരാന്മാർ,മൂസ്സ്, ശാക്തേയ മൂസ്സ്,നായർ,ഈഴവ തുടങ്ങിയ സമുദായക്കാരുടേയും പരദേവതയാണ് ഭദ്രകാളി. പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയെ കാളികയായി ഉപാസകർ സങ്കൽപ്പിക്കുന്നു. ദശമഹാവിദ്യകൾ, സപ്‌തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ പ്രധാനിയായി കാളിയെ കണക്കാക്കുന്നു. ദേവീമാഹാത്മ്യത്തിൽ 11 ന്നാം അധ്യായത്തിലെ നാരായണി സ്തുതിയിൽ "ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം ത്രിശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തിൽ ഭുവനേശ്വരിയുടെ കറുത്ത ഉഗ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. കാളീ സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ (ശിവന്റെ) ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ പാർവതിയും കാളിയും ഒന്ന് തന്നെ എന്ന് പറയപ്പെടുന്നു. രാജസ, സാത്വിക ഭാവങ്ങളിലും ഭഗവതി ആരാധിക്കപ്പെടുന്നു. ബാലഭദ്ര, സുമുഖികാളി തുടങ്ങിയ ഭാവങ്ങൾ ഭഗവതിയുടെ സൗമ്യസുന്ദര ഭാവങ്ങളാണ്. ആദിശക്തി മഹാകാളി, ദാരികനെ വധിച്ച ഭദ്രകാളി, അഥർവാണ ഭദ്രകാളി, ചാമുണ്ഡേശ്വരി, വാർത്താളി എന്നിവ കാളിയുടെ വിവിധ ഭാവങ്ങൾ ആണ്. മഹാകാളിയും, പാർവ്വതിയും , ദുർഗ്ഗയും,ഭുവനേശ്വരിയും മഹാലക്ഷ്മിയും മഹാസരസ്വതിയും ഒന്നുതന്നെ എന്നു കരുതുന്നവരുണ്ട്.
അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. സമയത്തിന്റെ (കാലത്തിന്റെ) ഭഗവതിയാണ് കാലി അഥവാ കാളി എന്ന് സങ്കൽപ്പിയ്ക്കപ്പെടുന്നു. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്നവളുമായ പ്രകൃതിയാണ് കാളിയെന്ന് ശക്തി ഉപാസകർ കരുതുന്നു. കൊടുങ്ങല്ലൂർക്കാവ്, പനയന്നാർക്കാവ്, മാടായിക്കാവ്, വള്ളിക്കാവ് എന്നിവിടങ്ങളിലൊക്കെ കാവുകളിൽ നിന്നാണ് ഭദ്രകാളീ ക്ഷേത്രങ്ങളുണ്ടായത് എന്ന് കരുതപ്പെടുന്നു.
കേരളത്തിലെ പ്രഥമ കാളി ക്ഷേത്രവും, ഭദ്രകാളിയുടെ മൂല കേന്ദ്രവും ആയിട്ടാണ് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. ഇവിടെനിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നുവെന്നാണ് സങ്കൽപ്പം. ഇതുപോലെ കണ്ണൂർ ജില്ലയിലെ മാടായിക്കാവിൽ നിന്നും ഭഗവതിയെ ആവാഹിച്ച് കൊണ്ടുപോയി ഇരുത്തിയ അനേകം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.
തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയെ (ഭാര്യാദൈവം) കാളിയോട് ഉപമിച്ചു കാണാറുണ്ട്. തോറ്റം പാട്ടിൽ വടക്കുംകൊല്ലത്തെ കന്യാവ് ഭദ്രകാളിയുടെ അവതാരമായി വർണ്ണിക്കപ്പെടുന്നു. ഭഗവതീ പൂജക്ക് ജാതി വർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ പൊതുവേ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. എന്നിരുന്നാലും അവർണ്ണ വിഭാഗങ്ങൾ ആണ് ഭഗവതിയെ കുലദൈവതയായി ആരാധിക്കുന്നത്. കുടുംബ ദേവതയായും, ദേശ ദേവതയായും, ഉപാസനാ മൂർത്തിയായും ഇഷ്ടദേവത യായും ഭദ്രകാളി ആരാധിയ്ക്കപ്പെടുന്നു. മച്ചിൽ ഭഗവതിയായും ഭദ്രകാളിയോ ഭുവനേശ്വരിയോ ആരാധിയ്ക്കപ്പെടുന്നു.
കാളിദാസൻ, ശ്രീരാമകൃഷ്ണ പരമ ഹംസർ തുടങ്ങിയവർ അറിയപ്പെടുന്ന ഭദ്രകാളി ഉപാസകർ ആയിരുന്നു.
കടുംപായസം , രക്ത പുഷ്പ്പാഞ്ജലി, പൂവൻ കോഴിയെ നടക്ക് വെക്കൽ, കോഴി നിവേദ്യം, മഞ്ഞൾ, കുരുമുളക്, തവിട്, ചെമ്പട്ട് എന്നിവ സമർപ്പിക്കൽ, അഭിഷേകം, ചെമ്പരത്തിമാല, തെച്ചിപ്പൂമാല, വേപ്പിലമാല, വാളും ചിലമ്പും സമർപ്പിക്കൽ, ഗുരുതി, പൊങ്കാല എന്നിവയൊക്കെ ഈ ഭഗവതിയുടെ വഴിപാടുകളാണ്. ഉഗ്രമൂർത്തി സങ്കൽപ്പമുള്ള ഭദ്രകാളി കാവുകളിലെ പ്രധാന വഴിപാട് ഗുരുതിയാണ്, സാത്വിക ഭാവമുള്ള ക്ഷേത്രങ്ങളിൽ ഗുരുതി പതിവില്ല. ഭദ്രകാളിയ്ക്ക് കളമെഴുത്തും പാട്ട് ആണ് ഇഷ്ട വഴിപാട്. മുടിയേറ്റ്, പറണേറ്റ്, കെട്ടുകാഴ്ച, തോറ്റം പാട്ട്, മാലപ്പുറം പാട്ട്, തെയ്യം, കോമരം തുള്ളൽ തുടങ്ങിയ കേരളീയ അനുഷ്ഠാനങ്ങൾ ഭദ്രകാളിയുമായി ബന്ധപ്പെടുത്തി കാണാറുണ്ട്[2][3].
ഭഗവതി സ്തുതികൾ, പ്രാർഥന ശ്ലോകങ്ങൾ
[തിരുത്തുക]ഭദ്രകാളി മാഹാത്മ്യം, ദേവി ഭാഗവതം, കാളിക പുരാണം, ഭഗവതി പുരാണം, കാളി സഹസ്രനാമം, ലളിത സഹസ്രനാമം, ഭദ്രകാളി പത്ത്, ദേവി മഹാത്മ്യം തുടങ്ങിയവ കാളി പ്രാധാന്യം ഉള്ള പ്രസിദ്ധമായ ഗ്രന്ഥങ്ങളോ സ്തുതികളോ ആണ്. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
പ്രാർഥന ശ്ലോകങ്ങൾ
[തിരുത്തുക]1. ദേവി മാഹാത്മ്യം
സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ
ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ
സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോദേവി ദുർഗ്ഗേ ദേവി നമോസ്തുതേ
ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ
രോഗാനശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി
സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം.
2. മഹാകാളി നമസ്തുഭ്യം
നമസ്തുഭ്യം സുരേശ്വരി
ഭദ്രകാളി നമസ്തുഭ്യം
നമസ്തുഭ്യം ദയാനിധേ.
3. കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ.
4. മഹൈശ്വര്യപ്രദേ ദേവി ! മഹാത്രിപുരസുന്ദരി ! മഹാവീര്യേ മഹേശീ ! ശ്രീ ഭദ്രകാളി നമോസ്തുതേ!
സർവ്വവ്യാധിപ്രശമനി ! സർവ്വമൃത്യുനിവാരിണി! സർവ്വമന്ത്രസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ!
പുരുഷാർഥപ്രദേ ദേവി ! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ!
(ഭദ്രകാളി പത്ത്)
5. ഈശ്വരി പരമേശ്വരി
ജഗദീശ്വരി മഹേശ്വരി
ദേവി ദേവി മഹാഭയങ്കരി
ഭദ്രകാളി നമോസ്തുതേ.
6. ഓം ജയന്തി മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹ സ്വധാ നമോസ്തുതേ.
ജയത്വം ദേവി ചാമുണ്ഡേ ജയ ഭൂതാർത്തിഹാരിണി ജയ സർവ്വഗതേ ദേവി കാളരാത്രി നമോസ്തുതേ.
(അർത്ഥം: എല്ലാ സ്ഥലത്തും ജയിക്കുന്ന ജയന്തിയായും , മംഗളസ്വരൂപിയായ മംഗളയായും, കാളിയായും, ഭദ്രകാളിയായും, കപാലമാലയണിഞ്ഞ കപാലിനിയായും, ദുർഗ്ഗയായും, ക്ഷമയുള്ളവളായും, ശിവപ്രിയയായ ശിവയായും , ഭൂമീരൂപത്തിൽ ധാത്രിയായും, സ്വാഹാദേവിയായും, സ്വാധാദേവിയായും ഭവിച്ചിരിക്കുന്ന നിൻതിരുവടിയെ ഞാൻ നമസ്കരിക്കുന്നു.)
7. ഓം ആയുർദേഹി ധനംദേഹി വിദ്യാംദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.
8. കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.
9. ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:
10. അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത
11. ‘’‘ദേവി മാഹാത്മ്യം’‘’
യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ
12. ലളിത സഹസ്രനാമം
‘ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ ഭദ്രപ്രിയാ ഭദ്രമൂർത്തിർ ഭക്ത സൗഭാഗ്യദായിനീ’ (41)
‘മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാസനാ
അപർണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ‘ (145)
വിവിധ പേരുകൾ
[തിരുത്തുക]ആദിപരാശക്തി, മഹാമായ, കാളിക, കർണാടകയിൽ ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡി, തമിഴ്നാട്ടിൽ മാരിയമ്മൻ, മലബാറിൽ ശ്രീ കുരുംബ, മധ്യപ്രദേശിൽ ഉജ്ജയിനി മഹാകാളി, ബംഗാളിൽ ഭവതാരിണി, അസാമിൽ കാമാഖ്യ, ഭൈരവി, രക്തേശ്വരി, രുധിരമാലാ, വടക്കൻ ചൊവ്വ, നീലകേശി, കുണ്ഡലിനി, ഇച്ഛാശക്തി, പ്രകൃതി, കൊറ്റവൈ, ഊർവ്വരത,ഭുവനേശ്വരി, കരിനീലി, പുതിയ ഭഗവതി, ശ്രീഭദ്ര, സുമുഖീകാളി, ബാലഭദ്ര, മംഗളാദേവി, വാർത്താളി, നരസിംഹി, ഭഗവതി തുടങ്ങിയവ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആയി അറിയപ്പെടുന്നു.
നവരാത്രിയിൽ
[തിരുത്തുക]കാളി ആരാധനയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ് നവരാത്രി ദിവസങ്ങൾ. നവരാത്രിയുടെ ഏഴാം ദിവസത്തിൽ ഭഗവതിയെ പ്രത്യേകമായി കാലരാത്രി മാതാവ് അല്ലെങ്കിൽ കാളിയായി ആരാധിക്കുന്നു. വിജയദശമി ഭദ്രകാളി അജ്ഞാനത്തിന് മേൽ വിജയം നേടിയ ദിവസമായി വിശ്വസിക്കപ്പെടുന്നു. കാളിദാസന് അറിവ് പകർന്ന ഭഗവതി സന്നിധിയിൽ വിദ്യാരംഭം നടത്തുന്നത് ഐശ്വര്യമാണ് എന്ന് ശക്തി ഉപാസകർ കരുതുന്നു. നവരാത്രിയുടെ അധിദൈവമായി ആരാധിക്കുന്നത് കാളിയെയാണ്. കാളിയെ ആരാധിച്ചാൽ ഒട്ടും തന്നെ അരക്ഷിതാവസ്ഥ ഉണ്ടാകില്ല. ആരാധിക്കുന്നവനെ നിർവ്വാണപദത്തിൽ ഭഗവതി എത്തിക്കുന്നു. ക്രിയാശക്തി ആയതിനാൽ പ്രവർത്തി വിജയത്തിന് ഭഗവതിയെ ഭജിക്കണം. അതുകൊണ്ട് തന്നെയാണ് കാളി നവരാത്രിയുടെ അധിദൈവം ആകുന്നത്.[4]
ദശ മഹാവിദ്യ
[തിരുത്തുക]ആദിപരാശക്തിയായ മഹാകാളി ഉഗ്ര, സൗമ്യ രണ്ടു രൂപങ്ങളിൽ പത്ത് മഹാവിദ്യകളുടെ രൂപം ധരിക്കുന്നു. കാളി എല്ലാ വിദ്യകളുടെയും ആദിയാണ്. ആദിശക്തി ശിവനു ചുറ്റും പലവിധ ഭാവത്തിൽ ഭഗവതി തന്റെ ശക്തിയെ ആവിഷ്കരിക്കുമ്പോഴാണ് ശിവന് സ്പന്ദിക്കാൻ പോലും ശക്തനാകുന്നത്. ഇത്തരത്തിൽ ശിവനു ചുറ്റുമുള്ള 10 ദിശകളിൽ വർത്തിക്കുന്ന പരാശക്തിയുടെ 10 ആവിഷ്കാരങ്ങളെയാണ് ദശമഹാവിദ്യയിലൂടെ വിവരിക്കുന്നത്. ശിവന്റെ മുന്നിൽ കാളിയും, മുകളിൽ താരയും, താഴെ ഭൈരവിയും, വലത്തുഭാഗത്ത് ഛിന്നമസ്തയും, ഇടത്തുഭാഗത്ത് ഭുവനേശ്വരിയും, പിന്നിൽ ബഗളാമുഖിയും, ആഗ്നേയം അഥവാ തെക്ക് കിഴക്കിൽ ധൂമാവതിയും, നൈരൃത്യ അഥവാ തെക്ക് പടിഞ്ഞാറിൽ മഹാലക്ഷ്മിയും (കമല), വായുകോണിൽ അഥവാ വടക്ക് പടിഞ്ഞാറിൽ മാതംഗിയും, ഇശാനകോണിൽ അഥവാ വടക്ക് കിഴക്കിൽ ശോഡശി അഥവാ ശ്രീവിദ്യയും സ്ഥിതി ചെയ്യുന്നു.[5]
വിശേഷ ദിവസങ്ങൾ
[തിരുത്തുക]ചൊവ്വ, വെള്ളി, അമാവാസി, പൗർണമി തുടങ്ങിയ ദിവസങ്ങൾ ഭദ്രകാളി പൂജയ്ക്ക് പ്രധാനമാണ്. ശനി ദോഷ ദുരിതങ്ങൾ അനുഭവിക്കുന്നവർ ശനിയാഴ്ച ഭദ്രകാളി ആരാധന നടത്തുന്നത് പ്രധാനമാണ് എന്ന് വിശ്വാസമുണ്ട്. ശനിയെ നിയന്ത്രിക്കുന്ന ഭഗവതി കൂടിയാണ് കാളി. നവരാത്രി, ഭരണി, മകരച്ചൊവ്വ, പത്താമുദയം, കർക്കിടക മാസം, അപര ഏകാദശി, പൗർണമി, അമാവാസി, ദീപാവലി എന്നിവ ഭദ്രകാളിക്ക് പ്രാധാന്യമുള്ള വിശേഷ ദിവസങ്ങൾ ആണ്. ഭദ്രകാളിയുടെ തിരുനാളാണ് ഭരണി. കാളി ദാരികന് മേൽ വിജയം നേടിയ ഭരണി പല രീതിയിൽ ആഘോഷിക്കപ്പെടുന്നു. കാളിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കുന്ന ദിവസമാണ് ഭദ്രകാളി ജയന്തി എന്ന് വിശ്വാസം. മേടമാസത്തിലെ അപരാ ഏകാദശിയാണ് ഭദ്രകാളി ജയന്തിയായി ആചരിക്കുന്നത്. നവരാത്രിയിലെ എല്ലാ ദിവസങ്ങളും കാളി പൂജയ്ക്ക് പ്രധാനം. കാളിദാസന് വിദ്യ പകർന്ന ഭഗവതിക്ക് മുൻപിൽ വിദ്യാരംഭം കുറിക്കുന്നതും പ്രധാനം എന്ന് വിശ്വാസം. ചിലർ തങ്ങളുടെ ജന്മനക്ഷത്രം തോറും ഭഗവതി പൂജ നടത്തുന്നത് വിശേഷമായി കാണുന്നു. ഒഡിഷ, വെസ്റ്റ് ബംഗാൾ, ആസ്സാം തുടങ്ങിയ ഭാഗങ്ങളിൽ ദീപാവലി കാളിപൂജയായി ആഘോഷിക്കപ്പെടുന്നു.
കാളിയാമം
[തിരുത്തുക]അർദ്ധരാത്രി ഏകദേശം 12 മണി മുതൽ പുലർച്ചെ മൂന്ന് വരെയുള്ള സമയമാണ് കാളിയാമം എന്നറിയപ്പെടുന്നത്. കാളിയാമത്തിലെ ഭദ്രകാളി പൂജ ഭഗവതിയുടെ അനുഗ്രഹത്തിന് ഏറ്റവും അനുയോജ്യമാണ് എന്നാണ് വിശ്വാസം. ചൊവ്വ, വെള്ളി, പൗർണമി, അമാവാസി, ഭരണി, നവരാത്രി, തൃക്കാർത്തിക, ദീപാവലി ദിവസങ്ങളിലെ കാളിയാമം അതിപ്രധാനമാണ് എന്നാണ് വിശ്വാസം.
പുരാണ കഥകൾ
[തിരുത്തുക]ദേവീമാഹാത്മ്യപ്രകാരം ആദിയിൽ ആദിപരാശക്തിയായ മഹാലക്ഷ്മിയിൽ നിന്നാണ് മനോഹരമായ കറുത്ത വർണ്ണത്തോടുകൂടിയ മഹാകാളി അവതരിക്കുന്നത്. കാളികാ പുരാണ പ്രകാരം കാളി ബ്രഹ്മതത്വമായ, സർവരക്ഷകയായ, അധർമ്മനാശിനിയായ, മോക്ഷദായിനിയായ, കരുണാമയിയായ, മാതൃവാത്സല്യമുള്ള, സാത്വികയായ ജഗദീശ്വരി തന്നെ ആകുന്നു. വിവിധ പുരാണങ്ങൾ പ്രകാരമുള്ള കാളിയുടെ അവതാരകഥകൾ താഴെ കൊടുക്കുന്നു.
ഭാഗവതത്തിൽ മഹാവിഷ്ണുവിനെ മുൻനിർത്തി മധുകൈടഭന്മാരെ വധിക്കുവാൻ വേണ്ടിയാണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. വിഷ്ണുവിന്റെ കർണ്ണപുടത്തിൽ നിന്നും പുറപ്പെട്ട മധുകൈടഭന്മാർ ബ്രഹ്മഹത്യക്കൊരുങ്ങി. അപ്പോൾ ബ്രഹ്‌മാവിന്റെ പ്രാർഥനപ്രകാരമാണ് പരാശക്തി ഇപ്രകാരം അവതരിച്ചത്.
കാളിക പുരാണത്തിൽ ഒരിക്കൽ ഹിമാലയത്തിൽ അവസ്ഥിതനായിരുന്ന മാതംഗമുനിയുടെ ആശ്രമത്തിൽ ചെന്ന് ദേവന്മാർ മഹാമായയെ സ്തുതിച്ചു. സ്തുതികേട്ട് പ്രസന്നയായ ദേവി പരാശക്തി മാതംഗി രൂപത്തിൽ ദേവന്മാർക്ക് ദർശനം കൊടുത്ത് നിങ്ങൾ ആരെയാണ് സ്തുതിക്കുന്നത് എന്നു ചോദിച്ചു. ആ സമയം ഭഗവതിയുടെ ശരീരത്തിൽ നിന്ന് കറുത്ത വർണ്ണത്തോടു കൂടിയ ഒരു വീരനാരി പ്രകടയായി. ആ മഹാകാളി സ്വയം ദേവന്മാർക്കായി ഉത്തരം കൊടുത്തു. ഇവർ എന്നെയാണ് സ്തുതിക്കുന്നത്. അവൾ കൃഷ്ണവർണ്ണത്തോടു കൂടിയവളായിരുന്നു. അതുകൊണ്ട് അവളുടെ നാമം കാളി എന്നായി.
ഒരിക്കൽ ശുംഭനിശുംഭന്മാരുടെ അത്യാചാരങ്ങൾ കൊണ്ട് വിഷമിച്ച ദേവകൾ ഹിമാലയത്തിൽ പോയി ദേവിയെ സ്തുതിച്ചു. അപ്പോൾ ഗൗരീദേഹത്തിൽ നിന്നും കൗശികി പ്രകടയായി. കൗശികി വേർപ്പെടതോടെ പാർവ്വതീദേവിയുടെ സ്വരൂപം കൃഷ്ണവർണ്ണയായി, കാളി എന്ന് വിഖ്യാതയായി.
ദക്ഷന്റെ യാഗത്തിൽ അപമാനം കൊണ്ട് സതി ദേഹത്യാഗം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും വീരഭദ്രനോടൊപ്പം ഭദ്രകാളി അവതരിച്ചു. വീരഭദ്രനെ സഹായിച്ച പോരാളിയായ ഭദ്രകാളി ദക്ഷന്റെ യജ്ഞശാല തകർത്തു. ശിവപുരാണപ്രകാരം ശിവപത്നി പാർവതിയുടെ താമസിക രൂപമാണ് കാളി. ബാലഗണപതിയുടെ ശിരസ് മഹാദേവൻ ചേദിച്ചപ്പോൾ കോപിഷ്ടയായ ശ്രീ പാർവതി മഹാകാളിയായി മാറി. ദേവികോപം ഭയന്ന ത്രിമൂർത്തികൾ ഗണപതിക്ക് ആനയുടെ ശിരസ് നൽകി കാളിയോട് ക്ഷമാപണം നടത്തി സ്തുതിച്ചു.
ഒരിക്കൽ ശുംഭനിശുംഭന്മാരുടെ അത്യാചാരങ്ങൾ കൊണ്ട് വിഷമിച്ച ദേവന്മാർ ഹിമാലയത്തിൽ പോയി ഭഗവതിയെ സ്തുതിച്ചു. അവർക്ക് മുൻപിൽ പാർവതി ദേവി പ്രത്യക്ഷപെട്ടു. അപ്പോൾ ഗൗരീ ദേഹത്തിൽ നിന്നും കൗശികി പ്രകടയായി. കൗശികി വേർപ്പെട്ടതോടെ പാർവ്വതീദേവിയുടെ സ്വരൂപം കൃഷ്ണവർണ്ണയായി, മഹാകാളി എന്ന് വിഖ്യാതയായി. ദേവി മാഹാത്മ്യത്തിൽ സുംഭനിസുംഭ യുദ്ധവേളയിൽ ചണ്ഡികാ പരമേശ്വരിക്ക് തുണയേകുവാൻ അവതരിച്ച ശക്തി സ്വരൂപിണിയാണ് കാളി. ചണ്ഡികയുടെ പുരികക്കൊടിയിൽ നിന്നുമാണ് അവതാരം. ചണ്ഡികയെ പിടിച്ചു കൊണ്ടു പോകുവാൻ സുംഭനിസുംഭൻമാരുടെ നിർദേശപ്രകാരം ധൂമ്രലോചനൻ എത്തുന്നു. തന്റെ ഹുങ്കാരത്താൽ ധൂമ്രലോചനനെ നിഗ്രഹിച്ച ഈ കാളി ചണ്ടമുണ്ടന്മാരെയും വധിച്ചതിനാൽ ചാമുണ്ഡേശ്വരി എന്നറിയപ്പെട്ടു. പിന്നീട് രക്തബീജനെ വധിക്കാൻ ദേവിയെ സഹായിക്കുകയും ചെയ്തു. അതിനാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. കർണാടകയിൽ ആരാധിക്കപ്പെടുന്ന കാളി ചാമുണ്ഡേശ്വരിയാണ്.
മാർക്കണ്ഡേയപുരാണത്തിലെ ഭദ്രോൽപ്പത്തി പ്രകരണത്തിൽ മറ്റൊരു ഭദ്രകാളി സങ്കല്പം ഉണ്ട്. ഇതാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവെ ആരാധിക്കപ്പെടുന്ന ഭദ്രകാളി അഥവാ ഭഗവതി. ഇത് ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ച പുത്രിയാണ്. ദാരികവീരനെ വധിക്കാൻ വേണ്ടിയാണ് അവതാരം. ബ്രഹ്മാവിനെ തപസ് ചെയ്ത ദാരികൻ ഒരു സ്ത്രീയുടെ കൈകളാൽ മാത്രമേ മരണം സംഭവിക്കാവൂ എന്ന വരം നേടി. ഒപ്പം പതിനായിരം ആനകളുടെ ശക്തിയും, യുദ്ധക്കളത്തിൽ ഇറ്റ് വീഴുന്ന ഓരോ തുള്ളി ചോരയിൽ നിന്നും തന്നെപ്പോലെ ആയിരക്കണക്കിന് ദാരികന്മാർ ഉണ്ടാകാമെന്നും കൂടാതെ ബ്രഹ്മ മന്ത്രവും വരമായി വാങ്ങി. തൃലോകങ്ങളും കീഴടക്കിയ ദാരികൻ സ്വർഗ്ഗലോകവും പിടിച്ചെടുത്തു. ദാരികന്റെ ഉപദ്രവം സഹിക്കവയ്യാതെ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണുവിന്റെ ഉപദേശപ്രകാരം എല്ലാവരും മഹാദേവനെ കണ്ടു സങ്കടം പറഞ്ഞു. ശിവന്റെ നിർദേശപ്രകാരം ദേവന്മാരുടെ ശക്തികളായ ബ്രാഹ്മി, മഹേശ്വരി, വൈഷ്ണവി, വാരാഹി, കൗമാരി, ഇന്ദ്രാണി തുടങ്ങിയ ആറ് ദേവിമാർ ദാരികനോട് ഏറ്റുമുട്ടിയെങ്കിലും പരാജയപെട്ടു. ദാരികന് നേർമാർഗം ഉപദേശിക്കാൻ ശിവൻ നാരദനെ അയച്ചെങ്കിലും ദാരികൻ ദൂതനെ വധിക്കാൻ ശ്രമിക്കുന്നു. ഇതിൽ കോപിഷ്ടനായ മഹാദേവന്റെ നേത്രാഗ്നിയിൽ നിന്നും ശ്രീ ഭദ്രകാളി പ്രത്യക്ഷപ്പെടുന്നു. ആ ഭദ്രകാളി ദാരികവീരനെ പോരിന് വിളിച്ചു യുദ്ധത്തിൽ വധിക്കുന്നു. വേതാളകണ്ഠസ്ഥിതയായ ഭഗവതിയാണിത്. ദാരികന്റെ ഒരു തുള്ളി രക്തം പോലും നിലത്തു വീഴാതെ കാളീ വാഹനമായ വേതാളം പാനം ചെയ്തു. തുടർന്നു ദാരികശിരസ്സും കൈയ്യിലെന്തിയ ഭഗവതി കൈലാസത്തിലേക്ക് തിരിച്ചു. ഇത് സപ്തമാതാക്കളിൽ പെടുന്ന ഭഗവതിയും ആദിപരാശക്തിയുടെ ഒരു പ്രധാന ഭാവവുമാണ്. മലയാളികളുടെ കുലദൈവം കൂടിയാണ് ദാരികജിത്തായ ഈ ഭദ്രകാളി.
വരാഹ രൂപം പൂണ്ട കാളി വാർത്താളി അല്ലെങ്കിൽ വാരാഹി പഞ്ചമി എന്ന് അറിയപ്പെടുന്നു. വരാഹ ഭഗവാന്റെ ശക്തിയും ലളിതാ പരമേശ്വരിയുടെ സൈന്യാധിപയും കൂടിയാണ് വാരാഹിദേവി. പന്നിമുഖി, പഞ്ചുരുളി എന്നെല്ലാം ഈ ഭഗവതി അറിയപ്പെടുന്നു.
തന്ത്രശാസ്ത്രം അഭ്യസിച്ചവർക്കു ദേവിയുടെ ഉപാസന വിധിപ്രകാരം നടത്താം. എന്നാൽ കാളിയുടെ പൂജയിലും ഉപാസനയിലും ഇങ്ങനെയുള്ള നിയമങ്ങൾ ഒന്നുമില്ലെന്ന് പറയുന്നു. ദാരുകനിഗ്രഹ ശേഷം കോപം ശമിച്ച ഭദ്രകാളി കൈലാസത്തിലെത്തി ശ്രീ പരമേശ്വരനെ വണങ്ങുമ്പോൾ ഭഗവാൻ ശ്രീ ഭദ്രകാളിയോട് പറയുന്നു: നിനക്കു മംഗളം; എല്ലാ ലോകത്തിനും വരദയും സർവസാധികയുമായി നീ എന്നും വാഴുക. ജനങ്ങളുടെ എല്ലാവിധ പാപങ്ങളും അകറ്റൂ. ദുർജ്ജനങ്ങളെ വധിച്ച് ഭേദങ്ങളില്ലാതെ എല്ലാവർക്കും ആരാധ്യയായി അവരവരുടെ ക്ഷേത്രങ്ങളിൽ വസിക്കുക. അവർ എന്തു തന്നാലും നീ സ്വീകരിക്കണം. മനുഷ്യരെല്ലാവരും നിന്നെ കുലദൈവമായി സങ്കല്പിച്ച് പൂജിക്കും. നിന്റെ കഥ ചൊല്ലി നൃത്തം ചെയ്യും. അങ്ങനെ ചെയ്യുന്നവരുടെ എല്ലാ അഭിലാഷങ്ങളും നീ നിറവേറ്റി നൽകണം. ചിലർ കാലധർമ്മമനുസരിച്ച് മത്സ്യവും മാംസവും മദ്യവും നൽകി പൂജിക്കും. അവർക്കും ആഗ്രഹിക്കുന്നത് നീ നൽകണം. അവരുടെ ആദ്ധ്യാത്മികവും ആധിദൈവികവും ആധിഭൗതികവുമായ മൂന്നുവിധ ദുഃഖങ്ങളെയും നീ അകറ്റണം. സന്താനങ്ങളും സമ്പത്തുമുണ്ടായി അവരെല്ലാം ദീർഘകാലം സുഖമായി ജീവിക്കണം. എന്റെ നാമം ജപിക്കുന്നിടത്ത് എന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നും കലിയുഗത്തിൽ ഭക്തരുടെ ആധിവ്യാധികൾ വേഗം തന്നെ പരിഹരിക്കുമെന്നും ഭഗവതി അരുളിചെയ്തു. അങ്ങനെ വിളിച്ചു ചൊല്ലി പ്രാർഥിക്കുന്നവരുടെയും നാമം ജപിക്കുന്നവരുടെയും എല്ലാ ദുഃഖങ്ങളിലും ആശ്വാസം പകർന്നു കൊണ്ട് ഭഗവതി ഭക്തരുടെ സമീപം കുടികൊള്ളുന്നു.
സാക്ഷാൽ മഹാദേവന്റെ വാക്കുകളിൽ നിന്ന് തന്നെ ഭദ്രകാളിയുടെ പൂജാക്രമത്തിലെ സവിശേഷത നമുക്ക് ഗ്രഹിക്കാം. അതായത് കാളിമാതാവിന് ആരിലും ഒരു ഭേദവുമില്ല. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, സ്ത്രീ, പുരുഷൻ ഇങ്ങനെ യാതൊരു ഭേദവുമില്ലാതെ ആർക്കും എപ്പോഴും ദേവിയെ പൂജിക്കാം. അതിന് പ്രത്യേക ചിട്ട അവശ്യമില്ല. അവരവർ കഴിക്കുന്നത് തന്നെ ഭഗവതിക്കും സമർപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഭക്തിയോടെ പ്രാർത്ഥിക്കുകയും കഴിവിനൊത്ത വിധം എന്തും സമർപ്പിച്ച് പൂജിക്കുകയും ചെയ്താൽ ഭദ്രകാളി സർവ്വാഭീഷ്ടദായിനിയാണ് എന്നാണ് വിശ്വാസം.
സഹസ്രമുഖ രാവണനെ വധിക്കാൻ സീതയും കാളിയായി മാറുന്നുണ്ട്. ഈ കാളിയാണ് പരമശിവന്റെ നെഞ്ചിൽ നടനമാടിയവൾ. ശിവനർത്തകി എന്ന പേരിലും ഭഗവതി അറിയപ്പെടുന്നുണ്ട്.
നരസിംഹമൂർത്തിയുടെ കോപത്തെ തടുത്ത് അദ്ദേഹത്തെ ശാന്തനാക്കാൻ കാലഭൈരവന്റെ (ശിവന്റെ) തൃക്കണ്ണിലെ അഗ്നിയായി സിംഹമുഖത്തോടെ അത്യുഗ്രമൂർത്തിയായി കാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരിദേവി (നരസിംഹി). കടുത്ത ദുരിതങ്ങളെയും ഈ ഭഗവതി തടയുമെന്നും ഭക്തരെ നേർവഴിയിലേക്ക് തിരിച്ചു വിടുമെന്നുമാണ് വിശ്വാസം. ദശമഹാവിദ്യമാരിലെ താര, ചിന്നമസ്ത തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു. താരയുടെ നാമം സ്മരിക്കുന്നവരെ പ്രകൃതി ദുരന്തങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് വിശ്വാസം.
കഴുതയെ വാഹനമാക്കിയ കാലരാത്രി, ഭക്തരെ മഹാമാരികളിൽ നിന്നും ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്നവൾ ആണെന്നാണ് വിശ്വാസം. നവരാത്രിയുടെ ഏഴാം നാൾ കാലരാത്രിക്കാണ് പ്രാധാന്യം. അതിനാൽ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമാണ്. ചിലയിടങ്ങളിൽ രോഗനാശകരമായ വേപ്പിലമാലയും മഞ്ഞൾപ്പൊടിയും ധരിച്ച കാളീരൂപങ്ങൾ കാണാം. ഭദ്രകാളിയുടെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിൽ ഭക്തർ മഞ്ഞളും കുരുമുളകും തവിടും അഭിഷേകം നടത്തുന്നത് രോഗനാശം ഉദ്ദേശിച്ചാണത്രെ.
ഭക്തർക്ക് ഐശ്വര്യങ്ങൾ പ്രദാനം ചെയ്യാൻ ഭഗവതി സ്വീകരിച്ച സൗമ്യ സുന്ദരരൂപമാണ് സുമുഖീകാളി. മഹാലക്ഷ്മിക്ക് സമമാണ് ഈ ഭഗവതി. കുട്ടികളോട് ഏറെ വാത്സല്യമുള്ള കാളിയെ ബാലഭദ്ര എന്നും അറിയപ്പെട്ടു. ഇത് ഒരു കൊച്ചു പെൺകുട്ടിയുടെ രൂപത്തിൽ ഉള്ള ഭഗവതിയാണ്. ദാരിക വധത്തിന് ശേഷം അങ്കക്കലിയടങ്ങാതെ കൈലാസത്തിലേക്ക് പുറപ്പെട്ട ഭദ്രകാളിയെ ശാന്തയാക്കാൻ ശിവന്റെ ഉപദേശപ്രകാരം ഗണപതിയും നന്ദികേശനും രണ്ടു കൊച്ചു കുട്ടികളുടെ രൂപത്തിൽ വഴിയിൽ കിടന്നു. കുട്ടികളെ കണ്ട കാളി ശാന്ത ആകുകയും അവരെ എടുത്തു ലാളിക്കുകയും ചെയ്തു എന്നാണ് പുരാണകഥ.
ശ്രീരാമകൃഷ്ണ പരമഹംസൻ കാളിയെ ജഗദംബയായി ആണ് ആരാധിച്ചിരുന്നത്. അദ്ദേഹത്തിന് ഭഗവതിയുമായി സംസാരിക്കാൻ സാധിച്ചിരുന്നു എന്ന് ഐതീഹ്യമുണ്ട്. സംസാര സാഗരത്തെ തരണം ചെയ്യിക്കാൻ സഹായിക്കുന്ന മഹാകാളി ഭവതാരിണി എന്നറിയപ്പെട്ടു. വിഡ്ഢിയായ ഒരുവനെ മഹാകവി കാളിദാസൻ ആക്കിത്തീർത്തതും കാളീദേവിയുടെ അനുഗ്രഹം കൊണ്ടാണെന്നും വിശ്വസിക്കപ്പെടുന്നു.
ഐതീഹ്യം
[തിരുത്തുക]മഹാകവിയായ കാളിദാസന് വിദ്യയും ബുദ്ധിയും പകർന്നത് വിദ്യാസ്വരൂപിണിയായ മഹാകാളി ആണെന്നാണ് വിശ്വാസം. അറിവോ വിവേകമോ തീരെയില്ലാത്ത വിറക് വെട്ടുകാരൻ രുദ്രനെ പണ്ഡിതയായ ഒരു യുവതി യാദൃച്ഛികമായി വിവാഹം ചെയ്തെന്നും അധികം താമസിയാതെ രുദ്രന് സാമാന്യബുദ്ധിപോലും ഇല്ലെന്നു മനസ്സിലാക്കി വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് കഥ.
അങ്ങനെ നിരാശനായി അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയിൽ ഒരുവൃദ്ധയുടെ ഉപദേശമനുസരിച്ച് രുദ്രൻ തൊട്ടടുത്ത ഉജ്ജയിനിയിലെ മഹാകാളീ ക്ഷേത്രത്തിൽ കാളിയാമത്തിൽ എത്തിചേർന്നു. തത്സമയം രാത്രി മഹാകാളി ദേശാടനത്തിനായി പുറത്തുപോയിരുന്നതിനാൽ രുദ്രൻ അകത്തുകയറി വാതിലടച്ചു. തിരിച്ചുവന്ന കാളി അകത്താര് എന്നു ചോദിച്ചപ്പോൾ രുദ്രൻ പുറത്താര് എന്ന മറുചോദ്യമുന്നയിച്ചു. പുറത്തു കാളിയെന്ന് ഭഗവതി പറഞ്ഞപ്പോൾ അകത്തു ദാസനെന്നു രുദ്രൻ മറുപടി നൽകി. കാളിദാസന്റെ ബുദ്ധിശൂന്യതയും നിഷ്കളങ്കതയും തിരിച്ചറിഞ്ഞ സാക്ഷാൽ മഹാവിദ്യയായ ഭഗവതി നാക്കുപുറത്തു നീട്ടാനാവശ്യപ്പെടുകയും അപ്രകാരം ചെയ്ത കാളിദാസനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുകയും ചെയ്തത്രെ. വിദ്യാരംഭം ഭഗവതിയിൽ നിന്നു നേരിട്ടു ലഭിച്ചതിനാലാണ് കാളിദാസന്റെ കവിതകൾക്കിത്ര മഹത്ത്വം വന്നതെന്നാണ് വിശ്വാസം.
പണ്ഡിതനായിത്തീർന്ന കാളിദാസൻ തിരിച്ച് ഗൃഹത്തിലെത്തിയപ്പോൾ പത്നി അസ്തി കശ്ചിത് വാഗർത്ഥ: (പ്രത്യക്ഷമായ ജ്ഞാനം അങ്ങേക്ക് കൈവന്നിട്ടുണ്ടോ) എന്ന് അന്വേഷിച്ചു. പത്നിയോടുള്ള ബഹുമാനം ഇദ്ദേഹം തന്റെ മൂന്നു കൃതികളുടെ ആരംഭത്തിൽ ഇപ്രകാരം പ്രദർശിപ്പിക്കുന്നു. ഈ മൂന്നു പദങ്ങളുപയോഗിച്ചാണ് ഈ കൃതികൾ ആരംഭിക്കുന്നത്. കുമാരസംഭവം 'അസ്തി' (അസ്ത്യുത്തരസ്യാം..) എന്ന പദത്തോടെയും മേഘദൂതം 'കശ്ചിത്' (കശ്ചിത് കാന്താവിരഹഗുരുണാ..) എന്ന പദത്തോടെയും രഘുവംശം 'വാഗർത്ഥ': (വാഗർത്ഥാവിവ സമ്പൃക്തൗ..) എന്ന പദത്തോടെയും ആരംഭിക്കുന്നു. വികട കവിയായ തെന്നാലി രാമനും ആ കഴിവ് സിദ്ധിക്കപ്പെട്ടതു ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണത്രേ. കാളി ക്ഷേത്രങ്ങളിൽ വിദ്യാരംഭം കുറിക്കുന്നത് വിശേഷമായി കരുതുന്നത് അതുകൊണ്ടാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് വാഗീശ്വരിയായ സരസ്വതിക്ക് തുല്യയായി കാളിയെ സങ്കൽപ്പിക്കാറുണ്ട്. വിക്രമാദിത്യ കഥകളിലും ഭദ്രകാളീ സാന്നിധ്യം കാണാം. വിക്രമാദിത്യൻ ഉജ്ജയിനി കാളി ക്ഷേത്രത്തിൽ ഭഗവതിയെ ആരാധിച്ചിരുന്നതായി കഥകളിൽ പറയുന്നു.
വികടകവിയും തെലുങ്ക് കവിയുമായ തെന്നാലി രാമന് ആ കഴിവ് സിദ്ധിച്ചത് വിദ്യാദായിനിയായ ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണെന്നു വിശ്വസിക്കപ്പെടുന്നു. ഒരിക്കൽ, തെനാലി ഗ്രാമം വരൾച്ചകൊണ്ട് വല്ലാതെ വലഞ്ഞു. അപ്പോഴാണ് ആ ഗ്രാമത്തിലേക്ക് അന്യദേശത്തുനിന്ന് ഒരു സന്യാസി വന്നു ചേർന്നത്. അദ്ദേഹം അവിടെ കാലു കുത്തിയ പാടേ തെനാലിയിൽ മഴ പെയ്യാൻ തുടങ്ങി. ആളുകൾ സന്തോഷത്താൽ തുള്ളിച്ചാടി. "അങ്ങ് ഇവിടെ വന്നത് ഞങ്ങളുടെ മഹാഭാഗ്യമാണ്. അല്ലെങ്കിൽ ഇവിടം മരുഭൂമി പോലെ നശിക്കുമായിരുന്നു!" ഇതു കേട്ടുകൊണ്ടാണ് തെനാലിരാമൻ അങ്ങോട്ടു വന്നത്. "ഈ സന്യാസി ഇവിടെ വന്നില്ലെങ്കിലും ഇതേ സമയത്ത് മഴ പെയ്യുമായിരുന്നു"
തെനാലിയുടെ അഭിപ്രായം കേട്ട് ആളുകൾ ക്ഷുഭിതരായി.
സന്യാസിയെങ്ങാനും ശപിച്ചാൽ? തങ്ങളുടെ ഗ്രാമം മുഴുവനും നശിക്കുമെന്ന് അവർ ഭയപ്പെട്ടു. അന്നേരം, സന്യാസി അവനെ അടുത്തേക്ക് വിളിച്ചു. അല്പനേരം രാമനുമായി സംസാരിച്ചപ്പോൾത്തന്നെ അവന്റെ വിശാലമായ ചിന്താഗതിയും അറിവും അദ്ദേഹത്തിനു വ്യക്തമായി. അങ്ങനെ രാമനിൽ മതിപ്പു തോന്നിയ അദ്ദേഹം പറഞ്ഞു:
"നിനക്കു ഞാൻ ചില ഉപദേശങ്ങൾ തരാം. കാളിമന്ത്രവും പഠിപ്പിക്കാം. അതുമൂലം നീ കേമനാകും"
പിന്നീട്, സന്യാസിയിൽനിന്നും കാളിമന്ത്രം പഠിച്ചു. അതിനുശേഷം അദ്ദേഹം പറഞ്ഞു:
"നീ ഇവിടെയുള്ള കാളിക്ഷേത്രത്തിൽ ഇന്ന് അർധരാത്രി കാളിയാമത്തിൽ ചെന്ന് തുടർച്ചയായി കാളി മന്ത്രം ജപിക്കുക. ഭഗവതിയുടെ അനുഗ്രഹം നിനക്കു ലഭിക്കും"
അനന്തരം, സന്യാസി അവിടെ നിന്നും യാത്രയായി.
അന്ന് അർദ്ധ രാത്രിയിൽ രാമൻ കാളിക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഏകദേശം പന്ത്രണ്ട് മണിയോട് കൂടി കാളിയാമത്തിൽ അമ്പലത്തിനുള്ളിൽ കടന്ന്, മന:പാഠമാക്കിയ കാളിമന്ത്രം ജപിക്കാൻ തുടങ്ങി. താമസിയാതെ രാമൻ ഉറക്കമായി. ശ്രീ ഭദ്രകാളി ഉഗ്രരൂപത്തിൽ, ആയിരം തലകളും മുഖങ്ങളും നീണ്ട മുടിയോടും കരുണാർദ്രമായ കണ്ണുകളോടും കൂടി പ്രത്യക്ഷപ്പെട്ടു. രാമൻ നോക്കിയപ്പോൾ കൈകൾ രണ്ടുമാത്രം. എന്തോ ഓർത്തിട്ടെന്നപോലെ രാമൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
“നീ എന്താണ് ചിരിക്കുന്നത്?” ഭക്ത വാത്സല്യത്തോടെ ഭഗവതി ചോദിച്ചു.
“ഞാൻ ഒരു കാര്യം ഓർത്തു ചിരിച്ചു പോയതാണ്. എനിക്ക് മൂക്കൊലിപ്പ് വരുമ്പോൾ തുടച്ചുതുടച്ച് എന്റെ കൈകൾ മടുത്തുപോകാറുണ്ട്. അങ്ങനെയെങ്കിൽ, ആയിരം മൂക്കുള്ള ഭഗവതിക്ക് മൂക്കൊലിപ്പ് വന്നാലോ? ആ രണ്ടു കയ്യും വച്ചുകൊണ്ട് ആയിരം മൂക്ക് എന്തു ചെയ്യും?
രാമന്റെ വർത്തമാനം കേട്ടിട്ട് ഭഗവതിക്കും ചിരി വന്നു.
രാമനിൽ സംപ്രീതയായി രണ്ട് സ്വർണക്കിണ്ണങ്ങൾ അവനു നേരെ നീട്ടിയിട്ടു പറഞ്ഞു:
“വലത് കിണ്ണത്തിലെ പാൽ കുടിച്ചാൽ നീ വളരെ അറിവുള്ളവനാകും. ഇടതുകിണ്ണത്തിലെ പാലിന് പുളിരസമുണ്ട്. അത് കുടിച്ചാൽ നിനക്ക് ധനവാനാകാം"
“അടിയനൊരു സംശയം, ധനം പുളിക്കുമെന്നു പഴമക്കാര് പറയുന്നത് എന്തുകൊണ്ടാണ് ഭഗവതി?”
“മിക്കവാറും ധനവും സമ്പാദിക്കുന്ന വഴികൾ മധുരിക്കുന്നവയല്ല. ഇതിൽനിന്ന് ഏതെങ്കിലും ഒരു കിണ്ണം മാത്രം നീ എടുത്തുകൊള്ളൂ"
“എനിക്ക് രണ്ടു കിണ്ണത്തിലെയും പാലിന്റെ രുചി അറിയണം"
“എങ്കിൽ, ഇതാ രണ്ടു കിണ്ണവും. ഇതിൽ വിരൽ തൊട്ട് നാവിൽ വച്ചു നോക്കൂ"
രണ്ടും വാങ്ങിയ രാമൻ, പെട്ടെന്ന് മുഴുവൻ പാലും അകത്താക്കി!
കാളി ദേഷ്യപ്പെട്ടു. അപ്പോൾ രാമൻ പറഞ്ഞു:
"അടിയനു ധനവും അറിവും ഒരുപോലെ വേണം. എന്നോടു ക്ഷമിച്ചാലും"
“എന്നെ ധിക്കരിച്ച നീ ഒരു വികടകവി ആയിത്തീരട്ടെ"
“ഭഗവതി, അടിയനു മാപ്പു തരണം. എനിക്ക്... വികടകവിയല്ല, കവിതന്നെ ആകണം"
രാമൻ കരയാൻ തുടങ്ങി. മനസ്സലിഞ്ഞ ഭദ്രകാളി പറഞ്ഞു:
“നീ ഒരേ സമയം കവിയും വികടകവിയുമാകും. എന്നാൽ, ഒരു വിദൂഷകൻ എന്ന നിലയിൽ നീ പ്രശസ്തനാകും"
അനുഗ്രഹിച്ച ശേഷം, മഹാവിദ്യയായ ഭഗവതി അപ്രത്യക്ഷയായി. മഹാ പണ്ഡിതനായ വാഗ്ഭടാനന്ദനും ആ കഴിവ് സിദ്ധിക്കപ്പെട്ടതു ശ്രീഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണെന്ന് ഐതീഹ്യം. ഭദ്രകാളി ക്ഷേത്രങ്ങളിൽ വിദ്യാരംഭം കുറിക്കുന്നത് വിശേഷമായി കരുതുന്നതു ഇതുകൊണ്ടാണെന്ന് വിശ്വാസം.[6]
[7][8].
- പാണ്ഡിത്യം പ്രദാനം ചെയ്യുന്നശ്രീഭദ്രകാളി*
ദുഷ്ട ശക്തികളെ
ഉന്മൂലനം ചെയ്യുക മാത്രമല്ല വിദ്യാവിജയം, പാണ്ഡിത്യം, കീർത്തി, ഉന്നതസ്ഥാന ലബ്ധി, എന്നീ അനുഗ്രഹങ്ങൾ നൽകുന്ന ഉത്തമ ദേവതയാണ്
ശ്രീഭദ്രകാളിദേവി.
രുദ്ര ന്റെ ബുദ്ധിശൂന്യതയും നിഷ്കളങ്കതയും തിരിച്ചറിഞ്ഞകാളിദേവി രുദ്രനോട് നാക്കുപുറത്തുനീട്ടാനാവശ്യപ്പെടുകയും അപ്രകാരം ചെയ്തരുദ്രന്അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയപ്പോൾ കാളിദാസനായി മാറി.
പണ്ഡിതനായിത്തീർന്ന കാളിദാസൻ തിരിച്ച് ഗൃഹത്തിലെത്തിയപ്പോൾ പത്നി അസ്തി കശ്ചിത് വാഗർത്ഥ: പ്രത്യക്ഷമായ ജ്ഞാനം അങ്ങേക്ക്കൈവന്നിട്ടുണ്ടോയെന്നന്വേഷിച്ചു.അപ്പോൾ തന്നെ പത്നിയോടുള്ള ബഹുമാനം,സ്നേഹം എന്നിവ തുറന്നുകാട്ടി
മഹാകാവ്യങ്ങളെ ഴുതിതുടങ്ങി. തന്റെമൂന്നുകൃതികളുടെ ആരംഭത്തിൽ ഈ മൂന്നു പദങ്ങളുപയോഗിച്ചാണ് കൃതികൾ ആരംഭിക്കുന്നത്. കുമാരസംഭവം 'അസ്തി' (അസ്ത്യുത്തരസ്യാം..) എന്ന പദത്തോടെയും മേഘദൂതം 'കശ്ചിത്' (കശ്ചിത് കാന്താവിരഹഗുരുണാ..) എന്ന പദത്തോടെയും രഘുവംശം 'വാഗർത്ഥ': (വാഗർത്ഥാവിവ സമ്പൃക്തൗ..) എന്ന പദത്തോടെയും ആരംഭിക്കുന്നു. അങ്ങനെ കാളിദാസൻ വിശ്വപ്രസിദ്ധനായി.
വിദ്യാരംഭംകാളി ഭാഗവതിയിൽ നിന്നു നേരിട്ടുലഭിച്ചതിനാലാണ് കാളിദാസന്റെ കവിതകൾക്കിത്ര മഹത്വമെന്ന് പറയപ്പെടുന്നു.
വികട കവിയായ തെന്നാലി രാമനും
പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ
[തിരുത്തുക]ദേശീയ തലത്തിൽ
[തിരുത്തുക]*ഉജ്ജയിനി മഹാകാളി ക്ഷേത്രം, മധ്യപ്രദേശ്
*കാളിഘട്ട് കാളി ക്ഷേത്രം, കൽക്കട്ട
*ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം, വെസ്റ്റ് ബംഗാൾ
*കൊല്ലൂർ മൂകാംബിക ക്ഷേത്രം, കർണാടക
*മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം, കർണാടക
*കാമാഖ്യ ദേവി ക്ഷേത്രം, ആസാം
*കുരുക്ഷേത്ര ശ്രീ ഭദ്രകാളി ദേവികൂപ്, ഹരിയാന
*മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം, കന്യാകുമാരി ജില്ല, തമിഴ്നാട്
*സമയപുരം മാരിയമ്മൻ ക്ഷേത്രം, തിരുച്ചിറപ്പള്ളി, തമിഴ് നാട്
കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങൾ
[തിരുത്തുക]*ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
*കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പ ഭഗവതി ക്ഷേത്രം, തൃശ്ശൂർ
*ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, എറണാകുളം
*ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, മാവേലിക്കര
*തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം, മലപ്പുറം
*പാറമേക്കാവ് ഭഗവതി ക്ഷേത്രം, തൃശ്ശൂർ
*ഇടത്തരികത്ത് ഭഗവതി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
*വള്ളിയാംകാവ് ദേവിക്ഷേത്രം, പെരുവന്താനം, ഇടുക്കി
*മലയാലപ്പുഴ ദേവി ക്ഷേത്രം, പത്തനംതിട്ട
*വളയനാട് ഭഗവതി ക്ഷേത്രം, കോഴിക്കോട്
*മാടായിക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൂർ
*പരുമല വലിയ പനയന്നാർകാവ് ദേവി ക്ഷേത്രം, പത്തനംതിട്ട
*ഉത്രാളിക്കാവ് രുധിര മഹാകാളി ക്ഷേത്രം, തൃശ്ശൂർ
*ചവറ കാട്ടിൽ മേക്കതിൽ ശ്രീദേവി ക്ഷേത്രം, കൊല്ലം
*ചിറ്റൂർ ഭഗവതി ക്ഷേത്രം, പാലക്കാട്
*എമൂർ ഹേമാംമ്പിക ക്ഷേത്രം, പാലക്കാട്
*വെള്ളായണി മുടിപ്പുര, തിരുവനന്തപുരം
*മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ
*തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി
*വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീ ക്ഷേത്രം, വടക്കേവിള, കൊല്ലം
*വരമ്പതി കാളിമല, വെള്ളറട, തിരുവനന്തപുരം
ഇടത്തരം ക്ഷേത്രങ്ങൾ
[തിരുത്തുക]* ശാർക്കര ദേവി ക്ഷേത്രം, ചിറയിൻകീഴ്, തിരുവനന്തപുരം
*കണിച്ചു കുളങ്ങര ഭഗവതി ക്ഷേത്രം, മാരാരിക്കുളം വടക്ക്, ആലപ്പുഴ
*കടമ്മനിട്ട ഭഗവതി ക്ഷേത്രം, പത്തനംതിട്ട
*ഉദിയന്നൂർ ദേവി ക്ഷേത്രം, തിരുവനന്തപുരം
*കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, തിരുവനന്തപുരം
*മുണ്ടയാംപറമ്പ് ഭഗവതി ക്ഷേത്രം, കണ്ണൂർ
*മട്ടന്നൂർ വള്ളിയോട്ട്ചാൽ കലശസ്ഥാനം
*നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം, പാലക്കാട്
*പട്ടാഴി ദേവി ക്ഷേത്രം, കൊല്ലം
*പാവുംമ്പാ കാളി ക്ഷേത്രം, കൊല്ലം
*വരമ്പതി കാളിമല, വെള്ളറട, തിരുവനന്തപുരം
*വെളുത്താട്ടു വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം, കെടാമംഗലം, വടക്കൻ പറവൂർ, എറണാകുളം
*കുറ്റിക്കാട്ട് ദേവി ക്ഷേത്രം, മൂലവട്ടം, കോട്ടയം
*മണർകാട് ശ്രീ ഭഗവതി ക്ഷേത്രം, കോട്ടയം
*മുട്ടക്കുളം ദേവി ക്ഷേത്രം, കായംകുളം, ആലപ്പുഴ ജില്ല, കേരളം
* കടമ്പനാട് ശ്രീ ഭഗവതി ധർമ്മശാസ്താ ക്ഷേത്രം, പത്തനംതിട്ട
ചെറിയ ക്ഷേത്രങ്ങൾ
[തിരുത്തുക]*ഭരണിക്കാവ് ദേവി ക്ഷേത്രം, കൊല്ലം
*പുത്തൻവീട്ടിൽ ഭദ്രാ ഭഗവതി ക്ഷേത്രം, കരിന്തോട്ടുവ, കൊല്ലം
കാവുകൾ
[തിരുത്തുക]• കള്ളിയിൽ ശ്രീ ഭദ്രകാളി - ഭുവനേശ്വരീ ക്ഷേത്രം നല്ലൂർ, ഫറോക്ക്[9]
ചരിത്രം
[തിരുത്തുക]ഇന്ന് മേർഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേർഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കാർഷികഗ്രാമങ്ങളിൽ നിന്നാണ് ഇന്ത്യയിൽ ആദ്യമായി സ്ത്രീ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകൾ ലഭിക്കുന്നത്. [10]
സംഘകാലത്ത് മറവരുടെ ദൈവമായിരുന്നു കൊറ്റവൈ (പാർവതി). ചേരരാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് കൊറ്റവൈക്ക് ബലി അർപ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. കൊറ്റവൈയാണ് പിന്നീട് കാളിയായി രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു [11]. ജൈനരുടെ ദേവതകളായ മംഗളാദേവിയും അംബികയും പലയിടങ്ങളിൽ കാളിയായും ദുർഗ്ഗയായും രൂപാന്തരപ്പെട്ടിട്ടുണ്ട്.
ദ്രാവിഡരുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ് (ശിവൻ) മാതാവ് (കാളി,പാർവ്വതി,ദുർഗ്ഗ) പുത്രൻ (മുരുകൻ) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ (ഋഗ്വേദം) ആര്യന്മാർക്ക് അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു.
ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം.
ഋഗ്വേദത്തിൽ ദേവിമാർ പൊതുവിൽ ദേവന്മാരേക്കാൾ വളരെ പ്രാധാന്യം കുറഞ്ഞവരാണ്. മനുസ്മൃതിയിൽ മരണമടഞ്ഞ പിതാക്കന്മാർക്കായി ബലിയർപ്പിക്കേണ്ടതിനെപ്പറ്റി പറയുന്നു. [12]നിത്യേനയുള്ള വൈശ്വദേവ ഭക്ഷണ തർപ്പണത്തെക്കുറിച്ച് പരാമർശിക്കുന്നതിൽ ഒരുരുള പിതൃബലിയായി പ്രത്യേകം നൽകണം. അവസനത്തെ ഉരുള മുജ്ജന്മ പാപത്താൽ മാറാരോഗം ബാധിച്ചവർക്കും മതഭ്രഷ്ടരായവർക്കും പട്ടികൾക്കും വേണ്ടി വെറും തറയിലാണ് വെക്കേണ്ടത്. എന്നാൽ ഇതിലെങ്ങും പിതൃക്കൾക്കൊപ്പം സഞ്ചരിക്കേണ്ട അമ്മമാരെപ്പറ്റി പരാമർശമില്ല. മാതൃദായകക്കാരായിരുന്ന ദ്രാവിഡരിൽ നിന്ന് പിതൃദായ സമ്പ്രദായത്തിലേക്കുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു. അമ്മമാർ വെറും ഭാര്യമാരാവാനായി നുഴഞ്ഞുകയറിയവർ മാത്രമായിത്തീരുന്നു. അഷ്ടകങ്ങൾ എന്നറിയപ്പെടുന്ന വാർഷികമായ ശ്രാദ്ധമൂട്ടിലും അമ്മമാർക്കവകാശമില്ല. വേദസമ്പ്രദായം അനുവദിക്കുന്നില്ലെങ്കിലും പിന്നീട് ബ്രാഹ്മണമതം ദേവിമാരെന്ന നിലയിൽ അമ്മമാർക്ക് വേണ്ടിയുള്ള ബലി തർപ്പണങ്ങൾ ഇന്ത്യയിലെ അനാര്യൻ അംശങ്ങളിൽ നിന്നും കടം കൊള്ളുന്നു. ഇത്തരത്തിൽ മുൻതലമുറയിലെ അമ്മമാരല്ലാത്ത മറ്റേതോ ദേവിമാർക്കായി (പൊതുവായ മാതൃത്വം-ത്രയംബക-മൂന്നുപേർ) വഴിയരികിൽ ശ്രാദ്ധമൂട്ടുന്ന രീതി പഴയകാലത്തെ ഇന്ത്യൻ സാഹിത്യകൃതികളിൽ കാണുന്നുണ്ട്. [13]
മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു. [14]ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.[15]അമ്മദൈവത്തിന് കാളി, ഭഗവതി, ദുർഗ, കരിനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്[16].
അവലംബം
[തിരുത്തുക]- ↑ "en.wikipedia.org › wiki › Kali - Wikipedia".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Nikhilananda, Swami (2021-08-19), "The Ramakrishna Order", Holy Mother, Routledge, pp. 240–254, retrieved 2022-11-05
- ↑ "കേരളത്തിലെ കാളീ സങ്കൽപ്പങ്ങളും ആരാധനയും". കേരളത്തിലെ കാളീ സങ്കൽപ്പങ്ങളും ആരാധനയും.
- ↑ "നവരാത്രി - വിക്കിപീഡിയ". ml.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കടങ്ങൾ ഇല്ലാതാക്കി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ശക്തി". neramonline.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കാളിദാസൻ - വിക്കിപീഡിയ". ml.wikipedia.org › wiki.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Wangu, Madhu Bazaz (2003). Images of Indian goddesses : myths, meanings, and models. New Delhi: Abhinav Publications. ISBN 81-7017-416-3. OCLC 54781426.
- ↑ [Sankaranarayanan, Sri (2001). Glory of the Divine Mother: Devi Mahatmyam. Nesma Books India. p. 127. ISBN 978-8187936008. Sankaranarayanan, Sri (2001). Glory of the Divine Mother: Devi Mahatmyam. Nesma Books India. p. 127. ISBN 978-8187936008.]
{{cite web}}
: Check|url=
value (help); Missing or empty|title=
(help) - ↑ കള്ളിയിൽ ശ്രീ ഭദ്രകാളി - ഭുവനേശ്വരീ ക്ഷേത്രം നല്ലൂർ, ഫറോക്ക്
- ↑ ബഷാം; ദ വണ്ടർ ദാറ്റ് വാസ് ഇന്ത്യ. സുർജീത്ത് പബ്ലിക്കേഷൻസ്, ഇംഗ്ലീഷ്; ന്യൂഡെൽഹി ഇന്ത്യ
- ↑ പി.കെ.ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം”
- ↑ മനുസ്മൃതി 3.81-92
- ↑ ശൂദ്രകൻ-മൃച്ഛകടികം
- ↑ മഹാഭാരതം 1.93.44
- ↑ കെ. ദാമോദരൻ രചിച്ച “പ്രാചീന കേരളം”,അദ്ധ്യായം പന്ത്രണ്ട്
- ↑ [McDermott, Rachel Fell (2001). Singing to the Goddess: Poems to Kali and Uma from Bengal. Oxford University Press. ISBN 978-0198030706. McDermott, Rachel Fell (2001). Singing to the Goddess: Poems to Kali and Uma from Bengal. Oxford University Press. ISBN 978-0198030706.]
{{cite web}}
: Check|url=
value (help); Missing or empty|title=
(help)