നവരാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവരാത്രി
Navratri Navaratri festival preparations and performance arts collage.jpg
പ്രദേശത്തെ ആശ്രയിച്ച്, തിന്മക്കെതിരായി ആദിപരാശക്തി അഥവാ ഭഗവതി അല്ലെങ്കിൽ രാമന്റെ വിജയം നവരാത്രി ദിനത്തിൽ ആഘോഷിക്കുന്നു[1]
ഇതരനാമംനവരാത്രി അല്ലെങ്കിൽ നവരതം
ആചരിക്കുന്നത്ഹിന്ദുക്കൾ, ജൈനന്മാർ സിഖുകാർ
ആഘോഷങ്ങൾ9 ദിവസങ്ങൾ
അനുഷ്ഠാനങ്ങൾമണ്ഡപക്രമീകരണം, പ്രാർത്ഥനകൾ, നാടകങ്ങൾ, നിമജ്ജനം അല്ലെങ്കിൽ കത്തിക്കയറുക
ആരംഭംഅശ്വിൻ ശുക്ല പ്രതാമ
അവസാനംഅശ്വിൻ ശുക്ല നവാമി
തിയ്യതിAshvin Shukla Pratipada, Ashvin Shukla Dwitiya, Ashvin Shukla Tritiya, Ashvin Shukla Chaturthi, Ashvin Shukla Panchami, Ashvin Shukla Shashthi, Ashvin Shukla Ashtami, Ashvin Shukla Navami
ആവൃത്തിദ്വിവത്സരം
ബന്ധമുള്ളത്ദസറ, വിദ്യാരംഭം

ഹൈന്ദവരുടെ ആരാധനയുടേയും കലകളുടെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. പ്രധാനമായും സെപ്റ്റംബർ‌-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ദേവി ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ചിലർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു. ചില ഉപാസകർ പരാശക്തിയുടെ പത്തു ഭാവങ്ങളെ, ദശമഹാവിദ്യകളെ ഈ പത്തു ദിവസങ്ങളിലായി ആരാധിക്കുന്നു. കാളി, താര, ചിന്നമസ്ത, ത്രിപുരസുന്ദരി, ബഗളാമുഖീ, മാതംഗി തുടങ്ങി പത്താം ദിവസം മഹാലക്ഷ്മി അഥവാ കമലാദേവിയിൽ അവസാനിക്കുന്നു. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. നവരാത്രിയിലെ അവസാന മൂന്ന് ദിവസങ്ങൾ ഭഗവതിപൂജയ്ക്ക് പേരുകേട്ട ദിവസങ്ങളായി കണക്കാക്കപ്പെടുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ക്ഷേത്രങ്ങളിലും ഉത്സവം, പൊങ്കാല, പൂരം തുടങ്ങിയവ ഈ സമയത്ത് നടത്തപ്പെടുന്നു.

വിദ്യാരംഭം

മൂകാംബികയിലെ നവരാത്രി രഥോത്സവം[തിരുത്തുക]

കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപെട്ട ഉത്സവമാണ് നവരാത്രി. നവരാത്രിയിൽ കൊല്ലൂർ മൂകാംബികയിലെ പുഷ്പ രഥോത്സവവും വിദ്യാരംഭവും അതിപ്രസിദ്ധമാണ്. ഈ ദിവസങ്ങളിൽ മൂകാംബിക ദർശനത്തിനായി കൊല്ലൂരിലേക്ക് മലയാളികളുടെ ഒഴുക്ക് ഉണ്ടാവാറുണ്ട്. ഒൻപതാം ദിവസമായ മഹാനവമിയിൽ വിശേഷപ്പെട്ട ചണ്ഡികാഹോമവും ഭഗവതിയുടെ പുഷ്പ രഥോത്സവവും നടക്കുന്നു. പരാശക്തിയെ പുഷ്പ രഥത്തിൽ കുടിയിരുത്തി രഥം വലിക്കുന്നു. അന്നേ ദിവസം അർധരാത്രി വൈകി അവസാന ഭക്തനും തൊഴുത് ഇറങ്ങിയ ശേഷം മാത്രമേ നട അടയ്ക്കാറുള്ളു. പിറ്റേന്നു പുലർച്ചെ വിജയദശമി ദിവസം വിദ്യാരംഭം ആരംഭിക്കുന്നു. ആയിരക്കണക്കിന് കുരുന്നുകളാണ് വിദ്യാരംഭത്തിന് മൂകാംബികയിൽ എത്തിച്ചേരുന്നത്.

വിവിധ നവരാത്രികൾ[തിരുത്തുക]

യഥാർത്ഥത്തിൽ അഞ്ച് നവരാത്രികൾ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ.

ശരത് നവരാത്രി[തിരുത്തുക]

ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ‌-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയിക്കാണ് പ്രധാനമായും ഇത് ആഘോഷിക്കുന്നത്. രക്തബീജൻ, ചണ്ഡമുണ്ഡൻ, ശുംഭനിശുംഭൻ എന്നിവരെ ഭഗവതി വധിച്ചതും നവരാത്രി നാളുകളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുര വധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നതെങ്കിൽ മറ്റു ചിലർ ശ്രീരാമൻ രാവണനെ വിജയിച്ചതിന്റെ ഓർമ്മക്കായും ആഘോഷിക്കുന്നു. മൈസൂർ ചാമുണ്ഡി ക്ഷേത്രത്തിലെ ദസ്സറ പ്രസിദ്ധമാണ്.

വസന്ത നവരാത്രി[തിരുത്തുക]

വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് (മാർച്ച്-ഏപ്രിൽ) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. രാമനവമിയോടനുബന്ധിച്ചാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

ആഷാഡ നവരാത്രി[തിരുത്തുക]

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് ആഷാഡ നവരാത്രി ആഘോഷിക്കുന്നത്. ഭഗവതി വാരാഹിയുടെ ഉപാസകന്മാർക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ആഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃക്കളിൽ ഒരാളാണ് വരാഹി. ഇത് പരാശക്തി തന്നെയാണ്. ഹിമാചൽ പ്രദേശിൽ ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.

നവരാത്രിയും ബൊമ്മക്കൊലുവും[തിരുത്തുക]

ദേവിയുടെ പടു കൂറ്റൻ കോലങ്ങൾ മുതൽ മണ്ണിൽ തീർത്ത കൊച്ച് ബൊമ്മകൾ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ് നവരാത്രി. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുർഗ്ഗാ ദേവിയുടെ വലിയ രൂപങ്ങൾ കെട്ടിയൊരുക്കുന്നു. തമിഴ് നാട്ടിൽ ബ്രാഹ്മണർ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരു ആചാരം കൂടിയാണ് കൊലു വെയ്ക്കൽ.

നവരാത്രി വ്രതം[തിരുത്തുക]

കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നവരാത്രമാചരിക്കാമെങ്കിലും കന്നി നവരാത്രത്തിനാണ് സർവ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാൻ സൗകര്യപ്പെടാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ടിക്കുവാൻ വിധിയുണ്ട്. കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ് (പൂജ വെയ്പ് മുതൽ പൂജയെടുപ്പുവരെ) ആചരിക്കുന്നത്. ശക്ത്യുപാസനാ പ്രധാനമായ ഈ ദിവസങ്ങളിൽ ദേവീ ഭാഗവതം, ദേവീമാഹാത്മ്യം, കാളികാ പുരാണം, മാർക്കണേഡേയ പുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം.

ത്രികാലം പൂജയേദ്ദേവിം ജപസ്തോത്രപരായണഃ
അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ
ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.

ദുർഗ്ഗാഷ്ടമി[തിരുത്തുക]

ഈ ദിവസത്തെ സായാഹ്നത്തിലാണ് പണി ആയുധങ്ങളും പുസ്തകങ്ങളും പൂജ വയ്ക്കുന്നത്. പരാശക്തിയെ ദുർഗ്ഗയായി അന്ന് ആരാധിക്കുന്നു.

മഹാനവമി[തിരുത്തുക]

പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്. ഭഗവതിയെ മഹാലക്ഷ്മിയായി ആരാധിക്കുന്നു.

വിജയ ദശമി[തിരുത്തുക]

കന്നി വെളുത്തപക്ഷത്തിലെ ദശമി -നവമി രാത്രിയുടെ അവസാനത്തിൽ - വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ദുർഗ്ഗയുടെ വിജയ സൂചകമായ ഈ ദിനം ക്ഷത്രിയർ പ്രധാനമായി കരുതുന്നു. അന്ന് പൂജവെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നു.

ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സർവ്വകാര്യാർത്ഥസിദ്ധയേ

എന്നാണ് പ്രമാണം. സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യ നാളാണിത്. വിദ്യാരംഭം മുതലായ ശുഭ കർമ്മങ്ങൾ അന്ന് ആരംഭിക്കുന്നു. ദേവി മഹാസരസ്വതിയായി, സിദ്ധിദാത്രിയായി പൂജിക്കപ്പെടുന്നു.

കേരളത്തിൽ[തിരുത്തുക]

കേരളത്തിൽ ഭഗവതി ക്ഷേത്രങ്ങളിൽ ഇത് വിശേഷ ദിവസങ്ങളാണ്. പൂജവെപ്പും വിദ്യാരംഭവും ഇതോട് അനുബന്ധിച്ചു നടക്കുന്നു. പുരാതന കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ടിക്കപ്പെട്ട നാല് അംബികാലയങ്ങളിൽ ഒന്നായ പാലക്കാട്‌ കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏകവുമായ ആഘോഷമാണ് നവരാത്രി ഉത്സവം. ആയിരക്കണക്കിന് ആളുകളാണ് നവരാത്രി ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. വിദ്യാഭ്യാസ ഉയർച്ച, ഐശ്വര്യം, ആഗ്രഹസാഫല്യം എന്നിവയ്ക്ക് ഇവിടുത്തെ നവരാത്രി ദർശനം ഏറ്റവും ഉത്തമം ആണെന്ന് വിശ്വാസമുണ്ട്. കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം എറണാകുളത്തെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം തുടങ്ങിയ സരസ്വതി പ്രധാനമായ ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷം അതി പ്രധാനമാണ്. ഇവിടങ്ങളിൽ നവരാത്രി കാലത്ത് വൻ ഭക്തജനതിരക്ക് അനുഭവപ്പെടുന്നു. തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി ആഘോഷം അതി വിപുലമാണ്. സരസ്വതി സാന്നിധ്യമുള്ള തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതിക്ഷേത്രം, മലപ്പുറം കാടാമ്പുഴ, അങ്ങാടിപ്പുറം തീരുമാംധാകുന്നു ഭഗവതി ക്ഷേത്രം, കണ്ണൂരിലെ മൃദംഗശൈലേശ്വരി ക്ഷേത്രം, കോഴിക്കോട് ശ്രീ അഴകൊടി ദേവി മഹാക്ഷേത്രം, മാവേലിക്കര ചെട്ടികുളങ്ങര തുടങ്ങി മിക്ക ഭഗവതി ക്ഷേത്രങ്ങളിലും നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Fuller2004p108 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=നവരാത്രി&oldid=3918079" എന്ന താളിൽനിന്ന് ശേഖരിച്ചത്