ശാക്തേയം
ശൈവ, വൈഷ്ണവ ഉപാസനരീതി പോലെ പ്രധാന ഹൈന്ദവവിഭാഗങ്ങളിൽപ്പെട്ട ഒന്നാണ് ശാക്തേയം അഥവാ വാമചാരം (Shaktism शाक्तं;). വിശ്വാസങ്ങൾ പ്രകാരം ഭഗവതിയായ സാക്ഷാൽ ആദിപരാശക്തിയുടെ ആരാധനാ പദ്ദതിയാണ് ശക്തേയം. മഹാമായയും അനാദിയുമായ ആദിപരാശക്തി [1][2][3] എന്ന മഹാശക്തിയാണ് പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയ്ക്കെല്ലാം മൂലകാരണമെന്ന് ശാക്തേയർ വിശ്വസിക്കുന്നു. പരാശക്തിയുടെ മൂർത്തരൂപമായി മണിദീപവാസിനിയായ ഭുവനേശ്വരിയെ കണക്കാക്കപ്പെടുന്നു. പ്രധാനമായും മൂന്ന് രീതിയിൽ ആണ് അവർ ഭഗവതിയെ സങ്കൽപ്പിച്ചിരിക്കുന്നത്; മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവയാണത്. മഹാകാളി വീര്യം, ആരോഗ്യം, സംഹാരം; മഹാലക്ഷ്മി ഐശ്വര്യം, മഹാസരസ്വതി വിദ്യ എന്നിങ്ങനെ പറയപ്പെടുന്നു. കൂടാതെ ദുർഗ്ഗ, ഭദ്രകാളി അഥവാ ചാമുണ്ഡി, ചണ്ഡിക, അന്നപൂർണെശ്വരി, കാർത്യായനി, വാരാഹി അല്ലെങ്കിൽ പഞ്ചമി, കുണ്ഡലിനി, പ്രത്യംഗിരി, കുരുംമ്പ, പുതിയ ഭഗവതി തുടങ്ങിയ നിരവധി ഭാവങ്ങളിൽ സങ്കൽപിച്ചിരിക്കുന്നു. ഇതു കൂടാതെ തന്നെ പല ഭാവങ്ങളിലും ജഗദംബയെ സങ്കൽപ്പിക്കുന്നു. നവദുർഗ്ഗ, സപ്തമാതാക്കൾ, ദശമഹാവിദ്യ, അഷ്ടലക്ഷ്മി തുടങ്ങിയവ ഉദാഹരണം.
സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ശക്തിസ്വരൂപിണിയായ ഭഗവതിയെ ആരാധിച്ചത്. സ്ത്രീക്ക് മേൽക്കൈ ഉണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ദൈവസങ്കല്പങ്ങൾ ആയും ഇതിനെ കണക്കാക്കുന്നു. ശാക്തേയ വിശ്വാസമനുസരിച്ചു എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നതും എല്ലാ ചരാചരങ്ങളും മോക്ഷം പ്രാപിക്കുന്നതും ആദിപരാശക്തിയെ തന്നെ ആണ്. ആദി കാലത്ത് ഊർവരത, കാർഷിക സമൃദ്ധി, മണ്ണിന്റെ ഫലഭൂയിഷ്ടത, സമ്പത്ത്, ഐശ്വര്യം, വിദ്യാഭ്യാസം, തൊഴിൽ, പ്രകൃതി, പ്രളയം, രോഗങ്ങൾ, ആരോഗ്യം, യുദ്ധ വിജയം, മോക്ഷം എന്നിവ മാതൃ ദൈവവുമായി ബന്ധപെട്ടു കിടക്കുന്നു. ഇതാണ് ശക്തി പൂജയായി വളർച്ച പ്രാപിച്ചത്. ശാക്തേയ വിശ്വാസപ്രകാരം പ്രകൃതിയും വികൃതിയുമായ ഭഗവതിയെ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കാവുകളിൽ ആരാധിച്ചിരുന്നു. ഭഗവതി ഭക്തർ സ്ത്രീകൾക്ക് ബഹുമാനവും തുല്യ അംഗീകാരവും നൽകേണ്ടതുണ്ട് എന്നാണ് വിശ്വാസം. സ്ത്രീകളിൽ ഭഗവതി വസിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിന്റെ കാരണം. ഒരു സാഹചര്യത്തിലും ഭഗവതി ഉപാസകർ സ്ത്രീകളോട് അപമര്യാദയായി ഇടപെടാൻ പാടില്ല എന്ന് പ്രത്യേകം നിഷ്‌ക്കർഷിക്കാറുണ്ട്. സ്ത്രീകൾ ദുരിതം അനുഭവിക്കുന്ന ഇടങ്ങളിൽ അഭിവൃദ്ധി അല്ലെങ്കിൽ ഐശ്വര്യം ഉണ്ടാവില്ല എന്ന വിശ്വാസത്തിന്റെ കാരണം ഇതാണ് എന്ന് കരുതപ്പെടുന്നു.
ഭഗവതിയെ ഉപാസിക്കുന്ന രാജസപൂജ ആണ് ശക്തിപൂജ എന്നു വിശ്വാസം. മോക്ഷമാർഗ്ഗം മാത്രമായ മറ്റ് ആചാര പദ്ധതികളിലും നിന്ന് തികച്ചും വ്യത്യസ്തമായി ഭോഗ മോക്ഷപ്രദമായ ഒരു ഉത്തമ തന്ത്രപദ്ധതി കൂടിയാണ് ശാക്തേയം. അതായത് ഇഹാലോകത്തിൽ പ്രതാപവും ഐശ്വര്യവും പരലോകത്തിൽ ആദിപരാശക്തിയിൽ ലയിച്ചു കൊണ്ടുള്ള മോക്ഷവും ലഭിക്കുമെന്ന് സങ്കൽപം. ഇതിൽ ഉപാസിക്കപ്പെടുന്ന ദേവി ഉപാസകന്റെ പ്രാണശക്തി തന്നെയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഇത് അദ്വൈതപൂജയായി കണക്കാക്കപ്പെടുന്നു. ചൊവ്വ, വെള്ളി, അമാവാസി, പൗർണ്ണമി, പഞ്ചമി, നവമി, അഷ്ടമി, നവരാത്രി, ഭരണി, കാർത്തിക തുടങ്ങിയ ദിവസങ്ങൾ പൊതുവേ ശക്തിപൂജയ്ക്ക് ഉത്തമമായ ദിവസങ്ങളാണ്.
ബ്രഹ്മാവ് (രജോഗുണം), മഹാവിഷ്ണു(സത്വഗുണം), പരമശിവൻ(തമോഗുണം) എന്നീ ത്രിമൂർത്തികൾ പരാശക്തിയുടെ തൃഗുണങ്ങളാണ്. മറ്റുള്ള എല്ലാ ദേവതാസങ്കൽപ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടായത്. ദേവി സാക്ഷാൽ ശിവശക്തി ആണ് . നിർഗുണ പരബ്രഹ്മമായ ശിവന്റെ പാതി പാർവ്വതി (അർദ്ധനാരീശ്വരൻ) ആയി ശിവനോടൊപ്പം സർവ്വവും സൃഷ്ടിച്ച ത്രിപുരസുന്ദരിയാണ് ആദിപരാശക്തി എന്ന് ശാക്തേയ ഗ്രന്ഥങ്ങളിൽ പറയുന്നു.
ശാക്തേയം വീരാരാധന കൂടിയാണ്. പഴശ്ശിരാജ യുദ്ധത്തിന് പുറപ്പെടും മുൻപ് മൃദങ്കശൈലേശ്വരി ക്ഷേത്രത്തിൽ ഗുരുസിപൂജ നടത്തി ഭഗവതിയെ ഉപാസിച്ചിരുന്നതായി ചരിത്രം പറയുന്നു.
കുളാർണ്ണവതന്ത്രം, മഹാനിർവാണ തന്ത്രം തുടങ്ങിയവ പ്രമുഖ താന്ത്രിക ഗ്രന്ഥങ്ങൾ ഇതേപ്പറ്റി വ്യക്തമാക്കുന്നുണ്ട്. ഭക്ഷ്യയോഗ്യമായ കോഴി, മത്സ്യം എന്നിവ കറിയാക്കിയോ അല്ലാതെയോ നിവേദിച്ചു കൊണ്ടുള്ള കൗളാചാരം ശാക്തേയ സമ്പ്രദായത്തിൽ ഒഴിച്ചു കൂടാനാകാത്തതാണ്. എന്നാൽ ചില വൈദികർ ഇന്നിതിന് പകരമായി കുമ്പളങ്ങ ഉപയോഗിച്ചു കാണാറുണ്ട്. [4].[1]. ശാക്തേയ സമ്പ്രദായത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ ആഗമ നിഗമ ശാസ്ത്രങ്ങളാണ്. ശാക്തേയപൂജയിൽ സ്ത്രീക്ക് വളരെ പ്രാധാന്യം നൽകുന്നു. ശക്തിപൂജയിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീയെ ഒരു കാരണവശാലും തടയാൻ പാടില്ല എന്നാണ് സങ്കൽപം. ഇതിൽ സ്ത്രീക്ക് അശുദ്ധി ഇല്ല, പ്രത്യേകമായി നടത്തുന്ന ശക്തിപൂജയിൽ ആർത്തവക്കാരായ സ്ത്രീകൾ പങ്കെടുക്കുന്നത് വിശേഷമാണ് എന്ന് വിശ്വാസം. ഉപാസകർ സ്ത്രീകളെ ബഹുമാനിക്കുന്നവർ ആയിരിക്കണം എന്ന് പ്രത്യേക നിഷ്കർഷയും ഇത്തരം ഉപാസനാ രീതിയിൽ ഉണ്ട്. ശക്തിപൂജക്ക് വർണ്ണമോ ജാതിയോ ലിംഗഭേദമോ ബാധകമല്ലാത്തതിനാൽ എല്ലാ വിഭാഗങ്ങളുടെയും ആരാധനാപദ്ധതി കൂടിയാണ് ശാക്തേയം. പ്രത്യേകിച്ചും മാതൃദൈവത്തിന്റെ ആരാധനയിലെ ശാക്തേയം ഇതിന് അഭേദ്യമായ ബന്ധമുണ്ട്. എങ്കിലും പിതൃ പാരമ്പര്യം പിന്തുടരുന്ന ബ്രാഹ്മണ വിഭാഗങ്ങളിൽ ഇത്തരം ഉപാസനാപദ്ധതി പൊതുവേ കുറവാണ്. ഹൈന്ദവ വിഭാഗങ്ങളിലെ മാതൃദായക്കാരായ അബ്രാമണ വിഭാഗങ്ങളുടെ ഇടയിലാണ് ഇത് കൂടുതലും കണ്ടു വരുന്നത്. മാതാവിനോട് അവർക്ക് കൂടുതൽ സ്നേഹവും ബഹുമാനവും ഉണ്ടായിരിക്കണം എന്ന് ചിലർ വാദിക്കുന്നു.
കേരളത്തിൽ കാണപ്പെടുന്ന പരാശക്തി, ദുർഗ്ഗ, ഭുവനേശ്വരി, ഭദ്രകാളി, ചാമുണ്ഡി, ഭഗവതി ക്ഷേത്രങ്ങളിൽ ഒരു കാലത്ത് ഉണ്ടായിരുന്ന പ്രധാന ആരാധന പദ്ധതി ആയിരുന്നു ശാക്തെയം. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, മാമാനിക്കുന്ന്, മാടായിക്കാവ്, തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം തുടങ്ങിയ അനേകം ദേവീക്ഷേത്രങ്ങളിലും കുരുംമ്പക്കാവുകളിലും ഈ സമ്പ്രദായം കാണാം. ഇന്നിതിന് കുറെയേറെ ആചാരലോപം സംഭവിച്ചിട്ടുണ്ട് എന്ന് ഉപാസകർ ചൂണ്ടിക്കാട്ടുന്നു. പണ്ട് കാലത്ത് തറവാടുകളിൽ സ്ഥാപിച്ചിരുന്ന ശക്തിപീഠത്തിലും, മച്ചകത്തും, വീടുകളുടെ മുകൾ നിലയിലും കുടിയിരുത്തിയ ഭഗവതിക്കും വർഷംതോറും ശാക്തേയപൂജ നടത്തിയിരുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിനും സമ്പത് സമൃദ്ധിക്കും പ്രതാപം നിലനിർത്തുന്നതിനും, വരാൻ പോകുന്ന ആപത്തുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ പൂജ ചെയ്തിരുന്നത് എന്നാണ് അവർ വിശ്വസിച്ചിരുന്നത്. ഇത് മിക്കവാറും ആ കുടുംബത്തിലെ അംഗം തന്നെയാവും ചെയ്യുന്നത്. നേപ്പാൾ, കാശ്മീർ, ബംഗാൾ, കർണാടക എന്നിവിടങ്ങളിൽ ശാക്തേയ സമ്പ്രദായം വളർച്ച നേടിയിട്ടുണ്ട്. എന്നാൽ കാശ്മീരിൽ ഇന്നിത് അത്ര കണ്ടു പ്രചാരത്തിൽ ഇല്ല.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Klaus K. Klostermaier (10 March 2010). Survey of Hinduism, A: Third Edition. State University of New York Press. pp. 30, 114–116, 233–245. ISBN 978-0-7914-8011-3.
- ↑ Flood, Gavin D. (1996), An Introduction to Hinduism, Cambridge University Press, p. 17, ISBN 978-0-521-43878-0
- ↑ Thomas Coburn (2002), Devī-Māhātmya: The Crystallization of the Goddess Tradition, Motilal Banarsidass, ISBN 978-81-208-0557-6, pages 1–23
- ↑ J. Gordon Melton; Martin Baumann (2010). Religions of the World: A Comprehensive Encyclopedia of Beliefs and Practices, 2nd Edition. ABC-CLIO. pp. 2600–2602. ISBN 978-1-59884-204-3.