രാമായണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാമായണം
First edition title page
രാമ-രാവണ യുദ്ധം ചിത്രകാരന്റെ ഭാവനയിൽ
കർത്താവ്വാല്മീകി
രാജ്യംഭാരതം
ഭാഷസംസ്കൃതം
ISBNലഭ്യമല്ല

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .[1] രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്. [2]

ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നുണ്ട്.

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ ചേർന്നതാണ്‌. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ്‌ എന്ന വാദമുണ്ട്. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു‌.[3], [4] [5] രാമായണത്തിൽ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ‍ കൂടുതലും കാണുന്നത് കാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്‌. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും തന്ന ഇതിനുള്ള തെളിവാണ്‌. പല ഗ്രന്ഥകർത്താക്കളും തങ്ങളുടെ കൃതികളിൽ ഉത്തരകാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടുമില്ല.

രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌ (ഇത് വളരെക്കാലം മുൻപേ വായ്മൊഴിയായി പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നു. [6] [7]

ഐതിഹ്യം[തിരുത്തുക]

രാമായണം കാവ്യരൂപത്തിൽ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതിഹ്യം അനുസരിച്ച് വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം

ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ

അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.

പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം[a]

"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതിൽ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദമുണ്ട്[8][9].

രചയിതാവ്[തിരുത്തുക]

വാല്മീകിയുടെ എണ്ണഛായ
ദശരഥപുത്രന്മാരുടെ ജന്മം

വാല്മീകി മഹർഷിയാണ്‌ രാമായണത്തിന്റെ രചയിതാവ് എന്നാണ് ലഭിച്ചിട്ടുള്ള രേഖകളിൽ നിന്ന് അനുമാനിക്കുന്നത്. ഈ കവിയുടെ ജീവചരിത്രത്തെപ്പറ്റിയുള്ള പ്രാമാണികമായ തെളിവുകളുടെ അഭാവം ഉണ്ട് എന്നത് നിസ്തർക്കമാണ്. പാരമ്പര്യമനുസരിച്ച് അദ്ദേഹം ആദ്യം ഒരു കൊള്ളക്കാരനായിരുന്നു. എന്നാൽ സന്യാസം സ്വീകരിച്ച ശേഷം ദീർഘകാലത്തെ തപസ്സിനു ശേഷം അദ്ദേഹം രാമായണം രചിക്കാനുള്ള സാമർത്ഥ്യം നേടിയെടുത്തു. അദ്ദേഹം ഒരു ശിവഭക്തനായിരുന്നു. ഇതു സംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണത്തിലാണുള്ളത്. എന്നാൽ ഇതിന്റെ പ്രാചീനതയെക്കുറിച്ച് സന്ദേഹമുയർന്നിട്ടുണ്ട്. കാരണം സ്കന്ദപുരാണത്തിലെ കൂടുതൽ വിവരങ്ങളും എട്ടാം നൂറ്റാണ്ടിനുശേഷമുള്ളതാണ് എന്നതും ധാരാളം പ്രക്ഷിപ്തങ്ങൾ കലർന്നതുമാണെന്നതാണ്‌.

പ്രമാണിക രാമായണത്തിൽ യുദ്ധകാണ്ഡത്തിലെ ഫലശ്രുതിയിലല്ലാതെ ഒരിടത്തും വാല്മീകിയെക്കുറിച്ച് പ്രസ്താവമില്ല. എന്നാൽ പിന്നീടെഴുതപ്പെട്ട രാമായണത്തിൽ ബാലകാണ്ഡത്തിലും, ഉത്തരകാണ്ഡത്തിലും പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു. [b] മഹാഭാരതത്തിലെ അനുശാസനപർവ്വത്തിൽ ഒരു വാദത്തിൽ വാല്മീകിയെ ബ്രഹ്മഘ്നൻ എന്നാക്ഷേപിക്കുന്നുണ്ട്. വാല്മീകി കൊള്ളക്കാരനായിരുന്നു എന്ന കഥകൾ പ്രചരിപ്പിക്കാൻ ഈ അനുമാനമായിരിക്കണം എന്നു കാമിൽ ബുൽകെ അഭിപ്രായപ്പെടുന്നു.

തൈത്തീര്യപ്രാതിശാഖ്യത്തിൽ വൈയാകരണനായ ഒരു വാല്മീകി മഹർഷിയെപ്പറ്റി പറയുന്നു. ഇദ്ദേഹം ആദികവിയിൽ നിന്നും വ്യത്യസ്തനാണ് എന്ന് യാക്കോബിയും വെബ്ബറും അഭിപ്രായപ്പെടുന്നു. മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിലെ സുപർണ്ണ വാല്മീകിയെപ്പറ്റി പറയുന്നുണ്ട്. സുപർണ്ണവംശം ക്ഷത്രിയരായിരുന്നതിനാൽ ആദികവിയും, സുപർണ്ണവാല്മീകിയും വ്യത്യസ്തരായിരിക്കണം.

ബാലകാണ്ഡത്തിന്റേയും, ഉത്തരകാണ്ഡത്തിന്റേയും രചനയോടെയാണ്‌ ആദികവി വാല്മീകിയും, മഹർഷി വാല്മീകിയും ഒന്നാണെന്ന ധാരണ പരക്കെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. ബാലകാണ്ഡത്തിന്റെ പ്രാരംഭത്തിൽ വാല്മീകി നാരദനിൽ നിന്ന് രാമകഥ കേൾക്കുന്നതിനിടയായതിനേയും പിന്നീടു രാമായണം എഴുതിയശേഷം ഗായകരായ തന്റെ രണ്ട് ശിഷ്യന്മാരോട് രാമകഥ പ്രചരിപ്പിക്കാൻ നിർദ്ദേശിച്ചതിനേയും സൂചിപ്പിച്ചിരിക്കുന്നു. ഉത്തരകാണ്ഡത്തിൽ സീതാ പരിത്യാഗത്തിനുശേഷം സീതയെ വാല്മീകി സം‌രക്ഷിക്കുന്നതിനേയും മറ്റും പറയുന്നു. ഉത്തരകാണ്ഡത്തിൽ വാല്മീകി താൻ പ്രചേതസ്സിന്റെ പത്താമത്തെ പുത്രനാണെന്ന് പറയുന്നു. അനേകായിരം വർഷം അദ്ദേഹം തപസ്സു ചെയ്തിരുന്നുവെന്നും സൂചിപ്പിക്കുന്നു.(ദക്ഷീണാത്യരാമായണത്തിൽ -ഉത്തരകാണ്ഡം 111, 11) എന്നാൽ ഉത്തരകാണ്ഡത്തിന്റെ രചയിതാവിൻ വാല്മീകി ഒരു കൊള്ളക്കാരനായിരുന്നു എന്ന കഥ സ്വീകാര്യമായിരുന്നില്ല എന്ന അനുമാനമാണ്‌ ഇതു നൽകുന്നത്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ആദികവിയും വാല്മീകി മഹർഷിയും ഒന്നാണെന്നത് സർവ്വസമ്മതമായി തുടങ്ങുകയും വാല്മീകിയെ രാമായണത്തിന്റെ സംഭവങ്ങളുടെ സമകാലീനാക്കിത്തീർക്കുകയും ചെയ്തു തുടങ്ങി. ഉത്തരകാണ്ഡത്തിന്റെ രചനാകാലത്ത് വാല്മീകിയും അയോദ്ധ്യയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചു തുടങ്ങി. വാല്മീകിയെ ദശരഥന്റെ സുഹൃത്തായും ചിത്രീകരിക്കുന്നു.

പില്ക്കാലത്തെ പലരചനകളിലും വാല്മീകിയും ഭാർഗ്ഗവ ച്യവനമഹർഷിയും ഒന്നാണെന്ന സങ്കല്പം പ്രചരിച്ചു തുടങ്ങി. ച്യവനമഹർഷി അനേകായിരം വർഷം തപസ്സിരുന്ന് ശരീരം മുഴുവൻ ചിതല്പുറ്റ് (വാല്മീകം) വന്നു മൂടിയെന്ന കഥ വാല്മീകിയുമായി ബന്ധപ്പെടുത്തിക്കാണുന്നു.

രാമായണത്തിന്റെ രചനാകാലം[തിരുത്തുക]

രാമലീല ഉത്സവത്തിൽ രാവണന്റെ വേഷത്തിൽ
Ramayana Fresco, Wat Phra Kaew, Bangkok
Deities Sita (far right), Rama (center), Lakshmana (far left) and Hanuman (below seated) at Bhaktivedanta Manor, Watford, England.

രാമായണത്തിന്റെ രചനാകാലത്തെക്കുറിച്ച് വിവരിക്കുമ്പോൾ മിക്ക പണ്ഡിതന്മാരും ആദിരാമായണത്തിനും(പ്രാമാണിക ഗ്രന്ഥം) പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നു. വാല്മീകി എഴുതിയ രാമായണത്തിനും രണ്ടാമത്തേതിനും തമ്മിൽ വളരെക്കാലത്തെ അന്തരം കാണുന്നുണ്ട്. ചെറുതും വലുതുമായ പ്രക്ഷിപ്തങ്ങൾ ഒഴിച്ചുള്ള പ്രചാരത്തിലിരിക്കുന്ന വാല്മീകിരാമായണത്തിന്റെ ആധുനികരൂപം കുറഞ്ഞത് ക്രി.വ. രണ്ടാം ശതകത്തിലേതാണെന്നാണ്‌ ഫാദർ. കാമിൽ ബുൽകെ അഭിപ്രായപ്പെടുന്നു. കൂടുതൽ പേരും ഈ അഭിപ്രായത്തോട് യോജിക്കുന്നു.

ആദിരാമായണത്തിന്റെ രചനാകാലത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ തരുന്ന രേഖകൾ കുറവാണ്‌. ഋഗ്വേദത്തിലോ മറ്റ് വേദങ്ങളിലോ രാമകഥയെപ്പറ്റി സൂചനകൾ ഇല്ല. രാമായണത്തിൽ മഹാഭാരത വീരന്മാരെപറ്റിയും പരാമർശമില്ല. എങ്കിലും മഹാഭാരതത്തിൽ രാമകഥകൾ (പ്രക്ഷിപ്തമാണെങ്കിലും) നിരവധി കാണപ്പെടുന്നുണ്ട്. തന്മൂലം രാമയണത്തിന്റെ രചനാകാലം വേദങ്ങൾക്കു ശേഷവും മഹാഭാരതത്തിനു മുൻപുമാണെന്ന ധാരണ പണ്ടേ ഉണ്ടായിരുന്നു. പാണിനിയുടെ അഷ്ടാധ്യായിനിയിൽ മഹാഭാരതത്തിലെ പ്രമുഖ കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകൾ ഇല്ലെങ്കിലും താരതമ്യേന അപ്രധാനികളായ ശുർപ്പണഖ, കൈകേയി, കൗസല്യ എന്നിവരെ പരാമർശിക്കുന്നുണ്ട്. അത് പാണിനിയുടെ കാലത്തും രാമായണം അല്ലെങ്കിലും രാമകഥ പ്രചാരത്തിലിരുന്നതായി കാണിക്കുന്നു.

ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നുണ്ട്.

ആദിരാമായണത്തിൽ ബൗദ്ധസ്വാധീനങ്ങളോ ബൗദ്ധകഥകളോ ഒന്നും കാണാത്തതിനാൽ ഇത് ബുദ്ധനുമുൻപേ രചിക്കപ്പെട്ടതാണെന്നാണ് മോർണിയർ വില്യംസ് അവകാശപ്പെടുന്നത്. എന്നാൽ ത്രിപിടകത്തിന്റെ രചനാകാലത്ത് രാമകഥയെപ്പറ്റിയുള്ള വ്യക്തമായ ആഖ്യാനങ്ങൾ നിലവിലുള്ളത് ഇതിനെ ഖണ്ഡിക്കാനായി സി.വി. വൈദ്യയും മറ്റും ഉപയോഗിക്കുന്നുമുണ്ട്.

വിവിധ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം രചനാകാലം താഴെക്കൊടുക്കുന്നു.

പണ്ഡിതൻ രചനാകാലം പ്രധാനകാരണം
എച്ച്. ശ്ലേഘൽ ക്രി.മു. 11 ശതകം -
ജി. ഗൊരേസി ക്രി.മു. 12 ശതകം -
എം. മോണിയർ വില്യംസ് ക്രി.മു. 5-ആം ശതകം പ്രാമാണിക വാല്മീകിരാമായണത്തിൽ ബുദ്ധമതത്തിന്റെ സ്വാധീനം ഇല്ലാത്തത്
ഡോ യാക്കോബി ക്രി.മു. 6-8 ശതകങ്ങൾ ബൗദ്ധ സ്വാധീനം ഇല്ലാത്തത്
എ.എ. മക്‌ഡൊണാൾഡ് ക്രി.മു. നാലാം നൂറ്റാണ്ടിന്റെ മധ്യം പാലി ഗീതങ്ങൾ, രാമയണ കാവ്യ വ്യാകരണം എന്നിവ അപഗ്രഥിച്ചതിൽ നിന്ന്..
എ.ബി. കീഥസ് ക്രി.മു. 4-ആം ശതകം യാക്കോബിക്ക് തെറ്റ് പറ്റിയതത്രെ
എം. വിന്റ്രനിസ് ക്രി.മു. 3-ആം ശതകം കീഥ്സിനോട് യോജിക്കുന്നു
സി.വി. വൈദ്യ ക്രി.മു. ത്രിപിടകത്തിലെ രാമകഥയുടെ വികാസം

ചില ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം കോസല ദേശത്തെ നാടോടിപ്പാട്ടുകളാണ്‌ രാമന്റെ കഥ. വാല്മീകി അവ ശേഖരിക്കുകയും മെച്ചപ്പെടുത്തുകയും ഒന്നിച്ച്‌ ഒരു കാവ്യമാക്കുകയും ചെയ്തിരിക്കാനാണ്‌ സാധ്യതയെന്ന് അവർ കരുതുന്നു[അവലംബം ആവശ്യമാണ്] എച്ച്. ഡി. സങ്കല്യയുടെ അഭിപ്രായത്തിൽ വാല്മീകി രാമായണത്തിറ്റ്നെ രചനാകാലം 3-4 നൂറ്റാണ്ടാണ്. വിവരണങ്ങളിൽ ഉള്ള വെള്ളി, ഇരുമ്പ്, വീഞ്ഞ്, ഒട്ടകം, ആന എന്നിവയെ ആധാരപ്പെടുത്തിയാണ് അദ്ദേഹം ഈ നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. [10]

ലേഖനവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പാണ്‌ രാമായണം രചിക്കപ്പെട്ടത്‌ എന്നൊരു വാദമുണ്ട്. രാമായണത്തിലെ പല കഥകളും ശ്ലോകങ്ങളും രാമായണ കഥതന്നെയും മഹാഭാരതത്തിൽ ഉദ്ധരിച്ചിരിക്കുന്നത് ഇതിന് തെളിവായി ഉന്നയിക്കപ്പെടുന്നു. രാമായണത്തിൽ ദക്ഷിണേന്ത്യ കൊടും വനം ആണെന്നും അവിടെ വാനരന്മാരും ആദിവാസികളും മാത്രമേ താമസിക്കുന്നുള്ളുവെന്നും പറയുമ്പോൾ മഹാഭാരതത്തിൽ ദക്ഷിണഭാരതത്തിലെ പല രാജ്യങ്ങളുടേയും പേരുകൾ പരാമർശിക്കുന്നു. അർജ്ജുനൻ പാണ്ഡ്യരാജാക്കന്മാരെയും മറ്റും പരാജയപ്പെടുത്തിയ കഥ ഏറെ പ്രസിദ്ധമാണല്ലോ. [2]അങ്ങനെ നോക്കുമ്പോൾ രാമായണം മഹാഭാരതത്തേക്കാളും ഏതാനും നൂറ്റാണ്ടുകൾ മുമ്പെങ്കിലും രചിക്കപ്പെട്ടിരിക്കണം. മഹാഭാരതത്തിന്റെ കാലം ക്രിസ്തുവിനു മുമ്പ്‌ അഞ്ചാം നൂറ്റാണ്ടാണെന്നത്‌ ഏകദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [അവലംബം ആവശ്യമാണ്] എന്നാൽ വാല്മീകിക്ക് അക്കാലത്തെ ഭാരതീയ ഭൂമിശാസ്ത്രവും വ്യാപാരബന്ധങ്ങളെക്കുറിച്ചും കാര്യമായ അറിവ് ഉണ്ടായിരുന്നില്ല എന്നതാണ് മേൽ പറഞ്ഞതിനു കാരണം എന്ന് വാല്മീകിരാമായണത്തിലെ ശ്ലോകങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ഒരു ബൌദ്ധകൃതിയായ ദശരഥജാതകം മിക്കവാറും രാമായണത്തെ അനുവർത്തിക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ 38-ൽ ആണ്‌ പാലി ഭാഷയിലെ ഈ കൃതി രചിക്കപ്പെട്ടത്‌. ക്രിസ്തുവിനു മുമ്പ്‌ 480-ൽ നിർമ്മിക്കപ്പെട്ട പാടലീപുത്രം എന്ന നഗരം വരെ കഥാകേന്ദ്രത്തിനു സമീപമുള്ള സ്ഥലമായിട്ടു കൂടി രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല. കഥാ കേന്ദ്രമായ അയോദ്ധ്യയെന്നത് കാല്പനികമായ ഒരു സ്ഥലമായതായിരിക്കണം ഇതിനു കാരണം. പിന്നീട് ഗുപ്തകാലത്ത് അയോദ്ധ്യ അന്വേഷിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നെങ്കിലും പാടലീപുത്രത്തിനടുത്തായിരിക്കണം എന്ന ഊഹത്തിലെത്തുകയായിരുന്നു. ഇനി ബാലകാണ്ഡവും ഉത്തരകാണ്ഡവും പിന്നീട്‌ കൂട്ടിച്ചേർത്തവയാണെങ്കിൽ കൂടി ആ കൂട്ടിച്ചേർക്കൽ ക്രിസ്തുവിനു മുമ്പ്‌ രണ്ടാം നൂറ്റാണ്ടിലെങ്കിലും നടന്നിരിക്കണം. കാരണം, ക്രി. മു. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അശ്വഘോഷനും കാളിദാസനും എല്ലാം രാമായണത്തെ അതിന്റെ ഇന്നത്തെ രൂപത്തിൽ തന്നെയാണ്‌ കണ്ടിരിക്കുന്നത്‌ . [11]ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്‌ രാമായണത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത്‌, ക്രിസ്തുവിനു മുമ്പ്‌ ആറാം നൂറ്റാണ്ടെങ്കിലും ആകണം എന്നാണ്‌.

രാമകഥയുടെ മൂല സ്രോതസ്സ്[തിരുത്തുക]

സീതയെ അപഹരിച്ച രാവണനെ നേരിടുന്ന ജടായു - രാജാരവി വർമ്മയുടെ എണ്ണച്ഛായ ചിത്രം

ആദികവി വാല്മീകിക്കു മുന്പേ തന്നെ രാമകഥ സംബന്ധിച്ച ആഖ്യാനകാവ്യം പ്രചരിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാല്മീകി രാമായണം രചിച്ചു എന്ന് മിക്കവാറും എല്ലാ പണ്ഡിതരും ഏകാഭിപ്രായക്കാരാണ്‌. എന്നാൽ മൂലസ്രോതസ്സിനെക്കുറിച്ച് പണ്ഡിതരുടെ ഇടയിൽ വിഭിന്നമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു.

എം.വെബ്ബർ[തിരുത്തുക]

ഡോ. വെബ്ബറുടെ അഭിപ്രായമനുസരിച്ച് രാമകഥയുടെ മൂലരൂപം ബൗദ്ധദശരഥജാതകത്തിലുള്ളതാണ്‌. ആദ്യഭാഗങ്ങൾ ഇതിൽ നിന്നെടുത്തവയാണെങ്കിൽ സീതാപഹരണവും, രാവണനുമായുള്ള യുദ്ധവും ഹോമർ വർണ്ണിച്ചിരിക്കുന്ന പാരീസിനാലുള്ള ഹെലന്റെ അപഹരണവും, ട്രോയ് നഗരാക്രമണവുമാണെന്നാണ്‌ അദ്ദേഹം കരുതുന്നത്. ഇതനുസരിച്ച് ദശരഥകജാതകവും, ഹോമറിന്റെ കാവ്യവുമാണ്‌ രാമകഥയുടെ പ്രഭവസ്ഥാനങ്ങൾ. എന്നാൽ ദശരഥജാതകം രാമകഥയുടെ അടിസ്ഥാനമാണെന്നുള്ളതിനോട് മിക്ക പണ്ഡിതരും യോജിക്കുന്നുവെങ്കിലും ഹോമറിന്റെ കാവ്യം അടിസ്ഥാനമാക്കാനാവില്ലെന്ന് എല്ലാവരും തന്നെ ശക്തിയുക്തം എതിർത്തിട്ടുണ്ട്. [12]

എച്ച്. യാക്കോബി[തിരുത്തുക]

ഡോ. വെബറേ പോലെ തന്നെ രാമകഥക്കു പ്രധാനമായ രണ്ട് അടിസ്ഥാനങ്ങൾ ഉണ്ടെന്ന് യാക്കോബിയും കരുതുന്നു. ഒന്നാമത്തെ ഭാഗം അയോദ്ധ്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ദശരഥൻ പ്രധാന നായകനാണ്. ഇത് ഏതോ നാടുകടത്തപ്പെട്ട ഇക്ഷ്വാകു വംശത്തിലെ രാജകുമാരന്റെ സംഭവവുമായി അദ്ദേഹം ബന്ധപ്പെടുത്തുന്നു. ആ മൂലകഥ പ്രകാരം രാജകുമാരനെ പുറത്താക്കുകയും അയാൾ ഇക്ഷുമതീ തീരം വിട്ട് കോസല രാജ്യത്ത് എത്തുകയും താമസിയാതെ അവിടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ പി‍ല്ക്കാലത്ത് അയാൾ വസിച്ചിരുന്ന ഇക്ഷുമതിയിലാണെന്ന ഓർമ്മ ഇല്ലാതെ വന്നപ്പോൾ അയോദ്ധ്യയിൽ നിന്ന് പുറത്താക്കപ്പെട്ട രാജകുമാരനാണെന്ന് വിശ്വസിച്ചു പോന്നു. രണ്ടാമത്തെ ഭാഗത്തിന്റെ അടിസ്ഥാനം യാക്കോബി വൈദിക സാഹിത്യത്തിനാണ് നൽകുന്നത്. എന്നാൽ കൃഷിയുടെ അധിഷ്ഠാന ദേവതയായി സങ്കല്പിക്കുന്ന സീതയുടെ സ്വഭാവ ചിത്രീകരണം വൈദിക സാഹിത്യത്തിലില്ലെന്ന് അദ്ദേഹവും സമ്മതിക്കുന്നുണ്ടെങ്കിലും വൈദിക സീതയുടെ വ്യക്തിത്വത്തിൽ നിന്നാണ് രാമായണത്തിലെ സീത വികാസം പ്രാപിച്ചിരിക്കാൻ സാദ്ധ്യത എന്നാണ് അദ്ദേഹം കരുതുന്നത്. ഇതിനെ രമേശ് ചന്ദ്രദത്ത് പോലുള്ള ചില ചരിത്രകാരന്മാർ പിന്താങ്ങുന്നുമുണ്ട്. [13] [14]

ആര്യന്മാരുടെ ദേവതയായ ഇന്ദ്രൻ തന്നെയാണ് പിന്നീട് കൂടുതൽ സാംസ്കാരികവും നാഗരികവുമായ വികസനം കൈവന്നപ്പോഴാണ് രാമനായിത്തീർന്നത് എന്നാണ് യാക്കോബി അഭിപ്രായപ്പെടുന്നത്. കൃഷിയുടെ പ്രാധാന്യം വരുന്നതിനു മുമ്പ് പ്രധാന ദേവതകൾ പ്രകൃതിശക്തികൾ മാത്രമായിരുന്നു. അതിലൊരാളാണു ഇന്ദ്രനും. ഇന്ദ്രന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യം വെള്ളം തടഞ്ഞു വച്ച വൃത്രാസുരനെ വധിക്കുകയും വെള്ളം മോചിപ്പിക്കുകയുമാണ്. രാവണന്റെയും, വൃത്രന്റെയും മൂലരൂപം ഒന്നാണെന്നു അദ്ദേഹം കരുതുന്നത് അതുകൊണ്ടാണ്. കൃഷിയുടെ പ്രധാന ആവശ്യം വെള്ളമാണ്, അതിനെ തടഞ്ഞ് വച്ചത് ആദ്യകാലത്ത് വൃത്രനായിരുന്നു.എങ്കിലും പില്ക്കാലത്ത് കൃഷിയുടെ ദേവതയായ സീതയെ അധിനിവേശം ചെയ്ത രാവണനെയാണ് താദാത്മ്യപ്പെടുത്തിയിരിക്കുന്നത് എന്നു മാത്രം.

ഇന്ദ്രന്റെ രണ്ടാമത്തെ ജോലി പണിയരാൽ മോഷ്ടിക്കപ്പെട്ട പശുക്കളെ വീണ്ടെടുക്കലാണ്. (ഋഗ്വേദം 2-12) വൈദിക കാലത്ത് പശുക്കൾക്കുണ്ടായിരുന്ന അതേ സ്ഥാനമാണ് കൃഷി വികസിച്ചശേഷം കലപ്പക്കും അതിൻറെ ചാലിനും ഉണ്ടായിരുന്നത്. തൽഫലമായി പശുക്കളുടെ അധിനിവേശം സീതാഹരണമായിപ്പോയി എന്ന് മാത്രം. സരമ ഇന്ദ്രനെ സഹായിക്കുന്നതു പോലെ ഹനുമാൻ രാമനെ സഹായിക്കാനെത്തുന്നു.

ദിനേശചന്ദ്രൻ[തിരുത്തുക]

വെബ്ബറിനേയും യാക്കോബിയേയും പോലെ ദിനേശചന്ദ്രനും രാമകഥക്ക് രണ്ട് പ്രഭവസ്ഥാനങ്ങൾ ഉണ്ടെന്നു കരുതുന്നു. ഒന്ന് ഉത്തരഭാരതത്തിൽ രാമായണത്തിനു മുന്നേ പ്രചാരമുണ്ടായിരുന്ന ദശരഥജാതകം, രണ്ട് ദക്ഷിണഭാരതത്തിൽ പ്രചാരത്തിലിരുന്ന രാവണ സംബന്ധിയായ ആഖ്യാനം. മൂന്നാമത്തേത് അപ്രധാനമാണ്. പ്രാചീനകാലത്ത് നില നിന്നിരുന്ന വാനരപൂജയുടെ അവശിഷ്ടങ്ങളാണ് അതിൽ പ്രധാനം.

രാവണൻ എന്ന രാക്ഷസരാജാവ് രാമകഥയേക്കാൾ മുന്നേ പ്രശസ്തി നേടിക്കഴിഞ്ഞു. അദ്ദേഹത്തിൻറെ ധാർമ്മികത, തപസ്സ്, മഹത്ത്വം എന്നിവയെപ്പറ്റി പ്രത്യേകം ആഖ്യാനം നിലനിന്നിരുന്നു. ദ്രാവിഡരുടെ പ്രതീകമായി രാവണനേയും, ആര്യന്മാരുടെ പ്രതീകമായി രാമനേയും ചിത്രീകരിച്ചതാവാം. രാവണൻ ധർമ്മകീർത്തിയും ആദർശവാനുമായ ബൌദ്ധരാജാവായിരുന്നു എന്നും ദിനേശചന്ദ്രൻ തർക്കമുന്നയിക്കുന്നു.

എന്നാൽ രാവണൻ ലങ്കാ രാജാവായിരുന്നു എന്നതിന് അവിടത്തെ അതിപ്രാചീനമായ ഗ്രന്ഥങ്ങളിൽ പോലും തെളിവ് ലഭിക്കുന്നില്ല. ദീപവംശവും (ക്രി.വ. 4) മഹാവംശവും (ക്രി.വ. 5) സിംഹള ദ്വീപിലെ അതി പ്രാചീനമായ ഗ്രന്ഥങ്ങളാണ് ഇതിലെല്ലാം രാമകഥയുടെ സൂചനകൾ ഉണ്ടെങ്കിലും രാവണനെപ്പറ്റി എങ്ങും പ്രസ്താവിക്കുന്നില്ല എന്നതും ദിനേശചന്ദ്രൻ ആധാരമാക്കിയ ബൗദ്ധലങ്കാവതാരസൂത്രത്തിലെ ആദ്യ അദ്ധ്യായം (രാവണനും ബുദ്ധനും തമ്മിൽ സംഭാഷണം നടന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം) പ്രക്ഷിപ്തമാണെന്നും തെളിവ് ലഭിച്ചതും ദിനേശചന്ദ്രന്റെ വാദങ്ങളെ ഖണ്ഡിക്കുന്നവയാണ്‌. ചീനാ പരിഭാഷയിൽ ഈ അദ്ധ്യായമില്ല എന്നതും ശ്രദ്ധേയമാണ്‌.

വാല്മീകി രാമായണത്തിന്റെ മൂന്നു പാഠങ്ങൾ[തിരുത്തുക]

വാല്മീകി രാമായണത്തിലെ പാഠങ്ങൾ എല്ലാം ഒരുപോലെയല്ല. ഇന്ന് വാല്മീകിരാമായണത്തിന്‌ മൂന്ന് പാഠഭേദങ്ങൾ നിലവിലുണ്ട്. അവ താഴെ പറയുന്നവയാണ്‌

 1. ദാക്ഷിണാത്യപാഠം: തെക്കൻ പതിപ്പ്; കൂടുതൽ പ്രചാരത്തിലുള്ള പതിപ്പാണിത്. ഗുജറാത്തി പ്രിന്റിങ്ങ് പ്രസ് (മുംബൈ) നിർണ്ണയസാഗർ പ്രിന്റിങ്ങ് പ്രസ് (മുംബൈ)
 2. ഗൗഡീയപാഠം: ഗോരേസിയോ (പാരീസ്) പതിപ്പും കൽക്കട്ട സംസ്കൃത സിരീസിന്റെ പതിപ്പും
 3. പശ്ചിമോത്തരീയ പാഠം: ദയാനന്ദമഹാവിദ്യാലയ (ലാഹോർ) ത്തിന്റെ പതിപ്പ്.

ഒരോ പാഠത്തിലും മറ്റു പാഠങ്ങളിലില്ലാത്ത ധാരാളം ശ്ലോകങ്ങൾ കാണുന്നുണ്ട്. ദാക്ഷിണാത്യപാഠവും ഗൗഡീയപാഠവും താരതമ്യപ്പെടുത്തുമ്പോൾ ശ്ലോകങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്നും മാത്രമേ ഓരോന്നിലും ഓരോ പാഠത്തിലും കാണപ്പെടുന്നുള്ളൂ. വാല്മീകി രാമായണം പ്രാരംഭകാലത്ത് വാമൊഴിയായി പ്രചരിച്ച് വിഭിന്ന തലമുറകളിലൂടെ പ്രചരിച്ച് ലേഖനവിദ്യ നടപ്പിലായ കാലത്ത് വരമൊഴിയിലായിത്തീർന്നതാവണം ഈ പാഠഭേദങ്ങൾക്ക് കാരണം.

സംക്ഷിപ്തം[തിരുത്തുക]

സീതയോടൊപ്പം ഇരിക്കുന്ന രാമൻ. സമീപത്ത് നിൽക്കുന്നത് ലക്ഷ്മണൻ. ഹനുമാൻ അനുഗ്രഹം വാങ്ങിക്കുന്നു.
സാഹീബ്ദീന്റെ ഭാവനയിൽ ലങ്കായുദ്ധം

മഹാവിജ്ഞനും ബ്രഹ്മർഷിമാരിൽ പ്രധാനിയുമായ വാല്മീകി യുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദനോട് വാല്മീകി മഹർഷി 'ധൈര്യം, വീര്യം, ശമം, സത്യവ്രതം, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം, പ്രൗഢി, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങൾ ഒത്തുചേർന്ന ഏതെങ്കിലും മനുഷ്യൻ ഭൂമുഖത്തുണ്ടോ എന്ന ചോദ്യം ചോദിക്കുകയും അതിനുത്തരമായി നാരദൻ മഹർഷിക്ക് രാമകഥ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നിടത്താണ്‌ രാമായണം ആരംഭിക്കുന്നത്. നാരദന്റെ അഭിപ്രായത്തിൽ ശ്രീരാമന്‌ സദൃശനായി മറ്റൊരാളുണ്ടായിരുന്നില്ല. ഗാംഭീര്യത്തിൽ സമുദ്രത്തേയും സൗന്ദര്യത്തിൽ പൂർണ്ണചന്ദ്രനെയും ക്രോധത്തിൽ കാലാഗ്നിയേയും ക്ഷമയിൽ ഭൂമിദേവിയേയും രാമനു സമാനമായി അദ്ദേഹം വിവരിച്ചു. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥമഹാരജാവിന്റെ പട്ടമഹിഷിയായ കൗസല്യയിൽ ഉണ്ടായ ആദ്യപുത്രനാണ്‌ രാമൻ. മറ്റു ഭാര്യമാരായ സുമിത്രയിൽ ലക്ഷ്മണനെന്നും ശത്രുഘ്നനെന്നും കൈകേയിയിൽ ഭരതനെന്നും മറ്റ് മൂന്ന് പുത്രന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ദശരഥൻ മൂത്തപുത്രനെന്ന നിലയിൽ അനന്തരാവകാശിയായി രാമനെയാണ്‌ കണ്ടിരുന്നത്. പ്രജകളുടെ ഹിതത്തിനനുസരിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങിയ വേളയിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി.


തന്റെ മകൻ ഭരതൻ രാജാവാകണമെന്ന് അതിയായി ആഗ്രഹിച്ച കൈകേയി പണ്ടെന്നോ രാജാവ് തനിക്ക് നൽകിയ വരത്തിന്റെ പിൻ‌ബലത്താൽ ഭരതനെ രാജാവാക്കണമെന്നും രാമനെ വാനപ്രസ്ഥത്തിനയക്കണമെന്നും ശഠിച്ചു. സത്യവ്രതനായ ദശരഥപുത്രൻ പിതാവിന്റെ മാനം രക്ഷിക്കാനായി സഹോദരനായ ലക്ഷ്മണനോടും ഭാര്യ സീതയോടും ഒപ്പം യാതൊരു പരിഭവവുമില്ലാതെ വനത്തിലേക്ക് തിരിച്ചു. നിഷാദരാജാവായ ഗുഹൻ അവരെ ഗംഗ കടത്തിവിടുകയും കാട്ടിൽ വച്ച് ഭരദ്വാജമുനിയെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചിത്രകൂടത്തിൽ താമസിക്കാനാരംഭിക്കുകയും ചെയ്തു. ആ നാളുകളിൽ ദശരഥൻ ചരമമടഞ്ഞു. യുവരാജാവായി ഭരണം തുടരാൻ ഭരതൻ വിസമ്മതിച്ചു. രാമനെ അന്വേഷിച്ച് ഭരതൻ കാട്ടിലേക്ക് പോകുകയും രാമനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഭരതന്റെ അഭ്യർത്ഥനപ്രകാരം സിംഹാസനത്തിലേക്ക് തിരിച്ചു ചെല്ലാൻ രാമൻ വിസമ്മതിച്ചു. സാന്ത്വനങ്ങളോടെ ഭരതനെ അദ്ദേഹം തിരിച്ചയച്ചു. രാമന്റെ പാദുകങ്ങളെ സ്വീകരിച്ച് അത് മുൻനിർത്തി ഭരതൻ രാജ്യഭാരം നിർവഹിക്കുന്നു.

വീണ്ടും നഗരത്തിൽ നിന്ന് ആളുകൾ എത്തിയെങ്കിലോ എന്ന ആശങ്കകൊണ്ട് രാമൻ കൂടുതൽ ദുർഗ്ഗമമായ ദണ്ഡകാരണത്തിലേക്ക് താമസം മാറ്റി. വിരാധനെന്ന് രാക്ഷസനെ അദ്ദേഹം വധിക്കുന്നു. അഗസ്ത്യമഹർഷിയുടെ ആശ്രമത്തിൽ നിന്ന് ദേവേന്ദ്രന്റെ വില്ലും ബാണങ്ങളൊഴിയാത്ത ആവനാഴിയും അദ്ദേഹം നേടുന്നു. മുനിമാർക്ക് രക്ഷക്കായി രാക്ഷസന്മാരെ വധിക്കാൻ അദ്ദേഹം സഹായിക്കാമെന്നേൽക്കുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരി ശൂർപ്പണഖയുടെ അംഗഛേദം വരുത്തുന്നത് ഇക്കാലത്താണ്‌. രാവണൻ ശൂർപ്പണഖയുടെ ആഗ്രഹപ്രകാരം പ്രതികാരത്തിനായി പതിനാലായിരം ഘോരരാക്ഷസന്മാരെ അയക്കുന്നു. എന്നാൽ ഇവരെയെല്ലാം രാമൻ എതിർത്ത് തോല്പിക്കുന്നു. മാരീചൻ എന്ന രാക്ഷസന്റെ മായകൊണ്ട് രാവണൻ സീതയെ അപഹരിച്ച് തന്റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെ തടഞ്ഞ ജടായുവിനെ രാവണൻ വധിച്ചു.

സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാർ പമ്പാ തീരത്തുവച്ച് ഹനുമാനെ കാണുന്നു. ഹനുമാന്റെ ആഗ്രഹപ്രകാരം സുഗ്രീവനേയും അവർ പരിചയപ്പെടുന്നു. സുഗ്രീവനെ സ്വന്തം ജ്യേഷ്ഠനായ ബാലിയുടെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിച്ച് ബാലിവധം നടത്തുന്നു. പകരമായി സീതയെ അന്വേഷിക്കുന്ന ചുമതല സുഗ്രീവൻ തന്റെ വാനരസേനയെ ഏല്പിക്കുന്നു.

വാനരപ്പടയിൽ പക്ഷിശ്രേഷ്ഠനും ജടായുവിന്റെ സഹോദരനുമായ സമ്പാതിയിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ഹനുമാൻ നൂറുയോജന വിസ്താരമുള്ള ദക്ഷിണമഹാസമുദ്രം ലംഘിച്ച് ലങ്കയിലെത്തുന്നു. അശോകവനിയിൽ വച്ച് സീതയെ കാണുകയും രാമന്റെ വിശേഷങ്ങൾ അറിയിക്കുകയും ചെയ്തു, രാമന്റെ മുദ്രാമോതിരം കാണിച്ച് വിടവാങ്ങി വരും വഴിക്ക് രാവണനു പിടികൊടുത്ത ഹനുമാന്റെ വാലിനു തീവക്കാൻ രാവണൻ കല്പിക്കുന്നു. വാലിലെ തീയുമായി ഓടിനടന്ന ഹനുമാൻ കൊട്ടാരത്തിനു തീ കൊടുത്ത് നേരമ്പോക്ക് നടത്തുകയും ചെയ്യുന്നു. രാവണന്റെ സേനാപതികളെയും ഇളയമകനായ അക്ഷയകുമാരനെയും ഹനുമാൻ കൊന്നൊടുക്കുന്നു. രാവണനെ വെല്ലുവിളിച്ചശേഷം സമുദ്രം തിരിച്ച് ചാടിക്കടന്ന് രാമനടുത്തെത്തി വിവരം അറിയിക്കുന്നു.

രാമൻ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്ത് സമുദ്രതീരത്തെത്തുന്നു. സേതുബന്ധനം ചെയ്ത് വാനരസേനകളോടൊത്ത് ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ രാവണനെ വധിക്കുകയും തുടർന്ന് സീതയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. വിഭീഷണനെ രാജാവായി വാഴിച്ചശേഷം രാമൻ തിരിച്ചു പോരുന്നു. സീതയോട് രാമൻ ക്രൂരമായാണ്‌ സംസാരിച്ചത്. എന്നാൽ സീത അഗ്നിയിൽ തന്റെ വിശുദ്ധി തെളിയിച്ച് രാമന്റെ മനസ്സിനെ വിജയിക്കുന്നു.

ശ്രീരാമൻ അയോദ്ധ്യയിൽ വൻ വരവേല്പ് നൽകുകയും അദ്ദേഹം സിംഹാസനാവരോഹണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകൾ കൃതയുഗത്തിലെന്ന പോലെ മംഗളകരമായി കഴിഞ്ഞുകൂടി. രോഗങ്ങൾ, ബാലമരണം, വിധവകൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവർക്ക് ലഭിച്ചു. ഒടുവിൽ തന്റെ പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച ശേഷം ശ്രീരാമൻ സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.


പ്രധാനമായും രണ്ടുഭാഗമായാണ്‌ രാമായണം വികസിച്ചിരിക്കുന്നത്‌ എന്നാണ്‌ പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അഞ്ചു കാണ്ഡങ്ങൾ മാത്രമുള്ള രാമായണത്തിൽ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട്‌ കൂട്ടിച്ചേർത്തവയാണ്‌ എന്നാണ്‌.

വാനരന്മാരും രാക്ഷസന്മാരും[തിരുത്തുക]

രാമകഥയിലെ വാനരന്മാരും ഋക്ഷന്മാരും രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലേയും മദ്ധ്യഭാരതത്തിലേയും ആദിവാസികളായ അനാര്യ(ദ്രാവിഡരും മറ്റും) ഉപജാതികളായിരുന്നു. ഇത് മിക്കവാറും എല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്നു. വാല്മീകി രാമായണത്തിൽ ഈ ആദിവാസികളെ വാനരന്മാരെന്നും ഋഷന്മാരെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭത്തിൽ ഇവരെല്ലാം തന്നെ മനുഷ്യരായി കരുതപ്പെട്ടിരുന്നു എന്ന് ആദികാവ്യത്തിലെ അനേകം സ്ഥലങ്ങളിൽ നിന്നും മനസ്സിലാക്കാം. രാമയണത്തിലെ വാനരന്മാർ മനുഷ്യരെപ്പോലെ ബുദ്ധിസമ്പന്നരാണ്‌, മനുഷ്യരുടെ ഭാഷ, സംസ്കാരം എന്നിവ അവർക്കുമുണ്ട്.

വാനരന്മാരുടെ പേര്‌, അവരെ കുരങ്ങുകളുടെ പോലെ കാണപ്പെട്ടതിനാലാണെന്നൊരു കൂട്ടം ചരിത്രകാരന്മാർ വാദിക്കുമ്പോൾ ജൈനരാമായണം അനുസരിച്ച് അവരുടെ കൊടിയുടെ അടയാളം അപ്രകാരമായിരുന്നതിനാൽ കവി വാനരന്മാർ എന്ന് വിശേഷിപ്പിച്ചു എന്നാണ്‌ മറ്റൊരു വിഭാഗം കരുതുന്നത്. കരടിയുടെ ചിഹ്നം കൊടിയിലുണ്ടായിരുന്നവരെ ഋഷന്മാരെന്നും വിളിച്ചിരുന്നതിക്കാരണത്താലാണ്‌.

മറ്റൊരനുമാനം ഇക്കാലത്തെ ആദിവാസികളേയും പോലെ തന്നെ ഈ ജാതികൾ വിഭിന്നമായ മൃഗങ്ങളേയും സസ്യങ്ങളേയും ആരാധിച്ചിരുന്നുവെന്നും ഏത് മൃഗത്തേയും സസ്യത്തേയും ആരാധിച്ചിരുന്നുവോ അതേ പേരിൽ തന്നെ വിളിക്കപ്പെടുകയും അതേ രീതിയിൽ വസ്ത്രധാരണം നടത്തുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു . ഇതിനെ ടോട്ടം എന്ന ഗോത്രവിഭാഗത്തിൽ പെടുത്തിയാണ്‌ ആധുനിക ചരിത്രകാരന്മാർ കാണുന്നത്. [15] ജടായു, സമ്പാതി,(ഗരുഡൻ) ജാംബവാൻ(കരടി) സുഗ്രീവൻ (വാനരൻ) രാവണൻ(രാക്ഷസൻ) എന്നീ ടോട്ടങ്ങളെ രാമയണത്തിൽ പ്രസ്താവിച്ചിരിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

വാല്മീകിക്ക് ദക്ഷിണഭാരതത്തിലേയും, മദ്ധ്യഭാരതത്തിലേയും ഭൂമിശാസ്ത്രവുമായി പരിചയമില്ലായിരുന്നു എന്ന് രാമായണത്തിൽ നിന്ന് തെളിവുകൾ ലഭിക്കുന്നുണ്ട്. അദ്ദേഹം കൂടുതലായും അനുമാനത്തേയും കല്പനയേയുമാണ്‌ ആശ്രയിച്ചത്. അതിനെ പിന്തുടർന്നു വന്ന വ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ അനുമാനത്തിനു പുറമേ ചിന്തിച്ചുകാണുന്നില്ല എന്ന് പ്രോഫ: കാമിൽ ബുൽകേ അഭിപ്രായപ്പെടുന്നു. രാമായണം എഴുതപ്പെട്ടതിനും വളരെ മുൻപേ തന്നെ വിവിധ ദേശങ്ങളുമായി സമുദ്രമാർഗ്ഗം ഭാരതം ബന്ധപ്പെട്ടിരുന്നെങ്കിലും അതിനെക്കുറിച്ചൊന്നും പരാമർശമില്ലാത്തതും വാല്മീകിക്ക് ഭൂമിശാസ്ത്രത്തിലുണ്ടായിരുന്ന പരിചയക്കുറവ് വ്യക്തമാക്കുന്നു.

രാമായണം വിശകലനം ചെയ്തിട്ടുള്ള പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ [16] [17] [18] [19] രാവണന്റെ ലങ്ക, ഇന്നത്തെ ശ്രീലങ്കയല്ല മറിച്ച് ചോട്ടാ നാഗ്പൂർ സമതലങ്ങളിൽ (മധ്യപ്രദേശ്-ഒറിസ) എവിടെയോ ആണ്. രാമായണത്തിൻറ്റെ രചയിതാവിന് അക്കാലത്തെ ഭൂമിശാസ്ത്രത്തെക്കുറിച്ച് വലിയ അറിവില്ലാത്തതാണിതിനു കാരണം എന്ന് പറയപ്പെടുന്നു. രാമായണം രചിച്ചകാലത്തെ ഭൂമിശാസ്ത്രത്തെ പറ്റി പഠനം നടത്തിയ ഡോ. പരമേശ്വര അയ്യർ പറയുന്നത് രാമായണത്തിലെ ലങ്ക, ജബൽപൂരിനു 25 കിലോ മീറ്റർ വടക്കായുള്ള ത്രികുത്തമലകൾ ആണെന്നാണ്. ഈ അഭിപ്രായത്തെ നിരാകരിക്കുന്നതാണ് ഏഴായിരത്തോളം വർഷത്തെ പഴക്കം കണക്കാക്കുന്ന ഭാരതത്തിൽ നിന്നും ശ്രീലങ്ക യിലേക്ക് കാണപ്പെടുന്ന രാമസേതു എന്ന രാമായണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പാലം.ഇത് സ്വയം രൂപപ്പെട്ടതല്ലെന്നും BCE 5000-ൽ രചിക്കപ്പെട്ട രാമായണത്തിൽ പറയപ്പെടുന്ന രാമസേതു ഇതുതന്നെയായിരിക്കണമെന്നും ആധുനികതയുടെ വെളിച്ചത്തിൽ ഗവേഷകർ പറയുന്നു.ef>എസ്. എൻ., സദാശിവൻ (2000). എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ. എ.പി.എച്ച്. പബ്ലീഷേർസ്. p. 163.</ref>

ചരിത്രവീക്ഷണം[തിരുത്തുക]

അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമന്റെ ജീവിത കഥയെ അനാവരണം ചെയ്യുന്ന മനോഹരമായ കൃതിയാണ്‌ രാമായണം. ബിംബങ്ങളും പ്രതിബിംബങ്ങളും വർണ്ണനയും ഇതിനെ മനോഹരമാക്കുന്നു. കഥാപാത്രബിംബങ്ങളെ അടിസ്ഥാനമാക്കി രാമായണത്തെ രണ്ടു ഭാഗമായി തിരിക്കാം. മകന്റെ ഉന്നതി ആഗ്രഹിക്കുകയും അതിനായി എന്തും ചെയ്യുകയും ചെയ്യുന്ന മാനുഷികവികാരങ്ങളുടെ അതിപ്രസരമുള്ള അയോദ്ധ്യാകാണ്ഡം മുതലായവയും, ദൈവികഭാവങ്ങളും അമാനുഷിക തലങ്ങളും നിറഞ്ഞു നിൽക്കുന്ന ആരണ്യകാണ്ഡം എന്നിങ്ങനെ.

പാശ്ചാത്യചിന്തകന്മാരുടെ അഭിപ്രായപ്രകാരം ദക്ഷിണഭാരതത്തിൽ ജീവിച്ചിരുന്ന ദ്രാവിഡർക്കു മേൽ ആര്യന്മാർക്കുണ്ടായ വിജയമത്രെ രാമായണം.[അവലംബം ആവശ്യമാണ്] ഈ വാദം പൗരസ്ത്യ ചരിത്രകാരന്മാർ അംഗീകരിക്കുന്നില്ല. രാമൻ ഹിന്ദുവാണെന്നതിനും ആര്യവംശസ്ഥാപകൻ ആണെന്നുള്ളതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ല, കൂടാതെ താൻ പിടിച്ചടക്കിയ കിഷ്കിന്ധയും ലങ്കയും മറ്റും രാമൻ അർഹരായവർക്കു തന്നെ തിരിച്ചുനൽകുകയും ചെയ്തല്ലോ.

വാല്മീകി എഴുതിയ രാമായണം കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. കാണ്ഡങ്ങളെ വീണ്ടും സർഗങ്ങളായും തിരിച്ചിരിക്കുന്നു.[അവലംബം ആവശ്യമാണ്] രാമയണത്തെ വാല്മീകി സമീപിക്കുന്നത് തികച്ചും മാനുഷിക കഥാപാത്രങ്ങളുമായാണ്‌. എന്നാൽ പിന്നീടുണ്ടായ കൈകടത്തലുകൾ രാമന്‌ ദൈവികപരിവേഷം നൽകുകയും വിഷ്ണുവിന്റെ അവതാരമാക്കിമാറ്റുകയും ചെയ്തു. ഇത് രാജഭരണത്തിനു പ്രാധാന്യം വന്നു ചേർന്നകാലത്തായിരിക്കണം. (ആദ്യകാലങ്ങളിൽ ഇന്ത്യൻ ഭൂഭാഗം റിപ്പബ്ലിക്കൻ രീതിയായിരുന്നത് ഓർക്കുക)

 1. രാമായണത്തിന്റെ താത്വികമായ അവസ്ഥ രാമന്റെ കിരീടധാരണത്തിൽ തീരുന്നു. അതുകൊണ്ട്‌ ഉത്തരകാണ്ഡം എന്ന അതിനുശേഷമുള്ള ഭാഗം പിന്നീട്‌ കൂട്ടിച്ചേർത്തതാകണം. കൂടാതെ ഭാരതീയ കവികൾ തങ്ങളുടെ കൃതികൾ എപ്പോഴും ശുഭപര്യവസായി ആയാണ്‌ നിലനിർത്തുക. എന്നാൽ ഇന്നത്തെ അവസ്ഥയിൽ രാമായണം തികച്ചും ദുഃഖപര്യവസായി ആണ്‌. ശ്രീരാമപട്ടാഭിഷേകം വരെ എടുക്കുകയാണെങ്കിൽ കഥ തികച്ചും ശുഭപര്യവസായി ആണ്‌. ഇതും മേൽപറഞ്ഞ വാദത്തിന്‌ ബലം പകരുന്നു.
 2. ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്‌. എന്നാൽ മറ്റു കാണ്ഡങ്ങളിൽ രാമൻ സാധാരണ മനുഷ്യനാണ്‌.
 3. ബാലകാണ്ഡത്തിന്റെ ഒന്നാം സർഗത്തിൽ നാരദമുനി വാല്മീകിക്ക്‌ രാമായണ കഥ ചുരുക്കത്തിൽ പറഞ്ഞുകൊടുക്കുന്നുണ്ട്‌. അതിൽ ഉത്തരകാണ്ഡത്തിലേയും ബാലകാണ്ഡത്തിലേയും ഭാഗങ്ങൾ ഒന്നും തന്നെ ഇല്ല.

രാമായണം വ്യാഖ്യാനങ്ങൾ/സ്വതന്ത്രകൃതികൾ‍[തിരുത്തുക]

പേര്‌ കൃതി വിസ്തൃതി പ്രത്യേകത
മഹാരാമായണം ശങ്കരപാർവതീ സം‌വാദം 3,50,000 ശ്ലോകങ്ങൾ രാമന്റെ 99 രാസലീലകളുടെ വർണ്ണന
സം‌വൃതരാമായണം നാരദകൃതം 24,000 ശ്ലോകങ്ങൾ സ്വയംഭുവന്റേയും ശതരൂപയുടേയും തപസ്സ്(ദശരഥൻ കൗസല്യ എന്നിവരുടെ മുജ്ജന്മം)
ലോമശരമായണം ലോമശ ഋഷീകൃതം 32,000 ശ്ലോകങ്ങൾ ദശരഥനും കൗസല്യയുടേയും മുജ്ജന്മം- കുമുദരാജാവായും വീരമതിയായും
അഗസ്ത്യരാമായണം അഗസ്ത്യകൃതം 16.000 ശ്ലോകങ്ങൾ കുന്തളരാജാവും സിന്ധുമതിയും ദശരഥ-കൗസല്യ മുജ്ജന്മങ്ങളായി
മഞ്ജുളരാമായണം സുതീക്ഷ്ണകൃതം 1,20,000 ശ്ലോകങ്ങൾ ഭാനുപ്രതാപ അരിമർദ്ദനന്റെ കഥ, ശബരിയോട്
രാമൻ നവധാഭക്തിയെപ്പറ്റി വിവരിക്കുന്നത്.
സൗപദ്മരാമയണം അത്രിഋഷീ 1,20,000 ശ്ലോകങ്ങൾ പൂന്തോട്ടത്തിന്റെ സന്ദർഭം
രാമായണമഹാമാല ശിവ-പാർവ്വതീസം‌വാദം 56,000 ശ്ലോകങ്ങൾ ഭുശുണ്ഡിയുടെ ഗരുഡവിമോഹനനിവാരണം
സൗഹാർദ്ദരാമായണം ശരഭംഗഋഷി 40,000 ശ്ലോകങ്ങൾ രാമലക്ഷ്മണന്മാർ വാനരരുടെ ഭാഷ മനസ്സിലാക്കുന്നതിനെപ്പറ്റിയും സംസാരിക്കുന്നതിനെപ്പറ്റിയുമുള്ള സൂചനകൾ
രാമായണമണിരത്നം വസിഷ്ഠ-അരുന്ധതീ സം‌വാദം 36,000 ശ്ലോകങ്ങൾ മിഥിലയിലും അയോദ്ധ്യയിലും രാമൻ വസന്തോത്സവം ആഘോഷിക്കുന്നത്
സൗര്യരാമായണം ഹനുമാൻ-സൂര്യസം‌വാദം 62,000 ശ്ലോകങ്ങൾ ശുകചരിത്രവും ശുകൻ രാജകനായിത്തീരുന്നതുകാരണം സീതാത്യാഗം നടക്കുന്നതു
ചാന്ദ്രരാമായണം ഹനുമാന്റേയും ചന്ദ്രന്റേയും സം‌വാദം 75,000 ശ്ലോകങ്ങൾ കേവടന്റെ പൂർവ്വജന്മകഥ
മൈന്ദരാമായണം മൈന്ദ-കൗരവ സം‌വാദം 52,000 ശ്ലോകങ്ങൾ പൂന്തോട്ടത്തിന്റെ സന്ദർഭം
സ്വയംഭൂവരാമായണം ബ്രഹ്മാ നാരദസം‌വാദം 18,000 ശ്ലോകങ്ങൾ മണ്ഡോദരീഗർഭത്തിൽ നിന്നും സീതയുടെ ജനനം
സുവർച്ചസരാമായണം സുഗ്രീവ-താരാ സം‌വാദം 15,000 ശ്ലോകങ്ങൾ സുലോചനയുടെ കഥ, രാവണന്റെ ചിത്രം കാരണം ശാന്ത സീതയെ പരിഹസിക്കുന്നതും
പകരം സീത ശാന്തയെ ശപിക്കുന്നതും ശാന്തക്ക് പക്ഷിയോനി ലഭിക്കുന്നതും,
മഹാരാവണവദ്ഹം
ശ്രവണരാമായണം ഇന്ദ്ര-ജനക സം‌വാദം 1,25,000 ശ്ലോകങ്ങൾ മന്ഥരയുടെ ഉൽപത്തി, ചിത്രകൂടത്തിലേക്ക് ഭരതന്റെ യാത്രാ സമയത്ത് ജനകന്റെ വരവ്
ദുരന്തരാമായണം വസിഷ്ഠ-ജനക സം‌വാദം 61.000 ശ്ലോകങ്ങൾ ഭരതന്റെ മഹിമാ വർണ്ണന
രാമായന ചമ്പു ശിവ-നാരദ സം‌വാദം 15,000 ശ്ലോകങ്ങൾ സ്വയം വരം

രാമായണം ഭാരതീയ ഭാഷകളിൽ[തിരുത്തുക]

തമിഴ് രാമായണം[തിരുത്തുക]

പ്രധാന ലേഖനം: കമ്പ രാമായണം

ദ്രാവിഡ ഭാഷകളിലെ രാമകഥ സംബന്ധിച്ച എറ്റവും പ്രാചീനമായ കൃതി ക്രി.വ. 12-ാം ശതകത്തിൽ കമ്പർ‌‌ രചിച്ച രാമായണമാണ്‌ ഇതിൽ വാല്മീകിയുടെ രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവൻ കഥയും സ്വതന്ത്രരൂപത്തിൽ വർണ്ണിക്കുകയും അനേകം പുതിയ കഥകൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.[20] കമ്പർക്കു മുന്പ് ഓട്ടക്കൂതൻ തമിഴിൽ രാമായണം എഴുതിത്തുടങ്ങിയെന്നും കമ്പരുടെ കാവ്യം വായിച്ചശേഷം അദ്ദേഹം തന്റെ സൃഷ്ടി നശിപ്പിച്ചു കളയാൻ തുടങ്ങിയെന്നും എന്നാൽ ഇതറിഞ്ഞ കമ്പർ അദ്ദേഹത്തിനടുക്കലെത്തിയെന്നും ഉത്തരകാണ്ഡത്തെ രക്ഷിച്ചെടുക്കാൻ സാധിച്ചുവെന്നും ഐതിഹ്യമുണ്ട്. ഇക്കാരണത്താൽ തമിഴ് രാമായണത്തിലെ ഉത്തരകാണ്ഡം രചിച്ചത് കമ്പരല്ല എന്ന് ബി.എം. ഗോപാലകൃഷ്ണാചാര്യർ അവകാശപ്പെടുന്നു. [21]

തെലുങ്കുരാമായണം[തിരുത്തുക]

തെലുങ്കു സാഹിത്യത്തിൽ രാമകഥയെ സംബന്ധിച്ച ഏറ്റവും മഹത്തരമായ ഗ്രന്ഥം രംഗനാഥന്റെ ദ്വിപദരാമായണമാണ്‌ 14-ാം ശതകത്തിലാണ്‌ ഇത് രചിച്ചത്. കവിയായ ഗോനബുദ്ധറെഡ്ഡിയുടെ ആശ്രിതനായ അദ്ദേഹം കഥയുടെ കീർത്തി റെഡ്ഡിക്ക് നൽകിയിരുന്നു എങ്കിലും പിൽക്കാലത്ത് രംഗനാഥരാമായണം എന്ന പേരിൽ തന്നെ ഇത് പ്രശസ്തി നേടി. ജനപ്രീതി നേടിയ ദ്വിപദം എന്ന പേരിലുള്ള ഛന്ദസ്സും ലളിതഭാഷയും മൂലം ഈ രാമായണം തെലുങ്ക് ജനതക്കിടയിൽ വളരെയധികം പ്രചാരം നേടി. [22] തെലുങ്കുസാഹിത്യത്തിലെ ആദ്യത്തെ രാമായണാഖ്യാനം തിക്കണ്ണ രചിച്ച നിർ‌വചനോത്തരരാമായണമാണ്‌. ഇത് ക്രി.വ. 13-ാം ശതകത്തിലാണ്‌ ഇത് രചിച്ചത്. 14-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഭാസ്കരരാമായണമാണ്‌ ഏറ്റവും കലാത്മകവും സാഹിത്യപരവുമായി കരുതപ്പെടുന്നത്. ഇത് വാല്മീകി രാമായണത്തിന്റെ തെലുങ്കു പരിഭാഷയാണ്‌ എന്ന് പറയപ്പെടുന്നു, 16-ാം നൂറ്റാണ്ടിൽ രാമഭദ്രൻ രചിച്ച രാമാഭ്യുദയം, പിംഗലിസുരനാര്യ രചിച്ച രാഘവപാൺദവീയം, കദു കൂരിരുദ്രൻ രചിച്ച സുഗ്രീവവിജയ്‌മു എന്നിവയും പ്രശസ്തി നേടിയ രാമായണ കഥകളാണ്‌. തെലുങ്കിലെ സാധാരണജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരമായ രാമായണം മൊല്ലരാമായണമാണ്‌. കട്ടവരദരാജു ക്രി.വ. 17-ാം ശതകത്തിൽ വിസ്തൃതമായ ദ്വിപദരാമായണം രചിച്ചു. അതിൽ വാല്മീകി രാമായണകഥ തന്നെയാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്. [23]

മലയാളരാമായണം[തിരുത്തുക]

ആദിവാസി രാമകഥകൾ[തിരുത്തുക]

ആദിവാസികളുടെ സാഹിത്യം സുരക്ഷിതമായിരുന്നിട്ടില്ലാത്തതിനാൽ അതിന്റെ മൂലരൂപം അന്വേഷിക്കുന്നത് ശ്രമകരമായിരിക്കും. രാമായണത്തിലെ വാനരന്മാർ, ഋക്ഷന്മാർ, രാക്ഷസന്മാർ എന്നിവർ വാസ്തവത്തിൽ ആദിവാസികളോ ദക്ഷിണേന്ത്യയിലെ ആദ്യകാല വാസികൾ തന്നേയോ ആണെന്ന് കാമിൽ ബുൽകേ പറയുന്നു.

ആദിവാസികൾക്കിടയിൽ പൂർണ്ണരൂപത്തിൽ രാമായണം പ്രചാരമില്ലെങ്കിലും നിരവധി ഉപകഥകൾ അവർ ഇന്നും വായ്മൊഴിയായി പകർന്നു പോരുന്നു. പലജാതികളും ശബരിയുടെ ഐതിഹ്യങ്ങൾ വിശ്വസിക്കുന്നുണ്ട്. ബോഡോ ജാതിയിൽ സീതാത്യാഗത്തിന്റെ കാര്യത്തിൽ രജകന്റെ കഥയുടെ വികൃതരൂപം ലഭിക്കുന്നു. ഉംറാവ് ജാതിയിൽ ലങ്കാ ദഹനത്തിന്റെ കഥക്ക് ഒരു പുതിയ രൂപം പ്രചാരത്തിലുണ്ട്.

ബീഹാറിലെ സാന്ധാൾ വംശത്തിൽ പെട്ടവരുടെ (ഹരപ്പൻ നിവാസികളുടെ പിൻഗാമികൾ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു) ഇടയിൽ പ്രചാരമുള്ള രാമകഥക്ക് രാമായണവുമായി അടുത്ത സാമ്യമുണ്ട്. അതിപ്രകാരമാണ്‌

 1. ഗുരുവിന്റെ ആജ്ഞാനുസരണം മാമ്പഴം തിന്ന ദശരഥപത്നിമാർ ഗർഭിണികളായിത്തീരുന്നത്.
 2. കൈകേയിയുടെ ഗർഭത്തിൽ നിന്ന് ഭരതശത്രുഘ്നന്മാർ ജനിക്കുന്നു
 3. രാവണവധത്തിനു ശേഷം മടങ്ങി വന്ന രാമൻ സന്ധാളരുടെ സ്ഥലത്ത് താമസിക്കുകയും ശിവക്ഷേത്രം സ്ഥാപിക്കുകയും അവിടെ ദിവസവും സീതയോടൊത്ത് പൂജ ചെയ്യുകയും ചെയ്തിരുന്നു.
 4. സീതാന്വേഷണം നടത്തുന്ന സമയത്ത് അണ്ണാൻ കുഞ്ഞിനും ഇലന്തമരത്തിനും രാമൻ വരങ്ങൾ നൽകുന്നത്, കൊക്കിനു ശിക്ഷ നൽകുന്നത്, ലക്ഷ്മണനും ഹനുമാനും ആദ്യം കണ്ടുമുട്ടുമ്പോൾ ദ്വന്ദ്വയുദ്ധം നടത്തുന്നത്, ഹനുമാൻ രാമബാണത്തിന്റെ സഹായത്തോടെ സമുദ്രം താണ്ടുന്നത് തുടങ്ങിയ കഥകൾ ആദിവാസികൾക്കിടയിൽ പ്രചരിച്ചിട്ടുണ്ട്. [24]

ശരശ്ചന്ദ്രറായി രചിച്ച ദി ബീർഹോർസ് എന്ന ഗ്രന്ഥത്തിൽ ബീർഹോർസ് എന്ന ആദിവാസി ജാതിയിൽ പ്രചാരത്തിലുള്ള രാമകഥയെപ്പറ്റി പ്രസ്താവം ഉണ്ട്. അതിൻ പ്രകാരം ദശരഥന്‌ 7 ഭാര്യമാരാണുള്ളത്. സീത മുറ്റം മെഴുകുന്നതിനായി ശിവന്റെ വില്ല് ഉയർത്തുന്നതും സീതാന്വേഷണത്തിലെ അണ്ണാൻ കുഞ്ഞ്, ഇലന്ത മരം, കൊക്ക് എന്നിവയെ പറ്റിയും പ്രസ്താവമുണ്ട്. എന്നാൽ ഈ കഥയിൽ രാവണനെ വധിക്കുന്നത് ലക്ഷ്മണനാണ്‌.

മുണ്ഡാ ജാതിയിൽ പ്രചരിച്ചിട്ടുള്ള കഥയിലും കൊക്കിന്റെ കഴുത്ത് രാമൻ വലിച്ചു നീട്ടി അതിനെ ശിക്ഷിക്കുന്നതിന്റേയും ഇലന്തമരം സീതയുടെ സാരിയുടെ കഷണങ്ങൾ രാമനു നൽകി അനശ്വരതയുടെ വരം നേടുന്നതും മറ്റും ഉണ്ട്. അണ്ണാൻ കുഞ്ഞ് സീതയുടെ മാർഗ്ഗം പറഞ്ഞു കൊടുക്കുന്നതിനാൽ രാമൻ തലോടുന്നതായാണ്‌ അവരുടെ കഥകളിൽ ഉള്ളത്. [25]

മദ്ധ്യപ്രദേശിലെ ബൈഗാ-ഭൂമിയ എന്ന ജാതികളിൽ പ്രചാരത്തിലുള്ള ഐതിഹ്യം സീതയെ കൃഷിയുടെ അധിഷ്ഠാനദേവതയുമായി ബന്ധപ്പെടുത്തുന്നു. അതനുസരിച്ച് മാതാവായ ജാനകിയുടെ കൈവിരലിൽ ആറു വിരലുകൾ ഉണ്ടായിരുന്നു എന്നും അതിലൊന്ന് മുറിച്ച് ഭൂമിയിൽ നട്ടതിൽ നിന്നാണ്‌ ലോകത്തിലെ എല്ലാ ഇനങ്ങളിലുമുള്ള വിത്തുകൾ മുളച്ച് വന്നതെന്നും കാണുന്നു. [26]

രാമായണം വിദേശഭാഷകളിൽ[തിരുത്തുക]

അറബിയിലുള്ള വാല്മീകി രാമായണം. മഷിയും ചായങ്ങളും ഉപയോഗിച്ച് 16-‍ാം നൂറ്റാണ്ടിന്റെ അവസാനം രചിച്ചത്.

സിംഹളരാമകഥ[തിരുത്തുക]

സിംഹളരാമകഥയിൽ രാമൻ ഒറ്റക്കാണ്‌ വനവാസം നടത്തുന്നത്.അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ സീത അപഹരിക്കപ്പെടുന്നു. ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ്‌. ബാലി ലങ്കാദഹനം തടത്തി സീതയെ രാമന്റെ അടുക്കലെത്തിക്കുന്നു. രാവണന്റെ ചിത്രം കാരണം രാമൻ സീതയെ ത്യാഗം ചെയുന്നു. സീതക്ക് ഒരു പുത്രൻ ജനിക്കുന്നു. വാല്മീകി മറ്റു രണ്ടുപേരെക്കൂടി സൃഷ്ടിക്കുന്നു. ഈ മൂന്നു പേരും പിന്നീട് രാമസേനയുമായി യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും പ്രസ്താവനയുണ്ട്. സിംഹള ദ്വീപിലെ കൊഹോബോയക്കം എന്ന ആചാരവേളകളിൽ കാവ്യാത്മകങ്ങളായ കഥകൾ പാരായണം ചെയ്യപ്പെടുന്നു. ഈ അവസരത്തിൽ പ്രധാനപ്പെട്ട കഥകളിൽ പ്രധാനം സീതാത്യാഗത്തിന്റെയും സിംഹളത്തിന്റെ ആദ്യരാജാവായ വിജയന്റെയും മറ്റും കഥകളുമാണ്.

ടിബറ്റ് രാമായണം[തിരുത്തുക]

രാമകഥ പ്രാചീനകാലം മുതൽക്കേ വടക്കോട്ട് പ്രചരിക്കാൻ തുടങ്ങിയിരുന്നു. ടിബറ്റ് ഭാഷയിൽ അത് 8-9 ശതകങ്ങളിലെത്തിച്ചേർന്നിരിക്കാം എന്ന് അനുമാനിക്കുന്നു. രാവണചരിതം മുതൽ സീതാത്യാഗവും രാമസീതാസം‌യോഗവും വരെയുള്ള മുഴുവൻ രാമകഥയുടേയും കൈയെഴുത്തു പ്രതികൾ തിബറ്റിൽ ലഭിച്ചിട്ടുണ്ട്. ദശരഥനിതിൽ രണ്ട് പത്നിമാർ മാത്രമാണുള്ളത്. ഇളയ ഭാര്യയിൽ നിന്ന് ആദ്യം രാമൻ ജനിക്കുന്നു. വിഷ്ണു തന്നെ വീണ്ടും ജ്യേഷ്ഠത്തിയിൽ ലക്ഷ്മണനായി ജനിക്കുന്നുണ്ട്. സീത മുൻജന്മത്തിൽ രാവണപുത്രിയായി കരുതുന്നു. പിതാവിനെ നശിപ്പിക്കുമെന്ന് ജാതകത്തിലുള്ളതിനാൽ അവളെ നദിയിൽ എറിയുന്നു. എന്നാൽ സീതയെ ഭാരതത്തിലെ മുക്കുവർ രക്ഷിക്കുകയും അവരിലാരോ ഒരാൾ വളർത്തുകയും ചെയ്യുന്നു. ലീലാവതി എന്നാണതിൽ സീതയുടെ പേര്. ലക്ഷ്മണനെ രാജാവാക്കാനായി രാമൻ സ്വമേധയാ രാജ്യം വിട്ട് കാട്ടിൽ പോകുകയും രാജ്യം ചുറ്റുകയും അവിടെ വച്ച് സീതയെ കണ്ടുമുട്ടി വിവാഹം കഴിക്കുകയും ചെയ്യുന്നു. കർഷകരുടെ അഭ്യർത്ഥന പ്രകാരം തിരികെ ചെന്ന് രാജ്യം ഭരിക്കുകയും ചെയ്യുന്നു. അനന്തരം സീതാപഹരണം. ഇത് നടക്കുന്നത് രാജധാനിക്കടുത്തുള്ള അശോകവനത്തിൽ നിന്നാണ്‌. പിന്നീട് സീതാന്വേഷണം, വാനരന്മാരോട് സൗഹൃദം, ഹനുമാന്റെ ലങ്കാദഹനം മുതൽ രാവണ വധം വരെ കാണാം.

മറ്റു രാജ്യങ്ങളിലെ രാമായണങ്ങൾ[തിരുത്തുക]

ഉപസംഹാരം[തിരുത്തുക]

വാല്മീകി പദപ്രയോഗങ്ങളിൽ അദ്വിതീയനായിരുന്നു. കരുണാരസത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട രാമായണമാകട്ടെ കാവ്യങ്ങളിൽ വച്ച്‌ ഉന്നതസ്ഥാനം വഹിക്കുന്നു. കാളിദാസൻ, ഭവഭൂതി മുതലായവർ തുടങ്ങി അനേകർക്ക്‌ പ്രചോദനമാകാൻ കവിക്ക്‌ കഴിഞ്ഞു. അതുകൊണ്ടാണ്‌ കവിയെ ആദികവിയെന്നും, കാവ്യത്തെ ആദികാവ്യം എന്നും വിളിച്ച്‌ നിരൂപകർ ആദരിക്കുന്നതും[28][29][30].

ഇവകൂടി കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

a.^ ലീലാലോലരായ ക്രൗഞ്ചപ്പക്ഷികളെ കണ്ട് മഹർഷിയുടെ മനുഷ്യഹൃദയത്തിൽ പൂർവാശ്രമത്തിലെ മിഥുനജീവിതസ്മൃതി ഉണർന്നിരിക്കേ ആയിരിക്കാം വേടന്റെ അമ്പ് അവയിലൊന്നിനെ കൊന്നതെന്ന് മലയാളത്തിലെ സാഹിത്യചിന്തകൻ കൊടുപ്പുന്ന അഭിപ്രായപ്പെട്ടിട്ടുണ്ട്. വാല്മീകിയുടെ തീവ്രപ്രതികരണത്തിന്റെ പ്രേരകവികാരമായി കരുണാശോകങ്ങൾക്കൊപ്പം രതിയും ഉണ്ടായിരുന്നിരിക്കാമെന്ന് അദ്ദേഹം വാദിക്കുന്നു.[31]


b.^ മഹാഭാരതത്തിലെ ദ്രോണപർവ്വത്തിലും ശാന്തിപർവ്വത്തിലും മാത്രമാണ്‌ വാല്മീകി കവിയാണെന്ന വ്യക്തമായ സൂചനകൾ ലഭിക്കുന്നത്. ശാന്തിപർവ്വത്തിൽ ഒരു ഭാർഗ്ഗവകവിയെപ്പറ്റിയും അനുശാസനപർവ്വത്തിൽ യശോധനനായ ഒരു വാല്മീകിയെപ്പറ്റിയും രേഖപ്പെടുത്തിയിരിക്കുന്നു. മഹാഭാരതത്തിലെ മറ്റു പർവ്വങ്ങളിൽ വാല്മീകിയെപ്പറ്റിയുള്ള പരമാർശങ്ങൾ ഉണ്ടെങ്കിലും കവിയാണെന്ന സൂചന ഇല്ല.

അവലംബം[തിരുത്തുക]

 1. http://www.knowledgecommission.org/classical-indian-epics.html
 2. 2.0 2.1 കാമിൽ ബുൽക്കെ രാമകഥ വിവ:അഭയദേവ്. കേരള സാഹിത്യ അക്കാദമി. തൃശൂർ പേജ് 48
 3. കൊളാടി ഗോവിന്ദൻകുട്ടി വാല്മീകി രാമായണം
 4. ജെ.കെ. ത്രിഖ; രാമന്റെ കഥ
 5. കാമിൽ ബുൽക്കെ രാമകഥ വിവ:അഭയദേവ്. കേരള സാഹിത്യ അക്കാദമി. തൃശൂർ പേജ് 48
 6. ഡോ.വെബ്ബർ, ഓൺ ദി രാമായണ (Ueber das Ramayana Abhabdlungen der koenigl. Akademie der Wissensch, ZuRich, Berlin 1870 page 1-80 English Translation by D.C. Boyd. Bombay 1873
 7. ദിനേശചന്ദ്ര; ദി ബംഗാളി രാമായണാസ്.
 8. Bose, Mandakranta (2004). The Ramayana Revisited. ISBN 9780198037637.
 9. Debroy, Bibek (29 January 2018). "The Beauty of the Valmiki Ramayana by Bibek Debroy" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 11 April 2018.
 10. H. D. Sankaliya. in Times of India, Newdelhi, November 26, 1967 എസ്. എൻ. സദാശിവന്റെ എ സോഷ്യൽ ഹിസ്റ്ററി ഒഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിൽ നിന്ന്
 11. കാമിൽ ബുൽക്കെ, വിവ:അഭയദേവ്. രാമകഥ . കേരള സാഹിത്യ അക്കാദമി. തൃശൂർ.
 12. യാക്കോബി എച്ച്; രാമായണം - ദാസ് രാമായണ, (വിവർത്തനം) ബോൺ 1893)
 13. രമേശ് ചന്ദ്രദത്ത് എ ഹിസ്റ്ററി ഓഫ് സിവിലിയസേഷൻ ഇൻ ആൻഷ്യൻറ് ഇന്ത്യ. പേജ് 211 ബോംബെ
 14. എസ്.കെ ബേൽവൽക്കർ; ഉത്തമ രാമചരിത്രം ഭൂമിക പേജ് 59
 15. എസ്.എൻ., സദാശിവൻ. എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ. p. 167.
 16. എം.ബി കീബേ. ഇ.ഹി,ക്വാ പേജ് 693-702
 17. ഹീരാലാൽ ത്ധാ; കോമെമ്മറേഷൻ വാല്യം പേജ് 151-161 കേശവോസ്തവ സ്മാരക ഗ്രന്ഥം
 18. റായ് കൃഷ്ണദാസ്; രാമവനത്തിന്റെ ഭൂമിശാസ്ത്രം
 19. എപപ്പിക് ആൻഡ് പുരാണിക് സ്റ്റഡീസ്. ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട്
 20. എസ്. വയ്യ്യാപുരി. ഹിസ്റ്ററി ഓഫ് തമിഴ് ലാങ്വേജ് ആൻഡ് കൾച്ചർ. 1956. മദ്രാസ്. പേജ് 103
 21. ബി.എം. ഗോപാലകൃഷ്ണാചാര്യർ കമ്പരാമായണ; ബാലകാണ്ഡം
 22. ഡോ. കാമിൽ ബുൽകേ. രാമകഥ
 23. കട്ടവരദരാജു; ശ്രീരാമായണമു ഓഫ് കട്ടവരദരാജു; മദ്രാസ് യൂണിവേർസിറ്റി; മദ്രാസ് 1950 ഭൂമിക.
 24. ഗോപാലലാൽ വർമ്മ, സന്ധാളീ നാടോടിപ്പാട്ടുകളിൽ ശ്രീരാമൻ; സാരംഗം പബ്ലിക്കേഷൻസ്; ഡൽഹി. 1960
 25. എം.സി. മിത്ര: ജേർണൽ ഓഫ് ഡിപാർട്ട്മെന്റ് ഓഫ് ലെറ്റേർസ്. കൽക്കത്ത ഭാഗം 4 303-304 പ്രസ്താവിച്ചിരിക്കുന്നത് -കാമിൽ ബുൽകേ രാമകഥ
 26. എസ്. ഫുക്സ്. ദി ഗോണ്ഡേ ആൻഡ് ഭൂമിയ ഓഫ് ഈസ്റ്റേർൺ മണ്ഡല: ബോംബെ 1960
 27. The Ramayana Tradition in Asia-edited by V.Raghavan published by Sahithya academi,India 1998
 28. http://www.eng.vedanta.ru/library/vedanta_kesari/ramayana.php
 29. http://www.sociology.ed.ac.uk/sas/papers/panel49_mbrockington.rtf
 30. http://www.archaeologynews.org/link.asp?ID=248828&Title=Why%20modern%20India%20misses%20Sankalia
 31. കൊടുപ്പുന്ന : ആദികവിയുടെ ശില്പശാല - രതി, പിന്നെ ശോകം എന്ന ലേഖനം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Ramayana എന്ന താളിലുണ്ട്.
(ഭാഷ: Sanskrit)സംസ്കൃതത്തിൽ
(ഭാഷ: English) വിവർത്തനങ്ങൾ
ഗവേഷണ ലേഖനങ്ങൾ
"https://ml.wikipedia.org/w/index.php?title=രാമായണം&oldid=3352163" എന്ന താളിൽനിന്ന് ശേഖരിച്ചത്