Jump to content

കുംഭകർണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുംഭകർണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുംഭകർണ്ണനെ ഉണർത്തൽ

ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ ഒരു രാക്ഷസനായ കുംഭകർണ്ണൻ രാക്ഷസരാജാവായ രാവണന്റെ നേരെ ഇളയ സഹോദരനാണ്. അതിബൃഹത്തായ ശരീരവും, ഒരിക്കലും തീരാത്ത വിശപ്പും കൊണ്ട് നടക്കുന്ന കഥാപാത്രമായ കുംഭകർണ്ണൻ തന്റെ ശക്തിപ്രകടനത്തിന്റെ ഭാഗമായി പല ഹൈന്ദവസന്യാസികളേയും കൊന്നിട്ടുണ്ടെങ്കിൽ പോലും, ഒരു നല്ല വ്യക്തിത്വമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി വരം ആവശ്യപ്പെട്ട സമയത്ത് സരസ്വതീദേവിയാൽ കുംഭകർണ്ണന്റെ നാവ് കെട്ടിയിടപ്പെട്ടു. അതിനാൽ, ഇന്ദ്രന്റെ സിംഹാസനമായ ഇന്ദ്രാസനം ആവശ്യപ്പെടാനിരുന്ന കുംഭകർണ്ണന്റെ നാവിൽ നിന്നും നിദ്രാസനം അഥവാ അനന്തമായ ഉറക്കം എന്ന ആവശ്യമാണ് പുറത്തുവന്നത്. ഉടനെ ബ്രഹ്മാവ് വരം നൽകുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ രാവണൻ സത്യത്തുൽ ശാപമായ ഈ വരം തിരിച്ചെടുക്കാൻ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ കുംഭകർണ്ണൻ ആറ്‌ മാസം ഉറങ്ങുകയും, അടുത്ത ആറ്‌ മാസം തീരാത്ത വിശപ്പുമായി, മനുഷ്യരെയടക്കം, മുന്നിൽ കാണുന്നതെന്തിനെയും തിന്നുതീർക്കുകയും ചെയ്യുന്ന രാക്ഷസനാ‍യി.

രാമായണയുദ്ധസമയത്ത് രാവണൻ ശ്രീരാമനാലും രാമസേനയാലും അപമാനിക്കപ്പെട്ടു. തന്റെ സഹോദരന്റെ സാന്നിധ്യം ആവശ്യമാണെന്നു തോന്നിയ രാവണൻ, വളരെയധികം ക്ലേശിച്ചാണെങ്കിലും, ഉറക്കത്തിലായിരുന്ന കുംഭകർണ്ണനെ ഉണർത്തി. പക്ഷേ രാമ-രാവണയുദ്ധത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കിയ കുംഭകർണ്ണൻ, തെറ്റ് രാവണന്റെ ഭാഗത്താ‍ണെന്ന് രാവണനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണുണ്ടായാത്.[1] എന്നാൽ കഥകൾ കേട്ട കുംഭകർണ്ണൻ പൂർണ്ണമനസ്സോടെ രാവണപക്ഷത്ത് ചേരുകയാണ് ഉണ്ടായത് എന്നും പറയപ്പെടുന്നു [അവലംബം ആവശ്യമാണ്]. എങ്ങനെയാണെങ്കിലും, തന്റെ സഹോദരനോടുള്ള വിശ്വസ്തത മൂലം, കുംഭകർണ്ണൻ രാവണനോടൊപ്പം യുദ്ധം ചെയ്യാൻ തീരുമാനിച്ചു. മദ്യലഹരിയിൻ ഉൻ‌മത്തനായ കുംഭകർണ്ണൻ യുദ്ധഭൂമിയിൽ ചെന്ന് ശ്രീരാമസേനയെ ആക്രമിച്ച് വൻ‌നാശങ്ങൾ വരുത്തി. ഇതിനുപുറമേ ഹനുമാനെ മുറിവേൽ‌പ്പിക്കുകയും, സുഗ്രീവനെ പ്രഹരിച്ച് ബോധംകെടുത്തി യുദ്ധത്തടവുകാരനാ‍യി എടുക്കുകയും ചെയ്തെങ്കിലും അവസാനം കുംഭകർണ്ണൻ ശ്രീരാമനാൽ കൊല്ലപ്പെട്ടു. [2] കുംഭകർണ്ണന്റെ മരണവിവരം അറിഞ്ഞ് തളർന്നുപോയ രാവനൻ തനിക്ക് നാശം സംഭവിച്ചു കഴിഞതായി പ്രഖ്യാപിക്കുകയുണ്ടായി. കുംഭകർണ്ണന്റെ രണ്ട് പുത്രന്മാരായ കുംഭനും, നികുംഭനും തങ്ങളുടെ പിതാവിനെപ്പോലെ രാമനെതിരെ യുദ്ധം ചെയ്യുകയും മരണം വരിക്കുകയും ചെയ്തു. [3]

രാമായണത്തിലെ ഏറ്റവും താല്പര്യമുണർത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് കുംഭകർണ്ണൻ. രാമായണത്തിലെ ഭൂരിപക്ഷം കഥാപാത്രങ്ങളും ഒന്നുകിൽ സദ്‌ഗുണത്തെയോ, അല്ലെങ്കിൽ ദുർ‌ഗുണത്തെയോ പൂർണ്ണമായും ഉൾക്കൊള്ളുമ്പോൾ, രണ്ട് ഗുണത്തേയും അനുകൂലിക്കുന്ന സങ്കീർണ്ണമായ പ്രതിരൂപമാണ് കുംഭകർണ്ണന്റേത്. രാവണന്റെ തെറ്റുകളും അധർമ്മങ്ങളും മനസ്സിലാക്കി ചൂണ്ടിക്കാണിക്കുകയും, ചിലപ്പോഴൊക്കെ അതിൽ ഇടപെടുകയും മദ്ധ്യസ്ഥത വഹിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, തന്റെ ഉള്ളിലെ പോരാളിയുടെ നീതിശാസ്ത്രം പലപ്പോഴും രാവണനെ തുറന്നെതിർക്കുന്നതിൽ നിന്നും കുംഭകർണ്ണനെ വിലക്കി. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും യുദ്ധം ചെയ്യാൻ നിർബന്ധിതനായ കുംഭകർണ്ണൻ അവസാനം ശ്രീരാമന്റെ കൈകളാൽ കൊല്ലപ്പെട്ട് മോക്ഷം നേടി.


പുറത്തെക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുംഭകർണ്ണൻ&oldid=3962331" എന്ന താളിൽനിന്ന് ശേഖരിച്ചത്