ഉള്ളടക്കത്തിലേക്ക് പോവുക

ഹനുമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹനുമാൻ (ആഞ്ജനേയൻ)
ഹനുമാൻ, 11-ആം നൂറ്റാണ്ടിൽ നിന്നുള്ള ചോള ശില്പം.
ദേവനാഗരിहनुमान
തമിഴ് ലിപിയിൽஅனுமன்
മന്ത്രംഓം ഹം ഹനുമതേ നമഃ.
ആയുധംഗദ
ജീവിത പങ്കാളിസുവർചല

ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളാണ് ഹനുമാൻ. ശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. അഞ്ചു തലകളുള്ള ഹനുമാന്റെ യഥാർത്ഥ രൂപം "പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു. വരാഹമൂർത്തി, നരസിംഹമൂർത്തി, ഹയഗ്രീവൻ, ഗരുഡൻ തുടങ്ങിയ മഹാവിഷ്ണുവിന്റെ അവതാരങ്ങളും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള അഞ്ചുമുഖം ആണ് ഇതിൽ ഉള്ളത്. ഹൈന്ദവ വിശ്വാസപ്രകാരം ഇത് ഹനുമാന്റെ അതിശക്തവും സർവരക്ഷാകരവുമായ രൂപമാണ്. എന്നാൽ അപൂർവം ക്ഷേത്രങ്ങളിൽ മാത്രമേ ഈ രൂപത്തിലുള്ള പ്രതിഷ്ഠ കാണാറുള്ളു. ഉദാഹരണത്തിന് കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ചെങ്ങറ ക്ഷേത്രത്തിൽ ഇത്തരം പഞ്ചമുഖ ആഞ്ജനേയ പ്രതിഷ്ഠ കാണാവുന്നതാണ്. ശ്രീരാമസ്വാമിയുടെ പരമഭക്തനായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. ഹനുമാൻ സ്വാമിയുടെ ജന്മ നക്ഷത്രം മൂലം ആണ്. സർവ ദുരിതങ്ങൾക്കും ഹനുമദ് ഉപാസന ഉത്തമമാണ് എന്നാണ് വിശ്വാസം. അസാധ്യം എന്ന്‌ വിചാരിക്കുന്ന കാര്യങ്ങൾ പോലും നേടി എടുക്കാൻ ഹനുമാന്റെ അനുഗ്രഹം കൊണ്ട് സാധിക്കുമെന്ന് മറ്റൊരു വിശ്വാസം. കേരളത്തിൽ ആഞ്ജനേയ ക്ഷേത്രങ്ങൾ പൊതുവേ കുറവാണ്. ചില ക്ഷേത്രങ്ങളിൽ ഉപദേവൻ ആയിട്ടും ആഞ്ജനേയനെ കാണാം. രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല. ശനി, ചൊവ്വ ദിവസങ്ങൾ പ്രധാനം.

പുരാണങ്ങളിൽ

[തിരുത്തുക]

ഒരിക്കൽ ഉമാമഹേശ്വരന്മാർ വാനരരൂപികളായി വനത്തിൽ പ്രവേശിച്ചു. അവർ ആനന്ദത്തോടെ വൃക്ഷശിഖരങ്ങൾ ചാടിക്കടന്നും പഴുത്ത കായ്കനികൾ ഭക്ഷിച്ചും നാളുകൾ ചെലവഴിച്ചു. കുറേനാളുകൾക്കുശേഷം വാനരരൂപിയായ പാർവതിദേവി ഗർഭിണിയായി. എന്നാൽ താൻ ഗർഭവതിയാണെന്ന വിവരം ഭഗവതിയെ സന്തോഷിപ്പിച്ചില്ല. വാനരാവസ്ഥയിൽ ഗർഭം ധരിച്ചതിനാൽ തന്റെ ശിശു വാനരൻ ആയിരിക്കുമെന്നതിനാലാണ് പാർവതിയ്ക്ക് സന്തോഷം തോന്നാത്തത്. ഭഗവതിയുടെ അപ്രസന്നഭാവത്തിൽ നിന്നും ശിവൻ കാര്യങ്ങൾ ഗ്രഹിച്ചു. ഭഗവാൻ തന്റെ യോഗശക്തിയാൽ പാർവ്വതിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു. അനന്തരം ഭഗവാൻ വായുദേവനോട് കല്പിച്ചു. എന്റെയും ഗൗരിയുടെയും വീര്യമാണ് ഈ ഗർഭസ്ഥശിശു. ഇവനെ സംരക്ഷിക്കുവാൻ ഞാനങ്ങയോട് ആവശ്യപ്പെടുന്നു. ദേവാദിദേവനായ ശ്രീപരമേശ്വരന്റെയും ആദിപരാശക്തിയായ ദേവി ഉമയുടെയും ചൈതന്യമായ ശിശുവിനെ സംരക്ഷിക്കുവാൻ കഴിയുന്നതിൽപ്പരം മറ്റെന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടത്? ആനന്ദത്താൽ മതി മറന്ന വായുദേവൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ശിവനിൽ നിന്നും ഗർഭസ്ഥ ശിശുവിനെ ഏറ്റുവാങ്ങി. അപ്പോൾ വായുഭഗവാന് ഒരു സംശയം തോന്നി. ഈ ഗർഭസ്ഥശിശു ആരിലൂടെ ജനിക്കും? അക്കാലത്ത് കേസരി എന്ന വാനര രാജന്റെ പത്‌നിയായ അഞ്ജന പുത്രലാഭാർത്ഥം ശിവനെ തപസ്സുചെയ്യുന്ന വിവരം വായു ഭഗവാൻ അറിഞ്ഞു. അദ്ദേഹം അഞ്ജനയ്ക്കു മുന്നിൽ പ്രത്യക്ഷനായി പറഞ്ഞു. പുത്രലാഭാർത്ഥം നീ അനുഷ്ഠിക്കുന്ന തപസ്സ് മതിയാക്കൂ. ഊഷരമായ നിന്റെ ഗർഭപാത്രത്തിനുള്ളിൽ ഞാനിതാ ശിവശക്തി ചൈതന്യമുള്ള ഒരു ശിശുവിനെ നിക്ഷേപിക്കുന്നു. അവന് വേണ്ടുന്ന പരിചര്യ ചെയ്ത് അവനെ ശുശ്രൂഷിച്ച് നീ വാഴുക. അവൾ ഇരുകൈകളും കൂപ്പി വായുദേവന് സ്തുതി പറഞ്ഞുകൊണ്ട് ആ ഗർഭം ഏറ്റുവാങ്ങി.

ദിനങ്ങൾ കടന്നുപോയി. അഞ്ജന സൂര്യതേജസ്സ്വിയും, മഹാബലവാനുമായ ഒരു പുത്രന് ജന്മം നൽകി. അതിനാൽ അവൻ ആഞ്ജനേയൻ എന്നറിയപ്പെട്ടു. അവന്റെ ജന്മത്തിൽ പ്രപഞ്ചവാസികളെല്ലാം ആഹ്ലാദിച്ചു. വാനരരൂപിയായ ആ ശിശുവിന്റെ തേജസ്സ് ആരുടേയും മനം മയക്കുന്നതായിരുന്നു. അഞ്ജനേയനായ ആ ശിശുവാണ് പിൽക്കാലത്ത് ഹനുമാൻ എന്ന പേരിൽ പ്രസിദ്ധനായി തീർന്നത്. രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. ഹനുമാന്റെ വിശ്വരൂപം "പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു. അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ആഞ്ജനേയൻ ഈ ഉഗ്രരൂപം സ്വീകരിച്ചത് എന്ന് കഥ. മഹാവിഷ്ണുവിന്റെ നരസിംഹം, വരാഹം, ഹയഗ്രീവൻ എന്നി മൂന്ന് ഉഗ്ര അവതാരങ്ങളും വിഷ്ണു വാഹനമായ ഗരുഡനും കൂടി ഈ രൂപത്തിൽ ചേർന്നു കാണപ്പെടുന്നു.

സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമദ്‌ ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.

ഹനുമാനും ശനിയും തമ്മിലുള്ള ബന്ധം പുരാണങ്ങളിൽ കാണാം.

1. ഹനുമത് സഹസ്രനാമ സ്തോത്രത്തിൽ കൊടുത്തിട്ടുള്ള ഹനുമാൻറെ പല നാമങ്ങളിൽ ഒരു നാമമാണ് ’ശനി’.

2. സൂര്യസംഹിതയിൽ ’ഹനുമാൻ ശനിയാഴ്ച ജനിച്ചു’ എന്നു പറയുന്നു.

3. ശനിയുടെ പത്തു നാമങ്ങളിൽനിന്നും ഒരു നാമമാണ് ’രുദ്രൻ’ എന്നത്.

4. ശനിയെപ്പോലെ ഹനുമാനും കറുത്ത വർണത്തിൽ കാണപ്പെടുന്നു.

5. ഗഢവാൽ പ്രദേശത്തു ശനി പ്രസിദ്ധമായതു കാരണം ഹനുമാനും ശനിയെപ്പോലെ ഇരുമ്പിൻറെ ചാട്ടവാർ പിടിച്ചിട്ടുള്ളതായി കാണപ്പെടുന്നു. ഇതുകൊണ്ടായിരിക്കാം അറിയാതെ തന്നെ ശനിയുടേയും ഹനുമാന്റേയും സാമ്യത കൽപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ദിവസം ഹനുമാൻറെ പൂജയും ശനിയാഴ്ച എടുക്കുന്ന വ്രതത്തിൽ ഹനുമാൻറെ ഉപാസനയും തുടങ്ങിയത് ഇക്കാരണത്താലായിരിക്കും എന്ന്‌ വിശ്വാസം.

പഞ്ചമുഖ ഹനുമാൻ

[തിരുത്തുക]

അഞ്ചു തലകളുള്ള ഹനുമാന്റെ വിശ്വരൂപം "പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഇത് ഹനുമാന്റെ അതിശക്തവും സർവരക്ഷാകരവുമായ ഉഗ്ര രൂപമാണ്. അപൂർവം ക്ഷേത്രങ്ങളിൽ മാത്രമേ ഈ രൂപത്തിലുള്ള പ്രതിഷ്ഠ കാണാറുള്ളു. അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ ഉഗ്രരൂപം സ്വീകരിച്ചത് എന്ന് കഥ. മഹാവിഷ്ണുവിന്റെ മൂന്ന് ഉഗ്ര അവതാരങ്ങളും വിഷ്ണു വാഹനമായ ഗരുഡനും കൂടി ഈ രൂപത്തിൽ ചേർന്നു കാണപ്പെടുന്നു. വരാഹമൂർത്തി വടക്കും, നരസിംഹമൂർത്തി തെക്കും, ഗരുഡൻ പശ്ചിമദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള അഞ്ചുമുഖം ആണ് ഇത്. അതിനാൽ ശിവശക്തി വൈഷ്ണവ ചൈതന്യമായി ഈ ഭാവത്തെ സങ്കൽപ്പിക്കപ്പെടുന്നു. പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് ഐശ്വര്യകരവും സർവരക്ഷാകരവുമാണ് എന്നാണ് വിശ്വാസം.

സുവർചലാ സമേത ഹനുമാൻ

[തിരുത്തുക]

ഹനുമദ്‌ ചരിത്രം പരാമർശിക്കപ്പെടുന്ന പരാശര സംഹിത എന്ന ഗ്രന്ഥത്തിലാണ് ഹനുമാൻ സ്വാമിയുടെ വിവാഹത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. ഹനുമാൻ സൂര്യനെയാണ് ഗുരുവായി സ്വീകരിച്ചത്. തന്റെ പക്കലുള്ള എല്ലാ ജ്ഞാനവും സൂര്യ ഭഗവാൻ ആഞ്ജനേയ സ്വാമിക്ക് പകർന്നു നൽകി. പക്ഷേ നവവിദ്യകൾ എന്നറിയപ്പെടുന്ന ഒൻപത് ദിവ്യ വിദ്യകളിൽ അഞ്ചെണ്ണം കൂടി സൂര്യൻ ഹനുമാനെ പഠിപ്പിച്ചു. ബാക്കി വിദ്യകൾ പഠിപ്പിക്കാൻ നിവർത്തിയില്ലെന്നും ആദിത്യഭഗവാൻ പറഞ്ഞു. ബാക്കിയുള്ള നാല് വിദ്യകൾ വിവാഹിതർക്ക് മാത്രമേ ഉപദേശിക്കാവൂ എന്ന വിധി ഉള്ളതുകൊണ്ടാണ് അവ ഹനുമാനെ അഭ്യസിപ്പിക്കാതിരുന്നത്. ഈ പ്രശ്നം പരിഹരിക്കുവാനായി ഹനുമാനോട് വിവാഹിതനാകാൻ ആദിത്യൻ ആവശ്യപ്പെട്ടു. അങ്ങനെ ഹനുമാൻ വിവാഹിതനാകാൻ സമ്മതിച്ചു. ഹനുമാൻ വിവാഹത്തിന് സമ്മതം മൂളിയതോടെ സൂര്യൻ സ്വന്തം തേജസിൽ നിന്നും ഒരു കന്യകയെ സൃഷ്ടിച്ചു. വർച്ചസിൽ നിന്നും അഥവാ പ്രകാശ കിരണങ്ങളിൽ നിന്നും ജന്മം കൊണ്ട ആ മകൾക്ക് സുവർചല എന്ന് നാമവും നൽകി. ഹനുമാനോട് സുവർചലയെ വിവാഹം ചെയ്യാൻ ഉപദേശിച്ച സൂര്യദേവൻ ഇരുവരെയും അനുഗ്രഹിച്ചു. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം. ഹനുമാൻ വിവാഹിതനായ ഒരു പ്രജാപത്യ ബ്രഹ്‌മചാരിയാണ് എന്നാണ് വിശ്വാസം. നൈഷ്ഠിക ബ്രഹ്‌മചാരിയല്ല. സുവർചലാ സമേതനായ അതിനാൽ ഹനുമാനെ ഉപാസിക്കുന്നത് ഗൃഹസ്ഥർക്ക് ഉത്തമമാണ് എന്നാണ് വിശ്വാസം. പല ക്ഷേത്രങ്ങളിലും സുവർചലാ സമേതനായ ആഞ്ജനേയന്റെ പ്രതിഷ്ഠ കാണാം.

കേരളത്തിലെ ഹനുമദ് ക്ഷേത്രങ്ങൾ

[തിരുത്തുക]
  • പാളയം OTC ഹനുമാൻ ക്ഷേത്രം, തിരുവനന്തപുരം
  • പാങ്ങോട് ഹനുമാൻ ക്ഷേത്രം, തിരുവനന്തപുരം
  • പാട്ടറ കോട്ടയിൽ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രം, പാട്ടറ, കല്ലറ, തിരുവന്തപുരം
  • കർപ്പൂരപഴയിടം ആഞ്ജനേയ ക്ഷേത്രം, ചിന്നക്കട, കൊല്ലം
  • വെണ്ടാർ ആഞ്ജനേയ ക്ഷേത്രം, പുത്തൂർ, കൊട്ടാരക്കര, കൊല്ലം
  • കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം, പത്തനംതിട്ട
  • ചെങ്ങറ ശ്രീ പഞ്ചമുഖ ഹനുമാൻ ക്ഷേത്രം, പത്തനംതിട്ട
  • ശ്രീ ഗണേശ ഹനുമദ്‌ ക്ഷേത്രം, കുരമ്പാല, പന്തളം, പത്തനംതിട്ട
  • പുതിയ വീട്ടിൽ ആഞ്ജനേയ ക്ഷേത്രം, കലവൂർ, ആലപ്പുഴ
  • കരയംവട്ടം ആഞ്ജനേയ ക്ഷേത്രം, മാവേലിക്കര, ആലപ്പുഴ
  • എറണാകുളം ഹനുമാൻ ക്ഷേത്രം (എറണാകുളം ശിവക്ഷേത്രത്തിന് സമീപം)
  • മറൈൻ ഡ്രൈവ് ആഞ്ജനേയ സ്വാമി ക്ഷേത്രം, എറണാകുളം
  • ആലുവ ദേശം ശ്രീ ദത്ത കാര്യസിദ്ധി ആഞ്ജനേയ ക്ഷേത്രം, എറണാകുളം
  • തിരുവാറ്റ ശ്രീരാമ ഹനുമാൻ ക്ഷേത്രം, മെഡിക്കൽ കോളേജ് ബൈപാസ്, കോട്ടയം
  • രാമപുരം ശ്രീ ആഞ്ജനേയ ദേവസ്ഥാനം, പാലാ, കോട്ടയം
  • നാട്ടിക ഹനുമാൻസ്വാമി ക്ഷേത്രം, തൃശൂർ
  • ⁠മാരുതിപുരം ആഞ്ജനേയ ക്ഷേത്രം, കൊടുങ്ങല്ലൂർ, തൃശൂർ
  • ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, തിരൂർ, മലപ്പുറം
  • പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം, പാലക്കാട്
  • രാഘവപുരം ഹനുമാരമ്പലം, ചെറുതാഴം, കണ്ണൂർ
  • മരുത്തൂർ ഹനുമാൻ ക്ഷേത്രം, നെയ്യാറ്റിൻകര, തിരുവനന്തപുരം
  • പമ്പാ ഗണപതി ക്ഷേത്രം, ശബരിമല - ഹനുമാൻ ഉപദേവൻ.
  • ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രം - ഹനുമാൻ ഉപദേവൻ.
  • തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം- ഹനുമാൻ ഉപദേവൻ.
  • ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം - ഹനുമദ് രൂപം ക്ഷേത്രത്തിലെ ഒരു തൂണിന്മേൽ കൊത്തി വച്ചിട്ടുണ്ട്.
  • ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, എറണാകുളം - ഹനുമാൻ ഉപദേവൻ.
  • ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, നീരേറ്റുപുറം, ആലപ്പുഴ ജില്ല (ഹനുമാൻ ഉപദേവൻ)
  • പുതിയകാവ് ഭഗവതി ക്ഷേത്രം, കൊല്ലം (ഹനുമാൻ ഉപദേവൻ)

വഴിപാടുകൾ

[തിരുത്തുക]

പഴവർഗങ്ങൾ, വെറ്റിലമാല, അവൽ നിവേദ്യം എന്നിവയാണ് പ്രധാന വഴിപാടുകൾ.

പ്രധാന ദിവസങ്ങൾ

[തിരുത്തുക]

പ്രധാന ദിവസങ്ങൾ - ശനിയാഴ്ച, ചൊവ്വാഴ്ച.

ശനിയാഴ്ച ഹനുമദ് പൂജ നടത്തുന്നത് ദുരിതശാന്തിക്കും ശനിദോഷമുക്തിക്കും വിശേഷമാണെന്നാണ് വിശ്വാസം. മഹാബലവാനായ ഹനുമാന് ചൊവ്വാഴ്ച ഏറെ പ്രധാനമാണ്. വിഷ്ണു അഥവാ ശ്രീരാമ പ്രധാനമായ വ്യാഴാഴ്ച ഹനുമാനെ ‌കൂടി ആരാധിക്കുന്നത് വിശേഷം ആണെന്നും വിശ്വാസം ഉണ്ട്.

ഹനുമദ് ജയന്തി പ്രധാനം (ചൈത്ര മാസത്തിലെ പൗർണമി)

പേരിനു പിന്നിൽ

[തിരുത്തുക]

സൂര്യനെ ചുവന്ന പഴം ആണെന്നു വിചാരിച്ച് ഹനുമാൻ കഴിക്കാനായി ആകാശത്തേക്ക് കുതിച്ചെന്നും അപ്പോൾ ഇന്ദ്രൻ വജ്രായുധം ഹനുമാന്റെ മേൽ പ്രയോഗിച്ചതായി ഐതിഹ്യം ഉണ്ട്.... അപ്പോൾ ഹനുവിൽ (താടിയിൽ) മുറിവേറ്റതു കൊണ്ട് ഹനുമാൻ എന്നറിയപ്പെട്ടു. ആഞ്ജനേയൻ (അഞ്ജനയുടെ പുത്രൻ), മാരുതി തുടങ്ങിയ പേരുകളിലും ഹനുമാൻ അറിയപ്പെടുന്നു.

ജീ‍വിതം

[തിരുത്തുക]

അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരവീരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. [1]

പ്രാർത്ഥനാ ശ്ലോകങ്ങൾ

[തിരുത്തുക]
  1. യത്രയത്ര രഘുനാഥകീർത്തനം
    തത്രതത്ര കൃതമസ്തകാഞ്ജലീം
    ബാഷ്പവാരിപരിപൂർണലോചനം
    മാരുതീം നമതരാക്ഷസാന്തകം[2]
  2. അസാദ്ധ്യ സാധക സ്വാമി അസാദ്ധ്യം തവ കിം വദ രാമദൂത കൃപാ സിന്ധോ മദ്കാര്യം സാധയ പ്രഭോ. (കാര്യസിദ്ധി പ്രാർഥന)
  3. ബുദ്ധിർബലം യശോധൈര്യം നിർഭയത്വം അരോഗത അജാട്യം വാക്പടുത്വം ചഹനുമദ് സ്മരണാദ് ഭവേത്.
  4. മനോജവം മാരുതതുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥമുഖ്യം ശ്രീരാമദൂതം ശരണം പ്രപദ്യേ (ശിരസാ നാമാമി എന്നും പ്രചാരത്തിലുണ്ട്)
  5. ഓം നമോ ഹനുമതേ രുദ്രാവതാരായ സർവ്വ ശത്രു സംഹാരണായ സർവ്വ രോഗഹരായ സർവ്വ വശീകരണായ രാമദൂതായ സ്വാഹാ.

അവലംബം

[തിരുത്തുക]
  1. ഹനുമാൻ ചാലീസ, 'തുളസീദാസ് '
  2. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

മലയാളത്തിലെ ഹനുമാൻ ചാലിസ Archived 2024-10-07 at the Wayback Machine എന്നത് ഭഗവാൻ ഹനുമാൻ്റെ ശക്തിയും ഭക്തിയും സംരക്ഷണവും വിളിച്ചോതുന്ന ഒരു വിശുദ്ധ സ്തുതിയാണ്.


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ഹനുമാൻ&oldid=4597903" എന്ന താളിൽനിന്ന് ശേഖരിച്ചത്