അഹല്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹല്യാ - രാജാരവിവർമ്മയുടെ ചിത്രത്തിൽ

രാമായണത്തിലും മഹാഭാരതത്തിലും പ്രതിപാദിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ ഒരാളാണ് അഹല്യ. (ഇംഗ്ലീഷ്  : Ahalya, സംസ്കൃതം : अहल्या, തമിഴ് : அகலிகை) പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വമഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. മഹാ തപസ്വിയായിരുന്ന ഗൗതമ മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയിൽ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരുന്ന ശതാനന്ദൻ. [1]

ബാലിയും സുഗ്രീവനും[തിരുത്തുക]

കിഷ്കിന്ധാപതികളായിരുന്ന ബാലിയേയും, സുഗ്രീവനേയും വളർത്തിയത് അഹല്യയായിരുന്നു.[2]

അരുണന്റെ ദേവലോക സന്ദർശനം[തിരുത്തുക]

ഉത്തര രാമായണത്തിൽ ഇതിനെ പ്രതിപാദിക്കുന്ന ഒരു കഥ പറയുന്നുണ്ട്.
കഥാസാരം: ഒരിക്കൽ സൂര്യന്റെ തേരാളിയായ അരുണൻ ഒരു സുന്ദരിയായ ദേവസ്ത്രീയായി ദേവലോകം സന്ദർശിക്കുകയും, തുടർന്ന് ദേവേന്ദ്രനിൽ ഒരു പുത്രനെ സമ്പാദിക്കുകയും ചെയ്തുവത്രേ. അരുണനു ദേവേന്ദ്രനിൽ ഉണ്ടായ പുത്രനാണ് ബാലി. പിതാവ് : ദേവേന്ദ്രനും, മാതാവ്: അരുണനും. ദേവലോകത്തു നിന്നും വരാൻ താമസിച്ചതിന്റെ കാരണം സൂര്യന് വിശദീകരിക്കുകയും, തുടർന്ന് സൂര്യനിലും അരുണനു ഒരു പുത്രനെ കൂടി ലഭിച്ചു. സൂര്യനിൽ നിന്നും അരുണനുണ്ടായ പുത്രനാണ് സുഗ്രീവൻ. [3]

ഈ രണ്ടു പുത്രന്മാരേയും മാതാവായ അരുണൻ മക്കളില്ലാത്ത അഹല്യാദേവിക്ക് സമ്മാനിക്കുകയും അരുണൻ സൂര്യനിലേക്ക് തിരിച്ചു പോകുകയും ചെയ്തു. അഹല്യയുടെ പുത്രനായ ശതാനന്ദൻ അതിനോടകം സന്യാസം സ്വീകരിച്ച് മാതാപിതാക്കളെ വിട്ട് പോയിരുന്നു. അരുണന് ഇവരെ കൂടാതെ രണ്ടു പുത്രന്മാർ കൂടിയുണ്ട്, അവരാണ് സമ്പാതിയും, ജടായുവും. [4]

ബാലിയേയും സുഗ്രീവനേയും ഗൗതമമുനി ശപിക്കുന്നത്[തിരുത്തുക]

ബാലി-സുഗ്രീവയുദ്ധം

ബാല്യകാലത്ത് മനുഷരൂപമായിരുന്ന ബാലി-സുഗ്രീവന്മാരെ വാനരരൂപികളാക്കി ശപിച്ചത് ഗൗതമ മഹർഷിയായിരുന്നു. പുത്രന്മാരെ കിട്ടിയതു മുതൽ ഭർതൃ ശ്രുശ്രൂഷകൾ മറന്നു പോയ അഹല്യ, പലപ്പോഴും ഗൗതമ മഹർഷിയുടെ നിത്യനിദാനങ്ങൾ പലതും ചെയ്യാൻ കൂട്ടാക്കാതെ മുടക്കുകയും, പുത്ര ശുശ്രൂഷയിൽ മാത്രം മുഴുകിയിരുന്നിരുന്നു. ഇത് സഹിക്കാവയ്യാതെ വന്നപ്പോൾ ഗൗതമമുനി ബാലി-സുഗ്രീവന്മാരെ കുരങ്ങന്മാരായി പോകട്ടെയെന്നു ശപിക്കുകയും, തുടർന്ന് ജാംബവാൻ ഇവരെ ഗൗതമാശ്രമത്തിൽ നിന്നും കിഷ്കിന്ധയിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തു. [5]

ദേവേന്ദ്രനും അഹല്യയും[തിരുത്തുക]

കഥാസാരം: പല കൃതികളിലും അഹല്യാ-ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. വാല്മീകിയുടേയും, തുഞ്ചത്ത് രാമാനുജന്റെയും അദ്ധ്യാത്മരാമായണത്തിൽ അഹല്യാമോക്ഷത്തിൽ ഈ കഥ പറയുന്നു. അതിസുന്ദരിയായിരുന്ന അഹല്യാദേവിയെ കാണാൻ പലപ്പോഴും ദേവേന്ദ്രൻ ആശ്രമത്തിൽ വരാറുണ്ടായിരുന്നു. പുത്രനെ കാണാനെന്നുള്ള പേരിൽ ദേവേന്ദ്രന്റെ സന്ദർശനത്തിൽ സംശയാതീനനായുന്നു മഹർഷി. ഒരിക്കൽ രാത്രിയിൽ അക്കാലത്ത് ഇന്ദ്രൻ വന്ന് നേരം വെളുക്കാറായി എന്നസൂത്രത്തിൽ ഗൗതമനെ ആശ്രമത്തിൽ നിന്നകറ്റുകയും അതിനുശേഷം അഹല്യയുടെ അടുത്ത് ഗൗതമ രൂപത്തിൽ എത്തികയും ചെയ്തു. ഗംഗാനദിയിൽ സ്നാനം ചെയ്യാൻ ചെന്ന മുനി, നിശ്ചലമായി (ഉറങ്ങുന്നു വെന്നു സങ്കല്പം) ഒഴുകുന്ന ഗംഗാനദിയെ കണ്ട്, തനിക്കു സമയം തെറ്റിപ്പോയി എന്നു മനസ്സിലാക്കിയ മുനി തിരിച്ചുവന്നപ്പോൾ, നടന്ന സംഗതികൾ ഗ്രഹിച്ച് ശാപശക്തിയാൽ ഇന്ദ്രനേയും അഹല്യയേയും ശപിച്ചു. [6]

മുനി ശാപം[തിരുത്തുക]

ഗൗതമ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായും ശപിച്ചു. ദേവന്മാരുടെ അപേക്ഷയനുസരിച്ച് ദേവേന്ദ്രനെ പിന്നീട് സഹസ്രാക്ഷനായി മാറ്റി, ശാപമോക്ഷത്തിനായി ത്രിമൂർത്തീമാരെ തപസ്സു ചെയ്ത് പൂർണ്ണ ശാപമോക്ഷം വരാൻ അനുഗ്രഹിക്കുകയും ചെയ്തു. അഹല്യക്ക് ത്രേതായുഗം വരെ കാത്തിരിക്കാനും ത്രേതായുഗത്തിൽ മഹാവിഷ്ണുവിന്റെ പാദ-സ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുമെന്നും അനുഗ്രഹിക്കുകനുണ്ടായി. ഇത് നടക്കുന്നത് കൃതയുഗത്തിലായിരുന്നു. [7]

അഹല്യാമോക്ഷം[തിരുത്തുക]

അഹല്യാമോക്ഷം - രാജാരവിവർമ്മയുടെ ചിത്രത്തിൽ

അഹല്യാമോക്ഷത്തെ പറ്റി അദ്ധ്യാത്മരാമായണത്തിൽ ബാലകാണ്ഡത്തിലും, വാല്മീകി രാമായണത്തിൽ അയോദ്ധ്യാകാണ്ഡത്തിലും വിസ്തരിക്കുന്നുണ്ട്. വിശ്വാമിത്രന്റെ യാഗരക്ഷയ്ക്കായി ദശരഥാനുവാദത്തോടെ വിശ്വാമിത്രനൊരുമിച്ച് യാത്രതിരിച്ച രാമ-ലക്ഷ്മണന്മാർ യാഗരക്ഷക്കു ശേഷം വൈദേഹ രാജ്യത്തേക്കു പോകുകയും ജനകരാജധാനിയിലേക്കുള്ള വഴിയിൽ ശിലാരൂപിണിയായ അഹല്യയെ വിശ്വാമിത്രൻ അവർക്കു കാണിച്ചുകൊടുക്കുന്നതും, രാമപാദ സ്പർശം കൊണ്ട് അവൾക്കു ശാപമോചനം സിദ്ധിക്കുകയും ചെയ്തുവത്രെ.[8]

അവലംബം[തിരുത്തുക]

  1. അയോദ്ധ്യാകാണ്ഡം -- രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  2. കിഷ്കിന്ദാകാണ്ഡം -- രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  3. അയോദ്ധ്യാകാണ്ഡം -- രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  4. ഉത്തരരാമായണം -- രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  5. രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  6. അയോദ്ധ്യാകാണ്ഡം -- രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  7. അയോദ്ധ്യാകാണ്ഡം -- രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  8. അഹല്യാമോക്ഷം, അയോദ്ധ്യാകാണ്ഡം -- രാമായണം, മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
"https://ml.wikipedia.org/w/index.php?title=അഹല്യ&oldid=2280475" എന്ന താളിൽനിന്നു ശേഖരിച്ചത്