ബാലി (ഹൈന്ദവം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിഷ്കിന്ധയിലെ വാനരരാജാവായിരുന്ന ബാലി

ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് വാനര രാജാവായ ബാലി. ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായിരുന്ന ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. വിഷ്ണുവിന്റെ അവതാരമായ രാമൻ ഒളിയ‌മ്പെയ്താണ് ബാലിയെ വധിച്ചത്. ബാലിയെ ചതിയിൽ പെടുത്തി രാമനെക്കൊണ്ട് സുഗ്രീവൻ വധിപ്പിച്ചുവെന്നാണ് കഥ.

ബാലിക്കു ലഭിച്ച വരം[തിരുത്തുക]

ബാലിക്ക് എതിരെ യുദ്ധം ചെയ്യാൻ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നൊരു വരം കിട്ടിയിട്ടുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ബാലിയെ യുദ്ധത്തിൽ കീഴ്പെടുത്തുവാൻ കഴിയുമായിരുന്നില്ല. ഒരിക്കൽ ബാലി ശിവപൂജ ചെയ്തുകൊണ്ടിരിക്കു‌മ്പോൾ രാവണൻ ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ചു. രാവണന്റെ പകുതി ശക്തികൂടി ലഭിച്ച ബാലി രാവണനെ വാലിൽ ചുറ്റിയെടുത്ത് ലോകം മുഴുവൻ സഞ്ചരിച്ചു.

ബാലിയും സുഗ്രീവനും തമ്മിലുള്ള വൈരാഗ്യം[തിരുത്തുക]

ഒരിക്കൽ ബാലി, മായാവി എന്ന രാക്ഷസനുമായി യുദ്ധം ചെയ്യാൻ രാക്ഷസന്റെ ഗുഹയിലേക്ക് കയറിപ്പോകുമ്പോൾ ഗുഹാകവാടം ബന്ധിക്കാൻ സുഗ്രീവനോട് ആവശ്യപ്പെട്ടു. എന്നാൽ രാക്ഷസന്റെ മായയാൽ തെറ്റിദ്ധരിക്കപ്പെട്ട് ബാലി മരിച്ചു എന്നു കരുതി സുഗ്രീവൻ ഗുഹാകവാടം തുറക്കാതെ തിരികെ പോയി. സ്വയം ഗുഹാ കവാടം തുറന്ന് പുറത്തു വന്ന ബാലി സുഗ്രീവനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി, സുഗ്രീവന്റെ ഭാര്യയായ രൂമയെ സ്വന്തമാക്കി.

ബാലി വളരെ നല്ല രാജാവായിരുന്നുവെങ്കിലും തന്റെ അനുജനായ സുഗ്രീവൻ അബദ്ധത്തിൽ ചെയ്തു പോയ തെറ്റ് ക്ഷമിക്കാൻ തയ്യാറായില്ല.

ബാലിയുടെ അന്ത്യം[തിരുത്തുക]

ബാലിയും സുഗ്രീവനും തമ്മുലുള്ള യുദ്ധം - മരത്തിനു പിന്നിൽ മറഞ്ഞുനിൽക്കുന്ന രാമനും ലക്ഷ്മണനും ഹനുമാനും

രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ അന്വേഷിക്കുന്ന സമയത്ത്, ശ്രീരാമൻ സുഗ്രീവനുമായി സീതാന്വേഷണത്തിനുവേണ്ടി സഖ്യത്തിലേർപ്പെട്ടു. ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവാക്കുക എന്നതായിരുന്നു സീതാന്വേഷണത്തിനു സുഗ്രീവൻ വെച്ച നിബന്ധന. അതംഗീകരിച്ച രാമൻ, സുഗ്രീവനോട് ബാലിയെ യുദ്ധം ചെയ്യാൻ വെല്ലുവിളിക്കാൻ ആവശ്യപ്പെടുകയും, നേരിട്ട് യുദ്ധം ചെയ്യാൻ പറ്റാത്തതു കൊണ്ട് മരത്തിനു പിന്നിൽനിന്നും അമ്പെയ്തു ബാലിയെ വധിക്കാം എന്നറിയിക്കുകയും ചെയ്തു. രൂപസാദൃശ്യമുള്ള സഹോദരങ്ങളിൽ നിന്നും മാലയണിഞ്ഞ സുഗ്രീവനെ ശ്രീരാമൻ തിരിച്ചരിയുകയും ബാലിയെ ഒളിയമ്പെയ്തു വധിക്കുകയും ചെയ്തു.

അമ്പേറ്റ് നിലത്തുവീണ ബാലി താൻ ചെയ്ത തെറ്റുകൾ എന്താണെന്നു ശ്രീരാമനോടു ചോദിക്കുകയും അതിനുത്തരമായി സഹോദരനെ മകനായി കാണണമെന്നും അവന്റെ ഭാര്യയെ സ്വന്തമാക്കിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും മറുപടികൊടുത്തു. ശേഷം തന്റെ വിശ്വരൂപം കാട്ടി ബാലിക്ക് മോക്ഷം കൊടുത്തു.

"https://ml.wikipedia.org/w/index.php?title=ബാലി_(ഹൈന്ദവം)&oldid=2531216" എന്ന താളിൽനിന്ന് ശേഖരിച്ചത്