രാമചരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതഹംപുരാണസംഹിതദേവീമാഹാത്മ്യം

തിരുത്തുക

പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ ഒരു കൃതിയാണ്‌ രാമചരിതം. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്‌ രാമചരിതം എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതിൽ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ചിലർ ഇതിനെ കാണുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ തിരുനിഴൽമാലയാണ് ആദ്യമുണ്ടായത്.

കവി, കാലം, ദേശം[തിരുത്തുക]

രാമചരിതകർത്താവ് ഒരു ചീരാമകവി ആണെന്ന് ഗ്രന്ഥാവസാനത്തിൽ സൂചിപ്പിക്കുന്നുണ്ട്.[1] ചീരാമൻ എന്നത് ശ്രീരാമൻ എന്ന പദത്തിന്റെ തദ്ഭവമാണെന്നും അദ്ദേഹം ക്രി.പി. 1195 മുതൽ 1208 വരെ തിരുവിതാംകൂർ ഭരിച്ച മണികണ്ഠബിരുദാലങ്കൃതനായ ശ്രീ. വീരരാമവർമ്മാവാണെന്നുമാണ് ഉള്ളൂരിന്റെ അഭിപ്രായം. ആദ്യന്തങ്ങളിലെ പദ്മനാഭസ്തുതിയും[1] ക്രി.പി. 1120-1200 വർഷങ്ങൾക്കിടയിൽ ജീവിച്ച കമ്പരെ രാമചരിതകാരൻ ഉപജീവിക്കുന്നുവെന്നതും തെളിവായി അദ്ദേഹം നിരത്തുന്നു. രാമചരിതം നിർമ്മിച്ചത് തിരുവിതാംകൂറിലെ ഒരു മഹാരാജാവാണെന്നും അതിൽ യുദ്ധകാണ്ഡകഥ മാത്രം വർണിച്ചത് തന്റെ യോദ്ധാക്കളുടെ ഹൃദയോത്തേജനത്തിനു വേണ്ടിയാണെന്നും ഒരൈതിഹ്യവും ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു.[2] തെക്കൻ തിരുവിതാംകൂറിലെ ഏതോ പണ്ഡിതൻ രചിച്ചതാകാമെന്ന് ആറ്റൂരും അഭിപ്രായപ്പെടുന്നു. എന്നാൽ തെക്കൻ തിരുവിതാംകൂറിലാണ് രാമചരിതത്തിന്റെ പിറവി എന്ന വാദം ഡോ. കെ.എം. ജോർജ്ജും രാമചരിതത്തിന് വ്യാഖ്യാനം എഴുതിയ പി.വി. കൃഷ്ണൻ നായരും എതിർക്കുന്നു.[3] രാമചരിതത്തിന്റെ വട്ടെഴുത്തിലുള്ള താളിയോലപ്പകർപ്പ് ഉത്തരകേരളത്തിലെ നീലേശ്വരത്തുനിന്നും കണ്ടെടുത്തിട്ടുണ്ട് എന്നതാണ് ഒരു കാരണം. ഈ കൃതി ഉത്തരകേരളത്തിലെ മണിയാണിനായന്മാർക്കിടയിൽ വളരെ പ്രചാരമുള്ളതാണെന്നും അവരുടെ വീടുകളിൽ വച്ച് പൂജിക്കപ്പെടുന്നുണ്ടെന്നും കൃഷ്ണൻ നായർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരുടെ പൂർവികരിലൊരാളായിരിക്കാം ഇതിന്റെ കർത്താവെന്നൊരഭിപ്രായവും അദ്ദേഹം ഉന്നയിക്കുന്നു. രാമചരിതത്തിലെ ചാട്ടുക(എറിയുക), ഇന്നും(ഇനിയും), നടേ(ആദ്യമായി), കൊണ്ടരിക(കൊണ്ടുവരിക) തുടങ്ങിയ ഉത്തരകേരളത്തിൽ മാത്രം പ്രചാരമുള്ള പദങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ഹെർമ്മൻ ഗുണ്ടർട്ടാണ് രാമചരിതത്തെക്കുറിച്ച് ആദ്യ പരാമർശം നടത്തിയത്

ഉള്ളടക്കം[തിരുത്തുക]

ലീലാതിലകം ലക്ഷണപ്രകാരം ('ദ്രമിഡസംഘാതാക്ഷരനിബദ്ധ-യെതുകമോന വൃത്തവിശേഷയുക്തം പാട്ടു') പാട്ടുസാഹിത്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രാമചരിതം. എതുകയും മോനയും കണിശമായി പാലിക്കുന്നു. ചിലയിടങ്ങളിൽ അന്താദിപ്രാസവും കാണാം. 1814 പാട്ടുകളെ 164 പടലങ്ങളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു. മിക്കവാറും പടലങ്ങളിൽ 11 പാട്ടുകളാണുള്ളത്. 12 വീതം പാട്ടുകളുള്ള 14ഉം 10 വീതം പാട്ടുകളുള്ള 4ഉം പടലങ്ങളുണ്ട്. ഓരോ പരിച്ഛദത്തിലും 11 പാട്ടുകൾ വീതം ഉൾപ്പെടുത്തുക എന്നുള്ളത് ചില നായനാർമാരുടെയും ആഴ്വാന്മാരുടെയും ശൈലിയുടെ അനുകരണമാണെന്ന് ഉള്ളൂർ[2]‍.

യുദ്ധകാണ്ഡമാണ് രാമചരിതത്തിലെ പ്രതിപാദ്യമെങ്കിലും യുദ്ധകാണ്ഡത്തിന്റെ ഭൂമികയിൽ രാമായണകഥയെ സംഗ്രഹിക്കുകയാണ് രാമചരിതകാരൻ. ശ്രീരാമന്റെ ചിത്രകൂടവാസം മുതലുള്ള ഇതിവൃത്തം ഹനുമാൻ ഭരതനോട് പറയുന്ന രാമായണഭാഗത്തെ കവി 120 മുതൽ 155 വരെ പടലങ്ങളിലാണ് വിസ്തരിക്കുന്നത്.

കമ്പരുടെയും വാല്മീകിയുടെയും സ്വാധീനം രാമചരിതത്തിൽ പ്രകടമാണ്. അദ്ധ്യാത്മരാമായണത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്.[അവലംബം ആവശ്യമാണ്]

രാമചരിതത്തിലെ ഭാഷ[തിരുത്തുക]

ദ്രമിഡസംഘാതാക്ഷരങ്ങൾ മാത്രമേ രാമചരിതത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. അതായതു ദ്രാവിഡ അക്ഷരമാലയിൽ ഉള്ള മുപ്പതു വർണങ്ങൾ മാത്രമേ രാമചരിതകവി ഉപയോഗിച്ചിട്ടുള്ളൂ. സംസ്കൃതപദങ്ങൾ തത്സമമായി‍ത്തന്നെ ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സംസ്കൃത പദങ്ങൾ ദ്രാവിഡീകരിച്ചാണ് പ്രയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിനു 'ഭോഗിഭോഗശയനാ' എന്നതിന് പകരം രാമചരിതകാരൻ സ്വീകരിച്ചിരിക്കുന്നത് 'പോകിപോകചയനാ' എന്ന് ദ്രാവിഡീകരിച്ച രൂപമാണ്. വിഭക്ത്യന്തപദങ്ങൾ പോലും കുറവല്ല. കേരളപാണിനി അവതരിപ്പിച്ച നയങ്ങൾ പൂർണമായും സംഭവിക്കാത്ത ഭാഷയാണ്‌ രാമചരിതത്തിലേത്. അനുനാസികാതിപ്രസരം, താലവ്യാ‍ദേശം ഇവ ഇല്ലാത്ത രൂപങ്ങൾ രാമചരിതത്തിൽ സുലഭമാണ് . പുരുഷഭേദം ഉള്ളതും ഇല്ലാത്തതുമായ രൂപങ്ങൾ കാണാം. വിശേഷണവിശേഷ്യങ്ങൾക്ക് പൊരുത്തവും ദീക്ഷിച്ചിട്ടുണ്ട്. ലീലാതിലകത്തിൽപ്പറയുന്ന സന്ധിനിയമങ്ങളും രാമചരിതത്തിലുണ്ട് . രാമചരിതത്തിലെ വൃത്തങ്ങളാണ് പിന്നീട് കാകളി, മണികാഞ്ചി, ഊന കാകളി എന്നീ വൃത്തങ്ങളായി പരിണമിച്ചത്.

നാട്ടുഭാഷയോ പാട്ടുഭാഷയോ[തിരുത്തുക]

രാമചരിതത്തിൽ പ്രയുക്തമായ ഭാഷ അക്കാലത്തെ കേരളഭാഷയുടെ നേർപ്പകർപ്പാണെന്നും അല്ലെന്നും രണ്ടുപക്ഷമുണ്ട്. സംസ്കൃതാക്ഷരമാലയുടെ പ്രവേശത്തിനു മുമ്പ് നിബന്ധിക്കപ്പെട്ടതാണ് രാമചരിതമെന്നും മലയാളത്തിന്റെ പ്രാക്തനരൂപം ഇതു പ്രദർശിപ്പിക്കുന്നുവെന്നും ഗുണ്ടർട്ട്.[4]‍ അതുണ്ടായ കാലത്ത് തെക്കൻ കേരളത്തിൽ സംസ്കൃതം അധികം നടപ്പായിട്ടില്ലെന്നും ആ കാലത്ത് ആ പ്രദേശത്ത് സാധാരണയായിരുന്ന ഭാഷയിൽ എഴുതിയ കൃതിയാണെന്നും ഗോവിന്ദപ്പിള്ള പറയുന്നു. കരിന്തമിഴ് കാലത്തിന്റെ അവസാനമുണ്ടായ കൃതിയായിരിക്കാം രാമചരിതമെന്നാണ് ഏ. ആറിന്റെ പക്ഷം[5]‍ . 14-ആം ശതകത്തിന്റെ ആരംഭത്തിൽ കേരളത്തിൽ ത്രൈവർണികരല്ലാത്തവർക്കിടയിൽ പ്രചരിച്ചിരുന്ന ഭാഷയുടെ സാഹിത്യരൂപമാണ് രാമചരിതത്തിൽ കാണുന്നതെന്നും, ത്രൈവർണ്ണികഭാഷയുടെ/ഭാഷാമിശ്രത്തിന്റെ കൃത്രിമത്വം തമിഴിലും ഇക്കാലത്ത് ധാരാളമായി കടന്നുകൂടിയിരുന്ന് എന്നും ഇളംകുളം[6]‍ .

രാമചരിതത്തിലെ ഭാഷ തമിഴോ മലയാളമോ എന്ന് നിർണ്ണയിക്കുക സാധ്യമല്ലെന്ന് പ്രസ്താവിച്ചുകൊണ്ട് മലയാളം എന്നൊരു തനിഭാഷയില്ലെന്നും അതു പഴന്തമിഴ് തന്നെയാണെന്നും സ്ഥാപിക്കൻ ശ്രമിക്കുന്ന ഗോപിനാഥറാവു എന്ന തമിഴ് പണ്ഡിതനെ ഉദ്ധരിച്ച് യോജിക്കുന്നുണ്ടെങ്കിലും രാമചരിതം അതുണ്ടായ കാലത്ത് മലയാളം പാട്ടിൻ ഉപയോഗിച്ചിരുന്ന സാഹിത്യഭാഷയിൽ എഴുതിയതാണെന്നു തന്നെയാണ് ഉള്ളൂരിന്റെ അഭിപ്രായം[2]‍. ചെന്തമിഴും മലയാളവും കലർത്തിയ മിശ്രഭാഷാകൃതിയാണ് രാമചരിതമെന്ന് ആറ്റൂരും അദ്ദേഹത്തെ അനുവർത്തിച്ചുകൊണ്ട് ‘സാഹിത്യപ്രണയനത്തിനുവേണ്ടി തെക്കൻ തിരുവിതാംകൂറിൽ അക്കാലത്തെ അംഗീകൃതമാ‍യ പ്രസ്ഥാനവിശേഷം മുൻനിർത്തിയാണ് രാമചരിതം രചിച്ചിട്ടുള്ളതെ‘ന്ന് ഗോദവർമ്മയും അഭിപ്രായപ്പെടുന്നു[7]‍.

അവലംബം[തിരുത്തുക]

 1. 1.0 1.1 ആതിതേവനിലമഴ്ന്ത മനകാമ്പുടൈയ ചീ-
  രാമനൻപിനൊടിയമ്പിന തമിഴ്ക്കവി വൽവോർ
  പോരിൽ മാതിനിടമാവരുടൽ വീഴ്വളവു പിൻ
  പോകിപോകചയനൻ ചരണതാരണൈവരേ.
 2. 2.0 2.1 2.2 ഉള്ളൂർ, കേരളസാഹിത്യചരിത്രം, കേരളസർവകലാശാല,1990; പുറം298-312 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 3. ഡോ. എം. ലീലാവതി, മലയാളകവിതാസാഹിത്യചരിത്രം
 4. ഗുണ്ടർട്ട്‍,മലയാളഭാഷാവ്യാകരണം
 5. ഏ.ആർ. രാജരാജവർമ്മ‍,കേരളപാണിനീയം
 6. ഇളംകുളം കുഞ്ഞൻപിള്ള, രാമചരിതം വ്യാഖ്യാനം‍,
 7. കെ. ഗോദവർമ്മ‍,കേരളഭാഷാ വിജ്ഞാനീയം
"https://ml.wikipedia.org/w/index.php?title=രാമചരിതം&oldid=3149262" എന്ന താളിൽനിന്ന് ശേഖരിച്ചത്