ചിത്രകൂടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാന്തരസം തൂകി നിൽക്കുന്ന വനമായി വാല്മീകി രാമായണത്തിൽ വിശേഷിപ്പിച്ചിരിക്കുന്ന മേഖലയാണ് ചിത്രകൂടം. മഹർഷിമാരുടേയും ആശ്രമത്തിന്റേയും സന്നിധ്യം ഇവിടെയുള്ള സ്വാഭാവിക പരിസ്ഥിതിയെ പരിഷ്കരിച്ചിരിക്കുന്നതായി കാണാം.മന്ദാകിനി നദിയുടെ സാമീപ്യവും ചിത്രകൂടത്തെ മനോഹരമാക്കുന്നു.


അളകനന്ദയുടെ ഒരു കൈവഴിയായാണ് മന്ദാകിനി അറിയപ്പെടുന്നത്. ഇവിടെ കുടിൽ കെട്ടി പാർത്തുകൊള്ളൂ എന്നാണ് ഭരദ്വാജമുനി ശ്രീരാമനോടു പറയുന്നത്. ചിത്രകൂടം എന്ന പർ‌വ്വതം മൂന്നര യോജന (5 മൈൽ) അകലെയാണെന്നും അതിനു ചുറ്റും കൊടും കാടാണെന്നും പറയുന്നുണ്ട്. ഈ കാട് പൂമരങ്ങൾ നിറഞ്ഞ ഒരു താഴ്വര(സമതലഭൂമി) ആണെന്ന് വർണ്ണനകളിലൂടെ വ്യക്തമാക്കുന്നു. (അയോദ്ധ്യാകാണ്ഡം 56:6-9). ഇവ കൂടാതെ അരുവികളെക്കുറിച്ചും വാല്മീകി വിവരിക്കുന്നുണ്ട്. പൂമരങ്ങൾ കൂടാതെ വളരെ ഉയർന്ന വന്മരങ്ങളും അവിടെ ഉള്ളതായും രാമായണത്തിൽ പറയുന്നു. വേണു, വേത്ര എന്നീ പുൽ‌വർഗ്ഗങ്ങളെക്കുറിച്ച് പറയുന്ന വാല്മീകി അവയ്ക്കിടയിൽ ഇന്ദ്രഗോപൻ എന്ന ചുവന്ന നിറമുള്ള ഷഡ്പദജീവികൾ ധാരാളമുള്ളതായും വ്യക്തമാക്കുന്നു. മറ്റൊരു സവിശേഷതയാണ് കിന്നരന്മാരെന്നും വിദ്യാധരന്മാരെന്നും പേരുള്ള കാട്ടുമനുഷ്യർ.

ഒട്ടേറെ സിദ്ധപുരുഷന്മാരും അവിടെയുള്ളതായി പറയുന്നു. ജലപക്ഷികളും അല്ലാത്തവയുമായി നിരവധി പക്ഷികളെക്കുറിച്ചും മദ്ധ്യേന്ത്യയിലെ കാടുകളിൽ സാധാരണമായ ജന്തുക്കളെക്കുറിച്ചും വാല്മീകി വിശദമാക്കുന്നുണ്ട്. ഈ പ്രത്യേകതകളെല്ലാം കണക്കിലെടുത്താൽ ഇലപൊഴിയും കാടുകളിലേതയിരുന്നു (Tropical Deciduous Forests) ചിത്രകൂടത്തിലെ വനങ്ങളുടെ പരിസ്ഥിതിസ്വഭാവം അക്കാലത്തു് എങ്ങനെയുള്ളതായിരുന്നു എന്നു കണ്ടെത്താം.

ഇതും കാണുക[തിരുത്തുക]

Wiktionary
Wiktionary
ചിത്രകൂടം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ചിത്രകൂടം&oldid=3345775" എന്ന താളിൽനിന്ന് ശേഖരിച്ചത്