തിരുനിഴൽമാല
പാട്ടു പ്രസ്ഥാനത്തിലെ പ്രാചീനകൃതികളിൽ ഒന്നാണ് തിരുനിഴൽമാല. തിരുവാറന്മുള അപ്പന്റെ മഹാത്മ്യം പ്രകീർത്തിക്കുന്ന ഈ കൃതിയാണോ, രാമചരിതമാണോ പഴക്കമേറിയത് എന്നാ തർക്കം നിലനിൽക്കുന്നു. രാമചരിതം എന്ന കൃതിയെപ്പോലെ തമിഴിനോട് ഗാഢമായി അടുപ്പമുളള ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു.
കവി, കാലം, ദേശം[തിരുത്തുക]
ആറന്മുള ഗ്രാമത്തിന്റെ പുറംചേരിയായ അയിരൂർ പ്രദേശക്കാരനായ ഗോവിന്ദൻരചിച്ച കാവ്യമാണിതെന്നു വിശ്വസിക്കുന്നു. തിരുനിഴൽമാല ക്രി. വ. 1200-നും 1300-നും ഇടയ്ക്ക് രചിച്ചതാകമെന്നു കാവ്യം സംശോധിച്ചു പ്രസിദ്ധീകരിച്ച (1981) ഡോ. എം. എം പുരുഷോത്തമൻ നായർ അഭിപ്രായപ്പെടുന്നു.
ഉള്ളടക്കം[തിരുത്തുക]
ആറന്മുള ദേവന്റെ തിരുനിഴലിന്റെ പ്രകീർത്തനമാണ് ഇതിലെ ഉളളടക്കം. തിരുനിഴൽമാലയുടെ ഒന്നാം ഭാഗത്തിൽ ദേവതാസ്തുതികളും ഭാരതഖണ്ഡം, കേരളോത്പത്തി, ചേരരാജ്യം, അറുപത്തിനാലു ഗ്രാമങ്ങൾ, ആറന്മുളഗ്രാമം തുടങ്ങിയവയും രണ്ടാം ഭാഗത്തിൽ തൂവലുഴിയൽ, നാകൂറ് എന്നിവയും അടങ്ങിയിരിക്കുന്നു. മലയരയർ എന്ന പേരിൽ സമൂഹം ഇന്നറിയുന്ന മലയർ അർപ്പിക്കുന്ന ബലിയുടെ വർണനമാണ് മൂന്നാം ഭാഗത്തിലുളളത്. ഇതാണ് ഈ കൃതിയുടെ മുഖ്യഭാഗം. വിവിധ തരത്തിലുളള ബലികൾ, അതിൽ പങ്കെടുക്കുന്നവർ, പ്രകീർത്തിക്കപ്പെടുന്ന ദേവചരിതങ്ങൾ, കുറത്തിനൃത്തം, നിഴലേറ്റൽ എന്നിവ ഈ ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നു. ഉളളടക്കത്തിലും, ഭാഷാശൈലിയിലും ദ്രാവിഡ പാരമ്പര്യം പുലർത്തിയിട്ടുള്ളത് ഇതിന്റെ പ്രത്യേകതയാണ്. സാമൂഹികാചാരങ്ങൾ, ഭൂമിശാസ്ത്രം, ദേശചരിത്രം എന്നിവയിൽ അവഗാഹമുളള ആളായിരുന്നു ഗ്രന്ഥകർത്താവ്.
“ | മുകിലാന മുൻചുകപ്പും മുകിൾമുല്ലനകം കയെറ്റി കൈത്തലമണിന്ത ചെംപൊൽക്കനവള കലുപിലെന |
” |
— തിരുനിഴൽ മാലയിലെ രചനാരീതി |
ഭാഷാപരമായി ഈ കാവ്യത്തിനുളള പ്രധാന സവിശേഷത ദ്രാവിഡാക്ഷരമാലയിൽ രേഖപ്പെടുത്തപ്പെട്ട ദ്രാവിഡ പദങ്ങളും സംസ്കൃതപദങ്ങളും ഇതിൽ പ്രയോഗിച്ചിരിക്കുന്നു എന്നതാണ്. സാമാന്യമായി പറഞ്ഞാൽ ഇതിലെ ദ്രാവിഡഭാഷാ പ്രയോഗം രാമചരിതത്തിലെ ഭാഷാപ്രയോഗത്തോട് സാദൃശ്യമുളളതാണ്. അതായത് ദ്രാവിഡാക്ഷരങ്ങളിൽ മാത്രം രേഖപ്പെടുത്തിയിട്ടുളള ദ്രാവിഡപദങ്ങളും സംസ്കൃതപദങ്ങളുമാണ് ഈ കാവ്യത്തിൽ മുഖ്യമായി കാണുന്നത്. എന്നാൽ ദ്രാവിഡ അക്ഷരമാല മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ഗ്രന്ഥമല്ല ഇത്. അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം എന്നീ വ്യാകരണപരമായ മാറ്റങ്ങൾ സംഭവിച്ചതും സംഭവിക്കാത്തതുമായ ധാരാളം പദങ്ങൾ ഇതിൽ കാണാം. വിരുത്ത രൂപത്തിലുളള ഭാഗങ്ങൾ തമിഴിനോടും മറ്റുളളവ സമകാല ഭാഷണശൈലിയോടുമാണ് പൊരുത്തപ്പെട്ടിരിക്കുന്നത്. ആധുനിക മലയാളഭാഷയോട് അടുത്തു നില്ക്കുന്നതാണ് നാകൂറിലെ ഭാഷ. സംസ്കൃത പദങ്ങൾ വളരെ കുറവാണ് എന്നതും ഒരു പ്രത്യേകതയാണ്. മലയാള ലിപിയിലുളള ഇതിന്റെ താളിയോലഗ്രന്ഥം കണ്ണൂർ ജില്ലയിലെ വെളളൂരിലുളള ചാമക്കാൻ ദേവസ്വത്തിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.
ദ്രമിഡ സംഘാതാക്ഷരനിബദ്ധ എതുക മോന വൃത്തവിശേഷയുക്തം പാട്ടു |
തിരുനിഴൽമാലയിലെ ഭാഷ[തിരുത്തുക]
പാട്ടു ഭാഷയുടെ ലക്ഷണമായി ലീലാതിലകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുളള ദ്രാവിഡ സംഘാതാക്ഷരനിബദ്ധം ആയ ഭാഷ ഇതിൽ എല്ലായിടത്തും അതേപടി ഉപയോഗിച്ചിട്ടില്ല. അതിനാൽ ഇത് പാട്ടു പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണെന്ന് തറപ്പിച്ചു പറയുക സാധ്യമല്ല. എന്നാൽ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന തിരുനിഴൽമാല പാട്ടായി കണക്കാക്കാവുന്ന കൃതിയാണ്.
അവലംബം[തിരുത്തുക]
1.'മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ' : എരുമേലി