പരാശക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമാന്യമായ ശാക്തേയ ഹിന്ദുസംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽ‌പ്പമാണ് ശക്തി, പരാശക്തി അഥവാ "ആദിപരാശക്തി". സ്ത്രൈണരൂപത്തിലുള്ള പരമാത്മാവായാണ് ആദിശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നതു്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ദേവീ ആരാധന തുടങ്ങിയത്.ദേവീമഹാഭാഗവതം അനുസരിച്ച് ആദിശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾ. മറ്റുള്ള എല്ലാ ദൈവസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നതു് എന്നു് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് പരാശക്തിയെന്നു ദേവീ പുരാണങ്ങളിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിശക്തിയുടെ അവതാരമായി ദേവീമാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" തുടങ്ങി വിവിധ സഗുണ ഭാവങ്ങൾ ശക്തിക്കുണ്ട്. സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാം സൃഷ്ടിച്ച ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; ഏറ്റവും വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. ആദ്യയിലെ വലിയ ശക്തി എന്നതാണ് ആദിപരാശക്തിയുടെ അർത്ഥം. മഹാമായ, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിശക്തിക്കുണ്ട്."https://ml.wikipedia.org/w/index.php?title=പരാശക്തി&oldid=2533101" എന്ന താളിൽനിന്നു ശേഖരിച്ചത്