ദേവീമാഹാത്മ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദേവീമാഹാത്മ്യത്തിന്റെ ലഭ്യമായതിൽ ഏറ്റവും പഴയ കൈയെഴുത്തു പ്രതി പനയോലയിലാണിത് എഴുതിയിരിക്കുന്നത്. ആദ്യകാല ഭുജിമോൽ ലിപിയിൽ, ബിഹാറിലോ നേപ്പാളിലോ പതിനൊന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതായിരിക്കാം ഇതെന്നു കരുതപ്പെടുന്നു

ആദിപരാശക്തിയുടെ വിജയകഥകൾ വർണ്ണിക്കുന്ന സംസ്കൃത രചനയാണ്‌ ദേവീ മാഹാത്മ്യം. മഹിഷാസുരവധം, സുംഭനിശുംഭവധം, ചണ്ഡമുണ്ഡവധം തുടങ്ങി മഹാമായയുടെ മൂന്ന് ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ മാഹാത്മ്യകഥകളും ഭഗവതിയുടെ മറ്റു അനേകം ഭാവങ്ങളുടെ സ്തുതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ഇതിന്റെ രചനാ കാലമായി കണക്കാക്കപ്പെടുന്നത് അഞ്ചാം നൂറ്റാണ്ടാണ്‌. ഈ രചനയുടെ കർത്താവായി പാരമ്പര്യം ഘോഷിക്കുന്നത് മാർക്കണ്ഡേയ മുനിയെയാണ്‌.

ദുർഗ്ഗാഭഗവതിയെ സ്തുതിക്കുന്ന 700 പദ്യങ്ങൾ അടങ്ങുന്ന ഈ കൃതിയ്ക്ക് "ദുർഗ്ഗ സപ്തശതി" എന്നും പേരുണ്ട്. "ചണ്ഡിപാഠം" എന്നും ഇത് അറിയപ്പെടുന്നു. പാഠം എന്നത് അനുഷ്ഠാനപരമായ വായനയെ സൂചിപ്പിക്കുന്നു. ഇതിലെ 700 പദ്യങ്ങൾ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇതിലെ പതിനൊന്നാം അധ്യായം ഏറ്റവും പ്രധാനമായി കണക്കാക്കുന്നു. ഈ അധ്യായം പരാശക്തിയുടെ എല്ലാഭാവങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്. വെള്ളിയാഴ്ച ആണ് പതിനൊന്നാം അധ്യായം ജപിക്കേണ്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധമായ "സർവ്വമംഗള മംഗല്യേ" എന്ന് തുടങ്ങുന്ന നാരായണീ സ്തുതി ഈ അധ്യായത്തിലേത് ആണ്. ശാക്തേയരുടെ ഏറ്റവും പ്രധാന ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന ഈ കൃതിയ്ക്ക്[1], അവരുടെ അനുഷ്ഠാന വിധികളിൽ ഏറെ പ്രധാന്യമുണ്ട്.

വേദങ്ങളിലെ പുരുഷ ഭാവമുള്ള ദൈവ സങ്കല്പത്തെ, മുന്നേയുണ്ടായിരുന്ന മാതൃദൈവ ആരാധനയുമായി സമന്വയിപ്പിക്കാനും[2], ദൈവികതയെ സ്ത്രൈണ തത്ത്വമായി അവതരിപ്പിക്കാനുമുള്ള ശ്രമമായിരുന്നിരിക്കാം ഈ രചന. ആര്യവും അല്ലാത്തതുമായ പശ്ചാത്തലമുള്ള പല അമ്മ ദൈവ കഥകളേയും ഈ കൃതി ഒരേ കഥയിൽ സമർത്ഥമായി കൂട്ടിയിണക്കുന്നു.[3] ആൺദൈവത്തിന്റെ പ്രഭാവം കുറഞ്ഞ ഇണയെന്ന നിലയ്ക്കുള്ള പുരുഷ മേധാവിത്വപരമായ സ്ഥിതിയിൽ നിന്ന്, മഹാശക്തിയുടെ പ്രതീകം എന്ന അവസ്ഥയിലേയ്ക്കുള്ള സ്ത്രീ ദൈവത്തിന്റെ ശാക്തേയ പരിവർത്തനം,ഹിന്ദു പുരാവൃത്തത്തിന്റെ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്‌. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്നൊരു സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയരുടെ ഭഗവതി എന്ന ദൈവസങ്കല്പം ഉണ്ടായതെന്ന് കണക്കാക്കപ്പെടുന്നു അഥവാ സ്ത്രീകൾ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ഇതിനെ വിലയിരുത്തപ്പെടുന്നു. ഇതിനു പുറമേ, ഇതിലെ കഥ സാംഖ്യ ദർശനത്തിലെ പല അംശങ്ങളുമായും ബന്ധപ്പെട്ടു നിൽക്കുന്നു.

അവലംബം[തിരുത്തുക]

  1. Narayanan, Renuka, "To Devi, who abides in all beings as strength...', Hindustan Times Archived 2007-10-16 at the Wayback Machine., October 13, 2007.
    Refers to the Devimahatmyam as the "Shakta Bible"
  2. Kali, Davadatta (traanslator and commentator) (2003). Devimahatyam: In praise of the Goddess. Motilal Banarsidass.
  3. *Swami Jagadiswarananda, Devi Māhātmyam. p vi

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേവീമാഹാത്മ്യം&oldid=3634731" എന്ന താളിൽനിന്ന് ശേഖരിച്ചത്