Jump to content

പാർവ്വതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർ‌വ്വതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാർ‌വ്വതി (വിവക്ഷകൾ) എന്ന താൾ കാണുക. പാർ‌വ്വതി (വിവക്ഷകൾ)
പാർ‌വ്വതി
Power
ദേവനാഗരിपार्वती
Sanskrit TransliterationPārvatī
Affiliationആദിപരാശക്തി, ഭുവനേശ്വരി, ദുർഗ്ഗ, കാളി, അന്നപൂർണേശ്വരി, ഭഗവതി
നിവാസംകൈലാസം
ഗ്രഹംചൊവ്വ, ചന്ദ്രൻ
ആയുധംത്രിശൂലം, ശംഖ്,
ചക്രം, വില്ല്, താമര.
ജീവിത പങ്കാളിശിവൻ
Mountസിംഹം, കാള

ഹൈന്ദവപുരാണങ്ങൾ പ്രകാരം ഭഗവാൻ പരമശിവന്റെ പത്നിയും ആദിപരാശക്തിയുടെ പൂർണ്ണ അവതാരവുമാണ് മഹാദേവിയായ പാർവ്വതി. ശിവന്റെ പകുതി ശരീരമാണ് ശക്തിസ്വരൂപിണിയായ പാർവതി എന്നാണ് വിശ്വാസം. ശിവന്റെ ശക്തി എന്നത് പാർവതിയായി പുരാണങ്ങൾ സമർഥിക്കുന്നു. ശക്തിയെക്കൂടാതെ ശിവനെ ശവസമാനനായി കണക്കാക്കുന്നു. ശൈവ പുരാണങ്ങൾ പ്രകാരം ശരീരത്തിലെ ജീവൻ ശിവനും പാർവതി ബലവുമായി കണക്കാക്കപ്പെടുന്നു. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് ഭഗവതിക്ക് പാർ‌വ്വതി എന്ന പേരു വന്നത്. പുരാണങ്ങൾ പ്രകാരം ഹിമവാന്റെയും മേനറാണിയുടേയും പുത്രിയായി സർവ്വേശ്വരിയായ ആദിപരാശക്തി അവതരിക്കുകയും മഹാദേവനെ വിവാഹം ചെയ്യുകയും ചെയ്തു. ഗണപതി, സുബ്രമണ്യൻ എന്നിവർ മക്കളാണ്. ത്രിപുരസുന്ദരിയും, പ്രകൃതിയും, കുണ്ഡലിനിയും, പരമേശ്വരിയുമാണ് പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി ശൈവപുരാണങ്ങൾ വർണ്ണിക്കുന്നു. ത്രിദേവിമാരിൽ പരാശക്തിയുടെ പ്രതീകമാണ് പാർവതി. പാർവ്വതി സർവ്വഗുണ സമ്പന്നയാണ്. പ്രപഞ്ചം നിയന്ത്രിക്കുന്നത് ആദിപരാശക്തിയായ ഭുവനേശ്വരിയാണെന്ന് ശാക്തേർ വിശ്വസിക്കുന്നു. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും ഭുവനേശ്വരി രൂപത്തിലും, ദുർഗ്ഗ രൂപത്തിലും, കാളി രൂപത്തിലും നാലും, എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുരസുന്ദരി രൂപത്തിലും നാലു കരങ്ങൾ ഉണ്ട്. ആഹാരവും സമ്പദ് സമൃദ്ധിയും ദാരിദ്ര്യമോചനവും നൽകി അനുഗ്രഹിക്കുന്ന പാർവതിയുടെ ഭാവമാണ് അന്നപൂർണേശ്വരി. ദുഷ്ടന്മാരുടെ നേർക്ക് ചണ്ഡകോപം കാണിക്കുന്നലായത് കൊണ്ട് ചണ്ഡിക എന്ന് പേരു ലഭിച്ചു. ദുഷ്ട വധത്തിനായി പാർവതി സ്വീകരിച്ച കറുത്ത രൗദ്രരൂപമായി മഹാകാളിയെ കണക്കാക്കുന്നു. അതിനാൽ കരിംകാളി എന്നറിയപ്പെടുന്നു. പൊതുവെ പാർവ്വതിയുടെ (ദുർഗ്ഗ) വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം (കാള) ആണ് വാഹനം. ഭദ്രകാളി രൂപത്തിൽ വേതാളവും വാഹനമാണ്. പൂർണ്ണ ചന്ദ്രൻ (പൗർണമി ദിവസം) ദുർഗ്ഗ ആയും അമാവാസി ദിവസം കാളി ആയും ഭഗവതിയെ ആരാധിക്കുന്നു. ശിവശക്തി ഐക്യത്തിന്റെ പ്രതീകമായ ശ്രീചക്രത്തിൽ ഭഗവതി തന്നെയാണ് പ്രധാനം. മിക്ക ശിവ ക്ഷേത്രങ്ങളിലും പാർവതി ദേവിക്ക് പ്രതിഷ്ഠ ഉണ്ട്. ചില ക്ഷേത്രങ്ങളിൽ പാർവതിക്ക് ശിവനേക്കാൾ പ്രാധാന്യം കൊടുക്കാറുണ്ട്. ശിവ പ്രതിഷ്ഠ ഉണ്ടെങ്കിലും മധുര മീനാക്ഷി സുന്ദരേശ്വര, കൊല്ലൂർ മൂകാംബിക, തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം, ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം തുടങ്ങിയവ ഭഗവതി പ്രധാനമാണ്. ശിവക്ഷേത്രത്തിൽ പിൻവിളക്ക് കത്തിക്കുന്നത് ശ്രീ പാർവതിയെ ഉദ്ദേശിച്ചാണ്. സർവമംഗളം, ഇഷ്ടവിവാഹം, ദീർഘമാംഗല്യം എന്നിവയാണ് പാർവതി ഉപാസനയുടെ ഫലം എന്ന് വിശ്വാസികൾ കരുതുന്നു. ഹൈന്ദവ സമൂഹത്തിൽ താലി, വിവാഹവസ്ത്രം എന്നിവ പാർവതി സാന്നിധ്യമുള്ള ക്ഷേത്രങ്ങളിൽ പൂജ ചെയ്തു ധരിക്കുന്ന ചടങ്ങുകളും കണ്ടു വരുന്നു. സന്ധ്യയ്ക്ക് 6pm മുതൽ രാത്രി 9pm വരെയുള്ള സമയമാണ് പാർവതിയാമം എന്നറിയപ്പെടുന്നത്. ദേവി പുരാണങ്ങൾ പ്രകാരം ആദിപരാശക്തി ശിവനു ചുറ്റും പലവിധ ഭാവത്തിൽ തന്റെ ശക്തിയെ ആവിഷ്കരിക്കുമ്പോഴാണ് ശിവൻ സ്പന്ദിക്കാൻ പോലും ശക്തനാകുന്നത്. ഇത്തരത്തിൽ ശിവനു ചുറ്റുമുള്ള 10 ദിശകളിൽ വർത്തിക്കുന്ന ശക്തിയുടെ 10 ആവിഷ്കാരങ്ങളെയാണ് ദശ മഹാവിദ്യ എന്ന് പറയപ്പെടുന്നത്. ശിവന്റെ മുന്നിൽ കാളിയും, മുകളിൽ താരയും, താഴെ ഭൈരവിയും, വലത്തുഭാഗത്ത് ഛിന്നമസ്തയും, ഇടത്തുഭാഗത്ത് ഭുവനേശ്വരിയും, പിന്നിൽ ബഗളാമുഖിയും, ആഗ്നേയം അഥവാ തെക്ക് കിഴക്കിൽ ധൂമാവതിയും, നൈരൃത്യ അഥവാ തെക്ക് പടിഞ്ഞാറിൽ മഹാലക്ഷ്മിയും (കമല), വായുകോണിൽ അഥവാ വടക്ക് പടിഞ്ഞാറിൽ മാതംഗിയും, ഇശാനകോണിൽ അഥവാ വടക്ക് കിഴക്കിൽ ശോഡശി അഥവാ ത്രിപുരസുന്ദരിയും സ്ഥിതി ചെയ്യുന്നു. ചൊവ്വ, വെള്ളി, പൗർണമി, അമാവാസി തുടങ്ങിയവ പ്രധാന ദിവസങ്ങൾ. നവരാത്രി, തൃക്കാർത്തിക, തിരുവാതിര ആഘോഷം തുടങ്ങിയവ ഭഗവതിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങളാണ്.

ദേവി ഭാഗവതത്തിൽ[തിരുത്തുക]

ശ്രീമദ് ദേവി ഭാഗവതത്തിൽ ആദിപരാശക്തിയായ ശ്രീ ഭുവനേശ്വരി 14 ലോകങ്ങളിൽ ഒന്നായ മണിദ്വീപം എന്ന സ്വർഗീയ നഗരിയിൽ ബ്രഹ്‌മാ, വിഷ്ണു, മഹാദേവൻ തുടങ്ങിയ സർവ്വദേവന്മാരാലും സ്തുതിക്കപ്പെട്ടു സദാശിവ ഫലകത്തിൽ, കാമേശ്വരനായ സദാശിവന്റെ മടിത്തട്ടിൽ, ശ്രീചക്രരാജം എന്ന സിംഹാസനത്തിൽ ഇരിക്കുന്ന ജഗദീശ്വരിയും മഹാരാജ്ഞിയും (പരമേശ്വരി) ആണ്. ആ സർവേശ്വരിയുടെ ഇരുവശത്തും ലക്ഷ്മിയും സരസ്വതിയും നിൽക്കുന്നു. ആ ഭഗവതിയുടെ മൂന്ന് ഭാവങ്ങൾ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ അറിയപ്പെടുന്നു. ഇവ യഥാക്രമം താമസിക, രാജസിക, സാത്വിക ഗുണങ്ങളായി വർണ്ണിക്കപ്പെടുന്നു. ആ പരാശക്തിയുടെ ത്രിഗുണങ്ങളിൽ നിന്ന് ത്രിമൂർത്തികളായ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാർ ഉടലെടുത്തു എന്ന് ദേവി ഭാഗവതം പ്രസ്ഥാവിക്കുന്നു.

ഭാഗവതത്തിൽ മഹാവിഷ്ണുവിനെ മുൻനിർത്തി മധുകൈടഭന്മാരെ വധിക്കുവാൻ വേണ്ടിയാണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. ബ്രഹ്മാവിന്റെ പ്രാർഥന കേട്ടാണ് പരാശക്തി ഇപ്രകാരം അവതരിച്ചത്. ശ്രീപാർവതിയുടെ താമസിക രൂപമാണ് കാളി. ബാലഗണപതിയുടെ ശിരസ് മഹാദേവൻ ചേദിച്ചപ്പോൾ കോപിഷ്ടയായ ശ്രീ പാർവതി മഹാകാളിയായി മാറി. ദേവികോപം ഭയന്ന ത്രിമൂർത്തികൾ ഗണപതിക്ക് ആനയുടെ ശിരസ് നൽകി ഭഗവതിയോട് ക്ഷമാപണം നടത്തി സ്തുതിച്ചു.

ദേവി മാഹാത്മ്യത്തിൽ സുംഭനിസുംഭ യുദ്ധവേളയിൽ ചണ്ഡികാദേവിക്ക് തുണയേകുവാൻ അവതരിച്ച ഉഗ്രരൂപമാണ് മഹാകാളി. ചണ്ഡികയെ പിടിച്ചു കൊണ്ടു പോകുവാൻ ധൂമ്രലോചനൻ എത്തുന്നു. തന്റെ ഹുങ്കാരത്താൽ ധൂമ്രലോചനനെ നിഗ്രഹിച്ച കാളി ചണ്ടമുണ്ടന്മാരെയും വധിച്ചതിനാൽ ചാമുണ്ഡേശ്വരി എന്നറിയപ്പെട്ടു. പിന്നീട് രക്തബീജ വധത്തിന് ദേവിയെ സഹായിക്കുകയും ചെയ്തു. അതിനാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു.

നിത്യാനന്ദമയിയും നിരാകാരയും ആയ പരബ്രഹ്മസ്വരൂപിണിയായ ഉമാദേവിക്ക് ഒരിക്കൽ സാകാര രൂപത്തിൽ അവതരിക്കേണ്ടിവന്നു. ദേവന്മാരുടെ അഹങ്കാരം ശമിപ്പിക്കുവാൻ വേണ്ടിയാണ് ജഗന്മാതാവ് സരൂപയായത്.

ഒരിക്കൽ ദേവന്മാരും അസുരന്മാരും പരസ്പരം ഘോരയുദ്ധം ചെയ്തു. ആ ഘോരയുദ്ധത്തിൽ മഹാമായാപ്രഭാവത്താൽ ദേവന്മാർ വിജയിച്ചു. അസുരന്മാർ പരാജിതരായി പാതാളത്തിലേക്ക് പോയി.

ഗർവ്വിഷ്ഠരായ ദേവന്മാർ തങ്ങളുടെ കഴിവ് കൊണ്ടാണ് വിജയം നേടിയതെന്ന് അഹങ്കരിച്ചു. അപ്പോൾ അവരുടെ മുന്നിൽ കുടയുടെ രൂപത്തിൽ ഒരു തേജസ്സ് ആവിർഭവിച്ചു. മുമ്പ് കണ്ടിട്ടില്ലാത്ത ആ രൂപവും തേജസ്സും ദേവന്മാരെ ആശ്ചര്യഭരിതരാക്കി. അഹങ്കാരനാശിനിയായ പരാശക്തിയുടെ മഹിമ മനസ്സിലാക്കാത്തതുകൊണ്ടാണ് അവർക്ക് അത്ഭുതം ഉണ്ടായത്.

ദേവേന്ദ്രൻ ദേവന്മാരോട് ആ തേജസ്സ് എന്താണെന്ന് പരീക്ഷിക്കുവാൻ ആവശ്യപ്പെട്ടു. വായുദേവനാണ് തേജസ്സിന്റെ മുന്നിൽ ആദ്യം എത്തിയത്. അപ്പോൾ തേജസ്സ് ആരാണെന്ന് ചോദിച്ചു. താൻ ജഗത്പ്രാണനായ വായുവാണെന്ന് അഹങ്കാരത്തോടുകൂടി പറഞ്ഞു. ചരാചരങ്ങളെല്ലാം തന്നിലാണ് വ്യാപിച്ചിരിക്കുന്നതെന്നും താനാണ് എല്ലാം ചലിപ്പിക്കുന്നതെന്നും കൂടി വായുദേവൻ പറഞ്ഞു. അപ്പോൾ ഒരു തൃണം (പുല്ല്) അവിടെ വച്ചിട്ട് അത് ഇളക്കുവാൻ തേജസ്സ് ആവശ്യപ്പെട്ടു. സർവ്വശക്തിയും പ്രയോഗിച്ചിട്ടും വായുദേവൻ അത് അനക്കുവാൻ സാധിച്ചില്ല. ലജ്ജിതനായ അദ്ദേഹം നടന്ന കാര്യവും തന്റെ പരാജയവും ദേവന്മാരോട് പറഞ്ഞു.

തുടർന്ന് ദേവന്മാരും ദേവേന്ദ്രനും ആ തേജസ്സിന്റെ രൂപം ചെന്ന് തൃണം ഇളക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോൾ കരുണാമയിയായ ദേവി ദേവന്മാരുടെ അഹങ്കാരം തീർക്കുവാനും അവരെ അനുഗ്രഹിക്കുവാനും ആയി പ്രത്യക്ഷപ്പെട്ടു. ചൈത്രത്തിലെ (മേടമാസം) ശുക്ലപക്ഷത്തിലെ നവമി തിഥിയിൽ മദ്ധ്യാഹ്ന സമയത്താണ് സച്ചിദാനന്ദ രൂപിണി അവതരിപ്പിച്ചത്. ചുമന്ന വസ്ത്രവും ചുമന്ന മാലയും ധരിച്ച് ചുമന്ന ലേപനങ്ങളോടുകൂടി ചതുർഭുജയായിട്ടാണ് ദേവന്മാർക്ക് ദേവി ദൃശ്യയായത്.

താൻ തന്നെയാണ് പരബ്രഹ്മമെന്നും പരംജ്യോതിയെന്നും ദേവി അവരോട് പറഞ്ഞു. ആകാരമില്ലാത്തവളാണെങ്കിലും ചിലപ്പോൾ സാകാരയായും ഭവിക്കും. ചിലപ്പോൾ പുരുഷനായിട്ടും മറ്റു ചിലപ്പോൾ നാരിയായിട്ടും താൻ വർത്തിക്കുന്നു എന്ന് പരാശക്തി പറഞ്ഞു. തനിക്ക് സഗുണമെന്നും നിർഗുണമെന്നും രണ്ട് രൂപങ്ങൾ ഉണ്ടെന്ന് ദേവി അറിയിച്ചു. കാളിയും വാണിയും ലക്ഷ്മിയും തന്റെ അംശത്തിൽ നിന്ന് ഉണ്ടായവരാണെന്ന് പറഞ്ഞ ദേവി ത്രിമൂർത്തികളും താൻ തന്നെയാണെന്ന് പറഞ്ഞു. വായുവിനെക്കൊണ്ടും അഗ്നിയെക്കൊണ്ടും ഒക്കെ അതത് കർമ്മങ്ങൾ അനുഷ്ഠിപ്പിക്കുന്നത് ദേവിയാണ്. ചിലപ്പോൾ അസുരന്മാരേയും ചിലപ്പോൾ ദേവന്മാരേയും ദേവി പരാജയപ്പെടുത്താറുണ്ട്.

ദേവന്മാർ തങ്ങളുടെ അഹങ്കാരത്തിന് ക്ഷമായാചനം നടത്തുകയും ഇനി അഹങ്കാരം ഉണ്ടാകാതിരിക്കുവാൻ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ലളിതോപാഖ്യാനത്തിൽ[തിരുത്തുക]

ഭണ്ഡാസുരന്റെ ഉപദ്രവത്തിൽ പീഡിതരായ ദേവന്മാർ യാഗാഗ്നിയിൽ സ്വശരീരങ്ങൾ ഹോമിച്ചു തുടങ്ങിയപ്പോൾ പാർവതി തന്റെ മൂലരൂപമായ ലളിത ത്രിപുരസുന്ദരിയായി അഗ്നികുണ്ഡത്തിൽ നിന്നും കോടിസൂര്യപ്രഭയോടെ ഉയർന്നു വന്നു. ദേവന്മാർക്ക് സ്വരൂപങ്ങൾ വീണ്ടു കിട്ടുന്നു. ശേഷം കാമേശ്വരനായ ആദിശിവന്റെ കഴുത്തിൽ വരണമാല്യം അണിയിച്ചു. അതിന് വേണ്ടി ഒരു വരണ മാല്യം വായുവിലേക്ക് ചുഴറ്റി എറിഞ്ഞു. ലളിത കാമേശ്വര സ്വയംവരവും നടന്നു എന്ന് ലളിതോപാഖ്യാനത്തിൽ വിവരിക്കുന്നു. ശേഷം ഭഗവതി കാമേശ്വരനെ നോക്കി ഗണപതിയെ സൃഷ്ടിക്കുകയും ഗണപതി ഭണ്ഡാസുരന്റെ കൈവശം ഉള്ള വിഘ്‌ന യന്ത്രം നശിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് യുദ്ധത്തിൽ ഭഗവതി ഭണ്ഡാസുരനെ വധിക്കുന്നു. ശേഷം ഭഗവതി ശ്രീചക്രരാജം എന്ന സിംഹാസനത്തിൽ ഒരു രാജ്ഞിയെപ്പോലെ ഇരിക്കുന്നു. അപ്പോൾ വാഗ്ദേവതകൾ ലളിതാ സഹസ്രനാമം എന്ന സ്തോത്രം രചിച്ചു ഭഗവതിയെ സ്തുതിക്കുന്നു.

വിവിധ നാമങ്ങൾ[തിരുത്തുക]

ദശ മഹാവിദ്യകളും നവദുർഗയും സപ്ത മാതാക്കളും എല്ലാം പാർവതിയാണ്. ദശ മഹാവിദ്യകളിലെ ത്രിപുരസുന്ദരി " പാർവതി തന്ത്രമാണ് ". ലളിതാ സഹസ്രനാമം , ദേവി മാഹാത്മ്യം, ശിവപുരാണം ഉൾപ്പടെയുള്ള പൗരാണിക ഗ്രന്ഥങ്ങളിൽ ആദിശക്തി, മഹാശക്തി, പരാശക്തി, ഭുവനേശ്വരി, ദുർഗ്ഗ, അന്നപൂർണേശ്വരി, മഹാത്രിപുര സുന്ദരി, മഹാകാളി, കാളിക, കാലരാത്രി, മഹാമായ, അപർണ്ണ, ശൈലപുത്രി, മഹാഗൗരി, ചണ്ഡിക, ചാമുണ്ഡേശ്വരി, കരിങ്കാളി, കൗശികി, ഭഗവതി, പരമേശ്വരി, കാത്യായനി, നാരായണി, ജഗദംബിക, ശാകംഭരി, രാജരാജേശ്വരി, ഗായത്രി, ശിവ, ശരണ്യ, വരാഹി, സർവേശ്വരി, മീനാക്ഷി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. ശിവനും ശക്തിയും (അർദ്ധനാരീശ്വരൻ) ചേർന്നാണ് ബ്രഹ്മാവ്, മഹാവിഷ്ണു, മഹാസരസ്വതി, മഹാലക്ഷ്മി തുടങ്ങിയ സമസ്ത ദേവി ദേവന്മാരെയും സൃഷ്ടിച്ചത് എന്ന് ശിവ, സ്കന്ദ, കൂർമ്മ പുരാണങ്ങളിലും ഇതര പുരാണങ്ങളിലും പ്രതിപാദിക്കുന്നു. അതുകൊണ്ടു ശിവനെ ആദിദേവൻ, മഹാദേവൻ, ദേവാദിദേവൻ , മഹേശ്വരൻ, പരമേശ്വരൻ, ഭുവനേശ്വരൻ, സദാശിവൻ, ഓംകാരം, പരബ്രഹ്മമൂർത്തി, മഹാലിംഗേശ്വരൻ, ഈശ്വരൻ, മഹാകാലേശ്വരൻ, ത്രിപുരാന്തകൻ, പഞ്ചവക്ത്രൻ എന്നും, പാർവതിയെ ആദിപരാശക്തി, പ്രകൃതി, മൂലപ്രകൃതി, മഹാദേവി, പരമേശ്വരി, മഹേശ്വരി, ലളിത ത്രിപുരസുന്ദരി, മഹാകാളി, നവദുർഗ്ഗ, ഭുവനേശ്വരി, ഈശ്വരി എന്നി നാമങ്ങളിൽ വാഴ്ത്തി സ്തുതിക്കുന്നു. അർദ്ധനാരീശ്വരൻ നിർഗുണ പരബ്രഹ്മമായും കണക്കാക്കപ്പെടുന്നു. മഹിഷാസുരനെയും, ചണ്ഡമുണ്ഡന്മാരെയും, രക്തബീജനെയും, ശുംഭനിശുംഭമാരെയും വധിച്ചത് ശ്രീ പാർവതിയാണ് എന്ന് സ്കന്ദ കൂർമ്മ പുരാണങ്ങൾ പറയുന്നു. ദുർഗ്ഗമാസുരനെ വധിച്ചതിനാലാണ് പാർവതിക്ക് ദുർഗ്ഗാ, ശാകംഭരി, ശതാക്ഷി എന്നീ പേരുകൾ ലഭിച്ചത് എന്ന് " ദേവീ ഭാഗവതം "പറയുന്നു. കാളിക പുരാണത്തിൽ ശിവപത്നിയായ മഹാകാളിയുടെ സാത്വിക ഭാവമാണ് പാർവ്വതി. മഹാകാളന്റെ (ശിവൻ) ശക്തിയാണ് മഹാകാളി. ആഹാരം നൽകുന്ന രൂപത്തിൽ കയ്യിൽ കോരികയുമായി നിൽക്കുന്ന പാർവതിദേവിയെ അന്നപൂർണേശ്വരി എന്ന് വിളിക്കുന്നു. കാത്യായന മഹർഷിയുടെ മകളായി അവതരിച്ച പാർവതിയെ കാത്യായനി എന്നറിയപ്പെട്ടു. ദേവി ഭാഗവതത്തിൽ ദേവൻമാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആദിപരാശക്തി പാശാങ്കുശങ്ങൾ ധരി‌ച്ചു വരദാഭയ മുദ്രയോടെ നിൽക്കുന്ന ഭുവനേശ്വരി ദേവിയാണ്. ദേവീഭാഗവതത്തിൽ പറയുന്ന മണിദ്വീപത്തിൽ വസിക്കുന്ന ശ്രീഭവാനി ദേവി സദാ പരബ്രഹ്മ മൂർത്തിയായ മഹേശ്വരന്റെ വാമാംഗത്തിൽ ശ്രീചക്രരാജം എന്ന സിംഹാസനത്തിൽ വസിക്കുന്ന ശിവശക്തിയാണ്. ലളിത സഹസ്രനാമത്തിൽ ഭണ്ഡാസുരനെ വധിക്കുന്ന ശിവകാമേശ്വരന്റെ അർദ്ധാംഗിനിയായ ശ്രീലളിതാ ത്രിപുരസുന്ദരി  ശ്രീ പാർവതിയുടെ മൂലരൂപമാണ്. ശിവപുരാണത്തിൽ ശിവനും  അന്നം വിളമ്പുന്ന അന്നപൂർണ്ണയും (അന്നപൂർണ്ണേശ്വരി) പാർവതിയുടെ മാതൃ ്വാത്സല്യത്തിന്റെ മകുടോഹരണമാണ്. ലളിതാ സഹസ്രനാമവും ലളിത ത്രിശതിയും, പാർവതി, ഉമാ, അന്നപൂർണേശ്വരി, ദുർഗ്ഗാ, കാളി സഹസ്രനാമങ്ങളും പാർവതി മന്ത്രങ്ങളാണ്.

നവദുർഗാ അവതാരങ്ങൾ[തിരുത്തുക]

പാർവതി ദേവിയുടെ ഒൻപത് അവതാരങ്ങളാണ് നവദുർഗ ദേവിമാർ. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി (മഹാകാളി), മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് നവദുർഗമാർ.

സൗന്ദര്യ ലഹരി[തിരുത്തുക]

ആദിശങ്കരന്റെ അമൂല്യ ഗ്രന്ഥാമായ " ശ്രീ സൗന്ദര്യ ലഹരി " പാർവതിയെ (പരാശക്തിയെ) ഉപാസിക്കാനുള്ള അമൂല്യ ഗ്രന്ഥമാണ്.

പ്രമുഖ ക്ഷേത്രങ്ങൾ[തിരുത്തുക]

മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം, കാഞ്ചിപുരം കാമാക്ഷി അമ്മൻ, കന്യാകുമാരി ബാലാംബിക, കൊല്ലൂർ മൂകാംബിക, ജ്ഞാന പ്രസൂനാംബാൾ കാളഹസ്തീ, കാശി വിശാലാക്ഷി, കാശി അന്നപൂർണേശ്വരി, കാശി ദുർഗ്ഗ കുണ്ഡ്, കാശി ലളിത ഗൗരി, മൈസൂർ ചാമുണ്ഡേശ്വരി, ആസ്സാം കാമാഖ്യ, കാശി അന്നപൂർണ്ണേശ്വരി, മധ്യപ്രദേശ് ഉജ്ജയിനി മഹാകാളി, കൽക്കട്ട കാളീഘട്ട്, ദക്ഷിണേശ്വർ ഭവതാരിണി, മലപ്പുറം കാടാമ്പുഴ ശ്രീ പാർവതി, എറണാകുളം ചോറ്റാനിക്കര ഭഗവതി, കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി, ഇടത്തരികത്ത്കാവ് ഭഗവതി ക്ഷേത്രം (ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം), കണ്ണൂർ മൃദംഗശൈലേശ്വരി, ചെറുകുന്ന് അന്നപൂർണേശ്വരി, ആലുവ തിരുവൈരാണിക്കുളം ശ്രീ പാർവതി, കോട്ടയം കുമാരനല്ലൂർ ഭഗവതി, കോട്ടയം മണർകാട് ഭഗവതി, കൊല്ലം ആനന്ദവല്ലീശ്വരം ആനന്ദവല്ലീശ്വരി, മാവേലിക്കര ചെട്ടികുളങ്ങര ഭഗവതി, ചക്കുളത്തു ഭഗവതി, ചെങ്ങന്നൂർ ഭഗവതി, ചേർത്തല കാർത്യായനി, പത്തനംതിട്ട മലയാലപ്പുഴ ഭഗവതി, പാലക്കാട്‌ എമൂർ ഹേമാംബിക, തൃശൂർ പാറമേക്കാവ് ഭഗവതി, ഉത്രാളിക്കാവ് രുധിര മഹാകാളി, തിരുവനന്തപുരം ആറ്റുകാൽ ഭഗവതി, തിരുവനന്തപുരം കരിക്കകം ചാമുണ്ഡി, ഇടുക്കി തേക്കടി മംഗളാദേവി, ഇടുക്കി പെരുവന്താനം വള്ളിയാംകാവ് ദേവി, മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി, ഊരകം അമ്മത്തിരുവടി ക്ഷേത്രം തൃശൂർ, കന്യാകുമാരി മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം, ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം തിരുവനന്തപുരം, പല്ലശ്ശന മീൻകുളത്തി ഭഗവതി ക്ഷേത്രം പാലക്കാട്‌, വളയനാട് ഭഗവതി ക്ഷേത്രം കോഴിക്കോട്, വരയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം കോഴിക്കോട് തുടങ്ങി എണ്ണമറ്റ പ്രസിദ്ധ ക്ഷേത്ര സമുച്ചയങ്ങൾ ശ്രീ പാർവ്വതിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു.

ആദിപരാശക്തിയുടെ അംശമായ സതിദേവി യോഗാഗ്നിയിൽ അഹങ്കാരിയായ ദക്ഷന്റെ പുത്രി (ദാക്ഷായണി ) എന്ന ഭാവം വെടിഞ്ഞു. ദേവിയുടെ ശരീരം വഹി‌ച്ചുകൊണ്ട് മഹാദേവൻ അലഞ്ഞപ്പോൾ ആദിപരാശക്തിയുടെ ആജ്ഞ പ്രകാരം മഹാവിഷ്ണു സുദർശനം കൊണ്ട് ദേവീശരീരത്തെ അമ്പത്തൊന്നു ഭാഗങ്ങളായി ചിതറിച്ചു. ആ ഭാഗങ്ങൾ വന്നു വീണ സ്ഥാനങ്ങൾ 51 ശക്തിപീഠങ്ങളായി തീർന്നു. ദേവിയുടെ ദേഹത്യാഗത്താൽ പ്രളയം സംഭവിച്ചു തുടങ്ങിയ ഭൂമിയിൽ അങ്ങനെ വീണ്ടും സന്തുലിതാവസ്ഥ ഉണ്ടായി. പിന്നീട് ഭഗവതി മൂലപ്രകൃതീ ഭാവത്തിൽ പാർവതിയായി ഹിമവാന്റെയും മേനാവതിയുടെയും പുത്രീഭാവത്തിൽ പൂർണ അവതാരം കൈക്കൊണ്ടു. ശേഷം കഠിന തപസ്സിലൂടെ പഞ്ചഭൂതങ്ങൾക്ക് അതീതയായി തന്റെ ദിവ്യ സ്വരൂപം വീണ്ടും സ്വീകരിച്ചു. പിന്നീട് ശിവപാർവതീ വിവാഹവും നടന്നു.

ദേവിയുടെ സ്വരൂപത്തിൽ നിന്ന് ഉണ്ടായ 51 ശക്തിപീഠങ്ങളിൽ ഭഗവതി ഓരോ ഭാവങ്ങളിൽ വാഴുന്നു. ദേവിയുടെ വസ്ത്രവും ആഭരണവും ഉൾപ്പെടെ 108 ദുർഗ്ഗാലയങ്ങൾ ഉണ്ടായി. ഈ ശക്തി പീഠങ്ങളിൽ ഒക്കെയും പാർവതീ ദേവി ഓരോ ഭാവങ്ങളിൽ വാഴുന്നു. ദശമഹാവിദ്യകളും നവദുർഗ്ഗമാരും മഹാലക്ഷ്മിയും സരസ്വതിയും മൂലപ്രകൃതിയായ പാർവതിദേവിയുടെ ദിവ്യസ്വരൂപത്തിൽ കൂടിയിരിക്കുന്നു.


ശിവ പുരാണ കഥ[തിരുത്തുക]

ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്തതിനു ശേഷം ദു:ഖിതനായ ശിവൻ സദാസമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായണിയായ സതീദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു യുവതിയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവത് സന്നിധിയിൽ എത്തി‌ച്ചേർന്നു, എന്നിട്ട്, പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിന് അയ്ക്കണം എന്നു ഹിമവാനോടു പറഞ്ഞു. അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമണം നടത്തി. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ജനിപ്പിക്കുവാൻ ഇന്ദ്രൻ കാമദേവനെ കൈലസത്തിലേയ്ക്ക് അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ജനിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവാൻ തൃക്കണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു. പിന്നീട് ഭഗവാൻ പാർവ്വതിയെ തിരുവാതിര നാളിൽ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസമാക്കുകയും സുബ്രഹ്മണ്യൻ എന്ന പുത്രൻ ജനിക്കുകയും, ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.

ശക്തിയുടെ ഭഗവതി[തിരുത്തുക]

പാർവതീ ദേവി നാലുകൈകളുള്ള ലളിതാ അവതാരത്തിൽ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള 11 നൂറ്റാണ്ടിലെ ശിൽപം.

പാർവ്വതീദേവി ശക്തിയുടെ ഭഗവതിയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

  • ഭാവങ്ങൾ - 1) പാർവതി, സതി, അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി, ഭവാനി (പർവ്വത പുത്രി, പ്രകൃതി , സാത്വിക സ്വരൂപിണി, അന്നം പ്രദാനം ചെയ്യുന്നവൾ), ഐശ്വര്യം, അറിവ് പ്രദാനം ചെയ്യുന്നവൾ = സാത്വിക ഭാവം.
  • 2 ദുർഗ്ഗ, മഹിഷാസുരമർദ്ദിനി, ഭുവനേശ്വരി (ദുർഗതികളെ അകറ്റുന്നവൾ, ദുഃഖ വിനാശിനി, ദുർമദത്തെ നശിപ്പിക്കുന്നവൾ, ദുർഗ്ഗമാസുരനെ വധിച്ചവൾ, മഹിഷാസുരനെ വധിച്ചവൾ) = രാജസ ഭാവം.
  • 3) മഹാകാളി, കാലരാത്രി, ഭദ്രകാളി, ചണ്ഡിക, ചാമുണ്ഡ അഥവാ ചാമുണ്ഡേശ്വരി (തിന്മയെ ഉന്മൂലനം ചെയ്ത് ഐശ്വര്യത്തെ പ്രദാനം ചെയ്യുന്നവൾ, നന്മ പ്രദാനം ചെയ്യുന്നവൾ, സംഹാരരൂപിണി, കാലത്തിന് അതീതയായവൾ, കാലത്തെ നിയന്ത്രിക്കുന്നവൾ, ഭദ്രമായ കാലത്തെ പ്രദാനം ചെയ്യുന്നവൾ, ചണ്ടമുണ്ടന്മാരെ വധിച്ചവൾ) തുടങ്ങിയ ഭാവങ്ങൾ ദേവിയുടെ താമസ ഭാവത്തെ കുറിക്കുന്നു.

പ്രാർത്ഥനാ ശ്ലോകങ്ങൾ[തിരുത്തുക]

1. സർവ്വമംഗള മംഗല്യേ

ശിവേ സർവാർത്ഥസാധികേ

ശരണ്യേ ത്ര്യംബകേ ഗൗരി

നാരായണി നമോസ്തുതേ

(അദ്ധ്യായം 11, ശ്ലോകം 585)


ശരണാഗതദീനാർത്ത

പരിത്രാണപരായണേ

സർവസ്യാർത്തിഹരേ ദേവീ

നാരായണീ നമോസ്തു തേ

(അദ്ധ്യായം11, ശ്ലോകം 587))

2. അന്നപൂർണ്ണേ സദാപൂർണ്ണേ

ശങ്കരപ്രാണവല്ലഭേ

ജ്ഞാനവൈരാഗ്യ സിദ്ധ്യർദ്ധം

ജ്ഞാനവൈരാഗ്യ സിദ്ധ്യാർധം

ഭിക്ഷാം ദേഹീ ച പാർവതീ

(അന്നപൂർണേശ്വരി സ്തോത്രം)

3. ഓം

സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്

താരാ നായക ശേഖരാം സ്മിതമുഖീ മാപീന വക്ഷോരുഹാം |

പാണിഭ്യാമലിപൂർണ രത്ന ചഷകം രക്തോത്പലം ബിഭ്രതീം

സൗമ്യാം രത്ന ഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം ||

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പദ്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസദ്ധേമപദ്മാം വരാംഗീം |

സർവാലങ്കാര യുക്താം സതത മഭയദാം ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്ത മൂർതിം സകല സുരനുതാം സർവ സമ്പത്പ്രദാത്രീം ||

(ധ്യാനം - ശ്രീ ലളിത സഹസ്രനാമ സ്തോത്രം).

4. ഓം പാശാങ്കുശ വിക്ഷുശരാ സ ബാണൗ കരൈർ വഹന്തി മരുണാം ശുകാഢ്യം ഉദ്യത് പതങ്കാഭി രുചീo മനോജ്ഞാo ശ്രീപാർവ്വതീം രത്നചിതാം പ്രണൗമി.

5. യാ ദേവി സർവ്വ ഭൂതേഷു മാതൃരൂപേണ (ശക്തി, ശൈലപുത്രി, ഗൗരി, ഉമ, അപർണ്ണ, കാത്യായനി, ദുർഗ, കാളി, നവദുർഗ്ഗാ, മഹാവിദ്യ, പ്രകൃതി, ലളിത, ശിവശക്തി, ഗിരിജ, ശാന്തി) സംസ്ഥിതാഃ നമഃസ്‌തസൈ നമഃസ്തസൈ നമഃസ്തസൈ നമോ നമഃ

(ദേവി മാഹാത്മ്യം)

6. ശ്രീപാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ (മഹാലക്ഷ്മി സ്തവം)

7. മണിക്കുട വിടുർത്തി മലർത്തൂവി മണമെല്ലാം ഘൃണികപചിതിക്രിയ കഴിച്ചു ഘൃണിയാക്കി ഗുണിച്ച വകകളൊക്കെയും ഒഴിഞ്ഞു ഗുണിയും പോയ്‌ ഗുണക്കടൽ വരുകാൻ അരുൾക തായേ (മണ്ണന്തല ദേവിസ്തവത്തിൽ നിന്നും ശ്രീനാരായണ ഗുരുദേവൻ ശ്രീ പാർവ്വതി ദേവിയെ സ്തുതിച്ചെഴുതിയ കൃതി)

പ്രധാന ദിവസങ്ങൾ[തിരുത്തുക]

നവരാത്രി, വൃശ്ചിക മാസത്തിലെ തൃക്കാർത്തിക, ധനുമാസ തിരുവാതിര എന്നിവ വിശേഷ ദിവസങ്ങൾ. വിജയദശമി നാളിലാണ് ശ്രീ പാർവതി ദുഷ്ട നിഗ്രഹം നടത്തിയതെന്ന് വിശ്വാസം. ദുർഗ്ഗാ രൂപത്തിൽ നവരാത്രിയിലെ ദുർഗ്ഗാഷ്ടമി പ്രധാനം. മഹാദേവ സമേതയായ പാർവതിദേവിക്ക് തിങ്കളാഴ്ച ദിവസം പ്രധാനം. ദേവി പ്രധാനമായ ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങൾ പാർവതി ദേവിക്കും പ്രധാനമാണ്. അതുപോലെ മഹാദേവനും ഭുവനേശ്വരി ദേവിക്കും പ്രാധാന്യമുള്ള ഞായറാഴ്ചയും പാർവതി ആരാധനയ്ക്ക് ഉത്തമം. ഭുവനേശ്വരി പാർവതി ദേവിയുടെ തന്നെ രൂപഭേദമാണ് എന്നാണ് സങ്കല്പം.

ഇതും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാർവ്വതി&oldid=4101750" എന്ന താളിൽനിന്ന് ശേഖരിച്ചത്