സപ്തമാതാക്കൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹൈന്ദവം |
![]() |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ദേവി ആദിപരാശക്തിയുടെ ഏഴു വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കൾ. ആധ്യാത്മിക വഴിയിലെ ഏഴു ആത്മീയ തത്ത്വങ്ങളായി ഉപാസകർ സപ്തമാതാക്കളെ കാണുന്നു. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. കൂടാതെ മറ്റ് പല കഥകളുമുണ്ട് പുരാണങ്ങളിൽ.

ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡ (കാളി) എന്നീ ദേവിമാരാണ് സപ്തമാതാക്കൾ. ബ്രഹ്മാവ്, ശിവൻ, വിഷ്ണു, യമൻ, ഇന്ദ്രൻ, മുരുകൻ തുടങ്ങിയ ദേവന്മാരുടെ ശരീരത്തിൽ നിന്ന് ആവിർഭവിച്ച ശക്തിഭാവങ്ങൾ ആണ് സപ്തമാതാക്കൾ എന്ന് അവരുടെ പേരുകൾ സൂചിപ്പിക്കുന്നു. ചാമുണ്ഡക്ക് പകരം നരസിംഹിയെയാണ് ചിലയിടങ്ങളിൽ കാണുന്നത്. ഹിരണ്യകശിപുവിനെ വധിച്ചിട്ടും കലിയടങ്ങാത്ത നരസിംഹമൂർത്തിയുടെ കോപത്തെ തടഞ്ഞു ലോകരക്ഷ ചെയ്യാൻ അഥർവാണ ഭദ്രകാളി നാരസിംഹികയുടെ രൂപത്തിൽ അവതരിച്ചു. ഇതാണ് പ്രത്യംഗിരിദേവി എന്ന് വിശ്വാസം.
ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച് ഫലിക്കാതെ വന്നപ്പോൾ സപ്തമാതാക്കളെ സൃഷ്ടിച്ചുവെന്നാണ് ഒരു കഥ. അടർക്കളത്തിൽ വീഴുന്ന അന്ധകാസുരന്റെ രക്തത്തിൽ നിന്നും വീണ്ടും അസുരൻ ജനിക്കയാൽ സപ്തമാതാക്കൾ അന്ധകന്റെ രക്തം പാനം ചെയ്യുകയും അങ്ങനെ ശിവനും വിഷ്ണുവും അന്ധകനെ വധിക്കുകയും ചെയ്തു.
വാമനപുരാണം 56-ാം അധ്യായത്തിൽ സപ്തമാതാക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ് പറയുന്നത്. ഒരിയ്ക്കൽ യുദ്ധത്തിൽ അസുരന്മാർ തോറ്റപ്പോൾ രക്തബീജനെന്ന അസുരൻ തന്റെ അക്ഷൗഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട ചണ്ഡികാപരമേശ്വരി ഒരു ശംഖ്നാദം പുറപ്പെടുവിച്ചു.
ഭഗവതിയുടെ തിരുവായിൽ നിന്ന് ബ്രഹ്മാണിയും തൃക്കണ്ണിൽ നിന്ന് മഹേശ്വരിയും, അരക്കെട്ടിൽ നിന്ന് കൗമാരിയും കൈകളിൽ നിന്ന് വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന് വരാഹിയും, ഹൃദയത്തിൽ നിന്ന് നരസിംഹിയും പാദത്തിൽ നിന്ന് ചാമുണ്ഡിയും ഉത്ഭവിച്ചു.
കാർത്യായനി ദേവിയുടെ (കൗശിക) രൂപഭേദങ്ങളാണ് സപ്തമാതാക്കൾ. ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്തമാതാക്കളുണ്ടായി എന്നും കഥയുണ്ട്. ദുർഗ്ഗാഭഗവതിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളി ചണ്ഡൻ മുണ്ഡൻ എന്നി രക്ഷസന്മാരെ വധിച്ചു. അതിനാൽ ചാമുണ്ഡ എന്ന പേര് ലഭിച്ചു എന്നാണ് ദേവി ഭാഗവതത്തിൽ പറയുന്നത്.
മാർക്കണ്ടേയ പുരാണത്തിലെ ഭദ്രോത്പത്തി പ്രകരണത്തിൽ ദാരികവധം കഥ പ്രസിദ്ധമാണ്. ദാരികവധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ആറ് ശക്തികൾ ഉണ്ടായി. ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി എന്നിവരായിരുന്നു ആറു മാതാക്കൾ. എന്നാൽ ഷഡ് മാതാക്കൾ ദാരികന് മുൻപിൽ പരാജയപ്പെട്ടു. ഒടുവിൽ ശിവനേത്രത്തിൽ നിന്നും ശ്രീ ഭദ്രകാളി അവതരിച്ചു. വേതാളവാഹനയായ ഭദ്രകാളി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്. ഭദ്രകാളിയും ചാമുണ്ഡിയും കാളിയുടെ തന്നെ വിവിധ അവതാരങ്ങൾ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
- അരയന്നമാണ് ബ്രഹ്മാണിയുടെ വാഹനം. ബ്രഹ്മാവിനെപോലെ കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്.
- ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്. ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്. കൈയിൽ തൃശൂലം.
- ആൺമയിലിന്റെ കഴുത്തിലേറിയ കൗമാരിയുടെ കൈയിൽ വേലാണ് ആയുധം.
- വിഷ്ണുശക്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്. ശംഖ്ചക്രഗദാഖഡ്ഗങ്ങളും ശാർങ്ഗശരവും കൈയ്യിലേന്തിയ സുന്ദരരൂപം.
- വരാഹരൂപം ധരിച്ച ഭഗവതി. ശേഷനാഗത്തിന്റെ പുറത്തിരുന്ന് തേറ്റകൊണ്ട് നിലം കിളക്കുന്ന വാരാഹിയുടെ ആയുധം ഉലക്കയാണ്. വരാഹഭഗവാന്റെ ശക്തിയാണ് ഈ ഭഗവതി. പന്നിമുഖി, പഞ്ചുരുളി എന്നി പല പേരുകളിൽ അറിയപ്പെടുന്നു.
- ഉഗ്രമൂർത്തിയാണ് തീക്ഷ്ണ നഖദാരുണയായ നരസിംഹി. നരസിംഹമൂർത്തിയുടെ രൂപമാണ്. ഇതാണ് പ്രത്യംഗിരിദേവി. ഹിരണ്യകശിപുവിനെ വധിച്ചിട്ടും കലിയടങ്ങാത്ത നരസിംഹമൂർത്തിയുടെ കോപത്തെ തടഞ്ഞു ലോകരക്ഷ ചെയ്യാൻ അഥർവാണ ഭദ്രകാളി നാരസിംഹി രൂപത്തിൽ അവതരിച്ചു. കാലഭൈരവന്റെ (ശിവന്റെ) തൃക്കണ്ണിൽ നിന്നാണ് അവതാരം.
- വജ്രമാണ് ഇന്ദ്രാണിയുടെ ആയുധം.ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീർവദിക്കുന്നു.
- പോത്താണ് മഹാകാളിയുടെ തന്നെ ഭാവമായ ചാമുണ്ഡയുടെ വാഹനം. ത്രിലോചനയായ ഈ കാളി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം,ധാന്യം എന്നിവയാണ് മറ്റ് കൈകളിൽ. പ്രസിദ്ധമായ ദേവി മാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിൽ ആദിപരാശക്തിയുടെ ഈ രൂപങ്ങളെ എല്ലാം തന്നെ സ്തുതിക്കുന്ന സ്തോത്രങ്ങൾ കാണാം.
ക്ഷേത്രങ്ങളിലെ സപ്തമാതൃക്കൾ[തിരുത്തുക]
സപ്തമാതൃക്കളെ കുറിച്ച് “ശ്രീമദ് ദേവീഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. സാധാരണയായി രുരുജിത് രീതിയിൽ പൂജകൾ നടക്കുന്ന ഭദ്രകാളീക്ഷേത്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രതിഷ്ഠകളുണ്ടാകാറുള്ളത്. കൊടുങ്ങല്ലൂർ, തിരുമാന്ധാംകുന്ന്, പനയന്നാർകാവ്, മാടായിക്കാവ് തുടങ്ങിയവ ഇത്തരത്തിലുള്ള ക്ഷേത്രങ്ങളാണ്. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള ആമേട ക്ഷേത്രത്തിലെ പ്രതിഷ്ഠകളും സപ്തമാതൃക്കളാണ്. ഇവ കൂടാതെ, തൃശ്ശൂർ ജില്ലയിലെ ചൊവ്വല്ലൂർ ശിവക്ഷേത്രം, പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്കടുത്ത് നിരണത്തുള്ള തൃക്കപാലീശ്വരം ശിവക്ഷേത്രം, എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്തുള്ള തൃക്കാരിയൂർ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും വിഗ്രഹരൂപത്തിൽ സപ്തമാതൃപ്രതിഷ്ഠകളുണ്ട്. ചെങ്ങങന്നൂർ താലൂക്കിലെ ചെറിയനാട് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ബലിക്കകൽപ്പുരയുടെ മച്ചിൽ തിരുവിതാംകൂർ രാജശിൽപ്പികൾ ആയിരുന്ന ചെറിയനാട് ഇടവങ്കാട് ആചാാരിമാർ പണിത സപ്തമാതൃക്കളുടെ ദാരുശിിൽപ്പങ്ങൾ ഉണ്ട് .
തമിഴ്‌നാട്ടിൽ ഏഴുകന്നിപെണ്ണുങ്ങൾ എന്നും, പുള്ളുവൻപാട്ടിൽ ഏഴുകന്യകൾ എന്നും സപ്തമാതൃക്കളെ വർണ്ണിച്ചുകാണുന്നുണ്ട്. തമിഴ്നാട്ടിലെ മേൽമരവത്തൂർ ആദിപരാശക്തി ക്ഷേത്രത്തിൽ സപ്തമാതൃക്കൾക്ക് പ്രതിഷ്ഠയുണ്ട്.