ജ്യോതിഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം. ബി.സി. ഏഴാം നൂറ്റാണ്ടിൽ ബാബിലോണിയയിൽ ഉദയം കൊണ്ട ഈ സമ്പ്രദായത്തിന് ഇന്ത്യയിൽ ഇന്നും വളരെ പ്രചാരമുണ്ട്. ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്ത അനേകം പ്രസ്താവനകൾ അടങ്ങിയിട്ടുള്ളതിനാൽ ജ്യോതിഷത്തെ കപടശാസ്ത്രമായാണ് കണക്കുകൂട്ടുന്നത്

ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് ഹിന്ദുമതവിശ്വാസികൾക്കിടയിൽ സാധാരണമാണ്. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത്. പ്രാചീന ജ്യോതിശാസ്ത്രമായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രം ഇതിൽനിന്നും വളരെ വിഭിന്നമാണ്. [1]

പേരിനു പിന്നിൽ[തിരുത്തുക]

ജ്യോതീഃ അധികൃത്യകൃതം - നക്ഷത്രങ്ങളെപ്പറ്റിയുള്ളത്.

ചരിത്രം[തിരുത്തുക]

പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്. സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും ക്രാന്തിവൃത്തവും സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന രാഹു, കേതു എന്നീ സ്ഥാനങ്ങളും ചേർത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനർ സങ്കൽപ്പിച്ചു. സൂര്യനെയും ചന്ദ്രനെയും രാഹുവിനേയും കേതുവിനേയും ഗ്രഹങ്ങളായാണ് ഈ മാതൃകയിൽ സങ്കല്പിച്ചിരുന്നത്. ഒരാൾ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചാൽ പിന്നീട് എത്രനാളുകൾ കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാൻ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു. ആദ്യകാലത്ത് ദിക്കറിയുന്നതിനും കാലഗണനയ്ക്കുമൊക്കൊയായി പുരോഹിതന്മാരും സഞ്ചാരികളും കർഷകരും മറ്റും ഉപയോഗിച്ചിരുന്ന സമ്പ്രദായമായിരുന്നു ഇത്.

ഈ സമ്പ്രദായത്തിൽ നിന്ന് ഫലഭാഗജ്യോതിഷം (ജ്യോത്സ്യം) വികസിച്ചുവന്നത് ക്രിസ്തുവിന് മുൻപ് ഏഴാം നൂറ്റാണ്ടിൽ ബാബിലോണിയയിലാണ്. നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തചിന്ത, ഫലനിർണ്ണയം, ഭാവിപ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഫലഭാഗം ജ്യോതിഷം (ജ്യോത്സ്യം) എന്നുപറയുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ഭാവിയെ സംബന്ധിച്ച സൂചനകൾ നൽകുന്നു എന്ന വിശ്വാസം ബാബിലോണിയയിലെ കാൽദിയൻ പുരോഹിതന്മാരാണ് പ്രചരിപ്പിച്ചത്. അലക്സാണ്ടറുടെ പടയോട്ടത്തോടെ ഇത് മറ്റുസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഗ്രഹങ്ങളെ അനുഗ്രഹ - നിഗ്രഹ ശേഷിയുള്ള ദേവന്മാരായി സങ്കല്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രവചനങ്ങൾക്കടിസ്ഥാനമായ ഫലഭാഗ ജ്യോതിഷം ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിൽ പ്രചാരത്തിലായത്. ഇത്തരം പ്രവചനങ്ങൾ ശരിയാണെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. [1] ജ്യോത്സ്യപ്രകാരം പ്രവചനങ്ങൾ നടത്തുന്ന വ്യക്തിയെ ജോത്സ്യൻ എന്നു പറയുന്നു.ജ്യോതിഷം ജനനസമയത്തെ ഗ്രഹനില ആധാരമാക്കി ഭൂത- ഭാവി-വർത്തമാനകാലത്തെ ഫലങ്ങൾ പ്രവചിക്കുന്നആളുകളാണ് ജോത്സ്യന്മാർ. ഭാരതീയ ജ്യോതിഷത്തിന്റെ ഫലഭാ‌ഗമാണ് ഇക്കുട്ടർ കൈകാര്യം ചെയ്യുന്നത്. ജാതകപ്പൊരുത്തം, മുഹുർത്തം, ദോഷങ്ങൾ മാറുന്നതിനുള്ള വഴിപാടുകൾ നിർദ്ദേശിക്കൽ എന്നിവയെല്ലാം ജ്യോത്സ്യന്മാരുടെ പ്രവർത്തികളിൽപ്പെടുന്നു. ഭാവി ഫലപ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറ അവകാശപ്പെടാനില്ലാത്തതിനാൽ ഇത്തരം പ്രവചനങ്ങൾ വിശ്വാസത്തിലധിഷ്ഠിതമായി മാത്രം നടത്തുന്നവയാണ്[അവലംബം ആവശ്യമാണ്]. ഈ കാര്യങ്ങൾക്ക് ജ്യോത്സ്യന്മാർ പ്രതിഫലവും വാങ്ങാറുണ്ട്.

പ്രാചീന കാലം മുതൽ പരമ്പരാഗതമായി ഈ ശാസ്ത്ര വിഷയത്തിൽ ജ്ഞാനം ഉണ്ടായിരുന്നവരെ ഗണക എന്നറിയപ്പെട്ടിരുന്നു. ഇവരിൽ ഗണക ബ്രാഹ്മണർ,നക്ഷത്ര ദർശകർ,അചാര്യർ, ജോശ്ശി(ജ്യോതിഷി),പണ്ഡിറ്റുകൾ തുടങ്ങിയ നാമങ്ങളിൽ അറിയപ്പെട്ടിരുന്നവർ ഉത്തര ഭാരതത്തിലും, കണിയാർ ദക്ഷിണ ഭാരതത്തിലും ജ്യോതിഷ ശാസ്ത്രത്തിൽ സമ്പൂർണ ആധിപത്യം ചെലുത്തിയിരുന്നു. വേദാങഗ ജ്യോതിഷവും കാല വിതാന ഗണിതവും സമനയിപ്പിച്ചാണു കണിയാർ വിഭാഗം ജ്യോതിഷത്തെ കൈകാര്യം ചെയ്തിരുന്നത്.ആദ്യകാല ജ്യോതിഷികൾ , ഗണിത പണ്ഡിതരും, മഹാ ജ്യോതിശാസ്ത്രഞരും കൂടിയായിരുന്നു. പിൽക്കാലത്ത് മറ്റ് സമുദായങ്ങളിൽ ഉള്ളവരും ജ്യോതിഷത്തിൽ അറിവ് നേടി,ജ്യോതിഷം ഒരിക്കലും ഒരു ജോലി അല്ല ,അതൊരു സേവനമാണ് ,പണം വാങ്ങി ജ്യോതിഷം പറയാൻ പാടില്ല ,ജ്യോതിഷത്തിലെ ഒരു ഗ്രന്ഥത്തിലും അത് പറഞ്ഞിട്ടുമില്ല പുരാതന കാലം മുതൽക്കു തന്നെ ജ്യോതിഷ ശാസ്ത്രം പഠിച്ചവർ അത് ദുര്യോപയോഗം ചെയ്യാതിരിക്കുന്നതിനു വേണ്ടി ജ്യോൽസ്യന്മാർക്കായി നിയമങ്ങളും നിലവിലുണ്ട് പക്ഷെ നിർഭാഗ്യവശാൽ അതുപോലുള്ള ഒരുകാര്യങ്ങളും ന്യൂ ജനറേഷൻ ജ്യോത്സ്യന്മാർ നോക്കിയിട്ടില്ല എന്നതാണ് സത്യം ,

വിഭാഗങ്ങൾ[തിരുത്തുക]

ജ്യോതിഷം മു‌ന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കൂടിയതാണ്. ഗണിതം, സംഹിത, ഹോര എന്നിങ്ങനെ സ്കന്ദങ്ങൾ മു‌ന്ന്, മേൽ പറഞ്ഞ മൂന്നു സ്കന്ദങ്ങൾക്കും കൂടി ആറ് അംഗങ്ങളുണ്ട് അവ ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം ഇവയാകുന്നു.

 • ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് .
 • ഗോളം = ഭുമി, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, മുതലായവയുടെ സ്വരൂപണനിരൂപണം.
 • നിമിത്തം = താൽക്കാലികമായ ശകുനലക്ഷണങ്ങളെക്കൊണ്ട് ഫലം പറയുന്നതും, രാജ്യക്ഷേമാദികളുടെ നിരൂപണംനടത്തുന്നതും.
 • പ്രശ്നം = താൽക്കാലികമായി ആരുടരാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത്
 • മുഹുർത്തം = വിവാഹാദികർമ്മങ്ങളുടെ കാലനിർണ്ണയം ചെയ്യുന്നത്.
 • ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികൾ ഗണിച്ചറിയുന്നത്.

രാശിചക്രം[തിരുത്തുക]

പ്രധാന ലേഖനം: രാശിചക്രം

ആകാശത്തിലെ ഗ്രഹങ്ങളുടെ സഞ്ചാരപദത്തെ ഒരു വൃത്തമായി സങ്കൽപ്പിച്ചിരിക്കുന്നു. ഇതാണ് രാശിചക്രം. രാശിചക്രത്തെ 30 ഡിഗ്രി വീതം വരുന്ന 12 സമ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഇവക്ക് അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ പേര് നൽകിയിരിക്കുന്നു. ഇതുപയോഗപ്പെടുത്തിയാണ് ഗ്രഹനില കുറിക്കുന്നത്. കൊല്ലവർഷ കലണ്ടറിലെ മാസങ്ങളാണ് രാശികൾ. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നു. ഓരോ രാശിയിലും രണ്ടേകാൽ നക്ഷത്രങ്ങൾ വീതം വരുന്നു. ഓരോ നക്ഷത്രവും 4 പാദമാണ്‌, അങ്ങനെ ഒരു രാശിയില് 9 പാദങ്ങളുണ്ട്.

രാശി നക്ഷത്രക്കൂറുകൾ രാശി കാല പുരുഷ അവയവം
മേടം അശ്വതി ഭരണി കാർത്തിക കാൽ ഓജരാശി, ചതുഷ്പാദരാശി ശിരസ്സ്
ഇടവം കാർത്തിക മുക്കാല് രോഹിണി മകയിരത്തര യുഗ്മരാശി, ജലാശ്രയരാശി, ചതുഷ്പാദരാശി ഉരസ്സ്( കഴുത്തു മുതല് ഹൃദയം വരെ)
മിഥുനം മകയിരത്തര തിരുവാതിര പുണർതം മുക്കാൽ ഓജരാശി, നരരാശി ഹൃദയം
കർക്കിടകം പുണർതത്തില് കാലും പൂയവും ആയില്യവും യുഗ്മരാശി, ജലരാശി
ചിങ്ങം മകം പൂരം ഉത്രത്തില് കാലും ഓജരാശി, ചതുഷ്പാദരാശി വയർ
കന്നി ഉത്രത്തില് മുക്കാലും അത്തം ചിത്തിര അരയും യുഗ്മരാശി, ജലാശ്രയരാശി വസ്ത്രമുടുക്കുന്ന അരക്കെട്ട്
തുലാം ചിത്തിര അരയും ചോതിയും വിശാഖത്തില് മുക്കാലും ഓജരാശി, ജലാശ്രയരാശി, നരരാശി വസ്തി ( നാഭി മുതല് ജനനേന്ദ്രിയം വരെ)
വൃശ്ചികം വിശാഖത്തില് കാലും അനിഴവും ത്രിക്കേട്ടയും യുഗ്മരാശി, ജലരാശി ജനനേന്ദ്രിയം
ധനു മൂലം പൂരടം ഉത്രാടത്തില് കാലും ഓജരാശി, നരരാശി (പൂർവ്വാർദ്ധം), ചതുഷ്പാദരാശി (ഉത്തരാർദ്ധം) തുടകൾ
മകരം ഉത്രാടത്തില് മുക്കാലും തിരുവോണവും അവിട്ടത്തരയും യുഗ്മരാശി, ജലരാശി (ഉത്താരാർദ്ധം), ചതുഷ്പാദരാശി (പൂർവ്വാർദ്ധം) കാൽമുട്ട്
കുംഭം അവിട്ടത്തരയും ചതയവും പൂരുരുട്ടാതി മുക്കാലും ഓജരാശി, ജലാശ്രയരാശി, നരരാശി കണങ്കാൽ
മീനം പൂരുരുട്ടാതി കാലും ഉത്രട്ടാതി രേവതി യുഗ്മരാശി, ജലരാശി പാദം

ഓജ രാശികളെ പുരുഷരാശികളായും യുഗമരാശികളെ സ്ത്രീരാശികളായുമാണ് ജ്യോത്സ്യത്തിൽ കണക്കാക്കുന്നത്.

ജ്യോതിഷത്തിലെ ഫലപ്രവചനത്തിനാധാരമായ മറ്റു വിശ്വാസങ്ങൾ[തിരുത്തുക]

അർത്ഥവിവരണം[തിരുത്തുക]

ശരീരത്തെ ക്രമത്തിൽ മേടം മുതൽ 12രാശികളാക്കി ഭാഗിച്ചിരിക്കുന്നു

 1. ശിരസ്,
 2. മുഖം,
 3. കഴുത്ത്.
 4. ചുമലുകൾ.
 5. മാറിടം.
 6. വയറ്.
 7. പൊക്കിളിനുതാഴെയുള്ളപ്രദേശം.
 8. ഗുഹ്യപ്രദേശം,
 9. തുടകൾ.
 10. മുട്ടുകൾ.
 11. കണങ്കാലുകൾ.
 12. കാലടികൾ.

ഭാവങ്ങൾ[തിരുത്തുക]

ഭാവചക്രം
 1. ഒന്നാംഭാവം -ശരീരം,യശ്ശസ്സ്,സ്ഥിതി,ജയം
 2. രണ്ടാംഭാവം- ധനം,കണ്ണ്,വാക്ക്,കുടുംബം,വിദ്യ
 3. മൂന്നാംഭാവം-ധൈര്യം,വീര്യം,സഹോദരൻ,സഹായം,പരാക്രമം
 4. നാലാംഭാവം-ഗൃഹം,വാഹനം,വെള്ളം,മാതുലൻ,ബന്ധുക്കൾ
 5. അഞ്ചാംഭാവം-ബുദ്ധി,പുത്രൻ,മേധാ.പുണ്യം,പ്രതിഭ
 6. ആറാംഭാവം-വ്യാധി,കള്ളൻ,വിഘ്നം,മരണം
 7. ഏഴാംഭാവം-ഭാര്യ,യാത്ര,കാമവിശേഷം,നഷ്ടധനം
 8. എട്ടാംഭാവം -മരണം,ദാസന്മാർ,ക്ലേശം
 9. ഒമ്പതാംഭാവം-ഗുരുജനം,ഭാഗ്യം,ഉപാസന
 10. പത്താംഭാവം-തൊഴിൽ,അഭിമാനം
 11. പതിനൊന്നാംഭാവം-വരുമാനം,ദു;ഖനാശം
 12. പന്ത്രണ്ടാംഭാവം-ചിലവ്,പാപം,സ്ഥാനഭ്രംശം

ഈ ഭാവങ്ങളിൽ ശുഭന്മാർ നിന്നാൽ ഗുണവും,അശുഭന്മാർ നിന്നാൽ ദോഷവും ആണ് ഫലം

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഭാരതീയഗ്രന്ഥങ്ങൾ[തിരുത്തുക]

വരാഹമിഹിരന്റെ ഹോരാശാസ്ത്രമാണ് ഭാരതീയ ഗണിതജ്യോതിഷത്തിന്റെയും ഫലജ്യോതിഷത്തിന്റേയും അടിത്തറ. ഇതിൽ നിന്നാണ് മറ്റു ഗ്രന്ഥങ്ങൾ തർജ്ജമയായോ വ്യാഖ്യാനങ്ങളായോ ഉണ്ടായിട്ടുള്ളത്.

 1. വരാഹമിഹിരന്റെ ഹോരാശാസ്ത്രം
 2. ജാതകാദേശം
 3. ഫലദീപിക
 4. ജ്യോതിഷ നിഘണ്ടു ( ഓണക്കൂർ ശങ്കരഗണകൻ )
 5. ഹൃദ്യപഥ (ബൃഹദ്സംഹിതാ വ്യാഖ്യാനം)
 6. മുഹൂർത്തപദവി
 7. പ്രശ്നമാർഗ്ഗം
 8. പ്രശ്ന രീതി ( എടക്കാട് കൂക്കണിയാൾ - ശങ്കരൻ കണിയാർ)
 9. ദേവപ്രശ്നം
 10. സാരാവലി
 11. ജാതകപാരിജാതം
 12. ദശാദ്ധ്യായി
 13. കൃഷ്ണീയം
 14. പ്രശ്നകൗതുകം (ചെത്തല്ലൂർ കൃഷ്ണ൯ കുട്ടിഗുപ്ത൯)
 15. ദേവപ്രശ്ന അനുഷ്ഠാനപ്രദീപം
 16. ബൃഹദ്പരാശര ഹോരാശാസ്ത്രം
 17. വീരസിംഹ അവലോകനം
 18. ജ്യോതിഷമഞ്ജരി (പയ്യന്നൂർ മമ്പലത്ത് ഗോവിന്ദൻ ഗുരുക്കൾ)

അവലംബം[തിരുത്തുക]

 1. 1.0 1.1 ഒരു സംഘംലേഖകർ (ഡിസംബർ 2009). ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം. സംസ്ഥാന സർവ്വ വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്. p. 402.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ".E0.B4.9C.E0.B5.8D.E0.B4.AF.E0.B5.8B.E0.B4.A4.E0.B4.BF.E0.B4.B6.E0.B5.8D.E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0_.E0.B4.B5.E0.B4.BF.E0.B4.9C.E0.B5.8D.E0.B4.9E.E0.B4.BE.E0.B4.A8.E0.B4.95.E0.B5.8B.E0.B4.B6.E0.B4.82" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ജ്യോതിഷം&oldid=2489031" എന്ന താളിൽനിന്നു ശേഖരിച്ചത്