ഉള്ളടക്കത്തിലേക്ക് പോവുക

വാരാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം വരാഹ രൂപം പൂണ്ട ആദിപരാശക്തിയാണ് വാരാഹി. വരാഹിയെ ഉപാസിച്ചാൽ മനഃസമാധാനവും ശത്രുനാശവുമാണ് ഫലം.

നീലനിറമാണ് ദേവിക്ക്, പന്നിയുടെ മുഖം, മനുഷ്യശരീരം, നാലു കൈകളിൽ കലപ്പ, സുദർശനചക്രം, അഭയമുദ്ര, വരദമുദ്ര ഇവ ധരിച്ചിരിക്കുന്നു. ചില രൂപത്തിൽ എട്ടും, ചിലതിൽ പതിനെട്ടും കൈകളുണ്ട്. മഹിഷം ആണ് വാഹനം.

കാട്ടുപന്നിയുടെ മുഖത്തോട് കൂടിയ ഈ ഭഗവതി പഞ്ചുരുളി, പന്നിമുഖി, ദണ്ഡനാഥ, സേനാനായകി, അഷ്ടലക്ഷ്മി സ്വരൂപിണി, വരാഹിലക്ഷ്മി, ദാരിദ്രനാശിനി, സമയേശ്വരി, പാതിരാപഞ്ചമി, രാത്രി ഭഗവതി തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്നു.

പൊതുവെ കഠിനമായ വ്രതങ്ങളോ, പൂജകളോ നിഷ്ഠകളോ കൂടാതെ തന്നെ വളരെ വേഗം പ്രസാദിക്കുന്നവളാണ് വാരാഹി.

സപ്‌തമാതാക്കളിൽ അഞ്ചാമത്തെ ദേവിയാണ്‌ വരാഹി. ദേവി മഹാത്മ്യത്തിൽ രക്തബീജവധ സമയത്താണ് സപ്ത മാതൃക്കൾ അവതരിച്ചത്. ദുർഗാദേവിയുടെ പൃഷ്ട ഭാഗത്തു നിന്നാണ് വരാഹിയുടെ ഉത്ഭവം. ദേവിയുടെ സാധകനു സ്തംഭനം മാരണം വശ്യം എന്നിവ ഏൽക്കാൻ ദേവി അനുവദിക്കില്ല.

പുരാണങ്ങൾ പ്രകാരം ലളിത പരമേശ്വരിയും ഭണ്ഡാസുരനുമായി നടന്ന യുദ്ധത്തിൽ ഭഗവതിയുടെ സേനാനായികയായി വാരാഹിയെ കാണാം. വരാഹരൂപം പൂണ്ട ഭദ്രകാളി വാർത്താളി എന്നറിയപ്പെടുന്നു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നവൾ എന്ന അർത്ഥത്തിൽ ദണ്ഡനാഥ എന്ന് വിളിക്കപ്പെടുന്നു. ഇല്ലായ്മകൾ, ദാരിദ്ര്യം (പഞ്ചങ്ങൾ) തുടങ്ങിയവ പരിഹരിക്കുന്ന ലക്ഷ്മി ആയതിനാൽ ഭഗവതിക്ക് പഞ്ചമി എന്ന്‌ പേര് ലഭിച്ചു. മഹാവിഷ്ണുവിന്റെ വരാഹ അവതാരത്തിന്റെ ശക്തിയായും വാരാഹി ആരാധിക്കപ്പെടുന്നു. മഹാലക്ഷ്മിയുടെ താന്ത്രികരൂപമായ ഈ ഭഗവതി സർവ്വ ദാരിദ്ര്യവും ഇല്ലാതാക്കുന്നവളാണ്.

ആദിശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ സർവ്വ സൈന്യധിപയായിട്ടും, അഷ്ട ലക്ഷ്മിമാരുടെ ഐക്യരൂപമായിട്ടും, കാലത്തിന്റെ അധിപതിയായ സമയേശ്വരി ആയിട്ടും, ഭൂശക്തിയായിട്ടും, ശത്രുക്കളെ സ്തംഭിപ്പി ക്കുന്നവളായിട്ടും, ഇഷ്ട വരദായിനിയായിട്ടും ഭഗവതി ആരാധിക്കപ്പെടുന്നു. ഐശ്വര്യം, വിജയം, സമ്പത്ത്, ദുഃഖനാശം എന്നിവയുടെ മൂർത്ത രൂപമാണ് വാരാഹി ഭഗവതി.

പ്രധാനമായും ശാക്തേയ ആരാധനാമൂർത്തി ആണെങ്കിലും ശൈവ, വൈഷ്ണവ സമ്പ്രദായത്തിലും, ബുദ്ധ മതത്തിൽ വജ്ര വാരാഹി എന്ന പേരിലും ഈ ഭഗവതി ആരാധിക്കപ്പെടുന്നു. ചില പ്രദേശങ്ങളിലെ വ്യാപാരികളുടെയും ബിസിനസ്‌ സമൂഹങ്ങളുടെ ഇടയിൽ വാരാഹി ഉപാസന കാണപ്പെടുന്നുണ്ട്. പഞ്ചമിതിഥി പ്രധാനം ആയതിനാൽ ഭഗവതിക്ക് പഞ്ചമി എന്നും പേരുണ്ട്.

ഭഗവതിയെ ആരാധിക്കുന്നവർ സ്ത്രീകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. വാരാഹിയുടെ ഭക്തർ സ്ത്രീകളോട് ഒരിക്കലും മോശമായി പെരുമാറാൻ പാടില്ല എന്നാണ് ആചാരം. സ്ത്രീകൾ സന്തോഷിക്കുന്ന ഇടങ്ങളിൽ ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശക്തി സ്വരൂപിണിയായ വാരാഹി പൊതുവേ ഉഗ്രമൂർത്തിയായും ക്ഷിപ്ര പ്രസാദിയായും കണക്കാക്കപ്പെടുന്നു. രാത്രിയാണ് വരാഹി ദേവിയെ ആരാധിക്കുന്നത്. പഞ്ചമിതിഥിയിലെ രാത്രി വാരാഹിദേവിക്ക് അതിവിശേഷമാണ്. 2023ൽ പുറത്തിറങ്ങിയ കാന്താര സിനിമയിൽ വരാഹി ദേവിയെ ചിത്രീകരിക്കുന്നതായി കാണാം.

വിശ്വാസം

[തിരുത്തുക]

വാരാഹി ക്ഷിപ്ര പ്രസാദിയായ ഭഗവതിയാണ് എന്നാണ് വിശ്വാസം. സമ്പത്ത്, ഐശ്വര്യം, ശത്രുദോഷശാന്തി, രോഗമുക്തി എന്നിവയാണ് ഭഗവതി പൂജയുടെ ഫലം. പൊതുവേ വാരാഹി വൈദീക മാർഗത്തിൽ ആരാധിക്കപ്പെടുന്ന ഭഗവതിയല്ല. ശാക്തേയ വിശ്വാസപ്രകാരം കൗള മാർഗത്തിൽ പഞ്ചമകാരങ്ങളായ മത്സ്യം, ഭക്ഷ്യയോഗ്യമായ മാംസം (പൂവൻ കോഴി), മധു, മൈഥുനം, മുദ്ര എന്നിവ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭഗവതിയുടെ അനുഗ്രഹത്തിന് കാരണമാകും എന്നാണ് ആചാരം. ഇക്കാരണത്താൽ ശക്തിപൂജയിൽ സസ്യേതര ഭക്ഷണം നിവേദിക്കാറുണ്ട്. ഉദാഹരണത്തിന് ഭക്ഷ്യയോഗ്യമായ കോഴി, മത്സ്യം എന്നിവ കറിയാക്കിയോ അല്ലാതെയോ നിവേദിച്ചു കൊണ്ടുള്ള പൂജകൾ ശാക്തേയ സമ്പ്രദായത്തിൽ കാണാവുന്നതാണ്. എന്നാൽ ഇന്നിതിന് പകരമായി കുമ്പളങ്ങ ഉപയോഗിച്ചു കാണാറുണ്ട്.

പുരാണങ്ങളിൽ

[തിരുത്തുക]

ലളിതാ സഹസ്രനാമത്തിൽ

[തിരുത്തുക]

"പഞ്ചമി പഞ്ചഭൂതേശി പഞ്ച സംഖ്യോപചാരിണി"(175)

ഭണ്ഡാസുരനെ വധിക്കാൻ അവതരിച്ച ലളിതാ ത്രിപുരസുന്ദരിയുടെ (ഭുവനേശ്വരി/ദുർഗ്ഗ) കയ്യിൽ വിളങ്ങുന്ന ശത്രു നാശകരമായ പഞ്ചബാണങ്ങൾ ആകുന്നു വരാഹിദേവി. ധ്യാന സ്വരൂപത്തിൽ അഞ്ചു മുഖങ്ങളോട് കൂടിയ ഭഗവതിയാകുന്നു പഞ്ചമി ദേവി അഥവാ വാരാഹി. അഗ്നി, വായു, ജലം, ആകാശം, ഭൂമി തുടങ്ങിയ പഞ്ചഭൂതങ്ങളിൽ വസിക്കുന്ന പരാശക്തിയും അവൾ തന്നെ.

'വിശുക്ര പ്രാണഹരണ വാരാഹി വീര്യ നന്ദിതാ'

(വിശുക്രൻ്റെ പ്രാണനെടുത്ത വാരാഹിദേവി യുടെ വീര്യം കണ്ട് സന്തോഷിച്ച ദേവിക്ക് നമസ്കാരം.)

'കിരിചക്രരഥാരൂഢ ദണ്ഡനാഥാപുരസ്കൃതാ'

(വരാഹിയുടെ മറ്റൊരു പേരാണ് ദണ്ഡനാഥ. എപ്പോഴും കൈകളിൽ ഒരു ദണ്ഡം (വടി) വഹിക്കുന്നതിനാൽ അവളെ ദണ്ഡനാഥ എന്ന് വിളിക്കുന്നു.

കിരി എന്നാൽ പന്നി എന്നർത്ഥം. അവളുടെ രഥവും ഒരു പന്നിയുടെ ആകൃതിയിലാണ്. അല്ലെങ്കിൽ രഥം വലിക്കുന്നത് പന്നികൾ ആണെന്ന് അർത്ഥമാക്കാം.)

ഭഗവതിയുടെ സേവകരിൽ ദണ്ഡനാധികാരം അഥവാ തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ അധികാരം ഉള്ളവളാണ് വാരാഹി.

ആദിപരാശക്തിയായ ലളിതാദേവിയുടെ സേനാനായികയായ ശ്രീ വാരാഹിദേവി ശ്രീ ചക്രത്തിൽ മഹാപത്മാടവിയുടെ ഈശാന ദിക്കിൽ അതായത് വടക്ക്-കിഴക്കേ, ഭൂപുരത്ത് വസിക്കുന്നു. അഞ്ചു കോണുള്ള ചക്രത്തിൽ ഇരുന്ന് സേനയെ നയിക്കുന്ന ദേവി അജ്ഞാനത്തെ നശിപ്പിച്ച് തൻ്റെ ഭക്തർക്ക് അറിവ് തരുന്നു.

ശ്രീ വാരാഹി ദേവിയുടെ നാമം ജപിക്കുന്ന നിമിഷം ഭയം മാറും. ദുഃഖവും ദുരിതവും മനഃശ്ചാഞ്ചല്യവും ഒഴിയും. ബീജ മന്ത്രങ്ങൾ ജപിച്ച് ശ്രീ വാരാഹി ദേവിയെ ഭജിക്കാൻ കഴിയാത്ത സാധാരണ ഭക്തർക്ക് ദ്വാദശ നാമങ്ങളാൽ അമ്മയെ ആരാധിക്കാം.

ദേവി മാഹാത്മ്യത്തിൽ

[തിരുത്തുക]

ഗൃഹീതോഗ്ര മഹാചക്രേ

ദംഷ്ത്രോദ്ധൃത വസുന്ധരേ।

വരാഹരൂപിണി ശിവേ

നാരായണി നമോസ്തുതേ॥

(വരാഹി രൂപത്തിൽ, കയ്യിൽ വലിയ ചക്രം ധരിച്ച്, തന്റെ തേറ്റകൊണ്ട് ഭൂമിമാതാവിനെ രക്ഷിച്ചവളായ ഹേ നാരായണീ, നിനക്ക് നമസ്കാരം.)

ദേവിമാഹാത്മ്യം പതിനൊന്നാം അദ്ധ്യായ ത്തിലെ പതിനേഴാമത്തെ ശ്ലോകത്തിൽ (നാരായണി സ്തുതി) ഉഗ്രരൂപമായി വരാഹിദേവിയെ വർണ്ണിച്ചിരിക്കുന്നു. ശിവേ എന്നത് കൊണ്ടു വരാഹരൂപം പൂണ്ട പാർവതിയായും ദേവിയെ കണക്കാക്കുന്നു.

ഭൂമിമാതാവിനെ രക്ഷിക്കാൻ ഭഗവാൻ വിഷ്ണു വരാഹരൂപം സ്വീകരിച്ചപ്പോൾ, അദ്ദേഹത്തിന്റെ നാസാരന്ധ്രങ്ങളിൽ നിന്ന് വാരാഹിദേവി ഉത്ഭവിച്ചു എന്ന് പറയപ്പെടുന്നു.

സപ്തമാതൃക്കളിൽ അഞ്ചാമത്തേതാണ് വാരാഹിദേവി. വാമനപുരാണം 56-ാ‍ം അധ്യായത്തിൽ സപ്തമാതാക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെ പറയുന്നു. ശുംഭ നിശുംഭമാരുടെ ആജ്ഞപ്രകാരം പോരിന് ഇറങ്ങിയ അസുരപ്പട തോറ്റോടിയപ്പോൾ രക്തബീജൻ എന്ന അസുരൻ തന്റെ അക്ഷൗഹിണിപ്പടയുമായി എത്തി. ഇതു കണ്ട ചണ്ഡികാദേവി സിംഹനാദം മുഴകി.

ദേവിയുടെ തിരുവായിൽ നിന്ന്‌ ബ്രാഹ്മിയും തൃക്കണ്ണിൽ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടിൽ നിന്ന്‌ കൗമാരിയും, കൈകളിൽ നിന്ന്‌ വൈഷ്ണവിയും, പൃഷ്ട ഭാഗത്തു നിന്ന്‌ വാരാഹിയും, സ്തന മണ്ഡലത്തിൽ നിന്ന് ഐന്ദ്രിയും, പാദത്തിൽ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു.

ദുർഗ്ഗാദേവിയുടെ (കൗശികി) രൂപഭേദങ്ങളാണ്‌ സപ്തമാതാക്കൾ. ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്ത മാതാക്കളുണ്ടായി എന്നും കഥയുണ്ട്‌.

ദാരിക നിഗ്രഹത്തിനായി അവതരിച്ച ഭദ്രകാളിയുടെ സൈന്യത്തിലും വാരാഹി ഉൾപ്പെടുന്നു. മാർക്കണ്ഡേയ പുരാണത്തിലെ ഭദ്രോല്പത്തി പ്രകരണത്തിലെ ദാരികവധം കഥ പ്രസിദ്ധമാണ്. ദാരിക വധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഐന്ദ്രി എന്നിങ്ങനെ ആറ് ശക്തികൾ ഉണ്ടായി. ഷഡ്മാതാക്കൾ ധീരമായി പോരാടിയെങ്കിലും ദാരികന് മുമ്പിൽ അവർ പരാജയപ്പെടുന്നു. പിന്നീട് ശിവനേത്രത്തിൽ നിന്നും അവതരിച്ച ശ്രീഭദ്രകാളി ദാരികനെ വധിച്ച് ലോകത്തെ രക്ഷിക്കുന്നു. ഭദ്രകാളി അഥവാ ചാമുണ്ഡി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു.

ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോൾ സപ്തമാതാക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ. അടർക്കളത്തിൽ വീഴുന്ന അന്ധകന്റെ ഒരോ തുള്ളി രക്തത്തിൽ നിന്നും വീണ്ടും വീണ്ടും അന്ധകൻ ജനിക്കയാൽ സപ്ത മാതാക്കൾ അന്ധകന്റെ രക്തം പാനം ചെയ്യുകയും ശിവനും വിഷ്ണുവും ചേർന്ന് അന്ധകനെ വധിക്കുകയും ചെയ്തു.

ഹൈന്ദവ വിശ്വാസപ്രകാരം താന്ത്രിക പദ്ധതിയിലെ ഭൂദേവി സങ്കല്പമാണ് വാരാഹി. ബുദ്ധിസ്റ്റ്‌  തന്ത്രയിൽ വജ്ര വാരാഹിയെ ആരാധിക്കുന്നു. വാമാചാര പ്രിയയായ ദേവി വാമ മാർഗത്തിൽ പൂജിക്കപ്പെടുന്നു.

വാമ മാർഗ്ഗ സ്വരൂപിണിയായ ദേവി ഒരു കയ്യിൽ മധുപാത്രവും, മറുകയ്യിൽ മൽസ്യവും ഏന്തിയ മത്സ്യ വാരാഹി എന്ന ഭാവം ആകുന്നു. ഭഗവതിയുടെ ഉപാസന വളരെ രഹസ്യാത്മകത ഉള്ളതാകുന്നു. താന്ത്രിക സമ്പ്രദായത്തിൽ ദേവി അനാഹത ചക്ര സ്ഥിതയാകുന്നു. അതുകൊണ്ട് രാത്രിയിൽ മാത്രമേ വാരാഹി ഉപാസന ചെയ്യാവു എന്നാണ് ശാസ്ത്രം.

""ന ദിവാ സ്മരേത് വാർത്താളി"" എന്ന് തന്ത്ര ശാസ്ത്രം പറയുന്നു. പകൽ സമയങ്ങളിൽ വാരാഹി ദേവിയെ സ്മരിക്കാൻ പോലും പാടില്ലാത്തതാകുന്നു.

വിവിധ തന്ത്രങ്ങളിൽ വിവിധ ഭാവങ്ങൾ പറയുന്നു.കിരാത വാരാഹി, വശ്യ വാരാഹി, ലഘു വാരാഹി, നകുലി വാരാഹി, മഹാ വാരാഹി, അശ്വാരൂഢ വാരാഹി, മത്സ്യ വാരാഹി, മഹിഷ വാരാഹി, പക്ഷി വാരാഹി, സിംഹാരൂഢ വാരാഹി തുടങ്ങി നിരവധി ഭാവങ്ങൾ ഉണ്ട് ദേവിക്ക്.

മഹാവാരാഹി ആവരണ പൂജയിൽ വിശേഷപ്പെട്ട അഷ്ട വാരാഹീമാരെ പൂജിക്കുന്ന വിധികൾ ബ്രിഹത് വാരാഹി തന്ത്രത്തിൽ പറയുന്നു.

പ്രാർത്ഥനാ ശ്ലോകം:

ഓം കുണ്ഡലിനി പുരവാസിനി ചണ്ഡമുണ്ഡ വിനാശിനി പണ്ഡിതസ്യ മനോണ്മണീ വാരാഹി നമോസ്തുതേ.

അഷ്ടലക്ഷ്മി സ്വരൂപിണി അഷ്ടദാരിദ്ര്യ നാശിനി ഇഷ്ടകാമ പ്രദായിനി വാരാഹി നമോസ്തുതേ.  

വാരാഹി തൻ്റെ സാധകന് ആഗ്രഹിച്ചതെന്തും നൽകും. ഒരു നാടിനെ വരെ രക്ഷിക്കാനും നശിപ്പിക്കാനും ദേവിയുടെ സാധകന് പറ്റും. ദേവി കോപിച്ചാൽ രക്ഷപ്പെടുക അസാധ്യം. ഗുരു ഉപദേശത്തോടെ മാത്രമേ ദേവിയെ പൂജിക്കാൻ പാടുള്ളൂ. പിഴവ് പറ്റിയാൽ ജന്മാന്തരങ്ങൾ നശിച്ചുപോകും.

പ്രധാന ക്ഷേത്രങ്ങൾ

[തിരുത്തുക]

കേരളത്തിലെ വാരാഹി ദേവി പ്രധാന പ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങൾ താഴെ പറയുന്നവയാണ്.

  • പേട്ട ശ്രീ പഞ്ചമി ദേവി ക്ഷേത്രം, തിരുവനന്തപുരം. (തിരുവനന്തപുരം നഗരത്തിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും അല്പം മാറി കല്ലുമ്മൂട് പാലത്തിനു സമീപം)
  • കുറക്കോട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം, വിനോദ് നഗർ, നെടുമങ്ങാട്, തിരുവനന്തപുരം.
  • കുമ്പളപ്പള്ളി ശ്രീ വാരാഹി ദേവിക്ഷേത്രം, കണിച്ചു കുളങ്ങര, മാരാരിക്കുളം വടക്ക്, ആലപ്പുഴ
  • ശ്രീ വളളൂർ വാരാഹി ദേവിക്ഷേത്രം, അന്തിക്കാട്, തൃശൂർ. [1]
  • പട്ടുവം വടക്കേക്കാവ് വാരാഹി ക്ഷേത്രം, കണ്ണൂർ.
  • നെല്ലിക്കാംകണ്ടി ശ്രീ വാരാഹി ദേവിക്ഷേത്രം, താമരശ്ശേരി, കോഴിക്കോട്.
  • വെളുത്താട്ടു വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം, കെടാമംഗലം, വടക്കൻ പറവൂർ, എറണാകുളം. (ഇത് വാരാഹി സങ്കൽപ്പമുള്ള ക്ഷേത്രമാണ്. 108 ദുർഗ്ഗാലയങ്ങളിൽ ഒന്ന്.)

സപ്തമാതാക്കളുടെ പ്രതിഷ്ഠ ഉള്ള ഭഗവതി ക്ഷേത്രങ്ങളിലും വാരാഹി പ്രതിഷ്ഠ കാണാം. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

  • കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, തൃശൂർ

(ഭഗവതിയുടെ ശ്രീകോവിന്റെ തുടർച്ചയായി സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഇക്കൂട്ടത്തിൽ വാരാഹി ദേവിയെ കാണാം)

  • തിരുമാന്ധാംകുന്ന് ശ്രീ ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം, മലപ്പുറം (ഭഗവതിയുടെ ശ്രീകോവിലിൽ സപ്തമാതാക്കളുടെ കൂട്ടത്തിൽ വാരാഹി പ്രതിഷ്ഠ കാണാം)
  • മാടായിക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൂർ (സപ്ത മാതാക്കളുടെ കൂട്ടത്തിൽ വാരാഹി പ്രതിഷ്ഠ കാണാം)
  • ആമേട സപ്തമാതാ ക്ഷേത്രം, നടക്കാവ്, തൃപ്പൂണിത്തുറ, എറണാകുളം
  • തൃശ്ശൂർ പാറമേക്കാവ് ഭഗവതി ക്ഷേത്രം (സപ്തമാതൃ പ്രതിഷ്ഠ)
  • പരുമല പനയന്നാർക്കാവ് ദേവി ക്ഷേത്രം, പത്തനംതിട്ട (സപ്തമാതൃ പ്രതിഷ്ഠ)
  • അരുവിക്കര ശ്രീ ഭഗവതി ക്ഷേത്രം (സപ്ത മാതൃ പ്രതിഷ്ഠ), തിരുവനന്തപുരം ജില്ല.

വിശേഷ ദിവസങ്ങൾ

[തിരുത്തുക]

പഞ്ചമി തിഥി വിശേഷ ദിവസം. വെളുത്തവാവ് (പൗർണമി), കറുത്തവാവ് (അമാവാസി) എന്നിവ കഴിഞ്ഞുവരുന്ന അഞ്ചാമത്തെ ദിവസത്തെയാണ് പഞ്ചമി എന്നു പറയുന്നത്. ഈ രണ്ടു ദിവസങ്ങളാണ് വരാഹി ദേവിയേ പ്രാർത്ഥിക്കുന്നതിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നത്. ചൊവ്വ, വെള്ളി, ശനി, പൗർണമി പ്രധാന ദിവസങ്ങൾ. നവരാത്രി പ്രധാനം. ആഷാഡ നവരാത്രി അതിവിശേഷം.

അവലംബം

[തിരുത്തുക]
  1. "Facebook". Retrieved 2024-09-03.
"https://ml.wikipedia.org/w/index.php?title=വാരാഹി&oldid=4589352" എന്ന താളിൽനിന്ന് ശേഖരിച്ചത്