വിഷ്ണു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഹാവിഷ്ണു(ആദിനാരായണൻ), ബ്രഹ്മൻ, പരമാത്മാവ്‌, ആദിവിരാട്‌പുരുഷൻ, ത്രിഗുണാത്മൻ, വാസുദേവൻ, ഭഗവാൻ, പരബ്രഹ്മം, അനന്തപത്മനാഭൻ, വെങ്കടേശ്വരൻ, രംഗനാഥസ്വാമി, പെരുമാൾ, ഗോവിന്ദൻ, പൂർണ്ണത്രയീശൻ, ബ്രഹ്മാണ്ഡനാഥൻ, ജഗന്നാഥൻ, സർവ്വേശ്വരൻ, സർവ്വോത്തമൻ, അഖിലേശ്വരൻ, പുരുഷോത്തമൻ, പരമപുരുഷൻ, ഹരി, രഘുനാഥൻ, ശ്രീനിവാസൻ, ശ്രീവല്ലഭൻ, ഓംകാരം
പരിപാലനത്തിന്റെ ദൈവം, സത്യത്തിന്റെ സംരക്ഷകൻ, ജഗതീശ്വരൻ, പുനർജനിയുടെ ദൈവം, മോക്ഷദായകൻ[1][2]
Member of ത്രിമൂർത്തി
Bhagavan Vishnu.jpg
മഹാവിഷ്‌ണു
ദേവനാഗരിविष्णु
Sanskrit TransliterationViṣṇu
Affiliationആദിനാരായണൻ, ദശാവതാരം, പരബ്രഹ്മം, ത്രിമൂർത്തി
നിവാസംവൈകുണ്ഠം, ക്ഷീരസാഗരം
മന്ത്രംഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ആയുധംസുദർശന ചക്രവും ഗദയും[3]
ചിഹ്നംസാളഗ്രാം, താമര, ശേഷൻ
ജീവിത പങ്കാളിമഹാലക്ഷ്മി(ശ്രീദേവി), ഭൂമിദേവി(നിളാദേവി)
സഹോദരങ്ങൾആദി പരാശക്തി അഥവാ പാർവ്വതി (ചില ഹിന്ദു വ്യാഖ്യാനങ്ങളിൽ)
മക്കൾകാമദേവൻ, അയ്യപ്പൻ (ചില ഹിന്ദു വിഭാഗങ്ങളിൽ)
Mountഗരു‍ഡൻ[3]
ഉത്സവങ്ങൾഏകാദശി, ഹോളി, വിഷു, രാമ നവമി, കൃഷ്ണ ജന്മാഷ്ടമി, നരസിംഹജയന്തി, ദീപാവലി, ഓണം, വിവാഹ പഞ്ചമി, വിജയദശമി, ആനന്ദ ചതുർദശി, ദേവശായനി ഏകാദശി, കാർത്തിക പൂർണ്ണിമ, തുളസി വിവാഹം[4]

ഹിന്ദുമത വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ പ്രധാനിയും, മധ്യസ്ഥനുമാണ്‌ ഭഗവാൻ സാക്ഷാൽ മഹാവിഷ്ണു അഥവാ ശ്രീഹരി ആദിനാരായണൻ. മഹാവിഷ്ണുവിനെ സർ‌വ്വചരാചരങ്ങളേയും പരിപാലിക്കുന്ന ദൈവമായും മോക്ഷദായകനായ "പരമാത്മാവായും", "പരബ്രഹ്മം ആയും", "ആദിവിരാട്‌ പുരുഷനായും", "ബ്രഹ്മാണ്ഡനാഥനായും", "സർവ്വേശ്വരനായും"മോക്ഷദായകനായും ഭക്തർ കാണുന്നു. "എല്ലായിടത്തും നിറഞ്ഞവൻ", "എല്ലാം അറിയുന്നവൻ" എന്നാണ് മഹാവിഷ്‌ണു എന്ന വാക്കിന്റെ അർത്ഥം. ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ "നാരായണൻ" എന്ന് മറ്റൊരു പേരും മഹാവിഷ്‌ണുവിന്‌ അറിയപ്പെടുന്നു. ത്രിഗുണങ്ങളിൽ പ്രധാനമായും സത്വഗുണമാണ് മഹാവിഷ്ണുവിന് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ ബ്രഹ്മാവ് സൃഷ്ടിയേയും തമോഗുണാത്മകനായ ശിവൻ സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ മഹാവിഷ്ണു പരിപാലനത്തെയാണ്‌ (സ്ഥിതി) സൂചിപ്പിക്കുന്നത്.

ദേശകാല പരിധികളില്ലാതെ എല്ലാറ്റിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് മഹാവിഷ്ണു സ്വരൂപമെന്ന് പറയുന്നത്‌. പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവിന്റെ ചൈതന്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാ ജഗത്തും ഉണ്ടാവുന്നതും, നിലനിൽക്കുന്നതും ലയിക്കുന്നതുമെല്ലാം. ഈ ബ്രഹ്മാണ്ഡത്തിന്റെ എല്ലാ വശങ്ങളും മഹാവിഷ്ണുചൈതന്യത്താൽ മാത്രം നിരയപ്പെട്ടതാണ്. അതുകൊണ്ടാണ് ഭഗവാന് വാസുദേവൻ എന്ന നാമമുണ്ടാവാനുള്ള കാരണം. ചരാചരാത്മകമായ ജഗത്തുമുഴുവൻ ആരിൽ നിൽക്കുന്നുവോ, ആർ എല്ലാറ്റിന്റെയും നിയന്താവായിട്ടിരിക്കുന്നുവോ അദ്ദേഹമെന്നർത്ഥത്തിലാണ് വാസുദേവശബ്ദം പറയപ്പെട്ടിരിക്കുന്നത്.

ഈ മഹാത്മാവിന്റെ ശക്തിവിശ്വം മുഴുവൻ പ്രവേശിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തെ ആദിനാരായണൻ/മഹാവിഷ്ണു എന്ന് വിളിക്കുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്. സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും പ്രഭുവായിട്ടുള്ളവനാരോ അവനാണ് ഭഗവാൻ ആദിനാരായണൻ! ദേശകാലാവസ്ഥകളിൽ വ്യാപിച്ചിരിക്കുന്നവനാണ് മഹാവിഷ്ണു! സർവൈശ്വര്യ പരിപൂർണ്ണനുമാണ് ശ്രീഹരി.

ആദിനാരായണൻ/മഹാവിഷ്‌ണു തന്നെയാണ്‌ പരബ്രഹ്മമെന്ന്‌ പുരാണങ്ങൾ രേഖപ്പെടുത്തുന്നു. മഹാഭാരതം ശാന്തി പർവ്വത്തിൽ ഭഗവാൻ അർജ്ജുനനോട് പറഞ്ഞത് “ഹേ…പാർത്ഥാ! ഭൂമിയും ആകാശവും എന്നാൽ വ്യാപ്തമാണ്. എന്റെ അനന്തമായ വ്യാപ്തിയാൽ ഞാൻ മഹാവിഷ്ണു എന്ന് പറയപ്പെടുന്നു”. ഈ പ്രപഞ്ചത്തിൽ കാണാവുന്നതും കേൾക്കാവുന്നതുമായി എന്തെല്ലാം ഉണ്ടോ അതിന്റെ ഉള്ളിലും പുറത്തും ഭഗവാൻ മഹാവിഷ്ണു വ്യാപിച്ചിരിക്കുന്നു എന്നാണ് ബൃഹത്തരായണോപനിഷിത്ത് പറഞ്ഞിരിക്കുന്നത്.

സ്വർണ്ണത്തിന് അഗ്നിയും രശ്മികൾക്ക് ആദിത്യനും എപ്രകാരം പതിയായിരിക്കുന്നുവോ അതുപോലെ സർവ്വലോകങ്ങൾക്കും പതിയായിരിക്കുന്നവനാണ് ശ്രീ ആദിനാരായാണനായ മഹാവിഷ്ണുഭഗവാൻ! ചരാചരാത്മകമായ ജഗത്തൊട്ടാകെ തന്നെ വിഷ്ണുമയമാക്കി തീർത്തവനും സർവ്വചരാചരങ്ങളിലും വിദ്യാവിദ്യാ സ്വരൂപേണയും കാര്യകാരണസ്വരൂപേണയും വർത്തിക്കുന്ന പരമപുരുഷനാണ് സാക്ഷാൽ ആദിനാരായണൻ!

കാലദേശങ്ങളിൽ നിന്നും നാമരൂപങ്ങളിൽ നിന്നും ഗുണധർമ്മങ്ങളിൽ നിന്നും അതീതനും കേവലസ്വരൂപിയുമായ ശ്രീവാസുദേവനാകുന്നു പരമബ്രഹ്മം. അവ്യക്തമായ കാരണപ്രപഞ്ചത്തിനും വ്യക്തമായ കാര്യപ്രപഞ്ചത്തിനും മൂലസ്വരൂപം അല്ലെങ്കിൽ ആദികാരണമായിട്ടിരിക്കുന്നത് ഭഗവാൻ ആദിനാരായണൻ അഥവാ മഹാവിഷ്ണു എന്ന പരബ്രഹ്മമാകുന്നു. നിർഗുണബ്രഹ്മമാണ് ഭഗവാന്റെ പരമമായ സ്വരൂപം. പുരുഷൻ, പ്രകൃതി അല്ലെങ്കിൽ പ്രധാനം, കാലം തുടങ്ങിയ അവ്യക്തങ്ങളായ ജഗത്കാരണ ശക്തികളെല്ലാം പരബ്രഹ്മസ്വരൂപിയായ ഭഗവാൻ ആദിനാരായണന്റെ രൂപഭേദങ്ങൾ മാത്രമാണ്. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം.

മഹാവിഷ്ണുവിന്‌ പുരാണങ്ങളിൽ നിരവധി അവതാരങ്ങൾ ഉണ്ട്. അതിൽ പത്ത് അവതാരങ്ങൾ പ്രധാനപ്പെട്ടവയായി കണക്കാക്കപ്പെടുന്നു. ബുദ്ധനും, ധർമ്മശാസ്‌താവും, പറയിപെറ്റ പന്തിരുകുലവും സാക്ഷാൽ ആദിനാരായണന്റെ അംശങ്ങൾ തന്നാണെന്നാണ്‌ പുരാണങ്ങൾ രേഖപ്പെടുത്തുന്നത്‌.വേദങ്ങളിലും മറ്റും വലിയ പ്രാധാന്യം ഇല്ലെങ്കിലും ഹിന്ദു മതപ്രകാരം ഏറ്റവും ശ്രേഷ്‌ഠമായ ഗ്രന്ഥം ശ്രീമദ് മഹാഭാഗവതം പോലെയുള്ള പുരാണങ്ങളിൽ ആദിനാരായണൻ/മഹാവിഷ്ണുവിനെ കേന്ദ്രീകരിച്ചാണ്‌ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌.

മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, ആയതിനാൽ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്‌ ഭഗവാന്‌. ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ആയതിനാൽ ത്രിമൂർത്തികൾ സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും വിഷ്‌ണു പുരാണം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ് ത്രിഗുണങ്ങൾ.

ദുഃഖങ്ങളില്ലാത്ത ലോകം എന്നർത്ഥം വരുന്ന "വൈകുണ്ഠമാണ്" ഭഗവാന്റെ വാസസ്ഥാനം. സാക്ഷാൽ പരബ്രഹ്മനായ ആദിനാരായണനിൽ നിന്നു ഉൽപത്തി കൊണ്ടതാണ്‌ എല്ലാ ദേവതകളും ആയതിനാൽ ആദിനാരായണനിൽ ത്രിമൂർത്തികൾ ഉൾപ്പെടെ സർവ്വ ദേവതകളും, സമസ്ഥപ്രപഞ്ചവും കുടികൊള്ളുന്നതായി ഭക്തർ വിശ്വസിക്കുന്നു. സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം, തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മമായ ആദിനാരായണൻ തന്നെയാണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്ത്യവും സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന്‌ ഭക്തർ കാണുന്നു. നിലനിൽപ്പിന്‌ ഐശ്വര്യം വേണമെന്നതിനാൽ ഐശ്വര്യദേവിയായ ആദിപരാശക്തിയായ"മഹാലക്ഷ്മിയെയാണ്" പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. പരമാത്മാവ്, പരബ്രഹ്മൻ, ഗോവിന്ദൻ, വാസുദേവൻ, അച്യുതൻ, ത്രിലോകനാഥൻ, സർവ്വേശ്വരൻ, മഹേശ്വരൻ തുടങ്ങി സഹസ്ര നാമങ്ങൾ ഇദ്ദേഹത്തിനുണ്ട്. "ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ" എന്നിവയാണ് മന്ത്രങ്ങൾ.

പേരിനു പിന്നിൽ[തിരുത്തുക]

ചുവടു വയ്ക്കുക എന്ന സൂചനയാണ്‌ വിഷ്ണു എന്ന വാക്കിന്‌ നിദാനം. ചുവടു വക്കുക, വ്യാപിക്കുക, സക്രിയമാകുക എന്നെല്ലാം അർത്ഥം വരുന്ന വിഷ് എന്ന ധാതുവിൽ നിന്നാണ്‌ വിഷ്ണു എന്ന വാക്കിന്റെ ഉത്ഭവം.

ഐതീഹ്യം[തിരുത്തുക]

പുരാണങ്ങളിൽ വിഷ്ണുവിനെ പറ്റി പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ലഭ്യമാണ്. വിഷ്ണു ഒരു ദൈവമാണെന്നാണ് ഹിന്ദു മത വിശ്വാസം. പല രാജാക്കന്മാരും വിഷ്ണു ക്ഷേത്രം പണിയുകയും ആരാധിക്കുകയും ചെയ്തിരുന്നു.

വേദങ്ങളിൽ[തിരുത്തുക]

ഋഗ്വേദങ്ങളിൽ ദേവന്മാരുടെ രാജാവായ ഇന്ദ്രന്റെ സഹായിയായാണ്‌ വിഷ്ണു പ്രത്യക്ഷപ്പെടുന്നത്. കർമ്മഫലദാതാവായ ഇന്ദ്രന്റെ അനുയോജ്യനായ സഖാവ് എന്നാണ്‌ ഋഗ്വേദത്തിൽ ഒരിടത്ത് പരാമർശം.; (1-22:19) ഇന്ദ്രന്റെ ഓജസ്സുമൂലമാണ്‌ വിഷ്ണുവിന് ചുവടുകൾ വയ്ക്കാൻ കഴിയുന്നതെന്ന് മറ്റൊരിടത്തും പ്രസ്താവിച്ചുകാണുന്നു (8- 12:27). ഭൂവിനേയും ദ്യോവിനേയും എല്ലാ ഭുവനങ്ങളേയും വിഷ്ണു സ്വാത്മാവിങ്കൽ ധരിക്കുന്നു എന്നും (1-154:4) തന്നെ സ്തുതിക്കുന്നവരെ വിഷ്ണു ക്ലേശിപ്പിക്കുകയില്ല എന്നും (8-25:12) സമ്പത്തുകൊണ്ടും രോഗമില്ലാത്ത അവസ്ഥയാലും സന്തതികളാലും സന്തോഷം ഭവിക്കാൻ കാരണം വിഷ്ണുവാണെന്നും (6-49:13) ഋഗ്വേദത്തിൽ പ്രസ്താവിക്കുന്നു.

വിഷ്ണു മൂന്ന് കാൽ‌വെയ്പുകൾ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നു. ത്രിവിക്രമൻ എന്ന പേര്‌ വന്നത് അങ്ങനെയാണ്‌.

ബ്രാഹ്മണങ്ങളിൽ[തിരുത്തുക]

ഋഗ്വേദത്തിന്റെ രചനയ്ക്ക് ശേഷം ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌ ബ്രാഹ്മണങ്ങൾ രചിക്കപ്പെട്ടത്. എന്നാൽ ബ്രാഹ്മണങ്ങളിൽ വിഷ്ണുവിനെ മറ്റൊരു വിധത്തിലാണ്‌ പരാമർശിക്കുന്നത്. ആദിത്യാത്മാവായ വിഷ്ണുവിന്‌ ബ്രാഹ്മണങ്ങളിൽ അധികം പ്രാധാന്യം നല്കിക്കാണുന്നില്ല. പകരം വിഷ്ണുവും യജ്ഞങ്ങളും തമ്മിലുള്ള ബന്ധത്തെയാണ്‌ അത് ഉയർത്തിക്കാട്ടുന്നത്. വിഷ്ണു തന്നെയാണ്‌ യജ്ഞം എന്ന് തൈത്തിരീയം പറയുന്നു (തൈ.1.6.1.5) യജ്ഞകർത്താവ് വിഷ്ണുവിനേപ്പോലെ മൂന്ന് ചുവടുകൾ വച്ചിരിക്കണമെന്ന് ശതപഥം കല്പിക്കുന്നു (ശ. 1.9.1.3.10, 15) വിഷ്ണു വാമന രൂപനായിരുന്നു എന്ന് ശതപഥം ആവർത്തിക്കുന്നു.

മറ്റു ദൈവങ്ങളുമായുള്ള സങ്കലനം[തിരുത്തുക]

വൈദിക കാലത്ത് വിഷ്ണു ഒരു അപ്രധാന ദേവനായിരുന്നു, ഇന്ദ്രനായിരുന്നു അന്നത്തെ പ്രധാന ആരാധനാ മൂർത്തി. വിഷ്ണുവാകട്ടേ ആദിത്യനെയും, ഊർ‌വരതേയും പ്രതിനിധാനം ചെയ്തു. ക്രി.മു. രണ്ടാം നൂറ്റാണ്ടോടെ അന്നത്തെ ദ്രാവിഡ ദേവതയായ നാരായണനുമായി ചേർത്ത് വിഷ്ണുവിനെ കാണാൻ തുടങ്ങി. ഇവർ നാരായണ-വിഷ്ണു എന്നറിയപ്പെടാൻ തുടങ്ങി. അവൈദിക ദേവനായിരുന്ന നാരായണനെ ഭഗവത് എന്നാണ്‌ വിളിച്ചിരുന്നത്, ആരാധനക്കാരെ ഭാഗവതരെന്നും. ഭഗവതിന്റെ ഭാര്യയായിരുന്നു ഭഗവതി. ഭഗവതിയാകട്ടെ അമ്മ അഥവാ സൃഷ്ടിയെ പ്രതിനിധീകരിച്ചു. ഈ രണ്ടു ദേവതകളും അനാര്യന്മാരുടെ ഗോത്രമുഖ്യന്മാർക്ക് സമാനമായിരുന്നു. ഗോത്രമുഖ്യൻ ബന്ധുജനങ്ങളിൽ നിന്ന് കാഴ്ചകൾ സ്വീകരിക്കുകയും അതിന്റെ പങ്ക് ബന്ധുജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നതു പോലെ നാരായണൻ തന്റെ ഭക്തരുടെ മേൽ നന്മ ചൊരിയുമെന്ന് വിശ്വസിക്കപ്പെട്ടു. വിഷ്ണുവിനേയും നാരായണനേയും ചേർത്ത് കാണാൻ തുടങ്ങിയതോടെ വിഷ്ണുവിന്‌ അന്നുവരെ അപ്രധാനമായ ആരാധനയിൽ നിന്ന് പ്രാമുഖ്യം കൈവന്നു. വിഷ്ണുവിന്റേയും നാരായാണന്റേയും ഭക്തരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായതോടെ ആരാധകർ വർദ്ധിച്ചു. വൈദിക ദേവനായ വിഷ്ണുവും അവൈദികദേവനായ നാരായണനും പരസ്പരം ഒന്നുചേരുകയും മറ്റു ദേവതകളുമായി സങ്കലനത്തിലേർപ്പെടുകയും ചെയ്തു.

പടിഞ്ഞാറൻ ഇന്ത്യയിലെ വൃഷ്ണി ഗോത്രത്തിലെ കൃഷ്ണ-വാസുദേവ് എന്ന സാഹസികനും വീരനുമായ ഗോത്രനായകനുമായുള്ള സങ്കലനമായിരുന്നു അടുത്തത്. മഹത്തായ ഇതിഹാസമായ മഹാഭാരതം പിന്നീട് കൃഷ്ണനും വിഷ്ണുവും മറ്റുള്ള എല്ലാ ദേവീദേവന്മാരും ഒന്നാണെന്ന് കാണിക്കാനായി പുനഃക്രമീകരണം നടത്തപ്പെട്ടു. അങ്ങനെ ക്രിസ്തുവിനു മുൻപ് 200 ഓടെ മൂന്നുതരക്കാരായ ഭക്തരും അവരുടെ ദേവന്മാരും താദാത്മ്യം പ്രാപിച്ചു. ഇത് ഭാഗവത ആരാധന അഥവാ വൈഷ്ണവ ആരാധനയുടെ തുടക്കം കുറിച്ചു. [5]

വൈഷ്ണവമതം[തിരുത്തുക]

ഭക്തി, അഹിംസ എന്നിവയാണ് വൈഷ്ണവമതത്തിന്റെ ശ്രദ്ധേയമായ അംശങ്ങൾ. സ്നേഹത്തോടെയുള്ള സമർപ്പണമാണ് ഭക്തി. ഒരു ഗോത്രവർഗ്ഗക്കാരൻ തന്റെ മുഖ്യനോടോ ഒരു പ്രജ തന്റെ രാജാവിനോടോ കാണിക്കുന്ന തരത്തിലുള്ള വിശ്വസ്തതയാണത്. അഹിംസയാകട്ടെ കാർഷിക സമൂഹത്തിന് യോജിച്ചതായിരുന്നു. മൃഗങ്ങളെ ഹിംസിക്കാതിരിക്കുക എന്നായിരുന്നു അതുപദേശിച്ചത്. ബലിക്കായി ഗോത്രവർഗ്ഗക്കാരും യജ്ഞങ്ങൾക്കായി ആര്യന്മാരും മൃഗങ്ങളെ ഹിംസിച്ചിരുന്നു. അതിനെ വൈഷ്ണവാരാധന വെറുത്തു. പഴയ ജീവദായക ഊർവരതാരാധനക്ക് ചേർന്നതായിരുന്നു രണ്ടും. ജനങ്ങൾ വിഷ്ണുവിന്റെ മൂർത്തിയെ ആരാധിക്കുകയും അതിന് നെല്ലും എള്ളും നേദിക്കുകയും ചെയ്തു.

ദശാവതാരങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: ദശാവതാരം

ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരകഥകളാണ് ഭാഗവതത്തിലെ ദശാവതാരകഥകൾ. വിഷ്ണു ഭഗവാന്റെ പത്ത് അവതാരങ്ങൾ ഇപ്രകാരമാണ്. ആദ്യം ഏഴ് അവതാരങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും ബാക്കി പിന്നീട് വന്നുചേർന്നതാണെന്നുമുള്ള ഒരു വാദവുമുണ്ട്.

 1. മത്സ്യം
 2. കൂർമ്മം
 3. വരാഹം
 4. നരസിംഹം
 5. വാമനൻ
 6. പരശുരാമൻ
 7. ശ്രീരാമൻ
 8. ബലരാമൻ
 9. ശ്രീകൃഷ്ണൻ
 10. കല്ക്കി

പ്രധാന ആഭരണങ്ങളും ആയുധങ്ങളും[തിരുത്തുക]

 • പാഞ്ചജന്യം - വെളുത്ത നിറത്തിലുള്ള ശംഖ്
 • സുദർശനം - ശത്രുക്കളെ സംഹരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ആയുധം.
 • കൗമോദകി - ഗദയുടെ പേര്.
 • കൗസ്തുഭം - ക്ഷീരസാഗരം കടഞ്ഞപ്പോൾ കിട്ടിയ ആഭരണം.
 • നാന്ദകം - ഇന്ദ്രനിൽ നിന്ന് ലഭിച്ച വാൾ.
 • ശാർങ്ഗം - വില്ല്
 • വൈജയന്തി - രത്നമാല.
 • ശ്രീവത്സം - നെഞ്ചിലുള്ള അടയാളം (മറുക്). ഒരിക്കൽ ത്രിമൂർത്തികളിൽ കൂടുതൽ മഹത്ത്വം ആർക്കാണെന്നു പരീക്ഷിക്കുന്നതിന് മഹർഷിമാർ ഒരിക്കൽ ഭൃഗുമഹർഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹർഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹർഷിയെ ശകാരിച്ചു.

പിന്നീട്‌ അടുത്തതായി ഭൃഗു ചെന്നെത്തിയതു പരമശിവന്റെ ആസ്ഥാനമായ കൈലാസത്തിലായിരുന്നു. ചെന്നെത്തിയപാടേ ശിവൻ ഭൃഗുവിനെ ആലിംഗനം ചെയ്യാനായി അടുത്തേക്കോടി വന്നു. "ച്ഛേ, എന്നെത്തൊടരുത്!" എന്നു പറഞ്ഞുകൊണ്ട് മഹർഷി മാറിനിന്നു. മഹർഷിയുടെ ധാർഷ്ട്യം കണ്ട് കുപിതനായ ശിവൻ തന്റെ ത്രിശൂലമെടുത്തു പ്രയോഗിക്കാനാഞ്ഞു. പരമശിവന്റെയും പാർവതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു.

വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹർഷി പോയത്. മഹർഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന പരമാത്മാവായ മഹാവിഷ്ണുവിനെ താൻ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹർഷി നെഞ്ചിൽ ചവിട്ടി. പെട്ടെന്നുണർന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. ഭഗവാന്റെ അസാധാരണമായ സഹിഷ്ണതയിൽ അത്ഭുതം തോന്നിയ മഹർഷി തന്റെ ആഗമനോദ്ദേശ്യം പറയുകയും താൻ ചെയ്ത മഹാപരാധത്തിന് മാപ്പിരക്കുകയും ചെയ്തു. ഭഗവാൻ സന്തോഷത്തോടെ ഭൃഗുമുനിയെ യാത്ര അയച്ചു. മുനിയെ അനാദരിച്ചതിനു പ്രായശ്ചിത്തമായി പാദം വക്ഷസ്സിൽ പതിച്ചപ്പോഴുണ്ടായ മറുക്‌ തന്റെ മാറിടത്തിൽ സദാ പതിഞ്ഞുകിടക്കണമെന്നു മഹാവിഷ്ണു തീരുമാനിച്ചു. ആ അടയാളമാണ് ശ്രീവത്സമെന്ന പേരിൽ അറിയപ്പെടുന്നത്‌. അങ്ങനെ ഭൃഗുമുനിക്ക്‌ ബോധ്യമായി ഭഗവാൻ മഹാവിഷ്‌ണു സർവ്വോത്തമനാണെന്ന്‌. പിന്നീട്‌ നടന്ന സംഭവമെല്ലാം ഭൃഗുമുനി മറ്റു മഹർഷിമാരെ സന്തോഷപൂർവ്വം അറിയിച്ചു.

പര്യായങ്ങൾ[തിരുത്തുക]

 • ചതുർബാഹു
 • നാരായണൻ
 • പദ്മനാഭൻ
 • ഋഷീകേശൻ
 • അച്യുതൻ
 • മാധവൻ
 • കേശവൻ
 • ശ്രീധരൻ
 • ദാമോദരൻ
 • വാസുദേവൻ
 • ചക്രപാണി
 • പീതാംബരൻ

പ്രാർത്ഥനാ ശ്ലോകങ്ങൾ[തിരുത്തുക]

ശാന്താകാരം ഭുജഗശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം
മേഘവർണം ശുഭാംഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഹൃധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സർവ ലോകൈക നാഥം.

കായേന വാചാ മനസേന്ദ്രിയൈർവ്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേസ്സ്വഭാവാൽ കരോമി യദ്യൽ സകലം പരസ്മൈ നാരായണായേതി സമർപ്പയാമി

പീതാംബരം കരവിരാജിത ശംഖചക്രകൗമോദകീസരസിജം
രാധാസമേതമതിസുന്ദരമന്ദഹാസം വാതാലയേശമനിശം മനസാ സ്മരാമി

നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണാ നാരായണാ സകല സന്താപനാശക ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

മറ്റു ലിങ്കുകൾ[തിരുത്തുക]അവലംബം[തിരുത്തുക]

 1. Wendy Doniger (1999). Merriam-Webster's Encyclopedia of World Religions. Merriam-Webster. p. 1134. ISBN 978-0-87779-044-0.
 2. Editors of Encyclopaedia Britannica (2008). Encyclopedia of World Religions. Encyclopaedia Britannica, Inc. pp. 445–448. ISBN 978-1-59339-491-2.CS1 maint: Extra text: authors list (link)
 3. 3.0 3.1 Constance Jones; James D. Ryan (2006). Encyclopedia of Hinduism. Infobase Publishing. pp. 491–492. ISBN 978-0-8160-7564-5.
 4. Muriel Marion Underhill (1991). The Hindu Religious Year. Asian Educational Services. pp. 75–91. ISBN 978-81-206-0523-7.
 5. പ്രാചീന ഇന്ത്യ. എസ്.ആർ. ശർമ്മ. ഡി.സി. ബുക്സ്. കോട്ടയം


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=വിഷ്ണു&oldid=3210823" എന്ന താളിൽനിന്ന് ശേഖരിച്ചത്