ഋഗ്വേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ്‌ ഋഗ്വേദം. ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുർ‌വേദങ്ങളിൽ ആദ്യത്തേതുമാണ്‌ ഇത്. ഇന്ദ്രൻ, വരുണൻ, അഗ്നി, വായു, സൂര്യൻ തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ്‌ ഋഗ്വേദത്തിൽ കൂടുതലായും ഉള്ളത്. ഇതിനു പുറമേ സോമരസം എന്ന പാനീയം നിർമ്മിക്കാനുപയോഗിക്കുന്ന സോമം എന്ന ചെടിയെക്കുറിച്ചുള്ള പരാമർശവും ഋഗ്വേദത്തിൽ ധാരാളമായുണ്ട്.[1] പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു[2] മുന്നൂറിൽപ്പരം ഋഷികൾ, സ്ത്രീകൾ ഉൾപ്പെടെ, പല കാലങ്ങളിലായി ഇതിന്റെ നിർമ്മിതിയിൽ ഏർപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു.[2]

ആയുർവേദം, ഋഗ്വേദത്തിന്റെ ഉപവേദമാണ്.[3]

ചരിത്രം[തിരുത്തുക]

ഋഗ്വേദം (പദപാഠം). ദേവനാഗരിയിലുള്ള കൈയെഴുത്തുപ്രതി, പൂർവ പത്തൊൻപതാം ശതാബ്ദം

മാനവരാശിക്ക് ഇന്നു ലഭ്യമായതിൽ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം.[4] ബി.സി.ഇ. 1500-നോടടുപ്പിച്ചോ അതിനു ശേഷമോ ആണ്‌ ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കപ്പെടുന്നു[5]‌. ഋഗ്വേദത്തോടു സമകാലീനത്വമവകാശപ്പെടുന്ന ഈജിപ്തുകാരുടെ ബുക് ഓഫ് ദ ഡെഡ് ഉം ബാബിലോണിയക്കാരുടെ ഗിൽ ഗമീഷ് എന്ന ഇതിഹാസവും ഇപ്പോൾ പുരാവസ്തു ഗവേഷകൻമാരുടെ ശ്രദ്ധയിൽ മാത്രമേ പെടുന്നുള്ളു. ആ ഗ്രന്ഥങ്ങളിലെ സാഹിത്യമോ ചിന്താഗതിയോ ഒന്നുംതന്നെ ഒരു ജനസമൂഹത്തെയും സ്പർശിക്കുന്നില്ല. ഇതിൽ നിന്നും വ്യത്യസ്തമായി ഹിന്ദുക്കളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളും ഇന്നും വേദങ്ങളെ അടിസ്ഥാനമാക്കിയാണ്. [6]

ഇന്തോ ആര്യന്മാരുടെ മദ്ധ്യേഷ്യയിൽ നിന്നും ഇറാനിയൻ പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തു കൂടെ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കുടിയേറ്റകാലത്താണ്‌ ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല[5].

രചയിതാക്കൾ[തിരുത്തുക]

വേദങ്ങൾ അനാദി ആണെന്നും അവയെ ഋഷിമാർ ദർശിക്കുകയാണു ചെയ്യുന്നതെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദ ദൃഷ്ടാക്കൾ ആയ ഋഷിമാരെ പൊതുവിൽ പത്തു വിഭാഗങ്ങളായ് തിരിച്ചിരിക്കുന്നു.

 1. കണ്വർ (കേവല അംഗിരസുമാർ)
 2. അംഗിരസുമാർ
 3. അഗസ്ത്യർ
 4. കേവല ഭൃഗുക്കൾ
 5. വിശ്വാമിത്രർ
 6. അത്രിമാർ
 7. വസിഷ്ടന്മാർ
 8. കശ്യപർ
 9. ഭരതർ
 10. ഭൃഗുക്കൾ

എന്നീ ഋഷി വിഭാഗങ്ങൾ ആണു ഋഗ്വേദ ദ്രഷ്ടാക്കൾ.[7]

ഋഗ്വേദവും ഭാരതചരിത്രവും[തിരുത്തുക]

ഋഗ്വേദരചന നടന്ന ഭൂപ്രദേശം, ഒപ്പം നദികളും; ഗാന്ധാര (സ്വത്) സംസ്കാരത്തിന്റെയും ഉത്തര സിന്ധൂതട സംസ്കാരത്തിന്റെയും (സെമിട്രി എഛ്) വ്യാപനമേഖലകളും സൂചിപ്പിച്ചിരിക്കുന്നു.

ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. ഇതിന്റെ രചന നടന്നിരിക്കുന്നത് കുഭാനദീതടം (ഇന്നത്തെ കാബൂൾ മുതൽ യമുനാ നദീതടം വരെയുള്ള സ്ഥലങ്ങളിൽ വച്ചാണ്.[അവലംബം ആവശ്യമാണ്] ആര്യന്മാരുടെ ഭാരത പ്രവേശനവും പഞ്ചനദത്തിന് (ഇന്നത്തെ പഞ്ചാബ്) ഇപ്പുറത്തുണ്ടായിരുന്ന കറുത്ത നിറമുള്ള ദസ്യുക്കളുമായുള്ള യുദ്ധങ്ങളും ആര്യന്മാരും ദസ്യുക്കളുമായി ചേർന്ന് രൂപം കൊള്ളുന്ന ഭാരതജനതയും അവരുടെ നൂതന സംസ്കാരവും ഭാരതജനതയുടെ ആര്യ-അനാര്യ ശതുക്കൾക്കെതിരായുള്ള പ്രാർഥനയും സൂക്ഷ്മദൃക്കുകൾക്ക് ഋഗ്വേദത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.[അവലംബം ആവശ്യമാണ്]

ഋഗ്വേദത്തിലെ മന്ത്രങ്ങൾ പലകാലങ്ങളിലായി രചിക്കപ്പെട്ടതും പിന്നീട് കൃഷ്ണദ്വൈപായനനാൽ ക്രമീകരിക്കപ്പെട്ടതുമാണ്.

ആര്യന്മാർ കുഭാനദീതടത്തിൽ വെച്ചാണ് ഋഗ്വേദമന്ത്രങ്ങളുടെ രചന ആരംഭിക്കുന്നത്. പഞ്ചനദം (പഞ്ചാബ്) (അഞ്ചു നദികൾ) കടക്കാൻ പ്രകൃതിശക്തികളെ പ്രസാദിപ്പിക്കാൻ വേണ്ടിയുള്ള സ്തുതികളാണിവ.[അവലംബം ആവശ്യമാണ്] പഞ്ചനദികളിൽ അഞ്ചാമത്തേതായ ശതദ്രി (ഇന്നത്തെ സത്‌ലജ്) കടന്നെത്തുന്ന ആര്യന്മാർക്ക് നേരിടേണ്ടിവരുന്നത് അതിപ്രബലരും സംസ്കാരസമ്പന്നരുമായ ദസ്യുക്കളോടാണ്. ദശരഞ്ജ എന്നറിയപ്പെടുന്ന യുദ്ധം ആര്യന്മാരും ദസ്യുപ്രമുഖന്മാരും തമ്മിലുള്ളതാണ്. യുദ്ധത്തിൽ ജയിക്കാൻ വേണ്ടിയുള്ള സ്തുതികൾ ഋഗ്വേദത്തിൽ കാണാം. എന്നാൽ ക്രമേണ ശതദ്രി കടന്നുവന്ന ആര്യന്മാർ തദ്ദേശവാസികളായുള്ള ദസ്യുക്കളുമായി ഇടകലരുകയും ഒരു പുതയ ജനതയും സംസ്കാരവും രൂപംകൊള്ളുകയും ചെയ്തു. ഈ ആര്യ-ദ്രാവിഡ സങ്കരസമുദായമാണ് ഇന്നത്തെ ഭാരതീയജനതയുടെ പൂർവികർ. ഇവരാലാണ് ഭാരതസംസ്കാര സൃഷ്ടി നടന്നത്. ഋഗ്വേദത്തിലെ പിന്നീടുള്ള മന്ത്രങ്ങൾ ഈ ഭാരതജനതയാൽ രചിക്കപ്പെട്ടവയാണ്. ആര്യന്മാരെ ശതദ്രിക്കപ്പുറത്തു തടഞ്ഞ് നിർത്തുവാനും ആര്യ-അനാര്യ ശത്രുക്കളിൽനിന്ന് രക്ഷക്കും വേണ്ടി പ്രകൃതിശക്തികളോടുള്ള അപേക്ഷയോ പ്രാർഥനയോ ഒക്കെയാണ് അവ. ചുറ്റമുള്ള ശത്രുക്കളിൽ നിന്നുള്ള രക്ഷക്കായുള്ള ഒരു മുറവിളി ഋഗ്വേദത്തിൽ ഉടനീളം കാണാം.[അവലംബം ആവശ്യമാണ്]

ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗയെക്കുറിച്ച് വളരെ ചെറിയൊരു പരാമർശം മാത്രമേ ഋഗ്വേദത്തിലുള്ളു. അതിനപ്പുറത്തുള്ള ഭൂവിഭാഗത്തെക്കുറിച്ച് യാതൊരു പരാമർശവും ഇല്ല. അതിനാൽ യമുനാനദീതടം വരെയുള്ള പ്രദേശങ്ങളെപ്പറ്റിമാത്രമേ ഋഗ്വേദമന്ത്രങ്ങളുടെ സൃഷ്ടിനടത്തിയ ജനതക്ക് അറിവുണ്ടായിരുന്നുള്ളു എന്ന് കരുതാം.

ഈ മന്ത്രങ്ങൾ സ്തുതികൾ എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദർശനങ്ങളുടെ ഉറവിടവുമാണ് പിൽകാലത്ത് ഈ മന്ത്രങ്ങൾ കൃഷ്ണദ്വൈപായനനാൽ ക്രമപ്പെടുത്തപ്പെടുകയും ഋഗ്വേദം എന്ന് അറിയപ്പെടുകയും ചെയ്തു.

ഋഗ്വേദ പഠന രീതി[തിരുത്തുക]

ഋഗ്വേദത്തിലെ മന്ത്രങ്ങളെ ഋക്കുകൾ എന്നുപറയുന്നു. രണ്ടുതരത്തിൽ വർഗീകരണങ്ങൾ ഉണ്ട്.

മണ്ഡലം, സൂക്തം എന്ന രീതി[തിരുത്തുക]

ഈ വർഗീകരണത്തിൽ ഋഗ്വേത്തെ 10 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മണ്ഡലത്തെയും അനേകം സൂക്തങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ സൂക്തവും അനേകം മന്ത്രങ്ങൾ അഥവാ ഋക്കുകൾ ഉൾക്കൊള്ളുന്നു. കേരളത്തിലെ അമ്പലവാസികളിൽ ഉൾപ്പെടുന്ന ബ്രാഹ്മണർ മണ്ഡലം-സൂക്തം-മന്ത്രം എന്ന ഈ രീതിയാണ് പിന്തുടർന്നിരുന്നത്.

അഷ്ടകം, വർഗ്ഗം എന്ന രീതി[തിരുത്തുക]

ഈ വർഗീകരണത്തിൽ ഋഗ്വേദത്തെ 8 അഷ്ടകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അഷ്ടകത്തെയും അനേകം വര്ഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ വർഗവും അനേകം മന്ത്രങ്ങൾ അഥവാ ഋക്കുകൾ ഉൾക്കൊള്ളുന്നു. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ ഈ രീതിയാണ് പിന്തുടർന്നിരുന്നത്. നമ്പൂതിരിമാർ അഷ്ടകം എന്നുള്ളത് അട്ടം എന്ന് ചുരുക്കിപ്പറയുക പതിവായിരുന്നു.

തുടക്കം[തിരുത്തുക]

॥ॐ॥ അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം ।
ഹോതാരം രത്നധാതമമം ॥ (മണ്ഡലം:1, സൂക്തം:1, മന്ത്രം:1) (ഋഗ്വേദത്തിലെ പ്രഥമ മന്ത്രം)


അർത്ഥം: അഗ്നീ, പുരോഹിതനും യജ്ഞത്തിന്റെ ദേവനും ഋത്വിക്കും
ഹോതാവും രത്നഖചിതനുമായ നിനക്ക് സ്തുതി.


ഒടുക്കം[തിരുത്തുക]

സംസമിധ്യുവസേ വൃഷന്നഗ്നേ
വിശ്വാന്യര്യ ആ ।
ഇളസ്വദേസാമിധ്യസേ
സ നോ വസൂന്യാ ഭര ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:1)


സം ഗച്ഛധ്വം സം വദധ്വം
സം വോ മനാംസി ജാനതാം ।
ദേവാ ഭാഗം തഥാ പൂർവം
സംജാനാനാ ഉപാസതേ ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:2)


സമാനോ മന്ത്ര: സമിതി: സമാനി
സമാനം മന: സഹ ചിത്തമേഷാം ।
സമാനം മന്ത്രമാഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ ജുഹോമി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:3)


സമാനീ വ ആകൂതി:
സമാനാ ഹൃദയാനി വ: ।
സമാനമസ്തു വോ മനോ
യഥാ വ: സുസഹാസതി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:4) (ഋഗ്വേദത്തിലെ അവസാന മന്ത്രം)


ഋഗ്വേദത്തിലെ ദേവന്മാർ[തിരുത്തുക]

ഋഗ്വേദം ഹിന്ദുമതത്തിന്റെ മൂലഗ്രന്ഥമാണെങ്കിലും ഹിന്ദുക്കൾ ഇന്ന് ആരാധിക്കുന്ന ദേവന്മാർക്ക് അതിൽ ഒരു സ്ഥാനവുമില്ല. വിഷ്ണുവിനെ അഞ്ചു മന്ത്രങ്ങളിൽ സ്തുതിച്ചിട്ടുണ്ടെങ്കിലും മറ്റ് ദേവൻമാരോടു താരതമ്യപ്പെടുത്തുമ്പോൾ പ്രാബല്യം കുറഞ്ഞ ഒരു ദേവനാണ് അദ്ദേഹം.

ഹിന്ദു വിശ്വാസപ്രകാരം ലോക സ്രഷ്ടാവും പരിപാലകനുമാണ് പ്രജാപതി. ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് വിശ്വകർമ്മാവാണ്( ദേവശില്പി വിശ്വകർമ്മാവ് അല്ല ഈ വിശ്വകർമ്മാവ് ഇത് പഞ്ചമുഖൻ ആയ വിശ്വകർമ്മാവ് ആണ് )എന്നാൽ പ്രജാപതി പിന്നീട് വിഷ്ണു ആയി മാറി.[അവലംബം ആവശ്യമാണ്] പുരുഷ സൂക്തത്തിൽ വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ഇന്ന് പലരും ചിത്രീകരിക്കുന്നത് . യഥാർത്ഥത്തിൽ പ്രജാപതി വിഷ്ണു അല്ല.വേദങ്ങളിൽ വിശ്വകർമ്മ സൂക്തം എന്നെ പ്രത്യേക ഭാഗങ്ങൾ തന്നെയുണ്ട്


ഭൂമി, ആകാശം, സ്വർഗം ഇവ മൂന്നിനെ സംബന്ധിച്ചവരായി 33 ദേവതകൾ ഋഗ്വേദത്തിൽ സ്തുതിക്കപ്പെട്ടിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ഇവരിൽ പ്രാധാന്യമർഹിക്കുന്നവരാണ്.

ദയാനന്ദ സരസ്വതിയെ പൊലുള്ളവർ വേദത്തിലെ സ്തുതികളെല്ലാം ഏകനായ ഈശ്വരനെ സംബന്ധിച്ചുള്ളതാകുന്നു എന്നു സമർത്ഥിക്കുന്നു. ഇന്ദ്രൻ, വരുണൻ, വിഷ്ണു, മാതരിശ്വാനൻ മുതലായവ ഈശ്വരന്റെ വിവിധ നാമങ്ങൾ ആണെന്ന് അദ്ദേഹം തന്റെ കൃതികളിൽ വേദം തന്നെ പ്രമാണമാക്കി സമർത്ഥിക്കുന്നു.[8]

ഭാഷ്യങ്ങൾ[തിരുത്തുക]

ഭാരതത്തിൽ വേദങ്ങളെ വ്യാഖ്യാനിക്കുക എന്നത് വളരെ പ്രാചീന കാലം മുതൽക്ക് തന്നെ ഒരു പണ്ഡിത സപര്യയായിരുന്നു. വേദങ്ങളെ വ്യാഖ്യാനിക്കുന്ന ശ്രമങ്ങൾ ബ്രാഹ്മണങ്ങളിൽ നിന്ന് വ്യക്തമാക്കാം. അർത്തവാദങ്ങൾ എന്നറിയപ്പെടുന്ന ബ്രാഹ്മണഭാഗങ്ങൾ വൈദികക്രിയകളേയും അവയുടെ മ്യ്യ്ല്യത്തേയും പ്രതിപാദിക്കുന്നതിനു പുറമേ യാഗത്തിനുപയോഗിക്കുന്ന മന്ത്രങ്ങളുടെ വിവരണപൂര്വ്വമായ വ്യാഖ്യാനവുയ്ം നൽകുന്നുണ്ട്. ചില ഭാഷ്യങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്.

യാസ്കന്റെ നിഘണ്ടുവും നിരുക്തവും[തിരുത്തുക]

യാസ്കൻ ഋഗ്വേദത്തിന്റെ ഭാഷ്യാകാരനായി കണക്കാക്കപ്പെട്ടിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ നിഘണ്ടുവും പദങ്ങളുടെ വ്യുല്പത്തി പഠനവും വ്യാഖ്യാനമായിതന്നെ സ്വീകരിക്കാവുന്നതാണ്‌. അതിൽ 600ഓളം മന്ത്രങ്ങളെ ചുരുക്കി വ്യാഖ്യാനിച്ചിട്ടുണ്ട്. അർത്ഥം ഗ്രഹിക്കാതെ വേദമന്ത്രങ്ങൾ ചൊല്ലുന്നതിനെ അദ്ദേഹം അപലപിക്കുന്നുമുണ്ട്.

ശൗനകന്റെ ബൃഹദ്ദേവതാ[തിരുത്തുക]

ശൗനകന്റെ ബൃഹദ് ദേവദ എന്ന ഗ്രന്ഥം വേദവ്യാഖ്യാനത്തെ പൂർണ്ണമായും ഐതിഹാസികരീതിയിലാണ്‌ പ്രതിനിധാനം ചെയ്യുന്നത്. അത് നിരുക്തത്തിന്റേയും, സ്കന്ദസ്വാമി, ഉദ്ഗീഥൻ, വെങ്കടമാധവൻ, സായണൻ എന്നീ ഋഗ്വേദഭാഷ്യാകാരന്മാരുടേയും മദ്ധ്യമാർഗ്ഗത്തിൽ സഞ്ചരിക്കുന്നു. യാസ്കന്റെ നിരുക്തത്തെയാണ്‌ ഒരു പരിധിവരെ അത് ആസ്പദമാക്കുന്നത്. . പ്രധാനവിഷയം ഋഗ്വേദസൂക്തങ്ങളിൽ നിന്നുകൊണ്ട് സൂക്തങ്ങളിലേയും മന്ത്രങ്ങളിലേയും ദേവതകളെ നിർദ്ദേശിക്കുക എന്നതാണ്‌. അനേകം ഐതിഹ്യങ്ങൾ അതിൽ കോർത്തിണക്കിയിരിക്കുന്നു. തന്മൂലം മന്ത്രങ്ങളുടെ ശരിയായ അർത്ഥം ഗ്രഹിക്കാൻ സാധിക്കുന്നു.

സ്കന്ദസ്വാമി[തിരുത്തുക]

സായണന്റെ പ്രക്കാലിക ഭാഷ്യാകാരന്മാരിൽ സ്കന്ദസ്വാമിയാണ്‌ ഏറ്റവും പ്രചീനന. ഓരോ അഷ്ടകത്തിലും അദ്ധ്യായാന്തങ്ങളിലും കൊടുത്തിരിക്കുന്ന സൂചനകൊണ്ട് അദ്ദേഹം വളഭി സ്വദേശിയായിരുന്നു എന്നു മനസ്സിലാക്കാം. കാലം ക്രി.വ. 630 ആണെന്ന് സംശയിക്കുന്നു. ഋഗ്വേദം1-1 മുതൽ 1.56.1 വരെയും 1.62.1 മുതൽ 1.121.15 വരെയും v.57.1 മുതൽ v.61.19 വരെയും VI.29.1 മുതൽ VI75.6 വരെയുമുള്ള ഭാഗങ്ങൾക്ക് അദ്ദേഹത്തിന്റെ ഭാഷ്യം ലഭ്യമായിട്ടുണ്ട്.

ഉദ്ഗീദൻ[തിരുത്തുക]

വെങ്കടമാധവനേക്കാൾ പ്രാചീനനാണ്ട് ഉദ്ഗീഥൻഋഗ്വേദം X.54 മുതൽ X12.5 വരെയും 13.2 മുതൽ X.83.6 വരെയുമുള്ള ഭാഗങ്ങൾക്ക് ഉദ്ഗീഥന്റെ ഭാഷ്യം ലഭ്യമാണ്‌.

വെങ്കടമാധവൻ[തിരുത്തുക]

വെങ്കടന്റെപുത്രനായ വെങ്കടമാധവൻ എന്നാണ്‌ അറിയപ്പെടുന്നത്. ഋഗർത്ഥദീപിക എന്നാണ്‌ അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിന്റെ പേര്‌. 1.1.1 മുതൽ X.191.4 വരെയുള്ള മന്ത്രങ്ങളുടെ പൂർൺനമായ ഭാഷ്യം ലഭ്യമാണ്‌. മന്ത്രങ്ങളിലുള്ള പദങ്ങളെ ആവർത്തിക്കാതെ മിക്കവാറും അർത്ഥം മാത്രം കൊടുക്കുന്ന രീതിയാന്‌ അദ്ദേഹത്തിന്റേത്. വ്യാഖ്യാനം ഹ്രസ്വമാണ്‌.

സായണൻ[തിരുത്തുക]

സായണന്റെ ഭാഷ്യം വ്യാപ്തിയും അഗാധയും കൊണ്ട് മറ്റു ഭാഷ്യങ്ങളേക്കാൾ മികച്ചു നിൽകുന്നു. 1315 ലാണ്‌ അദ്ദേഹം ജനിച്ചത്. 1387-ൽ മരണമടഞ്ഞു. ബുക്കരാജ്യത്തിൽ അദ്ദേഹത്തിനു സമുന്നതമായ പദവി ഉണ്ടായിരുന്നു. വേദ വ്യാഖ്യാനത്തിൽ യാജ്ഞികസമ്പ്രദായത്തിന്റെ അനുയായിയായിരുന്ന അദ്ദേഹം നിരുക്തത്തെ നിർബാധം ഉപയോഗിക്കുകയും വൈദിക പദങ്ങളുടെ സവിശേഷതകളേയും സ്വരങ്ങളേയും വിശദമാക്കാൻ പൂർണ്ണമായി പാണീനിയുടെ അഷ്ടാദ്ധ്യയിയെ ആശ്രയിക്കുകയും ചെയ്യുന്നു.

ഋഗ്വേദത്തിന്റെ മലയാള തർജ്ജമകൾ[തിരുത്തുക]

മലയാളത്തിൽ ഋഗ്വേദത്തിന് പ്രധാനമായും രണ്ട് തർജ്ജമകളാണ് ഉള്ളത്. ആദ്യത്തേത് വള്ളത്തോളിന്റെ പദ്യരൂപത്തിലുള്ള തർജ്ജമയാണ്. രണ്ടാമത്തേത് ഒ. എം. സി. നാരായണൻ നമ്പൂതിരിപ്പാടിന്റെ പദാനുപദമായി അന്വയക്രമത്തിലുള്ള വ്യാഖ്യാനമാണ്.[9]

ഋഗ്വേദ ബ്രാഹ്മണങ്ങൾ[തിരുത്തുക]

ഋഗ്വേദ ആരണ്യകങ്ങൾ[തിരുത്തുക]

ഋഗ്വേദ പഠനങ്ങൾ[തിരുത്തുക]

പാശ്ചാത്യപണ്ഡിതന്മാർ[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

ബാഹ്യകണ്ണികൾ[തിരുത്തുക]

Wikisource-logo.svg
Wikisource has original text related to this article:
സാഹിത്യം
 • mp3 audio download (gatewayforindia.com)[ഉത്തരഭാരതീയ രീതി, അതായത്, ഛന്ദസ്സില്ലാതെ. ഏക സ്വര]
മൊഴിമാറ്റം
 • റാൽഫ് ഗ്രിഫിത്, ഋഗ്വേദം 1895, സംപൂർണം, (online at sacred-texts.com)
വ്യാഖ്യാനം

അവലംബം[തിരുത്തുക]

 1. "CHAPTER 5 - WHAT BOOKS AND BURIALS TELL US". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 43. Cite has empty unknown parameter: |coauthors= (help); line feed character in |chapter= at position 12 (help)
 2. 2.0 2.1 ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങൾ , Pen Books Pvt Ltd, Aluva
 3. ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും, നീലകണ്ഠൻ നമ്പൂതിരി – ദേവി ബുക്സ്റ്റാൾ
 4. ഋഗ്വേദസംഹിത, മലയാള പരിഭാഷ, വള്ളത്തോൾ നാരായണ മേനോൻ, കേരള യൂണിവേറ്റി പ്രകാശനവിഭാഗം
 5. 5.0 5.1 Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 59. ISBN 978-1-4051-8243-0. Cite has empty unknown parameter: |coauthors= (help)
 6. ഋഗ്വേദസംഹിത, മലയാള പരിഭാഷ, വള്ളത്തോൾ നാരായണ മേനോൻ, കേരള യൂണിവേറ്റി പ്രകാശനവിഭാഗം
 7. ദി ഋഗ്വേദ - എ ഹിസ്റ്റോറിക്കൽ അനാലിസിസ്, ശ്രീകാന്ത് ജി തലഗെരി, ആദിത്യ പ്രകാശൻ
 8. ഒന്നാം സമുല്ലാസം,സത്യാർത്ഥപ്രകാശം, മഹർഷി ദയാനന്ദ സരസ്വതി,
 9. വേദാർത്ഥവിചാരം, കെ.എൻ. കൃഷ്ണൻ നമ്പൂതിരി, കറന്റ് ബൂക്സ്, തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=ഋഗ്വേദം&oldid=3674397" എന്ന താളിൽനിന്ന് ശേഖരിച്ചത്