Jump to content

ദീപാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീപാവലി
ദീപാവലിക്കു തെളിയിച്ചിരിക്കുന്ന ദീപങ്ങൾ
ഇതരനാമംദിവാലി (അർത്ഥം: ദീപങ്ങളുടെ നിര; ദീപങ്ങളുടെ ഉത്സവം (ദീപോത്സവം)
ആചരിക്കുന്നത്ഹിന്ദുക്കളും, സിഖ്കാരും, ബുദ്ധരും , ജൈനരും
തരംഭാരതത്തിൽ നിന്നും രൂപം കൊണ്ട വ്യത്യസ്ഥ മത വിഭാഗങ്ങൾ, ഇന്ത്യ, നേപ്പാൾ
പ്രാധാന്യംതിന്മയുടെ മേലുള്ള നന്മയുടെ വിജയം; ആത്മീയ അന്ധതയിൽ നിന്നുള്ള വിമോചനം
ആഘോഷങ്ങൾവീടുകൾ ദീപങ്ങൾ കൊണ്ട് മനോഹരമായി അലങ്കരിക്കുക, മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യുക, പടക്കം പൊട്ടിക്കുക
അനുഷ്ഠാനങ്ങൾപൂജകൾ, പ്രാർത്ഥനകൾ മറ്റ് മതപരമായ ചടങ്ങുകൾ (ധന്വന്തരി പൂജ, ലക്ഷ്മി പൂജ, കാളി പൂജ, ശ്രീകൃഷ്ണ പൂജ)
തിയ്യതിചാന്ദ്രമാസ കലണ്ടർ പ്രകാരം

ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്‌, ദീപാവലി അഥവാ ദിവാലി (ഹിന്ദി: दिवाली, തമിഴ്: தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിന്റെ അവസാന ദിവസമാണ് ദീപാവലി എന്നറിയപ്പെടുന്നത്. ദീപങ്ങളുടെ ഉത്സവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ വിളക്കുകൾ തെളിച്ചും വർണ്ണ മനോഹരമായ പടക്കങ്ങൾ പൊട്ടിച്ചും ഇതാഘോഷിക്കുന്നു. കൂടാതെ മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമ്മാനങ്ങൾ നൽകിയും ദീപാവലി ആഘോഷിക്കപ്പെടുന്നു. ‘തമസോമാ ജ്യോതിർഗമയ‘ എന്ന വേദവാക്യമാണ് ദീപാവലിയുടെ സന്ദേശം എന്നാണ് പറയപ്പെടുന്നത്. ഇരുളിന്റെ മേൽ വെളിച്ചതിന് ഉള്ള പ്രാധാന്യം അഥവാ തിന്മയ്ക്ക് മേൽ നന്മയുടെ വിജയം ആണ് ഈ ഉത്സവത്തിന്റെ സന്ദേശം. ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേ പേരിലും മറ്റു ഭാഷകളിൽ 'ദിവാലി'യെന്ന പേരിലും ദീപാവലിയാചരിക്കുന്നു. പ്രാദേശിക ഭേദമനുസരിച്ചു ധനലക്ഷ്മി പൂജ, കാളി പൂജ തുടങ്ങിയ പേരുകളിലും ഈ ഉത്സവം ആചരിക്കപ്പെടുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഈ ഉത്സവമാഘോഷിക്കുന്നുണ്ട്. ഇന്ന് ഇന്ത്യൻ വംശജരുള്ള ലോകത്തിലെ മിക്ക രാജ്യങ്ങളിലും ദീപാവലി ആഘോഷിക്കപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യുകെ, യൂറോപ്യൻ രാജ്യങ്ങൾ, യൂഎഇ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

ഹൈന്ദവ വിശ്വാസപ്രകാരം പാലാഴിയിൽ നിന്നുള്ള മഹാലക്ഷ്മിയുടെ അവതാര ദിവസമായി ദീപാവലി കണക്കപ്പെടുന്നു. സാമ്പത്തിക ഉയർച്ച ഉണ്ടാകുവാൻ ഭക്തർ, പ്രത്യേകിച്ച് വ്യാപാരികളും ബിസിനസ്‌കാരും വീടുകളിലും സ്ഥാപനങ്ങളിലും സമ്പത്തിന്റെ ഭഗവതിയായ ധനലക്ഷ്മിയെ പൂജിക്കുന്ന സമയം കൂടിയാണ് ദീപാവലി. അതിനാൽ ലക്ഷ്മി പൂജ എന്ന പേരിലും ദീപാവലി അറിയപ്പെടുന്നു. ബംഗാളിൽ ദീപാവലി കാളി പൂജയായി ആഘോഷിക്കപ്പെടുന്നു. അമാവാസി ദിവസം കൂടിയായ ദീപാവലി ഭദ്രകാളി പ്രധാനമാണ് എന്നാണ് വിശ്വാസം. ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും ഔഷധത്തിന്റെയും മൂർത്തിയായ ഭഗവാൻ ധന്വന്തരി അമൃത കലശവുമായി അവതരിച്ച ദിവസമായ ധന ത്രയോദശി (ധൻതേരസ് ധന്വന്തരി ജയന്തി) ആണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ദീപാവലി ആഘോഷത്തിന്റെ തുടക്കം. വടക്കേ ഇന്ത്യയിൽ ശ്രീരാമൻ രാമരാവണ യുദ്ധശേഷം അയോദ്ധ്യയിൽ തിരിച്ചു എത്തിയ ദിവസമായും ആചരിക്കുന്നു.

കേരളത്തിൽ, ഭഗവാൻ കൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ സ്മരണയ്ക്കായും, മഹാലക്ഷ്മിയുടെ അവതാര ദിവസമായും ദീപാവലി ആഘോഷിക്കപ്പെടുന്നു. അതിനാൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച് ഗുരുവായൂർ, അമ്പലപ്പുഴ, ചോറ്റാനിക്കര, ആറ്റുകാൽ, കൊല്ലൂർ മൂകാംബിക തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ദർശനത്തിന് തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി. ഭഗവതി ക്ഷേത്രങ്ങളിൽ ഈ ദിവസം ദേവിയെ ധനലക്ഷ്മി ഭാവത്തിൽ ആരാധിക്കുന്നു.

ദീപാവലിയാഘോഷങ്ങൾക്ക്, റോക്കറ്റു പൊട്ടിക്കുന്നു

പേരിനുപിന്നിൽ

[തിരുത്തുക]

ദീപം (വിളക്ക്), ആവലി (നിര) എന്നീപ്പദങ്ങൾ ചേർന്നാണ്‌, ദീപാവലിയെന്ന പദമുണ്ടായത്, ഇതു ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീർന്നത്.[അവലംബം ആവശ്യമാണ്]

ഐതിഹ്യം, പുരാണം

[തിരുത്തുക]

ഈ ഉത്സവമാഘോഷിക്കുന്നതിനെക്കുറിച്ച, പല ഐതിഹ്യങ്ങളുമുണ്ട്‌.

  • ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെയാഘോഷം. ഇതാണ് കേരളത്തിൽ പ്രധാനം. അതിനാൽ ഗുരുവായൂർ, തിരുപ്പതി അടക്കമുള്ള തെക്കേ ഇന്ത്യയിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമാണ്.
  • മഹാലക്ഷ്മി അവതാര ദിവസം: പാലാഴിയിൽ നിന്നും ലക്ഷ്മിദേവി അവതരിക്കുകയും മഹാവിഷ്ണുവിനെ പതിയായി സ്വീകരിക്കുകയും ചെയ്ത ദിവസമാണ് എന്ന വിശ്വാസവുമുണ്ട്. അതിനാൽ ചോറ്റാനിക്കര, മൂകാംബിക അടക്കമുള്ള ദേവി ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമാണ്. അന്നു സാമ്പത്തിക ഉയർച്ചയ്ക്കും, ഐശ്വര്യവർധനവിനുമായി ഭക്തർ വീടുകളിലും, കച്ചവട സ്ഥാപനങ്ങളിലും, ക്ഷേത്രങ്ങളിലും മഹാലക്ഷ്മിയെയും ഗണപതി ഭഗവാനെയും ആരാധിക്കുന്നു. ധനലക്ഷ്മി പൂജയാണ് ഇതിന്റെ തുടക്കം. കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം മുതലായവ ചൊല്ലുന്നു. വടക്കേ ഇന്ത്യയിൽ ഇത് പ്രധാനമാണ്.
  • ഗണേശ പൂജ: മഹാലക്ഷ്മിയെ ആരാധിക്കുന്നതിനൊപ്പം തടസങ്ങൾ അകലാൻ ഗണപതി പൂജയും പ്രധാനമാണ്. ഗണപതി ക്ഷേത്രങ്ങളിൽ ലക്ഷ്മി ഗണപതി എന്ന പ്രത്യേക സങ്കല്പത്തിൽ ആരാധിക്കുന്നു.
  • കാളിപൂജ: ഒഡിഷ, വെസ്റ്റ് ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ദീപാവലി കാളി ഭഗവതിക്ക് പ്രാധാന്യം കൊടുത്തു ആഘോഷിക്കുന്നു. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിലും, ഭഗവതി ക്ഷേത്രങ്ങളിലും ദീപാവലി ദിവസത്തെ ദർശനം പ്രധാനമാണ്.
  • ശ്രീരാമപട്ടാഭിഷേകം: ശ്രീരാമൻ പതിനാലുവർഷത്തെ വനവാസത്തിനുശേഷം സീതാസമേതനായി അയോദ്ധ്യയിൽ തിരിച്ചെത്തിയത് ഒരു ദീപാവലി ദിവസമാണ് എന്ന് ഒരു ഐതീഹ്യം. വടക്കേ ഇന്ത്യയിലാണ് ഈ വിശ്വാസം കൂടുതലായി കാണപ്പെടുന്നത്. കേരളത്തിൽ തൃപ്പയാർ അടക്കമുള്ള ശ്രീരാമ ക്ഷേത്രങ്ങളിൽ ഇത് പ്രധാനമാണ്.
  • ധന്വന്തരി ജയന്തി (ധൻതേരസ്): ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും ഔഷധത്തിന്റെയും മൂർത്തിയായ ഭഗവാൻ ധന്വന്തരി അമൃത കലശവുമായി അവതരിച്ച ദിവസമായ ധന ത്രയോദശി (ധൻതേരസ് ധന്വന്തരി ജയന്തി) ആണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ദീപാവലി ആഘോഷത്തിന്റെ തുടക്കം.
  • ജൈനമത വിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി ദീവാലിയാഘോഷിക്കുന്നു.
  • വിക്രമവർഷാരംഭദിനം: വിക്രമാദിത്യ ചക്രവർത്തി സ്ഥാനാരോഹണം ചെയ്ത വിക്രമവർഷാരംഭ ദിനമായും ജാതക കഥകളിൽ വർധമാന മഹാവീരൻ നിർവാണം പ്രാപിച്ച ദിനത്തിൻറെ ഓർമ്മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.

ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം അഞ്ച് നാളുകൾ നീളുന്നുവെങ്കിൽ ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ഈ അഞ്ച് നാളുകൾക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്. മരണത്തിന് മേൽ ഇച്ഛാശക്തി നേടുന്ന വിജയത്തിൻറെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ധനത്രയോദശി എന്നാണ് ആദ്യദിനം അറിയപ്പെടുന്നത്. ഹിമ എന്ന രാജാവിൻറെ പുത്രനെ മരണവിധിയിൽ നിന്നും അദ്ദേഹത്തെ ഭാര്യ രക്ഷപ്പെടുത്തിയ ദിനമാണ് ഇത്. രാജകുമാരൻ വിവാഹത്തിൻറെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നാണ് ജാതകത്തിൽ. രാജകുമാരൻറെ വിവാഹത്തിൻറെ നാലാം രാത്രിയിൽ അദ്ദേഹത്തിൻറെ ഭാര്യ വീട്ടിൽ മുഴുവൻ വിളക്കുകൾ കൊളുത്തി. ആഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം വീട്ടിലെ വാതിലിനു മുന്നിൽ നിരത്തി. ഒരു പാമ്പിൻറെ രൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തിൽ കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് കടക്കാനായില്ല. അന്നു രാത്രി മുഴുവൻ രാജകുമാരി പറഞ്ഞ കഥകൾ കേട്ട് പാമ്പ് പിറ്റേന്ന് തിരിച്ചുപോയെന്നാണ് ഐതിഹ്യം. നരക ചതുർദശി കാർത്തിക മാസത്തിലെ പതിനാലാം ദിവസമാണ് ആഘോഷിക്കുന്നത്. നരകാസുകരന് മേൽ ശ്രീകൃഷ്ണൻ വിജയം നേടിയ ദിനമാണിത്. നരകാസുരനെ കൊന്ന് വിജയാഘോഷത്തിൽ അസുരൻറെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണൻ അതിരാവിലെ വീട്ടിലെത്തി എണ്ണ തേച്ചു കുളിച്ചു വൃത്തിയാക്കി. ഇതിൻറെ ഓർമയ്ക്കായി നരക ചതുർദശി ദിനത്തിൽ സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്. മൂന്നാം ദിനം ലക്ഷ്മിപൂജ ദിനമാണ്. ദേവന്മാരും അസുരന്മാരും നടത്തിയ പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി അവതരിച്ച ദിനമാണ് ഈ ദിവസമെന്നാണ് ഐതിഹ്യം. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു. പദ്വ അഥവാ വർഷപ്രതിപാദ ആണ് നാലാമത്തെ ദിനം. ഉത്തരേന്ത്യയിൽ ഈ ദിവസം ഗോവർധനപൂജ നടക്കുന്നു. ഇതാണ് വർഷപ്രതിപാദയുടെ ഐതിഹ്യം - മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്ന ഗോകുലത്തിൽ ശ്രീകൃഷ്ണൻറെ നിർദേശപ്രകാരം ഇന്ദ്രപൂജ നിർത്തിവെച്ചു. ഇതിൽ കോപാകുലനായ ഇന്ദ്രൻ ഗോകുലത്തിൽ അതിശക്തമായ മഴ പെയ്യിച്ചു. എന്നാൽ ഗോവർധന പർവതം പിഴുതെടുത്ത് ഗോകുലത്തിന് മുകളിൽ ഒരു കുടയായി പിടിച്ച ശ്രീകൃഷ്ണൻ ഗോകുലവാസികളെ രക്ഷിച്ചു. അതിൻറെ സ്മരണയ്ക്കായാണ് ഗോവർധന പൂജ നടക്കുന്നത്. ഭയദുജ് എന്നാണ് അഞ്ചാമത്തെ ദിവസം അറിപ്പെടുന്നത്. മരണത്തിൻറെ ദേവനായ യമൻ തൻറെ സഹോദരിയായ യമിയെ സന്ദർശിച്ച് ഉപഹാരങ്ങൾ നൽകിയ ദിനമാണിത്. യമി യമൻറെ നെറ്റിയിൽ തിലകമർപ്പിച്ച ഈ ദിവസം തൻറെ സഹോദരിയുടെ കൈയിൽ നിന്നും തിലകമണിയുന്നവർ ഒരിക്കലും മരിക്കില്ലെന്ന് യമൻ പ്രഖ്യാപിച്ചു. സഹോദരീ സഹോദരന്മാർക്കിടിയിലെ സ്നേഹത്തിൻറെ ഒരു പ്രതീകമെന്ന നിലയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.

ആഘോഷങ്ങൾ

[തിരുത്തുക]

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുണ്ട്.[1]

  • ധന ത്രയോദശി (ധൻതേരസ്) അഥവാ ധന്വന്തരി ജയന്തി

ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. ഉത്തരേന്ത്യക്കാർ ആരോഗ്യത്തിന്റെയും ഔഷധത്തിന്റെയും ഭഗവാനായ ധന്വന്തരിയെ ആരാധിക്കുന്ന ഒരു ഉത്സവമാണ് ധൻതേരസ്. പാലാഴിയിൽ നിന്നും അമൃത കലശവുമായി ധന്വന്തരി അവതരിച്ച ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. അതിനാൽ ധന്വന്തരി ജയന്തി എന്നും അറിയപ്പെടുന്നു. എല്ലാ വർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ് വിശ്വാസികൾ ഈ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നത്. ഗണപതിയെയും മഹാലക്ഷ്മിയെയും കുബേരനേയും ധന്വന്തരിയേയും ആരാധിക്കാനും ഐശ്വര്യവും ആരോഗ്യവും നേടുവാനുള്ള അനുഗ്രഹത്തിനും അനുയോജ്യമാണ് ഈ സമയം എന്നാണ് വിശ്വാസം. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും കനകധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു.

  • നരക ചതുർദശി

ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച ശ്രീ കൃഷ്‌ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്.

  • ലക്ഷ്മി പൂജ

ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. പാലാഴിയിൽ നിന്നും ലക്ഷ്മി അവതരിച്ച ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, സമ്പത്തിന്റെ ഭഗവതിയായ ധനലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി കൂടാതെ കുബേരൻ എന്നിവരെ പൂജിക്കുന്നു.

  • കാളീ പൂജ

ബംഗാളിൽ ദീപാവലി ഭദ്രകാളി പൂജയായി ആഘോഷിക്കുന്നു. അമാവാസി ദിവസം കൂടിയായ ദീപാവലി ഭദ്രകാളി പ്രധാനമാണ് എന്നാണ് വിശ്വാസം. ദീപാവലി ദിവസം അജ്ഞാനമാകുന്ന അന്ധകാരത്തിന് മേൽ ആദിപരാശക്തിയും ജഗദീശ്വരിയുമായ ഭദ്രകാളി ജ്ഞാനത്തിന്റെ പ്രകാശം ചൊരിയും എന്നാണ് സങ്കല്പം.

  • ബലി പ്രതിപദ

കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്.വാമനൻ കാൽ പാദം തലയിൽ വച്ച് സുതലത്തിലേക്ക്‌ അയച്ച മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.

  • ഭാതൃ ദ്വിതീയ (യമ ദ്വിതീയ)

ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു. സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.

ചിത്രശാല

[തിരുത്തുക]


പുറംവായനക്ക്

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദീപാവലി&oldid=4133526" എന്ന താളിൽനിന്ന് ശേഖരിച്ചത്