മഹാ ശിവരാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിവരാത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാ ശിവരാത്രി
ശിവൻ
ആചരിക്കുന്നത്ഹൈന്ദവർ, ശൈവമതസ്ഥർ
തരംഹിന്ദു
അനുഷ്ഠാനങ്ങൾഉപവാസം, ശിവാരാധന, വ്രതം
തിയ്യതിഫെബ്രുവരി/മാർച്ച്
ആവൃത്തിവാർഷികം

ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി അഥവാ ശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവർ ഇത് വിശേഷമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. എല്ലാ ശിവ ക്ഷേത്രങ്ങളിലും അന്ന് വിശേഷ ദിവസമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി അഥവാ ശിവമായ രാത്രിയാണ് ശിവരാത്രി. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും ശിവപൂജ ചെയ്യുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം. ശിവരാത്രി വ്രതം എടുത്തു ശിവാരാധന നടത്തുന്നത് ഐശ്വര്യകരവും ദുരിതനാശകരവുമാണ് എന്നാണ് വിശ്വാസം. ശിവരാത്രി ദിവസം മരിച്ചവർക്ക് വേണ്ടി പിതൃബലി അർപ്പിക്കുന്നത് ഏറ്റവും പുണ്യകരമാണ് എന്ന് വിശ്വാസമുണ്ട്. കേരളത്തിൽ ശിവരാത്രി ദിവസം ഏറ്റവും വിപുലമായ രീതിയിലുള്ള ആഘോഷങ്ങൾ നടക്കുന്നത് എറണാകുളം ജില്ലയിലെ ആലുവ ക്ഷേത്രത്തിലാണ്. ആലുവ ശിവരാത്രി മണപ്പുറത്ത്‌ അന്ന് രാത്രി വലിയ രീതിയിലുള്ള ആഘോഷവും പുലർച്ചെ പിതൃക്കൾക്ക് ബലി തർപ്പണവും നടക്കാറുണ്ട്. ലക്ഷക്കണക്കിന് ഭക്തരാണ് ശിവരാത്രി ദിവസം അവിടെ എത്തിച്ചേരുന്നത്. വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, ഓച്ചിറ, പടനിലം പരബ്രഹ്മക്ഷേത്രങ്ങൾ, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, മമ്മിയൂർ മഹാദേവക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, അഞ്ചൽ അഗസ്ത്യക്കോട് മേജർ ശ്രീ മഹാദേവർ ക്ഷേത്രം തുടങ്ങിയ കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.

ഐതിഹ്യം, പുരാണം[തിരുത്തുക]

ശിവരാത്രിയുമായി ബന്ധപ്പെടുത്തി പ്രധാനമായും രണ്ട് പുരാണകഥകൾ ആണ് ഉള്ളത്. ആദ്യത്തേത് പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ ശ്രീ പാർവതി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ മഹാവിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് വിശ്വസിക്കുന്നത്. രണ്ടാമത്തേത് ശിവ മാഹാത്മ്യവുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മാവും വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് ആ കഥ. മഹാവിഷ്ണുവിൻറെ നാഭിയിൽ നിന്നും ഉടലെടുത്ത താമരയിൽ ബ്രഹ്മാവ് ജന്മമെടുത്തു. അപ്പോൾ ബ്രഹ്മാവിന് മഹാവിഷ്ണുവിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിൻറെ സൃഷ്ടാവും പ്രപഞ്ച പരിപാലകനുമായ നാരായണനാണ് ഞാൻ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നൽകിയില്ല. അവർ തമ്മിൽ യുദ്ധം ആരംഭിച്ചു. ഒരു ശിവലിംഗം അവർക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിൻറെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കുവാനും ജ്യോതിർലിംഗതിന്റെ അഗ്രം കണ്ടുപിടിക്കുന്നവനാണ് ശ്രേഷ്ഠൻ എന്നും അശരീരി മുഴങ്ങി. അഗ്രങ്ങൾ കണ്ട് പിടിക്കാൻ ബ്രഹ്മാവ് അതിന്റെ മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ പരിശ്രമിച്ചിട്ടും പരാജയപെട്ടു രണ്ട് പേരും പൂർവസ്ഥാനത്ത് വന്ന് നിന്നു. അപ്പോൾ ശ്രീ പരമേശ്വരൻ പ്രത്യക്ഷപ്പെട്ട് തൻറെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. പരമശിവൻ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തിൽ ചതുർദശി രാത്രിയിലായിരുന്നു. എല്ലാ വർഷവും ഈ പുണ്യരാത്രി വിശേഷമായി അനുഷ്ടിക്കണമെന്നും മംഗളകരമായ അത്‌ ശിവരാത്രി എന്നറിയപ്പെടുമെന്നും മഹാദേവൻ അരുളിചെയ്തു.[1]

  1. "2013 ഹൈന്ദവ ഉത്സവങ്ങൾ". ദൃക്പഞ്ചാംഗം. 2013. Archived from the original on 2014-02-27. Retrieved 25-ജനുവരി-2013. 10 സൺഡേ മഹാശിവരാത്രി {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "മറാഠി കാൽനിർണയ് മന്ത് ഓഫ് ഫെബ്രുവരി 2014". കാൽനിർണയ്. Archived from the original on 2014-02-27. Retrieved 31 -ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഹാ_ശിവരാത്രി&oldid=4070788" എന്ന താളിൽനിന്ന് ശേഖരിച്ചത്