തിരുനക്കര മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരുനക്കര മഹാദേവക്ഷേത്രം
തിരുനക്കരക്ഷേത്രം
തിരുനക്കരക്ഷേത്രം
തിരുനക്കര മഹാദേവക്ഷേത്രം is located in Kerala
തിരുനക്കര മഹാദേവക്ഷേത്രം
തിരുനക്കര മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°40′25″N 76°33′36″E / 9.67361°N 76.56000°E / 9.67361; 76.56000
പേരുകൾ
മറ്റു പേരുകൾ:Thirunakara Temple
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
പ്രദേശം:തിരുനക്കര
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::തിരുനക്കര തേവർ
പ്രധാന ഉത്സവങ്ങൾ:അല്പശി, പൈങ്കുനി, ആനി
History
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം നഗര ഹൃദയത്തിൽ തിരുനക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര ശ്രീമഹാദേവക്ഷേത്രം(9°35′25.64″N 76°31′7.17″E / 9.5904556°N 76.5186583°E / 9.5904556; 76.5186583Coordinates: 9°35′25.64″N 76°31′7.17″E / 9.5904556°N 76.5186583°E / 9.5904556; 76.5186583). 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് എന്നു വിശ്വസിക്കുന്നു [1]. നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ശിവക്ഷേത്രമായ തൃശൂരിലെ "തൃശ്ശിവപേരൂർ വടക്കുംനാഥൻ" [1] തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം. [2] തെക്കുംകൂർ രാജാക്കന്മാരുടെ കുടുംബദൈവമാണ് 'തിരുനക്കര തേവർ' എന്നറിയപ്പെടുന്ന ഇവിടത്തെ മഹാദേവൻ. പാർവതീസമേതനായിട്ടാണ് ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വടക്കുംനാഥക്ഷേത്രത്തിനു ചുറ്റും തേക്കിൻകാട് മൈതാനം പോലെ ക്ഷേത്രത്തിനടുത്ത് തിരുനക്കര മൈതാനവുമുണ്ട്. ദിവസവും അവിടെ പരിപാടികൾ നടക്കാറുണ്ട്. കോട്ടയം വഴി കടന്നുപോകുന്ന ഏതൊരാളും തിരുനക്കര ക്ഷേത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിലൂടെയല്ലാതെ കടന്നുപോകില്ല.

ഐതിഹ്യം[തിരുത്തുക]

സ്ഥലനാമം[തിരുത്തുക]

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തുനിന്ന് അല്പദൂരം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന താഴത്തങ്ങാടിയിലായിരുന്നു തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനം. ഏതൊരു രാജാവിനെയും പോലെ അവരും തങ്ങളുടെ രാജധാനിയ്ക്കുചുറ്റും കോട്ടകൾ പണിതു. ഇങ്ങനെ കോട്ടയ്ക്കകത്തിരിയ്ക്കുന്ന സ്ഥലങ്ങൾ 'കോട്ടയ്ക്കകം' എന്നും പിൽക്കാലത്ത് 'കോട്ടയം' എന്നും അറിയപ്പെട്ടു.

ക്ഷേത്ര ഉത്പത്തി[തിരുത്തുക]

തെക്കുംകൂർ രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയ്ക്കുപിന്നിൽ. ഒരിയ്ക്കൽ, തൃശ്ശിവപ്പേരൂർ വടക്കുംനാഥനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന ഒരു തെക്കുംകൂർ രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയ്ക്കടുത്ത് അന്ന് തളിക്കോട്ട ക്ഷേത്രമുണ്ടായിരുന്നു. അവിടെ അദ്ദേഹം നിത്യവും പോയി തൊഴുകയും ചെയ്തിരുന്നു. എന്നാൽ, വടക്കുംനാഥനെ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച തൃശ്ശൂരിൽ പോയിത്തൊഴുതില്ലെങ്കിൽ അദ്ദേഹത്തിന് തൃപ്തിയാകുമായിരുന്നില്ല. ഇന്നത്തെപ്പോലെ വാഹനസൗകര്യമില്ലാത്ത അക്കാലത്ത് തോണിയിലും നടന്നുമാണ് അദ്ദേഹം പോയിരുന്നത്. ഏകദേശം മൂന്നുദിവസമെടുക്കുമായിരുന്നു അന്ന് കോട്ടയത്തുനിന്നും തൃശ്ശൂരിലെത്താൻ. എന്നാൽ, തമ്പുരാന് പ്രായമായതോടെ വടക്കുംനാഥനെ പോയിത്തൊഴാൻ നിർവ്വാഹമില്ലാതെയായി. അദ്ദേഹം മനമുരുകി വടക്കുംനാഥനോട് പ്രാർത്ഥിച്ചു. ഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: 'ഭക്താ, നീയിനി എന്നെത്തേടി ഇങ്ങോട്ട് വരേണ്ടതില്ല. നിന്റെ നാട്ടിൽത്തന്നെ ഞാൻ കുടികൊണ്ടുകൊള്ളാം.' അങ്ങനെ, രാജാവ് നാട്ടിലേയ്ക്ക് മടങ്ങി. മടങ്ങുംവഴി വൈക്കത്തും അദ്ദേഹം വന്നു. അവിടെ ദർശനം നടത്തുന്ന സമയത്ത് അദ്ദേഹം ഒരു ദരിദ്രബ്രാഹ്മണനെ കണ്ടു. ദേഹമാസകലം ഭസ്മം പൂശി, രുദ്രാക്ഷമാലകൾ ധരിച്ച്, താടിയും മുടിയും നീട്ടിവളർത്തിയ ആ മഹാബ്രാഹ്മണനെ കണ്ട തമ്പുരാൻ ഉടനെ അദ്ദേഹത്തിനടുത്തെത്തി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ഞാൻ ഇവിടെയുള്ള പേരേപ്പറമ്പ് ഇല്ലത്തെ ഒരു നമ്പൂതിരിയാണ്. വർഷങ്ങളായി ഈ ക്ഷേത്രത്തിൽ ഞാൻ ഭജനമിരിയ്ക്കുകയാണ്. കുടുംബത്തിൽ വല്ലാത്ത പ്രശ്നമാണ്. എന്റെ ഭജനം കഴിഞ്ഞിട്ട് രണ്ടുമൂന്ന് ദിവസമായി. പുരനിറഞ്ഞുനിൽക്കുന്ന മൂന്ന് പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ. അവരെ എങ്ങനെയെങ്കിലും വേളികഴിപ്പിച്ചയയ്ക്കണം. പക്ഷേ എന്തുചെയ്യാൻ?' ഇതറിഞ്ഞ തമ്പുരാൻ നമ്പൂതിരിയോട് ഇങ്ങനെ പറഞ്ഞു: 'എന്നോടൊപ്പം കൂടിയാൽ ഞാനെല്ലാം ശരിയാക്കിത്തരാം.' അങ്ങനെ നമ്പൂതിരി തമ്പുരാനോടൊപ്പം തളിക്കോട്ടയിൽ താമസമാക്കി. അടുത്ത ഭജനദിവസത്തിനുള്ള ദിവസമാകാറായപ്പോൾ ചില രാജഭടന്മാർ പ്രതിനിധിയെ വിട്ട് വടക്കുംനാഥന് വഴിപാട് നടത്തിയ്ക്കാൻ തമ്പുരാനോട് പറഞ്ഞു. എന്നാൽ, അദ്ദേഹത്തിനത് ഇഷ്ടമായില്ല. ഒരു ദിവസം രാത്രിയിൽ തമ്പുരാന് ഭഗവാന്റെ സ്വപ്നദർശനമുണ്ടായി. ഭഗവാൻ അതിൽ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: 'അല്ലയോ ഭക്താ, നിന്റെ അതിർത്തിയ്ക്കുള്ളിലെ നക്കരക്കുന്നിൽ സ്വയംഭൂവായി ഞാൻ അവതരിയ്ക്കാം. എന്റെ വാഹനമായ നന്തി എന്റെ മുന്നിലും, വെളുത്ത ചെത്തിച്ചെടി എന്റെ പിന്നിൽ അല്പം ഇടതുമാറിയും കാണാം. അവിടെ നീ എനിയ്ക്കൊരു ക്ഷേത്രം പണിയുക. കാലാന്തരത്തിൽ, അത് പ്രശസ്തമാകും.'

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന നക്കരക്കുന്ന്, അന്ന് കാടുപിടിച്ചുകിടക്കുകയായിരുന്നു. വന്യജന്തുക്കൾ അതുവഴി സ്വൈരവിഹാരം നടത്തിപ്പോന്നു. ആനയെ തളയ്ക്കാനായി ഈ കാട് ഉപയോഗിച്ചിരുന്നുവെന്നും, അതുവഴി 'ആനക്കരക്കുന്ന്' എന്ന് സ്ഥലത്തിന് പേരുവന്നുവെന്നും അതാണ് നക്കരക്കുന്നായതെന്നുമാണ് വിശ്വാസം. അക്കാലത്ത് ക്ഷേത്രത്തിന് വടക്കുകിഴക്കുഭാഗത്ത് ഒരു സ്വാമിയാരുമഠമുണ്ടായിരുന്നു. അവിടത്തെ ചില പണിക്കാർ ഒരുദിവസം കാടുതെളിയ്ക്കാനായി കുന്നിലെത്തിയപ്പോൾ മൂർച്ച കൂട്ടാനായി അടുത്തുകണ്ട ഒരു കല്ലിൽ തങ്ങളുടെ അരിവാളുകൾ ഉരച്ചു. അപ്പോൾ ആ കല്ലിൽ നിന്ന് രക്തപ്രവാഹമുണ്ടായി. അവർ ഉടനെ പ്രശ്നം വച്ചുനോക്കി. സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് അവർ കണ്ടെത്തി. തുടർന്ന് രാജധാനിയിലേയ്ക്ക് ഓടിപ്പോയ അവർ രാജാവിനെയും വിവരമറിയിച്ചു. അദ്ദേഹം ഭടന്മാർക്കൊപ്പം സന്തോഷാധിക്യത്താൽ ശിവലിംഗത്തിനടുത്തേയ്ക്ക് നടന്നുവന്നു. അപ്പോഴേയ്ക്കും കാട് മുഴുവൻ വെട്ടിത്തെളിച്ചിരുന്നു. സ്വപ്നത്തിൽ കണ്ടപോലെ അവിടെ ശിവലിംഗത്തിന് നേരെമുന്നിൽ നന്തിയും പിന്നിൽ അല്പം ഇടതുമാറി വെളുത്ത ചെത്തിച്ചെടിയുമുണ്ടായിരുന്നു. തമ്പുരാന്റെ കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. അദ്ദേഹം, തന്റെ രാജ്യത്തെയും പ്രജകളെയുമെല്ലാം ഭഗവദ്പാദങ്ങളിൽ സമർപ്പിയ്ക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന്, തന്റെ രാജ്യത്തെ ഏറ്റവും വലിയൊരു ക്ഷേത്രം തമ്പുരാൻ അവിടെ തന്റെ ഇഷ്ടദേവന് പണികഴിപ്പിച്ചു. നാലുഭാഗത്തും ഗോപുരങ്ങൾ, കൂത്തമ്പലം, ശ്രീകോവിൽ, ഉപദേവതാലയങ്ങൾ, നമസ്കാരമണ്ഡപം - അങ്ങനെ മഹാക്ഷേത്രലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു ക്ഷേത്രമായിരുന്നു അത്. പേരേപ്പറമ്പ് നമ്പൂതിരിയെ അവിടത്തെ ശാന്തിക്കാരനാക്കി. തരണനല്ലൂർ നമ്പൂതിരിയായിരുന്നു തന്ത്രി. തുടർന്ന്, തമ്പുരാൻ അവിടെ വന്നുതൊഴുത് മുക്തിയടഞ്ഞു.

ചരിത്രം[തിരുത്തുക]

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്ര പരിസരവും മതിലകവും[തിരുത്തുക]

കോട്ടയം നഗരത്തിന്റെ കണ്ണായ ഭാഗത്ത് തിരുനക്കര മൈതാനത്തിൽ നിന്ന് 400 മീറ്റർ പടിഞ്ഞാറുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയം പഴയ സ്വകാര്യ ബസ് സ്റ്റാൻഡ്, കോട്ടയം നഗരസഭ കാര്യാലയം, ഹെഡ് പോസ്റ്റ് ഓഫീസ്, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. പ്രധാന നിരത്തിൽ നിന്ന് ഒരല്പം ഉയരത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്. തൊട്ടുമുന്നിൽ അതിവിശാലമായ ക്ഷേത്രമൈതാനം കാണാം. ഉത്സവക്കാലത്ത് ഇവിടെ നടക്കുന്ന ചെണ്ടമേളം ശ്രദ്ധേയമാണ്. മൈതാനത്തിലേയ്ക്ക് കയറുന്ന സ്ഥലത്ത് ഒരു ചെറിയ ഗണപതിക്ഷേത്രം കാണാം. വളരെയടുത്ത കാലത്ത് നിർമ്മിച്ചതാണ് ഈ ക്ഷേത്രം. വിഘ്നേശ്വരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാനെ വന്ദിച്ചിട്ടേ ഭക്തർ പരമശിവനെ തൊഴാൻ പോകാറുള്ളൂ. ഐതിഹ്യത്തിൽ പരാമർശിയ്ക്കപ്പെടുന്ന സ്വാമിയാർ മഠം ഇന്നും ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുണ്ട്. തൃക്കൈക്കാട്ട് സ്വാമിയാർ മഠം എന്നാണിതിന്റെ പേര്. സ്വാമിയാർ മഠത്തിന്റെ വകയായി ഒരു ശ്രീരാമ-ഹനുമാൻ ക്ഷേത്രമുണ്ട്. ഇതിന് തൊട്ടടുത്താണ് പ്രസിദ്ധമായ തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം. മൂന്ന് ക്ഷേത്രങ്ങൾക്കും കൂടി ഒറ്റ ക്ഷേത്രക്കുളമാണ് ഇവിടെ. രണ്ടേക്കറിലധികം വരുന്ന അതിവിശാലമായ ക്ഷേത്രക്കുളമാണിത്.

മൈതാനം കടന്നാൽ പടിക്കെട്ടുകളുടെ ഒരു നിരയാണ്. ഏതാനും പടിക്കെട്ടുകൾ കഴിയുമ്പോൾ ഒരു ചെറിയ നിരപ്പ് വരും. ഇതിനടുത്ത് ഒരു വലിയ അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു, അതായത് അരയാലിന്റെ ത്രിമൂർത്തിസ്വരൂപമായി കണക്കാക്കിവരുന്നു. ബുദ്ധ-ജൈനമതങ്ങളിലും അരയാലിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ദേശീയവൃക്ഷവും അരയാലാണ്. ദിവസവും രാവിലെ അരയാലിനെ ഏഴുതവണ വലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കിവരുന്നു. അരയാൽ കടന്നാൽ വീണ്ടും കുറച്ച് പടികൾ കാണാം. അവയും പിന്നിട്ടുവേണം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് മുന്നിലെത്താൻ. രണ്ടുനിലകളോടുകൂടിയ കിഴക്കേ ഗോപുരം ചെമ്പുമേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. ഗോപുരത്തിനുമുകളിൽ 'ഓം നമഃ ശിവായ' എന്ന് എഴുതിയ ഫ്ലക്സ്ബോർഡ് കാണാം.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം വലിയ ആനക്കൊട്ടിൽ കാണാം. മൂന്നാനകളെ നിർത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഈ ആനക്കൊട്ടിലിലുണ്ട്. ഇതിന് തൊട്ടുപുറകിൽ വൃഷഭാരൂഢമായ സ്വർണ്ണക്കൊടിമരം കാണാം. 1960-ലാണ് ഈ കൊടിമരം പ്രതിഷ്ഠിച്ചത്. 42 അടി മാത്രം ഉയരമേ ഇതിനുള്ളൂവെങ്കിലും ഏറ്റവും തിളക്കം കൂടിയ കൊടിമരങ്ങളിലൊന്നാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണപ്പറകൾ ഇറക്കിയ ഈ കൊടിമരമാണ് തിരുവിതാംകൂർ ദേശത്ത് അവസാനമായി മരത്തിൽ തീർത്ത കൊടിമരം. ഇതിനുശേഷം വന്ന എല്ലാ കൊടിമരങ്ങളും കോൺക്രീറ്റ് കൊടിമരങ്ങളായിരുന്നു. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര കാണാം. ഇവിടെയാണ് വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നത്. സാമാന്യം വലിപ്പമുള്ള ബലിക്കല്ലാണെങ്കിലും പ്രധാനമൂർത്തിയുടെ ദർശനം മറയ്ക്കുന്ന രീതിയിലല്ല നിർമ്മാണം. ഗുരുവായൂരിലേതുപോലെ ഇവിടെയും പ്രധാന കവാടത്തിന് പുറത്തുനിന്നുനോക്കിയാൽത്തന്നെ പ്രധാന പ്രതിഷ്ഠയെ കാണാം. ബലിക്കല്ല് പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. ഇതിന് മുകളിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം. ബലിക്കൽപ്പുരയിൽ നിന്ന് നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും ശിവകുടുംബത്തിന്റെയും ചരിഞ്ഞുപോയ ഒരു ആനയുടെയും ചിത്രങ്ങൾ കാണാം.

ക്ഷേത്രവളപ്പിന് ഏകദേശം നാലേക്കർ വിസ്തീർണ്ണം വരും. പ്രദക്ഷിണവഴി കരിങ്കല്ല് പാകിയും ചുറ്റുമുള്ള സ്ഥലങ്ങൾ മണലിട്ടുമാണ് നിൽക്കുന്നത്. ധാരാളം മരങ്ങളും ചെടികളും ക്ഷേത്രമുറ്റത്ത് നിൽക്കുന്നു. തെക്കുകിഴക്കുഭാഗത്ത് കൂത്തമ്പലം കാണാം. കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലങ്ങളിലൊന്നാണിത്. ശില്പചാതുരിയുടെ ഉത്തമ ഉദാഹരണമാണ് ഈ കൂത്തമ്പലം. രാമായണം, ഭാഗവതം തുടങ്ങിയ പുരാണേതിഹാസങ്ങളിൽ നിന്നുള്ള രംഗങ്ങളാണ് ദാരുശില്പങ്ങളായി പുനർജനിച്ചിരിയ്ക്കുന്നത്. അരങ്ങത്ത് കൂത്തോ കൂടിയാട്ടമോ നടക്കുമ്പോൾ കാണികൾക്ക് കഥ മനസ്സിലാക്കാനുള്ള ഉപാധി കൂടിയാണ് ഈ ശില്പരൂപങ്ങൾ. രാമരാവണയുദ്ധം, ഹനുമാൻ ലങ്കയിലേയ്ക്ക് ചാടുന്നത്, അശോകവനത്തിലെ സീത, ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.

തെക്കേ നടയിൽ പ്രദക്ഷിണവഴിയ്ക്കകത്ത് ഗണപതിയുടെയും അവിടെനിന്ന് ഒരല്പം മാറി അയ്യപ്പന്റെയും ശ്രീകോവിലുകൾ കാണാം. രണ്ടിനും മുഖപ്പുകളുണ്ട്. ഈ ശ്രീകോവിലുകൾക്കടുത്താണ് നാഗരാജാവ് സാന്നിദ്ധ്യമരുളുന്നത്. ക്ഷേത്രപരിസരത്ത് പലയിടത്തായി ചിതറിക്കിടന്നിരുന്ന നാഗദൈവങ്ങൾക്ക് 2015-ലാണ് ഇവിടെ സ്ഥാനമൊരുങ്ങിയത്. നാഗരാജാവായി ശിവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമടങ്ങുന്നതാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറുഭാഗത്ത് വെളുത്ത ചെത്തിച്ചെടി കാണാം. ഇതിന് കിഴക്കുമാറി സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, വടക്കുംനാഥൻ തുടങ്ങിയ ഉപപ്രതിഷ്ഠകൾ കാണാം. ഇവർക്കും മുഖപ്പുകളുണ്ട്. വടക്കുംനാഥന്റെ നടയിൽ പ്രത്യേകമായി നന്തിയുടെ പ്രതിഷ്ഠയുമുണ്ട്. വടക്കുകിഴക്കേമൂലയിൽ ബ്രഹ്മരക്ഷസ്സ് സാന്നിദ്ധ്യമരുളുന്നു. ഓടുകൊണ്ടുള്ള ഒരു മഹാവിഷ്ണുവിഗ്രഹത്തിലാണ് ബ്രഹ്മരക്ഷസ്സിനെ ആവാഹിച്ചിരിയ്ക്കുന്നത്. ഐതിഹ്യപ്രകാരം ക്ഷേത്രത്തിനകത്തുവച്ച് വധിയ്ക്കപ്പെട്ട കീഴ്ശാന്തിയുടെ പ്രേതമാണ് ബ്രഹ്മരക്ഷസ്സ്. ബ്രഹ്മരക്ഷസ്സിന്റെ ശ്രീകോവിലിനപ്പുറത്ത് വഴിപാട് കൗണ്ടറുകൾ കാണാം.

ശ്രീകോവിൽ[തിരുത്തുക]

സാമാന്യം വലിപ്പമുള്ള രണ്ടുനില ചതുരശ്രീകോവിലാണ് തിരുനക്കര ക്ഷേത്രത്തിലുള്ളത്. മുഖമണ്ഡപത്തോടുകൂടിയ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. ശ്രീകോവിലിന്റെ മുകളിൽ മനോഹരമായ സ്വർണ്ണത്താഴികക്കുടം തിളങ്ങിനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഒന്നരയടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവകൊണ്ട് വിഗ്രഹത്തിന്റെ നല്ലൊരു ഭാഗവും മൂടിയിട്ടിട്ടുണ്ടാകും. സ്വയംഭൂലിംഗമായതിനാൽ, മിനുക്കുപണികളൊന്നും തന്നെ നടത്തിയിട്ടില്ല. ശിവലിംഗത്തിനടുത്ത് കഷ്ടിച്ച് അരയടി മാത്രം ഉയരമുള്ള ഒരു പാർവ്വതീപ്രതിഷ്ഠയുമുണ്ട്. വളരെ സൂക്ഷിച്ചുനോക്കിയാൽ മാത്രമേ പഞ്ചലോഹനിർമ്മിതമായ ഈ കൊച്ചുവിഗ്രഹം കാണാൻ കഴിയൂ. ശിവലിംഗത്തിൽ നിന്ന് വീണുകിടക്കുന്ന മാലകൾ ഈ ദേവീപ്രതിഷ്ഠയെയും മൂടും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് പരബ്രഹ്മസ്വരൂപനായ സാക്ഷാൽ തിരുനക്കരമഹാദേവൻ, സ്വയംഭൂവായി പാർവ്വതീസമേതനായി ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ടും ദാരുശില്പങ്ങൾ കൊണ്ടും അലംകൃതമാണ്. ശിവകഥകൾ, ദശാവതാരം തുടങ്ങിയവ അവയിൽ പ്രധാനമാണ്. വടക്കുവശത്ത് വ്യാളീമുഖത്തോടുകൂടി ഓവ് നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം പാടില്ല.

നാലമ്പലം[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. സാമാന്യം വലിപ്പമുള്ള നാലമ്പലമാണ് ഇവിടെയുള്ളത്. ഓടുമേഞ്ഞ നാലമ്പലത്തിലേയ്ക്ക് കടക്കുന്ന വഴിയിൽ ഇരുവശത്തും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിൽ ഹോമപ്പുരയും വടക്കേ വാതിൽമാടത്തിൽ പാട്ടുപുരയുമാണുള്ളത്. ശ്രീകോവിലിന്റെ തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും കാണാം. ശ്രീകോവിലിനെ ചുറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ); സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, ദുർഗ്ഗാദേവി, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെയാണ്. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു.

നമസ്കാരമണ്ഡപം[തിരുത്തുക]

ശ്രീകോവിലിന് നേരെ മുന്നിൽ നമസ്കാരമണ്ഡപമാണ്. ചതുരാകൃതിയിൽ തീർത്ത വളരെ ചെറിയൊരു മണ്ഡപമാണിവിടെയുള്ളത്. മണ്ഡപത്തിന്റെ നല്ലൊരു ഭാഗവും സ്വയംഭൂവായ നന്ദിവിഗ്രഹം കയ്യേറിയിരിയ്ക്കുന്നു. ശിവലിംഗം, നന്ദിവിഗ്രഹം, വെളുത്ത ചെത്തിച്ചെടി - ഇവ മൂന്നും ഒരേ ശിലയുടെ ഭാഗങ്ങളാണെന്ന് പറയപ്പെടുന്നു. ഇവിടെയിരുന്ന് ജപിയ്ക്കാനും മറ്റും സ്ഥലമില്ലാത്തതിനാൽ കലശപൂജയും മറ്റുമെല്ലാം ഹോമപ്പുരയിലാണ് പതിവ്.

പ്രതിഷ്ഠകൾ[തിരുത്തുക]

ശ്രീ തിരുനക്കരഭഗവാൻ (ശിവൻ)[തിരുത്തുക]

തിരുനക്കര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പാർവ്വതീസമേതനായി രത്നപീഠത്തിലിരിയ്ക്കുന്ന സദാശിവന്റെ ഭാവമാണ് പ്രതിഷ്ഠയ്ക്ക്. അത്യന്തം ശാന്തഭാവത്തിലുള്ള ഭഗവദ്സാന്നിദ്ധ്യമാണ് കോട്ടയം നഗരത്തിന്റെ അഭിവൃദ്ധിയ്ക്ക് കാരണമെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. ഒന്നരയടി ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായാണ് തിരുനക്കരമഹാദേവൻ കുടികൊള്ളുന്നത്. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല ഇവകൊണ്ട് ജ്യോതിർലിംഗത്തിന്റെ നല്ലൊരു ഭാഗവും മറഞ്ഞിരിയ്ക്കുകയായിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ച് ശ്രീ തിരുനക്കരത്തേവർ സ്വയംഭൂലിംഗമായി വിരാജിയ്ക്കുന്നു. ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വരപൂജ, ഉദയാസ്തമനപൂജ തുടങ്ങിയവയാണ് തിരുനക്കരത്തേവരുടെ പ്രധാന വഴിപാടുകൾ.

ശ്രീ പാർവ്വതി[തിരുത്തുക]

തിരുനക്കരത്തേവർക്കൊപ്പമാണ് ശ്രീപാർവ്വതീദേവിയുടെയും പ്രതിഷ്ഠ. അരയടി ഉയരം വരുന്ന പഞ്ചലോഹനിർമ്മിതമായ വിഗ്രഹം ശിവലിംഗത്തിന്റെ ഇടതുഭാഗത്ത് സ്ഥിതിചെയ്യുന്നു. ശിവലിംഗത്തിൽ ചാർത്തിയ മാലകൾ മിക്ക സമയത്തും ഈ ചെറിയ വിഗ്രഹത്തെ മൂടും. പട്ടും താലിയും ചാർത്തൽ, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയാണ് പാർവ്വതീദേവിയുടെ പ്രധാന വഴിപാടുകൾ.

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

നാലമ്പലത്തിനുപുറത്ത് തെക്കുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഏകദേശം രണ്ടടി ഉയരം വരും. ഗണപതിനടയിൽ മുഖപ്പ് പണിതിട്ടുണ്ട്. ഭക്തരെ മഴ നനയാതെ നിന്നുതൊഴാൻ ഇത് സഹായിയ്ക്കുന്നു. നാളികേരമുടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗണപതിഹോമം, ഉണ്ണിയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ എന്നിവയാണ് ഗണപതിയുടെ പ്രതിഷ്ഠ.

അയ്യപ്പൻ[തിരുത്തുക]

ഗണപതിയുടെ ശ്രീകോവിലിൽ നിന്ന് അല്പം തെക്കുപടിഞ്ഞാറുമാറിയാണ് താരകബ്രഹ്മസ്വരൂപനും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ. ശബരിമലയിലെ പ്രതിഷ്ഠയുടെ അതേ രൂപമാണ് ഇവിടെയും അയ്യപ്പന്. ഒന്നരയടി ഉയരം വരുന്ന വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അയ്യപ്പന്റെ നടയിലും മുഖപ്പും നാളികേരമുടയ്ക്കാൻ സൗകര്യവുമുണ്ട്. മണ്ഡലകാലത്ത് 41 ദിവസവും ഈ നടയിൽ ശാസ്താംപാട്ട് പതിവുണ്ട്. നീരാജനം, എള്ളുപായസം, നെയ്യഭിഷേകം എന്നിവയാണ് അയ്യപ്പന് പ്രധാനവഴിപാടുകൾ.

സുബ്രഹ്മണ്യൻ[തിരുത്തുക]

വടക്കുംനാഥൻ[തിരുത്തുക]

ഇത് തൃശൂർ വടക്കുന്നാഥക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മാതൃകയാണ്. ശ്രീപരമേശ്വരൻ തന്നെ ആണിത്.

ദുർഗ്ഗാദേവി[തിരുത്തുക]

സരസ്വതി, ലക്ഷ്മി, ഭദ്രകാളീ ഭാവങ്ങളിൽ ആരാധിക്കപ്പെടുന്നു. ഭക്തരുടെ ദുർഗതികളെ ഇല്ലാതാക്കുന്ന ആദിപരാശക്തി എന്ന സങ്കൽപ്പമാണ് മഹാമായക്ക് ഉള്ളത്.

നാഗദൈവങ്ങൾ[തിരുത്തുക]

ശിവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകി എന്ന നാഗരാജാവ് ആണിത്. ഒപ്പം നാഗയക്ഷി, നാഗകന്യക, നാഗചാമുണ്ഡി എന്നിവരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ബ്രഹ്മരക്ഷസ്സ്[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

തിരുനക്കര ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങളും, ദാരുശില്പങ്ങളും, ശിലാപ്രതിമകളും വളരെ പ്രസിദ്ധമാണ്. അഷ്ടദിക്പാലകർ, മഹേശ്വരൻ, പാർവ്വതി, ഗണപതി തുടങ്ങിയ ശില്പങ്ങളും, ശാസ്താവ്, നരസിംഹാവതാരം, ത്രിപുരസുന്ദരി, പാർവ്വതിയുടെ തപസ്സ്, പാലാഴിമഥനം, ദുർഗ, ബ്രഹ്മാവ്, വേണുഗാനം തുടങ്ങിയ ചുവർച്ചിത്രങ്ങളും ഇവിടെ കാണാം. ചെമ്പു മേഞ്ഞ ശ്രീകോവിലും സ്വർണ ധ്വജവും ക്ഷേത്രത്തിന്റെ പഴയകാല പ്രൗഢി നിലനിറുത്തുന്നു.

വടക്കു ഭാഗത്തുള്ള വെളുത്ത ചെത്തിയും മണ്ഡപത്തിന്റെ മധ്യത്തിൽ ശയിക്കുന്ന വൃഷഭവും ഭഗവാൻ നക്കരകുന്നിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. [3] വൃഷഭ വിഗ്രഹത്തിന്റെ ഉള്ളിൽ നിന്നെടുക്കുന്ന നെല്ല് വയറുവേദനയ്ക്ക് സിദ്ധൗഷധമായി ഭക്തർ കരുതുന്നു. [4] ധാരയും മൃത്യുഞ്ജയ ഹോമവുമാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. വർഷത്തിൽ മൂന്ന് ഉത്സവങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനം മീനമാസത്തിലെ പൈങ്കുനി ഉത്സവമാണ്.[5] ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വകയാണ് ഈ ക്ഷേത്രം.

ശബരിമല തീർത്ഥാടനം നടക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും കോട്ടയത്തെത്തുന്ന അയ്യപ്പഭക്തരുടെ ഒരു പ്രധാന അഭയ കേന്ദ്രമാണ്‌ തിരുനക്കര മഹാദേവ ക്ഷേത്രം.

അവലംബം[തിരുത്തുക]

  1. 1.0 1.1 കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  2. ഐതിഹ്യമാല: കൊട്ടാരത്തിൽ ശങ്കുണ്ണി
  3. ഐതിഹ്യമാല: കൊട്ടാരത്തിൽ ശങ്കുണ്ണി
  4. ഐതിഹ്യമാല: കൊട്ടാരത്തിൽ ശങ്കുണ്ണി
  5. http://www.kerala.com/kerala_festivals/kerala_festivals_templefestivals_thirunakkarauthsavam.php

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]