കൂത്തമ്പലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കൂത്തമ്പലം
വടക്കുംനാഥൻ ക്ഷേത്രം--കൂത്തമ്പലം വലത്തെയറ്റത്ത്‌ കാണാം

കേരളത്തിലെ പ്രാചീന നാടകകലയായ കൂത്ത് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കൂത്തമ്പലം അഥവാ കൂത്തുപുര. അമ്പലങ്ങളിൽ ശ്രീകോവിലിന്റെ മുൻ‌വശത്ത് തെക്കു മാറിയാണ് കൂത്തമ്പലത്തിന്റെ സ്ഥാനം[1]. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ മണ്ഡപവിധി പ്രകാരമാണ് കൂത്തമ്പലങ്ങളുടെ നിർമ്മാണം. ക്ഷേത്രംപോലെ പരിപാവനമായി കൂത്തമ്പലവും കരുതപ്പെടുന്നു. എല്ലാ കൂത്തമ്പലങ്ങളും ക്ഷേത്രങ്ങൾക്ക് അകത്താണ് സ്ഥിതിചെയ്യുന്നത്. കൂത്ത്, കൂടിയാട്ടം തുടങ്ങിയ ആചാരകലകളാണ് കൂത്തമ്പലത്തിൽ അവതരിപ്പിക്കുക. ചാക്യാർ സമുദായത്തിൽ നിന്നുള്ള പുരുഷൻ‌മാർക്കേ കൂടിയാട്ടം അവതരിപ്പിക്കുവാൻ അനുവാദമുള്ളൂ. അമ്പലവാസി, നമ്പ്യാർ ജാതികളിൽപ്പെട്ട നങ്ങ്യാരമ്മമാർ നങ്ങ്യാർ കൂത്ത്, കൂടിയാട്ടത്തിലെ സ്ത്രീകഥാപാത്രങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. വിശുദ്ധ മദ്ദളമായ മിഴാവ് കൂത്തമ്പലത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. മിഴാവും ഇലത്താളവും കൂത്തിന് അകമ്പടിയായി ഉപയോഗിക്കുന്നു. നങ്ങ്യാരമ്മമാർ ആണ് ഇലത്താളം മുഴക്കുക.

ഐതിഹ്യം[തിരുത്തുക]

ബ്രഹ്മാവ്‌ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ച്‌ സുരക്ഷിതമായ ഒരു നാട്യഗൃഹം നിർമ്മിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് നാട്യമണ്ഡപത്തിൻറെ (കൂത്തമ്പലത്തിൻറെ) ഉല്പത്തി എന്നാണ് ഐതിഹ്യം.

രൂപകല്പന[തിരുത്തുക]

ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലം

മൂന്ന്‌ തരം നാട്യഗൃഹങ്ങളെപ്പറ്റി നാട്യശാസ്ത്രത്തിലെ രണ്ടാം അദ്ധ്യായമായ “മണ്ഡപവിധി“യിൽ പറയുന്നു. വികൃഷ്ടം (ദീർഘചതുരം), ചതുരശ്രം (ചതുരം), ത്ര്യശ്രം (മുക്കോണം) എന്ന മാതൃകയിൽ 108 കോൽ, 64 കോൽ, 32 കോൽ എന്ന കണക്കിൽ ജ്യേഷ്ഠം, മദ്ധ്യമം, കനിഷ്ഠം എന്നു മൂന്ന്‌ തരത്തിലാണ് നാട്യമണ്ഡപങ്ങളുടെ രൂപകല്പന.

അളവ്‌ കോൽകണക്കിലും ദണ്ഡുകണക്കിലും ആകാം. ദീർഘചതുരംതന്നെ 108 കോൽ, 108 ദണ്ഡ്‌, 64 കോൽ, 64 ദണ്ഡ്‌, 32 കോൽ, 32 ദണ്ഡ്‌ ഇങ്ങനെ ആറ് തരത്തിലുണ്ട്‌. ചതുരവും മുക്കോണവും ഇങ്ങനെ ആറ് വീതം ഉണ്ടാക്കാം. അപ്പോൾ കൂത്തമ്പലം പതിനെട്ടുതരത്തിൽ നിർമ്മിക്കാം. ജ്യേഷ്ഠം വലിയതും, മദ്ധ്യമം ഇടത്തരവും, കനിഷ്ഠം ചെറിയതുമായ കൂത്തമ്പലങ്ങളാണ്.

വലുത്‌ ദേവന്മാർ കഥാപാത്രങ്ങളാകുമ്പോഴാണ് വേണ്ടത്‌. മനുഷ്യർ കഥാപാത്രങ്ങളാകുമ്പോൾ കൂത്തമ്പലത്തിൻറെ നീളം 64 കോലും വീതി 32 കോലും ആയിരിക്കണം. ഇതിൽക്കവിഞ്ഞ അളവിൽ നാട്യമണ്ഡപം നിർമ്മിക്കാൻ പാടില്ലെന്നാണ് നാട്യശാസ്ത്രവിധി. രംഗം അകലത്തായാൽ സംഭാഷണം അവ്യക്തമാകും. നടൻറെ ഭാവപ്രകടനങ്ങളും വ്യക്തമായി കാണാൻ കഴിയില്ല. മൂന്നുതരം കൂത്തമ്പലങ്ങളെപ്പറ്റി പറഞ്ഞതിൽ അറുപത്തിനാലുകോലുള്ള മദ്ധ്യമമാണ് ഏറ്റവും നല്ലതെന്ന്‌ ഭരതൻ പറയുന്നു. സംഭാഷണവും ഗീതവും സുഖമായി കേൾക്കുകയും മുഖഭാവങ്ങൾ ഭംഗിയായി കാണുകയും ചെയ്യാം.

“ദേവസ്യാഗ്രേ ദക്ഷിണാതോ രുചിരേ നാട്യമണ്ഡപേ” എന്ന് പ്രമാണം.

കൂത്തമ്പലത്തിൻറെ ഭാഗങ്ങൾ[തിരുത്തുക]

പെരുവനം മഹാദേവ ക്ഷേത്രത്തിലെ കൂത്തമ്പലം
 • രംഗപീഠം (stage)
 • രംഗശീർഷം (upstage)
 • മത്തവാരണി(രംഗപീഠത്തിന് ഇരുവശവുമുള്ള സ്ഥലം)
 • നേപഥ്യം (അണിയറ)
 • പ്രേക്ഷാഗൃഹം (auditorium)
 • മുഖമണ്ഡപം

നാട്യമണ്ഡപത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ തന്നെ കണ്ണിന് ആനന്ദം പകരുന്ന കൊത്തുപണികളും അലങ്കാരങ്ങളും ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്‌. നാട്യമണ്ഡപം നിർമ്മിക്കുമ്പോഴുള്ള ചടങ്ങുകളും പൂജാവിധികളും നാട്യശാസ്ത്രവിധിയിൽ ഉണ്ട്‌.

കൂത്തമ്പലങ്ങളുള്ള ക്ഷേത്രങ്ങൾ[2][തിരുത്തുക]

 1. തിരുമാന്ധാംകുന്ന് ക്ഷേത്രം
 2. തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം
 3. തിരുവാലത്തൂർ ഭഗവതീക്ഷേത്രം
 4. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
 5. ആർപ്പൂക്കര സുബ്രഹ്മണ്യക്ഷേത്രം
 6. കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം
 7. തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം
 8. തിരുമൂഴിക്കുളം ക്ഷേത്രം
 9. തിരുനക്കര മഹാദേവക്ഷേത്രം
 10. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം
 11. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
 12. ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം
 13. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം
 14. പെരുവനം മഹാദേവക്ഷേത്രം
 15. വാഴേകാവിൽ ഭഗവതി ക്ഷേത്രം കണ്ടാണശ്ശേരി
 16. കൊട്ടിയൂർ മഹാദേവക്ഷേത്രം (വൈശാഖമഹോത്സവ വേളയിൽ മാത്രം അക്കരെ കൊട്ടിയൂരിൽ താത്കാലികമായി കെട്ടിയുണ്ടാക്കുന്നു.)

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. മാധവചാക്യാർ, മാണി (1975). നാട്യകല്പദ്രുമം.
 2. "കൂടിയാട്ടം".

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂത്തമ്പലം&oldid=3607323" എന്ന താളിൽനിന്ന് ശേഖരിച്ചത്