Jump to content

ചെങ്ങന്നൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെങ്ങന്നൂർ മഹാദേവക്ഷേത്രം/ചെങ്ങന്നൂർ ശിവപാർവതി ക്ഷേത്രം/ ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം
കിഴക്കേ ക്ഷേത്രഗോപുരം
കിഴക്കേ ക്ഷേത്രഗോപുരം
ചെങ്ങന്നൂർ മഹാദേവക്ഷേത്രം/ചെങ്ങന്നൂർ ശിവപാർവതി ക്ഷേത്രം/ ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം is located in Kerala
ചെങ്ങന്നൂർ മഹാദേവക്ഷേത്രം/ചെങ്ങന്നൂർ ശിവപാർവതി ക്ഷേത്രം/ ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം
ചെങ്ങന്നൂർ മഹാദേവക്ഷേത്രം/ചെങ്ങന്നൂർ ശിവപാർവതി ക്ഷേത്രം/ ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°30′5″N 76°35′5″E / 9.50139°N 76.58472°E / 9.50139; 76.58472
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:ചെങ്ങന്നൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ, പാർവ്വതി/മഹാകാളി/സതി/ ആദിപരാശക്തി
പ്രധാന ഉത്സവങ്ങൾ:ധനു-മകരം ഉത്സവം
തൃപ്പൂത്താറാട്ട്
ചരിത്രം
സൃഷ്ടാവ്:പെരുന്തച്ചൻ
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. ചെങ്ങന്നൂർ ശിവപാർവതി ക്ഷേത്രം അഥവാ ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്നതും ഇതേ ക്ഷേത്രം തന്നെയാണ്. ഹൈന്ദവ, ശൈവ വിശ്വാസപ്രകാരം മൃത്യുവിജയിയായ പരമശിവനും ആദിപരാശക്തിയായ ശ്രീ പാർവതിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ഭഗവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഭഗവതിക്ക് ശിവനേക്കാൾ പ്രസിദ്ധി ഉണ്ട് എന്ന പ്രത്യേകതയും ഇവിടെ ഉണ്ട്. ചെങ്ങന്നൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. [1] കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിയ്ക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്. [2] എന്നാൽ മഹാദേവനെക്കാൾ ഭഗവതിക്ക് പ്രാധാന്യം ഉള്ള ക്ഷേത്രമാണിത്. ആദിപരാശക്തിയായ ഭഗവതി സ്വയംവര പാർവതി, മഹാകാളി, സതി തുടങ്ങിയ ഭാവങ്ങളിൽ ഇവിടെ ആരാധിക്കപ്പെടുന്നു. ഇവിടുത്തെ പാർവതീദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിലാണിത്. തുടർന്ന് പന്ത്രണ്ടു ദിവസത്തെ ഭഗവതീ ദർശനം സർവ ഐശ്വര്യത്തിനും ആഗ്രഹ സാഫല്യത്തിനും ഉത്തമമാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ഹരിദ്ര പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇത്തരം ഒരു വഴിപാട് മറ്റ് ക്ഷേത്രങ്ങളിൽ കാണാൻ സാധിക്കില്ല. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതിനാൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. [3] പരാശക്തിക്ക് തുല്യപ്രാധാന്യം ഉള്ളതിനാൽ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ചെങ്ങന്നൂർ വരുന്നുണ്ട്. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഗംഗാദേവി, നീലഗ്രീവൻ, സ്ഥലീശൻ, ചണ്ഡികേശ്വരൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി മകരമാസത്തിലെ തിരുവാതിരയ്ക്ക് അവസാനിയ്ക്കുന്ന 28 ദിവസത്തെ മഹോത്സവം (മറ്റൊരു ക്ഷേത്രത്തിലും ഇന്ന് കാണാൻ കഴിയാത്ത പ്രത്യേകത), പ്രതിമാസ ഉത്രം നാളിലെ "ഉത്രം തൊഴീൽ", നവകാഭിഷേകം, കന്നിമാസത്തിലെ നവരാത്രി ഉത്സവം, വിദ്യാരംഭം, കുംഭമാസത്തിലെ ശിവരാത്രി, ചിത്രാപൗർണ്ണമി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ശിവപ്രധാനമായ ഞായറാഴ്ച, തിങ്കളാഴ്ച, ഭഗവതി പ്രധാനമായ ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി തുടങ്ങിയ ദിവസങ്ങൾ ഈ ക്ഷേത്രത്തിൽ പ്രധാനമാണ്. ശബരിമല തീർത്ഥാടകർ സന്ദർശിക്കുന്ന ഒരു മുഖ്യ ഇടത്താവളം കൂടിയാണ് ഈ ക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

പാർവതീപരമേശ്വരവിവാഹം[തിരുത്തുക]

നിരവധി ഐതിഹ്യ കഥകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ ക്ഷേത്രം. ശിവപാർവ്വതീ വിവാഹവുമായി ബന്ധപ്പെട്ട ഒരു കഥയാണ് അവയിൽ ഏറ്റവും പ്രസിദ്ധം. അതിങ്ങനെ:

പാർവ്വതീപരമേശ്വരന്മാരുടെ വിവാഹത്തിൽ ബ്രഹ്മാവ്, വിഷ്ണു, ഇന്ദ്രൻ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവീദേവന്മാരുടെയും മഹർഷിമാരുടെയും ഒരു നീണ്ടനിര തന്നെ പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം ഭാരം കാരണം ഭൂമി ചരിഞ്ഞുപോകുമോ എന്നായിരുന്നു എല്ലാവരുടെയും ഭയം. അപ്പോൾ ഭഗവാൻ ഇതിനൊരു പരിഹാരമായി അഗസ്ത്യമുനിയെ തെക്കുഭാഗത്തിരുത്തി. ഉയരം കുറഞ്ഞ ശരീരപ്രകൃതിയുള്ള അഗസ്ത്യമുനിയ്ക്ക് എങ്ങനെ ഭൂമിയുടെ ചരിവ് പരിഹരിയ്ക്കാനാകുമെന്നായി ദേവന്മാരുടെ സംശയം. എന്നാൽ, തെക്കുഭാഗത്തെ ശോണാദ്രിയിൽ (ഇന്നത്തെ ചെങ്ങന്നൂർ) തപസ്സിരുന്നുകൊണ്ട് അഗസ്ത്യമുനി ഭൂമിയെ ചരിയാതെ നിലനിർത്തി. തന്റെ ദിവ്യദൃഷ്ടി കൊണ്ട് മുനി ശിവപാർവ്വതീപരിണയം കണ്ടു. വിവാഹശേഷം ഭഗവാൻ പാർവ്വതീസമേതനായി അഗസ്ത്യമുനിയെ കാണാൻ ശോണാദ്രിയിലെത്തി. അവിടെ വച്ച് ദേവിയ്ക്ക് ഋതുവുണ്ടാകുകയും തുടർന്ന് ഋതുശാന്തിവിവാഹം നടത്തുകയും ചെയ്തു. അങ്ങനെ അഗസ്ത്യമഹർഷിയ്ക്ക് ശിവപാർവ്വതീസ്വയംവരത്തിൽ പങ്കെടുക്കാത്തതിലുള്ള ദുഃഖം തീർന്നുകിട്ടി. ഋതുശാന്തികല്യാണം നടന്ന സ്ഥലത്താണ് ക്ഷേത്രത്തിലെ ദേവീചൈതന്യം പ്രസരിക്കുന്ന ശക്തിതീർത്ഥം എന്നറിയപ്പെടുന്ന തീർത്ഥക്കുളം ഉള്ളതെന്നാണ് ഐതിഹ്യം. ഈ കുളത്തിന്റെ അടിയിൽ ഋതുശാന്തികല്യാണം നടത്തിയ അഗസ്ത്യരുടെ ഹോമകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് സങ്കല്പം. ഇവിടെയാണ് മീനൂട്ട് വഴിപാട് നടത്തുന്നത്. തനിയ്ക്ക് പൂജ നടത്താൻ എന്നും കുടികൊള്ളണമെന്ന അഗസ്ത്യമഹർഷിയുടെ അഭ്യർത്ഥനയെത്തുടർന്ന് ശിവപാർവ്വതിമാർ സ്വയംഭൂവായി ചെങ്ങന്നൂരിൽ അവതരിച്ചു. ഇതാണ് ഇന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് കാണപ്പെടുന്ന മൂലക്ഷേത്രമായ കുന്നത്ത് മഹാദേവക്ഷേത്രം. ചെങ്ങന്നൂർ ക്ഷേത്രദർശനം പൂർണ്ണമാകണമെങ്കിൽ ഇവിടെയും ദർശനം നടത്തണം എന്നത്രെ സങ്കൽപ്പം. ഇവിടെ ദർശനം നടത്തുന്നത് വന്ധ്യതയ്ക്കും പരിഹാരമാണെന്ന് ഭക്തരുടെ വിശ്വാസം. കുന്നത്ത് മഹാദേവൻ കുട്ടികളോട് ഏറെ വാത്സല്യം ഉള്ളവനാണെന്ന് ഐതീഹ്യം. അതിനാൽ കുട്ടികളെ ഈ ക്ഷേത്രത്തിൽ കൊണ്ടുവരുന്നത് ബാലാരിഷ്ടത മാറാൻ ഉത്തമമാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു. അതിന് വേണ്ടി നടത്തപ്പെടുന്ന വിശേഷാൽ വഴിപാടാണ് "കൊട്ടും ചിരിയും". (കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങളും ഫലവര്ഗങ്ങളും പൂജിച്ചു വിതരണം ചെയ്യുന്നു. ആ സമയത്ത് കുട്ടികൾ കൈകൊട്ടി ചിരിക്കുന്നു. സന്താന ലാഭത്തിനും കുട്ടികളുടെ രോഗദുരിത ശമനത്തിനും ആയുസിനും വേണ്ടിയാണ് പ്രസിദ്ധമായ ഈ വഴിപാട് നടത്തുന്നത്) സ്വയംവരത്തിനുശേഷം ബ്രഹ്മാദികൾ പിരിഞ്ഞുപോകുകയും സ്ഥലം കാടുപിടിച്ച് ദീർഘകാലം കിടക്കുകയും ചെയ്തു.

ക്ഷേത്രോത്പത്തി[തിരുത്തുക]

വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. ഇതിനിടയിൽ പരശുരാമൻ കേരളത്തിലേയ്ക്ക് നിരവധി ബ്രാഹ്മണരെ കൊണ്ടുവരികയും അവർക്ക് താമസിയ്ക്കാൻ പാകത്തിൽ സ്ഥലം വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. ഈ പുരോഹിതരെ 64 ഗ്രാമക്കാരാക്കി തിരിച്ച പരശുരാമൻ, അവർക്ക് ആരാധന നടത്താൻ പാകത്തിൽ നൂറ്റെട്ട് ശിവാലയങ്ങളും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളും നിർമ്മിച്ചുകൊടുത്തു. ആ 64 ഗ്രാമങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ ഗ്രാമം. 'ശോണാദ്രി' എന്ന സംസ്കൃതപദം മലയാളത്തിൽ 'ചെങ്കുന്നൂർ' എന്നും പിന്നീട് അതു ലോപിച്ച് 'ചെങ്ങന്നൂർ' എന്നും മാറുകയായിരുന്നു. ആ നാട്ടിലെ പേരുകേട്ട നാടുവാഴി കുടുംബമായ വഞ്ഞിപ്പുഴ മഠത്തിലെ തമ്പുരാനായിരുന്നു ഭരണാധികാരി. ഇപ്പോൾ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം 'നയനാരുപിള്ള' എന്നയാൾക്ക് തമ്പുരാൻ പാട്ടത്തിനുകൊടുത്തിരുന്നു. അവിടം കൊടുംകാടായിരുന്നു.

അക്കാലത്തൊരു ദിവസം നയനാരുപിള്ളയുടെ വേലക്കാരിയായ ഒരു പുലയസ്ത്രീ ആ കാട്ടിൽ പുല്ലുചെത്താൻ വന്നപ്പോൾ തന്റെ അരിവാളിന് മൂർച്ച കൂട്ടാനായി അവിടെക്കണ്ട ഒരു കല്ലിൽ ഉരച്ചുനോക്കുകയും അതിൽ നിന്ന് രക്തപ്രവാഹമുണ്ടാകുകയും ചെയ്തു. ഈ സംഭവം കണ്ട് പരിഭ്രാന്തയായ അവർ വിവരം നയനാരുപിള്ളയെയും നയനാരുപിള്ള ഈ വിവരം വഞ്ഞിപ്പുഴ തമ്പുരാനെയും അറിയിച്ചു. തമ്പുരാൻ ഉടനെ അന്നാട്ടിലെ ഏതാനും ബ്രാഹ്മണർക്കൊപ്പം സ്ഥലത്തെത്തി. അവരിലൊരാൾ പ്രസിദ്ധ താന്ത്രികകുടുംബമായ താഴമൺ മഠത്തിലെ വലിയ പോറ്റിയായിരുന്നു. സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്നും രക്തപ്രവാഹം നിലയ്ക്കണമെങ്കിൽ മുപ്പത്താറുപറ നെയ്യുകൊണ്ട് ശിവലിംഗത്തിൽ അഭിഷേകം നടത്തണമെന്നും ഇല്ലെങ്കിൽ ജ്യോതിർലിംഗം അപ്രത്യക്ഷമാകുമെന്നും പോറ്റി അറിയിച്ചതിനെത്തുടർന്ന് തമ്പുരാൻ മഠത്തിൽ നിന്ന് അഭിഷേകത്തിനുള്ള നെയ്യും നിവേദ്യത്തിനുള്ള വസ്തുക്കളും കൊണ്ടുവരികയും പോറ്റി മന്ത്രതന്ത്രാദികളോടുകൂടി അഭിഷേകവും നിവേദ്യസമർപ്പണവും നടത്തുകയും ചെയ്തു.

പിന്നീട് വഞ്ഞിപ്പുഴ തമ്പുരാനും താഴമൺ പോറ്റിയടക്കമുള്ള പുരോഹിതരും ചേർന്ന് ക്ഷേത്രം പണിയാനുള്ള ആലോചന നടത്തി. ശിവനെക്കൂടാതെ ശക്തിസ്വരൂപിണിയായ ശ്രീപാർവ്വതിയെയും ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കണമെന്നും, കണ്ണകിയുടെ ചൈതന്യവും പ്രദേശത്തു കുടികൊള്ളുന്നുവെന്നും, ശ്രീകോവിൽ പണിയുമ്പോൾ ശിവനും പാർവ്വതിയ്ക്കുമായി ഗർഭഗൃഹം വീതിച്ചുകൊടുക്കണമെന്നും പോറ്റി തമ്പുരാനെ അറിയിച്ചു. ആ സമയത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചൻ അവിടെയെത്തിച്ചേർന്നത്. തമ്പുരാനും പോറ്റിയും പെരുന്തച്ചനെ സാദരം സത്കരിച്ചിരുത്തുകയും ക്ഷേത്രനിർമ്മാണത്തെക്കുറിച്ച് വിശദമായി സംസാരിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പെരുന്തച്ചൻ രണ്ടുമൂന്നുദിവസം അവിടെ താമസിച്ച് ശ്രീകോവിൽ, നമസ്കാരമണ്ഡപങ്ങൾ, കൂത്തമ്പലം, ഗോപുരങ്ങൾ, ഉപദേവാലയങ്ങൾ തുടങ്ങിയവയുടെ കണക്കുകൾ ചാർത്തിക്കൊടുക്കുകയും ഉടനെ വരാമെന്നുപറഞ്ഞ് സ്ഥലം വിടുകയും ചെയ്തു. മൂന്നുമാസം കഴിഞ്ഞാണ് പെരുന്തച്ചൻ ചെങ്ങന്നൂരിൽ മടങ്ങിയെത്തിയത്. അപ്പോഴേയ്ക്കും ക്ഷേത്രത്തിൽ കൂത്തമ്പലമൊഴികെയുള്ള എല്ലാ ഭാഗങ്ങളും പണികഴിപ്പിച്ചിരുന്നു. കൂത്തമ്പലത്തിന്റെ പണി തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. അണ്ഡാകൃതിയിലാണ് കൂത്തമ്പലത്തിന്റെ പണി നിശ്ചയിച്ചിരുന്നത്. ഇതുചെയ്യാൻ ശില്പികൾക്കൊന്നും കഴിയുന്നില്ല എന്ന് മനസ്സിലാക്കിയ പെരുന്തച്ചൻ, കൂത്തമ്പലത്തിന്റെ നിർമ്മാണം സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. തുടർന്ന് വളരെ കുറച്ചുദിവസം കൊണ്ട് അദ്ദേഹം കൂത്തമ്പലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. അവിടെ പ്രതിഷ്ഠിയ്ക്കാനായി ശിലകൊണ്ട് ഒരു ദേവീരൂപവും അദ്ദേഹം നിർമ്മിച്ചു. തുടർന്ന് ഒരു മംഗളമുഹൂർത്തത്തിൽ ഭഗവതിയെ ശ്രീലകത്ത് പ്രതിഷ്ഠിച്ചു. നിരവധി ഭക്തജനങ്ങൾ ചെങ്ങന്നൂരപ്പനെയും ചെങ്ങന്നൂരമ്മയെയും തൊഴുത് നിർവൃതിയടഞ്ഞു. അങ്ങനെയാണ് ചെങ്ങന്നൂർ നഗരത്തിന് തിലകക്കുറിയായി വിളങ്ങുന്ന ഈ മഹാക്ഷേത്രം രൂപം കൊണ്ടത്.

ചെങ്ങന്നൂരമ്മയും കണ്ണകിയും അരയന്മാരും[തിരുത്തുക]

മധുരാനഗരം ദഹിപ്പിച്ച കാളിയുടെ അവതാരമായ കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഇവിടെ വിശ്രമിച്ചു തപസ്സനുഷ്ഠിച്ചതായും ഐതിഹ്യമുണ്ട്. അതിനാൽ ചെങ്ങന്നൂരമ്മയെ മഹാകാളി ഭാവത്തിലും ആരാധിച്ചു വരുന്നു. ആസാമിലെ കാമാഖ്യ ക്ഷേത്രത്തിന് തുല്യമാണ് കേരളത്തിലെ ചെങ്ങന്നൂർ ക്ഷേത്രം എന്ന് സങ്കല്പമുണ്ട്. ക്ഷേത്രത്തിൽ നടന്നുവരുന്ന തൃപ്പൂത്താറാട്ട് ഇതിന്റെ വലിയൊരു തെളിവാണ്. ആദിപരാശക്തിയായ ചെങ്ങന്നൂരമ്മ അരയരാജാവിന്റെ മകളാണ് എന്നും മറ്റൊരു വിശ്വാസമുണ്ട്. മഹാദേവന്റെ ശാപത്താൽ ശ്രീപാർവതി ഒരു മുക്കുവ കുടുംബത്തിൽ ജനിച്ചതായും മുക്കുവ യുവാവിന്റെ രൂപത്തിൽ വന്ന പരമശിവനെ സ്വയംവരം ചെയ്തതായും പുരാണത്തിൽ കഥയുണ്ട്. ഇന്നത്തെ കൊല്ലം ജില്ലയിൽ അറബിക്കടലിനും കായലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ആലപ്പാട് എന്ന സ്ഥലത്തെ താമസക്കാരായ അരയന്മാർ, ഇങ്ങനെ അവതരിച്ച ഭഗവതിയുടെ പിന്മുറക്കാരാണെന്ന് വിശ്വസിച്ചുവരുന്നു. ഈ വിശ്വാസവുമായി ബന്ധപ്പെട്ട് കുംഭമാസത്തിൽ ശിവരാത്രിക്ക് ആലപ്പാട്ടെ അരയ സമുദായക്കാർ നടത്തുന്ന ചടങ്ങാണ് പരിശം വയ്പ്പ്. അരയകുലാചാരപ്രകാരം വിവാഹസമയത്തുള്ള ചടങ്ങാണ് പരിശം വയ്ക്കൽ. അതിനാൽ അരയ സമുദായക്കാരുടെ കുലദൈവമായും ചെങ്ങന്നൂരമ്മയെ ആരാധിക്കുന്നു.

ചരിത്രം[തിരുത്തുക]

ഐതിഹ്യപ്രകാരം ഏറെ പഴക്കമുണ്ടെങ്കിലും ചെങ്ങന്നൂർ ശിവ ക്ഷേത്രത്തിന് ചരിത്രപരമായി നോക്കുമ്പോൾ പഴക്കം കുറവാണ്. ഊർവ്വരതയുടെ പ്രതീകമായ മാതൃഭഗവതിയെ, കണ്ണകി സങ്കൽപ്പത്തെ വളരെക്കാലം മുൻപേ ഇവിടെ ആരാധന നടത്തിയിരുന്നു. പിന്നീട് വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിക്കുന്നത് [4]. അന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാടവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു. പക്ഷേ ആ പഴയ ക്ഷേത്രം പിന്നീട് കത്തിനശിച്ചുപോവുകയും, അതിനുശേഷം തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗദ്ഭരുടെ നിരീക്ഷണത്തിൽ ക്ഷേത്രം പുനരുദ്ധരിയ്ക്കപ്പെടുകയും ചെയ്തു. തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇത് നടന്നത്. ചെങ്ങന്നൂർ മതിൽക്കകത്തെ പണി എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്. [5] [6] പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും അതിനെ തുടർന്ന് വളരെയേറെ വർഷങ്ങൾ നീണ്ടുപോകുകയും ചെയ്തു ക്ഷേത്രനിർമ്മാണം. അന്നു കത്തിനശിച്ച ക്ഷേത്രസമുച്ചയങ്ങൾ മിക്കതും പുനഃനിർമ്മിച്ചെങ്കിലും പെരുന്തച്ചൻ ഉണ്ടാക്കിയ അണ്ഡാകൃതിയിലുള്ള (ദീർഘഗോളം) കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല.[7] [8] അതുണ്ടാക്കാൻ ആരും ശ്രമം നടത്തിയിട്ടില്ല.

ക്ഷേത്ര രൂപകല്പന[തിരുത്തുക]

ചെങ്ങന്നൂർ മഹാദേവക്ഷേത്രം

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ചെങ്ങന്നൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പമ്പാനദിയുടെ പടിഞ്ഞാറേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പോസ്റ്റ് ഓഫീസ് തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. ശബരിമലയിൽ നിന്നൊഴുകിവരുന്ന പമ്പാനദി, ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ വടക്കുകിഴക്കുമാറി ഒഴുകുന്നു. പമ്പാനദിയിലുള്ള മിത്രപ്പുഴക്കടവിലാണ് ഉത്സവാവസാനം ഭഗവാന്റെയും തൃപ്പൂത്തുകാലത്ത് ഭഗവതിയുടെയും ആറാട്ടുകൾ നടത്തുന്നത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്ത് മഹാദേവക്ഷേത്രം ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇവിടെ തൊഴുതുവേണം പ്രധാന ക്ഷേത്രത്തിൽ ദർശനം നടത്താൻ എന്നാണ് ചിട്ട. സാമാന്യം വലിയ വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുന്നത്തപ്പൻ കുടികൊള്ളുന്നു. കിഴക്കുഭാഗത്ത് ക്ഷേത്രത്തിന് അഭിമുഖമായി ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്. ഇത് താരതമ്യേന പുതിയതാണ്. ഉഗ്രമൂർത്തിയായ ശിവന്റെ കോപം തടുക്കാനാണ് ഇവിടെ ആഞ്ജനേയനെ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ശിവന്റെ അംശാവതാരവും ശ്രീരാമസ്വാമിയുടെ നിത്യദാസനുമായ ഹനുമാനെ തൊഴുതാണ് ഭക്തർ ശിവനെ തൊഴാൻ പോകുന്നത്. ഇതുകടന്ന് അല്പം കൂടി ചെല്ലുമ്പോൾ വലിയൊരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. അങ്ങനെ, ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി നിൽക്കുന്ന അരയാലിനെ രാവിലെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ദേവസ്വം ഓഫീസ്, ചെങ്ങന്നൂർ ഗ്രൂപ്പ് ഓഫീസ് എന്നിവ ക്ഷേത്രത്തിന്റെ മുന്നിൽ തെക്കുഭാഗത്തുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്പെഷ്യൽ ഗ്രേഡ് ദേവസ്വമാണ് ചെങ്ങന്നൂർ ദേവസ്വം.

ചെങ്ങന്നൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം മുന്നൂറു വർഷം മുമ്പുണ്ടായ അഗ്നിബാധയിൽ നശിച്ചുപോയിട്ടുള്ളതും, ഉദേശം 80 വർഷങ്ങൾക്കു മുൻപ് പുതുക്കി പണിതതുമാണ്. മൂന്നുനിലകളോടുകൂടിയ ഈ ഗോപുരം കേരളീയശൈലിയിൽ നിർമ്മിച്ച ഏറ്റവും വലിയ ക്ഷേത്രഗോപുരമാണ്. കേരളീയശൈലിയ്ക്കൊപ്പം പാശ്ചാത്യനിർമ്മാണശൈലിയും സമന്വയിപ്പിച്ചുണ്ടാക്കിയ ഈ ഗോപുരത്തിന്റെ രണ്ടാമത്തെ നിലയിൽ, ആധുനികരീതിയിലുള്ള ജനലുകൾ നിർമ്മിച്ചിട്ടുണ്ടെന്നത് വലിയൊരു പ്രത്യേകതയാണ്. ഇവിടെയുള്ള ആനവാതിലിന് ഇരുവശങ്ങളിലുമായി വേറെയും രണ്ട് ചെറിയ വാതിലുകൾ കാണാം. ഏറ്റവും മുകളിലെ നിലയിലാണെങ്കിൽ ദാരുശില്പങ്ങൾ കൊത്തിവച്ചിട്ടുമുണ്ട്. മറ്റ് മൂന്നുദിക്കുകളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോപുരങ്ങളാണ്. അവയ്ക്ക് ഈരണ്ടുനിലകളേയുള്ളൂ. അവയിൽത്തന്നെ പടിഞ്ഞാറേ ഗോപുരത്തിന് കൂടുതൽ ആകർഷണം കൊടുത്തിട്ടുണ്ട്. ദേവിയ്ക്കുള്ള പ്രാധാന്യം കാരണമാണ്. പണ്ട് ഇവിടെ സത്യം ചെയ്യുന്നത് അതിവിശേഷമായ ചടങ്ങായിരുന്നു. ചെങ്ങന്നൂർ പടിഞ്ഞാറേ നടയിലെ സത്യം എന്നുകേട്ടാൽത്തന്നെ ജനങ്ങൾ ഭയക്കുമായിരുന്നു. ക്ഷേത്രങ്ങൾ കോടതികളുടെ സ്വഭാവം കൂടി കയ്യാളിയിരുന്ന ഒരുകാലത്ത് കുറ്റവാളികളെ ഇവിടെക്കൊണ്ടുവന്ന് സത്യം ചെയ്യിയ്ക്കുന്നത് പതിവായിരുന്നു. പടിഞ്ഞാറേ ഗോപുരത്തിന്റെ ഒരുവശത്തുണ്ടായിരുന്ന ഒരു പൊത്തിൽ കയ്യിടീച്ചശേഷമാണ് സത്യം ചെയ്യിയ്ക്കൽ നടത്തിയിരുന്നത്. ഈ പൊത്തിൽ ഉഗ്രവിഷമുള്ള ഒരു പാമ്പുണ്ടായിരുന്നു. പറയുന്നത് കള്ളസത്യമാണെങ്കിൽ പാമ്പ് കടിയ്ക്കുകയും കടിച്ചയാൾ ഗോപുരത്തിന് പുറത്തുപോയി കുഴഞ്ഞുവീണുമരിയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇത്രയും കേൾക്കുമ്പോൾത്തന്നെ ആളുകൾ ഭയപ്പെടുമായിരുന്നു.

പടിഞ്ഞാറേ നടയിൽ തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശ്രീകൃഷ്ണഭഗവാന്റെ ക്ഷേത്രവും ഗംഗാദേവിക്ഷേത്രവും ജടാവരി എന്ന് പേരുള്ള ചെറിയ ഒരു കുളവുമുണ്ട്. തിരുവമ്പാടി ക്ഷേത്രം എന്നാണ് ഈ ശ്രീകൃഷ്ണക്ഷേത്രം അറിയപ്പെടുന്നത്. അത്യുഗ്രമൂർത്തിയായ തൃച്ചെങ്ങന്നൂരപ്പന്റെ കോപം തണുപ്പിയ്ക്കാനാണ് ഈ പ്രതിഷ്ഠയെന്നും അതല്ല ശൈവ-വൈഷ്ണവ സൗഹൃദപ്രതീകമാണെന്നും വിശ്വസിച്ചുവരുന്നു. എന്തായാലും ചെങ്ങന്നൂരപ്പനെയും ചെങ്ങന്നൂരമ്മയെയും ദർശിയ്ക്കാനെത്തുന്നവർ ഇവിടെയും ദർശനം നടത്തുന്നത് പതിവാണ്. ഗംഗാദേവിയുടെ സാന്നിദ്ധ്യം ഒരു കുളത്തിന്റെ രൂപത്തിലാണ്. കാലിക്കോലും ഓടക്കുഴലുമേന്തിയ ശ്രീകൃഷ്ണഭഗവാനാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. അഷ്ടമിരോഹിണിയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. ചെങന്നൂർ നഗരത്തിന്റെ പല പ്രധാന ഭാഗങ്ങളും സ്ഥിതിചെയ്യുന്നതും പടിഞ്ഞാറേ നടയിൽ തന്നെയാണ്. ചെങ്ങന്നൂർ നഗരസഭ കാര്യാലയം, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിവിധ ഹോട്ടലുകൾ, കടകംബോളങ്ങൾ തുടങ്ങിയവ അവയിൽ പെടും. വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളം കാണാം. 'ശക്തികുണ്ഡതീർത്ഥം' എന്നറിയപ്പെടുന്ന അതിവിശാലമായ ഈ കുളം, അഗസ്ത്യമഹർഷിയുടെ ഹോമകുണ്ഡമായിരുന്നെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഒരിയ്ക്കൽ ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിനിടയിൽ ഒരു ഭാഗത്ത് ഹോമകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഇതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. ഈ കുളം 2017-ലാണ് പുനരുദ്ധരിച്ചത്. ഇവിടെയാണ് ആർത്തവ, ഗർഭപാത്ര, ഉദരസംബന്ധമായ രോഗദുരിതങ്ങൾ കൊണ്ട് വലയുന്നവർ മീനൂട്ട് നടത്തുന്നത്. മീനൂട്ട് വഴിപാടായി നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ചെങ്ങന്നൂർ ക്ഷേത്രം.

മതിലകം[തിരുത്തുക]

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം ആനക്കൊട്ടിലിലെത്തുന്നു. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണിത്. അഞ്ച് ആനകളെ എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഭജന, നാമജപം തുടങ്ങിയവ നടത്തുന്നതും ഇവിടെയാണ്. ആനക്കൊട്ടിലിനപ്പുറമാണ് കത്തിനശിച്ച കൂത്തമ്പലതിന്റെ തറ സ്ഥിതിചെയ്യുന്നത്. ഈ തറയിൽ ഭഗവദ്വാഹനമായ നന്ദിയുടെ ചെറിയൊരു ശിലാവിഗ്രഹമുണ്ട്. ഭക്തർ നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ഇതിനപ്പുറത്താണ് നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം നൂറടി ഉയരം വരുന്ന ഈ കൊടിമരം, ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. മഹാദേവന്റെ പ്രധാന സൈന്യാധിപനായ ഹരസേനനെയാണ് ഇവിടെ വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. അസാമാന്യ വലിപ്പമുള്ള ബലിക്കല്ലാണിവിടെ. അതിനാൽ, പുറത്തുനിന്നുനോക്കിയാൽ ശിവലിംഗം കാണാൻ കഴിയില്ല. ശീവേലിസമയത്ത് വലിയ ബലിക്കല്ലിലാണ് അവസാനം ബലിതൂകുന്നത്. ഏണിചാരിനിന്നാണ് ബലിതൂകുന്നത്. അതിമനോഹരമായ ശില്പകലാവൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമാണ് ഈ വലിയ ബലിക്കല്ല്. ഇതിൽ പലയിടത്തായി ചില ദേവതാരൂപങ്ങൾ കാണാം. ഇതിന്റെ ചുവട്ടിൽ വേറെയും ചില ബലിക്കല്ലുകൾ കാണാം. ശിവന്റെ ചെറുസൈന്യാധിപരാണ് ഇവിടെ. കിഴക്ക് ഭൗതികൻ, തെക്കുകിഴക്ക് ദുർവരീക്ഷൻ, തെക്ക് ഭീമരൂപൻ, തെക്കുപടിഞ്ഞാറ് സുലോചനൻ, പടിഞ്ഞാറ് സുമുഖൻ, വടക്കുപടിഞ്ഞാറ് മഹാബാഹു, വടക്ക് ത്രിശ്ശിരസ്സ്, വടക്കുകിഴക്ക് ത്രിഭുജൻ എന്നിവരാണ് അവർ. ക്ഷേത്രത്തിലെ പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകൾ ഈ ദേവതകളെയാണ് പ്രതിനിധീകരിയ്ക്കുന്നത്. ശീവേലിസമയത്ത് ഈ ബലിക്കല്ലുകളിൽ ബലിതൂകുന്നു. കൂടാതെ തെക്കുപടിഞ്ഞാറായി പിംഗളൻ എന്ന മറ്റൊരു സൈന്യാധിപനും ഇവിടെയുണ്ട്. അദ്ദേഹത്തെ ബലിക്കല്ലിൽ പ്രതിനിധീകരിയ്ക്കാറില്ല. എന്നാൽ, തെക്കുപടിഞ്ഞാറ് അദ്ദേഹത്തെ സങ്കല്പിച്ചും ബലിതൂകും.

ഏകദേശം പത്തേക്കർ വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ചെങ്ങന്നൂർ ക്ഷേത്രമതിലകം. നിരവധി മരങ്ങൾ ക്ഷേത്രത്തിന്റെ പല ഭാഗത്തായി തഴച്ചുവളരന്നുണ്ട്. തെക്കുപടിഞ്ഞാറേ മൂലയിൽ ഭക്തജനങ്ങൾ ചേർന്ന് നക്ഷത്രവനം ഒരുക്കിയിട്ടുണ്ട്. ഭാരതീയ ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങൾക്കും മൃഗം, പക്ഷി, വൃക്ഷം എന്നിവ പറയുന്നുണ്ട് 27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങളും ഇവിടെ തഴച്ചുവളരുന്നുണ്ട്. അവ ക്ഷേത്രത്തിന് ഒരു ആകർഷണം നൽകുന്നു. നക്ഷത്രവൃക്ഷങ്ങൾക്ക് നിത്യവും പൂജകളുണ്ട്. തെക്കുകിഴക്കുഭാഗത്ത് ക്ഷേത്രം വക ഓഡിറ്റോറിയമുണ്ട്. ഇത് തുറന്ന ഓഡിറ്റോറിയമാണ്. വിശേഷദിവസങ്ങളിലും മറ്റും ഇവിടെ പ്രഭാഷണങ്ങളും കലാപരിപാടികളും നടത്തപ്പെടുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് ചെറിയൊരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ധർമശാസ്താവ് വാഴുന്നു. ശബരിമലയിലേതുപോലെത്തന്നെയാണ് ഇവിടെയും വിഗ്രഹം. എന്നാൽ ഇവിടെ ശിലാവിഗ്രഹമാണ്. ഒന്നരയടി ഉയരം വരുന്ന ഈ ശ്രീകോവിലിന്റെ മുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ശബരിമലയിൽ നിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ചെങ്ങന്നൂരിൽ, അതുകൊണ്ടുതന്നെ മണ്ഡലകാലത്ത് ധാരാളം ഭക്തർ ദർശനത്തിനെത്താറുണ്ട്. ശബരിമല യാത്രയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നുകൂടിയാണ് ചെങ്ങന്നൂർ ക്ഷേത്രം. ശാസ്താക്ഷേത്രത്തിൽ നിന്ന് അല്പം വടക്കുമാറി മറ്റൊരു ചെറിയ ശ്രീകോവിൽ കാണാം. ഇവിടെയും ശിവപ്രതിഷ്ഠയാണ്. 'നീലഗ്രീവൻ' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. പാലാഴിമഥനത്തിനിടയിൽ പൊന്തിവന്ന കാളകൂടവിഷം പാനം ചെയ്തശേഷമുള്ള നീലകണ്ഠന്റെ ഭാവത്തിലാണ് ഈ പ്രതിഷ്ഠ. രണ്ടടി ഉയരമുള്ള ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. സാധാരണ ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും അർദ്ധപ്രദക്ഷിണമേ വിധിച്ചിട്ടുള്ളൂ. സർവദോഷങ്ങളെയും ഈ നീലകണ്ഠൻ ശമിപ്പിക്കും എന്നാണ് വിശ്വാസം.

ദേവീസാന്നിദ്ധ്യത്തോടുകൂടിയ പടിഞ്ഞാറേ നടയിലും വലിയ ആനക്കൊട്ടിൽ കാണാം. കിഴക്കേ നടയിലേതുമായി നോക്കുമ്പോൾ അല്പം വലുപ്പം കുറവാണെങ്കിലും പ്രധാനപ്പെട്ട പല ചടങ്ങുകളും ദേവിയ്ക്കുമുന്നിലാണ് നടത്താറുള്ളത്. ചോറൂൺ, വിവാഹം, തുലാഭാരം തുടങ്ങിയവ അവയിൽ പെടുന്നു. ചെങ്ങന്നൂരിൽ ദേവിയ്ക്ക് നൽകുന്ന പ്രാധാന്യം കാരണം പലരും ഇതൊരു ദേവീക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറേമൂലയിൽ ഒരു ആൽത്തറയിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി വാസുകിയും കൂടെ നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്ന പ്രതിഷ്ഠയാണിത്. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും ഇവിടെ വിശേഷമാണ്. ഇവിടെനിന്ന് അല്പം മാറിയാണ് ശിവന്റെ മറ്റൊരു ഭാവമായ സ്ഥലീശന്റെ ശ്രീകോവിൽ. സ്ഥലീശനെ തൊഴുന്ന ഭക്തർ അവിടെനിന്ന് വടക്കോട്ട് തിരിഞ്ഞുനിന്ന് തളിപ്പറമ്പ് രാജരാജേശ്വരനെ വന്ദിയ്ക്കുന്നു. തുടർന്ന് പ്രദക്ഷിണം തുടരുമ്പോൾ സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിൽ കാണാം. താരതമ്യേന അടുത്തകാലത്താണ് ഇവിടെ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത്. എങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ ക്ഷേത്രം ശ്രദ്ധേയമായിട്ടുണ്ട്. ദേവസേനാപതിയും ശിവപുത്രനുമായ സുബ്രഹ്മണ്യൻ കിഴക്കോട്ട് ദർശനമായി വാഴുന്നു. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന സുബ്രഹ്മണ്യൻ, ഇടതുകൈ ചുമലിൽ കൊത്തിവച്ചിരിയ്ക്കുന്നു. വലതുചുമലിൽ വേലുണ്ട്. സുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്ന് അല്പം മാറിയാണ് ക്ഷേത്രത്തിലെ വടക്കേ ഗോപുരം. വളരെ ചെറിയൊരു ഗോപുരമാണ് ഇത്. ഏറെക്കാലം തകർന്നുകിടന്ന ഈ ഗോപുരം 2017-ലാണ് പുനരുദ്ധരിച്ചത്. വടക്കേ ഗോപുരത്തിന്റെ കിഴക്കുഭാഗത്ത് ഊട്ടുപുര. സാമാന്യം വലുപ്പമുള്ള ഊട്ടുപുരയാണിത്. വിശേഷദിവസങ്ങളിൽ ഇവിടെ അന്നദാനം നടത്തിവരുന്നു.

ശ്രീകോവിൽ[തിരുത്തുക]

ഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടത്തേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഒരു നിലയേയുള്ളൂ. അത് ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. 150 അടിയോളം ചുറ്റളവുണ്ട് ഈ ശ്രീകോവിലിന്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ സ്വയംഭൂലിംഗവും തൊട്ടപ്പുറത്ത് പടിഞ്ഞാട്ട് ദർശനമായി ദേവീപ്രതിഷ്ഠയുമാണ്. ശിവന്റെ ഗർഭഗൃഹം മൂന്ന് മുറികൾക്കുള്ളിലാണ്. ആദ്യത്തെ മുറി ശ്രീകോവിലിൽ പ്രവേശനം അനുവദിച്ചിട്ടുള്ള മൂത്തത് പോലുള്ള പരിചാരകർക്കാണ്. മറ്റ് രണ്ടിടത്തും ശാന്തിക്കാർ മാത്രമേ കയറാവൂ. മൂന്നുമുറികൾക്കും നല്ല വലിപ്പമുണ്ട്. ശിവലിംഗത്തിന് ഏകദേശം മൂന്നടി ഉയരം കാണും. സ്വയംഭൂലിംഗമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടന്നിട്ടില്ല. ദേവീപ്രതിഷ്ഠ പഞ്ചലോഹനിർമ്മിതമാണ്. മൂന്നടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. രണ്ടുകൈകളേയുള്ളൂ. അവയിൽ വരദാഭയമുദ്രകൾ ധരിച്ചിരിയ്ക്കുന്നു. രണ്ടിടത്തും ഒരേ മേൽശാന്തി തന്നെയാണ് പൂജ നടത്തുന്നത്. ഈ ശ്രീകോവിൽ പെരുന്തച്ചൻ നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ നടന്ന അഗ്നിബാധയിൽ നശിയ്ക്കാതെ അവശേഷിച്ചത് ഈ ശ്രീകോവിൽ മാത്രമാണ്. ശ്രീകോവിലിൽ ചളിയിട്ട് നിറച്ചതുകൊണ്ടാണത്രേ ഇത്.

ശ്രീകോവിലിന്റെ പുറംചുവരുകൾ ദാരുശില്പങ്ങളാൽ അലംകൃതമാണ്. ശിവകഥകൾ, ശ്രീകൃഷ്ണലീല, ദശാവതാരം തുടങ്ങിയവ അവയിൽ പ്രധാനമാണ്. തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്. താരതമ്യേന ചെറിയവയാണ് രണ്ട് പ്രതിഷ്ഠകളും. വടക്കുവശത്ത്, വ്യാളീമുഖത്തോടെ മനോഹരമാക്കിയ ഓവ് നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ, ഓവിനപ്പുറം പ്രദക്ഷിണം പാടില്ല.

നാലമ്പലം[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് ഹോമങ്ങൾ നടക്കുന്നത്. വടക്കേ വാതിൽമാടം വാദ്യമേളങ്ങൾക്കും നാമജപത്തിനും വിശ്രമത്തിനുമായി ഉപയോഗിയ്ക്കുന്നു. വടക്കേ വാതിൽമാടത്തിൽ ചെണ്ട, മദ്ദളം, ഇടയ്ക്ക, തിമില തുടങ്ങിയ വാദ്യങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. നിവേദ്യസമയത്ത് ഇവിടെ നിന്ന് അപ്പത്തിന്റെയും പായസത്തിന്റെയും മണമടിയ്ക്കുന്നത് പതിവാണ്. വടക്കുപടിഞ്ഞാറുഭാഗത്ത് ഒരു മുറിയിൽ ശിവഭൃത്യനായ ചണ്ഡികേശ്വരന്റെ പ്രതിഷ്ഠയുണ്ട്. ഇതിനടുത്തുള്ള ഒരു മുറിയിലാണ് തൃപ്പൂത്തുകാലത്ത് ദേവീപൂജ നടക്കുന്നത്. വടക്കുകിഴക്കേമൂലയിൽ കിണർ പണിതിട്ടുണ്ട്. അഭിഷേകത്തിനും നിവേദ്യത്തിനുമുള്ള ജലം ഇവിടെനിന്നാണ് എടുക്കുന്നത്.

ശ്രീകോവലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം, കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം, പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നമസ്കാരമണ്ഡപങ്ങൾ[തിരുത്തുക]

നാലമ്പലത്തിനകത്ത് ശിവന്റെ നടയിലും ഭഗവതിയുടെ നടയിലും നമസ്കാരമണ്ഡപങ്ങൾ കാണാം. രണ്ടും ചതുരാകൃതിയിൽ പണികഴിപ്പിച്ചതും ചെമ്പുമേഞ്ഞ മേൽക്കൂരയോടുകൂടിയതുമാണ്. ഇവയിൽ കിഴക്കേ നടയിലെ നമസ്കാരമണ്ഡപമാണ് വലുത്. അസാമാന്യ വലിപ്പമുള്ള ഈ മണ്ഡപത്തിൽ ഏകദേശം ഇരുപതിലധികം തൂണുകൾ കാണാം. ഇവയിലെല്ലാം ശില്പരൂപങ്ങൾ ദൃശ്യവിസ്മയം തീർക്കുന്നു. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ കിഴക്കേയറ്റത്ത് ഭഗവദ്വാഹനമായ നന്ദിയുടെ ഒരു ശില്പമുണ്ട്. ഏകദേശം ആയിരത്തിയൊന്ന് കലശം വരെ വച്ചുപൂജിയ്ക്കാനുള്ള സൗകര്യം ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു. അത്രയും വലുതാണ് ഈ മണ്ഡപം. എന്നാൽ, പടിഞ്ഞാറേ നടയിലെ മണ്ഡപം ചെറുതും ശില്പകലാനിർമ്മിതികളില്ലാത്തതുമാകുന്നു.

പ്രധാന പ്രതിഷ്ഠ[തിരുത്തുക]

തൃച്ചെങ്ങന്നൂരപ്പൻ (പരമശിവൻ)[തിരുത്തുക]

ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. എന്നാൽ, രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും ഭഗവാന്റെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. മഹാദേവന്റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്[9]. മൂന്നടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായാണ് തൃച്ചെങ്ങന്നൂരപ്പന്റെ പ്രതിഷ്ഠ. സ്വയംഭൂലിംഗമായതിനാൽ ഇവിടെ ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ലെന്ന് മാത്രവുമല്ല, പീഠം ശിവലിംഗത്തിലേയ്ക്ക് ഇറക്കിപ്രതിഷ്ഠിയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാണ്. ധാര, ചതുഃശതം, അപ്പം, അട, ഉമാമഹേശ്വരപൂജ എന്നിവയാണ് തൃച്ചെങ്ങന്നൂരപ്പന്റെ പ്രധാന വഴിപാടുകൾ.

തൃച്ചെങ്ങന്നൂരമ്മ (ഭഗവതി)[തിരുത്തുക]

പശ്ചിമദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ഭഗവാന് പുറകിലായി ജഗദീശ്വരിയായ ആദിപരാശക്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീ പാർവതിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ശിവനെ വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്ന സ്വയംവര പാർവതിയായും, ദക്ഷപുത്രിയായ സതിയായും, ആദിപരാശക്തിയായ മഹാകാളിയായും സങ്കല്പമുണ്ട് [10]. ഭഗവതിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ഭഗവതി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയും മംഗല്യവരദായിനിയുമാണ്. [11] [12] ചെങ്ങന്നൂരമ്മയ്ക്ക് പട്ടും താലിയും ചാർത്തുന്നതും മഞ്ഞൾപ്പൊടി കൊണ്ട് അഭിഷേകം നടത്തുന്നതും മീനൂട്ട് നടത്തുന്നതും അതിവിശേഷമാണ്. എങ്കിലും തൃപ്പൂത്തുകാലത്ത് 12 ദിവസങ്ങളിൽ മാത്രം നടത്തപ്പെടുന്ന ഹരിദ്രാപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇത് മറ്റൊരു ക്ഷേത്രത്തിലും നടത്താത്ത വഴിപാടായതിനാൽ ഇതിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. നെയ്പായസം, ലളിതാസഹസ്രനാമാർച്ചന, കുങ്കുമാർച്ചന തുടങ്ങിയവയാണ് ദേവിയുടെ മറ്റ് വഴിപാടുകൾ. വിവാഹ സംബന്ധമായ പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ, ആർത്തവ പ്രശ്നങ്ങൾ തുടങ്ങിയവ കൊണ്ടു ബുദ്ധിമുട്ടുന്നവർ ഇവിടെ വഴിപാടുകൾ നടത്തി ദർശനം നടത്താറുണ്ട്.

ഉപദേവപ്രതിഷ്ഠകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉപദേവനായി സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ടാകും. ഏതൊരു കർമ്മവും തടസ്സങ്ങളില്ലാതെ തീരാൻ ഗണപതിപൂജയോടെയാണ് ഹിന്ദുക്കൾ തുടങ്ങുന്നത്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലിന്റെ തെക്കുവശത്ത് കിഴക്കോട്ട് ദർശനമായാണ് ഗണപതി കുടികൊള്ളുന്നത്. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹം സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ്. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല തുടങ്ങിയവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.

ദക്ഷിണാമൂർത്തി[തിരുത്തുക]

ഹൈന്ദവവിശ്വാസപ്രകാരം ശിവന്റെ ഗുരുവിന്റെ രൂപത്തിലുള്ള ഭാവമാണ് ദക്ഷിണാമൂർത്തി. സതീദേവിയുടെ ദേഹത്യാഗത്തിനുശേഷം കഠിനതപസ്സനുഷ്ഠിയ്ക്കുകയായിരുന്ന ഭഗവാൻ, തന്റെ മുന്നിൽ ആഗ്രഹമുണർത്തിച്ച സനകാദിമുനികൾക്കുമുന്നിൽ ചിന്മുദ്രയോടെ അവതരിച്ചുവെന്നും അതിലൂടെ അവർക്ക് ജ്ഞാനോപദേശം കൊടുത്തെന്നും കഥയുണ്ട്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ ഗണപതിയോടൊപ്പം തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തി പ്രതിഷ്ഠ. ഇവിടെ തൊഴുന്നത് വിദ്യാഭ്യാസ അഭിവൃദ്ധിക്ക് നല്ലതാണെന്ന് വിശ്വസിച്ചുവരുന്നു. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്കും നടത്തപ്പെടുന്നുണ്ട്.

ചണ്ഡികേശ്വരൻ[തിരുത്തുക]

നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ഒരു മുറിയിലാണ് ശിവഭൂതഗണങ്ങളിലൊരാളായ ചണ്ഡികേശ്വരന്റെ പ്രതിഷ്ഠ. സാധാരണയായി ശിവക്ഷേത്രങ്ങളിൽ നിർമ്മാല്യധാരിയായി വാഴാറുള്ള ചണ്ഡികേശ്വരന് ഇവിടെ പ്രത്യേകം പ്രതിഷ്ഠയുണ്ടെന്നത് ശ്രദ്ധേയമാണ്. അവ്യക്തമായ ഒരു രൂപത്തോടുകൂടിയാണ് ഇവിടെ ഭഗവദ്വിഗ്രഹം. ഏകദേശം രണ്ടടി ഉയരം വരും. ചണ്ഡികേശ്വരന് നിത്യേന വിളക്കുവയ്പുണ്ടെന്നല്ലാതെ പ്രത്യേകം പൂജകളോ വഴിപാടുകളോ ഇല്ല.

നീലഗ്രീവൻ[തിരുത്തുക]

നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശിവന്റെ മറ്റൊരു രൂപമായ നീലഗ്രീവന്റെ പ്രതിഷ്ഠ. കാളകൂടവിഷം കുടിച്ച് നീലനിറമായ കഴുത്തോടുകൂടിയവൻ എന്നാണ് നീലഗ്രീവൻ അഥവാ നീലകണ്ഠൻ എന്ന പദത്തിന്റെ അർത്ഥം. ഏകദേശം രണ്ടടി ഉയരം വരുന്ന ശിവലിംഗമാണ് ഇവിടെയുള്ളത്. ശിവപ്രതിഷ്ഠയായതിനാൽ സാധാരണ ശിവക്ഷേത്രങ്ങളിൽ നടത്താറുള്ള എല്ലാ വഴിപാടുകളും ഇവിടെയും നടത്താവുന്നതാണ്.

സ്ഥലീശൻ[തിരുത്തുക]

നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശിവന്റെ തന്നെ മറ്റൊരു രൂപമായ സ്ഥലീശന്റെ പ്രതിഷ്ഠ. രണ്ടടി ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് ഇവിടെയും പ്രതിഷ്ഠ. 'സ്ഥലി' എന്ന സംസ്കൃതപദത്തിൽ നിന്നാണ് 'തളി' എന്ന വാക്കുണ്ടായതെന്ന ഒരു വിശ്വാസമുണ്ട്. തന്മൂലം, പഴയകാലത്ത് രാജ്യം നിയന്ത്രിച്ചിരുന്ന തളികളെ കേന്ദ്രീകരിച്ചിരുന്ന ശിവൻ എന്ന അർത്ഥത്തിലാണ് തളി എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെയും നടത്താവുന്നതാണ്. സ്ഥലീശനെ തൊഴുതശേഷം ഭക്തർ വടക്കോട്ട് തിരിഞ്ഞുനിന്ന് തളിപ്പറമ്പ് രാജരാജേശ്വരനെ വന്ദിയ്ക്കുന്നു.

അയ്യപ്പൻ[തിരുത്തുക]

നീലഗ്രീവന്റെ ശ്രീകോവിലിന് തെക്കുഭാഗത്തുള്ള പ്രത്യേകം ശ്രീകോവിലിലാണ് അയ്യപ്പന്റെ പ്രതിഷ്ഠ. ഒന്നരയടി ഉയരം വരുന്ന ശാസ്താവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശബരിമലയിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുള്ള വിഗ്രഹം, പക്ഷേ ശിലാനിർമ്മിതമാണ്. നീരാജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, എള്ളുപായസം തുടങ്ങിയവയാണ് അയ്യപ്പന്നുള്ള പ്രധാന വഴിപാടുകൾ. മണ്ഡലകാലത്ത് അയ്യപ്പഭക്തർ ശബരിമലയ്ക്ക് മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെവച്ചാണ്. ശബരിമലയിൽ നിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ചെങ്ങന്നൂരിൽ, തന്മൂലം നിരവധി ആളുകൾ തീർത്ഥാടനകാലത്ത് വരാറുണ്ട്. അവരിൽ പലരും ഇവിടെ ദർശനം നടത്തിയേ മടങ്ങാറുള്ളൂ.

സുബ്രഹ്മണ്യൻ[തിരുത്തുക]

സ്ഥലീശന്റെ ശ്രീകോവിലിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ശ്രീകോവിലിലാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. 2011-ൽ മാത്രമാണ് ഇവിടെ സുബ്രഹ്മണ്യപ്രതിഷ്ഠ നടത്തിയത്. ദേവസേനാപതിയും ശിവപാർവ്വതീപുത്രനുമായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയോടെ ക്ഷേത്രം ശിവകുടുംബസ്ഥാനമായി മാറി. ഏകദേശം നാലടി ഉയരം വരുന്ന സുബ്രഹ്മണ്യവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. വലതുകൈ കൊണ്ട് അനുഗ്രഹിച്ച്, ഇടതുകൈ അരയിൽ കുത്തിനിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണിവിടെ. വലതുചുമലിൽ വേൽ കാണാം. പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം തുടങ്ങിയവയാണ് സുബ്രഹ്മണ്യന്റെ പ്രധാന വഴിപാടുകൾ.

ശ്രീകൃഷ്ണൻ[തിരുത്തുക]

ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ക്ഷേത്രത്തിലാണ് ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ. തിരുവമ്പാടി ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ, വലതുകയ്യിൽ കാലിക്കോലും ഇടതുകയ്യിൽ ഓടക്കുഴലുമേന്തിയ ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. മൂന്നടി ഉയരം വിഗ്രഹം കൃഷ്ണവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. അത്യുഗ്രമൂർത്തിയായ തൃച്ചെങ്ങന്നൂരപ്പന്റെ കോപം തണുപ്പിയ്ക്കാനാണ് ഈ പ്രതിഷ്ഠയെന്നും അതല്ല ശൈവ-വൈഷ്ണവ സൗഹൃദപ്രതീകമാണെന്നും വിശ്വസിച്ചുവരുന്നു. പാൽപ്പായസം, അപ്പം, അട, തുളസിമാല, സഹസ്രനാമാർച്ചന തുടങ്ങിയവയാണ് ശ്രീകൃഷ്ണന്റെ പ്രധാന വഴിപാടുകൾ.

ഗംഗാദേവി[തിരുത്തുക]

ശ്രീകൃഷ്ണക്ഷേത്രത്തിനടുത്താണ് ശിവശിരസ്സിലെ സജലസാന്നിദ്ധ്യമായ ഗംഗാദേവിയുടെ പ്രതിഷ്ഠ. ചെറിയൊരു കുളത്തിന്റെ രൂപത്തിലാണ് ഗംഗാദേവിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.

ഹനുമാൻ[തിരുത്തുക]

ക്ഷേത്രമതിലകത്തിന് പുറത്ത് കിഴക്കുഭാഗത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായാണ് ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. താരതമ്യേന അടുത്തകാലത്ത് നടത്തിയ ഈ പ്രതിഷ്ഠ, മഹാദേവന്റെ ഉഗ്രഭാവം കുറയ്ക്കാനാണ് നടത്തിയതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, ഭക്തഹനുമാന്റെ രൂപത്തിലാണ്. വടമാല, വെറ്റിലമാല, വെണ്ണക്കാപ്പ് ചാർത്തൽ, അവിൽ നിവേദ്യം തുടങ്ങിയവയാണ് ഹനുമാന്റെ പ്രധാന വഴിപാടുകൾ.

നാഗദൈവങ്ങൾ[തിരുത്തുക]

ക്ഷേത്രമതിലകത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് ആൽമരച്ചുവട്ടിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. പരിവാരസമേതരായ നാഗങ്ങളുടെ അതിവിശേഷപ്പെട്ട പ്രതിഷ്ഠയാണിവിടെയുള്ളത്. നാഗരാജാവായ വാസുകിയും കൂടെ നാഗയക്ഷി, നാഗകന്യക, നാഗചാമുണ്ഡി, ചിത്രകൂടം തുടങ്ങിയ സങ്കല്പങ്ങളും ഈ പരിവാരങ്ങളിൽ പെടും. കിഴക്കോട്ട് ദർശനം നൽകുന്ന നാഗദൈവങ്ങൾക്ക് നൂറും പാലും, പുറ്റും മുട്ടയും, പാൽപ്പായസം, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയാണ് പ്രധാന വഴിപാട്. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും പതിവാണ്. ഈ പ്രധാന നാഗപ്രതിഷ്ഠ കൂടാതെ വടക്കുകിഴക്കുഭാഗത്ത് മറ്റൊരു നാഗപ്രതിഷ്ഠയും കാണാം. ഇതിനാണ് പഴക്കം കൂടുതൽ. ഇവിടെയും ഇതേ സങ്കല്പമാണുള്ളത്.

നിത്യപൂജകൾ[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃച്ചെങ്ങന്നൂർ മഹാദേവക്ഷേത്രം. പുലർച്ചെ മൂന്നരയോടെ നിയമവെടി. അതിനുശേഷം ഏഴുതവണയുള്ള ശംഖുവിളിയും തവിൽ, നാദസ്വരം, ഇടുതുടി തുടങ്ങിയ വാദ്യങ്ങളും ഉപയോഗിച്ച് ഭഗവാനെയും ഭഗവതിയെയും പള്ളിയുണർത്തി നാലരയോടെ നടതുറക്കുന്നു. പതിവുപോലെ നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. ഇരുനടകളിലും അതിവിശേഷമായി നിർമ്മാല്യദർശനം നടത്താറുണ്ട്. അതിനുശേഷം അഞ്ചുമണിയോടെ അഭിഷേകച്ചടങ്ങുകളായി. ആദ്യം നല്ലെണ്ണ കൊണ്ടും, പിന്നീട് ജലം, വാകപ്പൊടി തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ടും ഇരുവിഗ്രഹങ്ങളിലും അഭിഷേകം നടത്തുന്നു. ഇവയിൽ ജലം ആദ്യം ശംഖാഭിഷേകമായും പിന്നീട് കലശാഭിഷേകമായും നടത്തുന്നു. അഭിഷേകം കഴിഞ്ഞാൽ ആദ്യനിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. മലർ നിവേദ്യം കഴിഞ്ഞാൽ നടയടച്ച് ഉഷഃപൂജ തുടങ്ങും. ആദ്യം ശിവന്നും പിന്നീട് പാർവതിക്കുമാണ് പൂജ നടത്തുക. ഈ പൂജ കഴിഞ്ഞാൽ സൂര്യോദയത്തോടെ എതിരേറ്റുപൂജയുണ്ട്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേൽക്കുന്ന പൂജ എന്നാണ് എതിരേറ്റുപൂജ അഥവാ എതൃത്തപൂജ എന്നതിന്റെ അർത്ഥം. ഈ സമയത്ത് ക്ഷേത്രത്തിലെ ഉപദേവതകൾക്ക് വിശേഷാൽ പൂജകളുണ്ടാകും. ക്ഷേത്രത്തിലെ ഗണപതിഹോമം നടത്തുന്നതും ഈ സമയത്താണ്. എതിരേറ്റുപൂജ കഴിഞ്ഞ് രാവിലെ ഏഴുമണിയോടെ ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ കാണുന്നു എന്ന സങ്കല്പത്തിലാണ് ശീവേലി നടത്തുന്നത്. ആദ്യം അകത്ത് ഒരു പ്രദക്ഷിണവും പിന്നീട് പുറത്ത് വാദ്യമേളങ്ങളോടെ മൂന്ന് പ്രദക്ഷിണവുമാണ് ശീവേലിയ്ക്കുണ്ടാകുക. അകത്തും പുറത്തുമുള്ള എല്ലാ ബലിക്കല്ലുകളിലും ബലിതൂകി അവസാനം വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ശീവേലി അവസാനിയ്ക്കുന്നു.

ശീവേലി കഴിഞ്ഞാൽ ശിവന്റെ നടയിൽ ധാര തുടങ്ങും. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം, ഒരു പാത്രത്തിലൂടെ ശിവലിംഗത്തിൽ വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ധാര കഴിഞ്ഞാൽ പന്തീരടിപൂജ തുടങ്ങും. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്തെ പൂജ എന്നാണ് പന്തീരടിപൂജയുടെ അർത്ഥം. ഏകദേശം അര മണിക്കൂർ നീണ്ടുനിൽക്കുന്ന പന്തീരടിപൂജ കഴിഞ്ഞാൽ മൃത്യുഞ്ജയഹോമം തുടങ്ങും. 'മൃത്യുഞ്ജയായ രുദ്രായ' എന്നുതുടങ്ങുന്ന മൃത്യുഞ്ജയമന്ത്രം ചൊല്ലി നടത്തുന്ന അതിവിശേഷപ്പെട്ട ഹോമമാണ് മൃത്യുഞ്ജയഹോമം. ഇതുകഴിഞ്ഞാൽ പത്തുമണിയോടെ നവകാഭിഷേകം നടക്കും. ഒമ്പത് വെള്ളിക്കുടങ്ങളിൽ ജലം നിറച്ചുവച്ച് അവകൊണ്ട് നടത്തുന്ന അഭിഷേകമാണ് നവകാഭിഷേകം. നിത്യേന ഈ ചടങ്ങ് നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം. നവകാഭിഷേകം കഴിഞ്ഞാൽ പത്തരയോടെ ഉച്ചപ്പൂജ തുടങ്ങും. അതിവിശേഷപ്പെട്ട പൂജയാണിത്. ഏകദേശം അരമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പൂജ ആദ്യം മഹാദേവന്നും പിന്നീട് ഭഗവതിയ്ക്കും നടത്തുന്നു. ഉച്ചപ്പൂജ കഴിഞ്ഞ് പതിനൊന്നുമണിയോടെ ഉച്ചശീവേലിയും നടത്തി പതിനൊന്നരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. ഈ സമയത്തും നിയമവെടിയുണ്ടാകും. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഭഗവാന്നും ദേവിയ്ക്കും കർപ്പൂരം കത്തിച്ച് ആരാധന നടത്തുന്നത് ഈ സമയത്താണ്. പൂജകൾക്കുള്ള പോലെ ഈ സമയത്തും ആദ്യം ഭഗവാന്നുതന്നെയാണ് ദീപാരാധനയുണ്ടാകുക. പിന്നീടേ ദേവിയ്ക്കുണ്ടാകൂ. ഇതേ സമയത്ത് ക്ഷേത്രത്തിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളും കൊളുത്തിവച്ചിട്ടുണ്ടാകും. അതിമനോഹരമായ ഒരു കാഴ്ചയാണിത്. ദീപാരാധന കഴിഞ്ഞാൽ ഏഴരയോടെ അത്താഴപ്പൂജയുണ്ടാകും. ഈ സമയത്തും ആദ്യം ഭഗവാന്നും പിന്നീട് ദേവിയ്ക്കുമാണ് പൂജ നടത്തുക. തുടർന്ന് ഏഴേമുക്കാലിന് അത്താഴശീവേലിയും നടത്തി രാത്രി എട്ടുമണിയ്ക്ക് ക്ഷേത്രനട വീണ്ടും അടയ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങുകൾ പൂർത്തിയാകുന്നു.

ചെങ്ങന്നൂർ ക്ഷേത്രം, ശിവപാർവ്വതിമാർക്ക് തുല്യപ്രാധാന്യം നൽകുന്ന ക്ഷേത്രമായാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ ഒരു ശിവക്ഷേത്രം തന്നെയാണ്. കൊടിയേറ്റുത്സവവും അഞ്ചുപൂജകളും ശീവേലികളുമെല്ലാം ശിവന്നാണ് നടത്തുന്നത്. ദേവിയ്ക്ക് ആകെ മൂന്നുപൂജകളും ദീപാരാധനയുമേയുള്ളൂ. അത്തരം അവസരങ്ങളിൽ പോലും ശിവന്നുതന്നെയാണ് ആദ്യ അവസരം. മാത്രവുമല്ല, ദേവിയ്ക്ക് പ്രത്യേകം മേൽശാന്തിയും ഇല്ല. എന്നാൽ ഭക്തജനവിശ്വാസമനുസരിച്ചാണ് ഭഗവതിയ്ക്ക് കൂടുതൽ സ്ഥാനം വന്നത്. പൂജയ്ക്കും ദീപാരാധനയ്ക്കും നടയടച്ച അവസരങ്ങളിലെല്ലാം അകത്ത് ഇടയ്ക്ക കൊട്ടി അഷ്ടപദി പാടലും പുറത്ത് തവിലും നാദസ്വരവും കൊണ്ടുള്ള അർച്ചനയും അവ കഴിഞ്ഞ് നടതുറക്കുന്ന അവസരങ്ങളിലെല്ലാം നിയമവെടിയുമുണ്ടാകും.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും പൂജകൾക്ക് മാറ്റം വരും. ഉത്സവക്കാലത്ത് താന്ത്രികക്രിയകളും ശിവരാത്രിയ്ക്ക് യാമപൂജകളും തൃപ്പൂത്താറാട്ടിന് ഹരിദ്രാപുഷ്പാഞ്ജലിയും പ്രധാനമായി നടത്തുന്നു. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിൽ പതിനെട്ട് പൂജകൾ പടിത്തരമായുണ്ടാകും. ഗ്രഹണം നടക്കുന്ന ദിവസങ്ങളിൽ അത് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, ഗ്രഹണം കഴിഞ്ഞ് ശുദ്ധിക്രിയകളും നടത്തിയേ തുറക്കൂ.

കേരളത്തിലെ ആദ്യത്തെ രണ്ട് തന്ത്രികുടുംബങ്ങളിലൊന്നായി അറിയപ്പെടുന്ന താഴമൺ മഠത്തിനാണ് ചെങ്ങന്നൂർ ക്ഷേത്രത്തിലെ തന്ത്രാധികാരം. ചെങ്ങന്നൂരിനടുത്തുള്ള മുണ്ടൻകാവിലാണ് ഈ കുടുംബത്തിന്റെ ആസ്ഥാനം. ശബരിമലയിലെ തന്ത്രിമാർ എന്ന നിലയിൽ ലോകപ്രസിദ്ധമായ ഈ കുടുംബത്തിലെ അംഗങ്ങൾ തന്ത്രവിധി പഠിച്ചുകഴിഞ്ഞാൽ ആദ്യപൂജ നടത്തുന്നത് ഇവിടെയാണ്. പിന്നീടേ ശബരിമലയിലടക്കം ഇവർക്ക് പൂജ നടത്താൻ അധികാരമുള്ളൂ. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം ബോർഡ് വകയാണ്.

വിശേഷദിവസങ്ങൾ[തിരുത്തുക]

തിരുവുത്സവം[തിരുത്തുക]

ധനുമാസത്തിലെ തിരുവാതിരയിൽ കൊടിയേറി മകരമാസത്തിലെ തിരുവാതിരയിൽ ആറാട്ടോടുകൂടി സമാപിക്കുന്ന 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഇവിടെ. പണ്ട് വേറെയും ചില ക്ഷേത്രങ്ങളിൽ 28 ദിവസം ഉത്സവം ഉണ്ടായിരുന്നു. ഇന്ന് ചെങ്ങന്നൂരിൽ മാത്രമാണ് 28 ദിവസം ഉത്സവമുള്ളത്. 28 ദിവസവും ഗംഭീര ആഘോഷപരിപാടികളുണ്ടാകും. പമ്പാനദിയിലാണ് ആറാട്ട്.

മഹാശിവരാത്രി[തിരുത്തുക]

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളാണ് ശിവരാത്രിയായി ആചരിച്ചുവരുന്നത്. ലോകത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷദിവസമാണ് ഇത്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ കൊല്ലം ജില്ലയിലെ ആലപ്പാട്ട് നിന്നും എത്തുന്ന അരയ സമുദായത്തിൽ പെട്ടവർ ചെങ്ങന്നൂർ ദേവിയുടെ പിതൃസ്ഥാനീയരായി മഹാദേവന് പരിശപണം നൽകുന്ന ചടങ്ങ് ഇവിടുത്തെ പ്രധാന വിശേഷമാണ്. ഇത് സംബന്ധിച്ചു കേട്ടുവരുന്ന ഐതിഹ്യം പണ്ടുകാലത്ത് ക്ഷേത്രത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് ദേവിപ്രതിഷ്ഠ ഉരുകി പോകുകയുണ്ടായി.തുടർന്ന് പല മൂശാരിമാരും പഞ്ചലോഹത്തിൽ പഴയതുപോലെയുള്ള രൂപം ഉണ്ടാക്കുവാൻ ശ്രമിച്ചെങ്കിലും മുൻപുണ്ടായിരുന്ന പോലത്തെ വിഗ്രഹം ഉണ്ടാക്കുവാൻ സാധിച്ചില്ല. തുടർന്ന് നാടുവാഴി തമ്പുരാന് സ്വപ്ന ദർശനമായി താളിയോലകൾ പരിശോദിക്കുവാൻ അരുളിപ്പാട് ഉണ്ടാകുകയും അങ്ങനെ താളിയോല പരിശോധിക്കവേ പെരുംതച്ചൻ എഴുതിയ ഓല ലഭിക്കുകയും ചെയ്തു. അതിൽ ജ്ഞാനിയായ പെരുംതച്ചൻ ഇങ്ങനെ കുറിച്ചിരുന്നു. ഒരിക്കൽ അഗ്നിബാധയാൽ ക്ഷേത്രം നശിക്കുകയും ദേവിപ്രതിഷ്ഠ ഉരുകിപോകുകയും ചെയ്യും, ആയതിനാൽ ദേവിയുടെ മറ്റൊരു പഞ്ചലോഹ വിഗ്രഹം പമ്പാനദിയിലെ പാറക്കടവിന് സമീപമുള്ള കയത്തിൽ നിക്ഷേപിക്കുന്നു എന്ന്. തുടർന്ന് നാട്ടുകാർ കയത്തിൽ മുങ്ങി നോക്കിയെങ്കിലും വിഗ്രഹം ലഭിച്ചില്ല. ആ സമയത്ത് മത്സ്യബന്ധനതിനായി എത്തിയ ആലപ്പാട്ട് അരയന്മാർ ഈ കയത്തിൽ മുങ്ങുകയും വിഗ്രഹം കണ്ടെടുക്കയും ഈ വിഗ്രഹവുമായി ക്ഷേത്രത്തിൽ എത്തുകയും ചെയ്തു. അന്നെദിവസം ശിവരാത്രി ആയതിനാലും; മഹാദേവനു തന്റെ ദേവിയെ അരയന്മാർ നൽകുകയും ചെയ്തതിനാൽ അവർ വർഷംതോറും ശിവരാത്രി നാളിൽ പിതൃസ്ഥാനീയരായി ക്ഷേതതിലെത്തി ദേവന് പരിശപണം നൽകുന്നു. "പരിശം വയ്പ്പ്" എന്നാണു ഈ ചടങ്ങ് അറിയപ്പെടുന്നത്.

തൃപ്പൂത്താറാട്ട്[തിരുത്തുക]

ചെങ്ങന്നൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവം ആണ് തൃപ്പൂത്താറാട്ട്‌ എന്നറിയപ്പെടുന്നത്‌. ഇത്‌ മറ്റൊരു ക്ഷേത്രത്തിലും കാണാനാകാത്ത ചടങ്ങാണ്‌ എന്നതാണ് ഇതിന്റെ പ്രത്യേകത. അസമിലെ കാമാഖ്യാ ക്ഷേത്രത്തിലെ പോലെ ചെങ്ങന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ്‌ ഇതിലെ പ്രത്യേകത. വർഷത്തിൽ പലതവണ ഭഗവതി തൃപ്പൂത്താകാറുണ്ട്. ഇത് മാധ്യമങ്ങൾ വഴി ഭക്തരെ അറിയിക്കാറുണ്ട്‌. പൂജാരി നിർമ്മാല്യം മാറ്റുന്ന അവസരത്തിൽ ഉടയാടയിൽ രജസ്വലയായതിന്റെ പാടുകണ്ടാൽ മൂന്നുദിവസത്തേക്ക്‌ പടിഞ്ഞാറേ നട അടയ്ക്കും. തുടർന്ന് ഭഗവതീ ചൈതന്യത്തെ ബലിബിംബത്തിലേക്ക്‌ മാറ്റിയിരുത്തുന്നു. നാലാംദിവസം രാവിലെ ദേവിയെ ചെങ്ങന്നൂർ പമ്പാനദിക്കരയിലെ മിത്രപ്പുഴക്കടവിലേക്ക്‌ ആറാട്ടിനായി എഴുന്നള്ളിക്കുന്നു. സാധാരണ ആറാട്ടുകൾക്കുള്ള അതേ ചടങ്ങുകളാണ് തൃപ്പൂത്താറാട്ടിനും നടത്തിവരുന്നത്. ആറാട്ടിനുശേഷം പമ്പാനദിയിലെ കുളിപ്പുരയിൽ ഭഗവതിയെ എഴുന്നെള്ളിച്ചിരിത്തുകയും, ആർഭാടപൂർവ്വമായി പിടിയാനപ്പുറത്ത് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നു. ഇതാണ് ‘തിരുപ്പൂത്താറാട്ട്‌’. തിരിച്ചെഴുന്നള്ളുന്ന ഭഗവതിയെ സ്വീകരിക്കാൻ ചെങ്ങന്നൂരപ്പൻ തന്നെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിൽക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പുകൾക്കു ശേഷം പടിഞ്ഞാറേ നടവഴി ശ്രീ പാർവതിയെ അകത്തേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. അതിനുശേഷം ഭഗവാനെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്ക് എഴുന്നള്ളിക്കുന്നു. തൃപ്പൂത്താറാട്ടിൽ പങ്കെടുത്ത് പ്രാർഥിച്ചാൽ ആഗ്രഹങ്ങൾ സഫലമാകും എന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം വിശ്വാസികൾ ഇവിടെ എത്തുന്നു. സുഖകരമായ ദാമ്പത്യത്തിനും, ഇഷ്ട വിവാഹം നടക്കുവാനും, സന്താനലബ്ദിക്കും, തൊഴിൽ അഭിവൃദ്ധിയ്ക്കും സാമ്പത്തിക ഉയർച്ചയ്ക്കും വിദ്യാവിജയത്തിനും ഒക്കെ ഈ ദിവസങ്ങളിൽ ഇവിടെയെത്തി പ്രാർഥിക്കുന്നു. തൃപ്പൂത്ത് ആരംഭിച്ച് 12 ദിവസം ഹരിദ്ര പുഷ്പാഞ്ജലി നടത്തുവാനും ആയിരക്കണത്തിന് ആളുകൾ ഇവിടെയെത്തുന്നു. ഭഗവതിയുടെ ഇഷ്ടവഴിപാടാണ് ഇത് എന്നാണ് വിശ്വാസം. [13] [14] [15] [16] [17]

പ്രധാന ദിവസങ്ങൾ[തിരുത്തുക]

ശിവന് പ്രാധാന്യമുള്ള എല്ലാ ആഴ്ചയിലെയും ഞായർ, തിങ്കൾ, പ്രദോഷ ശനിയാഴ്ച എന്നിവയും ഭഗവതി പ്രധാനമായ ചൊവ്വ, വെള്ളി, പൗർണമി, അമാവാസി, നവരാത്രി ദിവസങ്ങൾ, തൃക്കാർത്തിക കൂടാതെ മലയാളമാസം ഒന്നാം തീയതി തുടങ്ങിയവ ദർശനത്തിന് പ്രധാന ദിവസങ്ങൾ.

ദർശന സമയം[തിരുത്തുക]

*രാവിലെ 4.30 am മുതൽ ഉച്ചക്ക് 11 am വരെ.

*വൈകുന്നേരം 5 pm മുതൽ രാത്രി 8 pm വരെ.

ക്ഷേത്രത്തിലെത്തിചേരാൻ[തിരുത്തുക]

ചെങ്ങന്നൂർ നഗരത്തിൽ എം.സി. റോഡിൽ നിന്നും ഏകദേശം 500മീറ്റർ കിഴക്കുമാറിയാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനും കെ.സ്.ആർ.ടി.സി ബസ് സ്റ്റാഡും ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ഐതിഹ്യമാല- ചെങ്ങന്നൂർ ഭഗവതി : കൊട്ടാരത്തിൽ ശങ്കുണ്ണി
 2. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
 3. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ:കുഞ്ഞികുട്ടൻ ഇളയത്
 4. തിരുചെങ്ങുന്നൂർ ക്ഷേത്ര മാഹാത്മ്യം - കല്ലൂർ നാരായണ പിള്ള
 5. തിരുചെങ്ങുന്നൂർ ക്ഷേത്ര മാഹാത്മ്യം - കല്ലൂർ നാരായണ പിള്ള
 6. ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി
 7. തിരുചെങ്ങുന്നൂർ ക്ഷേത്ര മാഹാത്മ്യം - കല്ലൂർ നാരായണ പിള്ള
 8. അത് നിന്നിരുന്ന സ്ഥലം ഇന്നും ശൂന്യമാണ്. ക്ഷേത്ര വബ് സൈറ്റ് Archived 2010-12-06 at the Wayback Machine.
 9. ഐതിഹ്യമാല: കൊട്ടാരത്തിൽ ശങ്കുണ്ണി
 10. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം - പി. ഭാസ്കരനുണ്ണി
 11. ഐതിഹ്യമാല-കൊട്ടാരത്തിൽ ശങ്കുണ്ണി
 12. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം - പി. ഭാസ്കരനുണ്ണി
 13. http://www.janmabhumidaily.com/jnb/News/50754 Archived 2012-11-24 at the Wayback Machine. ജന്മഭൂമി
 14. http://www.maxnewsonline.com/2012/07/03/91444/[പ്രവർത്തിക്കാത്ത കണ്ണി]
 15. http://www.mathrubhumi.com/alappuzha/news/2424797-local_news-chengannoor-%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html[പ്രവർത്തിക്കാത്ത കണ്ണി] മാതൃഭൂമി
 16. http://www.mangalam.com/alappuzha/53538 മംഗളം
 17. ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി, ISBN : 978-81-8265-407-7, Publisher : Mathrubhumi
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/ചെങ്ങന്നൂർ ഭഗവതി എന്ന താളിലുണ്ട്.