ഉള്ളടക്കത്തിലേക്ക് പോവുക

തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരുമാന്ധാംകുന്ന് ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
തിരുമാന്ധാംകുന്ന് ശ്രീ ഭഗവതീ ക്ഷേത്രം
തിരുമാന്ധാംകുന്ന് ശ്രീ ഭഗവതീ ക്ഷേത്രം
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം is located in Kerala
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°55′5″N 76°1′5″E / 10.91806°N 76.01806°E / 10.91806; 76.01806
പേരുകൾ
ശരിയായ പേര്:തിരുമാന്ധാംകുന്ന് ശ്രീ ഭഗവതി ക്ഷേത്രം
സ്ഥാനം
സ്ഥാനം:അങ്ങാടിപ്പുറം, മലപ്പുറം ജില്ല, കേരളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി (ആദിപരാശക്തി, ഭഗവതി), പരമശിവൻ, ഗണപതി
വാസ്തുശൈലി:തെക്കേ ഇന്ത്യൻ, കേരളീയ രീതി
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ചേരസാമ്രാജ്യം
സൃഷ്ടാവ്:വള്ളുവക്കോനാതിരി

കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു പുരാതന ക്ഷേത്രവും, പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രവുമാണ് തിരുമാന്ധാംകുന്ന് ശ്രീ ഭഗവതിക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും സാക്ഷാൽ ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യപ്രതിഷ്ഠ. തുല്യപ്രാധാന്യത്തോടെ പരമേശ്വരനും ഇവിടെയുണ്ട്. ഇവിടെ ശിവന്റേതായി ഒരു ശ്രീമൂലസ്ഥാനവും പ്രത്യേക നടയുമുണ്ട്. എന്നാൽ തിരുമാന്ധാംകുന്നിലമ്മ എന്നറിയപ്പെടുന്ന ഭഗവതിയ്ക്കാണ് ഇവിടെ കൂടുതൽ പ്രസിദ്ധി. ഭഗവതിയുടെ ശ്രീകോവിലിൽ തന്നെ സപ്തമാതാക്കളുടെ (ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നിവരുടെ) പ്രതിഷ്ഠയുമുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, വീരഭദ്രൻ, ക്ഷേത്രപാലൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇവരിൽ ഗണപതി ഇവിടെ പ്രത്യേക പ്രാധാന്യമുള്ള ഉപദേവനാണ്. പ്രസിദ്ധമായ മംഗല്യപൂജ നടക്കുന്നത് ഗണപതിയുടെ സന്നിധിയിലാണ്.

ക്ഷേത്രം പുതുക്കിപണിതതും പാലിച്ചു പോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ക്ഷേത്രമാണിത്. [1]. കേരളത്തിലെ അതി പ്രധാനമായ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണിത്. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പരുമല പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടു പോരുന്നു.[2] മൂന്നിടത്തും ദാരുവിഗ്രഹങ്ങളാണ്. മൂന്നിടത്തും ഭഗവതിയുടെ ദർശനം വടക്കോട്ടാണ്. മാത്രവുമല്ല, ശിവസാന്നിദ്ധ്യവും മൂന്നിടത്തുമുണ്ട്. മൂന്നും നൂറ്റെട്ട് ശിവാലയങ്ങളിൽ ഉൾപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇവിടുത്തെ ഭഗവതി ശിവപുത്രി എന്ന സങ്കല്പത്തിൽ നിന്ന് വ്യത്യസ്തമായി പാർവ്വതീദേവിയിൽ നിന്ന് അവതരിച്ച മഹാകാളിയുടെ ഭാവമാണെന്ന് ഐതിഹ്യം പറയുന്നു.

മീനമാസത്തിലെ പൂരം നാളിൽ നടക്കുന്ന പൂരമഹോത്സവവും, അതിനോട് അനുബന്ധിച്ചുള്ള പതിനൊന്നുദിവസത്തെ കൊടിയേറ്റുത്സവവുമാണ് ഇവിടുത്തെ പ്രധാന ആണ്ടുവിശേഷങ്ങൾ. പൂരത്തിന് മുമ്പും ശേഷവുമായി അഞ്ച് ദിവസം വീതമാണ് ഉത്സവം. ഭദ്രകാളിയ്ക്കും ശിവനും ഒരേ സമയത്താണ് ഉത്സവം എന്നൊരു പ്രത്യേകതയുണ്ട്. പൂരമഹോത്സവം കൂടാതെ നവരാത്രി, ശിവരാത്രി, ഇല്ലം നിറ, തൃക്കാർത്തിക എന്നിവയും അതിവിശേഷമാണ്.

ഐതിഹ്യം

[തിരുത്തുക]

സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മഹർഷിയായി ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യസൗന്ദര്യവും ശാന്തതയും കണ്ട് നീണ്ടകാലം ഇവിടെ ശിവനെ തപസ്സ് ചെയ്തു.

മുന്നിൽ പ്രത്യക്ഷപ്പെട്ട ശ്രീപരമേശ്വരനോട് ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗമാണ് അദ്ദേഹം വരമായി ചോദിച്ചത്. അപ്രകാരമുള്ള ശിവലിംഗം ശ്രീ പാർവ്വതിയുടെ കയ്യിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതി അറിയാതെ ആ ജ്യോതിർലിംഗം ശിവൻ മാന്ധാതാവിന് സമ്മാനിച്ചു. ശിവലിംഗവും ശിരസ്സിലേറ്റി കൈലാസത്തിൽ നിന്നും അദ്ദേഹം യാത്ര തിരിച്ചു.

തിരുമാന്ധാംകുന്ന് ക്ഷേത്രം - വടക്കേ നട

ശിവനെ ഭർത്താവായി ലഭിക്കാൻ പാർവതി ആരാധിച്ചിരുന്ന ശിവലിംഗമായിരുന്നു അത്. തന്റെ കൈവശമുണ്ടായിരുന്ന ശിവലിംഗം നഷ്ടപ്പെട്ടതായി അറിഞ്ഞ ശ്രീ പാർവ്വതിയുടെ കോപത്തിൽ നിന്നും ഭദ്രകാളി പ്രത്യക്ഷപ്പെട്ടു. നഷ്ടപ്പെട്ട ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ പാർവതിയുടെ ആജ്ഞപ്രകാരം ശ്രീ ഭദ്രകാളിയും ശിവഗണങ്ങളും പുറപ്പെട്ടു.

മനോഹരമായ ഈ വനപ്രദേശത്ത് എത്തിയപ്പോൾ കൂടുതൽ ഭാരം തോന്നിയതിനാൽ മാന്ധാതാവ് ശിവലിംഗം താഴെ വയ്ക്കുകയും അത് ഇവിടെ ഉറച്ച് പോവുകയും ചെയ്തു. മാന്ധാതാവും ശിഷ്യന്മാരും ശിവലിംഗത്തെ ആരാധിച്ച് ഇവിടെ കഴിഞ്ഞുകൂടി.

ആ സമയത്താണ് ശ്രീഭദ്രകാളി തൻ്റെ പരിവാരങ്ങളുമായി ഇവിടെ എത്തുന്നത്. ശിവലിംഗത്തിൻ്റെ അപാരമായ ശക്തിമൂലം കുന്നിൻമുകളിലേക്ക് കയറാൻ കഴിയാതെ വന്നപ്പോൾ ദേവിയുടെ സൈന്യം തങ്ങളുടെ ആയുധങ്ങൾ മുകളിലേക്ക് എറിയാൻ തുടങ്ങി.

മാന്ധാതാവിൻ്റെ ശിഷ്യന്മാർ കാട്ടുപഴങ്ങൾ (ആട്ടങ്ങകൾ) പറിച്ച് തിരിച്ചെറിയാനും തുടങ്ങി. ഈ യുദ്ധം പതിനഞ്ച് ദിവസം നീണ്ടുനിന്നു. ഭഗവാൻ്റെ അനുഗ്രഹത്താൽ ഓരോ ആട്ടങ്ങയും ഓരോ ശിവലിംഗങ്ങളായാണ് ഗണങ്ങളുടെ മുകളിൽ വീണത്. ഒടുവിൽ ശിവഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു.

ഇതുകണ്ട് ഉഗ്രരൂപം പൂണ്ട ഭദ്രകാളി നേരിട്ട് വന്ന് ബലമായി ശിവലിംഗം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചു. മഹർഷി ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ ബലപ്രയോഗത്തിൽ ജ്യോതിർലിംഗം രണ്ടായി പിളർന്നു.[3].

മഹർഷിയുടെ ഭക്തിയിൽ സം‌പ്രീതരായി മഹാവിഷ്ണുവും ബ്രഹ്മാവും ശ്രീപാർവ്വതിയും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു.

"ഈ ശിവലിംഗം എനിക്ക് ഏറെ പ്രീയപ്പെട്ടതാണ്. ഇതിനെ പിരിയാൻ എനിയ്ക്കാവില്ല". ഇത്രയും പറഞ്ഞ് പാർവ്വതിദേവി ശിവലിംഗത്തിൽ ലയിച്ച് അപ്രത്യക്ഷയായി. ഈ ശിവലിംഗം ഇരിക്കുന്ന സ്ഥലമാണ് ഇന്ന് ശ്രീമൂലസ്ഥാനം എന്ന് അറിയപ്പെടുന്നത്. ശ്രീമൂലസ്ഥാനത്ത്‌ ശിവലിംഗം ഇന്നും പിളർന്ന രീതിയിൽ തന്നെ കാണപ്പെടുന്നു.

ശ്രീപാർവ്വതിയുടെ ആഗ്രഹപ്രകാരം സപ്തമാതാക്കൾ, വീരഭദ്രൻ, ഗണപതി എന്നിവരോട് കൂടി ഭദ്രകാളിയെ വടക്കോട്ട് അഭിമുഖമായി പ്രതിഷ്ഠിച്ചു. ശ്രീലകത്ത് പരാശക്തിയായ തിരുമാന്ധാംകുന്നിലമ്മ സർവ്വാഭീഷ്ടപ്രദായിനിയായി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു.

ശ്രീമൂലസ്ഥാനത്ത് ശിവപാർവതിമാരോടൊപ്പം ഉണ്ണി ഗണപതിയുടെ സാന്നിധ്യവുമുണ്ട്. ഈ ഗണപതിസന്നിധിയിലാണ് ക്ഷേത്രത്തിലെ പ്രസിദ്ധമായ മംഗല്യപൂജ നടക്കുന്നത്.

മാന്ധാതാവിൻ്റെ ശിഷ്യർ ശിവഗണങ്ങളെ തോൽപ്പിച്ചതിന്റെ ഓർമ്മയ്ക്കായി തുലാം മാസം ഒന്നാം തിയ്യതി ഈ ക്ഷേത്രത്തിൽ ആട്ടങ്ങയേറ് എന്ന ചടങ്ങ് നടക്കാറുണ്ട്. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ഇരുഭാഗങ്ങളായി മാറിനിന്ന് ഭക്തർ ആട്ടങ്ങകൾ വലിച്ചെറിയുന്ന ചടങ്ങാണിത്.

ചരിത്രം

[തിരുത്തുക]

ഇവിടത്തെ പ്രധാന വാർഷികാഘോഷം പൂരമാണ്. മാമാങ്കത്തിൽ ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർക്കാനിറങ്ങി ചരിത്രമായി മാറിയ ദേശാഭിമാനികളായ ചാവേറുകളുടെ വീരസ്മരണകൾ തിരുമാന്ധാംകുന്ന് പൂരത്തെ കേരളചരിത്രത്തിന്റെ ഭാഗമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ പുരാതനകാലം മുതൽ തന്നെ ആരാധിച്ചും ആഘോഷിച്ചും പോന്നിരുന്നു. അതിനിടെ പണ്ട് പെരുമാക്കന്മാർ ആഘോഷിച്ചുപോന്ന മാമാങ്കത്തിന് പിൽക്കാലവകാശികളായിത്തീരാനും അതിൽ രക്ഷാപുരുഷനായി നിൽക്കാനും വിധിവശാൽ വെള്ളാട്ടിരിക്ക് അവസരം കിട്ടി. പക്ഷേ സാമൂതിരിയുടെ വരവോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആളും വേണ്ടത്ര അർത്ഥവുമായി നാടും നഗരവും പിടിച്ചടക്കിക്കൊണ്ടുള്ള സാമൂതിരിയുടെ പടയോട്ടത്തിനു മുൻപിൽ വെള്ളാട്ടിരിക്ക് തോൽവി അനിവാര്യമായിരുന്നു. തുടർന്ന് വെള്ളാട്ടിരിയിൽനിന്നു മാമാങ്ക മഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമൂതിരിയുടെ കൈകളിലേക്ക് മാറി.

എങ്കിലും സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയ്യാറായില്ല. മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ട് സാമൂതിരിയുടെ അധികാരത്തിന് വെള്ളാട്ടിരി നിരന്തരം വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്.

അതേസമയം മാമാങ്കാവകാശം നഷ്ടപ്പെട്ടതോടെ അതിനു ബദലായി മാമാങ്കത്തിനോട് കിടപിടിക്കത്തക്ക മറ്റൊരു ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കം പോലെ 12 വർഷത്തിലൊരിക്കലായിരുന്നു തുടക്കത്തിൽ തിരുമാന്ധാംകുന്ന് പൂരവും ആഘോഷിച്ചിരുന്നത്. കൊല്ലവർഷം 1058-ൽ തീപ്പെട്ട മങ്കട കോവിലകത്തുനിന്നുള്ള വള്ളുവക്കോനാതിരിയുടെ കാലത്താണ് പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങിയത്.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]
തിരുമാന്ധാംകുന്ന് ക്ഷേത്രം - കിഴക്കേ ബലിക്കൽ പുര

തിരുമാന്ധാംകുന്ന് ക്ഷേത്രം പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു നാലുവശവും കവാടങ്ങളുണ്ട്. വടക്കേ നടയിൽ ഇറക്കത്തിൽ കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി കടന്നുപോകുന്നുണ്ട്. ഇവിടെയാണ് ഉത്സവക്കാലത്ത് ഭഗവതിയുടെ ആറാട്ട് നടക്കുന്നത്. പുഴയ്ക്കപ്പുറം ഒരു പാലമുണ്ട്. ഇതുവഴി ഒരു കിലോമീറ്റർ നടന്നാൽ ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെത്താം. ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരി പ്രതിഷ്ഠിച്ച ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, അദ്ദേഹത്തിന് ദർശനം നൽകിയ ശ്രീകൃഷ്ണനാണ്. ഉപദേവതകളായി ഗണപതിയും ശാസ്താവും ഇവിടെയുണ്ട്. തിരുമാന്ധാംകുന്നിൽ ദർശനത്തിനെത്തുന്നവർ ഇവിടെയും വരാറുണ്ട്. നാലമ്പലത്തിൽ മാതൃശാലയിൽ വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയും അതിനു മുൻപിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും. തെക്കുവശത്ത് കിഴക്കോട്ട് ദർശനമായി പിളർന്ന രീതിയിൽ ഒരു ശിവലിംഗം കാണാം. ഈ സ്ഥലം ശ്രീമൂലസ്ഥാനമെന്ന് അറിയപ്പെടുന്നു. മാന്ധാതാവും ഭദ്രകാളിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പിളർന്നു പോയതാണ് ഈ ശിവലിംഗം എന്നു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്. ഭഗവാനും, ഭഗവതിക്കുമാണ് ഇവിടെ കൊടിമരങ്ങൾ പണിതീർത്തിരിക്കുന്നത്. ആൽത്തറയിൽ ഗണപതിയും നാഗങ്ങളും ഉപപ്രതിഷ്ഠകളാണ്.

പ്രതിഷ്ഠകൾ

[തിരുത്തുക]

തിരുമാന്ധാംകുന്നിലമ്മ

[തിരുത്തുക]

കേരളത്തിലെ ഏറ്റവും വലിയ ഭഗവതി പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. വടക്കേ കൊടിമരത്തിനടുത്തു നിന്നും ബലിക്കൽപുരയിലൂടെ കയറി നാലമ്പലത്തിൽ ചെല്ലാം. മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠ. ആദിപരാശക്തിയായ ഭദ്രകാളി സപ്തമാതാക്കൾക്കൊപ്പം വിരാജിക്കുന്നു.

ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് മാതൃശാലയിൽ. വടക്കോട്ട്‌ ദർശനം. ഇടതുകാൽ മടക്കി വെച്ച് വലതുകാൽ താഴോട്ടു തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. ഭഗവതിയുടെ എട്ട് കൈകളിൽ ത്രിശൂലം, സർപ്പം , ഖട്വാംഗം, ഓട്ടുമണി, കൈവട്ടക , വാൾ, പരിച തുടങ്ങിയ ആയുധങ്ങളും ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്നു. രൂപഭാവങ്ങൾ കൊണ്ട് ഭദ്രകാളിയാണെങ്കിലും ദുർഗ്ഗ, മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങിയ ഭാവങ്ങളിലും തിരുമാന്ധാംകുന്നിലമ്മ ആരാധിക്കപ്പെടുന്നു.[4]. കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠയേക്കാൾ അല്പം കൂടി ഉയരം ഇതിനുണ്ട്.[5] കൊടുങ്ങല്ലൂരിലെപോലെ രുരുജിത് എന്ന സമ്പ്രദായത്തിലുള്ള ഭഗവതിയാണ് ഇവിടെയുമുള്ളത്. ഇത് കശ്മീരിൽ ഉദ്ഭവിച്ചതും പിൽക്കാലത്ത് കേരളത്തിൽ കൊണ്ടുവരപ്പെട്ടതുമായ രീതിയാണ്. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദർശനമായി ക്ഷേത്ര നാഥനായ ശിവനും, വടക്കോട്ട് ദർശനമായി സപ്ത മാതൃക്കളോടുകൂടി ഭദ്രകാളിയും, രുദ്രാംശമായ ക്ഷേത്രപാലനും അടങ്ങുന്നതാണ് ഈ സങ്കല്പം. ബഹുബേരസമ്പ്രദായത്തിൽ (ഒന്നിലധികം വിഗ്രഹങ്ങൾ ഒരുമിച്ച് പൂജിയ്ക്കുന്ന സമ്പ്രദായം) പൂജകൾ നടക്കുന്ന ക്ഷേത്രമാണിത്. മൂലവിഗ്രഹത്തോടൊപ്പം രണ്ട് ശ്രീചക്രങ്ങൾ കൂടി പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട് . പരാശക്തിയായ മഹാത്രിപുരസുന്ദരിയെയാണ് ഈ ശ്രീചക്രങ്ങളിൽ ആരാധിയ്ക്കുന്നത്.

ദാരുവിഗ്രഹമായതിനാൽ അഭിഷേകമില്ല. എല്ലാ വർഷവും കർക്കിടക മാസത്തിൽ നടക്കുന്ന ചാന്താട്ടം മാത്രമേ ഇവിടെ പതിവുള്ളു , അഭിഷേകത്തിനായി പ്രത്യേകം വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. കളമെഴുത്തും പാട്ടും, ഉദയാസ്തമനപൂജ, ത്രികാലപൂജ, ചെത്തിമാല ചാർത്തൽ, മുട്ടറുക്കൽ, പൂമൂടൽ, വെടിവഴിപാട് തുടങ്ങിയവയാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രധാന വഴിപാടുകൾ.

സപ്തമാതാക്കൾ

[തിരുത്തുക]

ഭഗവതിയുടെ ശ്രീകോവിലിൻ്റെ ഉള്ളിൽ തന്നെ ആണ് സപ്തമാതാക്കളുടെ പ്രതിഷ്ഠ. ആദിപരാശക്തിയുടെ ഏഴു ഭാവങ്ങൾ ആണ് സപ്തമാതാക്കൾ എന്നറിയപ്പെടുന്നത്. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി പഞ്ചമി (പഞ്ചുരുളി), കൌമാരി, ചാമുണ്ഡി (കാളി) എന്നീ ഏഴു മാതാക്കളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

1. ബ്രാഹ്മി- ബ്രഹ്മാവിന്റെ ശക്തി. ബ്രഹ്മാണി എന്നും അറിയപ്പെടുന്നു. ബ്രഹ്മാവിനെപോലെ കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്‌. സരസ്വതി സ്വരൂപം‌. വിശ്വാസികൾ ജ്‌ഞാനത്തിനായി ആരാധിക്കുന്നു.

2. വൈഷ്ണവി- മഹാവിഷ്ണുവിന്റെ ശക്തിയാണ് വൈഷ്ണവി. ‌മഹാലക്ഷ്മി സ്വരൂപം. ശംഖ്ചക്രഗദാഖഡ്ഗങ്ങൾ കയ്യിലേന്തിയ ഇവളെ വിഷജന്തുക്കളിൽ നിന്നുള്ള ‌മോചനത്തിനും, ഐശ്വര്യത്തിനും ആയി ആരാധിക്കുന്നു. ജമ്മുകശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി.

3. മഹേശ്വരി- മഹാദേവന്റെ ശക്തി. മഹാഗൗരി സ്വരൂപം, ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്. പാമ്പുകളാണ് ആഭരണങ്ങൾ, ശിരസ്സിൽ ചന്ദ്രക്കല , കൈയിൽ തൃശൂലം. മഹേശ്വരിയെ ആരാധിച്ചാൽ സർവ്വമംഗളമാണ് ഫലം.

4. ഇന്ദ്രാണി- ഇന്ദ്രസ്വരൂപിണിയായ ശചിദേവി. വജ്രമാണ്‌ ആയുധം. അഭയമുദ്രകാട്ടി ആശീർവദിക്കുന്നു. ദാമ്പത്യ പ്രശ്‌നങ്ങൾക്കും, വൈവാഹിക പ്രശ്നങ്ങൾക്കും, ഇഷ്ട പങ്കാളിയെ ലഭിക്കാനും ആരാധിക്കുന്നു.

5. വാരാഹി പഞ്ചമി- വരാഹരൂപം ധരിച്ച പരാശക്തിയാണ് വാരാഹി. വരാഹ ഭഗവാന്റെ ശക്തി. ലളിത പരമേശ്വരിയുടെ സൈന്യാധിപ. ഉഗ്രമൂർത്തി. ക്ഷിപ്രപ്രസാദി‌. അഷ്ടലക്ഷ്മി സ്വരൂപിണി. താന്ത്രിക ലക്ഷ്മി. ദാരിദ്ര്യനാശിനി. ഇഷ്ടവര പ്രാദായിനി. പഞ്ചുരുളി, പന്നിമുഖി, ദണ്ഡിനി, വാർത്താളി എന്നി പല പേരുകളിൽ അറിയപ്പെടുന്നു. സമ്പത്ത്, ഐശ്വര്യം, ഭാഗ്യം, ആഗ്രഹസാഫല്യം, ശത്രുനാശം എന്നിവയാണ് ആരാധനാ ഫലം. പഞ്ചമി തിഥി പ്രധാന ദിവസം.

6. കൗമാരി- ഭഗവാൻ മുരുകൻ അഥവാ കുമാരന്റെ ശക്തിയാണ് കൗമാരി അഥവാ കുമാരി മയിൽപ്പുറത്തേറിയ കൗമാരിക്ക് വേലാണ്‌ ആയുധം. ദേവിയെ ആരാധിച്ചാൽ രക്ത സംബന്ധമായ എല്ലാ രോഗങ്ങൾക്കും ശാന്തി ലഭിക്കും എന്ന് വിശ്വാസം.

7. ചാമുണ്ഡി- ഭദ്രകാളി തന്നെയാണ് ചാമുണ്ഡ അഥവാ ചാമുണ്ഡേശ്വരി. കാരുണ്യമൂർത്തി. ചണ്ഡ-മുണ്ഡ രക്തബീജ വധത്തിനായി ചണ്ഡികയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച ഭഗവതി. ത്രിലോചനയായ ഈ കാളി അഷ്ടബാഹുവാണ്. പള്ളിവാളും തൃശൂലവുമാണ് പ്രധാന ആയുധം. ഉഗ്രമൂർത്തിയായ ചാമുണ്ഡി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് എന്ന് പുരാണങ്ങളിൽ കാണാം. ആരാധിച്ചാൽ ഭയമുക്തിയും ഐശ്വര്യവും മോക്ഷവും ഫലം എന്ന് വിശ്വാസം.

മഹാദേവൻ

[തിരുത്തുക]

മാതൃശാലയ്ക്ക് മുൻപിൽ കിഴക്കോട്ടു ദർശനമായി ശിവന്റെ ശ്രീകോവിലുണ്ട്. ശ്രീമൂലസ്ഥാനത്തിനു പുറമേയാണ് ഈ പ്രതിഷ്ഠ. സാമാന്യം വലുപ്പമുള്ള ശിവലിംഗമാണ് ഇവിടെയുള്ളത്. രുരുജിത് സമ്പ്രദായത്തിലുള്ള ക്ഷേത്രമായതിനാൽ ഭൈരവ ഭാവത്തിലാണ് ശിവൻ ഇവിടെ കുടികൊള്ളുന്നത്. ശംഖാഭിഷേകം, ധാര, പിൻവിളക്ക്, കൂവളമാല, അപ്പം, അട, ശർക്കരപ്പായസം എന്നിവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ.

ഇവിടുത്തെ ഗണപതി പ്രതിഷ്ഠ പ്രസിദ്ധമാണ്. ശ്രീമൂലസ്ഥാനത്ത് കുടികൊള്ളുന്ന ഈ ഗണപതി സന്നിധിയിലാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മംഗല്യ പൂജ നടക്കുക. ഗണപതി ഹോമം ആണ് മറ്റൊരു പ്രധാന വഴിപാട്.

നിത്യപൂജകൾ

[തിരുത്തുക]

മാതൃശാലയിൽ ഭഗവതിക്ക് ദിവസവും അഞ്ചുനേരത്തെ പൂജകളാണ് ഉള്ളത്.

രാവിലെ ആറിനു ഉഷപൂജ
ഒന്പതരക്ക് പന്തീരടിപൂജ
പതിനൊന്നരക്കു ഉച്ചപൂജ
വൈകുന്നേരം നാലരക്ക് തിരിഞ്ഞുപന്തീരടി പൂജ (തിരുമാന്ധാംകുന്നിൽ മാത്രം നടന്നുവരുന്ന ഒരു പൂജ)
രാത്രി എട്ടുമണിക്ക് അത്താഴപൂജ

ശ്രീമൂലസ്ഥാനത്തു രാവിലെ ഏഴുമണിക്ക് ഉഷപൂജയും പത്തരക്ക് ഉച്ചപൂജയും രാത്രി ഏഴരക്ക് അത്താഴപൂജയും നടത്തുന്നു. സപ്ത മാതാക്കൾക്കും പ്രത്യേകം പൂജയുണ്ട്.

മംഗല്യപൂജ

[തിരുത്തുക]

ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൂജയാണ് മംഗല്യ പൂജ. വിവാഹം വൈകുന്നവരാണ് ഈ പൂജ നടത്താറുള്ളത്. ശ്രീമൂലസ്ഥാനത്ത് കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതിയും ഉണ്ണിഗണപതിയുമുണ്ട്. ഈ ഉണ്ണിഗണപതി ക്ഷിപ്രപ്രസാദിയും മംഗളദായകനുമാണ് എന്നാണ് വിശ്വാസം. ഇഷ്ട വിവാഹത്തിനും ഉത്തമ ദാമ്പത്യത്തിനും വേണ്ടി ഗണപതിക്ക്‌ നടത്തുന്ന വഴിപാടാണ് മംഗല്യപൂജ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. മംഗല്യപൂജ നടത്താൻ ഉദ്ദേശിക്കുന്നവർ രാവിലെ 9 മണിക്ക് മുൻപേ ഇവിടെ എത്തേണ്ടതുണ്ട്. സ്ത്രീപുരുഷ ഭേദമന്യേ, ജാതിമത ഭേദമന്യേ ആർക്കും ഈ പൂജ നടത്താവുന്നതാണ്. ഇത്തരത്തിൽ 3 പൂജയാണ് നടത്തേണ്ടത് എന്നാണ് വിശ്വാസം. തുലാമാസത്തിലെ മുപ്പട്ടു വെള്ളിയാഴ്ചത്തെ (ആദ്യത്തെ വെള്ളിയാഴ്ച) മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്. സാധാരണ ഗണപതിയുടെ വലതു വശത്തുള്ള ചെറീയ ഒരു കിളിവാതിലിലൂടെ ആണ് തൊഴുക. എന്നാൽ മംഗല്യപൂജയുടെ സമയത്ത് മാത്രം ഗണപതിയുടെ നേരെയുള്ള വാതിൽ തുറന്നു ഭക്തർക്ക്‌ ദർശനം നൽകും. അങ്ങാടിപ്പുറം ചെറുകുന്നത്ത് മനയിലെ നമ്പൂതിരിമാർക്ക് ആണ് ശ്രീമൂലസ്ഥാനത്തു പാരമ്പര്യം ആയി മേൽശാന്തി സ്ഥാനം വള്ളുവക്കോനാതിരി നൽകിയിട്ടുള്ളത്. മാതൃശാലയിൽ പന്തലകോടത്തു മനക്കാരും മേൽശാന്തി സ്ഥാനം അലങ്കരിക്കുന്നു.

ഉത്സവങ്ങൾ

[തിരുത്തുക]

തിരുമാംന്ധാകുന്ന് ക്ഷേത്രത്തിലെ എല്ലാ ഉത്സവങ്ങളും ഭഗവതിക്കും ശിവനും മാത്രമാണ്. ശ്രീമൂലസ്ഥാനത്ത് മൂന്നു നേരത്തെ പൂജ മാത്രമേയുള്ളൂ. ശിവനെ ഭർത്താവായി ലഭിക്കാൻ പണ്ട് ശ്രീപാർവതി പൂജിച്ചിരുന്ന ശിവലിംഗമായതിനാൽ ദേവപൂജ്യത്വവും പിന്നീട്, മാന്ധാതാവ് മഹർഷി പൂജിച്ച കാരണത്താൽ ഋഷിപൂജ്യത്വവും ഇപ്പോൾ മനുഷ്യർ പൂജ ചെയ്യുന്നതിനാൽ മനുഷ്യ പൂജ്യത്വവുമാണ് ശ്രീമൂലസ്ഥാനത്തിന്. ശ്രീമൂലസ്ഥാനതിന്റെ ചൈതന്യം വർധിപ്പിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്നാണ് വിശ്വാസം[4].

തിരുമാംന്ധാംകുന്ന് പൂരാഘോഷം

[തിരുത്തുക]
തിരുമാംന്ധാകുന്ന് പൂരം - എട്ടാം ദിവസത്തെ ആറാട്ടിനു ശേഷം

അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷമാണ് ഇത്. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ഉത്സവവും പൂരവും തന്നെയാണിത്. വള്ളുവനാടിന്റെ ദേശീയോത്സവമാണ്‌ തിരുമാന്ധാംകുന്നിലെ പൂരം. ആഘോഷങ്ങൾക്കുപരി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടും താന്ത്രിക ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുമാണ് തിരുമാംന്ധാംകുന്നിലെ പൂരാഘോഷങ്ങൾ നടക്കുക. ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടക്കുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങൾ തുടങ്ങുന്നത്. അതായതു മാർച്ച്‌/ഏപ്രിൽ മാസങ്ങളിൽ ആവും പൂരം നടക്കുക. ആദ്യത്തെ ആറാട്ടെഴുന്നള്ളിപ്പ് പൂരം പുറപ്പാട് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയിൽ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവചടങ്ങുകൾ ആരംഭിക്കുക. ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തിൽ ഒരു ആറാട്ടുമാണ് ഉള്ളത്.

തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസം ഭഗവാനും ഭഗവതിക്കും ഒരേ സമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകൾ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുക. ഭഗവതിയുടെ 21 ആറാട്ടുകളിൽ 15-ാമത്തെയും ശിവന്റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്. ക്ഷേത്രത്തിന്റെ താഴെ കൂടി ഒഴുകുന്ന പുഴയിലാണ് ആറാട്ട്. അതിന് അടുത്തായി കാണുന്ന കൽപ്പാലത്തിന് ഏറെ പ്രത്യേകതയുണ്ട്.

വടക്കേ നടയിലൂടെയാണ് ഭദ്രകാളിയും പരിവാരങ്ങളും ക്ഷേത്രത്തിലെത്തിയത് എന്നാണ് വിശ്വാസം. ദേവിയ്ക്ക് വരാനായി അന്ന് ഭൂതഗണങ്ങൾ നിർമ്മിച്ചതാണത്രെ ഈ കൽപ്പാലം.

നിത്യേന രാവിലെയും വൈകുന്നേരവും ഭഗവതിയെ ആറാട്ടിനായി എഴുന്നള്ളിക്കുന്ന കൊട്ടിയിറക്കവും, കൊട്ടിക്കയറ്റവുമാണ് പൂരാഘോഷത്തിന്റെ മുഖ്യചടങ്ങ്. പൂരാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രത്തിലും താഴെയുള്ള പൂരപ്പറമ്പിലും നങ്ങ്യാർകൂത്ത്‌, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും.

ആട്ടങ്ങയേറ്

[തിരുത്തുക]
തിരുമാംന്ധാകുന്ന് ക്ഷേത്രം - വടക്കേ നട, ആറാട്ടുകടവിന്റെ അടുത്തുനിന്നുള്ള ദൃശ്യം

ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമാണ് ആട്ടങ്ങയേറ്. തുലാമാസം ഒന്നിനാണ് ഈ ചടങ്ങ് നടത്തിവരുന്നത്. പന്തീരടിപൂജക്ക്‌ ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയിൽ ഭക്തർ രണ്ടു സംഘമായി പരസ്പരം കാട്ടുപഴമായ ആട്ടങ്ങയെറിയുന്നതാണ് ഈ ചടങ്ങ്[6].

വലിയകണ്ടം നടീൽ

[തിരുത്തുക]

ആറാട്ടുകടവിനോടു ചേർന്നുള്ള ഒന്നേമുക്കാൽ ഏക്കർ പാടമാണ് ഭഗവതിക്കണ്ടം അഥവാ വലിയകണ്ടം. ചിങ്ങമാസത്തിലാണ് ഞാറുനടീൽയജ്ഞം നടക്കുക. തട്ടകത്തിലെയും പുറത്തുനിന്നുമുള്ള സ്ത്രീപുരുഷ ഭേദമെന്യേ ആയിരക്കണക്കിന് ഭക്തർ യജ്ഞത്തിൽ പങ്കുചേരാറുണ്ട്. ഭഗവതിക്കണ്ടത്തിൽ നടീൽ ഒറ്റദിവസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

കളംപാട്ട്

[തിരുത്തുക]

ഭദ്രകാളിയെ പ്രകീർത്തിച്ചുകൊണ്ടുള്ള തോറ്റംപാട്ടുകളാണ് ക്ഷേത്രത്തിൽ നടത്താറ്. വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി മീനമാസത്തിലെ രോഹിണിനാൾ വരെയാണ് ക്ഷേത്രത്തിൽ കളംപാട്ട് നടത്തുക. മറ്റൊരു ക്ഷേത്രത്തിലും നാലുമാസം നീണ്ടുനിൽക്കുന്ന കളംപാട്ട് നടത്താറില്ല എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. കളംപാട്ട് നടക്കുന്ന മണ്ഡപം കുരുത്തോലയും വാഴപ്പോളയും ദിവ്യപുഷ്പങ്ങളും കൊണ്ട് അലങ്കരിച്ച്, മുന്നിൽ കൊടിക്കൂറ കെട്ടിയശേഷമാണ് പാട്ട് തുടങ്ങുക. ഉച്ചപ്പാട്ടാണ് ആദ്യത്തെ ചടങ്ങ്. നന്തുണിയുടെ അകമ്പടിയോടുകൂടി കലാകാരൻ ഗണപതി, സരസ്വതി, ഗുരുനാഥൻ തുടങ്ങിയവരുടെ സ്തുതികൾ ആലപിയ്ക്കുന്നതാണ് ഈ ചടങ്ങ്. അതിനുശേഷം കളം വരയ്ക്കുന്നു. എട്ടുകൈകളോടുകൂടിയ ഭദ്രകാളിയുടെ രൂപമാണ് ഇവിടെ വരയ്ക്കുക. അതിനുശേഷമാണ് പ്രധാന പാട്ട് പാടുന്നത്. ഭദ്രകാളിയും ദാരികൻ എന്ന അസുരനും തമ്മിലുള്ള യുദ്ധത്തിന്റെ സ്മരണയാണ് കളംപാട്ടിലൂടെ പാടുന്നത്. പാട്ട് കഴിയുന്നതോടുകൂടി കലാകാരന് ദേവിയുടെ ആവേശമുണ്ടാകുകയും തുടർന്ന് പൂർവ്വാധികം ശക്തിയോടെ കളം മായ്ച്ചുകളയുകയും ചെയ്യും. ഇതാണ് ഇതിന്റെ ചടങ്ങ്.

ചാന്താട്ടം

[തിരുത്തുക]

ദേവിയുടെ ദാരുവിഗ്രഹത്തിന്റെ ഉറപ്പും തിളക്കവും നൽകി കൂടുതൽ ചൈതന്യവത്താക്കാനാണ് ചാന്താട്ടം നടത്താറ്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വഴിപാട് വർഷത്തിൽ രണ്ടുതവണയാണ് നടത്തുക. മിഥുനം, കർക്കടകം മാസങ്ങളിൽ മഴപെയ്ത് തണുത്ത കാലാവസ്ഥയിലാണ് ചാന്താട്ടം നടത്തുന്നത്. തേക്കിൻ കറകൊണ്ടുണ്ടാക്കുന്ന പ്രത്യേക ചാന്താണ് ഇതിനുവേണ്ടി ഉപയോഗിക്കുക. പന്തീരടിപൂജക്ക്‌ ശേഷം പ്രത്യേക താന്ത്രിക കർമങ്ങൾ നടത്തിയ ചാന്ത് മാതൃശാലയിലുള്ള വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്യുന്നു[7].

കർക്കിടക വാവ് കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ചയാണ് ക്ഷേത്രത്തിൽ "നിറ" ആഘോഷിക്കുന്നത്. വിളവെടുപ്പുത്സവമാണിത്. കൊയ്തെടുത്ത നെൽക്കതിരുകൾ പ്രത്യേക പൂജകൾ നടത്തി ക്ഷേത്രത്തിന്റെ പലഭാഗങ്ങളിൽ സ്ഥാപിക്കും. നെൽക്കതിരുകൾ ഭക്തർക്ക്‌ പ്രസാദമായി നൽകും. കുടുംബത്തിലെ ഐശ്വര്യത്തിനും സന്പൽസമൃദ്ധിക്കും നിറവീട്ടിൽ വെക്കുന്നത് നല്ലതാണ് എന്നാണു വിശ്വാസം.

ഞെരളത്ത് സംഗീതോത്സവം

[തിരുത്തുക]

നിര്യാതനായ പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് രാമപ്പൊതുവാളിന്റെ അനുസ്മരണാർത്ഥം 1997-ലാണ് ക്ഷേത്രത്തിൽ സംഗീതോത്സവം ആരംഭിച്ചത്. ഞെരളത്തിന്റെ ജന്മദിനമായ ഫെബ്രുവരി 16 മുതൽ അഞ്ചുദിവസമാണ്‌ സംഗീതോത്സവം നടക്കാറ്. പൂന്താനത്തിന്റെ ഘനസംഘം ആലപിച്ചാണ് സംഗീതോത്സവം അവസാനിക്കാറ്.

നവരാത്രി വിദ്യാരംഭം

[തിരുത്തുക]

ഭഗവതീ പ്രധാനമായ ഈ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം അതിപ്രധാനമാണ്. സംഗീതോത്സവവും കലാപ്രകടനങ്ങളും വിശേഷാൽ പൂജകളും ആ സമയത്ത് നടക്കുന്നു. കന്നിമാസത്തിലെ (സെപ്റ്റംബർ/ഒക്ടോബർ) വെളുത്തപക്ഷത്തിലെ പ്രഥമ മുതലുള്ള ഒമ്പതു ദിവസമാണ് നവരാത്രിയായി ആഘോഷിയ്ക്കുന്നത്. ദുർഗാഷ്ടമി ദിവസം പൂജവെപ്പും വിജയദശമി നാളിൽ വിദ്യാരംഭവും ഉണ്ടാകാറുണ്ട്. നവരാത്രിയുടെ അതിദൈവമായി ആരാധിക്കുന്നത് ഭദ്രകാളിയെ തന്നെയാണ്. നവരാത്രി ഏഴാം ദിവസം പരാശക്തിയുടെ ഭാവം ഭദ്രകാളി അഥവാ കാലരാത്രി എന്നതാണ്. വിജയദശമി മഹിഷാസുരനിൽ ഭഗവതി വിജയം വരിച്ച ദിവസമാണ് എന്നാണ് വിശ്വാസം. നിരവധി ഭക്തരാണ് ഈ ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ ദർശത്തിനെത്തുന്നത്. കാളിദാസന് വിദ്യ പകർന്ന ഭഗവതി ആയതിനാൽ ഇവിടെ വിദ്യാരംഭം നടത്തുന്നതും ഐശ്വര്യകരമാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു. അതിനാൽ ധാരാളം ഭക്തരാണ് ഇവിടെ വിദ്യാരംഭത്തിനായി എത്തിച്ചേരുന്നത്.

മഹാശിവരാത്രി

[തിരുത്തുക]

ശിവൻ ഇവിടെ മുഖ്യ പ്രതിഷ്ഠ ആയത് കൊണ്ടും 108 ശിവാലയങ്ങളിൽ ഉൾപ്പെടുന്നത് കൊണ്ടും ശിവരാത്രി ഈ ക്ഷേത്രത്തിൽ വിശേഷ ദിവസമാണ്.

തിരുവാതിര

[തിരുത്തുക]

ശിവശക്തി സാന്നിധ്യമുള്ള ഈ ക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരയും പ്രധാന ദിവസമാണ്.

തിരുമാന്ധാംകുന്നു ഭഗവതിയുടെ മറ്റ് ആരാധനാ സ്ഥലങ്ങൾ

[തിരുത്തുക]

ദേശദൈവമായതിനാൽ വള്ളുവനാട്ടിലുടനീളം തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠയുണ്ട്.[8] കൂടാതെ തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം കൂപക്കര മഠത്തിലും തൃപ്പൂണിത്തുറയിലും കോഴിക്കോട് തളിയിലും മറ്റും തിരുമാന്ധാംകുന്നിലമ്മയുടെ ആരാധന കാണാം. കോങ്ങാട്, മണ്ണൂർ, കിണാവല്ലൂർ, എടത്തറ തുടങ്ങിയ ദേശങ്ങളിലും വള്ളുവക്കോനാതിരിയുടെ അധികാര പരിധി എന്ന നിലയ്ക്ക് തിരുമാന്ധാംകുന്നിലമ്മയുടെ ആരാധനയുണ്ട്.[9]

പ്രാർത്ഥനാ ശ്ലോകങ്ങൾ

[തിരുത്തുക]

1. ദേവി മാഹാത്മ്യം

ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാ സർവ്വോപകാരകരണായ സദാർദ്രചിത്താ.

സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ.

ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ.

സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോദേവി ദുർഗ്ഗേ ദേവി നമോസ്തുതേ.

ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ.

രോഗാനശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി.

സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം.

2. കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ.

3. മഹൈശ്വര്യപ്രദേ ദേവി ! മഹാത്രിപുരസുന്ദരി ! മഹാവീര്യേ മഹേശീ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

സർവ്വവ്യാധിപ്രശമനി ! സർവ്വമൃത്യുനിവാരിണി! സർവ്വമന്ത്രസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

പുരുഷാർഥപ്രദേ ദേവി ! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! (ഭദ്രകാളി പത്ത്)

4. ഈശ്വരി പരമേശ്വരി ജഗദീശ്വരി മഹേശ്വരി ദേവി ദേവി മഹാഭയങ്കരി ഭദ്രകാളി നമോസ്തുതേ.

6. മഹാകാളി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ.

7. ഓം ആയുർദേഹി ധനംദേഹി വിദ്യാംദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.

8. ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേഹി സൗഭാഗ്യം മഹ്യം തുഭ്യം നമോനമ:

9. കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.

10. അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത

11. ‘’‘ദേവി മാഹാത്മ്യം’‘’

യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

എത്തിച്ചേരുവാനുള്ള വഴി

[തിരുത്തുക]
  • പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് റോഡിൽ 3 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. ഹൈവേയിൽ നിന്ന് നോക്കിയാൽ കാണാവുന്ന അകലെയാണ് ക്ഷേത്രം.
  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - അങ്ങാടിപ്പുറം - 1.2 കിലോമീറ്റർ അകലെ (ഷോർണൂർ-നിലമ്പൂർ റെയിൽവേ റൂട്ട്). കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ്, കോട്ടയം നിലമ്പൂർ എക്സ്പ്രസ്സ്‌ എന്നിവ‌ ഇവിടെ നിർത്തുന്ന ട്രെയിനുകളാണ്.
  • അടുത്തുള്ള മറ്റു പ്രധാന റെയിൽ‌വേ സ്റ്റേഷനുകൾ-ഷൊർണൂർ - 35 കിലോമീറ്റർ അകലെ. ഷൊർണൂരിൽ നിന്നും അങ്ങാടിപ്പുറത്തേക്ക് ട്രെയിനുകൾ ലഭ്യമാണ്. തിരൂർ റെയിൽവേ സ്റ്റേഷൻ - 37 കിലോമീറ്റർ അകലെ.
  • ജില്ലാ ആസ്ഥാനമായ മലപ്പുറത്ത്‌ നിന്നും 19 കി.മി ദൂരം.
  • കാടാമ്പുഴയിൽ നിന്നും അങ്ങാടിപ്പുറത്തേക്ക് ഏകദേശം 22 കി.മി.
  • കോഴിക്കോട്-പാലക്കാട്‌ ദേശീയപാത ഇതുവഴിയുള്ള പ്രധാന പാതയാണ്. പാലക്കാട്‌ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ ഇവിടെ എത്തിച്ചേരാം. പെരിന്തൽമണ്ണ വഴി ധാരാളം ബസുകൾ ലഭ്യമാണ്.
  • പാലക്കാട്‌ നിന്നും ഏതാണ്ട് 69 കി.മി., കോഴിക്കോട് 64 കി. മി. ദൂരം.

ദർശന സമയം

[തിരുത്തുക]

രാവിലെ 4.30 am മുതൽ ഉച്ചക്ക് 12 pm വരെ.

വൈകുന്നേരം 4 pm മുതൽ രാത്രി 8 pm വരെ.

ഇത് കൂടി കാണുക

[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കുഞ്ഞികുട്ടൻ ഇളയതിൻ്റെ “108 ശിവക്ഷേത്രങ്ങൾ“
  2. കൊട്ടാരത്തിൽ ശങ്കുണ്ണി - ഐതിഹ്യമാല, പനയന്നാർകാവ്
  3. ജന്മഭൂമി-തിരുമാന്ധാംകുന്ന്[പ്രവർത്തിക്കാത്ത കണ്ണി]
  4. 1 2 വിഗ്രഹം[പ്രവർത്തിക്കാത്ത കണ്ണി]
  5. ഡോ. കെ. ബാലകൃഷ്ണവാര്യർ (19 ഒക്ടോബർ 2014). "ഭദ്രകാളി". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2014-10-19. Retrieved 19 ഒക്ടോബർ 2014.
  6. ആട്ടങ്ങയേറ്[പ്രവർത്തിക്കാത്ത കണ്ണി]
  7. ചാന്താട്ടം[പ്രവർത്തിക്കാത്ത കണ്ണി]
  8. എസ്. രാജേന്ദു (2016). തിരുമാന്ധാംകുന്ന് വൈശിഷ്ട്യം - ഒരു പഠനം. പെരിന്തൽമണ്ണ: മാധവം.
  9. എസ്. രാജേന്ദു (2015). തിരുമാനാംകുന്ന് ഗ്രന്ഥവരി (ആറങ്ങോട് സ്വരൂപം ഗ്രന്ഥവരി). വള്ളത്തോൾ വിദ്യാപീഠം, ശുകപുരം.{{cite book}}: CS1 maint: location missing publisher (link)

.