തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം is located in Kerala
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°34′46″N 76°28′26″E / 9.57944°N 76.47389°E / 9.57944; 76.47389
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കോട്ടയം
പ്രദേശം:തിരുവാർപ്പ്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീ കൃഷ്ണൻ
പ്രധാന ഉത്സവങ്ങൾ:വിഷു,
ശ്രീകൃഷ്ണ ജന്മാഷ്ടമി,
• മേടമാസത്തിലെ തിരുവുൽസവം
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ തിരുവാർപ്പ് ഗ്രാമത്തിൽ മീനച്ചിലാറിൻ്റെ കൈവരിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം[1] തിരുവാർപ്പ് ഗ്രാമത്തിന് ആ പേര് വരാൻ തന്നെ കാരണമായത് ഈ ക്ഷേത്രം നിലനിൽക്കുന്നതാണ്. അതുപോലെ തന്നെ തിരുവാർപ്പിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. മുൻപ് കുന്നമ്പള്ളിക്കര എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് തിരുവാർപ്പ് ആയി മാറിയത്.[2] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. എന്നാൽ, കംസവധം കഴിഞ്ഞ് വിശന്ന് അവശനായിരിയ്ക്കുന്ന ശ്രീകൃഷ്ണനായാണ് സങ്കല്പം.[3][4] കൂടാതെ ഉപദേവതകളായി ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ , നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവരും കുടികൊള്ളുന്നുണ്ട്. മേടമാസത്തിലെ വിഷുനാളിൽ കൊടികയറി പത്താമുദയത്തിന് ആറാട്ട് വരത്തക്ക വിധത്തിൽ നടക്കുന്ന പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ഇതിനിടയിൽ വരുന്ന അഞ്ചാം നാളിലെ പുറപ്പാടും അതിനോടനുബന്ധിച്ചുള്ള ആനയോട്ടവും അതിഗംഭീരമാണ്. ഗുരുവായൂർ കൂടാതെ ആനയോട്ടം നടക്കുന്ന ഏക ശ്രീകൃഷ്ണക്ഷേത്രം ഇതാണ്. കൂടാതെ അഷ്ടമിരോഹിണിയും അതിവിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.


ഐതിഹ്യം[തിരുത്തുക]

1500 വർഷങ്ങൾക്കു മേൽ പഴക്കമുള്ള ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് മഹാഭാരതവുമായി ബന്ധമുണ്ട് . പാണ്ഡവർ വനവാസം നടത്തിയിരുന്ന കാലത്ത് അവർക്കു പൂജിക്കാൻ ഭഗവാൻ തന്നെ നൽകിയ വിഗ്രഹം, വനവാസം കഴിഞ്ഞു മടങ്ങിയ പാണ്ഡവർ, ഭഗവാൻ ദ്രൗപദിക്ക് നൽകിയ അക്ഷയപാത്രത്തിൽ വെച്ച് കടലിൽ ഒഴുക്കുകയായിരുന്നു എന്ന് സങ്കല്പ്പം.

ഒരിക്കൽ ഈ വഴിവരികയായിരുന്ന സന്യാസി ശ്രേഷ്ഠന്റെ വള്ളം കടലിന്റെ ഒരു ഭാഗത്ത് എത്തിയപ്പോൾ നിന്ന് പോവുകയും, വള്ളം നിൽക്കാനുള്ള കാരണം തേടി മുങ്ങാംകുഴിയിട്ട പരിചരക്കാർക്കു ഉരുളിയിൽ (അക്ഷയപാത്രം ) നാലു കരങ്ങളോട് കൂടിയ ഈ വിഗ്രഹം ലഭിക്കുകയും, സന്യാസി ശ്രേഷ്ഠൻ കുന്നം, പള്ളിക്കര വഴി സഞ്ചരിച്ചു ഇപ്പോൾ ക്ഷേത്രം കുടി കൊള്ളുന്ന പ്രദേശത്തു എത്തി ചേരുകയും, വിഗ്രഹം ഇല്ലാതിരുന്ന ഒരു ക്ഷേത്രത്തിൽ ഉരുളിയോട് കൂടി പ്രതിഷ്ഠിക്കുകയും ചെയ്തു എന്നുള്ളതാണ് ഒരൈതിഹ്യം.[5]

പ്രത്യേകത[തിരുത്തുക]

ഇന്ത്യയിൽ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ക്ഷേത്രം. വെളുപ്പിന് രണ്ടുമണിക്കോ, അതിനോടടുത്ത സമയത്തോ ആണ് ക്ഷേത്രനട തുറക്കുക. ഉദയാല്പരം എന്ന കണക്കടിസ്ഥാനത്തിലാണ് നട തുറക്കുന്നത്.[6][7] ഇവിടുത്തെ ഉഷഃപായസം വളരെ പ്രധാനമാണ്. ധാരാളം ശർക്കരയിട്ടുണ്ടാക്കുന്ന ഒരുതരം നെയ്പായസമാണ് ഉഷഃപായസം. ഇത് പേര് സൂചിപ്പിയ്ക്കും പോലെ ഉഷഃപൂജയ്ക്കാണ് നേദിയ്ക്കുന്നത്. പുലർച്ചെ മൂന്നുമണിയോടെയാണ് ഇത്. അഞ്ചുനാഴി അരി, അമ്പതുപലം ശർക്കര, ഏഴുതുടം നെയ്യ്, അഞ്ച് കദളിപ്പഴം, അഞ്ച് കൊട്ടത്തേങ്ങ എന്നിവയാണ് ഉഷഃപായസത്തിലെ ചേരുവകൾ. മറ്റുള്ള ദേവീദേവന്മാർക്കും മുമ്പ് ഉഷഃപായസം കഴിയ്ക്കുന്ന തിരുവാർപ്പിലപ്പൻ, ഉച്ചയ്ക്ക് അമ്പലപ്പുഴയിൽ പോയി അവിടത്തെ പ്രസിദ്ധമായ പാൽപ്പായസം കഴിയ്ക്കുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതേപോലെ രാത്രി തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിൽ പോയി ഉപ്പുമാങ്ങ കഴിയ്ക്കുമെന്നും പറയാറുണ്ട്. തന്മൂലം ഇവിടെ ഉച്ചപ്പൂജയും അത്താഴപ്പൂജയുമെല്ലാം നേരത്തെയാണ്. അത്താഴപ്പൂജ കഴിഞ്ഞാണ് ഇവിടെ ദീപാരാധന നടത്തുക. ഇത് ഇവിടെയും അടുത്തുള്ള കുമാരനല്ലൂർ ദേവീക്ഷേത്രത്തിലും മാത്രമുള്ള പ്രത്യേകതയാണ്.

ഗ്രഹണസമയത്തു ക്ഷേത്രങ്ങളിൽ എല്ലാം നട അടച്ചിടും. എന്നാൽ തിരുവാർപ്പ് ക്ഷേത്രത്തിലെ പൂജകൾക്ക് ഗ്രഹണം തടസ്സമാകില്ല. ഗ്രഹണസമയത്ത് ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. അതേ സമയം പുറത്തെ ഗോപുരവാതിലുകൾ ഗ്രഹണസമയത്തു തുറക്കില്ല.[8][9]

വിശേഷ ദിവസങ്ങൾ[തിരുത്തുക]

ഉത്സവം[തിരുത്തുക]

കോട്ടയംകാർക്കും ആലപ്പുഴക്കാർക്കും ഇടയിൽ ഏറെ പ്രസിദ്ധമായ ഉത്സവമാണ് തിരുവാർപ്പ് ക്ഷേത്രം ഉത്സവം. മേടമാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലാണ് ക്ഷേത്രോത്സവം. (ഏപ്രിൽ). പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം അഞ്ചാം പുറപ്പാട്, മാതൃക്കയിൽ ദർശനം, പള്ളിവേട്ട, ആനയോട്ടം, പുറത്തേക്കുള്ള എഴുന്നള്ളിപ്പ് തുടങ്ങിയ കാര്യങ്ങൾ അടങ്ങിയതാണ്. ഉത്സവത്തിന്റെ പത്തു ദിവസവും നീണ്ടുനിൽക്കുന്ന വിളപ്പെടുപ്പാണ് മറ്റ‌ൊരു പ്രധാന ച‌ടങ്ങ്.[10][11] ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അഞ്ചാം പുറപ്പാടാണ്. അന്നേദിവസം ക്ഷേത്രത്തിൽ നടക്കുന്ന ആനയോട്ടം അതിഗംഭീരമാണ്.

അഷ്ടമി രോഹിണി[തിരുത്തുക]

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം വളരെ വിപുലമായി ആഘോഷിക്കുന്നു.

വിഷു[തിരുത്തുക]

മേട മാസത്തിലെ വിഷു ഇവിടെ വിശേഷമാണ്.

മറ്റു പ്രധാന ദിവസങ്ങൾ[തിരുത്തുക]

ബുധൻ, വ്യാഴം ദിവസങ്ങൾ.

ഉത്സവക്കാഴ്ച്ചകൾ[തിരുത്തുക]

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

 • വിമാന മാർഗ്ഗം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്ത വിമാനത്താവളം.


 • റെയിൽ‌ മാർഗ്ഗം: കോട്ടയം റെയിൽ‌വേ സ്റ്റേഷൻ 8 കിലോമീറ്റർ അകലെയാണ്.


 • ജല മാർഗ്ഗം: ആലപ്പുഴയിലെ മുഹമ്മയിൽ നിന്നും കുമരകം ജട്ടിയിലേക്ക് യാത്രാ ബോട്ട് ലഭിക്കും. വേമ്പനാട്ട് കായലിലൂടെയുള്ള ഈ യാത്ര മനോഹരമാണ്. കുമരകത്ത് നിന്നും ഇല്ലിക്കൽ ബസ്സ് വന്നിറങ്ങുക. അവിടുന്ന് തിരുവാർപ്പിലേക്ക് എപ്പോളും ബസ്സ് ഉണ്ടാവും.


 • റോഡ് മാർഗ്ഗം: കോട്ടയം പട്ടണത്തിൽ നിന്ന് തിരുവാർപ്പിലേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.
 • കോട്ടയം ടൗണിൽ നിന്നും എട്ടു കിലോമീറ്റർ അകലെ തിരുവാർപ്പ് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നാഗമ്പടത്തു നിന്നും തിരുനക്കരയിൽ നിന്നും ഇവിടേക്ക് ബസുകൾ ലഭിക്കും. കുമരകം റൂട്ടിൽ വരുന്നവർക്ക് ഇല്ലിക്കൽ വഴി തിരുവാർപ്പിലെത്താം. ബോട്ടിൽ വരുന്നവർക്ക് കുമരകത്തിറങ്ങി അവിടുന്ന് ബസിൽ വരാം.Reference: മലയാളം നേറ്റീവ് പ്ലാനറ്റ്

അവലംബം[തിരുത്തുക]

 1. "ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം ഏതാണെന്നറിയാമോ?". East Coast Daily.
 2. "ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര… തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം". മലയാളി മനസ്സ്.
 3. "വിശപ്പ് സഹിക്കാൻ കഴിയാത്ത ഭഗവാൻ വസിക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം". ജനം ടിവി.
 4. "ഇന്ത്യയിൽ ആദ്യം നടതുറകുന്ന ഈ ക്ഷേത്രത്തിൽ കംസവദത്തിന് ശേഷം വിശന്നു വളഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു". Daily Hunt.
 5. "വിശപ്പ് സഹിക്കാൻ കഴിയാത്ത ഭഗവാൻ വസിക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം". ജനം ടിവി.
 6. "ക്ഷേത്രങ്ങൾ അടച്ചിടുമോ?". Uthara.in.
 7. "ഗ്രഹണ സമയത്തു നടതുറന്നിരിക്കുന്ന ഏകക്ഷേത്രം". Manoramma online.
 8. "ഗ്രഹണസമയത്ത് ക്ഷേത്രങ്ങളെല്ലാം അടച്ചിടും; എന്നാൽ ഈ ക്ഷേത്രം തുറന്നിരിക്കും". സമകാലിക മലയാളം.
 9. "ചന്ദ്രഗ്രഹണം ബാധിക്കാത്ത ഏകക്ഷേത്രം !". Manoramma online.
 10. "Thiruvarpu Temple". Holidify.
 11. "വിശന്നു നിൽക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാൻ പുലർച്ചെ രണ്ടിന് തുറക്കുന്ന അപൂർവ്വ ക്ഷേത്രം". Malayalam Native Planet. ശേഖരിച്ചത് 2023-06-19.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/ഒരു സ്വാമിയാരുടെ ശാപം എന്ന താളിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]