ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°17′5″N 76°30′5″E / 9.28472°N 76.50139°E |
പേരുകൾ | |
മറ്റു പേരുകൾ: | ഹരിഗീതപുരം, അരിപ്പാട് |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | ആലപ്പുഴ |
പ്രദേശം: | ഹരിപ്പാട് |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | സുബ്രഹ്മണ്യൻ |
പ്രധാന ഉത്സവങ്ങൾ: | ചിത്തിര ഉത്സവം മാർകഴി ഉത്സവം ആവണി ഉത്സവം തൈപ്പൂയം സ്കന്ദഷഷ്ഠി തൃക്കാർത്തിക |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | കൊല്ലവർഷം 944 |
സൃഷ്ടാവ്: | ക്ഷേത്രം തീപിടിച്ചു കഴിഞ്ഞു,അന്നത്തെ നാടുവാന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ ഇടവങ്കാട് ശില്പികളെ കൊണ്ട് ക്ഷേത്രം പുനസ്ഥാപിച്ചു. അതാണ് നിലവിൽ കാണുന്ന ക്ഷേത്രം. |
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമിമഹാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ ശ്രീസുബ്രഹ്മണ്യസ്വാമിയാണ്. കൂടാതെ ഉപദേവതകളായി ഗണപതി (രണ്ട് പ്രതിഷ്ഠകൾ), ദക്ഷിണാമൂർത്തി (ശിവൻ), ശ്രീകൃഷ്ണൻ (തിരുവമ്പാടിക്കണ്ണൻ - ഗോശാലകൃഷ്ണസങ്കല്പം), അയ്യപ്പൻ, നാഗദൈവങ്ങൾ, കുരുതികാമൻ, പഞ്ചമീദേവി, യക്ഷിയമ്മ എന്നിവരും പ്രതിഷ്ഠകളായുണ്ട്. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളിൽ പുകഴ്പെറ്റ ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ ദേശത്ത് മഹാക്ഷേത്രങ്ങളിൽ മഹാക്ഷേത്രങ്ങളായി അറിയപ്പെട്ടിരുന്ന ഏഴ് ക്ഷേത്രങ്ങളിലൊന്ന് ഇതാണ്. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹം, ശൈവ-വൈഷ്ണവ ഭാവങ്ങൾ ഒത്തിണങ്ങിയ പ്രതിഷ്ഠ, കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം, മൂന്ന് കൊടിയേറ്റുത്സവങ്ങൾ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. മേടം, ചിങ്ങം, ധനു എന്നീ മാസങ്ങളിലായാണ് ക്ഷേത്രത്തിലെ കൊടിയേറ്റുത്സവങ്ങൾ നടത്തുന്നത്. മേടമാസത്തിൽ വിഷുനാളിൽ കണികണ്ട് കൊടികയറി പത്താമുദയം ദിവസം ആറാട്ടോടുകൂടി സമാപിയ്ക്കുന്നതാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ചിങ്ങമാസത്തിൽ തിരുവോണം നാളിലും ധനുമാസത്തിൽ തിരുവാതിര നാളിലും ആറാട്ടോടുകൂടി സമാപിയ്ക്കുന്ന, പത്തുദിവസത്തെ ഉത്സവങ്ങളാണ്. ഇവ യഥാക്രമം സുബ്രഹ്മണ്യൻ, വിഷ്ണു, ശിവൻ എന്നിവരെ പ്രതിനിധീകരിയ്ക്കുന്നു എന്നാണ് സങ്കല്പം. ഇത് മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത പ്രത്യേകതയാണ്. കൂടാതെ വൃശ്ചികമാസത്തിലെ തൃക്കാർത്തിക, മകരമാസത്തിലെ തൈപ്പൂയം, തുലാമാസത്തിലെ സ്കന്ദഷഷ്ഠി തുടങ്ങിയവയും അതിവിശേഷമാണ്.
ഐതിഹ്യം
[തിരുത്തുക]ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം, ത്രേതായുഗത്തിൽ പരശുരാമന്റെ പൂജയേറ്റുവാങ്ങിയതാണെന്ന് പറയപ്പെടുന്നു. ദീർഘകാലം ഈ വിഗ്രഹം പൂജിച്ചുവന്ന അദ്ദേഹം, അതിനുശേഷം ഇത് കായംകുളം കായലിൽ നിക്ഷേപിച്ചു. പിന്നീട് ഇപ്പോഴത്തെ ക്ഷേത്രത്തിൽ വിഗ്രഹം എത്തിച്ചേരാനുണ്ടായ ഒരു കഥയുണ്ട്. അതിങ്ങനെ:
പുരാതനകാലത്ത് കുമാരപുരം എന്നായിരുന്നു ഹരിപ്പാടിന്റെ പേര്. ഹരിപ്പാടിന്റെ പടിഞ്ഞാറുള്ള ചില സ്ഥലങ്ങൾ ഇന്നും 'കുമാരപുരം' എന്നാണ് അറിയപ്പെടുന്നത്. ഇവിടെയുള്ള പ്രധാന ക്ഷേത്രം, ഇന്നത്തെ ക്ഷേത്രത്തിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കീഴ്തൃക്കോവിൽ ക്ഷേത്രമായിരുന്നു. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യൻ പ്രധാന പ്രതിഷ്ഠയായ ഈ ക്ഷേത്രത്തിന് സമീപം ഒരു മഹാക്ഷേത്രം പണികഴിപ്പിയ്ക്കാനും, അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാനും കുമാരപുരത്തെ നാട്ടുപ്രമാണികൾ തീരുമാനിച്ചു. അതിനായി അവർ വിദഗ്ധരായ പണിക്കാരെ പല നാടുകളിൽ നിന്നും കൊണ്ടുവരികയും ക്ഷേത്രനിർമ്മാണം ആരംഭിയ്ക്കുകയും ചെയ്തു. അങ്ങനെ മാസങ്ങൾക്കുള്ളിൽ അവിടെയൊരു മഹാക്ഷേത്രം ഉയർന്നുവന്നു. തുടർന്ന് പ്രതിഷ്ഠയ്ക്കും മറ്റ് ചടങ്ങുകൾക്കുമായി നാട്ടുകാരായ ഭക്തജനങ്ങൾ ഒരുങ്ങി.
അങ്ങനെയിരിയ്ക്കുന്ന സമയത്ത് ഒരു ദിവസം രാത്രി, കുമാരപുരത്തെ എല്ലാ പ്രമാണികൾക്കും ഒരേ സമയം ഒരു സ്വപ്നദർശനമുണ്ടായി. അതിദിവ്യനായ ഒരു സന്ന്യാസി തങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് പുതിയ ക്ഷേത്രത്തിൽ അയ്യപ്പനെയല്ല, സുബ്രഹ്മണ്യനെയാണ് പ്രതിഷ്ഠിയ്ക്കേണ്ടതെന്ന് അരുളിചെയ്യുന്നതായിട്ടായിരുന്നു സ്വപ്നദർശനം. ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും ഉചിതമായ ഒരു വിഗ്രഹം, കായംകുളം കായലിൽ ജലാധിവാസമേറ്റുകിടപ്പുണ്ടെന്നും, അത് ത്രേതായുഗത്തിൽ പരശുരാമന്റെ പൂജയേറ്റുവാങ്ങിയതാണെന്നും കായംകുളം കായലിൽ ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോൾ ഒരു പ്രത്യേകഭാഗത്ത് നീർച്ചുഴികളും പുഷ്പങ്ങളും കാണാമെന്നും അവിടെ ഇറങ്ങി മുങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും സന്ന്യാസി കൂട്ടിച്ചേർത്തു. അതനുസരിച്ച് പിറ്റേദിവസം തന്നെ പ്രമാണിമാർ ഒരുമിച്ച് കണ്ടല്ലൂരിലേയ്ക്ക് പുറപ്പെട്ടു. സ്വപ്നത്തിൽ പറഞ്ഞതുപോലെ ഒരു സ്ഥലത്ത് നീർച്ചുഴികളും പുഷ്പങ്ങളും വലംവയ്ക്കുന്നത് അവർക്ക് കാണാനിടയായി. അതനുസരിച്ച് അവർ തങ്ങളുടെ സഹായികളോട് പ്രസ്തുത സ്ഥലത്ത് മുങ്ങിത്തപ്പാൻ അറിയിയ്ക്കുകയും അതനുസരിച്ച് സഹായികൾ കായലിലിറങ്ങി മുങ്ങിത്തപ്പുകയും ചെയ്തു. അതിദിവ്യമായ സുബ്രഹ്മണ്യവിഗ്രഹവുമായാണ് അവർ പൊങ്ങിവന്നത്. വിഗ്രഹം കണ്ടെടുത്ത സ്ഥലത്തിന് അതുവഴി കണ്ടനല്ലൂർ എന്ന പേരുവരികയും പിന്നീട് ഇത് ലോപിച്ച് കണ്ടല്ലൂർ എന്നായി മാറുകയും ചെയ്തു.
തുടർന്ന് പ്രമാണിമാരും സഹായികളും കൂടി വിഗ്രഹവും കൊണ്ട് ഘോഷയാത്രയായി കുമാരപുരത്തേയ്ക്ക് പുറപ്പെട്ടു. പമ്പാനദിയുടെ ഒരു കൈവഴിയായ പായിപ്പാട്ടാറ്റിലൂടെ മൂന്നോളം വള്ളങ്ങളിലായാണ് അവർ യാത്ര നടത്തിയത്. ഈ യാത്രയുടെ സ്മരണയ്ക്കായാണ് ഇന്നും ചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വള്ളംകളി നടത്തിവരുന്നത്. കുമാരപുരത്തെ ക്ഷേത്രത്തിൽ വിഗ്രഹം എത്തിയ്ക്കുന്നതിന് അല്പം മുമ്പ് ഒരു സ്ഥലത്ത് വിഗ്രഹം ഇറക്കിവച്ച് വിശ്രമിയ്ക്കാൻ തീരുമാനിയ്ക്കുകയും അതനുസരിച്ച് അര നാഴിക (12 മിനിറ്റ്) നേരം വിശ്രമിയ്ക്കുകയും ചെയ്തു. കാലാന്തരത്തിൽ അവിടെയും ഒരു സുബ്രഹ്മണ്യക്ഷേത്രം ഉയർന്നുവരികയുണ്ടായി. ഇന്ന് അത് അരനാഴിക ക്ഷേത്രം എന്നറിയപ്പെടുന്നു. അതിനുശേഷം ക്ഷേത്രത്തിലെത്തിച്ച വിഗ്രഹം, തുടർന്നുവന്ന വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം ഉച്ചയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ സകലവിധ താന്ത്രികച്ചടങ്ങുകളോടെയും പ്രതിഷ്ഠിച്ചു. പ്രതിഷ്ഠാമുഹൂർത്തത്തോടടുത്ത സമയത്ത് ക്ഷേത്രത്തിൽ ഒരു ദിവ്യപുരുഷൻ പ്രത്യക്ഷപ്പെട്ടുവെന്നും അത് പരശുരാമൻ തന്നെയായിരുന്നെന്നും അദ്ദേഹമാണ് പ്രതിഷ്ഠാകർമ്മങ്ങൾക്ക് നേതൃത്വം നൽകിയതെന്നും പറയപ്പെടുന്നു. അങ്ങനെ ശ്രീഹരിയുടെ, അഥവാ മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ പാദം പതിഞ്ഞ സ്ഥലം, ഹരിപ്പാദപുരം എന്നും കാലാന്തരത്തിൽ ഹരിപ്പാടെന്നും അറിയപ്പെടാൻ തുടങ്ങി. ആദ്യം പ്രതിഷ്ഠിയ്ക്കാൻ വച്ചിരുന്ന അയ്യപ്പസ്വാമിയെ ക്ഷേത്രത്തിലെ ഉപദേവനാക്കി മാറ്റുകയും ചെയ്തു. ആദ്യപ്രതിഷ്ഠാദിനമായ തൃക്കാർത്തിക ഇന്നും ക്ഷേത്രത്തിൽ അതിവിശേഷമായി ആചരിച്ചുവരുന്നു.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]ക്ഷേത്രപരിസരം
[തിരുത്തുക]കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമായ ഹരിപ്പാട് ക്ഷേത്രം ഹരിപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്ത് ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്നു. ഹരിപ്പാട് പോലീസ് സ്റ്റേഷൻ, കാർത്തികപ്പള്ളി താലൂക്ക് ഓഫീസ്, നഗരസഭാ കാര്യാലയം, ഗവ. സ്കൂൾ, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. എട്ടേക്കറോളം വിസ്തീർണ്ണമുള്ള അതിവിശാലമായ മതിലകമാണ് ക്ഷേത്രത്തിന്. ക്ഷേത്രത്തിനുചുറ്റും വലിയ ആനപ്പള്ളമതിൽ പണിതിരിയ്ക്കുന്നു. ഇതിന്റെ നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും അവ അനാകർഷകങ്ങളാണ്. ക്ഷേത്രത്തിന്റെ ധാടിമോടികൾക്ക് യോജിച്ചവയല്ല അവ. കിഴക്കേ ഗോപുരത്തിൽ നിന്ന് അല്പദൂരം മാറി ക്ഷേത്രത്തിന്റെ പേരെഴുതിയ മനോഹരമായ പ്രവേശനകവാടം കാണാം. അത് 2015-ൽ പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിയിരുന്നു. അത് കടന്ന് അല്പദൂരം സഞ്ചരിച്ചാൽ ക്ഷേത്രമുറ്റത്തെത്താം. പതിവുപോലെ ക്ഷേത്രത്തിന്റെ മുന്നിൽ അരയാൽ മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. അരയാലിനടുത്തുതന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും. താരതമ്യേന ചെറിയ ഗോപുരമാണിത്. ഒരു നിലയേയുള്ളൂ. എന്നാൽ, വലിയ ആനവാതിൽ ഈ ഗോപുരത്തിനുണ്ട്. മരംകൊണ്ടുതീർത്ത ആനവാതിൽ 2017-ൽ പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശുകയുണ്ടായി. ഗോപുരത്തോടുചേർന്നുതന്നെയാണ് ക്ഷേത്രത്തിലെ സ്റ്റേജും. അടുത്ത് ക്ഷേത്രം വക ഒരു ഓഡിറ്റോറിയവുമുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ നടക്കുന്നു.
ക്ഷേത്രത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സാമാന്യം വലുപ്പമുള്ള ഒരു കുളം കാണാം. വേലകുളം എന്നാണ് ഈ കുളം അറിയപ്പെടുന്നത്. തിരുവിതാംകൂർ പ്രദേശത്തെ ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് നടത്തിവരുന്ന അനുഷ്ഠാനകലാരൂപമാണ് വേലകളി. അത് പല രൂപത്തിലും നടത്തിവരുന്നുണ്ട്. അവയിലൊന്നാണ് 'കുളത്തിൽ വേല'. ഹരിപ്പാട് ക്ഷേത്രത്തിൽ ഉത്സവക്കാലത്ത് കുളത്തിൽ വേല നടക്കുന്നത് തെക്കുകിഴക്കുഭാഗത്തുള്ള ഈ കുളത്തിലാണ്. അതുമൂലമാണ് ഇത് 'വേലകുളം' എന്ന് അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ വഴികൾ ദേശീയപാതയിലേയ്ക്കുള്ളതാണ്. വടക്കുഭാഗത്താണ് അതിവിശാലമായ പ്രധാനക്ഷേത്രക്കുളമുള്ളത്. 'പെരുംകുളം' എന്നറിയപ്പെടുന്ന ഈ കുളം കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്നാണ്. അഞ്ചേക്കറോളം വിസ്തീർണ്ണമുള്ള ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രദർശനത്തിനെത്തുന്നത്. പെരുംകുളത്തിന്റെ വടക്കേക്കരയിലാണ് ദേവസ്വം വക ആനത്താവളവും മറ്റുമുള്ളത്. തെക്കേക്കരയിൽ മറ്റൊരു അരയാൽമരം കാണാം. ഇതിനടുത്ത് ഒരു കൽമണ്ഡപമുണ്ട്. പണ്ട് തൃശ്ശൂർ നടുവിൽ മഠം സ്വാമിയാർ ക്ഷേത്രദർശനത്തിനെത്തുമ്പോൾ അദ്ദേഹത്തിന് ഇരിയ്ക്കാൻ നിർമ്മിച്ചുകൊടുത്തതാണത്രേ ഇത്. ക്ഷേത്രകാര്യങ്ങളിൽ ഇടപെടാൻ അവകാശമുള്ള ഏക വ്യക്തി നടുവിൽ മഠം സ്വാമിയാരാണ്. വിശേഷദിവസങ്ങളിൽ അദ്ദേഹത്തിന് പൂജ നടത്താൻ പോലും അവകാശമുണ്ട്! കുളത്തിന്റെ കിഴക്കേക്കരയിൽ മറ്റൊരു ക്ഷേത്രമുണ്ട്. ആഞ്ജനേയസ്വാമിയും നവഗ്രഹങ്ങളുമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. സപ്തചിരഞ്ജീവികളിലൊരാളായ ആഞ്ജനേയസ്വാമിയുടെ സാന്നിദ്ധ്യമുള്ള ക്ഷേത്രത്തിന് അധികം പഴക്കമില്ലെങ്കിലും ഹരിപ്പാട്ടെത്തുന്ന ഭക്തർ ഇവിടെ തൊഴാതെ പോകാറില്ല. പത്നീസമേതരായ നവഗ്രഹങ്ങളാണ് മറ്റൊരു പ്രത്യേകത. കേരളത്തിൽ പത്നീസമേതരായ നവഗ്രഹങ്ങളുള്ള ഏക ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെയടുത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹരിപ്പാട് ഗ്രൂപ്പ് ഓഫീസ്. ദേവസ്വം ബോർഡിനുകീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളിലൊന്നാണ് ഹരിപ്പാട് ഗ്രൂപ്പ്.
കീഴ്തൃക്കോവിൽ ക്ഷേത്രം
[തിരുത്തുക]ക്ഷേത്രമുറ്റത്തെത്തുന്നതിന് തൊട്ടുമുമ്പ് വഴിയുടെ തെക്കുഭാഗത്ത് ഒരു ചെറിയ ക്ഷേത്രം കാണാം. ഇതാണ്, ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കീഴ്തൃക്കോവിൽ. വളരെ ചെറിയൊരു ക്ഷേത്രമാണിത്. ശ്രീകോവിലും മണ്ഡപവും പ്രദക്ഷിണവഴിയും മാത്രമാണ് ഇവിടെയുള്ളത്. ശ്രീകോവിൽ സാമാന്യം വലുതാണ്. രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലാണിത്. അതിമനോഹരമായ ചിത്രപ്പണികളോടും ശില്പവിദ്യയോടും കൂടിയ ഈ ശ്രീകോവിൽ ദ്വിബാഹുവായ ബാലസുബ്രഹ്മണ്യസ്വാമിയാണ് കീഴ്തൃക്കോവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. ഏറെക്കാലം ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം 2015-ലാണ് നന്നാക്കിയത്. ഉത്സവക്കാലത്ത് ഇവിടെയും കൊടിയേറ്റമുണ്ട്. മൂന്നാം ദിവസമാണ് ഇവിടെ കൊടിയേറ്റം. സ്ഥിരം കൊടിമരം ഇവിടെയില്ലാത്തതിനാൽ താൽക്കാലികമായി അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയാണ് പതിവ്. ഇപ്പോൾ സ്ഥിരം കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. കീഴ്തൃക്കോവിലിനടുത്തുള്ള ഒരു ആൽത്തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായ വാസുകി, പരിവാരങ്ങളായ നാഗയക്ഷി, നാഗചാമുണ്ഡി, നാഗകന്യക, ചിത്രകൂടം തുടങ്ങിയവർക്കൊപ്പം കുടികൊള്ളുന്നതാണ് ഇവിടത്തെ പ്രതിഷ്ഠ. എല്ലാമാസവും ആയില്യം നാളിൽ ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്; കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയും.
മതിലകം
[തിരുത്തുക]കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണിത്. ചോറൂൺ, തുലാഭാരം, ഭജന തുടങ്ങിയവ നടത്തുന്നത് ഈ ആനക്കൊട്ടിലിലാണ്. ആറാനകളെ എഴുന്നള്ളിച്ച് നിർത്താൻ സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിന് തെക്കുഭാഗത്താണ് കൂത്തമ്പലം പണിതിരിയ്ക്കുന്നത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം എന്നിവിടങ്ങളിലെ കൂത്തമ്പലങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ കൂത്തമ്പലമാണ് ഹരിപ്പാട്ടേത്. വിശേഷദിവസങ്ങളിൽ ഇവിടെ കൂത്തും കൂടിയാട്ടവും പതിവുണ്ട്. ആനക്കൊട്ടിലും കൂത്തമ്പലവും ശില്പകലാവൈദഗ്ദ്ധ്യം കൊണ്ട് സമ്പന്നമാണ്. സ്കന്ദപുരാണം, ശ്രീമദ് ഭാഗവതം, രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളിൽ നിന്നുള്ള രംഗങ്ങൾ ഇവിടെ മനോഹരമായി ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പതിനാറുകൈകളോടുകൂടിയ ദുർഗ്ഗാദേവി, ആറുമുഖങ്ങളോടുകൂടിയ സുബ്രഹ്മണ്യസ്വാമി, ശ്രീകൃഷ്ണലീലകൾ, ഹനുമാൻ ലങ്കയിലേയ്ക്ക് ചാടുന്നത് എന്നിവ സവിശേഷപ്രാധാന്യമർഹിയ്ക്കുന്നു. കൂത്തമ്പലത്തിനകത്ത് ഒരു തൂണിൽ യക്ഷി കുടികൊള്ളുന്നു. ഈ യക്ഷിയെ ക്ഷേത്രത്തിലെ ഉപദേവതയായി ആചരിച്ചുവരുന്നു.
ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും ഉയരം കൂടിയ സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം നൂറടി ഉയരം വരും ഈ കൊടിമരത്തിന്. ഒരിയ്ക്കൽ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായപ്പോൾ രക്ഷപ്പെട്ട ഈ കൊടിമരം പിന്നീട് പുനഃപ്രതിഷ്ഠിയ്ക്കുകയായിരുന്നുവത്രേ! കൊടിമരത്തിനപ്പുറത്താണ് ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. നല്ല വലിപ്പമുള്ള ബലിക്കല്ലാണിത്. അതിനാൽ, പുറത്തുനിന്നുനോക്കുമ്പോൾ വിഗ്രഹം കാണാൻ കഴിയില്ല. പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിയ ഈ ബലിക്കല്ലിന് പീഠമുൾപ്പെടേ ഏകദേശം പത്തടി ഉയരം വരും. ഏണിചാരിനിന്നാണ് ബലിതൂകുന്നത്. ബലിക്കൽപ്പുരയുടെ പ്രവേശനകവാടത്തിനുമുകളിൽ മയിൽവാഹനനായ സുബ്രഹ്മണ്യസ്വാമിയുടെ രൂപം കാണാം. ബലിക്കൽപ്പുരയുടെ തെക്കുവശത്ത്, കൂത്തമ്പലത്തിനോടുചേർന്ന് ഒരു ഗണപതിപ്രതിഷ്ഠ കാണാം. അരയടി മാത്രം ഉയരം വരുന്ന ഒരു കൊച്ചുവിഗ്രഹമാണ് ഇവിടെ ഗണപതിഭഗവാന്റേത്. വലത്തോട്ട് തുമ്പിക്കൈ നീട്ടിയിരിയ്ക്കുന്ന ഗണപതിയുടെ നാല് കൈകളിൽ മഴു, കയർ, മോദകം, അനുഗ്രഹമുദ്ര എന്നിവ കാണാം. ഇവിടെ പൂജ നടത്തുന്നത് തമിഴ് ബ്രാഹ്മണരാണ്.
ക്ഷേത്രമതിലകത്ത് തെക്കുകിഴക്കേമൂലയിൽ അടച്ചിട്ട പ്രദക്ഷിണവഴിയോടുകൂടി ഒരു ചെറിയ ശ്രീകോവിൽ കാണാം. ശ്രീകൃഷ്ണഭഗവാനാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ. തിരുവമ്പാടി ക്ഷേത്രം എന്ന് ഈ ശ്രീകോവിൽ അറിയപ്പെടുന്നു. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ, അടച്ചിട്ട പ്രദക്ഷിണവഴി ഗോശാലയായി സങ്കല്പിയ്ക്കപ്പെടുന്നു. പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്ന ഭഗവാന്റെ വിഗ്രഹം വലതുകയ്യിൽ കാലിക്കോലും ഇടതുകയ്യിൽ ഓടക്കുഴലുമേന്തിയ രൂപത്തിലാണ്. ഉത്സവക്കാലത്ത് ഇവിടെയും കൊടിയേറ്റമുണ്ട്. അഞ്ചാം ഉത്സവത്തിനാണ് ഇവിടെ കൊടിയേറ്റമുള്ളത്. സ്ഥിരം കൊടിമരം ഇവിടെയില്ലാത്തതിനാൽ താൽക്കാലികമായി അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയാണ് പതിവ്. ഇപ്പോൾ സ്ഥിരം കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി മറ്റൊരു ചെറിയ ശ്രീകോവിലുണ്ട്. അയ്യപ്പസ്വാമിയാണ് ഇവിടെ പ്രതിഷ്ഠ. ശബരിമലയിലേതുപോലെത്തന്നെയാണ് ഇവിടെയും അയ്യപ്പന്റെ വിഗ്രഹം. ക്ഷേത്രത്തിൽ ആദ്യം പ്രതിഷ്ഠിയ്ക്കേണ്ടിരിയുന്നത് ഈ അയ്യപ്പനെയാണെന്ന് ഐതിഹ്യമുള്ളതിനാൽ ഈ പ്രതിഷ്ഠയ്ക്കും സവിശേഷപ്രാധാന്യമുണ്ട്. ചിത്തിര ഉത്സവത്തിന് സുബ്രഹ്മണ്യസ്വാമിയ്ക്കൊപ്പം അയ്യപ്പനെയും എഴുന്നള്ളിയ്ക്കാറുണ്ട്. ശ്രീകോവിലിനുമുന്നിൽ ഒരു മുഖപ്പുണ്ട്. ഇവിടെയാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം.
ക്ഷേത്രമതിലകത്ത് അങ്ങിങ്ങായി നിരവധി മരങ്ങൾ തഴച്ചുവളരുന്നത് കാണാം. 2013-ൽ ഹരിപ്പാട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഇവിടെ ഒരു നക്ഷത്രവനം പണിതിരിന്നു. 'ശരവണഭവ നക്ഷത്രവനം' എന്നറിയപ്പെടുന്ന ഈ നക്ഷത്രവനത്തിൽ 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങളെ ഭക്തിപുരസ്സരം പൂജിച്ചുവരുന്നുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഗോപുരത്തിന്റെ ഇരുവശത്തുമായി പഴയകാല പത്തായപ്പുരമാളികയും മതപഠനകേന്ദ്രങ്ങളും കാണാം. ഇരുനിലകളോടുകൂടിയ പത്തായപ്പുര ക്ഷേത്രത്തിന്റെ ഗതകാലപ്രൗഢി വിളിച്ചുണർത്തുന്നു. വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുര കാണാം. സാമാന്യം വലുപ്പമുള്ള ഊട്ടുപുരയാണിത്. പണ്ടുകാലത്ത് സ്ഥിരം ഇവിടെ ഊട്ടുണ്ടാകുമായിരുന്നു. ഇന്ന് വിശേഷദിവസങ്ങളിൽ മാത്രമേ ഊട്ടുള്ളു. വടക്കുകിഴക്കുഭാഗത്താണ് പ്രസിദ്ധമായ മയിൽക്കൂടുള്ളത്. ഭക്തർ ക്ഷേത്രത്തിലേയ്ക്ക് സമർപ്പിയ്ക്കുന്ന മയിലുകൾ ഇവിടെ വളരുന്നു. ഇവിടെ മുമ്പുണ്ടായിരുന്ന മയിൽ 2017 ഒക്ടോബർ 18-ന് ചത്തുപോയി. പകരം ഇവിടെ നടയ്ക്കിരുത്തപ്പെട്ട മയിൽ ഇതുവരെ ബാല്യം വിട്ടിട്ടില്ല. ഇവിടത്തെ മയിലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഹരിപ്പാട് സ്വദേശി കൂടിയായിരുന്ന കേരള കാളിദാസൻ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ പ്രസിദ്ധമായ മയൂരസന്ദേശം എന്ന കാവ്യം രചിച്ചത്. മറ്റൊരു ഹരിപ്പാട്ടുകാരനായ ശ്രീകുമാരൻ തമ്പിയും ഈ മയിലിനെക്കുറിച്ച് പാട്ടുകളെഴുതിയിട്ടുണ്ട്.
ശ്രീകോവിൽ
[തിരുത്തുക]ചെമ്പുമേഞ്ഞ, അസാമാന്യ വലിപ്പമുള്ള വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഏകദേശം 150 അടി ചുറ്റളവുണ്ടാകും. ഇതിന്റെ മേൽക്കൂരയിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. ശ്രീകോവിലിനകത്ത് രണ്ടാമത്തെ മുറിയാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയിലധികം ഉയരമുള്ള ചതുർബാഹുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നു. അത്യുഗ്രമൂർത്തിയായ ദേവസേനാപതിയായാണ് പ്രതിഷ്ഠാസങ്കല്പം. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹമാണിത്. എന്നാൽ, വിഗ്രഹം സുബ്രഹ്മണ്യന്റേതാണെന്ന് ഉറപ്പിച്ചുപറയാനും വയ്യ. കാരണം, പുറകിലെ കൈകളിൽ ശംഖചക്രങ്ങളും, മുന്നിലെ ഇടതുകയ്യിൽ ഗദയും, വലത്തേ ചുമലിൽ വേലും, ഇടത്തേ ചുമലിൽ ത്രിശൂലവും കാണാം. ത്രിശൂലത്തിൽ ഉടുക്ക് കെട്ടിവച്ചിട്ടുമുണ്ട്. കൂടാതെ, ശിരസ്സിൽ ചന്ദ്രക്കലയുമുണ്ട്. ഇതിന് കാരണമായി പറയപ്പെടുന്നത് ആദ്യസങ്കല്പം മഹാവിഷ്ണുവായിട്ടായിരുന്നു എന്നാണ്. 'ഹരിപ്പാട്' എന്ന പേരിൽ മഹാവിഷ്ണുവിന്റെ പര്യായനാമമായ 'ഹരി' ഉള്ളത് ഈ വാദത്തെ ബലപ്പെടുത്തുന്നു. ശൈവ-വൈഷ്ണവ സംഘട്ടനങ്ങൾ വ്യാപകമായിരുന്ന കാലത്ത് വൈഷ്ണവരിൽ നിന്ന് ക്ഷേത്രം പിടിച്ചടക്കിയ ശൈവർ, വിഗ്രഹത്തിലെ ശംഖചക്രങ്ങൾ മറയ്ക്കുകയും ചാർത്തിയിരുന്ന ഗോപിക്കുറിയും ആഭരണങ്ങളും ഊരിമാറ്റുകയും ചെയ്തു. തുടർന്ന്, വിഗ്രഹത്തിൽ കൃത്രിമമായി മൂന്നാം കണ്ണും ഭസ്മക്കുറിയും ചാർത്തുകയും, സ്വർണ്ണക്കിരീടം മാറ്റി ജടാമകുടമാക്കുകയും വിഗ്രഹത്തിൽ ത്രിശൂലം ഘടിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് വന്ന കൗമാരവിശ്വാസികൾ (സുബ്രഹ്മണ്യഭക്തർ) വിഗ്രഹത്തിൽ നിന്ന് ത്രിശൂലം മാറ്റുകയും വേൽ ഘടിപ്പിയ്ക്കുകയും ചെയ്തു. നെറ്റിയിൽ നിന്ന് മൂന്നാം കണ്ണ് എടുത്തുമാറ്റി. ഇങ്ങനെ പോകുന്നു കഥ. സംഗതി എന്തായാലും മൂന്നുകൂട്ടരെയും തൃപ്തിപ്പെടുത്താൻ ഇവയെല്ലാം ഒരുമിച്ച് ചാർത്താൻ തുടങ്ങി എന്നാണ് കഥയുടെ അവസാനം. ഈ സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ഷേത്രത്തിൽ മൂന്ന് ഉത്സവങ്ങൾ തുടങ്ങിയതും ഇപ്പോഴും നടത്തിപ്പോരുന്നതും. മേടമാസത്തിലെ വിഷു-പത്താമുദയം ഉത്സവം സുബ്രഹ്മണ്യനെയും ചിങ്ങമാസത്തിലെ ഓണം ഉത്സവം വിഷ്ണുവിനെയും ധനുമാസത്തിലെ തിരുവാതിര ഉത്സവം ശിവനെയും പ്രതിനിധീകരിയ്ക്കുന്നു. എങ്കിലും, സുബ്രഹ്മണ്യഭാവത്തിന് പ്രാധാന്യമുള്ളതിനാൽ മേടമാസത്തിലെ ഉത്സവമാണ് പ്രധാനം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ച ശിവപാർവ്വതീപുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യസ്വാമി, ത്രിമൂർത്തികളുടെ തേജസ്സോടെ ശ്രീലകത്ത് വാഴുന്നു.
ശ്രീകോവിൽ മനോഹരമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. സുബ്രഹ്മണ്യകഥകളും ദശാവതാരങ്ങളുമടക്കം എണ്ണിയാൽ തീരാത്ത പുരാണസംഭവങ്ങൾ ഇവിടെ ചിത്ര-ശില്പരൂപങ്ങളിൽ പുനർജന്മമെടുത്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഇടനാഴിയിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയും ഗണപതിയും കുടികൊള്ളുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവേ അപൂർവ്വമാണ് ദക്ഷിണാമൂർത്തിയും ഗണപതിയും ഒന്നിച്ചുള്ള പ്രതിഷ്ഠ. അവയിൽ അധികവും തെക്കൻ കേരളത്തിലാണ്. സാധാരണയായി ദക്ഷിണാമൂർത്തിപ്രതിഷ്ഠ ശിവക്ഷേത്രങ്ങളിലാണ് കാണപ്പെടാറുള്ളത്. ശിവന്റെ സന്ന്യാസരൂപമായ ദക്ഷിണാമൂർത്തി, ഹരിപ്പാട്ടെ ശിവസാന്നിദ്ധ്യത്തിന്റെ മറ്റൊരു പ്രതീകമായി കണക്കാക്കപ്പെടുന്നു. ഗണപതിപ്രതിഷ്ഠ ദക്ഷിണാമൂർത്തിയുടെ വലതുവശത്താണ്. ചെറിയൊരു ശിവലിംഗമാണ് ദക്ഷിണാമൂർത്തിയുടേത്. ഗണപതിവിഗ്രഹം സാധാരണപോലെ. വടക്കുവശത്ത്, വ്യാളീമുഖത്തോടുകൂടിയ ഓവുണ്ട്. ഭഗവാന് അഭിഷേകം ചെയ്യുന്ന ജലവും പാലും ഇതിലൂടെ ഒഴുകിപ്പോകുന്നു.
നാലമ്പലം
[തിരുത്തുക]ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. അകത്തേയ്ക്കുള്ള വഴിയുടെ ഇരുവശത്തുമായി വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് നിത്യേനയുള്ള വിശേഷാൽ പൂജകളും ഗണപതിഹോമമടക്കമുള്ള ഹോമങ്ങളും നടത്തിവരുന്നത്. ഇവിടെ പ്രതീകാത്മകമായി ഗണപതിയുടെ ഒരു ചിത്രവും കാണാം. വടക്കേ വാതിൽമാടത്തിലാണ് വാദ്യമേളങ്ങൾ നടത്തുന്നത്. പൂജാസമയമൊഴികെയുള്ളപ്പോൾ ഇവിടെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. ഇവയാണ് എടുത്തുപറയേണ്ട പ്രത്യേകതകൾ.
ശ്രീകോവിലിനുചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി/ബ്രഹ്മാണി, മഹേശ്വരി,കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), ദുർഗ്ഗാദേവി (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ - ഇവിടെ ധൂർത്തസേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭാവങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ, അവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.
നമസ്കാരമണ്ഡപം
[തിരുത്തുക]ശ്രീകോവിലിന്റെ നേരെമുന്നിൽ ദീർഘചതുരാകൃതിയിൽ നമസ്കാരമണ്ഡപമുണ്ട്. അതിവിശാലമായ മണ്ഡപമാണിത്. പതിനാറ് കാലുകളുള്ള ഈ മണ്ഡപത്തിൽ ഏകദേശം അഞ്ഞൂറിലധികം കലശം വച്ച് പൂജിയ്ക്കാനുള്ള സൗകര്യമുണ്ട്. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിരിയ്ക്കുന്നു. മുകളിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. ഇതിന്റെ ഒരറ്റത്ത്, ഭഗവദ്വാഹനമായ മയിലിന്റെ ഒരു ശില്പം കാണാം. മയിലിനെ തൊഴുതുവേണം ഭഗവാനെ തൊഴാൻ എന്നാണ് ചിട്ട. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളും തൂണുകളിൽ ദേവരൂപങ്ങളും മറ്റും കാണാം. ഉത്സവക്കാലത്ത് ഇവിടെ വച്ചാണ് കലശപൂജയും മറ്റും നടക്കുന്നത്.
പ്രധാനമൂർത്തി
[തിരുത്തുക]ശ്രീ ഹരിപ്പാട്ടപ്പൻ/ഹരിഗീതപുരേശൻ (സുബ്രഹ്മണ്യൻ)
[തിരുത്തുക]ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഹരിഗീതപുരേശനായി ആരാധിയ്ക്കപ്പെടുന്നത്. ആറടിയിലധികം ഉയരം വരുന്ന ഹരിഗീതപുരേശന്റെ ശിലാവിഗ്രഹം, കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹമാണ്. അതേ സമയം, വിഗ്രഹത്തിൽ ശൈവ-വൈഷ്ണവ ചൈതന്യങ്ങളും ശക്തമായി സങ്കല്പിച്ചുവരുന്നു എന്നത് ശ്രദ്ധേയമാണ്. വിഗ്രഹം പൂർണ്ണമായി സുബ്രഹ്മണ്യന്റേതാണെന്ന് ഉറപ്പിയ്ക്കാനും സാധിയ്ക്കില്ല. കാരണം, പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും മുന്നിലെ ഇടതുകയ്യിൽ തലകീഴായി ഗദയും കാണാം. ഇത് വൈഷ്ണവഭാവം സൂചിപ്പിയ്ക്കുന്നു. കൂടാതെ, ഇടത്തേ ചുമലിൽ തൂക്കിയ ത്രിശൂലവും ശിരസ്സിലെ ചന്ദ്രക്കലയും ശൈവഭാവവും സൂചിപ്പിയ്ക്കുന്നു. വലത്തേ ചുമലിലുള്ള വേലാണ് സുബ്രഹ്മണ്യഭാവം കാണിയ്ക്കുന്നത്. ആദ്യം വിഷ്ണുവായി സങ്കല്പിയ്ക്കപ്പെട്ടിരുന്ന ഭഗവാനെ, പിന്നീട് ശിവനും ഒടുവിൽ ശിവപുത്രനായ സുബ്രഹ്മണ്യനുമാക്കുകയായിരുന്നു എന്നാണ് കഥ. ദേവസേനാപതിയുടെ ഭാവത്തിൽ, ത്രിമൂർത്തികളുടെ ചൈതന്യത്തോടെ വിളങ്ങുന്ന സുബ്രഹ്മണ്യന്റെ ഭാവമാണ് പ്രതിഷ്ഠയ്ക്കുള്ളതെന്ന് ഇന്ന് വിശ്വസിച്ചുവരുന്നു. കിഴക്കോട്ട് ദർശനമായാണ് ഹരിഗീതപുരേശൻ ശ്രീകോവിലിൽ കുടികൊള്ളുന്നത്. ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമിയ്ക്ക് പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം, ഷഡാഭിഷേകം, അഷ്ടാഭിഷേകം, നാരങ്ങാമാല ചാർത്തൽ, ഇടിച്ചുപിഴിഞ്ഞ പായസം, തുലാപ്പായസം, കളഭാഭിഷേകം, വെടിവഴിപാട് തുടങ്ങിയവയാണ് ഹരിഗീതപുരേശന്റെ പ്രധാന വഴിപാടുകൾ. എല്ലാമാസവും വെളുത്ത ഷഷ്ഠി നാളിൽ ഷഷ്ഠി ഊട്ടും പതിവുണ്ട്.
ഉപദേവതകൾ
[തിരുത്തുക]ഗണപതി
[തിരുത്തുക]മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹരിപ്പാട് ക്ഷേത്രത്തിൽ രണ്ടിടത്ത് ഗണപതിപ്രതിഷ്ഠകൾ കാണാൻ സാധിയ്ക്കും. ഒന്ന്, പ്രധാന ശ്രീകോവിലിന്റെ തെക്കുഭാഗത്തും മറ്റേത് ബലിക്കൽപ്പുരയുടെ തെക്കുഭാഗത്തുമായാണ്. ആദ്യത്തെ ഗണപതിപ്രതിഷ്ഠ തെക്കോട്ടും രണ്ടാമത്തെ ഗണപതിപ്രതിഷ്ഠ കിഴക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. രണ്ട് വിഗ്രഹങ്ങൾക്കും രണ്ടടി വീതം ഉയരം വരും. സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ രൂപഭാവങ്ങളാണ് രണ്ടിനും. രണ്ടാമത്തെ ഗണപതിയെ പൂജിയ്ക്കുന്നത് തമിഴ് ബ്രാഹ്മണരാണെന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. ഗണപതിഹോമം, കറുകമാല, നാരങ്ങാമാല, അപ്പം, അട, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ.
ദക്ഷിണാമൂർത്തി
[തിരുത്തുക]പ്രധാന ശ്രീകോവിലിന്റെ തെക്കേ നടയിലെ ഇടനാഴിയിൽ, ഗണപതിയോടൊപ്പമാണ് ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ചെറിയൊരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഹരിപ്പാട്ടെ ശൈവസാന്നിദ്ധ്യത്തിന് ഉപോദ്ബലകമാണ് ഇവിടെയുള്ള ദക്ഷിണാമൂർത്തിപ്രതിഷ്ഠ. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്ക് നടത്താവുന്നതാണ്.
അയ്യപ്പൻ
[തിരുത്തുക]നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, പ്രദക്ഷിണവഴിയ്ക്കകത്തുതന്നെ പണികഴിപ്പിച്ചിട്ടുള്ള ചെറിയൊരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം രണ്ടടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ അയ്യപ്പന്. ഐതിഹ്യമനുസരിച്ച് ആദ്യം ഇവിടെ പ്രതിഷ്ഠിയ്ക്കേണ്ടിയിരുന്നത് ഈ അയ്യപ്പനെയാണ്. തന്മൂലം, സവിശേഷപ്രാധാന്യം ഈ പ്രതിഷ്ഠയ്ക്കുണ്ട്. അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിൽ മുഖപ്പുണ്ട്. ഇവിടെവച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം, നെയ്യഭിഷേകം, പുഷ്പാഭിഷേകം, എള്ളുപായസം തുടങ്ങിയവയാണ് അയ്യപ്പന് പ്രധാന വഴിപാടുകൾ. മണ്ഡലകാലത്ത് ദിവസവും ഇവിടെ അയ്യപ്പൻപാട്ടും പതിവുണ്ട്.
ഗോശാലകൃഷ്ണൻ
[തിരുത്തുക]നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിൽ, അടച്ചിട്ട പ്രദക്ഷിണവഴിയോടെ നിർമ്മിച്ച ശ്രീകോവിലിലാണ് ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠയെ സങ്കല്പിയ്ക്കുന്നത്. മൂന്നടി ഉയരം വരുന്ന കൃഷ്ണവിഗ്രഹം, പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. 'തിരുവമ്പാടി ക്ഷേത്രം' എന്നറിയപ്പെടുന്ന ഈ ഉപക്ഷേത്രത്തിലും ഉത്സവക്കാലത്ത് കൊടിയേറ്റമുണ്ട്. തന്മൂലം, ഈ പ്രതിഷ്ഠയ്ക്കും നല്ല പ്രാധാന്യമുണ്ട്. പാൽപ്പായസം, വെണ്ണ, അവിൽ, തുളസിമാല തുടങ്ങിയവയാണ് ശ്രീകൃഷ്ണന് പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണി ദിവസം ചില വിശേഷാൽ പൂജകളുമുണ്ടാകാറുണ്ട്.
നാഗദൈവങ്ങൾ
[തിരുത്തുക]ക്ഷേത്രമതിലിനുപുറത്ത് തെക്കുഭാഗത്ത്, മൂലക്ഷേത്രത്തിനടുത്തുള്ള ആൽത്തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകി കുടികൊള്ളുന്ന ഈ തറയിൽ, സമീപം നാഗയക്ഷിയടക്കമുള്ള പരിവാരങ്ങളുമുണ്ട്. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും പതിവാണ്. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ.
കുരുതികാമൻ
[തിരുത്തുക]ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുകിഴക്കുഭാഗത്ത്, പെരുംകുളത്തിന്റെ തെക്കേക്കരയിൽ പ്രത്യേകം തീർത്ത തറയിലാണ് കുരുതികാമന്റെ പ്രതിഷ്ഠ. ഇതൊരു ശാക്തേയദേവതയാണ്. മഹാദേവന്റെ ഒരു വകഭേദമായാണ് ഇതിനെ കണ്ടുവരുന്നത്. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഗുരുതിപൂജ പ്രധാനമാണ് ഈ ദേവതയ്ക്ക്. വർഷത്തിലൊരിയ്ക്കൽ നടക്കുന്ന കുരുതി ഒഴിച്ചുനിർത്തിയാൽ കുരുതികാമന് വിശേഷാൽ പൂജകളോ വഴിപാടുകളോ ഇല്ല.
പഞ്ചമീദേവി
[തിരുത്തുക]കുരുതികാമന്റെ സമീപമാണ് മറ്റൊരു ശാക്തേയദേവതയായ പഞ്ചമീദേവിയുടെയും പ്രതിഷ്ഠ. സപ്തമാതൃക്കളിലൊരാളായ വരാഹിയെയാണ് പഞ്ചമിയായി ആരാധിയ്ക്കുന്നത്. ഈ ദേവിയ്ക്കും വർഷത്തിലൊരിയ്ക്കൽ നടക്കുന്ന ഗുരുതിപൂജയൊഴിച്ചുനിർത്തിയാൽ വിശേഷാൽ പൂജകളോ വഴിപാടുകളോ ഇല്ല.
യക്ഷിയമ്മ
[തിരുത്തുക]ക്ഷേത്രത്തിലെ കൂത്തമ്പലത്തിലുള്ള ഒരു തൂണിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. സുന്ദരയക്ഷീരൂപത്തിലാണ് ഇവിടെ യക്ഷിയമ്മയെ ആവിഷ്കരിച്ചിരിയ്ക്കുന്നത്. കണ്ണാടിയിൽ നോക്കുന്ന ഒരു സ്ത്രീയായാണ് രൂപം. യക്ഷിയമ്മയ്ക്ക് കരിവളയും ചാന്തും നൽകുന്നതും വറപൊടി നേദിയ്ക്കുന്നതുമാണ് പ്രധാനം.
ക്ഷേത്ര ആചാരങ്ങൾ
[തിരുത്തുക]നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം.
രാവിലത്തെ പൂജാക്രമങ്ങൾ
[തിരുത്തുക]പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടെയും ഏഴുതവണയുള്ള ശംഖുവിളിയോടെയും തവിൽ, നാദസ്വരം തുടങ്ങിയ വാദ്യങ്ങളോടെയും ഭഗവാനെ പള്ളിയുണർത്തിയശേഷം നാലുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം തലേദിവസത്തെ ആടയാഭരണങ്ങൾ ചാർത്തി നടത്തുന്ന നിർമ്മാല്യദർശനമാണ്. നിർമ്മാല്യത്തിനുശേഷം വിഗ്രഹത്തിൽ എണ്ണ, ജലം, വാകപ്പൊടി മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിയ്ക്കുന്നു. മലർ നിവേദ്യമാണ് അടുത്ത ചടങ്ങ്. അപ്പോഴേയ്ക്കും സമയം അഞ്ചുമണിയാകും. മലർനിവേദ്യത്തിനുശേഷം ഉഷഃപൂജയാണ്. ഇതിന് അടച്ചുപൂജയുണ്ട്. നെയ്പായസവും വെള്ളനിവേദ്യവുമാണ് ഈ സമയത്ത് ഭഗവാന്റെ നിവേദ്യം. പിന്നീട് സൂര്യോദയസമയത്ത് എതിരേറ്റുപൂജ. ഇത് ഉപദേവതകൾക്ക് നിവേദ്യം സമർപ്പിച്ചുകൊണ്ടുള്ള പൂജയാണ്. ഇതേസമയത്ത് തന്നെയാണ് ക്ഷേത്രത്തിലെ മഹാഗണപതിഹോമവും. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ട് കാണുന്നു എന്നാണ് ശീവേലിയുടെ പിന്നിലുള്ള അർത്ഥം. ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തിയും സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പുമായി കീഴ്ശാന്തിയും ശ്രീകോവിലിന് പുറത്തിറങ്ങുന്നു. അകത്തെ ബലിവട്ടത്തുള്ള ഓരോ ബലിക്കല്ലിലും മേൽശാന്തി ബലി തൂകുന്നു. അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, നിർമ്മാല്യധാരി (ഇവിടെ ധൂർത്തസേനൻ), ശാസ്താവ്, അനന്തൻ, ദുർഗ്ഗ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് ബലിക്കല്ലുകളുടെ രൂപത്തിൽ ശ്രീകോവിലിനുചുറ്റുമുള്ളത്. തുടർന്ന് പുറത്തിറങ്ങിയശേഷം പ്രദക്ഷിണവഴിയിലൂടെ മൂന്നുതവണ പ്രദക്ഷിണം വച്ച് പുറത്തെ ബലിക്കല്ലുകളിലും ബലിതൂകുന്നു. തുടർന്ന് വലിയ ബലിക്കല്ലിലും ബലിതൂകി തിരിച്ചുപോകുന്നു.
ശീവേലി കഴിഞ്ഞാൽ പാൽ, ഇളനീർ, പനിനീർ, കളഭം, കുങ്കുമം, ഭസ്മം മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. തുടർന്ന് ഒമ്പത് വെള്ളിക്കുടങ്ങളിൽ തീർത്ഥജലം നിറച്ചുവച്ച് അവ മണ്ഡപത്തിൽവച്ച് പൂജിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് "നവകാഭിഷേകം". ഇത് നിത്യേന നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് ക്ഷേത്രം. തുടർന്ന് എട്ടുമണിയ്ക്ക് പന്തീരടിപൂജ നടക്കുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നുപറയുന്നത്. പന്തീരടിപൂജ കഴിഞ്ഞാൽ പത്തുമണിയോടുകൂടി പഞ്ചഗവ്യാഭിഷേകം തുടങ്ങുന്നു. പാൽ, നെയ്യ്, ചാണകം, ഗോമൂത്രം, തൈര് എന്നിവ നിശ്ചിതമായ ഒരളവിൽ ചേർത്തുണ്ടാക്കുന്നതാണ് പഞ്ചഗവ്യം. ഇതും അപൂർവ്വം ചില ക്ഷേത്രങ്ങളിലേ നിത്യേന അഭിഷേകം ചെയ്യാറുള്ളൂ. തുടർന്ന് പത്തരയോടെ ഉച്ചപൂജ തുടങ്ങുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പ്രധാന നിവേദ്യമായ തുലാപായസം ഈ സമയത്താണ് നേദിയ്ക്കുന്നത്. ഉച്ചപൂജയ്ക്കുശേഷം പതിനൊന്നരയോടെ ഉച്ചശീവേലി. എതിരേറ്റുശീവേലിയുടെ അതേ ചടങ്ങുകൾ തന്നെയാണ് ഉച്ചശീവേലിയ്ക്കും. ഉച്ചശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നടയടയ്ക്കുന്നു.
വൈക്കീട്ടത്തെ പൂജാക്രമങ്ങൾ
[തിരുത്തുക]വൈകീട്ട് നാലരമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. ക്ഷേത്രത്തിൽ കർപ്പൂരം കത്തിച്ചുള്ള ആരാധന നടക്കുന്നത് ഈ സമയത്താണ്. മറ്റുള്ള അവസരങ്ങളിൽ പിടിയോടുകൂടിയ ചെറിയൊരു വിളക്കുമാത്രമേ ഉപയോഗിയ്ക്കൂ. ഈ സമയത്തുതന്നെ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ദീപങ്ങൾ തിരിയിട്ട് കൊളുത്തിവയ്ക്കുന്നു. ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. ദീപാരാധന കഴിഞ്ഞ് നടതുറന്നാൽ തുടർന്ന് രാത്രി ഏഴരയോടെ അത്താഴപൂജ നടത്തുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പാൽപ്പായസവും അപ്പവുമാണ് നിവേദ്യങ്ങൾ. തുടർന്ന് എട്ടുമണിയ്ക്ക് അത്താഴശീവേലി. എതിരേറ്റുശീവേലിയുടെയും ഉച്ചശീവേലിയുടെയും അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. അത്താഴശീവേലി കഴിഞ്ഞ് രാത്രി എട്ടരമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ഉത്സവങ്ങൾ, തൈപ്പൂയം, തൃക്കാർത്തിക, ഷഷ്ഠിവ്രതം, പ്രതിഷ്ഠാദിനം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള അവസരങ്ങളിലും പൂജയ്ക്ക് മാറ്റം വരും. മൂന്ന് ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്തിര ഉത്സവത്തിന്റെ അവസരങ്ങളിൽ ഉഷഃശീവേലി, ശ്രീഭൂതബലി എന്ന പേരിൽ പന്തീരടിപൂജ കഴിഞ്ഞാണ് നടത്താറുള്ളത്. ഇതിന് സാധാരണ ദിവസങ്ങളിലെ ശീവേലിയെക്കാൽ വിസ്തരിച്ചുള്ള ക്രിയകളും ചെണ്ടമേളം, പഞ്ചവാദ്യം തുടങ്ങിയവയോടെയുള്ള എഴുന്നള്ളത്തുകളുമുണ്ടാകും. അത്താഴശീവേലിയാണെങ്കിൽ എട്ടുപ്രദക്ഷിണങ്ങളോടെ വിളക്കെഴുന്നള്ളിപ്പായും നടത്തും. ഈ ദിവസങ്ങളിൽ നവകാഭിഷേകത്തിനുപകരം 25 കലശങ്ങളോടുകൂടിയ അഭിഷേകമാണ് നടത്തുക. തൈപ്പൂയത്തിന് രാത്രി നടയടയ്ക്കാറില്ല. പകരം 24 മണിക്കൂറും അഭിഷേകവും കാവടിയാട്ടവും നടത്തപ്പെടുന്നു. തൃക്കാർത്തികയ്ക്ക് പതിനെട്ട് പൂജകളും മയിൽപ്പുറത്ത് എഴുന്നള്ളിപ്പുമുണ്ടാകും. ഗ്രഹണത്തിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, പിന്നീട് ശുദ്ധിക്രിയ കഴിഞ്ഞേ തുറക്കൂ.
തന്ത്രി, മേൽശാന്തി, കീഴ്ശാന്തിമാർ
[തിരുത്തുക]ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്. അവർ പടിഞ്ഞാറേ പുല്ലാംവഴി, കിഴക്കേ പുല്ലാംവഴി എന്നീ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഋഗ്വേദികളും വസിഷ്ഠമഹർഷിയുടെ ഗോത്രത്തിൽ പെട്ടവരുമായ ഈ രണ്ട് ഇല്ലക്കാരും തുല്യപ്രാധാന്യത്തോടെയാണ് ചുമതലകൾ നിർവഹിയ്ക്കുന്നത്. എന്നാൽ പടിഞ്ഞാറേ പുല്ലാംവഴിക്കാർക്ക് ദേവൻ എന്നൊരു വിശേഷസ്ഥാനപ്പേരുമുണ്ട്. നിത്യവും തന്ത്രിയുടെ വകയായി ഉച്ചപ്പൂജ നടക്കുന്ന ക്ഷേത്രമാണ് ഹരിപ്പാട് ക്ഷേത്രം എന്നൊരു പ്രത്യേകതയുമുണ്ട്. അത് തന്ത്രി മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നാണ് നിയമം. ഒരു കുടുംബത്തിന് പുലയോ വാലായ്മയോ വന്നാൽ മറ്റേ കുടുംബം നിർവഹിയ്ക്കും. രണ്ടുപേർക്കും ഒരുമിച്ച് പുലവാലായ്മകൾ വരുന്ന അപൂർവ്വം അവസരങ്ങളിൽ അമ്പലപ്പുഴയിലുള്ള പ്രസിദ്ധമായ പുതുമന ഇല്ലത്തിനാണ് അവകാശം വരിക. കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള പുല്ലൂർ ഗ്രാമസഭയിൽ നിന്നുള്ള പത്തില്ലത്തിൽ പോറ്റിമാർക്കാണ് മേൽശാന്തിയവകാശം. ഗുരുവായൂർ, ശബരിമല, തുറവൂർ മഹാക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെപ്പോലെ പുറപ്പെടാശാന്തി സമ്പ്രദായം നിലനിൽക്കുന്ന ക്ഷേത്രമാണ് ഹരിപ്പാടും. കൗമാരപ്രായത്തിലുള്ളവരെയാണ് ഇവിടെ ശാന്തിക്കാരായി അവരോധിയ്ക്കാറുള്ളത്. പുറപ്പെടാശാന്തി സമ്പ്രദായമുള്ള മറ്റു ക്ഷേത്രങ്ങളിലേതുപോലെ, തന്ത്രി വകയായി പ്രത്യേക കലശമാടി, മൂലമന്ത്രവും ധ്യാനവും ഗ്രഹിച്ചശേഷമാണ് ഇവിടെയും മേൽശാന്തി സ്ഥാനമേൽക്കുക. കീഴ്ശാന്തിമാർ ദേവസ്വം ബോർഡ് വക നിയമനമാണ്. [1]
വിശേഷദിവസങ്ങൾ
[തിരുത്തുക]ചിത്തിര (മേടം) ഉത്സവം
[തിരുത്തുക]ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളായ മൂന്ന് കൊടിയേറ്റുത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മേടസംക്രമത്തിന് കൊടിയേറി പത്താമുദയത്തിന് ആറാട്ടായി സമാപിയ്ക്കുന്ന ചിത്തിര ഉത്സവം. തമിഴ് കലണ്ടറിലെ ചിത്തിരമാസം മലയാളവർഷത്തിലെ മേടമാസത്തിന് തുല്യമായതുകൊണ്ടാണ് ഇത് 'ചിത്തിര ഉത്സവം' എന്നറിയപ്പെടുന്നത്. ഈ ഉത്സവം സുബ്രഹ്മണ്യന്ന് പ്രാധാന്യം നൽകി ആഘോഷിയ്ക്കുന്നതുകൊണ്ടാണ് ഇതിന് പ്രാധാന്യം ലഭിച്ചത്. ഉത്സവങ്ങളിൽ അങ്കുരാദിമുറയ്ക്ക് (മുളയിട്ട് തുടങ്ങുന്ന മുറ) നടക്കുന്ന ഈ ഉത്സവത്തിന് മുന്നോടിയായി വിശേഷാൽ താന്ത്രികച്ചടങ്ങുകളും ശുദ്ധിക്രിയകളുമുണ്ട്. ഇതിനോടനുബന്ധിച്ച് പ്രധാന കൊടിമരത്തിൽ കൂടാതെ കീഴ്തൃക്കോവിൽ, തിരുവമ്പാടി ക്ഷേത്രങ്ങളിലും കൊടിയേറ്റമുണ്ട്. ഈ ദിവസങ്ങളിൽ ധാരാളം കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറും.
കുട്ട സമർപ്പണം, വിഷുക്കണി ദർശനം, കൊടിയേറ്റം
[തിരുത്തുക]ഒന്നാം ദിവസമായ മേടസംക്രമദിനത്തിൽ വെളുപ്പിന് ഒരുമണിയ്ക്ക് കുട്ടക്കാഴ്ച സമർപ്പണത്തോടെയാണ് ഉത്സവച്ചടങ്ങുകൾ തുടങ്ങുന്നത്. ഹരിപ്പാടിനടുത്ത് കരുവാറ്റയിൽ താമസിയ്ക്കുന്ന കളരിയ്ക്കൽ എന്ന സാംബവകുടുംബത്തിലെ അംഗങ്ങളാണ് ഇത് നടത്തുന്നത്. പരമ്പരാഗതമായി കുട്ട നിർമ്മാതാക്കളായ ഇവർ തങ്ങൾ പുതുതായി നിർമ്മിച്ച കുട്ടകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ഈ കുട്ടകൾ തുടർന്ന് ഉത്സവത്തിന് ഉപയോഗിയ്ക്കുന്നു. കരുവാറ്റയിലെ തിരുവിലഞ്ഞാൽ ദേവീക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. ചുവന്ന പട്ടുടുത്ത്, തലയിൽ പട്ടുതലപ്പാവു കെട്ടി, ചെമ്പുകെട്ടിയ ചൂരൽവടിയും പിടിച്ച് കളരിയ്ക്കൽ കാരണവർ പുറപ്പെടുമ്പോൾ, മൂന്ന് കുടകൾ ഒരുമിച്ചുകൂട്ടി നിർമ്മിച്ച അതിവിചിത്രമായ ഒരു പനയോലക്കുട അദ്ദേഹത്തിന്റെ അനുചരന്മാർ അദ്ദേഹത്തിന് പിടിച്ചുകൊടുക്കുന്നു. ഇതുകൂടാതെ വാദ്യമേളങ്ങളും താലപ്പൊലികളും ഇതിന് മാറ്റുകൂട്ടുന്നു. ഇതിനിടയിൽ നാട്ടുപ്രമാണിയായ കരുവാറ്റ സമുദായത്തിൽ കുറുപ്പിന്റെ തറവാട്ടിലെത്തുന്ന കാരണവർ, കൈശവശമുള്ള രണ്ട് കുട്ടകൾ അദ്ദേഹത്തിന് സമ്മാനിയ്ക്കുന്നു. പകരം കുറുപ്പിൽ നിന്ന് വെളുത്ത മുണ്ട് സ്വീകരിച്ച് കാരണവരുടെ അനുചരന്മാർ അദ്ദേഹത്തിന്റെ തലപ്പാവിനൊപ്പം കെട്ടിക്കൊടുക്കുന്നു. തുടർന്ന് ആഘോഷമായി ഹരിപ്പാട്ട് ക്ഷേത്രത്തിലെത്തുന്ന കുട്ടസംഘം, ക്ഷേത്രപ്രദക്ഷിണം നടത്തി കുട്ടകൾ കൊടിമരച്ചുവട്ടിൽ ഭക്തിപൂർവ്വം സമർപ്പിയ്ക്കുന്നു. തുടർന്ന് ക്ഷേത്രഭാരവാഹികളിൽ നിന്ന് നാമമാത്രമായ പ്രതിഫലം വാങ്ങി അവർ തിരിച്ചുപോകുകയും ചെയ്യുന്നു. അതിനുശേഷം നാലുമണിയ്ക്ക് വിഷുക്കണിദർശനം. കണിവെള്ളരി, കണിക്കൊന്ന, സ്വർണ്ണനാണയം, വാൽക്കണ്ണാടി തുടങ്ങിയ വസ്തുക്കൾക്കിടയിലൂടെ സുബ്രഹ്മണ്യസ്വാമിയെ കണ്ടുതൊഴുത് ഭക്തർ നിർവൃതിയടയുന്നു. തുടർന്ന് ഗണപതിയെയും ദക്ഷിണാമൂർത്തിയെയും വണങ്ങി പ്രദക്ഷിണം പൂർത്തിയാക്കുന്ന ഭക്തർക്ക് മേൽശാന്തിയുടെ വക വിഷുക്കൈനീട്ടവുമുണ്ടാകും. തുടർന്ന് വിശേഷാൽ അഭിഷേകങ്ങളും കാവടിയാട്ടവും പതിവാണ്. അന്നുതന്നെയാണ് ക്ഷേത്രത്തിൽ മുളയിടൽ നടക്കുന്നതും. നാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിൽ പതിനാറ് ഓട്ടുപാത്രങ്ങളിൽ പുറ്റുമണ്ണും മണലും ചാണകപ്പൊടിയും നിറച്ച് അവയിൽ നവധാന്യങ്ങൾ കുഴിച്ചിടുന്നതാണ് ചടങ്ങ്. ആറാട്ട് ദിവസമാകുമ്പോഴേയ്ക്കും ഇവ മുളച്ചിട്ടുണ്ടാകും. അന്ന് രാത്രി എട്ടുമണിയോടെ വൃശ്ചികലഗ്നത്തിൽ ക്ഷേത്രത്തിലെ ഉത്തുംഗമായ സ്വർണ്ണക്കൊടിമരത്തിൽ, വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപത്തിന്റെയും തുടരെത്തുടരെയുള്ള കതിനവെടികളുടെയും അകമ്പടിയോടെ തന്ത്രി കൊടിയേറ്റുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഹരിപ്പാട് ഉത്സവലഹരിയിൽ ആറാടും. വിശേഷാൽ പൂജകളും താന്ത്രികക്രിയകളും കലാപരിപാടികളുമൊക്കെയായി ക്ഷേത്രം മുഴുവൻ ഉത്സവലഹരിയിലമരും.
ദിക്കുകൊടി സ്ഥാപിയ്ക്കലും വേലകളിയും
[തിരുത്തുക]ഉത്സവത്തിന്റെ രണ്ടാം ദിവസം രാവിലെ ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്ന ചടങ്ങുണ്ട്. ഉത്സവത്തിന്റെ നടത്തിപ്പ് ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്. ക്ഷേത്രത്തിൽ കൊടിമരത്തിൽ കയറ്റുന്ന കൊടി പട്ടിൽ തീർത്തതാണെങ്കിൽ ദിക്കുകൊടിയ്ക്കുള്ള കൊടികൾ സാധാരണ തുണിയിൽ തീർത്തതാണ്. കിഴക്കുഭാഗത്ത് ശൂരസേനൻ, തെക്കുകിഴക്കുഭാഗത്ത് ഉഗ്രസേനൻ, തെക്കുഭാഗത്ത് ശിഖിസേനൻ, തെക്കുപടിഞ്ഞാറുഭാഗത്ത് ജഗത്സേനൻ, പടിഞ്ഞാറുഭാഗത്ത് മഹാസേനൻ, വടക്കുപടിഞ്ഞാറുഭാഗത്ത് ചണ്ഡസേനൻ, വടക്കുഭാഗത്ത് കൃതസേനൻ, വടക്കുകിഴക്കുഭാഗത്ത് ക്രൂരസേനൻ എന്നിവരെയാണ് പാർഷദന്മാരായി കണക്കാക്കുന്നത്. ഇവരെ പ്രതിനിധീകരിച്ചാണ് ദിക്കുകൊടികൾ നാട്ടുന്നത്. ക്ഷേത്രം തന്ത്രിയുടെ വകയാണ് ഈ ചടങ്ങ് നടത്തുന്നത്. അന്നുമുതൽ എല്ലാ ദിവസവും രാവിലെയും രാത്രിയും ശ്രീഭൂതബലിയുണ്ടാകും. സാധാരണ ദിവസങ്ങളിൽ നടക്കുന്ന ശീവേലിയുടെ വിസ്തരിച്ച രൂപമാണ് ശ്രീഭൂതബലി. മൃദംഗം, മദ്ദളം തുടങ്ങിയ വാദ്യങ്ങളോട് രൂപസാദൃശ്യമുള്ള മരം എന്ന വാദ്യത്തിൽ പാണികൊട്ടിയാണ് ഈ സമയം ബലിതൂകുന്നത്.
അന്നുമുതൽ തന്നെ ക്ഷേത്രത്തിൽ മുടങ്ങാതെ വേലകളിയുണ്ടാകും. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് നടത്തിവരുന്ന പ്രധാനപ്പെട്ട ഒരു അനുഷ്ഠാനകലയാണ് വേലകളി. ഒമ്പതാം ദിവസം വരെ ഇത് തുടരും. പ്രത്യേകതരത്തിലുള്ള വേഷവിധാനങ്ങളോടെ, കൈകളിൽ വാളും പരിചയും പിടിച്ച്, പ്രത്യേകതാളത്തിൽ പ്രദക്ഷിണം വയ്ക്കുന്നതാണ് ഈ ചടങ്ങ്. മതിൽക്കെട്ടിന് പുറത്ത് തെക്കുകിഴക്കുഭാഗത്തുള്ള കുളത്തിന്റെ കരയിലാണ് ഇത് നടക്കുന്നത്. തന്മൂലം ഈ കുളം, 'വേലകുളം' എന്നറിയപ്പെടുന്നു. കളിക്കാർ പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് ക്ഷേത്രക്കുളത്തിൽ ഇവരുടെ പ്രതിബിംബങ്ങൾ കാണാൻ സാധിയ്ക്കും. കൂടാതെ എല്ലാ ദിവസവും രാത്രി നാദസ്വരസേവയുമുണ്ടാകും. ഇതും തിരുവിതാംകൂർ ഭാഗത്ത് പതിവാണ്. ഈ രണ്ട് അവസരങ്ങളിലും എഴുന്നള്ളത്തിന് സുബ്രഹ്മണ്യസ്വാമിയ്ക്കൊപ്പം സഹോദരനായ അയ്യപ്പസ്വാമിയെയും എഴുന്നള്ളിയ്ക്കുന്നുണ്ടാകും. നാദസ്വരസേവ കഴിഞ്ഞാൽ കൊട്ടിപ്പാടിസേവയുമുണ്ടാകും. പ്രശസ്തരായ സോപാനസംഗീതകലാകാരന്മാർ ഇടയ്ക്ക കൊട്ടി അഷ്ടപദി പാടുന്നതാണ് ഈ ചടങ്ങ്. ഇതുകഴിഞ്ഞാൽ അത്താഴപ്പൂജയും ശ്രീഭൂതബലിയും നടക്കുന്നു.
കീഴ്തൃക്കോവിൽ, തിരുവമ്പാടി കൊടിയേറ്റങ്ങൾ
[തിരുത്തുക]ഉത്സവത്തിന്റെ മൂന്നാം ദിവസം രാത്രിയിലാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കീഴ്തൃക്കോവിലിൽ കൊടികയറ്റുന്നത്. പ്രധാന ക്ഷേത്രത്തിൽ കൊടിയേറ്റത്തിന് നടക്കുന്ന എല്ലാ ചടങ്ങുകളും ഇതിനുമുണ്ടാകും. സ്ഥിരം കൊടിമരമില്ല എന്നത് മാത്രമാണ് വ്യത്യാസം. പകരം, അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് താത്കാലികമായ കൊടിമരം പ്രതിഷ്ഠിയ്ക്കുകയാണ് പതിവ്. കീഴ്തൃക്കോവിലിൽ കൊടികയറിക്കഴിഞ്ഞാൽ ഇവിടെയുള്ള ബാലസുബ്രഹ്മണ്യനും പ്രധാനദേവന്നും അയ്യപ്പന്നുമൊപ്പം എഴുന്നള്ളത്തിൽ കൂടും. അഞ്ചാം ദിവസം രാത്രിയിൽ തിരുവമ്പാടിയിലും ഇതേ പോലെ കൊടിയേറ്റമുണ്ടാകും. തുടർന്ന് തിരുവമ്പാടിക്കണ്ണനും എഴുന്നള്ളത്തിലുണ്ടാകും. ഇതിനുശേഷമുള്ള എഴുന്നള്ളത്തുകൾ അതിമനോഹരമായ കാഴ്ചയാണ്. നാലു ദേവന്മാരും നാല് ആനകളുടെ പുറത്തേറി എഴുന്നള്ളുന്ന കാഴ്ച ഈ ക്ഷേത്രത്തിലെ പ്രത്യേകതകളിലൊന്നാണ്. ഉത്സവത്തിനിടയിലെ പ്രധാന ദിവസമായ ഒമ്പതാമുത്സവത്തിന്, സമീപക്ഷേത്രങ്ങളായ തൃപ്പക്കുടം മഹാദേവക്ഷേത്രം, തിരുവിലഞ്ഞാൽ ദേവീക്ഷേത്രം, കന്യാട്ടുകുളങ്ങര ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ദേവീദേവന്മാരും ഹരിപ്പാട്ടേയ്ക്ക് എഴുന്നള്ളാറുണ്ട്. ഇവരിൽ തൃപ്പക്കുടത്തപ്പൻ ഹരിപ്പാട്ടപ്പന്റെ പിതാവും, തിരുവിലഞ്ഞാലമ്മ സഹോദരിയും കന്യാട്ടുകുളങ്ങരയമ്മ ഭാര്യയുമായാണ് സങ്കല്പിയ്ക്കപ്പെടുന്നത്. ഈയവസരത്തിൽ ഇവർ ഏഴുപേരും ഒന്നിച്ചുള്ള എഴുന്നള്ളത്ത് അതിമനോഹരമാണ്.
ഒമ്പതാം ഉത്സവം
[തിരുത്തുക]ചിത്തിര ഉത്സവത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഒമ്പതാം ദിവസം. അന്ന് രാത്രിയാണ് ക്ഷേത്രത്തിൽ ദേവസംഗമം നടക്കുന്നത് എന്നതാണ് ഈ ദിവസത്തിന് ഏറ്റവുമധികം പ്രാധാന്യം ലഭിച്ചത്. ഇതിന് മുന്നോടിയായി രാവിലെ വിശേഷപ്പെട്ട ശ്രീഭൂതബലിയുണ്ടാകും. അതിനുശേഷം ഉത്സവബലി. നവരത്നങ്ങൾ പതിച്ച അതിവിശിഷ്ടമായ സ്വർണ്ണക്കോലമാണ് വേലായുധസ്വാമിയുടെ അന്നത്തെ എഴുന്നള്ളിപ്പിന് ഉപയോഗിയ്ക്കുന്നത്. ഇത് അലങ്കരിച്ചുവയ്ക്കാൻ ഏറെ മണിക്കൂറുകളെടുക്കും. സന്ധ്യയ്ക്കുള്ള വേലയ്ക്കും സേവകൾക്കും തുടർന്നുള്ള പള്ളിവേട്ടയ്ക്കും ഉപയോഗിയ്ക്കുന്ന ഈ കോലം (തിരുവിതാംകൂറിൽ ചട്ടം എന്നറിയപ്പെടുന്നു) പിറ്റേന്ന് പുലർച്ചെ മാത്രമേ തിരിച്ചെഴുന്നള്ളിയ്ക്കുകയുള്ളൂ. ക്ഷേത്രത്തിലെ കൈസ്ഥാനികരായ മൂത്തതുമാരാണ് ഈ ചടങ്ങുകൾക്കെല്ലാം നേതൃത്വം നൽകുന്നത്.
രാത്രി പത്തുമണിയോടെയാണ് ക്ഷേത്രത്തിലെ വലിയ കാണിയ്ക്ക ചടങ്ങ് തുടങ്ങുന്നത്. ക്ഷേത്രഗോപുരത്തിന് പുറത്തുള്ള ആനക്കൊട്ടിലിൽ എഴുന്നള്ളിപ്പെത്തുമ്പോൾ വേലായുധസ്വാമിയുടെ മുന്നിൽ സ്വർണ്ണക്കുംഭം വയ്ക്കുന്നു. ഇതിൽ ഭക്തർ ഓരോരുത്തരായി തങ്ങൾക്ക് ഇഷ്ടമുള്ള സംഖ്യ കാണിയ്ക്ക് വച്ചുതൊഴുന്നതാണ് ഈ ചടങ്ങ്. ഈ സമയത്തെ ദർശനം സർവാഭീഷ്ടസിദ്ധിയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഈ ചടങ്ങിനുശേഷമാണ് വരവ് എന്ന ചടങ്ങ് നടക്കുന്നത്. ഭഗവാന്റെ പിതാവായ തൃപ്പക്കുടത്തപ്പനും, സഹോദരിയായ തിരുവിലഞ്ഞാലമ്മയും, ഭാര്യയായ കന്യാട്ടുകുളങ്ങരയമ്മയും ഭഗവാനെ കാണാൻ വരുന്നതാണ് ഈ ചടങ്ങ്. മൂവരും തങ്ങളുടേതായ ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളോടെ പുറപ്പെട്ടുവരികയും ഹരിപ്പാട് കിഴക്കേ നടയിലുള്ള നഗരിയിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ വച്ച് സംഗമിയ്ക്കുകയും ചെയ്യുന്നു. ഹരിപ്പാട് മതിലകത്ത് ഇവർ എത്തിച്ചേരുന്ന സമയത്ത് മൂവരെയും സ്വീകരിയ്ക്കാൻ വേലായുധസ്വാമി, കീഴ്തൃക്കോവിലപ്പന്നും ശാസ്താവിനും ശ്രീകൃഷ്ണന്നുമൊപ്പം എഴുന്നള്ളിവരുന്നു. പിന്നീട് ഏഴുദേവതകളും ഒരുമിച്ചുള്ള അതിവിശേഷമായ എഴുന്നള്ളിപ്പാണ്. സാധാരണയായി എട്ടുപ്രദക്ഷിണങ്ങളാണ് എഴുന്നള്ളിപ്പിനുണ്ടാകാറുള്ളതെങ്കിൽ ഈ സമയത്ത് ഒരെണ്ണം കൂടുതലുണ്ടാകും. ഈ സമയത്ത് ഇടയ്ക്കയും നാദസ്വരവും ഉപയോഗിച്ചുള്ള സവിശേഷമായ വാദ്യപ്രയോഗമാണുണ്ടാകുക. ഗുരുവായൂർ ക്ഷേത്രത്തിൽ നിത്യവുമുള്ള അത്താഴശീവേലിയ്ക്ക് നടക്കുന്ന അതേ മാതൃകയിലാണ് ഇവിടെയും ഇടയ്ക്ക പ്രദക്ഷിണം നടക്കുന്നത്. ഒമ്പത് പ്രദക്ഷിണങ്ങൾ കഴിഞ്ഞ് എഴുന്നള്ളിപ്പ് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ എല്ലാ ദേവതകളും വേലായുധസ്വാമിയോട് യാത്ര പറയുകയാണ്. ആദ്യം കന്യാട്ടുകുളങ്ങരയമ്മയും, പിന്നീട് തിരുവിലഞ്ഞാലമ്മയും യാത്രപറഞ്ഞുപോകുന്നു. തുടർന്ന് തൃപ്പക്കുടത്തപ്പൻ യാത്രാനുമതി ചോദിയ്ക്കുമെങ്കിലും പിതൃസ്നേഹം കാരണം വേലായുധസ്വാമി അദ്ദേഹത്തെ മടക്കിയയയ്ക്കുന്നില്ല. ഒരുദിവസം തന്റെ കൂടെ താമസിച്ചശേഷം യാത്രപോയാൽ മതി എന്നാണ് സ്വാമിയുടെ അഭ്യർത്ഥന. ഇതനുസരിച്ച് തൃപ്പക്കുടത്തപ്പനെ ശ്രീകോവിലിനകത്തേയ്ക്ക് കൊണ്ടുപോകുന്നു. പിറ്റേദിവസം രാവിലെ ശീവേലിയ്ക്കുശേഷം മാത്രമാണ് തൃപ്പക്കുടത്തപ്പൻ തിരിച്ചുപോകുന്നത്. ഇതേ സമയം മറ്റുള്ള ദേവന്മാരും തങ്ങളുടേതായ സ്ഥാനങ്ങളിലേയ്ക്ക് മടങ്ങിപ്പോകുന്നു.
പള്ളിവേട്ട
[തിരുത്തുക]വലിയ വിളക്കിനുശേഷമാണ് ഹരിപ്പാട്ടപ്പന്റെ പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കുന്നത്. പാണികൊട്ടി വിളക്ക് അവസാനിപ്പിച്ചശേഷം വാദ്യമേളങ്ങളൊന്നുമില്ലാതെ ആനപ്പുറത്ത് കയറിയാണ് പള്ളിവേട്ടയ്ക്ക് ഭഗവാൻ പുറപ്പെടുന്നത്. ഹരിപ്പാടിൽ നിന്ന് രണ്ട് കിലോമീറ്റർ വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന മാങ്കാംകുളങ്ങര ദേവീക്ഷേത്രത്തിലാണ് പള്ളിവേട്ട. ഈ സമയത്ത് കീഴ്തൃക്കോവിലപ്പൻ മാത്രമേ ഹരിപ്പാട്ടന്നൊപ്പമുണ്ടാകൂ. മാങ്കാംകുളങ്ങര ക്ഷേത്രത്തിലെത്തുമ്പോൾ തന്ത്രിയുടെ വകയായി വിശേഷാൽ ബലിതൂകലുണ്ട്. അതിനുശേഷമാണ് പള്ളിവേട്ട ചടങ്ങുകൾ തുടങ്ങുന്നത്. ക്ഷേത്രമതിലകത്ത് പ്രത്യേകം തയ്യാറാക്കിയ ഒരു കിടങ്ങിൽ അമ്പെയ്തുവീഴ്ത്തുന്നതാണ് ഈ ചടങ്ങ്. സമുദായത്തിൽ കുറുപ്പാണ് ഭഗവദ്പ്രതിനിധിയായി അമ്പെയ്യുന്നത്. കിടങ്ങുകൾ മുറിച്ചശേഷം എല്ലാ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വേലായുധസ്വാമി തിരിച്ച് ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളുന്നു. എഴുന്നള്ളിപ്പ് ക്ഷേത്രമതിലകത്തെത്തിയ ഉടനെത്തന്നെ ഭഗവാന്റെ പള്ളിക്കുറുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടാകും. ശ്രീകോവിലിന് മുന്നിലുള്ള നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ കട്ടിലിലാണ് പള്ളിക്കുറുപ്പ് നടക്കുക. ഇതിനുമുന്നോടിയായി മണ്ഡപത്തിൽ ശയ്യാപദ്മം വരച്ചുവയ്ക്കുകയും, പട്ടുമെത്തയും തലയിണയും വച്ച് കട്ടിൽ അലങ്കരിയ്ക്കുകയും നവധാന്യങ്ങൾ ചുറ്റും നിരത്തുകയും ചെയ്യുന്നു. ഇവയ്ക്ക് നടുവിലാണ് വേലായുധസ്വാമിയുടെ പള്ളിയുറക്കം. തെക്കുവടക്കായാണ് ഭഗവാനെ കിടത്തുന്നത്. ഈ സമയം ക്ഷേത്രനഗരം പൂർണ്ണമായും നിശ്ശബ്ദമാകുന്നു. സ്ഥിരം അടിയ്ക്കുന്ന നാഴികമണിയുടെ ശബ്ദം പോലുമില്ലാത്ത അന്തരീക്ഷത്തിൽ ഭഗവാൻ പള്ളിയുറങ്ങുന്നു. ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു പശുവുമുണ്ടാകും.
ആറാട്ട്
[തിരുത്തുക]പത്താം ദിവസമാണ് ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് നടക്കുന്നത്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഭഗവാൻ രാവിലെ ഏറെ വൈകിയാണ് പള്ളിയുണരുന്നത്. പശുക്കുട്ടിയുടെ കരച്ചിൽ കേട്ടാണ് ഭഗവാന്റെ പള്ളിയുണരൽ. അന്ന് ഭഗവാന് കണികാണാനായി അഷ്ടമംഗല്യം ഒരുക്കിവച്ചിട്ടുണ്ടാകും. ഇവയെല്ലാം കണികണ്ടുവരുന്ന ഭഗവാന് അന്നത്തെ ആദ്യത്തെ ഇരിപ്പിടം ഒരുക്കുന്നത് തിടപ്പള്ളിയ്ക്കടുത്താണ്. അവിടെ പത്മമിട്ടശേഷം പീഠം ഇറക്കിവച്ചശേഷമാണ് അഭിഷേകാദിക്രിയകൾ നടത്തുന്നത്. അഭിഷേകം കഴിഞ്ഞ് ദശപുഷ്പങ്ങൾ ചാർത്തി, ചന്ദനം തൊടിയിച്ച്, അഞ്ജനം കൊണ്ട് കണ്ണെഴുതിവച്ചശേഷമാണ് അന്നത്തെ ചടങ്ങുകൾ തുടങ്ങുന്നത്. അതിനുശേഷം തിരിച്ച് ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിപ്പ്. രാവിലെയുള്ള അല്പസമയം തൃപ്പക്കുടത്തപ്പനെയും വേലായുധസ്വാമിയെയും ഒരുമിച്ച് ദർശിയ്ക്കാനുള്ള അപൂർവ്വ മുഹൂർത്തമാണ്. ശീവേലിയ്ക്കുശേഷം തൃപ്പക്കുടത്തപ്പൻ മകനോട് യാത്രപറഞ്ഞ് തിരിച്ചുപോകുന്നു. അതിനുശേഷം തന്ത്രിയുടെ നേതൃത്വത്തിൽ യാത്രാഹോമം എന്നൊരു ചടങ്ങുണ്ട്. ആറാട്ടിന് മുന്നോടിയായി യാത്രയ്ക്കുള്ള അനുമതി ചോദിയ്ക്കുന്നതാണ് ഈ ചടങ്ങ്. അതിനുശേഷം ആറാട്ടിനുള്ള പുറപ്പാടാണ്. വാദ്യമേളങ്ങളോടെ ക്ഷേത്രത്തിനുചുറ്റും ഒമ്പത് പ്രദക്ഷിണങ്ങളാണ് ഇതിനുണ്ടാകുന്നത്. അവസാന പ്രദക്ഷിണത്തിൽ ആറാട്ടിനുള്ള പുറപ്പാടാകും. അതിന് മുന്നോടിയായി കൊടിമരച്ചുവട്ടിൽ ആനയെ കൊണ്ടുവന്നിരുത്തി വാഹനപൂജ നടത്തുന്ന പതിവുണ്ട്. ഈ സമയത്ത് കാണിയ്ക്ക സമർപ്പിയ്ക്കുന്നതും ഉത്തമമായി കണക്കാക്കപ്പെടുന്നു. ഇതിനുശേഷം ആറാട്ടിന് പുറപ്പെടുന്ന വിവരം ദ്വാരപാലകരെ ധരിപ്പിയ്ക്കുന്ന അപൂർവ്വ ചടങ്ങും ഇവിടെ കാണാം. ഇതൊക്കെ കഴിഞ്ഞ് കീഴ്തൃക്കോവിലപ്പന്റെയും തിരുവമ്പാടിക്കണ്ണന്റെയും അകമ്പടിയോടെ വേലായുധസ്വാമി ആറാട്ടിന് പുറപ്പെടുന്നു. കരുവാറ്റയിലെ കരുവാറ്റക്കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രക്കുളത്തിലാണ് ആറാട്ട്. ഏകദേശം മൂന്ന് മണിക്കൂറെടുക്കും എഴുന്നള്ളിപ്പ് കരുവാറ്റക്കുളങ്ങരയിലെത്താൻ. ക്ഷേത്രക്കുളത്തിലെത്തുമ്പോൾ കുളക്കടവിൽ വച്ച് തന്ത്രി സപ്തപുണ്യനദികളെയും തീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്നു. അതിനുശേഷം ഇളനീരും മഞ്ഞൾപ്പൊടിയുമടക്കമുള്ള ദ്രവ്യങ്ങൾ കൊണ്ട് തിടമ്പിൽ അഭിഷേകം ചെയ്തശേഷം തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുതവണ മുങ്ങിനിവരുന്നു. ഇതിനുശേഷം വീണ്ടും വിഗ്രഹം കരയിലെത്തിച്ച് അഭിഷേകം നടത്തി വീണ്ടും മൂന്നുവട്ടം കൂടി മുങ്ങിനിവരലുണ്ട്. നിരവധി ഭക്തരും ഈ സമയത്ത് ഭഗവാനോടൊപ്പം മുങ്ങിനിവരും. തുടർന്ന് വസ്ത്രം മാറി തിരിച്ചെഴുന്നള്ളത്ത് തുടങ്ങുമ്പോൾ ഭക്തർ നിറപറയും നിലവിളക്കും വച്ച് ഭഗവാനെ സ്വീകരിയ്ക്കുന്നു. എഴുന്നള്ളത്തിനിടയിൽ ഹരിപ്പാട്ടെ പ്രസിദ്ധ നാടുവാഴികുടുംബമായ ആമ്പക്കാട്ട് തറവാട്ടിലും സ്വീകരണമുണ്ട്. എങ്കിലും വേലായുധസ്വാമിയ്ക്ക് എവിടെയും ഇറക്കിപ്പൂജയില്ല. പറനിറയ്ക്കാനായി സ്വാമി വീടുകളിലേയ്ക്ക് എഴുന്നള്ളാറുമില്ല. ഇത് ഇവിടത്തെ വലിയൊരു പ്രത്യേകതയാണ്. ആറാട്ടെഴുന്നള്ളിപ്പ് തിരിച്ച് ക്ഷേത്രത്തിലെത്തിക്കഴിഞ്ഞാൽ വേലായുധസ്വാമിയും കീഴ്തൃക്കോവിലപ്പനും തിരുവമ്പാടിക്കണ്ണനും കൂടി ക്ഷേത്രത്തിന് ഏഴുപ്രാവശ്യം വലം വയ്ക്കും. അതിനുശേഷം ആദ്യം ദിക്കുകൊടികളും പിന്നീട് കീഴ്തൃക്കോവിലിലെയും തിരുവമ്പാടിയിലെയും കൊടികളും അവസാനം പ്രധാന കൊടിയും ഇറക്കുന്നതോടെ ചിത്തിര ഉത്സവം പരിസമാപ്തിയിലെത്തുന്നു.
ആവണി (ചിങ്ങം) ഉത്സവം
[തിരുത്തുക]ചിങ്ങമാസത്തിൽ അത്തം നാളിൽ കൊടികയറി തിരുവോണം നാളിൽ ആറാട്ടായി നടത്തപ്പെടുന്ന പത്തുദിവസത്തെ ഉത്സവമാണ് മറ്റൊരു കൊടിയേറ്റുത്സവം. ഇതും അങ്കുരാദിമുറയ്ക്ക് നടക്കുന്ന ഉത്സവമാണ്. ക്ഷേത്രത്തിലെ മൂർത്തിയെ മഹാവിഷ്ണുവായി സങ്കല്പിച്ച് നടത്തുന്ന ഈ ഉത്സവവും അതിവിശേഷമാണ്. തമിഴ് കലണ്ടറിലെ ആവണിമാസം മലയാളവർഷത്തിലെ ചിങ്ങമാസത്തിന് തുല്യമായതിനാലാണ് ഇത് 'ആവണി ഉത്സവം' എന്നറിയപ്പെടുന്നത്. ചിത്തിര ഉത്സവത്തിലെപ്പോലെ അതിവിശേഷമായ വാദ്യമേളങ്ങളോടുകൂടിയ എഴുന്നള്ളിപ്പുകളും കലാപരിപാടികളുമൊന്നും ഈ ഉത്സവത്തിനില്ലെങ്കിലും ബാക്കിയെല്ലാ ചടങ്ങുകളും ഇതിനും നടത്താറുണ്ട്. മാത്രവുമല്ല, ചിത്തിര ഉത്സവത്തിൽ നിന്ന് വ്യത്യസ്തമായി ഇതിന്റെ കൊടിയേറ്റം നടക്കുന്നത് പകൽ സമയത്താണ്. തുടർന്നുള്ള പത്തുദിവസങ്ങളിൽ ക്ഷേത്രത്തിൽ വിവിധ വലുപ്പങ്ങളിലും ഭാവങ്ങളിലും പൂക്കളങ്ങളിടുന്നു. ഇതാണ് ഈ ഉത്സവക്കാലത്തെ പ്രധാന ആകർഷണം. ഈ ഉത്സവത്തിന് പള്ളിവേട്ട നടക്കുന്നത് പടിഞ്ഞാറേ നടയിലെ ആൽത്തറയിലും ആറാട്ട് നടക്കുന്നത് കിഴക്കേ നടയിലെ നഗരി ശ്രീകൃഷ്ണസ്വാമിക്ഷേത്രക്കുളത്തിലുമാണ്. അവസാനത്തെ രണ്ട് ദിവസങ്ങളിൽ ക്ഷേത്രത്തിൽ വരുന്നവർക്ക് വിശേഷാൽ ഓണസദ്യയും പതിവുണ്ടാകാറുണ്ട്.
മാർകഴി (ധനു) ഉത്സവം
[തിരുത്തുക]ധനുമാസത്തിൽ ചതയം നാളിൽ കൊടികയറി തിരുവാതിര നാളിൽ ആറാട്ടായി നടത്തപ്പെടുന്ന പത്തുദിവസത്തെ ഉത്സവമാണ് മറ്റൊരു കൊടിയേറ്റുത്സവം. ഇത് ധ്വജാദിമുറയ്ക്കാണ് നടത്തപ്പെടുന്നത്. ക്ഷേത്രത്തിലെ മൂർത്തിയെ പരമശിവനായി സങ്കല്പിച്ചാണ് ഈ ഉത്സവം നടത്തപ്പെടുന്നത്. തമിഴ് കലണ്ടറിലെ മാർകഴിമാസം മലയാളവർഷത്തിലെ ധനുമാസത്തിന് തുല്യമായതിനാലാണ് ഇത് 'മാർകഴി ഉത്സവം' എന്നറിയപ്പെടുന്നത്. ആവണി ഉത്സവം പോലെ ഇതിനും വാദ്യമേളങ്ങളോടെയുള്ള എഴുന്നള്ളിപ്പുകളും കലാപരിപാടികളും പതിവില്ല. അതുകൂടാതെ ദിക്കുകൊടി സ്ഥാപിയ്ക്കൽ, മുളപൂജ തുടങ്ങിയവയും ഈ ഉത്സവത്തിനുണ്ടാകില്ല. എന്നാൽ ശ്രീഭൂതബലി ഇതിനുമുണ്ടാകും. മൂന്ന് കൊടിയേറ്റുത്സവങ്ങളിൽ ഏറ്റവും കുറവ് ചടങ്ങുകളുള്ളതും തന്മൂലം ഏറ്റവും പ്രാധാന്യം കുറഞ്ഞതുമായ ഉത്സവമാണിത്. ഈ ഉത്സവത്തിനും കൊടിയേറ്റം പകൽ സമയത്താണ്. ഇതിന്റെ പള്ളിവേട്ട നടക്കുന്നതും പടിഞ്ഞാറേ നടയിലെ ആൽത്തറയിലാണ്. എന്നാൽ, ആറാട്ട് നടക്കുന്നത് ക്ഷേത്രക്കുളമായ പെരുംകുളത്തിലാണ്.
തൈപ്പൂയം
[തിരുത്തുക]മകരമാസത്തിലെ പൂയം നക്ഷത്രദിവസമാണ് തൈപ്പൂയം ആചരിച്ചുവരുന്നത്. സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമാണെന്നും അല്ല വിവാഹദിവസമാണെന്നും അതുമല്ല, അമ്മയായ ശ്രീപാർവ്വതി ഭഗവാന് വേൽ സമ്മാനിച്ച ദിവസമാണെന്നുമെല്ലാം ഈ ദിവസവുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്നുണ്ട്. എന്തായാലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട ഒരു ആഘോഷദിവസമാണിത്. ഹരിപ്പാട് ക്ഷേത്രത്തിൽ തൈപ്പൂയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാവടിയാട്ടവും നടത്തപ്പെടുന്നു. രാവിലെ നടതുറക്കുന്ന സമയം മുതൽ കാവടികളുമായി ഭക്തജനങ്ങൾ ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കാവടികൾ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട്. എന്നാൽ, തൃശ്ശൂർ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഭീമാകാരമായ അമ്പലക്കാവടികളും പൂക്കാവടികളും ഇവിടെ കാണാൻ കഴിയില്ല. ലാളിത്യം നിറഞ്ഞ വളഞ്ഞ പീലിക്കാവടികളാണ് ഇവിടെ കാണാൻ സാധിയ്ക്കുക. മാത്രവുമല്ല, ഇവിടെ കാവടിയാട്ടം എന്ന വാക്കുകൊണ്ട് ഉദ്ദേശിയ്ക്കുന്നത് കാവടികൾ കയ്യിലേന്തി ആടുന്നതിനെക്കാൾ അവയിൽ അഭിഷേകദ്രവ്യങ്ങൾ പ്രദക്ഷിണമായി കൊണ്ടുവന്ന് അവയിലെ ദ്രവ്യം ഉപയോഗിച്ച് ഭഗവാന് അഭിഷേകം നടത്തുന്നതാണ്. കാവടിയാട്ടം കൂടാതെ ശൂലം കുത്തുന്നതും അന്നേ ദിവസം പ്രധാനപ്പെട്ട ചടങ്ങാണ്. അന്ന് രാത്രി നടയടയ്ക്കില്ല. പകരം തുടർച്ചയായി പൂജകളും കാവടിയാട്ടവും അഭിഷേകവുമുണ്ടാകും.
സ്കന്ദഷഷ്ഠി
[തിരുത്തുക]തുലാമാസത്തിലെ വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസമാണ് സ്കന്ദഷഷ്ഠിയായി ആചരിച്ചുവരുന്നത്. ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി, അസുരരാജാവായ ശൂരപദ്മനെ വധിച്ച ദിവസമാണ് ഇത്. രാജ്യമെമ്പാടുമുള്ള സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഇത് അതിവിശേഷമാണ്. തമിഴ്നാട്ടിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഇതിനോടനുബന്ധിച്ച് ശൂരസംഹാരത്തിന്റെ പ്രതീകാത്മക പ്രകടനം അരങ്ങേറാറുണ്ട്. ഹരിപ്പാട് ക്ഷേത്രത്തിലും സ്കന്ദഷഷ്ഠി അതിവിശേഷമായി ആചരിച്ചുവരുന്നു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷപ്പെട്ട പൂജകളും കലാപരിപാടികളുമുണ്ടാകാറുണ്ട്. സാധാരണയിലധികം സമയം നീണ്ടുനിൽക്കുന്ന പൂജാക്രമങ്ങളാണ് ഈ സമയത്തുണ്ടാകുക. ഇതിനോടനുബന്ധിച്ചും കാവടിയാട്ടവും അഖണ്ഡമായ അഭിഷേകങ്ങളുമുണ്ടാകാറുണ്ട്. രാവിലെ ശ്രീഭൂതബലിയും അത്താഴശീവേലിയ്ക്ക് മയിൽപ്പുറത്തേറ്റിയുള്ള വിശേഷാൽ എഴുന്നള്ളിപ്പും ഈ ദിവസത്തെ പ്രത്യേകതകളിൽ പെടുന്നു. സ്കന്ദഷഷ്ഠി കൂടാതെ വൃശ്ചികമാസത്തിൽ വരുന്ന കുമാരഷഷ്ഠിയും ഇത്തരത്തിൽ അതിവിശേഷമായി ആചരിച്ചുവരുന്നു.
തൃക്കാർത്തിക
[തിരുത്തുക]വൃശ്ചികമാസത്തിലെ കാർത്തിക നക്ഷത്രദിവസമാണ് തൃക്കാർത്തിക ആചരിച്ചുവരുന്നത്. ഒരേ സമയം ദുർഗ്ഗാദേവിയ്ക്കും സുബ്രഹ്മണ്യസ്വാമിയ്ക്കും വിശേഷമായ ദിവസമാണിത്. ഹരിപ്പാട് ക്ഷേത്രത്തിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠാദിനം എന്ന നിലയിലാണ് ഇവിടെ തൃക്കാർത്തിക ആചരിയ്ക്കുന്നത്. അന്നേ ദിവസം രാവിലെ വിശേഷാൽ അഷ്ടാഭിഷേകവും (എള്ളെണ്ണ, നെയ്യ്, പാൽ, തേൻ, ശർക്കര, ഇളനീർ, പനിനീർ, കരിമ്പിൻനീർ എന്നീ എട്ട് ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകമാണ് അഷ്ടാഭിഷേകം) ദേവസ്വം വക വിശേഷാൽ ഉദയാസ്തമനപൂജയും ശ്രീഭൂതബലിയും ഈ ദിവസത്തെ പ്രധാന പരിപാടികളിൽ പെടും. ഉച്ചപ്പൂജയ്ക്ക് അതിവിശേഷമായ കളഭാഭിഷേകവും പതിവുണ്ട്. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് നടക്കുന്നത് വൈകുന്നേരമാണ്. രത്നങ്ങൾ പതിപ്പിച്ച അതിവിശേഷപ്പെട്ട മയിൽ വാഹനത്തിൽ, സ്വർണ്ണനിർമ്മിതമായ തിടമ്പുമായി വേലായുധസ്വാമി എഴുന്നള്ളുന്നതാണ് ഈ ചടങ്ങ്. ദീപാരാധനയോടനുബന്ധിച്ചാണ് ഈ എഴുന്നള്ളത്ത് നടക്കുക. സർവ്വാഭരണവിഭൂഷിതനായി, ചക്രവർത്തിതുല്യനായി എഴുന്നള്ളിവരുന്ന വേലായുധസ്വാമിയെ ഭക്തർ കാർത്തികദീപം തെളിയിച്ച് സ്വീകരിയ്ക്കുന്നു. നാലമ്പലത്തിനകത്തും പുറത്തുമുള്ള വിളക്കുമാടങ്ങൾക്കൊപ്പം നിരവധി ചിരാതുകളും ഈ സമയം ക്ഷേത്രത്തിൽ തെളിയിയ്ക്കുന്നുണ്ടാകും. ഇതിനുശേഷം രാത്രി എട്ടുപ്രദക്ഷിണത്തോടുകൂടിയ വിശേഷാൽ ശീവേലിയും ക്ഷേത്രത്തിലുണ്ടാകും. ധാരാളം കലാപരിപാടികളും ഈയവസരത്തിൽ ക്ഷേത്രത്തിലുണ്ടാകാറുണ്ട്.
വഴിപാടുകൾ
[തിരുത്തുക]ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.
ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്ന് (ദേശീയപാത 66-ലുള്ള പ്രധാന ബസ് സ്റ്റാൻഡ്) ഒന്നര കിലോമീറ്റർ വടക്കുപടിഞ്ഞാറ്മാഉറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ ഒന്നര കിലോമീറ്റർ മാത്രമേയുള്ളൂ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.zonkerala.com/gallery/temples/haripad-subrahmanyaswami-temple/
- http://www.zonkerala.com/travel/haripad-subrahmanya-swami-temple.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2024-01-08. Retrieved 2024-01-08.