Jump to content

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൂർണ്ണത്രയീശ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം
തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രം
തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രം
പേരുകൾ
ശരിയായ പേര്:ശ്രീപൂർണ്ണത്രയീശക്ഷേത്രം
സ്ഥാനം
സ്ഥാനം:തൃപ്പുണിത്തുറ, കേരളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പൂർണ്ണത്രയീശ്വരൻ (മഹാവിഷ്ണു) - സന്താനഗോപാലമൂർത്തിയായി
വാസ്തുശൈലി:കേരളം
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
അറിയില്ല (ദ്വാപരയുഗം മുതൽ നിലനിൽക്കുന്നതായി വിശ്വസിക്കപ്പെടുന്നു)

ഇന്ത്യയിലെ പഴയ നാട്ടുരാജ്യമാ‍യ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിലാണ് (ഇപ്പോൾ കേരളസംസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ) ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എറണാകുളം നഗരസമീപത്തുള്ള പ്രധാനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണിത്. അനന്തന്റെ പുറത്തിരിയ്ക്കുന്ന മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സന്താനഗോപാലമൂർത്തിയായി സങ്കല്പിയ്ക്കപ്പെടുന്ന ഈ ഭഗവാനെ പ്രതിഷ്ഠിച്ചത് ശ്രീകൃഷ്ണനും അർജ്ജുനനുമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഉപദേവനായി ഗണപതി മാത്രമേ ക്ഷേത്രത്തിലുള്ളൂ. ഈ ക്ഷേത്രം 1921-കളിൽ വന്ന ഒരു തീപിടിത്തത്തിൽ നശിച്ചുപോയിട്ട് പിന്നീട് പുനരുദ്ധരിയ്ക്കുകയായിരുന്നു. അങ്ങനെ പുനരുദ്ധരിച്ച ക്ഷേത്രമാണ് ഇന്ന് നിലകൊള്ളുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. കുട്ടികളുടെ ഐശ്വര്യത്തിനും ഉയർച്ചയ്ക്കും ബാലാരിഷ്ടതകൾ മാറുവാനും ഇവിടെ ദർശനം നടത്തുന്നത് ഗുണകരമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. ചിങ്ങം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളിൽ തിരുവോണം നാളിൽ ആറാട്ടായി എട്ടുദിവസം വീതം നീണ്ടുനിൽക്കുന്ന മൂന്ന് കൊടിയേറ്റുത്സവങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇത് വലിയൊരു പ്രത്യേകതയാണ്. ഇവയിൽ വൃശ്ചികോത്സവമാണ് ഏറ്റവും പ്രധാനം. മറ്റുള്ള രണ്ട് ഉത്സവങ്ങളും പിൽക്കാലത്ത് തുടങ്ങിയവയാണ്. ഇവയിൽ കുംഭമാസത്തിലെ ഉത്സവം പറയെടുപ്പിന് മാത്രം നടത്തുന്നതാണെന്ന പ്രത്യേകതയുമുണ്ട്. ഈ മൂന്ന് ഉത്സവങ്ങൾ കൂടാതെ ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, ധന്വന്തരി ജയന്തി, ദീപാവലി, മേടമാസത്തിൽ വിഷു, തുലാമാസത്തിൽ ഒമ്പതാം ദിവസം, കുംഭമാസത്തിൽ ഉത്രം നാളിൽ നടക്കുന്ന പിറന്നാൾ മഹോത്സവം, വൈശാഖ പുണ്യമാസം, വൈകുണ്ഠ ഏകാദശി (സ്വർഗ്ഗവാതിൽ ഏകാദശി) എന്നിവ എന്നിവയും ആഘോഷിച്ചുവരുന്നു. എല്ലാ ആഴ്ചയിലെയും വ്യാഴാഴ്ച, ജന്മ നക്ഷത്ര ദിവസം, മാസത്തിലെ ഒന്നാം തീയതി തുടങ്ങിയവ ദർശനത്തിന് പ്രധാനം.

ചരിത്രം

[തിരുത്തുക]

ക്ഷേത്രം എ.ഡി. 947-ൽ പ്രതിഷ്ഠ നടത്തിയതാണെന്ന് രണ്ടാം ചേരസാമ്രാജ്യകാലത്തെ ചക്രവർത്തി കോതരവിയുടെ ശിലാശാസനത്തിൽ പറയുന്നു [1]. പക്ഷേ ബിംബം പ്രതിഷ്ഠിച്ചത് കൊല്ലവർഷം 455-ലാണ് (എ.ഡി.1280-ൽ ‘ബൗദ്ധാതിമതം’). പടിഞ്ഞാറെ ഗോപുരം കൊല്ലവർഷം 952-ലും ശ്രീകോവിലും മണ്ഡപവും 1000-മാണ്ടിലും, വിളക്കുമാടങ്ങൾ 1008-ലും,1015-ലും, കിഴക്കേ ഗോപുരവും നടപ്പുരയും 1024-ലും പണിതീർത്തതാണ്.

പഴയ കുറിയൂർ (കുരൂർ) സ്വരൂപത്തിന്റെ ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. ഈ സ്വരൂപം അന്യം നിന്നപ്പോഴാണ് ഈ പ്രദേശവും ക്ഷേത്രവും കൊച്ചി രാജവംശത്തിന് കിട്ടുന്നത്. എങ്കിലും ക്ഷേത്രത്തിന് ഏകദേശം 5000വർഷത്തോളം പഴക്കം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. [അവലംബം ആവശ്യമാണ്]

ക്ഷേത്ര പഴമയെ കുറിച്ചോ നിർമ്മാണ കാലത്തേ പറ്റിയോ പറയാൻ ആധികാരികമായി പറയാൻ രേഖകൾ ഒന്നുമില്ല. പുരാണങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും മറ്റും കാണുന്ന പരാമർശങ്ങളെ മുൻനിർത്തി ക്ഷേത്രപ്പഴമയെക്കുറിച്ച് നമുക്ക് വിലയിരുത്താം

വ്യാസമഹർഷി രചിച്ച മഹാഭാരതം പാണ്ഡവരുടെയും കൌരവരുടെയും - നന്മയുടെയും തിന്മയുടെയും - മത്സരകഥയാണ്‌ . വില്ലാളി വീരനായ അർജുനൻ അതിലെ മുഖ്യകഥാപാത്രമാണല്ലോ ശ്രീകൃഷ്ണ ഭഗവാൻ ദ്വാരകയിൽ താമസിക്കുന്ന കാലത്താണ് പ്രതിഷ്ഠക്ക് ആസ്പദമായ കഥ നടക്കുന്നത് .

മഹാഭാരതവും ചരിത്ര സംഭവമായി എല്ലാവരും അംഗീകരിക്കുന്നു , ആ നിലയ്ക്ക് മഹാഭാരതകഥ നടന്ന കാലത്തോളം പഴക്കം ക്ഷേത്ര പ്രതിഷ്ഠയ്ക്ക് കണക്കാക്കാം .എന്നാൽ ചരിത്ര പണ്ഡിതന്മാർ ഇത് അപ്പാടെ അംഗീകരിക്കുന്നില്ല .

സംസ്കൃത സാഹിത്യ ചരിത്രത്തിൽ സുകുമാർ അഴീക്കോട് കാലഘട്ടത്തെ നിർണ്ണയിച്ചു കൊണ്ട് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ." ആദിപർവ്വത്തിൽ പറഞ്ഞിരിക്കുന്നത് കുരു പാണ്ഡവ സേനകൾ കലി ദ്വാപര യുഗങ്ങളുടെ ഇടയിൽ സമന്തപഞ്ചകത്തിൽ വെച്ച് യുദ്ധം ചെയ്തു എന്നാണു (1,2,3) ക്രിസ്തുവിനു മുന്പ് 3102 ആണ് മഹാഭാരത യുദ്ധം നടന്നത് .

മേല്പറഞ്ഞ കാലഗണനയ്ക്ക് ഉപോൽബലകമായി ശ്രീ സഖ്യാനന്ദ സ്വാമികൾ ( ഭാരത ചരിത്രദർശനത്തിൽ കലികാലാവലോകനം ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക .

"ആസന്മ ഘാസുമുനയ : | ശാസതി പ്രിഥിവിം യുധിഷ്ടിരേ നൃപതൌ | ഷഡ്ദ്വികപഞ്ചാശത്ഭിർയ്യയുത : | ശകകാല : തസ്യ രാജ്ഞസ്ച | ( വരാഹമിഹിരന്റെ ബ്രിഹത് സംഹിത ) .

സപ്തർഷികൾ മകം നക്ഷത്രത്തിൽ കൂടി പിന്നോക്കം നീങ്ങിയിരുന്ന കാലത്താണ് യുധിഷ്ഠിര നൃപൻ രാജ്യഭാരം ചെയ്തിരുന്നത് . അക്കാലം മുതൽ 2526 ( ഷഡ്ദ്വികപഞ്ചാശത്ഭിർയ്യയുത) ചെന്ന സമയം ശകവർഷം ആരംഭിച്ചു , അതായത് ശകവർഷാരംഭത്തിനും 2526 വർഷം മുൻപാണ് യുധിഷ്ടിരൻ രാജ്യഭാരം ചെയ്തിരുന്നതെന്ന് സൂചന .

ഈ സൂചകവാക്യത്തെ പ്രമാണീകരിച്ചു കൊണ്ട് കലിവർഷാരംഭവും യുധിഷ്ടിരന്റെ രാജ്യാഭിഷേകവും ശകവർഷാരംഭവും കണ്ടുപിടിക്കാൻ പാശ്ചാത്യരും പൌരസ്ത്യരുമായ ആധുനിക പണ്ഡിതന്മാർ പലരും ഉദ്യമിച്ചിട്ടുണ്ട് , എന്നാൽ അവിതർക്കമായ ഒരു കാലനിർണ്ണയത്തിനു ആരും സമർത്ഥരായിട്ടില്ല ... കലിവർഷാരംഭം ബി സി 3101 - ലും മഹാഭാരത യുദ്ധവും യുധിഷ്ഠിര രാജ്യ പ്രാപ്തിയും ബി സി 3067 - ലും നടന്നതായ നിലയ്ക്ക് ആണ് പിൻകാല സംഭവങ്ങളുടെ കാലം ഗണിച്ചു ചേർത്തിട്ടുള്ളത് , സപ്തർഷികൾ മകം നക്ഷത്രത്തിൽ വിചരിച്ചിരുന്ന കാലം ബി സി 3100 മുതൽ 3000 വരെ ; അതിനിടയിലാണല്ലോ മഹാഭാരത യുദ്ധവും യുധിഷ്ഠിരന്റെ രാജ്യഭാരവും പരീക്ഷിത്തിന്റെ ജനനവും മറ്റും സംഭവിക്കുന്നത്‌ , രാജ്യഭാരകാലമായ 3067 ഇൽ നിന്നും 2526 വർഷം കിഴിക്കുമ്പോൾ, ശകവർഷാരംഭം ബി സി 541 ഇൽ ആണെന്ന് സിദ്ധിക്കുന്നു . എന്നാൽ ആധുനിക ചരിത്രകാരന്മാർ ഇത് അംഗീകരിക്കുന്നില്ല .

ഐതിഹ്യം

[തിരുത്തുക]

ശ്രീമദ്ഭാഗവതത്തിലെ പ്രസിദ്ധമായ സന്താനഗോപാലകഥയുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ. ആ കഥ ഇങ്ങനെ പോകുന്നു:

ഒരിയ്ക്കൽ, അർജ്ജുനൻ ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലെത്തുകയുണ്ടായി. തന്റെ സുഹൃത്തിനെ ഭഗവാൻ അല്പദിവസം തനിയ്ക്കൊപ്പം താമസിയ്ക്കാൻ അനുവദിച്ചു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, ശ്രീകൃഷ്ണന്റെ സദസ്സിലേയ്ക്ക് ഒരു ബ്രാഹ്മണൻ, തന്റെ മരിച്ചുപോയ കുഞ്ഞിന്റെ മൃതദേഹവും കൊണ്ടുവരികയുണ്ടായി. തന്റെ ഒമ്പതാമത്തെ കുട്ടിയാണിതെന്നും, മുമ്പുണ്ടായ എട്ടുപേരും ഇതുപോലെ പ്രസവത്തോടെ മരിച്ചുപോകുകയാണുണ്ടായതെന്നും, ഇതിനെല്ലാം കാരണം ഭഗവാൻ കൃഷ്ണനാണെന്നും അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഭഗവാൻ ഒന്നും മിണ്ടിയില്ല. എന്നാൽ, ഇനി ഇതുപോലൊരു പ്രശ്നമുണ്ടാകില്ലെന്നും അടുത്ത കുട്ടിയെ താൻ സംരക്ഷിയ്ക്കുമെന്നും അർജ്ജുനൻ പ്രഖ്യാപിയ്ക്കുകയുണ്ടായി. ആദ്യം ബ്രാഹ്മണൻ അത് കാര്യമാക്കിയില്ല. എന്നാൽ, അർജ്ജുനൻ തുടർച്ചയായി അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം അർജ്ജുനന്റെ ആവശ്യം അംഗീകരിച്ചു. പത്താമത്തെ കുട്ടിയും മരിയ്ക്കുകയാണെങ്കിൽ താൻ തീയിൽ ചാടി ആത്മഹത്യ ചെയ്യുമെന്നും അർജ്ജുനൻ പ്രഖ്യാപിച്ചു.

അങ്ങനെയിരിയ്ക്കേ, ആ ബ്രാഹ്മണന്റെ ഭാര്യ വീണ്ടും ഗർഭിണിയായി. അർജ്ജുനൻ തന്റെ കുട്ടിയെ രക്ഷിയ്ക്കുമെന്ന് ഉറച്ചുവിശ്വസിച്ച ബ്രാഹ്മണൻ, അദ്ദേഹത്തെ തന്റെ വീട്ടിലേയ്ക്ക് വിളിയ്ക്കുകയും, തന്റെ ഭാര്യയെയും കുട്ടിയെയും സംരക്ഷിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. അമ്പുകൾ കൊണ്ട് വലിയൊരു മാളിക പണിത അർജ്ജുനൻ, പ്രസവം അവിടെവച്ചാകാമെന്ന് ബ്രാഹ്മണപത്നിയെ അറിയിച്ചു. അതനുസരിച്ച് പ്രസവത്തിനായി അവർ അങ്ങോട്ടേയ്ക്ക് താമസം മാറി. അവസാനം, ബ്രാഹ്മണപത്നി വീണ്ടും പ്രസവിച്ചു. എന്നാൽ, ഇത്തവണയും കുട്ടി മരിച്ചു പോകുകയാണുണ്ടായത്. ഇതറിഞ്ഞ ബ്രാഹ്മണൻ, അർജ്ജുനനെ ഓടിച്ചു വിടുകയുണ്ടായി. ദുഃഖിതനായ അർജ്ജുനൻ തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അതനുസരിച്ച് അദ്ദേഹം ആഗ്നേയാസ്ത്രം പ്രയോഗിച്ച് തീക്കുണ്ഠം സൃഷ്ടിച്ച് അതിൽ ചാടാൻ തയ്യാറായി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട ശ്രീകൃഷ്ണൻ, അങ്ങനെ ചെയ്യരുതെന്നും കുട്ടികളെല്ലാവരും വൈകുണ്ഠത്തിലുണ്ടെന്നും അർജ്ജുനനെ അറിയിച്ചു. അതനുസരിച്ച് ഇരുവരും വൈകുണ്ഠത്തിലേയ്ക്ക് പോകുകയുണ്ടായി. തന്റെ യഥാർത്ഥ സ്വരൂപമായ മഹാവിഷ്ണുവിൽ നിന്ന് പത്തുകുട്ടികളെയും മടക്കിവാങ്ങിയ ശ്രീകൃഷ്ണൻ, തിരിച്ച് ഭൂമിയിലേയ്ക്ക് വരികയും അവരെ ദമ്പതികളെത്തന്നെ ഏല്പിയ്ക്കുകയും ചെയ്തു. ആ സമയത്തുതന്നെ അവർക്ക് മഹാവിഷ്ണുഭഗവാന്റെ ഒരു വിഗ്രഹവും അവർ ഭൂമിയിലേയ്ക്ക് കൊണ്ടു വരികയുണ്ടായി. ആ പ്രതിഷ്ഠയാണ് ഇന്ന് പൂർണ്ണത്രയീശ ക്ഷേത്രത്തിലുള്ളത്. അതിനാൽ കുട്ടികളില്ലാത്തവരും ഗർഭിണികളും ഈ ക്ഷേത്രം സന്ദർശിയ്ക്കുന്നത് അതിവിശേഷമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ സന്താനഗോപാല അർച്ചന നടത്തുന്നത് കുട്ടികളുടെ ഉയർച്ചക്ക് ഗുണകരമാണ് എന്നു വിശ്വാസമുണ്ട്. മാതാപിതാക്കൾ കുട്ടികളുമായി ഈ ക്ഷേത്രം സന്ദർശിക്കുന്നത് ബാലാരിഷ്ടതകൾ കൊണ്ടു ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് അനുഗ്രഹമാണെന്നും കുട്ടികൾക്ക് ആപത്തുകൾ ഉണ്ടാകാതിരിക്കുവാനും നല്ലതാണെന്നും ഭക്തർ വിശ്വസിക്കുന്നു. സന്താനഗോപാല ബ്രാഹ്മണന്റെ കുടുംബമാണ് ഇന്ന് അറിയപ്പെടുന്ന തന്ത്രികുടുംബമായ പുലിയന്നൂർ മന. വൈകുണ്ഠത്തിലെപ്പോലെ പൂർണതയുള്ള ഭഗവാൻ പൂർണത്രയീശൻ എന്നറിയപ്പെട്ടു.

പ്രതിഷ്ഠ

[തിരുത്തുക]

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്. സന്താനഗോപാല മൂർത്തി എന്ന രൂപത്തിലാണ് വിഷ്ണു ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്.[2] കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സന്താന സൌഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം. കിഴക്കോട്ട് ദർശനമായിരിയ്ക്കുന്ന ഭഗവാന്റെ വിഗ്രഹം അനന്തന്റെ മുകളിൽ ഇരിയ്ക്കുന്ന രൂപത്തിലാണ്. ഇത് ഇവിടത്തെ പ്രത്യേകതയാണ്. ക്ഷേത്രത്തിൽ ഉപദേവതയായി ഗണപതി മാത്രമേ കുടികൊള്ളുന്നുള്ളൂ.

കൊച്ചിയിലെ രാജകുടുംബമായ പെരുമ്പടപ്പു സ്വരൂപത്തിന്റെ കുലദൈവമാണ് പൂർണ്ണത്രയീശൻ. തൃപ്പൂണിത്തുറയിൽ തന്നെ, ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള പുത്തൻ ബംഗ്ലാവ് ക്ഷേത്രത്തിൽ പൂർണ്ണത്രയീശന്റെ പ്രതിഷ്ഠയുണ്ട്. പെരുമ്പടപ്പ് സ്വരൂപത്തിന്റെ പരദേവതകളെ മുഴുവൻ പ്രതിഷ്ഠിച്ചിരിയ്ക്കുന്ന സ്ഥലമാണ് പുത്തൻ ബംഗ്ലാവ് ക്ഷേത്രം. അവയിൽ പൂർണ്ണത്രയീശന്നും പഴയന്നൂരമ്മയ്ക്കുമാണ് ഏറ്റവുമധികം പ്രാധാന്യം. കൂടാതെ ചോറ്റാനിക്കരയമ്മ, കൂടൽമാണിക്യസ്വാമി (ഭരതൻ), തിരുവഞ്ചിക്കുളത്തപ്പൻ (ശിവൻ), ഹനുമാൻ, ഗണപതി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇവിടെ നിത്യപൂജകൾ നടത്തിവരാറുമുണ്ട്.

വിശേഷ ദിവസങ്ങൾ

[തിരുത്തുക]
വൃശ്ചികോത്സവത്തിൽ നിന്ന്

വൃശ്ചികോത്സവം

[തിരുത്തുക]

പൂർണ്ണത്രയീശക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് വൃശ്ചികമാസത്തിൽ തിരുവോണം നാളിൽ ആറാട്ടോടെ സമാപിയ്ക്കുന്ന എട്ടുദിവസത്തെ കൊടിയേറ്റുത്സവം. ക്ഷേത്രത്തിൽ ആദ്യം മുതലേ നടന്നുവരുന്ന ഉത്സവമാണിതെന്ന പ്രത്യേകതയുണ്ട്. അങ്കുരാദിമുറയനുസരിച്ച് (മുളയിട്ടുകൊണ്ട് തുടങ്ങുന്ന ഉത്സവം) നടക്കുന്ന ഈ ഉത്സവത്തിന്റെ എട്ടുദിവസവും വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളുമുണ്ടാകും.

മറ്റ് വിശേഷ ദിവസങ്ങൾ

[തിരുത്തുക]

വിഷ്ണു പ്രധാനമായ വ്യാഴാഴ്ച പ്രധാനം. മലയാളം- ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി, ജന്മ നക്ഷത്ര ദിവസം, വൈകുന്റ ഏകാദശി (സ്വർഗ്ഗവാതിൽ ഏകാദശി), വിഷു, വൈശാഖ പുണ്യമാസം, കർക്കിടക രാമായണമാസം, ദീപാവലി, അഷ്ടമിരോഹിണി തുടങ്ങിയവ ദർശനത്തിന് പ്രധാനം.

ദർശന സമയം

[തിരുത്തുക]
  • രാവിലെ 3.45 AM മുതൽ ഉച്ചക്ക് 11 PM വരെ
  • വൈകുന്നേരം 4 PM മുതൽ രാത്രി 8.30 PM വരെ

അവലംബം

[തിരുത്തുക]
  1. പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-12. Retrieved 2008-07-03.

പുറത്തു നിന്നുള്ള കണ്ണികൾ

[തിരുത്തുക]