Jump to content

തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം

Coordinates: 10°31′28″N 76°12′52″E / 10.5243878°N 76.2145507°E / 10.5243878; 76.2145507
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10°31′28″N 76°12′52″E / 10.5243878°N 76.2145507°E / 10.5243878; 76.2145507

തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രം
കിഴക്കേ ക്ഷേത്രഗോപുരം
കിഴക്കേ ക്ഷേത്രഗോപുരം
തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രം is located in Kerala
തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രം
തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°27′5″N 76°14′5″E / 10.45139°N 76.23472°E / 10.45139; 76.23472
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:തൃശ്ശൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:വടക്കുംനാഥൻ (ശിവൻ)
പാർവതി
ശ്രീരാമൻ (മഹാവിഷ്ണു)
ശങ്കരനാരായണൻ
ഗണപതി
പ്രധാന ഉത്സവങ്ങൾ:തൃശ്ശൂർ പൂരം (മേടം)
മഹാശിവരാത്രി
തിരുവാതിര, നവരാത്രി, സ്വർഗ്ഗവാതിൽ ഏകാദശി, രാമനവമി
ക്ഷേത്രങ്ങൾ:3
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
എ.ഡി. 700 (പുനഃനിർമ്മാണം)
ക്ഷേത്രഭരണസമിതി:കൊച്ചിൻ ദേവസ്വം ബോർഡ്

തൃശൂർ പൂരം
തൃശൂർ പൂരം

ക്ഷേത്രങ്ങൾ

പാറമേക്കാവ് ക്ഷേത്രംതിരുവമ്പാടി ക്ഷേത്രം
കണിമംഗലം ശാസ്താ ക്ഷേത്രംപനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രംചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രംപൂക്കാട്ടിക്കര കാരമുക്ക് ഭഗവതിലാലൂർ കാർത്ത്യായനി ക്ഷേത്രംചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രംഅയ്യന്തോൾ കാർത്ത്യായനി ക്ഷേത്രംകുറ്റൂർ നെയ്തലക്കാവിലമ്മ
വടക്കുംനാഥൻ ക്ഷേത്രം

ചടങ്ങുകൾ

മഠത്തിൽ വരവ്പൂരപ്പുറപ്പാട്
ഇലഞ്ഞിത്തറമേളംതെക്കോട്ടിറക്കം
കുടമാറ്റംവെടിക്കെട്ട്

ഇതുംകാണുക

തൃശ്ശൂർശക്തൻ തമ്പുരാൻ
പഞ്ചവാദ്യംപാണ്ടിമേളം

തൃശ്ശൂർ നഗരഹൃദയത്തിലുള്ള (കേരളം, ഇന്ത്യ) ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതന കേരളത്തിലെ 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്. ശിവൻ (വടക്കുംനാഥൻ), പാർവ്വതി, ശ്രീരാമൻ (മഹാവിഷ്ണു), ശങ്കരനാരായണൻ, മഹാഗണപതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠകൾ.[1][2] ശ്രീ വടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയിൽ പുനർനിർമ്മിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല.[3] ക്ഷേത്രത്തിൽ ഉപദേവതകളായി ശ്രീകൃഷ്ണൻ, അയ്യപ്പൻ, നരസിംഹം, ഹനുമാൻ (സങ്കല്പം), വേട്ടേയ്ക്കരൻ, നന്ദികേശ്വരൻ, പരശുരാമൻ, സിംഹോദരൻ, ആദിശങ്കരാചാര്യർ, ഋഷഭൻ, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു. കൂടാതെ, മതിൽക്കെട്ടിന് പുറത്ത് പ്രത്യേകം ക്ഷേത്രങ്ങളിൽ സുബ്രഹ്മണ്യസ്വാമിയും ഗണപതിഭഗവാനും പ്രതിഷ്ഠകളായുണ്ട്. കുംഭമാസത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയും ഒഴിച്ചുനിർത്തിയാൽ ക്ഷേത്രത്തിൽ ആണ്ടുവിശേഷദിവസങ്ങളില്ല. എന്നാൽ, മേടമാസത്തിലെ പൂരം നാളിൽ നടത്തപ്പെടുന്ന വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം നടത്തപ്പെടുന്നത് വടക്കുംനാഥക്ഷേത്രത്തിൽ വച്ചാണ്. ഇതുമൂലം, തൃശ്ശൂർ പൂരം വടക്കുംനാഥന്റെ ഉത്സവമാണെന്ന് തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ക്ഷേത്രത്തിന്റെ രേഖാചിത്രം

ഐതിഹ്യം

[തിരുത്തുക]

ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമൻ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവർക്ക് ആരാധന നടത്താൻ ക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണർക്ക് ആരാധന നടത്താനായി പരശുരാമൻ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. അവയിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:

ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമൻ താൻ പുതുതായി നിർമ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ ആദ്യം ശിവൻ വിസമ്മതിച്ചു. പിന്നീട് പാർവ്വതീദേവി അഭ്യർത്ഥിച്ചപ്പോൾ മാത്രമാണ് ഭഗവാൻ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാർഷദന്മാരായ നന്ദികേശ്വരൻ, സിംഹോദരൻ, ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാർഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവർ ഭാർഗ്ഗവഭൂമിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ പെട്ടെന്നൊരു സ്ഥലത്തുവച്ച് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമൻ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. ശിവൻ ഉടനെത്തന്നെ പാർവ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതിർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായത്. ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ആൽമരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടർന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമൻ തന്നെ ഇന്നത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകൾ കഴിച്ച അദ്ദേഹം തുടർന്ന് തൃശ്ശൂർ ഗ്രാമക്കാരായ നമ്പൂതിരിമാരെ ക്ഷേത്രഭരണം ഏല്പിച്ച് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിൽ അന്തർദ്ധാനം ചെയ്തു. ഇന്നും അവിടെ പരശുരാമസ്മരണയിൽ ദീപപ്രതിഷ്ഠ നടത്തുന്നുണ്ട്.

ചരിത്രം

[തിരുത്തുക]
1913-ലെ ചിത്രം

വടക്കുംനാഥക്ഷേത്ര നിർമ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചൻറെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.[4]. ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ വടക്കുംനാഥക്ഷേത്രം ആദിദ്രാവിഡക്ഷേത്രമായ കാവുകളിൽ ഒന്നായിരുന്നു. പിന്നീട് ബുദ്ധ-ജൈന പാരമ്പര്യം നിലനിൽക്കുകയും അതിനുശേഷം ശൈവ-വൈഷ്ണവ സ്വാധീനത്തിലമരുകയും ചെയ്തു. എസ്.സി. ഭട്ടും ബാർഗവയും 36 വാല്യങ്ങളിലായി എഴുതിയ ചരിത്രഗ്രന്ഥത്തിൽ ഈ ക്ഷേത്രവും പറുവശ്ശേരി ദുർഗ്ഗശ്ശേരി ഭഗവതി ക്ഷേത്രവും കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രവും ആദ്യകാല ബുദ്ധചൈത്യങ്ങളായിരുന്നു എന്നു പറയുന്നു.[1] ഇപ്പോൾ വടക്കുന്നാഥക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് തൃശ്ശൂർ നഗരത്തിൽ തന്നെ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ഭഗവതിക്ഷേത്രമായ പാറമേക്കാവ് ക്ഷേത്രത്തിലെ ഭഗവതിയും ആദ്യകാലങ്ങളിൽ ഈ ക്ഷേത്രത്തിൽ തന്നെയായിരുന്നു പ്രതിഷ്ഠിയ്ക്കപ്പെട്ടിരുന്നത്. പഴക്കത്തിൽ കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം, ഊരകം അമ്മത്തിരുവടി ക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം എന്നിവയോളം വടക്കുംനാഥക്ഷേത്രത്തിനു പഴക്കമില്ല എന്നു ക്ഷേത്രസ്തോത്രമാല നിന്നും മനസ്സിലാവുന്നു [1].

യോഗാതിരിമാർ

[തിരുത്തുക]

തൃശ്ശുർ വടക്കുംനാഥക്ഷേത്ര ഭരണച്ചുമതല വഹിച്ചിരുന്ന നമ്പൂതിരിമാരാണ് യോഗാതിരിമാർ എന്നറിയപ്പെട്ടിരുന്നത്. കേരളത്തിൽ നമ്പൂതിരിമാർ ആധിപത്യം സ്ഥാപിച്ചതോടെ വടക്കുംനാഥൻ ക്ഷേത്രം തൃശ്ശൂർ ഗ്രാമക്കാരായ നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായി. തൃശ്ശൂർ യോഗസങ്കേതത്തിൽനിന്നും തിരഞ്ഞെടുക്കുന്നയാളായ യോഗാതിരിപ്പാടാണ് ക്ഷേത്രത്തിൻറെ ഭരണാധികാരിയായിരുന്നത്. യോഗാതിരിമാരുടെ കാലത്ത് ക്ഷേത്രത്തിൽ കുറ്റവിചാരണയ്ക്കും ശിക്ഷയ്ക്കും വരെ അധികാരമുണ്ടായിരുന്നു. ശക്തൻ തമ്പുരാന്റെ കാലത്തിനു മുൻപ് യോഗാതിരി അവരോധം അവസാനിപ്പിച്ചു. പിന്നീട് കൊച്ചിരാജാവ് നേരിട്ട് ക്ഷേത്രഭരണം ഏറ്റെടുക്കുകയും നിരവധി ക്ഷേത്രാചാര പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇന്ന് കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.

പടയോട്ടം

[തിരുത്തുക]

മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടകാലത്ത് വടക്കുംനാഥൻ ക്ഷേത്രത്തിനു കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ചരിത്രം പറയുന്നില്ല. അതിൽ നിന്നും മനസ്സിലാവുന്നത് നിരവധിക്ഷേത്രങ്ങൾ നശിപ്പിച്ച ടിപ്പു, തൃശ്ശൂർ കടന്നു പോയിട്ടും ക്ഷേത്രേശബഹുമാനാർത്ഥം നശീകരണ പ്രവൃത്തികളിൽ നിന്നും മാറിനിന്നിരുന്നുവെന്നാണ്. തൃശ്ശൂരിലെ പ്രാന്തപ്രദേശങ്ങളിലെ നിരവധി ക്ഷേത്രങ്ങൾ ഈ പടയോട്ടത്തിൽ പൂർണ്ണമായോ ഭാഗികമായോ നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട് [5].

ജൈനക്ഷേത്രം

[തിരുത്തുക]

ക്ഷേത്രം ജൈനസങ്കേതമായിരുന്നു എന്നൊരു വാദഗതിയുണ്ട്. ഉപദേവനായ ഋഷഭൻ ജൈന തീർത്ഥങ്കരനായ ഋഷഭദേവനാണ് എന്നാണ് ഒരു നിഗമനം. ജൈനർ തത്ത്വചിന്തയിൽ പരാജയപ്പെട്ടപ്പോൾ വൈഷ്ണവർക്കും ശൈവർക്കും തുല്യ പ്രാധാന്യം നൽകി ഒരു ഹിന്ദുക്ഷേത്രമായി രൂപപ്പെടുകയാണ് ചെയ്തത്. ഋഷഭനെ തൊഴുമ്പോൾ ഭക്തന്മാർ തങ്ങളുടെ വസ്ത്രത്തിൽ നിന്നും ഒരു നൂലിഴ എടുത്ത് പ്രതിഷ്ഠാമൂർത്തിയുടെ സന്നിധിയിൽ സമർപ്പിച്ച് തൊഴുകയാണ് ചെയ്യുന്നത്. ഇത് പ്രതിഷ്ഠാമൂർത്തിയുടെ നഗ്നത മറയ്ക്കാൻ എന്ന സങ്കല്പത്തിലാണ്. ജൈനമുനി ദിഗംബരനായതു കൊണ്ടാണ് ഈ ആചാരം ഉടലെടുത്തത് എന്ന വാദഗതിയുമുണ്ട്.[6]

സാമൂതിരിയുടെ കീഴിൽ

[തിരുത്തുക]

ക്രി.വ. 1750 മുതൽ 1762 വരെ തൃശ്ശൂരും, വടക്കുന്നാഥൻ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. സാമൂതിരി നടത്തിയ ഒരു തുലാഭാരത്തിന്റെ കരിങ്കൽത്തൂണ് ഒരു ചരിത്രസ്മാരകമായി ക്ഷേത്രമതിൽക്കെട്ടിനകത്ത് കാണാൻ സാധിക്കും. വടക്കേക്കര കോവിലകത്താണ്‌ (ഇന്നത്തെ ശക്തൻ തമ്പുരാൻ കോവിലകം) സാമൂതിരിയും സൈന്യവും അന്ന് പാർത്തിരുന്നത്. തലപ്പിള്ളി രാജാക്കന്മാർ, ചെങ്ങഴി നമ്പ്യാന്മാർ മുതലായവർ സാമൂതിരിയെ അന്ന് പിന്തുണച്ചിരുന്നു. 1762-ഓടെ തിരുവിതാംകൂറിലെ രാജാവായിരുന്ന ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹായത്തോടെ കൊച്ചി രാജാവ് സാമൂതിരിയെ തുരത്തി തൃശ്ശൂരിന്റെ ഭരണം തിരിച്ചു പിടിച്ചുവെന്നു ചരിത്രം.

ശക്തൻ തമ്പുരാൻ

[തിരുത്തുക]
വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ നട

വെള്ളാരപ്പിള്ളി കോവിലകത്ത് 1751-ൽ ജനിയ്ക്കുകയും 1769-മുതൽ കൊച്ചിരാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിയ്ക്കുന്ന ഇളമുറ തമ്പുരാനായും പിന്നെ 1790-ൽ കൊച്ചിരാജാവായും മാറുകയും ചെയ്ത രാമവർമ്മ ശക്തൻതമ്പുരാന്റെ കാലത്താണ് തൃപ്പൂണിത്തുറയിൽനിന്നും കൊച്ചിയുടെ ഭരണസിരാകേന്ദ്രം തൃശ്ശിവപേരൂർ നഗരത്തിലേക്ക് മാറ്റപ്പെട്ടത്. തമ്പുരാന് തൃശ്ശൂരിനോടും വടക്കുംനാഥക്ഷേത്രത്തോടുമുണ്ടായിരുന്ന ആത്മബന്ധമാണ് ഇതിനൊരു കാരണം. ശക്തൻ തമ്പുരാനാണ് തൃശ്ശിവപേരൂരിന്റെ സാംസ്കാരിക തനിമയിൽ തിലകക്കുറിയായി ശോഭിക്കുന്ന തൃശൂർപൂരം തുടങ്ങിവെച്ചത്. ക്രി. വർഷം 1797 (കൊ.വർഷം 972 മേടം മാസം) ലാണ് ആദ്യമായി തൃശ്ശൂർപൂരമെന്ന മഹോത്സവം വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നത്.[7] അമാനു‌ഷപ്രഭാവനായിരുന്ന ശക്തൻ തമ്പുരാൻ തിരുമനസ്സിലേക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി കേരളത്തിലാരും തന്നെ ഉണ്ടായിരിയ്ക്കുമെന്നു തോന്നുന്നില്ല എന്നാണ് ഐതിഹ്യമാല കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണി അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനത്തിലെ ആമുഖത്തിൽ എഴുതിയിരിയ്ക്കുന്നത്. തൃശ്ശൂർ പൂരത്തിനു അദ്ദേഹത്തിന്റെ സാന്നിധ്യം ക്ഷേത്രമതിലകത്ത് ഇലഞ്ഞിത്തറയിൽ ഉണ്ടായിരിക്കുമായിരുന്നു. അദ്ദേഹത്തിനു മുൻപിൽ അരങ്ങേറിയ ചെണ്ടമേളം പിന്നീട് പ്രശസ്തമാവുകയും ഇലഞ്ഞിത്തറമേളം എന്നറിയപ്പെടുകയും ചെയ്തു.[8]

പേരിനു പിന്നിൽ

[തിരുത്തുക]

ശിവപെരുമാളിന്റെ സ്ഥലം എന്നർത്ഥമുള്ള തിരു-ശിവ-പേരൂർ ആണ് തൃശ്ശിവപേരൂരും പിന്നീട് തൃശ്ശൂരും ആയിതീർന്നത്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തികൾ നാലാണ്; ശ്രീപരമശിവൻ, ശ്രീ പാർവതി, ശ്രീരാമസ്വാമി, ശങ്കരനാരായണമൂർത്തി. ശിവപാർവതിമാർ ഏറ്റവും വടക്കുഭാഗത്തും ശ്രീരാമൻ തെക്കുഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തും കുടികൊള്ളുന്നു. വടക്കുഭാഗത്തുള്ള ശിവപ്പെരുമാൾക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം ഏറ്റവും പ്രാധാന്യവും, പ്രശസ്തിയും. വടക്കേ അറ്റത്തുള്ള ശിവന്റെ പേരിൽ അറിയപ്പെട്ട ക്ഷേത്രം പിന്നീട് വടക്കുംനാഥക്ഷേത്രമായതായും കരുതുന്നു [9] കേരളം ശൈവാധിപത്യത്തിൽ ആയിരുന്നതിനാൽ വടക്കേ അറ്റത്ത് പ്രതിഷ്ഠിച്ച ശിവനാണ് നാഥൻ എന്നു പിന്നീട് സങ്കല്പമുണ്ടായി. “വടക്ക് നാഥൻ“ എന്ന ശൈവ സങ്കല്പം കാലാന്തരത്തിൽ വടക്കുന്നാഥൻ എന്ന പേർ നേടിക്കൊടുത്തു.[10]

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

ക്ഷേത്രപരിസരം

[തിരുത്തുക]

തൃശ്ശൂർ നഗരത്തിന്റെ ഒത്ത നടുക്ക്, 'ഋഷഭാദ്രി' എന്ന് പേരുള്ള ഒരു കൊച്ചുകുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വടക്കോട്ടാണ് ക്ഷേത്രദർശനം. ഇന്നത്തെ തൃശ്ശൂർ നഗരം മുഴുവൻ പണിതിരിയ്ക്കുന്നത് വടക്കുംനാഥക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ്. 'സ്വരാജ് റൗണ്ട്' എന്ന് പേരുള്ള നഗരത്തിലെ പ്രധാന വീഥി, ക്ഷേത്രത്തെ വലംവച്ചാണ് കടന്നുപോകുന്നതെന്നതിനാൽ തൃശ്ശൂരിലെത്തുന്ന എല്ലാവരും ക്ഷേത്രത്തെ ഭാഗികമായെങ്കിലും വലംവയ്ക്കുകയാണ്. 'തേക്കിൻകാട് മൈതാനം' എന്നറിയപ്പെടുന്ന അതിവിശാലമായ ഒരു മൈതാനം ക്ഷേത്രത്തെ ചുറ്റിപ്പറ്റി സ്ഥിതിചെയ്യുന്നുണ്ട്. നഗരത്തിലെ പല പ്രധാന പരിപാടികളും ഇവിടെയാണ് നടക്കാറുള്ളത്. മൈതാനത്തിന് നടുവിലുള്ള റോഡ് ടാർ ചെയ്തിട്ടുണ്ട്. നിരവധി മരങ്ങൾ ഇവിടെ തഴച്ചുവളരുന്നുണ്ട്. ഈ മൈതാനം സ്ഥിതിചെയ്യുന്ന പ്രദേശം ഒരുകാലത്ത് വൻ കാടായിരുന്നുവെന്നാണ് കഥ. വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തിയിരുന്ന ഈ കാട് വെട്ടിത്തെളിച്ചത് ശക്തൻ തമ്പുരാനാണത്രേ. ക്ഷേത്രത്തിന്റെ നാലുഭാഗത്തും ഗോപുരങ്ങൾ പണികഴിപ്പിച്ചിട്ടുണ്ട്. ഇവയിൽ പടിഞ്ഞാറും കിഴക്കുമുള്ള ഗോപുരങ്ങളിലൂടെ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിയ്ക്കുന്നു. തെക്കേ ഗോപുരം, തൃശ്ശൂർ പൂരത്തിനും ശിവരാത്രിയ്ക്കും മാത്രമേ തുറക്കൂ. താരതമ്യേന ചെറുതും അനാകർഷകവുമായ വടക്കേ ഗോപുരം, ശാന്തിക്കാർക്ക് മാത്രം അനുവദിച്ചിട്ടുള്ള വഴിയാണ്. വടക്കേ ഗോപുരമൊഴിച്ചുള്ള മൂന്ന് ഗോപുരങ്ങളും റോഡിൽ നിന്നുനോക്കിയാൽത്തന്നെ കാണാൻ സാധിയ്ക്കുന്നവയാണ്. പടിഞ്ഞാറും തെക്കുമുള്ള ഗോപുരങ്ങൾക്ക് മൂന്നുനിലകളും, മറ്റുള്ളവയ്ക്ക് രണ്ടുനിലകളും കാണാം. നാല് ഗോപുരങ്ങളും അത്യപൂർവ്വമായ ശില്പങ്ങളാൽ അലംകൃതമാണ്.

മൂന്ന് ആൽമരങ്ങൾ
[തിരുത്തുക]

പടിഞ്ഞാറുഭാഗത്തുനിന്ന് നഗരത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നവർ ആദ്യം കാണുന്നത് വലിയൊരു പേരാൽ വൃക്ഷവും, അതിന് ചുവട്ടിലുള്ള കൊച്ചു ഗണപതിക്ഷേത്രവുമാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന മൂന്ന് പ്രധാന ആൽമരങ്ങളിൽ നടുക്കുള്ളത് എന്ന അർത്ഥത്തിൽ 'നടുവിലാൽ' എന്ന പേരിലാണ് ഈ പേരാൽ അറിയപ്പെടുന്നത്. നടുവിലാൽത്തറയിലെ ഗണപതിക്ഷേത്രം ചെറുതാണെങ്കിലും അത്യാകർഷകമാണ്. ഏകദേശം അരയടി മാത്രം ഉയരം വരുന്ന ഒരു കൊച്ചു ഗണപതിവിഗ്രഹമാണ് ഇവിടെയുള്ളത്. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന അപൂർവം ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്നതായതിനാൽ ഇവിടെ ഇറങ്ങി വന്ദിയ്ക്കുക അസാധ്യമാണ്. അതിനാൽ, ഇതിന് മുന്നിലൂടെ യാത്ര ചെയ്യുന്ന ഭക്തർ നാണയം വലിച്ചെറിയുകയാണ് പതിവ്. നാളികേരം ഉടയ്ക്കുന്നതാണ് ഇവിടെ പ്രധാന വഴിപാട്. ഇതിനായി പ്രത്യേകസ്ഥലം ക്ഷേത്രപരിസരത്ത് ഒരുക്കിവച്ചിട്ടുണ്ട്. നടുവിലാൽ കൂടാതെ വടക്കുപടിഞ്ഞാറുഭാഗത്ത് 'നായ്ക്കനാൽ' എന്നും തെക്കുപടിഞ്ഞാറുഭാഗത്ത് 'മണികണ്ഠനാൽ' എന്നും പേരുകളിൽ വേറെയും പേരാലുകളുണ്ട്. ഇവയിൽ നായ്ക്കനാൽത്തറയിൽ ദേവപ്രതിഷ്ഠകളില്ല. മണികണ്ഠനാൽത്തറയിൽ മറ്റൊരു ചെറിയ ക്ഷേത്രം പണികഴിപ്പിച്ചിട്ടുണ്ട്. വള്ളി, ദേവയാനി എന്നീ രണ്ട് പത്നിമാരോടുകൂടി മയിൽപ്പുറത്തിരിയ്ക്കുന്ന രൂപത്തിലുള്ള സുബ്രഹ്മണ്യസ്വാമിയും ഗണപതിയുമാണ് ഇവിടെ പ്രതിഷ്ഠകൾ. ഇരുവരും കിഴക്കോട്ട് ദർശനം നൽകുന്നു. മേൽപ്പറഞ്ഞ രണ്ട് ക്ഷേത്രങ്ങളും ഒരു നൂറ്റാണ്ടിൽത്താഴെക്കാലം മാത്രം പഴക്കമുള്ളവയാണ്. ഇപ്പോൾ രണ്ടും വടക്കുന്നാഥക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി കണക്കാക്കപ്പെടുന്നു. നായ്ക്കനാലിനും മണികണ്ഠനാലിനും സമീപത്തായി വാഹനങ്ങൾക്ക് പോകാനുള്ള വഴി നിർമ്മിച്ചിട്ടുണ്ട്. പടിഞ്ഞാറേ ഗോപുരത്തിന് അടുത്തുതന്നെയാണ് വാഹനപാർക്കിങ് സൗകര്യവും ഒരുക്കിയിരിയ്ക്കുന്നത്.

ശ്രീമൂലസ്ഥാനവും പടിഞ്ഞാറേ നടയും
[തിരുത്തുക]

ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിൽ അല്പം വടക്കോട്ടുമാറി മറ്റൊരു ആൽമരം കാണാം. ഇതാണ് ശ്രീമൂലസ്ഥാനം. ഐതിഹ്യപ്രകാരം ഭഗവാൻ ആദ്യം കുടികൊണ്ട സ്ഥലമായതുകൊണ്ടാണ് ഇവിടം ഈ പേരിൽ അറിയപ്പെടുന്നത്. ശ്രീമൂലസ്ഥാനത്ത് വന്ദിച്ചിട്ടേ ക്ഷേത്രത്തിൽ പ്രവേശിയ്ക്കാവൂ എന്നാണ് ചിട്ട. ഇവിടെ നിത്യവും രണ്ടുനേരം വിളക്കുവയ്പുണ്ട്. ഇവിടെയുള്ള ആൽത്തറയിൽ ഇരിയ്ക്കുന്നതും കിടക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. ഗോപുരത്തിന്റെ നേരെ മുന്നിലായി ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. തന്മൂലം, അരയാലിനെ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കിവരുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഗോപുരത്തിനും നടുവിലാലിനും ഇടയിലുള്ള ഭാഗത്താണ് തൃശ്ശൂർ പൂരത്തിലെ ചെറുപൂരങ്ങൾ (പാറമേക്കാവ്, തിരുവമ്പാടി എന്നിവയൊഴികെയുള്ള എട്ട് ക്ഷേത്രങ്ങൾ) സമ്മേളിയ്ക്കുന്നത്. ശിവരാത്രിയോടും തിരുവാതിരയോടും അനുബന്ധിച്ച് സ്റ്റേജ് കെട്ടുന്നതും ഇവിടെത്തന്നെയാണ്. പടിഞ്ഞാറേ ഗോപുരത്തിന് വടക്കുവശത്ത് ചെരുപ്പ് പാർക്കിങ് കേന്ദ്രം കാണാം; തെക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് വടക്കുന്നാഥൻ ദേവസ്വം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃശ്ശൂർ ഗ്രൂപ്പ് ആസ്ഥാനവും ഇവിടെത്തന്നെയാണ്.

ക്ഷേത്രക്കുളങ്ങളും ആനത്താവളവും മേൽശാന്തിമഠവും
[തിരുത്തുക]

ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിനടുത്താണ് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളെ പാർപ്പിയ്ക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള പ്രത്യേക സങ്കേതം. ഇവിടെത്തന്നെയായി വ്യത്യസ്ത വലുപ്പത്തിലുള്ള രണ്ട് ക്ഷേത്രക്കുളങ്ങളും കാണാം. ഇവയിൽ, പടിഞ്ഞാറുഭാഗത്തുള്ള ചെറിയ കുളത്തിന് സൂര്യപുഷ്കരിണി എന്നും കിഴക്കുഭാഗത്തുള്ള വലിയ കുളത്തിന് ചന്ദ്രപുഷ്കരിണി എന്നും പേരുകളുണ്ട്. സൂര്യപുഷ്കരിണി അഭിഷേകത്തിനും നിവേദ്യത്തിനുമുള്ള ജലം എടുക്കുന്നതിനായാണ് നിർമ്മിച്ചിരിയ്ക്കുന്നത്. വടക്കുന്നാഥക്ഷേത്രവളപ്പിൽ കിണർ കുഴിച്ചിട്ടില്ല. ഭഗവാന്റെ ജട ക്ഷേത്രമതിലകം മുഴുവൻ അഴിഞ്ഞുകിടക്കുകയാണെന്ന് വിശ്വസിച്ചുവരുന്നതുകൊണ്ടാണിത്. ഇതുകൊണ്ടാണ് പുറത്തുനിന്ന് ജലം കൊണ്ടുവരുന്നത്. ചന്ദ്രപുഷ്കരിണിയാണ് ശാന്തിക്കാർക്കും ഭക്തർക്കും കുളിയ്ക്കാനുള്ള കുളം. ഏറെക്കാലം നാശോന്മുഖമായിക്കിടന്ന ഈ കുളങ്ങൾ 2015-ലാണ് ശുദ്ധീകരിച്ചത്. സമീപത്തായിത്തന്നെ മേൽശാന്തിമഠവും കാണാം. ശബരിമല, ഗുരുവായൂർ, വൈക്കം തുടങ്ങിയ ക്ഷേത്രങ്ങളിലേതുപോലെ വടക്കുന്നാഥക്ഷേത്രത്തിലും പുറപ്പെടാശാന്തി സമ്പ്രദായമാണ് അനുവർത്തിച്ചുവരുന്നത്. ക്ഷേത്രത്തിൽ നാല് മേൽശാന്തിമാരാണുള്ളത്. ഇവരിൽ ഒരാൾ ശിവപാർവ്വതിമാർക്കും, രണ്ടാമത്തെയാൾ ശങ്കരനാരായണസ്വാമിയ്ക്കും, മൂന്നാമത്തെയാൾ ശ്രീരാമസ്വാമിയ്ക്കും, നാലാമത്തെയാൾ ഗണപതിഭഗവാന്നും പൂജ കഴിയ്ക്കുന്നു. ഇവർ മൂന്നുമാസം കൂടുമ്പോൾ വച്ചുമാറുന്നുണ്ട് എന്നതിനാൽ ഒരാൾക്ക് ഒരു വർഷം എല്ലാവരെയും പൂജിയ്ക്കാനുള്ള അവസരം ലഭിയ്ക്കുന്നു. ക്ഷേത്രത്തിന് വടക്കുകിഴക്കുഭാഗം തൃശ്ശൂർ കോർപ്പറേഷൻ വക നെഹ്റു പാർക്കിനായി വിട്ടുകൊടുത്തിരിയ്ക്കുന്നു. തൃശ്ശൂരിലെ കുട്ടികളുടെ പ്രധാന കളിസ്ഥലമാണ് ഇവിടം. ഊഞ്ഞാലുകളും സ്ലൈഡുകളും വാഹനങ്ങളുടെ മാതൃകകളുമൊക്കെയായി നിരവധി ആകർഷണങ്ങൾ ഇവിടെ കാണാം. ഇതിനപ്പുറത്തുള്ള ഭാഗത്താണ് പൂരക്കാലത്ത് വിശേഷാൽ പ്രദർശനം നടത്തുന്നത്. നിരവധി കടകളും സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളും ഇതിൽ പങ്കാളികളാകാറുണ്ട്.

മതിലകം

[തിരുത്തുക]

കേരളത്തിൽ ഏറ്റവും വലിയ മതിലകമുള്ള ക്ഷേത്രമാണ് തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം. ഏകദേശം ഇരുപത് ഏക്കർ വിസ്തീർണ്ണം വരുന്ന ഈ മതിലകത്ത് നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്നുണ്ട്. അത്തി, ഇത്തി, അരയാൽ, പേരാൽ, ഇലഞ്ഞി, വഞ്ഞി, കടമ്പ്, കൂവളം, നാഗലിംഗം തുടങ്ങിയവ അവയിൽ സവിശേഷപ്രാധാന്യം അർഹിയ്ക്കുന്നു. ചെറുതും വലുതുമായ വൃക്ഷലതാദികൾ ക്ഷേത്രാന്തരീക്ഷത്തെ ശുദ്ധീകരിച്ചുകൊണ്ട് നിലകൊള്ളുന്നു. പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടക്കുമ്പോൾ ആദ്യം കാണുന്നത് ശിവലിംഗരൂപത്തിലുള്ള ഒരു സ്വയംഭൂശിലയാണ്. കലിശില എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ശില എന്നും വളർന്നുകൊണ്ടിരിയ്ക്കുകയാണെന്നും ഇത് പടിഞ്ഞാറേ ഗോപുരത്തിന്റെ അത്രയും ഉയരം വച്ചാൽ അന്ന് ലോകം അവസാനിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതിനാൽ, ക്ഷേത്രദർശനം കഴിഞ്ഞിട്ടേ ഇവിടെ ആൾക്കാർ വന്ദിയ്ക്കാറുള്ളൂ. ഇതിനടുത്തായി ചെറിയൊരു ഇലഞ്ഞിമരം കാണാം. കൂവളം പോലെ ശിവഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് ഇലഞ്ഞിയും എന്ന് പറയപ്പെടുന്നു. ഇവിടെ മുമ്പുണ്ടായിരുന്ന ഇലഞ്ഞിമരം, കാലപ്പഴക്കം കാരണം 2001-ൽ കടപുഴകി വീണു. പകരം വച്ചുപിടിപ്പിച്ച ഇലഞ്ഞി, ഇപ്പോഴും ശൈശവദശ കടന്നിട്ടില്ല. പാറമേക്കാവിലമ്മയുടെ മൂലസ്ഥാനം ഇവിടെയാണെന്ന് വിശ്വസിച്ചുവരുന്നു. ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ് തൃശ്ശൂർ പൂരത്തിന് പാറമേക്കാവിലമ്മയുടെ പേരിൽ നടത്തപ്പെടുന്ന പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. ഇന്നും പാറമേക്കാവിലെ ദീപാരാധനയുടെ സമയത്ത് ഇവിടെ വിളക്ക് കൊളുത്താറുണ്ട്. ക്ഷേത്രത്തിൽ കൊടികയറി ഉത്സവമില്ലാത്തതിനാൽ കൊടിമരം പ്രതിഷ്ഠിച്ചിട്ടില്ല. നാലമ്പലത്തിനകത്തേയ്ക്കുള്ള മൂന്ന് കവാടങ്ങൾക്കും മുന്നിലായി അസാമാന്യ വലുപ്പമുള്ള മൂന്ന് ബലിക്കല്ലുകൾ കാണാം. അകത്തെ ശ്രീകോവിലുകൾക്കുള്ള വലുപ്പത്തെ സൂചിപ്പിയ്ക്കുന്നതാണ് ഇവയുടെ ഉയരം. അസാമാന്യ ഉയരം കാരണം പുറത്തുനിന്ന് നോക്കിയാൽ പ്രതിഷ്ഠകൾ കാണാൻ സാധിയ്ക്കില്ല.

ശ്രീകൃഷ്ണക്ഷേത്രം
[തിരുത്തുക]

ഇലഞ്ഞിത്തറയിൽ തൊഴുതശേഷം മുന്നോട്ട് നടന്നാൽ വടക്കുവശത്ത്, പ്രത്യേക രീതിയിൽ നിർമ്മിച്ച ഒരു ചെറിയ ശ്രീകോവിൽ കാണാം. ശ്രീകൃഷ്ണനാണ് ഇവിടെ പ്രതിഷ്ഠ. ഗോശാലകൃഷ്ണനായാണ് സങ്കല്പം. അതിനാൽ, ശ്രീകോവിലും പ്രദക്ഷിണവഴിയും ഒരുമിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഇടുങ്ങിയ ഒരു വഴിയിലൂടെ വേണം ശ്രീകൃഷ്ണശ്രീകോവിലിന് മുന്നിലെത്താൻ. ഏകദേശം മൂന്നടി ഉയരം വരുന്ന മനോഹരമായ ശിലാവിഗ്രഹമാണ് ഇവിടെ ഭഗവാന്. കിഴക്കോട്ടാണ് ദർശനം. ഒരു കയ്യിൽ കാലിക്കോലും മറുകയ്യിൽ ഓടക്കുഴലും പിടിച്ചുനിൽക്കുന്ന ഭാവത്തിലാണ് വിഗ്രഹം. ഇവിടെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിച്ചുവരുന്നു. അതിനുപിന്നിൽ ഒരു കഥയുണ്ട്: ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാർ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ ഇപ്പോഴത്തെ ശ്രീകൃഷ്ണശ്രീകോവിലിന്റെ സ്ഥാനത്ത് നിറയെ പശുക്കൾ ഓടിക്കളിച്ചുനടക്കുന്നത് കാണാനിടയായി. എന്താണ് കാരണമെന്ന് അന്വേഷിച്ചുനോക്കിയപ്പോൾ അദ്ദേഹത്തിന് കാണാൻ സാധിച്ചത് പശുക്കൾക്ക് നടുവിലിരുന്ന് ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണഭഗവാനെയാണ്! ഈ ദർശനത്തിന്റെ ഓർമ്മയ്ക്കാണ് അദ്ദേഹം ഇവിടെ ശ്രീകൃഷ്ണപ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. ഗോക്കളോടൊപ്പം കണ്ടതിനാൽ സങ്കല്പം ഗോശാലകൃഷ്ണനായി. അഷ്ടമിരോഹിണിദിവസം ഇവിടെ പ്രത്യേകം പൂജകൾ നടത്താറുണ്ട്.

കൂത്തമ്പലം
[തിരുത്തുക]

ശ്രീകൃഷ്ണശ്രീകോവിലിന് തൊട്ടടുത്തായി പ്രസിദ്ധമായ കൂത്തമ്പലം പണികഴിപ്പിച്ചിരിയ്ക്കുന്നു. കേരളത്തിൽ ഇന്നുള്ളവയിൽ വച്ച് ഏറ്റവും വലുതും ലക്ഷണമൊത്തതുമായ കൂത്തമ്പലമാണിത്. ദീർഘചതുരാകൃതിയിൽ തീർത്ത കൂത്തമ്പലത്തിന് ഏകദേശം 23½ അടി നീളവും 17½ അടി വീതിയും കാണും. ഇതിന്റെ മേൽക്കൂര പൂർണ്ണമായും ചെമ്പുമേഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഇതിൽ ക്ലാവ് പിടിച്ചിരിയ്ക്കുകയാണ്. മൂന്ന് സ്വർണ്ണത്താഴികക്കുടങ്ങൾ ഇതിനുമുകളിൽ തിളങ്ങിനിൽക്കുന്നു. ഇതിന്റെ ആദ്യരൂപം പെരുന്തച്ചൻ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. പിന്നീട് പലകാലത്തായി ഇത് പുതുക്കിപ്പണിതെങ്കിലും നിർമ്മാണകാലഘട്ടം സൂചിപ്പിയ്ക്കുന്ന ഒരു ശിലാഫലകം ഇന്നും കൂത്തമ്പലത്തിന് അടിയിൽ കാണാൻ സാധിയ്ക്കും. കൂത്തമ്പലത്തിനകത്ത് ഏകദേശം പതിനാറ് വലിയ തൂണുകൾ കാണാം. മനോഹരമായ ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അവ അലങ്കരിച്ചുവച്ചിരിയ്ക്കുന്നു. ഇതിന്റെ ഒത്ത നടുവിൽ രംഗപീഠം. കൂത്തിന് ഉപയോഗിയ്ക്കുന്ന മിഴാവും ഒരു വലിയ നിലവിളക്കും ഇവിടെ കാണാം. വിശേഷദിവസങ്ങളിൽ ഇവിടെ കൂത്തും കൂടിയാട്ടവും പതിവുണ്ട്. നിരവധി പ്രശസ്ത കലാകാരന്മാർ ഇവിടെ വന്ന് കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.

വിൽക്കുഴിയും ശിവപ്രതിമയും പരശുരാമനും
[തിരുത്തുക]

വടക്കുപടിഞ്ഞാറേമൂലയിൽ എപ്പോഴും വെള്ളം നിറഞ്ഞുനിൽക്കുന്ന ഒരു കുഴിയുണ്ട്. ഐതിഹ്യപ്രകാരം, കിരാതമൂർത്തിയായ പരമശിവനുമായുള്ള ഏറ്റുമുട്ടലിനിടെ അർജ്ജുനന്റെ വില്ലായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴി. തന്മൂലം, ഇതിന് 'വിൽക്കുഴി' എന്ന പേരുവന്നു. ഇവിടെ കാലുകഴുകി വേണം ശ്രീകൃഷ്ണനെ വന്ദിയ്ക്കാൻ എന്നാണ് ചിട്ട. എന്നാൽ, ഇന്ന് ഇത് പ്രായോഗികമാകാറില്ല. കാലാവസ്ഥാഭേദമില്ലാതെ തുല്യമായ അളവിൽ ഇവിടെ വെള്ളമുണ്ടാകും എന്നത് ശ്രദ്ധേയമാണ്. വടക്കേ ഗോപുരത്തിനടുത്ത്, മരങ്ങൾക്ക് നടുവിലായി ഒരു ജലധാരയും, അതിന്റെയും നടുവിലായി ശിവഭഗവാന്റെ ഒരു ചെറിയ പളുങ്കുശില്പവും കാണാം. ഇവയ്ക്ക് അധികം പഴക്കമില്ല. ശിവപ്രതിമയിൽ നിന്ന് യന്ത്രസഹായത്തോടെ ജലം ഒഴുക്കി താഴെയുള്ള ജലധാരയിൽ പതിപ്പിയ്ക്കുന്നതാണ് ഇവിടെയുള്ള രീതി. പിന്നെയും മുന്നോട്ട് നടന്നാൽ ചെറിയൊരു തറ കാണാം. ഇത് പരശുരാമസങ്കല്പമുള്ള തറയാണ്. ഐതിഹ്യപ്രകാരം, ക്ഷേത്രപ്രതിഷ്ഠയ്ക്കുശേഷം ഇവിടെ വച്ചാണ് പരശുരാമൻ അന്തർദ്ധാനം ചെയ്തത്. എന്നാൽ, ഇന്നും ഇവിടെ പരശുരാമസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിച്ചുവരുന്നു. ഇതിന്റെ ഉപോദ്ബലകമായി ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. പരശുരാമൻ ക്ഷത്രിയവിരോധിയായതിനാൽ ഇവിടെ ക്ഷത്രിയർക്ക് പ്രവേശനമില്ല.

സിംഹോദരനും കാശീവിശ്വനാഥനും
[തിരുത്തുക]

പരശുരാമനെ തൊഴുത് വീണ്ടും മുന്നോട്ട് നടന്നാൽ ക്ഷേത്രനാലമ്പലത്തിനോടുചേർന്ന് കിഴക്കുഭാഗത്ത് ഇരുനിലകളോടുകൂടിയ ഒരു കൊച്ചുശ്രീകോവിൽ കാണാം. ശിവഭൃത്യനായ സിംഹോദരനാണ് ഇവിടെ പ്രതിഷ്ഠ. ഐതിഹ്യമനുസരിച്ച് വടക്കുന്നാഥക്ഷേത്രത്തിന്റെ നിർമ്മാണച്ചുമതല ഏറ്റെടുത്ത സിംഹോദരൻ, ഏറെസമയം കഴിഞ്ഞും കൈലാസത്തിൽ മടങ്ങിയെത്താതായപ്പോൾ അദ്ദേഹത്തെ അന്വേഷിച്ചുപോയ ശിവപാർവ്വതിമാർ, തങ്ങൾക്ക് നിർമ്മിച്ച ശ്രീകോവിലിൽ സിംഹോദരനെ കണ്ടെത്തുകയും കോപിഷ്ഠനായ ഭഗവാൻ, സിംഹോദരനെ ചവിട്ടുകയും അടുത്തുള്ള കുഴിയിൽ ചെന്നുവീണ സിംഹോദരനോട് തുടർന്ന് എന്നും അവിടെത്തന്നെ നിലകൊള്ളാൻ പറയുകയുമായിരുന്നത്രേ! അങ്ങനെയാണ് ഇവിടെ ഈ പ്രതിഷ്ഠ വന്നത്. അരണ്ട ഒരു വിളക്കുള്ള ഇവിടെ വിഗ്രഹരൂപം വ്യക്തമല്ലെങ്കിലും ദേവന്റെ പേര് അന്വർത്ഥമാക്കും വിധം വയർ ഭാഗത്ത് ഒരു സിംഹത്തിന്റെ രൂപം കൊത്തിവച്ചിരിയ്ക്കുന്നത് കാണാം. സിംഹോദരന് നിത്യവും വിളക്കുവയ്പുണ്ടെന്നല്ലാതെ വഴിപാടുകൾ ഒന്നും തന്നെയില്ല. സിംഹോദരനെ തൊഴുത് വടക്കോട്ട് നടന്നുപോകുന്ന ഭക്തർ, അതിനടുത്തായി നാലമ്പലച്ചുവരിൽ കാണുന്ന, ത്രികോണാകൃതിയിലുള്ള ദ്വാരത്തിലൂടെ വടക്കുന്നാഥന്റെ താഴികക്കുടം കണ്ടുതൊഴുന്നു. തുടർന്ന് വീണ്ടും നടന്നുപോയി ഒരു ബലിക്കല്ലിനടുത്തെത്തുമ്പോൾ, അവിടെനിന്ന് വടക്കോട്ട് തിരിഞ്ഞുനിന്ന് കാശീവിശ്വനാഥനെ വന്ദിയ്ക്കുന്നു. കാശീവിശ്വനാഥൻ തന്നെയാണ് വടക്കുന്നാഥൻ എന്ന വിശ്വാസത്തെ അനുസ്മരിപ്പിയ്ക്കുന്നതാണ് ഈ ആചാരം. പണ്ടുകാലത്ത് കാശിയിൽ പോയാൽ മടങ്ങിവരില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നതിനാൽ ഇവിടെനിന്ന് തിരിച്ചുനടക്കരുതെന്നാണ് ചിട്ട. എന്നാൽ, ഇന്ന് ഇത് അധികം പേരും പാലിയ്ക്കുന്നില്ല. ഇവിടെ കാശീവിശ്വനാഥസാന്നിദ്ധ്യം വന്നതിനുപിന്നിൽ ഒരു കഥയുണ്ട്. അതിങ്ങനെ: പണ്ട്, ഇവിടെ ഭജനമിരുന്ന ഭക്തനായ ദേശമംഗലം നമ്പൂതിരിയ്ക്ക് കാശിയിൽ പോകണമെന്ന അതിയായ ആഗ്രഹം തോന്നിയപ്പോൾ തന്റെ ശ്രീകോവിലിന് പുറകിലുള്ള ഒരു വഴിയിലൂടെ ഭഗവാൻ അതിന് വഴി അനുവദിച്ചുകൊടുക്കുകയും, അതനുസരിച്ച് കാശിയിൽ പോയ അദ്ദേഹം ഗംഗാസ്നാനവും വിശ്വനാഥദർശനവും നടത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തിരിച്ചുവരികയും ചെയ്തു! സിംഹോദരന്റെ ശ്രീകോവിലിനടുത്തുള്ള ബലിക്കല്ലിരിയ്ക്കുന്ന വഴിയിലൂടെയാണ് നമ്പൂതിരി കാശിയ്ക്ക് പോയത്. തുടർന്ന് ആ വഴി അടച്ചു. ഈ വഴിയിലൂടെ ഗംഗയും ശ്രീലകത്ത് വരുമെന്ന് പാർവ്വതിയ്ക്ക് തോന്നിയതുമൂലമാണത്രേ ഈ വഴി അടച്ചതെന്ന് വിശ്വാസമുണ്ടായിരുന്നു. ഇതിന്റെ സ്മരണയ്ക്കായി ആ ബലിക്കല്ല് കല്ലുകൊണ്ട് അടച്ചിടുന്ന പതിവുണ്ടായിരുന്നു. 2006-ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തെത്തുടർന്ന് ഇത് നിരോധിച്ചെങ്കിലും ഇന്നും ഇത് ചില ഭക്തർ ചെയ്യാറുണ്ട്.

ചിദംബരനടരാജനും രാമനാഥസ്വാമിയും
[തിരുത്തുക]

സിംഹോദരനെയും കാശീവിശ്വനാഥനെയും തൊഴുത് പ്രധാന വഴിയിലൂടെ പ്രദക്ഷിണം വച്ചുവരുമ്പോൾ തെക്കുകിഴക്കേമൂലയിൽ ഒരു ചെറിയ തറ കാണാം. ശംഭുത്തറ എന്നാണ് ഇതിന്റെ പേര്. ഇവിടെ കയറിനിന്ന് വടക്കോട്ട് തിരിഞ്ഞുനിന്ന് ചിദംബരനടരാജനെയും കിഴക്കോട്ട് തിരിഞ്ഞുനിന്ന് രാമേശ്വരത്തെ രാമനാഥസ്വാമിയെയും വന്ദിയ്ക്കുന്നു. തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രങ്ങളാണ് ചിദംബരവും രാമേശ്വരവും. നടരാജഭാവത്തിൽ ശിവൻ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ചിദംബരം ക്ഷേത്രം, പ്രതിഷ്ഠാമൂർത്തി തന്നെ ശീവേലിമൂർത്തിയായും വരുന്ന ഏക ക്ഷേത്രം കൂടിയാണ്. പ്രസിദ്ധമായ പഞ്ചഭൂതലിംഗസ്ഥാനങ്ങളിൽ അവസാനത്തേതായ ആകാശലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം കൂടിയാണ് ഇവിടം. രാമേശ്വരം ക്ഷേത്രമാണെങ്കിൽ, ഐതിഹ്യപ്രകാരം രാവണവധത്തെത്തുടർന്നുണ്ടായ ബ്രഹ്മഹത്യാപാപം തീർക്കാൻ ശ്രീരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രമാണ്. പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നുകൂടിയാണ് രാമേശ്വരം. ഇരുക്ഷേത്രങ്ങളിലേയ്ക്കും നോക്കി വന്ദിയ്ക്കുന്നതിനുള്ള സൗകര്യം ഇവിടെ വന്നതിനുപിന്നിലും ഒരു കഥയുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, സർപ്പരാജാവായ അനന്തൻ നന്ദിയുടെ നിർദ്ദേശപ്രകാരം ഇവിടെത്തുകയും ഈ തറയിലിരുന്ന് താണ്ഡവനൃത്തം ദർശിയ്ക്കുകയും ചെയ്തുവെന്ന് ഐതിഹ്യമുണ്ട്. വടക്കോട്ട് നോക്കിയപ്പോൾ ചിദംബരത്ത് ആനന്ദതാണ്ഡവമാടുന്ന പരമശിവനെ കണ്ട അനന്തൻ, തുടർന്ന് കിഴക്കോട്ട് നോക്കിയപ്പോൾ രാമേശ്വരത്തും സമാനമായ കാഴ്ച കാണുകയുണ്ടായി. ഇതിന്റെ സ്മരണയ്ക്കാണ് ഇന്നും ഭക്തർ ഇവിടങ്ങളിലേയ്ക്ക് നോക്കി ദർശിയ്ക്കുന്നത്. മുന്നിലുള്ള പടിക്കെട്ടുകളിലൂടെ ശംഭുത്തറയിൽ കയറി ഇരുപ്രതിഷ്ഠകളെയും വന്ദിച്ചശേഷം വലതുവശത്തെ പടിക്കെട്ടുകളിലൂടെ ഇറങ്ങണമെന്നാണ് ആചാരം.

ഊരകത്തമ്മയും കൊടുങ്ങല്ലൂരമ്മയും കൂടൽമാണിക്യസ്വാമിയും
[തിരുത്തുക]

ചിദംബരനടരാജനെയും രാമനാഥസ്വാമിയെയും വന്ദിച്ച് ശംഭുത്തറയിൽ നിന്നിറങ്ങി പ്രദക്ഷിണമായി വന്ന് തെക്കേ ഗോപുരത്തിനടുത്തെത്തുമ്പോൾ അവിടെനിന്ന് തെക്കോട്ട് നോക്കി കൊടുങ്ങല്ലൂരമ്മയെ വന്ദിയ്ക്കുന്ന പതിവുണ്ട്. കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം എന്ന് വിശ്വസിയ്ക്കപ്പെടുന്ന കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതിക്ഷേത്രം, തൃശ്ശൂരിൽ നിന്ന് ഏകദേശം 42 കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്നു. 64 ഭദ്രകാളിക്ഷേത്രങ്ങളുടെ മൂലസ്ഥാനം കൊടുങ്ങല്ലൂരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കൊടുങ്ങല്ലൂരമ്മയെ തൊഴുത് പ്രദക്ഷിണമായി വന്നാൽ, അടുത്തുള്ള തറയിൽ കയറിനിന്ന് തെക്കോട്ടുതന്നെ നോക്കി കൂടൽമാണിക്യസ്വാമിയെയും ഊരകത്തമ്മത്തിരുവടിയെയും വന്ദിയ്ക്കുന്നതും പതിവാണ്. ഭാരതത്തിലെ തന്നെ അപൂർവം ഭരതക്ഷേത്രങ്ങളിലൊന്നായ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃശ്ശൂരിൽ നിന്ന് 24 കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്നു; കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് വരുന്ന ഊരകത്തമ്മത്തിരുവടിക്ഷേത്രം, തൃശ്ശൂരിൽ നിന്ന് ഇരിഞ്ഞാലക്കുടയ്ക്കും കൊടുങ്ങല്ലൂർക്കും പോകുന്ന വഴിയിൽ തൃശ്ശൂരിൽ നിന്ന് 12 കിലോമീറ്റർ തെക്കുമാറിയും. ഐതിഹ്യമനുസരിച്ച് ചെന്നൈയ്ക്കടുത്ത് കാഞ്ചീപുരത്തുള്ള പ്രസിദ്ധമായ കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ് ഊരകത്തുമുള്ളത്. ഊരകത്തമ്മത്തിരുവടിയുടെ കിഴക്കേ ഗോപുരത്തിൽ കൊടുങ്ങല്ലൂരമ്മയ്ക്ക് സാന്നിദ്ധ്യമുണ്ടെന്ന് വിശ്വാസമുള്ളതുകൊണ്ടാകണം ഇവിടെ ഇരുദേവിമാർക്കും ഒരുമിച്ച് സാന്നിദ്ധ്യം വന്നത്. കൂടൽമാണിക്യസ്വാമിയെയും ഊരകത്തമ്മയെയും വന്ദിച്ചുകഴിഞ്ഞാൽ അതേ തറയിൽ തന്നെ വടക്കോട്ട് നോക്കി പ്രധാന ശ്രീകോവിലുകളുടെ താഴികക്കുടങ്ങളെയും വന്ദിയ്ക്കുന്നു. മൂന്ന് താഴികക്കുടങ്ങളും ഒരുമിച്ച് കാണാൻ കഴിയുന്ന രണ്ട് സ്ഥലങ്ങളിലൊന്ന് ഇതാണ്.

കുമാരനല്ലൂരമ്മ
[തിരുത്തുക]

മേല്പറഞ്ഞ മൂന്ന് സാന്നിദ്ധ്യങ്ങൾ കൂടാതെ തെക്കേ ഗോപുരത്തിൽ മറ്റൊരു സങ്കല്പം കൂടിയുണ്ട്. അത് കോട്ടയത്തെ പ്രസിദ്ധമായ കുമാരനല്ലൂർ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ കാർത്ത്യായനീഭഗവതിയുടേതാണ്. കുമാരനല്ലൂരമ്മ വടക്കുന്നാഥന്റെ പത്നീസ്ഥാനം അലങ്കരിയ്ക്കുന്നു എന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം വടക്കുന്നാഥന് ഉഷഃപൂജ നടക്കുന്നത് തെക്കേ ഗോപുരത്തിൽ വച്ചാണ്. ഇതിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ: ഒരു തൃക്കാർത്തിക ദിവസം, വില്വമംഗലം സ്വാമിയാർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനത്തിനെത്തി. എന്നാൽ, അദ്ദേഹത്തിന് ശ്രീലകത്ത് ഭഗവാനെ കാണാൻ സാധിച്ചില്ല. തുടർന്ന് അദ്ദേഹം ഭഗവാനെ അന്വേഷിച്ച് ക്ഷേത്രം മുഴുവൻ ചുറ്റിനടന്നു. അങ്ങനെ വരുമ്പോൾ തെക്കേ ഗോപുരത്തിനടുത്തുള്ള മതിലിൽ തെക്കോട്ട് തിരിഞ്ഞിരിയ്ക്കുന്ന ഭഗവാനെ അദ്ദേഹത്തിന് കാണാനിടയായി. എന്താണ് കാരണമെന്ന് സ്വാമിയാർ ചോദിച്ചപ്പോൾ, തന്റെ പത്നിയായ കുമാരനല്ലൂർ ഭഗവതി, തൃക്കാർത്തിക നാളിലെ ആറാട്ട് കഴിഞ്ഞ് സർവ്വാഭരണവിഭൂഷിതയായി പിടിയാനപ്പുറത്ത് ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളുന്ന കാഴ്ച കാണുകയാണെന്നായിരുന്നു ഭഗവാന്റെ മറുപടി. ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ടാണ് ഇന്നും തൃക്കാർത്തിക ദിവസം വടക്കുന്നാഥന് തെക്കേ ഗോപുരത്തിനടുത്തുവച്ച് ഉഷഃപൂജ കഴിയ്ക്കുന്നത്. ക്ഷേത്രം തന്ത്രിയാണ് ഈ പൂജ നടത്തുന്നത്. ശ്രീകോവിലിന് പുറത്ത് ഭഗവാന് പൂജ നടത്തുന്ന ഏക അവസരം ഇതാണ്.

വ്യാസശിലയും അയ്യപ്പനും മൃതസഞ്ജീവനിത്തറയും
[തിരുത്തുക]

ഊരകത്തമ്മയെയും കൊടുങ്ങല്ലൂരമ്മയെയും കൂടൽമാണിക്യസ്വാമിയെയും പ്രധാന ശ്രീകോവിലുകളുടെ താഴികക്കുടങ്ങളെയും വണങ്ങി പ്രദക്ഷിണം തുടർന്നുവരുമ്പോൾ തെക്കുപടിഞ്ഞാറായി വലിയൊരു ആൽമരവും അതിന് ചുവട്ടിൽ ഒരു ചെറിയ ശിലയും കാണാം. ഇതിഹാസകാവ്യമായ മഹാഭാരതത്തിന്റെയും പതിനെട്ട് മഹാപുരാണങ്ങളുടെയും കർത്താവായ വേദവ്യാസന്റെ സാന്നിദ്ധ്യമുള്ള ശിലയാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഹാഗുരുവായ വ്യാസനെ സങ്കല്പിച്ചുതൊഴുതശേഷം ഇവിടെ ഓം ഹരിശ്രീ ഗണപതയേ നമഃ എന്ന വിദ്യാരംഭമന്ത്രം മോതിരവിരൽ കൊണ്ട് എഴുതുന്നു. ഇതിനുശേഷം പ്രദക്ഷിണമായി വടക്കോട്ട് നടക്കുമ്പോൾ മുഖപ്പോടുകൂടിയ ചെറിയൊരു ശ്രീകോവിൽ കാണാം. ഹരിഹരപുത്രനായ അയ്യപ്പസ്വാമിയാണ് ഇവിടെ പ്രതിഷ്ഠ. ശബരിമലയിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുള്ള വിഗ്രഹമാണ് ഇവിടെയുള്ള ശിലാവിഗ്രഹം. ഏകദേശം ഒന്നരയടി ഉയരം വരുന്ന ഈ വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അയ്യപ്പന്റെ നടയിൽ പ്രത്യേകമായി വഴിപാട് കൗണ്ടർ പണിതിട്ടുണ്ട്. എള്ളുതിരി കത്തിയ്ക്കുന്നതാണ് ഇവിടെ പ്രധാന വഴിപാട്. ശബരിമലയ്ക്ക് പോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഇവിടെ വച്ചാണ്. അയ്യപ്പനെ തൊഴുതുകഴിഞ്ഞ് പ്രദക്ഷിണമായി വരുമ്പോൾ ശ്രീകോവിലിന് തൊട്ടുപുറകിലായി ചെറിയൊരു തറ കാണാം. മൃതസഞ്ജീവനിത്തറ എന്നാണ് ഇതിന്റെ പേര്. ഐതിഹ്യപ്രകാരം, രാമ-രാവണയുദ്ധത്തിനിടയിൽ, രാവണപുത്രനായ ഇന്ദ്രജിത്തിന്റെ അസ്ത്രമേറ്റ് അതീവഗുരുതരാവസ്ഥയിലായ ലക്ഷ്മണന്റെ ജീവൻ രക്ഷിയ്ക്കുന്നതിനായി ഹനുമാൻ മൃതസഞ്ജീവനിയുമേന്തി വരുന്നതിനിടയിൽ, അതിന്റെ ഒരുഭാഗം അടർന്നുവീണുണ്ടായതാണ് ഈ തറ. ഇവിടെ നിത്യവും ഒരു ഔഷധച്ചെടി വളർന്നുവരുന്നുണ്ട്. ഇതെടുത്ത് തലയിൽ ചൂടിയാൽ ഒരു വർഷത്തേയ്ക്ക് മരണമുണ്ടാകില്ലെന്നാണ് വിശ്വാസം. എത്ര എടുത്തുമാറ്റിയാലും വീണ്ടും അവിടെ ചെടി പ്രത്യക്ഷപ്പെടും എന്നൊരു അദ്ഭുതം കൂടി ഈ തറയ്ക്കുണ്ട്. ഹനുമാൻ സ്വാമി ഇന്നും ഈ തറയിൽ കുടികൊള്ളുന്നുണ്ടെന്നും വിശ്വസിയ്ക്കപ്പെടുന്നു. തന്മൂലം, ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്.

വേട്ടേയ്ക്കരൻ സ്വാമിയും നാഗദൈവങ്ങളും
[തിരുത്തുക]

അയ്യപ്പനെയും ഹനുമാനെയും വന്ദിച്ച് വീണ്ടും പ്രദക്ഷിണമായി വരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി താരതമ്യേന പുതിയ ഒരു ശ്രീകോവിൽ കാണാം. ശിവന്റെ രൂപഭേദമായ വേട്ടേയ്ക്കരൻ സ്വാമിയാണ് ഇവിടെ പ്രതിഷ്ഠ. കിരാതമൂർത്തിയായ ശിവനാണ് വേട്ടേയ്ക്കരൻ എന്നാണ് വിശ്വാസം. കേരളത്തിലെ ക്ഷത്രിയർ ശത്രുദോഷം തീർക്കാൻ പുരാതനകാലത്ത് ഉപാസിച്ചിരുന്ന മൂർത്തിയാണ് വേട്ടേയ്ക്കരൻ. കേരളത്തിൽ പലയിടത്തും വേട്ടേയ്ക്കരൻ സാന്നിദ്ധ്യങ്ങളുണ്ട്. കൂടുതലും, മലബാർ മേഖലയിലാണ്. വടക്കുന്നാഥക്ഷേത്രത്തിലെ വേട്ടേയ്ക്കരപ്രതിഷ്ഠയ്ക്ക് അധികം പഴക്കമില്ല. ഇവിടെ ഈ പ്രതിഷ്ഠ വന്നിട്ട് ഏകദേശം ഇരുന്നൂറു വർഷമേ ആയിട്ടുള്ളൂ എന്നാണ് സങ്കല്പം. ആദ്യകാലത്ത് നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായി കുടികൊണ്ടിരുന്ന വേട്ടേയ്ക്കരനെ, 2006-ൽ നടന്ന ദേവപ്രശ്നത്തിനുശേഷമാണ് ഇപ്പോഴത്തെ സ്ഥാനത്തേയ്ക്ക് മാറ്റിയത്. രണ്ടടി ഉയരം വരുന്ന ചെറിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ശംഖാഭിഷേകം, ധാര, നാളികേരമുടയ്ക്കൽ എന്നിവയാണ് ഇവിടെ പ്രധാന വഴിപാടുകൾ. വേട്ടേയ്ക്കരനെ തൊഴുത് പ്രദക്ഷിണമായി വന്നാൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്ന നാഗത്തറ കാണാം. നാഗരാജാവായ വാസുകിയും നാഗയക്ഷിയും ചിത്രകൂടവും അടക്കമുള്ള സാമാന്യം വലിയൊരു തറ തന്നെയാണ് ഇവിടെയുള്ളത്. എല്ലാമാസവും ആയില്യം നക്ഷത്രത്തിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും നടത്തപ്പെടുന്നുണ്ട്.

ആദിശങ്കരാചാര്യ സമാധിയും പ്രതിഷ്ഠയും
[തിരുത്തുക]

നാഗദൈവങ്ങളെ തൊഴുത് പ്രദക്ഷിണമായി വരുമ്പോൾ ഒരുവശത്തുവച്ച് വീണ്ടും കിഴക്കോട്ട് തിരിയുന്നു. ഇവിടെ ഒരു സ്ഥലത്ത് ശംഖചക്രങ്ങളുടെ പ്രതിഷ്ഠ കാണാം. ശൈവദേവാലയമായ വടക്കുന്നാഥക്ഷേത്രത്തിലെ വൈഷ്ണവസാന്നിദ്ധ്യത്തിന്റെ പ്രതീകങ്ങളായി ഇവയെ കണക്കാക്കിവരുന്നു. അദ്വൈതവേദാന്തത്തിന്റെ മുഖ്യപ്രയോക്താവായിരുന്ന ആദിശങ്കരാചാര്യരുടെ സമാധിസ്ഥാനവും ഇവിടെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ശങ്കരനാരായണന്റെയും ശ്രീരാമന്റെയും ശ്രീകോവിലുകൾക്ക് ഏതാണ്ട് മധ്യത്തിലായാണ് ഈ സ്ഥാനം. വടക്കുന്നാഥക്ഷേത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതാണ് ശങ്കരാചാര്യരുടെ ജീവിതം. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അദ്ദേഹത്തെ ലഭിച്ചതുതന്നെ ഇവിടെയുള്ള പ്രാർത്ഥനകൾ മൂലമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. പിന്നീട് പലതവണ അദ്ദേഹം ഇവിടെ വരികയും ദർശനം നടത്തുകയുമുണ്ടായി. അദ്ദേഹം തൃശ്ശൂരിൽ നാല് മഠങ്ങൾ സ്ഥാപിയ്ക്കുകയും അവ തന്റെ നാല് പ്രധാന ശിഷ്യന്മാരെ ഏല്പിയ്ക്കുകയും ചെയ്തു എന്നാണ് വിശ്വാസം. അവ തെക്കേ മഠം, നടുവിൽ മഠം, ഇടയിൽ മഠം, വടക്കേ മഠം (ബ്രഹ്മസ്വം മഠം) എന്നിവയാണ്. ഇവയിൽ മൂന്നെണ്ണം ഇപ്പോഴും തൃശ്ശൂരിൽ തന്നെയുണ്ട്; അവയിൽ രണ്ടെണ്ണം സന്ന്യാസിമഠങ്ങളായിത്തന്നെ തുടരുന്നു. അതേ സമയം, ശങ്കരാചാര്യരുടെ സമാധി ഇവിടെയല്ലെന്നും ഉത്തരഭാരതത്തിലെ കേദാർനാഥിലാണെന്നും അതുമല്ല, കാഞ്ചീപുരത്താണെന്നും കഥകളുണ്ട്. സംഗതി എന്തായാലും ഇവിടെ ചില പ്രത്യേക പൂജകൾ നടത്തിവരാറുണ്ട്. ശങ്കരജയന്തിദിവസം ഈ സമാധിയിൽ അഞ്ചുപൂജകൾ നടത്തപ്പെടുന്നു. ഇവിടെനിന്ന് അല്പം മാറി ശങ്കരാചാര്യരുടെ പ്രതിഷ്ഠയോടുകൂടിയ ഒരു ശ്രീകോവിലുമുണ്ട്. ഇത് ഇവിടെ വന്നിട്ട് ഒരുപാടുകാലമായിട്ടില്ല. നാലടിയോളം ഉയരം വരുന്ന ശങ്കരാചാര്യരുടെ ഒരു പൂർണ്ണകായപ്രതിമയാണ് ഇവിടെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. ശ്രീകോവിലിനുചുറ്റും ശങ്കരാചാര്യരുടെ ജീവിതകഥകൾ മനോഹരമായി വരച്ചുചേർത്തിട്ടുണ്ട്. ശങ്കരാചാര്യരെ വന്ദിയ്ക്കുന്നതോടെ നാലമ്പലത്തിന് പുറത്തുള്ള പ്രദക്ഷിണം പൂർത്തിയാകുന്നു.

ശ്രീകോവിലുകൾ

[തിരുത്തുക]

അസാമാന്യ വലുപ്പമുള്ള മൂന്ന് ശ്രീകോവിലുകളാണ് ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ഇവയിൽ രണ്ടെണ്ണം വട്ടശ്രീകോവിലുകളും ഒരെണ്ണം ചതുരശ്രീകോവിലുമാണ്. മൂന്ന് പ്രധാനപ്രതിഷ്ഠകൾക്കും പ്രാധാന്യം കൊടുത്താണ് ഇവയുടെ നിർമ്മിതി എന്നത് ശ്രദ്ധേയമാണ്. മൂന്ന് ശ്രീകോവിലുകളും കരിങ്കല്ലിൽ തീർത്തവയും മേൽക്കൂര ചെമ്പുകൊണ്ട് മേഞ്ഞവയുമാണ്. ശിവന്റേത് ഒഴികെയുള്ളവയ്ക്ക് ഈരണ്ടുനിലകളുണ്ട്. ഇവയ്ക്കകത്ത് മുമ്മൂന്ന് മുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്തുള്ളതാണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ഗർഭഗൃഹം. വടക്കേയറ്റത്തെ ശ്രീകോവിലിൽ പരസ്പരം അനഭിമുഖമായി ശിവനും പാർവ്വതിയും, നടുക്കുള്ള ശ്രീകോവിലിൽ ശങ്കരനാരായണസ്വാമിയും, തെക്കേ അറ്റത്തുള്ള ശ്രീകോവിലിൽ ശ്രീരാമസ്വാമിയും കുടികൊള്ളുന്നു. പാർവ്വതിയൊഴികെയുള്ളവരുടെ ദർശനം പടിഞ്ഞാറോട്ടാണ്. വടക്കേ അറ്റത്തെ ശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ള ശിവന്നാണ് ആചാരപരമായും നിർമ്മാണപരമായും ക്ഷേത്രത്തിൽ ഏറ്റവും പ്രാധാന്യം കല്പിയ്ക്കുന്നത്. ഏറ്റവും വലിയ ശ്രീകോവിലും പ്രതിഷ്ഠയുമെല്ലാം ശിവന്റേതാണ്. എന്നാൽ, ക്ഷേത്രത്തിലെ സ്വത്തുക്കൾക്ക് അധികാരി ശങ്കരനാരായണനാണെന്നും വിശ്വാസമുണ്ട്. അതുവഴി ഓരോരുത്തർക്കും അവരവുടേതായ സ്ഥാനം ക്ഷേത്രത്തിൽ കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

ശിവ-പാർവ്വതി ശ്രീകോവിൽ
[തിരുത്തുക]

വടക്കേ അറ്റത്തെ വട്ടശ്രീകോവിലിൽ കുടികൊള്ളുന്ന ശിവനെ, തന്മൂലമാണ് 'വടക്കുന്നാഥൻ' എന്ന് വിളിയ്ക്കുന്നത്. ചിലർ പ്രതിഷ്ഠയുടെ ദർശനം വടക്കോട്ടാണെന്നും അതുകൊണ്ടാണ് അങ്ങനെ വിളിയ്ക്കുന്നതുമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. മറ്റുള്ള ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശിവലിംഗം തന്നെയാണ് പ്രതിഷ്ഠ. എന്നാൽ, അനാദികാലം മുതൽ നടന്നുവരുന്ന നെയ്യഭിഷേകം കാരണം അത് ഭക്തർക്ക് ദൃശ്യമല്ല. അഭിഷേകം കഴിഞ്ഞാലും നെയ്യ് നീക്കം ചെയ്യുന്നില്ല എന്നതാണ് കാരണം. പകരം, നെയ്യിന് ബലം വയ്ക്കാൻ ഇളനീരഭിഷേകവും നടത്തിവരുന്നു. അങ്ങനെ നെയ്യും ഇളനീരും കൂടിച്ചേർന്ന് ഭീമാകാരമായ ഒരു മല നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതാണ് പ്രസിദ്ധമായ നെയ്മല. ഭഗവാന്റെ വാസസ്ഥാനമായ കൈലാസപർവ്വതത്തെ പ്രതിനിധീകരിയ്ക്കുന്നതാണ് നെയ്മല എന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇതുമൂലമാണ് വടക്കുന്നാഥക്ഷേത്രത്തെ ദക്ഷിണകൈലാസം എന്ന് വിളിയ്ക്കുന്നത്. നെയ്മലയ്ക്ക് ഏകദേശം ഒമ്പതടി ഉയരവും 25 അടി ചുറ്റളവും കാണും. ഇതിലാണ് ചന്ദ്രക്കലയടക്കമുള്ള അലങ്കാരങ്ങളും അഭിഷേകങ്ങളും നടത്തിവരുന്നത്. ഒരുപാട് നെയ്യ് ശ്രീകോവിലിൽ അടിഞ്ഞുകൂടിയിട്ടും ഇവിടെ ഉറുമ്പുകൾ കുമിഞ്ഞുകൂടുന്നില്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ, അകത്ത് കൊളുത്തിവച്ച ദീപങ്ങളുടെയും പുറത്തെ അന്തരീക്ഷത്തിലെയും കൊടുംചൂടിൽ പോലും ഇത് ഉരുകുന്നില്ല എന്നതും വിസ്മയകരമായ ഒരു പ്രതിഭാസമാണ്. എന്നാൽ, ചില പ്രത്യേകം അവസരങ്ങളിൽ ഇത് ഇടിഞ്ഞുവീഴാറുണ്ട്. അത്തരത്തിൽ ഇടിഞ്ഞുവീണ ദിക്കും വീണ അളവും നോക്കി ആ ഭാഗത്തെ ജനങ്ങൾക്ക് ഗുണമാണോ ദോഷമാണോ എന്ന് തീരുമാനിയ്ക്കുന്നു. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലഭാവത്തെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീവടക്കുന്നാഥൻ ശ്രീലകത്ത് വാഴുന്നു.

ശിവന്റെ ശ്രീകോവിലിൽ തന്നെ എതിർവശത്ത്, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ള ആദിപരാശക്തിയായ പാർവ്വതീദേവിയുടെ വിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. വരിക്കപ്ലാവിന്റെ തടികൊണ്ട് നിർമ്മിച്ച വിഗ്രഹമാണ് ഇത്. എന്നാൽ, ഇതിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. ചതുർബാഹുവായ ഭഗവതിയാണ് ഇവിടെ പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയർ, താമര എന്നിവയും ധരിച്ച ഭഗവതിയുടെ മുന്നിലെ രണ്ടുകൈകൾ വരദാഭയമുദ്രാങ്കിതമാണ്. ദാരുവിഗ്രഹമായതിനാൽ ഇവിടെ ജലാഭിഷേകം നടത്താറില്ല. പകരം, മഞ്ഞൾപ്പൊടിയാണ് അഭിഷേകം ചെയ്യുന്നത്. ദേവി ശിവ സാന്നിദ്ധ്യത്തിലിരിയ്ക്കുന്നതിനാൽ സർവ്വമംഗളകാരിണിയും ഐശ്വര്യദായിനിയുമായാണ് സങ്കല്പം. ശിവനെ പൂജിയ്ക്കുന്ന അതേ മേൽശാന്തി തന്നെയാണ് ഭഗവതിയേയും പൂജിയ്ക്കുന്നത്.

ശങ്കരനാരായണശ്രീകോവിൽ
[തിരുത്തുക]

നടുക്കുള്ള ശ്രീകോവിലിലെ ശങ്കരനാരായണസ്വാമിയുടെ പ്രതിഷ്ഠ സവിശേഷപ്രാധാന്യം അർഹിയ്ക്കുന്നതാണ്. അത്യപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ ശങ്കരനാരായണപ്രതിഷ്ഠയുള്ളൂ എന്നതുതന്നെയാണ് കാരണം. മൂന്ന് പ്രധാനപ്രതിഷ്ഠകളിൽ താരതമ്യേന പുതിയ കാലത്തുണ്ടായതാണ് ഈ പ്രതിഷ്ഠ. ഇവിടെ പ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്നും, അതല്ല മേഴത്തോൾ അഗ്നിഹോത്രിയാണെന്നും കഥകളുണ്ട്. സംഗതി എന്തായാലും, കേരളത്തിലുണ്ടായ ശൈവ-വൈഷ്ണവ സംഘട്ടനങ്ങൾ അവസാനിപ്പിയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശൈവ-വൈഷ്ണവ ശക്തികളുടെ സംഗമരൂപമായ ശങ്കരനാരായണനെ പ്രതിഷ്ഠിച്ചതെന്നത് ഉറപ്പാണ്. ഏറ്റവും ചെറിയ ശ്രീകോവിലും ശങ്കരനാരായണന്റേതാണ്. മൂന്നടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹമാണ് ഭഗവാന്. ഇതിന്റെ വലത്തെ പകുതി ശിവനെയും ഇടത്തെ പകുതി വിഷ്ണുവിനെയും സൂചിപ്പിയ്ക്കുന്നു. പുറകിലെ വലതുകയ്യിൽ ത്രിശൂലം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുന്നിലെ ഇടതുകയ്യിൽ ഗദ എന്നിവ ധരിച്ച ഭഗവാന്റെ മുന്നിലെ വലതുകൈ വരദമുദ്രാങ്കിതമാണ്. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വയ്ക്കുമ്പോൾ ഏറ്റവും കൂടുതൽ തവണ വന്ദിയ്ക്കുന്നത് ശങ്കരനാരായണസ്വാമിയെയാണ്. അതും ശ്രദ്ധേയമായ ഒരു വസ്തുതയാണ്.

ശ്രീരാമശ്രീകോവിൽ
[തിരുത്തുക]

തെക്കേയറ്റത്തെ ശ്രീകോവിലിലെ ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠയും സവിശേഷപ്രാധാന്യം അർഹിയ്ക്കുന്നതാണ്. കേരളത്തിൽ താരതമ്യേന കുറവാണ് ശ്രീരാമപ്രതിഷ്ഠകൾ. മറ്റുള്ള ശ്രീകോവിലുകളിൽ നിന്ന് വ്യത്യസ്തമായി ഇത് ചതുരാകൃതിയിലാണ്. ശ്രീരാമൻ എന്ന സങ്കല്പമുണ്ടെങ്കിലും ചതുർബാഹുവായ മഹാവിഷ്ണു തന്നെയാണ് ഇവിടെ പ്രതിഷ്ഠ. സാധാരണ വിഷ്ണുവിഗ്രഹങ്ങളിലേതുപോലെത്തന്നെയാണ് ഇവിടെയും വിഗ്രഹരൂപം. നാലടി ഉയരം വരുന്ന അഞ്ജനശിലാവിഗ്രഹമാണ് ഇവിടെ. ഇതിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ ഗദയും കാണാം. ആദ്യകാലത്ത് വിഷ്ണുവായിത്തന്നെ കണ്ട് ആരാധിച്ചിരുന്ന ഈ പ്രതിഷ്ഠയെ ശ്രീരാമനായി കാണാൻ തുടങ്ങിയതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ: സീതാസ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക് മടങ്ങുകയായിരുന്ന ശ്രീരാമനെ ക്രുദ്ധനായ പരശുരാമൻ വഴിയിൽ തടയുകയും, തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. എന്നാൽ, മുന്നിൽ നിൽക്കുന്നത് സാക്ഷാൽ മഹാവിഷ്ണു തന്നെയാണെന്ന് മനസ്സിലാക്കിയ പരശുരാമൻ, തന്റെ നാട്ടിൽ ഒരു സ്ഥലത്ത് എന്നും കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെയാണ് ഇവിടെ ശ്രീരാമസാന്നിദ്ധ്യം വന്നത്.

മൂന്ന് ശ്രീകോവിലുകളും മനോഹരമായ ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അലംകൃതമാണ്. ശിവന്റെ ശ്രീകോവിലിൽ പ്രധാനമായും ശൈവപ്രാധാന്യമുള്ള കഥകളാണ് വരച്ചുവച്ചിരിയ്ക്കുന്നതെങ്കിൽ വൈഷ്ണവാവതരമായ ശ്രീരാമന്റെ ശ്രീകോവിലിൽ കൂടുതൽ വൈഷ്ണവപ്രാധാന്യമുള്ള ചിത്രങ്ങളാണ് കാണപ്പെടുന്നത്. ശ്രീരാമന്റെ ശ്രീകോവിലിൽ ഒരുവശത്ത് വരച്ചുവച്ചിരിയ്ക്കുന്ന ഉഗ്രനരസിംഹമൂർത്തിയുടെ രൂപം വിശേഷമാണ്. ഹിരണ്യകശിപുവിനെ വധിച്ചശേഷം രൗദ്രഭാവമടങ്ങാതെ നിൽക്കുന്ന ഭഗവാനായാണ് സങ്കല്പം. ഇവിടെ ദർശിയ്ക്കുന്നത് ശത്രുദോഷത്തിന് ഉത്തമമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. എന്നാൽ, ഫലപ്രദമായ ഇടപെടുകളില്ലാതിരുന്നതുകാരണം ഇവ കുറേക്കാലം നാശോന്മുഖമായിക്കിടന്നു. യുനെസ്കോയുടെ പൈതൃകപട്ടികയിൽ ക്ഷേതത്തെ ഉൾപ്പെടുത്തിയശേഷം നടത്തിയ നവീകരണത്തിനുശേഷമാണ് ഇവ പുതുക്കിവരച്ചത്. വടക്കുവശത്ത് അഭിഷേകജലം ഒഴുക്കിവിടാൻ ഓവുകൾ പണിതിട്ടുണ്ട്. ശിവന്റെ ഓവ് മുറിച്ചുകടക്കുന്നത് നിരോധിച്ചിരിയ്ക്കുന്നു.

നാലമ്പലം

[തിരുത്തുക]

ശ്രീകോവിലുകളെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടെ നാലമ്പലം. കരിങ്കല്ലിൽ തീർത്ത നാലമ്പലം കേരളീയ ക്ഷേത്രങ്ങളിൽ ഏറ്റവും വലുതാണ്. ഇതിന്റെ പുറംചുവരുകളിൽ വിളക്കുമാടം പണിതിരിയ്ക്കുന്നു. സന്ധ്യയ്ക്ക് ദീപാരാധനാസമയത്ത് ഈ വിളക്കുകൾ കൊളുത്തിവയ്ക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. പടിഞ്ഞാറ് മൂന്ന് ശ്രീകോവിലുകളുടെ മുന്നിലൂടെയും വടക്കുഭാഗത്തുമായി നാല് പ്രവേശനകവാടങ്ങളുണ്ട്. പടിഞ്ഞാറുഭാഗത്ത് വലിയമ്പലവും പണിതിട്ടുണ്ട്. ഇവയിൽ ശിവന്റെ നടയ്ക്ക് നേരെയുള്ള ഭാഗത്ത് വടക്കുവശത്തായി ശിവവാഹനമായ നന്ദികേശന്റെ പ്രതിഷ്ഠ കാണാം. പളുങ്കിൽ തീർത്ത ഭീമാകാരമായ ഒരു വിഗ്രഹമാണ് ഇവിടെയുള്ളത്. ഇത് കേരളത്തിലെ ഏറ്റവും വലിയ നന്ദിവിഗ്രഹമാണ്. സാധാരണയായി നന്ദികേശൻ ശിവശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിലാണ് സാന്നിദ്ധ്യം കൊള്ളാറുള്ളത്. ഇവിടെ ശിവലിംഗം നെയ്യുകൊണ്ട് മൂടിയതുകൊണ്ടാകണം നന്ദികേശന്റെ പ്രതിഷ്ഠ മറ്റൊരു സ്ഥലത്തായത്. മാത്രവുമല്ല, ഇവിടെ നന്ദികേശന് ഒരു ഉപദേവതയുടെ സ്ഥാനവും നൽകിയിട്ടുണ്ട്. നിത്യവും വിളക്കുവയ്പും നിവേദ്യവുമൊക്കെ ഇവിടെ കാണാം. നന്ദികേശന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ രണ്ട് ചുവർച്ചിത്രങ്ങൾ കാണാം. രണ്ടും ശിവന്റെ വ്യത്യസ്തരൂപങ്ങളാണ്. ഇവയിൽ വടക്കുഭാഗത്തുള്ള വാസുകീശയനന്റെ ചിത്രം സവിശേഷപ്രാധാന്യം അർഹിയ്ക്കുന്നു. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റെ രൂപങ്ങൾ സർവസാധാരണമാണെങ്കിലും വാസുകീശയനരൂപത്തിലെ ശിവന്റെ ചിത്രം മറ്റെവിടെയുമില്ല എന്നതാണ് കാരണം. കിഴക്കുഭാഗത്തുള്ള ചിത്രം, നടരാജരൂപത്തിലുള്ള ഭഗവാന്റേതാണ്. ഇതിനെ 'നൃത്തനാഥൻ' എന്ന് വിളിയ്ക്കുന്നു. ഇരുപതുകൈകളോടുകൂടി, ഉഗ്രഭാവത്തിൽ താണ്ഡവമാടുന്ന ഭഗവാന്റെ കാലുകൾ, അപസ്മാരയക്ഷനെ ചവിട്ടിനിൽക്കുന്ന രൂപത്തിലാണ്. അത്യപൂർവ്വമായ ഈ ചുവർചിത്രങ്ങൾ, ക്ഷേത്രം യുനെസ്കോയുടെ പൈതൃകപട്ടികയിൽ ചേർത്തശേഷം പുനർനിർമ്മിയ്ക്കുകയുണ്ടായി. രണ്ടിനും ദിവസവും വിളക്കുവയ്പുണ്ട്. ഇവയ്ക്കടുത്തായാണ് ചോറൂൺ, തുലാഭാരം തുടങ്ങിയ കാര്യങ്ങൾക്ക് സൗകര്യമൊരുക്കിയിരിയ്ക്കുന്നതും. നവരാത്രിക്കാലത്ത് സരസ്വതീപൂജ നടത്തുന്നതും ഇവിടെത്തന്നെയാണ്. വലിയമ്പലത്തിൽ തന്നെയാണ് ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാറുള്ളത്. പൂജയും ദീപാരാധനയുമൊഴികെയുള്ളപ്പോൾ ഇവ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം.

നാലമ്പലത്തിനകത്തേയ്ക്ക് കടന്നാൽ ഇരുവശങ്ങളിലും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് പൂജകളും ഹോമങ്ങളും മറ്റും നടത്തപ്പെടുന്നത്. വടക്കേ വാതിൽമാടത്തിന്റെ ഒരു ഭാഗം വഴിപാട് കൗണ്ടറായും പ്രവർത്തിച്ചുവരുന്നു. വടക്കുന്നാഥക്ഷേത്രത്തെ ദക്ഷിണകൈലാസമാക്കിമാറ്റിയ നെയ്യഭിഷേകം തന്നെയാണ് ഇവിടെ പ്രധാന വഴിപാട്. കൂടാതെ, സാധാരണ ശിവക്ഷേത്രങ്ങളിൽ നടത്തിവരുന്ന പിൻവിളക്ക്, കൂവളമാല, ധാര, ശംഖാഭിഷേകം, ശർക്കരപ്പായസം തുടങ്ങിയവയും വിശേഷമാണ്. ശിവൻ പാർവ്വതീസമേതഭാവത്തിലായതിനാൽ ഉമാമഹേശ്വരപൂജ, സ്വയംവര പുഷ്പാഞ്ജലി, വേളിയോത്ത് ചൊല്ലൽ തുടങ്ങിയവയ്ക്കും ഇവിടെ അതിയായ പ്രാധാന്യമുണ്ട്. ഗണപതിയ്ക്ക് ഒറ്റയപ്പം നേദിയ്ക്കുന്നതാണ് മറ്റൊരു പ്രധാന വഴിപാട്. വടക്കുവശത്തെ മുറിയിൽ പ്രസാദവിതരണം. 2006 വരെ വേട്ടേയ്ക്കരന്റെ പ്രതിഷ്ഠ ഇവിടെയായിരുന്നു. പുതിയ ശ്രീകോവിലിലേയ്ക്ക് പ്രതിഷ്ഠ മാറ്റിയശേഷമാണ് ഇവിടെ പ്രസാദവിതരണം തുടങ്ങിയത്. ശിവന്റെ ശ്രീകോവിലിന് തെക്കുകിഴക്കായി തിടപ്പള്ളി പണിതിട്ടുണ്ട്.

ശിവന്റെ ശ്രീകോവിലിന് തെക്കുപടിഞ്ഞാറുഭാഗത്ത് പണിത ഒരു ചെറിയ കരിങ്കൽ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിലെപ്പോലെ ഇവിടെ ഗണപതി ഉപദേവനല്ല; മറിച്ച് മറ്റ് പ്രതിഷ്ഠകളുടെ അതേ പ്രാധാന്യത്തോടെ കുടിയിരുത്തപ്പെട്ടിരിയ്ക്കുന്ന ദേവനാണ്. തിടപ്പള്ളിയിലേയ്ക്ക് അഭിമുഖമായാണ് ഇവിടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ഗണപതിപ്രീതിയ്ക്ക് ഒറ്റയപ്പം നേദിയ്ക്കുന്നത് ഇവിടെ അതിവിശേഷമാണ്. ഗണപതിയ്ക്ക് ഒറ്റയപ്പം നേർന്നാൽ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകുമെന്ന് ഭക്തർ ഉറച്ചുവിശ്വസിയ്ക്കുന്നു. ക്ഷേത്രത്തിലെ ഉദയാസ്തമനപൂജയും ഗണപതിയുടെ നടയിലാണ് നടത്തപ്പെടുന്നത്. ശിവരാത്രിനാളിൽ മാത്രമേ വടക്കുന്നാഥന് ഉദയാസ്തമനപൂജയുള്ളൂ. ഉദയാസ്തമനമായി അപ്പം മൂടുന്നതും അതിവിശേഷമാണ്.

ശിവൻ, ശങ്കരനാരായണൻ, ശ്രീരാമൻ എന്നിവരുടെ നടകൾക്കുനേരെ നമസ്കാരമണ്ഡപങ്ങൾ പണിതിട്ടുണ്ട്. മൂന്നും ചതുരാകൃതിയിൽ പണിതവയും ചെമ്പുമേഞ്ഞ മേൽക്കൂരകളോടുകൂടിയതുമാണ്. ശിവന്റെ നടയിലുള്ളതാണ് ഇവയിൽ ഏറ്റവും വലുത്. ഇതിന് ഏകദേശം ഇരുപത് തൂണുകൾ കാണും. മനോഹരമായ നിരവധി ദാരുശില്പങ്ങൾ മണ്ഡപത്തൂണുകളെയും മേൽക്കൂരയെയും അലങ്കരിയ്ക്കുന്നു. മറ്റുള്ള മണ്ഡപങ്ങൾ ചെറുതാണെങ്കിലും അവയിലും നിരവധി മനോഹരരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ശ്രീരാമന്റെ ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ ഒരു നിലവിളക്ക് സ്ഥിരമായി കൊളുത്തിവച്ചിരിയ്ക്കുന്നത് കാണാം. ഇത് ഹനുമാൻ സ്വാമിയുടെ സാന്നിദ്ധ്യമായി സങ്കല്പിച്ചുവരുന്നു. രാമനാമം ജപിയ്ക്കുന്നിടത്തെല്ലാം ഹനുമദ്സാന്നിദ്ധ്യമുണ്ടാകുമെന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സങ്കല്പം കൊണ്ടുവന്നിരിയ്ക്കുന്നത്. അവിൽ നിവേദ്യമാണ് ഹനുമാന് വിശേഷം.

ശ്രീകോവിലുകൾക്ക് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ/സോമൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി), സപ്തമാതൃക്കൾ (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, കൗമാരി, വരാഹി, ചാമുണ്ഡി എന്നീ ക്രമത്തിൽ), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, ദുർഗ്ഗാദേവി, അനന്തൻ എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ കാണാം. എന്നാൽ, ക്ഷേത്രത്തിൽ ശീവേലിയില്ലാത്തതിനാൽ ഇവയിൽ സാധാരണയായി ബലിതൂകാറില്ല. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. തന്മൂലം, അവയിൽ ചവിട്ടുന്നതും ബലിതൂകുന്നതും നിരോധിച്ചിരിയ്ക്കുന്നു.

പ്രധാന പ്രതിഷ്ഠകൾ

[തിരുത്തുക]

വടക്കുന്നാഥൻ (ശിവൻ)

[തിരുത്തുക]
വടക്കുകിഴക്കു മൂലയിൽ നിന്നുള്ള ദൃശ്യം

ക്ഷേത്രത്തിലെ അഞ്ച് പ്രധാന പ്രതിഷ്ഠകളിലൊന്ന്. ക്ഷേത്രം അറിയപ്പെടുന്നതും വടക്കുംനാഥന്റെ പേരിലാണ്. പാർവ്വതീ സമേതനായി കൈലാസത്തിലമരുന്ന സദാശിവനായാണ് വടക്കുന്നാഥനെ സങ്കല്പിച്ചുവരുന്നത്. പരബ്രഹ്മസങ്കല്പവുമുണ്ട്. എല്ലാ ശിവക്ഷേത്രങ്ങളിലേതും പോലെ ഇവിടെയും ശിവലിംഗം തന്നെയാണ് പ്രധാന പ്രതിഷ്ഠ. എന്നാൽ, വർഷങ്ങളായി നടന്നുവരുന്ന നെയ്യഭിഷേകത്തെത്തുടർന്ന് ഈ ശിവലിംഗം പൂർണ്ണമായും മൂടിയിരിയ്ക്കുന്നു. അങ്ങനെയുണ്ടായ നെയ്മലയെയാണ് ഇന്ന് ഇവിടെ ശിവലിംഗമായി സങ്കല്പിച്ച് ആരാധിയ്ക്കുന്നത്. ഈ നെയ്മല, കൈലാസപർവ്വതത്തിന്റെ തനിപ്പകർപ്പായി സങ്കല്പിയ്ക്കപ്പെടുന്നു. നിലവിൽ നെയ്മലയ്ക്ക് ഏകദേശം പതിനഞ്ചടി ഉയരവും ഇരുപത്തഞ്ചടി ചുറ്റളവും വരും. ഇതിൽ തന്നെയാണ് ചന്ദ്രക്കലയും കൂവളമാലയുമടക്കമുള്ള അലങ്കാരങ്ങൾ ചാർത്തുന്നതും. നെയ്യഭിഷേകം തന്നെയാണ് വടക്കുന്നാഥന് പ്രധാന വഴിപാടും. ദിവസവും രാവിലെ നടത്തുന്ന ഈ അഭിഷേകം കഴിഞ്ഞാലും നെയ്യ് നീക്കം ചെയ്യുന്നില്ലെന്ന് മാത്രമല്ല, നെയ്മലയ്ക്ക് കൂടുതൽ ബലം കിട്ടാൻ ഇളനീരഭിഷേകവും നടത്തുന്നു. ധനുമാസത്തിൽ തിരുവാതിര കഴിഞ്ഞുവരുന്ന മൂന്ന് തിങ്കളാഴ്ചകളിൽ സാധാരണ അളവിന്റെ നൂറുമടങ്ങ് നെയ്യും ആയിരം മടങ്ങ് ഇളനീരും അഭിഷേകം ചെയ്യുന്നു. അഭിഷേകം ചെയ്ത് അടിയിലേയ്ക്ക് എത്തിച്ചേരുന്ന കുറച്ചുഭാഗം ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ അർച്ചന, പിൻവിളക്ക്, ധാര, ശംഖാഭിഷേകം, രുദ്രാഭിഷേകം, കൂവളമാല, ഉമാമഹേശ്വരപൂജ, സ്വയംവരപൂജ, വെടിവഴിപാട്, ആയുർസൂക്ത പുഷ്പാഞ്ജലി തുടങ്ങിയവയാണ് വടക്കുന്നാഥന് മറ്റ് പ്രധാന വഴിപാടുകൾ.

ശ്രീ പാർവ്വതി

[തിരുത്തുക]

ക്ഷേത്രത്തിലെ മറ്റൊരു മുഖ്യപ്രതിഷ്ഠ. ശിവന്റെ അതേ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ആദിപരാശക്തിയായ പാർവ്വതീദേവി വാണരുളുന്നു. ദാരുവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. പീഠത്തിലിരിയ്ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. മൂന്നടി പൊക്കം വരും. ചതുർബാഹുവായ ഭഗവതിയുടെ വലതുകൈകളിൽ മഴുവും, വരദമുദ്രയും ഇടതുകൈകളിൽ കയറും, താമരയും അഭയമുദ്രയും കാണാം. മഹാത്രിപുരസുന്ദരി, ഭുവനേശ്വരി ഭാവത്തിൽ ഇരിക്കുന്ന സാക്ഷാൽ ആദിപരാശക്തിയുടെ രൂപമാണിത്. ഇവിടെ നമസ്കാരമണ്ഡപം പണിതീർത്തിട്ടില്ല. ദാരുവിഗ്രഹമാണെങ്കിലും ഇവിടെ സ്വർണ്ണഗോളകയാണ് ഭക്തർ ദർശിയ്ക്കുന്നത്. അത് അഴിച്ചുമാറ്റാറില്ല. ദാരുവിഗ്രഹമായതിനാൽ ജലാഭിഷേകം നടത്താറില്ല. പകരം മഞ്ഞൾപ്പൊടിയാണ് അഭിഷേകം ചെയ്യുന്നത്. ഭഗവതി ശിവസാന്നിദ്ധ്യത്തിൽ വാഴുന്നതിനാൽ സർവ്വമംഗളകാരിണിയും ഇഷ്ടവരദായിനിയുമാണ്. ശിവനും പാർവ്വതിയും അനഭിമുഖമായി ദർശനം നൽകുന്നതിനാൽ അർദ്ധനാരീശ്വരസങ്കല്പവും ഇവിടെയുണ്ട്. മഞ്ഞൾപ്പൊടി അഭിഷേകം കൂടാതെ പട്ടും താലിയും ചാർത്തുന്നതും, സ്വയംവര പുഷ്പാഞ്ജലിയും ഭഗവതിയ്ക്ക് പ്രധാനമാണ്. ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങൾ പ്രധാനം.

ശങ്കരനാരായണൻ

[തിരുത്തുക]

ക്ഷേത്രത്തിലെ മറ്റൊരു മുഖ്യപ്രതിഷ്ഠ. ശൈവ-വൈഷ്ണവശക്തികളുടെ സംയുക്തരൂപമാണ് ശങ്കരനാരായണൻ. ശൈവവൈഷ്ണവസംഘട്ടനങ്ങൾ നിറഞ്ഞുനിന്ന കാലത്ത് അവയൊഴിവാക്കാൻ സൃഷ്ടിച്ചതാണ് ഈ മൂർത്തിയെയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. വടക്കുന്നാഥക്ഷേത്രത്തിൽ, നാലമ്പലത്തിനകത്തുള്ള മൂന്ന് പ്രധാനശ്രീകോവിലുകളിൽ നടുക്കുള്ള ശ്രീകോവിലിലാണ് ശങ്കരനാരായണസ്വാമിയുടെ പ്രതിഷ്ഠ. തന്മൂലം, 'മദ്ധ്യനാഥൻ' എന്നും പ്രതിഷ്ഠ അറിയപ്പെടുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന, പഞ്ചലോഹത്തിൽ തീർത്ത ഭഗവദ്വിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ വിഗ്രഹത്തിന്റെ വലത്തെ പകുതി ശിവനെയും ഇടത്തെ പകുതി വിഷ്ണുവിനെയും സൂചിപ്പിയ്ക്കുന്നു. സാധാരണയായി ശിവലിംഗരൂപത്തിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ള ശങ്കരനാരായണന് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ അവകാശിയും ശങ്കരനാരായണനാണെന്ന് സങ്കല്പിയ്ക്കപ്പെടുന്നു. തന്മൂലം, ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യം നൽകുന്നുണ്ട്. ചതുശ്ശതമാണ് ശങ്കരനാരായണന് പ്രധാന വഴിപാട്.

ശ്രീരാമൻ (മഹാവിഷ്ണു)

[തിരുത്തുക]

ക്ഷേത്രത്തിലെ മറ്റൊരു മുഖ്യപ്രതിഷ്ഠ. നാലമ്പലത്തിനകത്തെ മൂന്ന് ശ്രീകോവിലുകളിൽ തെക്കേയറ്റത്തുള്ള ശ്രീകോവിലിലാണ് ശ്രീരാമസ്വാമിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്മൂലം, 'തെക്കുന്നാഥൻ' എന്നും പ്രതിഷ്ഠ അറിയപ്പെടുന്നു. ഇവിടെ വിഗ്രഹം മഹാവിഷ്ണുവിന്റേതു തന്നെയാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തേതായ ശ്രീരാമന് കേരളത്തിൽ പ്രതിഷ്ഠകൾ കുറവാണ്. അതിനാൽത്തന്നെ ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം അഞ്ജനശിലയിൽ നിർമ്മിച്ചതും സ്വർണ്ണഗോളക ചാർത്തിയതുമാണ്. പടിഞ്ഞാറോട്ടാണ് ശ്രീരാമസ്വാമിയുടെയും ദർശനം. പാൽപ്പായസം, എണ്ണയഭിഷേകം, മുല്ലമാല ചാർത്തൽ എന്നിവയാണ് ശ്രീരാമന് പ്രധാന വഴിപാടുകൾ. കൂടാതെ, രാമായണമാസമായ കർക്കടകം മുഴുവൻ ക്ഷേത്രത്തിൽ രാമായണപാരായണവുണ്ടാകാറുണ്ട്.

മഹാഗണപതി

[തിരുത്തുക]

ക്ഷേത്രത്തിലെ മറ്റൊരു മുഖ്യപ്രതിഷ്ഠ. നാലമ്പലത്തിനകത്ത്, ശിവന്റെ ശ്രീകോവിലിന് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് ഗണപതി ഭഗവാന്റെ പ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. എന്നാൽ, ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. വലത്തോട്ട് തുമ്പിക്കൈ നീട്ടി നിൽക്കുന്ന ഗണപതിയുടെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്. ഒറ്റയപ്പം നേദിയ്ക്കുന്നതാണ് ഗണപതിയ്ക്ക് പ്രധാന വഴിപാട്. സാമാന്യത്തിലധികം വലുപ്പമുള്ള ഒറ്റയപ്പമാണ് വടക്കുന്നാഥക്ഷേത്രത്തിലെ ഗണപതിയ്ക്ക് നേദിയ്ക്കുന്നത്. ഇത് വളരെ സ്വാദിഷ്ടവുമാണ്. ക്ഷേത്രത്തിലെ തിടപ്പള്ളിയിലേയ്ക്ക് നോക്കിയിരിയ്ക്കുന്ന രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. തന്മൂലം, ഗണപതിസാന്നിദ്ധ്യത്തിൽ തന്നെയാണ് ഇതുണ്ടാക്കുന്നതെന്ന് പറയപ്പെടുന്നു. ഒറ്റയപ്പം കൂടാതെ ഗണപതിഹോമം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്.

നടുവിലാൽ ഗണപതി

[തിരുത്തുക]

ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന നടുവിലാൽത്തറയിലും ഒരു ഗണപതിപ്രതിഷ്ഠയുണ്ട്. ഇത് താരതമ്യേന വളരെ പുതിയതാണ്. ശബരിമല തീർത്ഥാടകരും പുലിക്കളിക്കാരും ഇവിടെ സ്ഥിരമായി നാളികേരമുടച്ചിരുന്നപ്പോൾ ഗണപതിസാന്നിദ്ധ്യം മനസ്സിലാക്കി ഇവിടെ ക്ഷേത്രം പണിയുകയായിരുന്നു എന്നാണ് കഥ. ഇന്ന് പടിഞ്ഞാറുഭാഗത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കയറുന്ന ഭക്തർ ആദ്യം കാണുന്നത് ഈ ക്ഷേത്രമാണ്. അരയടി മാത്രം ഉയരമുള്ള ചെറിയൊരു ഗണപതിവിഗ്രഹമാണ് ഇവിടെ. നാളികേരമുടയ്ക്കലാണ് ഇവിടെ പ്രധാന വഴിപാട്. വിനായക ചതുർത്ഥിദിവസം ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്.

മണികണ്ഠനാൽ ഗണപതി

[തിരുത്തുക]

ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് മണികണ്ഠനാൽത്തറയിലും ചെറിയൊരു ഗണപതിസാന്നിദ്ധ്യം കാണാം. ഇവിടെയും സാധാരണ രൂപത്തിലുള്ള ഒരു വിഗ്രഹമാണുള്ളത്. കിഴക്കോട്ടാണ് ദർശനം. ഇതും താരതമ്യേന പുതിയ ക്ഷേത്രമാണ്. വളരെ ചെറിയ രണ്ട് ശ്രീകോവിലുകൾ ഇവിടെ കാണാം. ഇവയിൽ നടുക്കുള്ള ശ്രീകോവിലിൽ ഗണപതിയും വടക്കുള്ള ശ്രീകോവിലിൽ വള്ളീ-ദേവയാനീസമേത സുബ്രഹ്മണ്യനുമാണ് പ്രതിഷ്ഠകൾ. ഈ ക്ഷേത്രം വന്നതിനുപിന്നിലും ഒരു കഥയുണ്ട്. അതിങ്ങനെ: സ്വാതന്ത്ര്യസമരകാലത്ത് മണികണ്ഠനാൽത്തറ നിരവധി പ്രസംഗങ്ങൾക്ക് വേദിയായി. നിരവധി പ്രശസ്ത നേതാക്കന്മാർ അക്കാലത്ത് ഇവിടെ വന്ന് പ്രസംഗങ്ങൾ നടത്തി. എന്നാൽ, ക്ഷേത്രത്തിൽ പോകുന്ന ഭക്തർക്ക് അത് ശല്യമായപ്പോൾ അവിടെ പ്രസംഗങ്ങൾ നിരോധിയ്ക്കാൻ അന്നത്തെ അധികാരികൾ തീരുമാനിയ്ക്കുകയായിരുന്നു. പിന്നീട് ഇവിടെ ക്ഷേത്രം പണിയുകയും സുബ്രഹ്മണ്യ-ഗണപതിപ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. ഇപ്പോൾ രണ്ടിടത്തും വിശേഷാൽ പൂജകളുണ്ട്.

ഉപദേവതകൾ

[തിരുത്തുക]

നരസിംഹമൂർത്തി

[തിരുത്തുക]

മഹാവിഷ്ണുഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ലെങ്കിലും ശ്രീരാമന്റെ ശ്രീകോവിലിന്റെ തെക്കുവശത്ത് നരസിംഹമൂർത്തിയുടെ ഒരു ചുവർച്ചിത്രം വരച്ച് അതിൽ ആരാധനയും വിളക്കുവയ്പും നടത്തിവരുന്നുണ്ട്. ഉഗ്രനരസിംഹഭാവത്തിലാണ് ചുവർച്ചിത്രം. ഹിരണ്യകശിപുവിനെ തന്റെ മടിയിൽ കിടത്തി രണ്ടുകൈകൾ കൊണ്ടും മാറുപിളർന്നുകൊന്ന് ചോര കുടിയ്ക്കുന്ന ഭഗവാന്റെ ഭയങ്കരരൂപം കാണുമ്പോൽ തന്നെ പേടിയാകും. എന്നാൽ അത്യുഗ്രമൂർത്തിയായ ഭഗവാനെ ഭജിച്ചാൽ ശത്രുദോഷങ്ങളൊഴിഞ്ഞുപോകുമെന്നാണ് വിശ്വാസം.

ശ്രീകൃഷ്ണൻ

[തിരുത്തുക]

നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് കൂത്തമ്പലത്തോട് ചേർന്നുള്ള ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീകൃഷ്ണൻ കുടികൊള്ളുന്നത്. ശ്രീകോവിലിനുചുറ്റും ഗോശാല പണിതീർത്തിരിയ്ക്കുന്നതിനാൽ ഗോശാലകൃഷ്ണനായി ഭഗവാനെ കണക്കാക്കിവരുന്നു. ഒരുകയ്യിൽ കാലിക്കോലും മറുകയ്യിൽ ഓടക്കുഴലുമേന്തിയ ഭഗവാനാണ് ഇവിടെയുള്ളത്. മൂന്നടി പൊക്കം വരുന്ന മനോഹരമായ ശിലാവിഗ്രഹം ആരെയും ആകർഷിയ്ക്കും. ഒരിയ്ക്കൽ പരമഭക്തനായ വില്വമംഗലം സ്വാമിയാർ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ ഇന്നത്തെ ശ്രീകോവിലിന്റെ സ്ഥാനത്ത് ഒരു അത്ഭുതതേജസ്സ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടുവെന്നും തുടർന്ന് അദ്ദേഹം അവിടെ ഓടിച്ചെന്ന് നോക്കിയപ്പോൾ ഏതാനും പശുക്കളെ കണ്ടുവെന്നും തുടർന്ന് അവിടെ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചുവെന്നുമാണ് ഐതിഹ്യം. പശുക്കളെ കണ്ട് സ്ഥാനത്ത് പ്രതിഷ്ഠിച്ചതുകൊണ്ടാണ് ഭഗവാൻ ഗോശാലകൃഷ്ണനായതെന്ന് ഐതിഹ്യം സാക്ഷ്യപ്പെടുത്തുന്നു. പാൽപ്പായസവും വെണ്ണയുമാണ് പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണിദിവസം ഭഗവാന് വിശേഷാൽ പൂജകളും അഭിഷേകങ്ങളുമുണ്ട്.

അയ്യപ്പൻ

[തിരുത്തുക]

നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ക്ഷേത്രത്തിലാണ് ഹരിഹരപുത്രനായ അയ്യപ്പന്റെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ശബരിമലയിലെ വിഗ്രഹത്തിന്റെ അതേ രൂപമാണ് ഇവിടത്തെ വിഗ്രഹത്തിനും. ഒന്നരയടി പൊക്കം വരും. അതേസമയം ഇവിടെ ശിലാവിഗ്രഹമാണ് [i]. മറ്റ് ഉപദേവതാക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിൽ ഒരു മുഖമണ്ഡപം പണിതീർത്തിട്ടുണ്ട്. ശബരിമലയ്ക്ക് പോകുന്നവർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെയാണ്. ഇവിടെ പ്രത്യേകമായി വഴിപാട് കൗണ്ടറുമുണ്ട്. എള്ളുതിരി കത്തിയ്ക്കലാണ് അയ്യപ്പന്റെ നടയിലെ പ്രധാന വഴിപാട്. മണ്ഡലകാലത്ത് 41 ദിവസവും നെയ്യഭിഷേകവും പുഷ്പാഭിഷേകവും നടത്താറുണ്ട്.

സിംഹോദരൻ

[തിരുത്തുക]

നാലമ്പലത്തിനുപുറത്ത് കിഴക്കുഭാഗത്ത് വടക്കുംനാഥന്റെ തൊട്ടുപുറകിലാണ് സിംഹോദരന്റെ സ്ഥാനം. ശിവഭൂതഗണങ്ങളിലൊരാളായ സിംഹോദരനെയാണ് വടക്കുംനാഥക്ഷേത്രം പണിയാൻ ശിവൻ നിയോഗിച്ചതെന്നും എന്നാൽ സമയം കഴിഞ്ഞിട്ടും സിംഹോദരനെ കാണാതെ വിഷമിച്ച ശിവപാർവ്വതിമാർ അവസാനം ക്ഷേത്രത്തിലെത്തിയപ്പോൾ ശ്രീകോവിലിൽ സിംഹോദരനിരിയ്ക്കുന്നത് കണ്ടുവെന്നും കോപാക്രാന്തനായ ശിവൻ ഉടനെത്തന്നെ തന്റെ പുറംകാലുകൊണ്ട് സിംഹോദരന് ഒരൊറ്റ ചവിട്ടുകൊടുത്തുവെന്നും അവൻ അടുത്തുള്ള പടുകുഴിയിൽ തെറിച്ചുവീണുവെന്നുമാണ് വിശ്വാസം. അവിടെത്തന്നെ വാണുകൊള്ളാമെന്ന് സിംഹോദരൻ സമ്മതിയ്ക്കുകയും ചെയ്തു. രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലിലാണ് സിംഹോദരന്റെ സ്ഥാനം. പടിഞ്ഞാട്ട് ദർശനം. അരണ്ട നിലവിളക്കിൻ വെളിച്ചത്തിൽ വിഗ്രഹത്തിന്റെ രൂപം വ്യക്തമാകില്ലെങ്കിലും സിംഹോദരൻ എന്ന പേരിനെ അന്വർത്ഥമാക്കും വിധം ദേവന്റെ ഉദരം (വയർ) സിംഹത്തിന്റേതുപോലെയാണെന്നത് തിരിച്ചറിയാൻ കഴിയും. സിംഹോദരന് ദിവസവും വിളക്കുവയ്പുണ്ടെന്നല്ലാതെ പ്രത്യേകപൂജകളോ വഴിപാടുകളോ ഇല്ല.

പരശുരാമൻ

[തിരുത്തുക]

നാലമ്പലത്തിനുപുറത്ത് വടക്കുകിഴക്കേമൂലയിലുള്ള ഒരു തറയിൽ പടിഞ്ഞാട്ട് ദർശനമായാണ് പരശുരാമന്റെ സ്ഥാനം. ഇവിടെ പരശുരാമസങ്കല്പത്തിലുള്ള ദീപമാണുള്ളത്. ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതിന്റെ സ്മരണയ്ക്കാണത്രേ പരശുരാമനെ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഇവിടെ വച്ചാണ് അദ്ദേഹം അന്തർദ്ധാനം ചെയ്തതെന്നും കഥയുണ്ട്. പരശുരാമൻ കടുത്ത ക്ഷത്രിയവിരോധിയായതിനാൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുള്ള ഈ തറയിലേയ്ക്ക് ക്ഷത്രിയർക്ക് പ്രവേശനമില്ല. പരശുരാമന് പ്രത്യേകപൂജകളോ വഴിപാടുകളോ പ്രതിഷ്ഠയോ ഇല്ല.

നന്ദികേശ്വരൻ

[തിരുത്തുക]

പരമശിവന്റെ വാഹനമായ നന്തികേശ്വരൻ (നന്തി എന്ന് ചുരുക്കിപ്പറയുന്നു) ഇവിടെ ഒരു ഉപദേവനായി കുടികൊള്ളുന്നു. ശിവന്റെ നടയ്ക്കുനേരെ മുമ്പിലുള്ള നാലമ്പലക്കെട്ടിലാണ് നന്തിപ്രതിഷ്ഠ. കേരളത്തിൽ ഇന്നുള്ള ഏറ്റവും വലിയ നന്തിവിഗ്രഹമാണിത്. നന്തിയ്ക്ക് രണ്ട് സന്ധ്യയ്ക്കും വിളക്കുവയ്പും നിവേദ്യവുമുണ്ട്.

വാസുകീശയന ശിവൻ

[തിരുത്തുക]

ലോകത്ത് മറ്റൊരിടത്തും കാണാത്ത ഒരു അത്ഭുത ചുവർച്ചിത്രമാണ് സർപ്പരാജാവായ വാസുകിയുടെ പുറത്ത് ശയിയ്ക്കുന്ന പരമശിവന്റേത്. ശിവന്റെ നടയ്ക്കുനേരെയുള്ള നാലമ്പലക്കെട്ടിൽ നന്തികേശ്വരന്റെ വിഗ്രഹത്തിന് തൊട്ടുപുറകിൽ തെക്കോട്ട് ദർശനമായി വരച്ച ചിത്രമാണിത്. അനന്തശയനഭാവത്തിൽ മഹാവിഷ്ണുവിന്റെ ചിത്രങ്ങൾ ഒരുപാട് സ്ഥലങ്ങളിലുണ്ടെങ്കിലും വാസുകീശയനഭാവത്തിൽ ശിവന്റെ ചിത്രം മറ്റൊരിടത്തുമില്ല എന്നതാണ് പ്രത്യേകത. ദിവസവും ഈ ചിത്രത്തിന് ആരാധനയും വിളക്കുവയ്പുമുണ്ട്.

നൃത്തനാഥൻ (നടരാജൻ)

[തിരുത്തുക]

പരമശിവന്റെ നൃത്തം ചെയ്യുന്ന രൂപമാണ് നടരാജൻ. മഹാനടനനായിട്ടാണ് ഹിന്ദുക്കൾ ശിവനെ കാണുന്നത്. ഈ പ്രപഞ്ചം തന്നെ ശിവന്റെ നടനവേദിയായി കണക്കാക്കപ്പെടുന്നു. വടക്കുംനാഥക്ഷേത്രത്തിൽ നന്തിവിഗ്രഹത്തിന് ഇടതുവശത്ത് പടിഞ്ഞാട്ട് ദർശനമായി നടരാജന്റെ ഒരു ചുവർച്ചിത്രമുണ്ട്. നൃത്തനാഥൻ എന്നാണ് ഇതറിയപ്പെടുന്നത്. 20 കൈകളോടുകൂടിയ അത്യപൂർവ്വമായ ഈ ചുവർച്ചിത്രത്തിൽ ഭഗവാൻ അപസ്മാരയക്ഷനെ ചവുട്ടിപ്പിടിച്ച് നൃത്തം ചെയ്യുകയാണ്. പ്രപഞ്ചത്തെ മുഴുവൻ ഒരു ഗോളമാക്കി ചിത്രികരിച്ചിരിയ്ക്കുന്നു. അത്യപൂർവ്വമായ ഈ ചുവർച്ചിത്രം, പക്ഷേ ഫലപ്രദമായ ഇടപെടലില്ലാത്തതുമൂലം ഇത് നശിച്ചുകൊണ്ടിരിയ്ക്കുകയാണ്. ദിവസവും ഈ ചിത്രത്തിനും ആരാധനയും വിളക്കുവയ്പുമുണ്ട്.

വടക്കുംനാഥന്റെ നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകമായിത്തീർത്ത് നാലമ്പലക്കെട്ടിൽ തെക്കോട്ട് ദർശനമായാണ് ശിവഭൂതഗണങ്ങളിലൊരാളായ ഋഷഭന്റെ പ്രതിഷ്ഠ. നന്ദി തന്നെയാണ് വാസ്തവത്തിൽ ഋഷഭനായും കുടികൊള്ളുന്നത്. ഋഷഭൻ സദാ ധ്യാനനിമഗ്നനും നഗ്നണുമാണത്രേ! അതിനാൽ രണ്ടുകൈകളും കൊട്ടി ദേവനെ ഉണർത്തി, വസ്ത്രത്തിൽനിന്ന് ഒരു നൂലെടുത്തുവേണം വന്ദിയ്ക്കാൻ. ദേവൻ അനുഗ്രഹിച്ചുകഴിഞ്ഞാൽ വീണ്ടും ഉറങ്ങും. ഇതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്: ആദ്യം ഋഷഭൻ കിഴക്കോട്ട് ദർശനമായാണ് കുടികൊണ്ടിരുന്നത്. നിൽക്കുന്ന രൂപത്തിലായിരുന്നു പ്രതിഷ്ഠ. ഒരുദിവസം രാവിലെ ക്ഷേത്രത്തിൽ വന്ന ശാന്തിക്കാർ വിഗ്രഹം ഉറങ്ങുന്നതായി കണ്ടുവത്രേ! തുടർന്ന് വിഗ്രഹം തെക്കോട്ട് ദർശനമാക്കി പണിതു. ഒരുകാലത്ത് കേരളത്തിൽ ബുദ്ധ-ജൈനമതങ്ങൾ ചെലുത്തിയിരുന്ന സ്വാധീനത്തിന്റെ പ്രതീകമായി ഋഷഭനെ കണ്ടുവരുന്നു. ഋഷഭൻ ഒരു ജൈനതീർത്ഥങ്കരനാണെന്നും കൈകൊട്ടി വിളിച്ചുണർത്തി നൂലെടുത്ത് തൊഴുന്നത് ജൈനമതാചാരത്തിന്റെ തുടർച്ചയാണെന്നും ചരിത്രകാരന്മാർ കണക്കാക്കുന്നു.

വേട്ടേയ്ക്കരൻ

[തിരുത്തുക]

കിരാതമൂർത്തിയായ പരമശിവനെയാണ് വേട്ടേയ്ക്കരൻ എന്ന് പറയുന്നത്. ഹൈന്ദവവിശ്വാസപ്രകാരം പാശുപതാസ്ത്രം കിട്ടാൻ ഘോരതപസ്സ് ചെയ്യുകയായിരുന്ന അർജുനനെ പരീക്ഷിയ്ക്കാൻ ഭഗവാൻ സ്വീകരിച്ച രൂപമാണ് വേട്ടേയ്ക്കരൻ. ക്ഷേത്രനാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് കിരാതമൂർത്തിയുടെ ശ്രീകോവിൽ. രണ്ടടി പൊക്കം വരുന്ന ചെറിയ ശിവലിംഗമാണ് ഇവിടെയുള്ളത്. ധാരയും ശംഖാഭിഷേകവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. വിശേഷാവസരങ്ങളിൽ വേട്ടേയ്ക്കരൻ പാട്ട് നടത്താനുള്ള ആലോചനയും ക്ഷേത്രം വകയായുണ്ട്.

2006 വരെ ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായാണ് വേട്ടേയ്ക്കരനെ പ്രതിഷ്ഠിച്ചിരുന്നത്. എന്നാൽ 2006-ൽ നടന്ന ദേവപ്രശ്നത്തിൽ ആ സ്ഥാനം ശരിയല്ലെന്നും പുറത്താണ് പ്രതിഷ്ഠ വേണ്ടതെന്നും കണ്ടെത്തി. തുടർന്ന് പുതിയ ശ്രീകോവിൽ പണിത് പ്രതിഷ്ഠ നടത്തുകയായിരുന്നു. മുമ്പ് വേട്ടേയ്ക്കരന്റെ പ്രതിഷ്ഠയുണ്ടായിരുന്ന മുറിയിലാണ് ഇന്ന് അപ്പം, പായസം തുടങ്ങിയവ വിതരണം ചെയ്യുന്നത്.

നാഗദൈവങ്ങൾ

[തിരുത്തുക]

ആദിദ്രാവിഡ ആചാരത്തിന്റെ ബാക്കിപത്രമായ ഒരു ആരാധനാസമ്പ്രദായമാണ് നാഗാരാധന. വിവിധതരം നാഗങ്ങളെ ആരാദിയ്ക്കുന്ന സമ്പ്രദായം കേരളത്തിലുണ്ടായിരുന്നു. സിന്ധുനദീതടപ്രദേശത്തുനിന്ന് കണ്ടെടുത്ത രൂപങ്ങളിൽ നാഗരൂപങ്ങളുമുണ്ട്. പണ്ടുകാലത്ത് വലിയ തറവാട്ടുവീടുകളിൽ നാഗത്തറകൾ പതിവായിരുന്നു. ഇന്ന് ക്ഷേത്രങ്ങളിൽ മാത്രമാണ് നാഗത്തറകളുള്ളത്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ തെക്കുപടിഞ്ഞാറേമൂലയിലാണ് നാഗപ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. നാഗരാജാവായി ശിവന്റെ കണ്ഠാഭരണവും ശിവസർപ്പവുമായ വാസുകിയും, നാഗയക്ഷിയും, നാഗചാമുണ്ഡിയും മറ്റ് ഉത്തമാധമസർപ്പങ്ങളുമാണ് ഇവിടെയുള്ളത്. നൂറും പാലും സമർപ്പിയ്ക്കുന്നതാണ് പ്രധാന വഴിപാട്. കൂടാതെ എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും നടത്തിവരുന്നു.

സുബ്രഹ്മണ്യൻ

[തിരുത്തുക]

ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ മണികണ്ഠനാൽത്തറയിൽ കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയ്ക്ക് ഒരു പ്രത്യേകക്ഷേത്രം പണിതിട്ടുണ്ട്. ഏഴുപതിറ്റാണ്ടുകളേ ആയിട്ടുള്ളൂ ഈ ക്ഷേത്രം പണിതിട്ട്. ഇതിനുപിന്നിൽ ഒരു കാരണമുണ്ട്: മണികണ്ഠനാൽ സ്വാതന്ത്ര്യസമരകാലത്ത് ഒരുപാട് പ്രസംഗങ്ങൾക്ക് വേദിയായി. പ്രശസ്തരായ നിരവധി സ്വാതന്ത്ര്യസമരസേനാനികൾ അക്കാലത്ത് ഇവിടെ വന്ന് പ്രസംഗിച്ചുപോയിരുന്നു. എന്നാൽ ക്ഷേത്രത്തിലേയ്ക്കുപോകുന്ന ഭക്തർക്ക് അത് വലിയൊരു പ്രശ്നമായി മാറി. തുടർന്ന് അവിടെ ചെറിയൊരു ക്ഷേത്രം പണിത് അവിടെ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചു. തൃശ്ശൂർ നഗരത്തിന് പടിഞ്ഞാറ് അയ്യന്തോളിൽ സ്ഥിതിചെയ്യുന്ന തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമിക്ഷേത്രക്കുളത്തിൽ നിന്നാണ് ഇവിടെയുള്ള വിഗ്രഹം കണ്ടെത്തിയത്. ഇന്നത് വടക്കുംനാഥക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു. വള്ളീദേവയാനീസമേതനായ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. സമീപം ഗണപതിയും സാന്നിദ്ധ്യമാകുന്നുണ്ട്. പഞ്ചാമൃതവും പാലഭിഷേകവുമാണ് സുബ്രഹ്മണ്യസ്വാമിയ്ക്ക് പ്രധാന വഴിപാടുകൾ.

ഹനുമാൻ

[തിരുത്തുക]

രാമായണത്തിലെ അനശ്വരകഥാപാത്രമായ ഹനുമാൻ സ്വാമി സപ്തചിരഞ്ജീവികളിലൊരാളായി കണക്കാക്കപ്പെടുന്നു. ഭക്തിയിലും ബുദ്ധിശക്തിയിലും സ്വഭാവമഹിമയിലുമെല്ലാം ഉത്തമനായി കണക്കാക്കപ്പെടുന്ന അദ്ദേഹമില്ലായിരുന്നുവെങ്കിൽ രാമായണത്തിന്റെ ഗതി മറ്റൊന്നായേനെ. വടക്കുംനാഥക്ഷേത്രത്തിൽ അദ്ദേഹത്തിന് പ്രതിഷ്ഠയില്ലെങ്കിലും രണ്ട് സ്ഥലങ്ങളിൽ അദ്ദേഹം അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഒന്ന്, ക്ഷേത്രനാലമ്പലത്തിനകത്ത് ശ്രീരാമന്റെ ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ; മറ്റേത്, അയ്യപ്പന്റെ ശ്രീകോവിലിനുപുറകിലുള്ള ഔഷധത്തറയിൽ. ശ്രീരാമസാന്നിദ്ധ്യമുള്ളിടത്ത് ഹനുമാൻ എന്നുമുണ്ടാകുമെന്നതാണ് ആദ്യത്തെ സങ്കല്പത്തിനുപിന്നിലുള്ള വിശ്വാസമെങ്കിൽ, രാവണപുത്രനായ ഇന്ദ്രജിത്തുമായുള്ള യുദ്ധത്തിനിടയിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മണന്റെ ജീവൻ രക്ഷിയ്ക്കാനുള്ള മൃതസഞ്ജീവനിയടങ്ങിയ മരുത്വാമലയും കൊണ്ട് ഹനുമാൻ ലങ്കയിലേയ്ക്കുപോകുന്ന വഴിയിൽ അതിന്റെ ഒരുഭാഗം അടർന്നുവീണതാണ് രണ്ടാമത്തെ സങ്കല്പത്തിനുപിന്നിലുള്ള വിശ്വാസം. രണ്ടിടത്തും വിളക്കുവയ്പുണ്ട്.

ആദിശങ്കരാചാര്യർ

[തിരുത്തുക]

അദ്വൈതവേദാന്തികനായിരുന്ന ആദിശങ്കരാചാര്യർ ഹിന്ദുമതത്തിന് പുതിയൊരു ഭാവം നൽകുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചു. 32 വർഷം മാത്രം നീണ്ടുനിന്ന ജീവിതം കൊണ്ട് ഒരുപാട് സ്ഥലങ്ങൾ സന്ദർശിയ്ക്കുകയും ഒരുപാട് കൃതികൾ രചിയ്ക്കുകയും ചെയ്ത അദ്ദേഹം സമാധിയടഞ്ഞത് വടക്കുംനാഥക്ഷേത്രത്തിൽ വച്ചാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു (കേദാർനാഥിൽ വച്ചാണ് അദ്ദേഹം സമാധിയടഞ്ഞതെന്നും പറയപ്പെടുന്നു. ഇന്ന് രണ്ടിടത്തും അദ്ദേഹത്തിന് സമാധിപ്രതിഷ്ഠകളുണ്ട്). അദ്ദേഹത്തിന്റെ അച്ഛനമ്മമാർക്ക് പുത്രസൗഭാഗ്യം ലഭിച്ചതുതന്നെ വടക്കുംനാഥനെ ഭജിച്ചതുമൂലമാണ്. പ്രായാധിക്യം മൂലം അവർക്ക് വരാൻ കഴിയാതായപ്പോൾ അവർക്കുവേണ്ടി ഭഗവാൻ കാലടിയിൽത്തന്നെ കുടികൊണ്ടുവെന്ന് കഥയുണ്ട്. അവിടെ ഇപ്പോൾ തിരുവെള്ളമാന്തുള്ളി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരിയ്ക്കൽ ശങ്കരാചാര്യർ ഇവിടെയിരുന്ന് വിഷ്ണുപാദാദിസ്തവം രചിയ്ക്കുന്നതിനിടയിലാണ് സമാധിയായതെന്നും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് അത് പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു. ശങ്കരാചാര്യർ സ്ഥാപിച്ച മൂന്ന് മഠങ്ങൾ (തെക്കേ മഠം, നടുവിൽ മഠം, വടക്കേ (ബ്രഹ്മസ്വം) മഠം) ഇന്നും ക്ഷേത്രത്തിന് സമീപമുണ്ട്. ശങ്കരാചാര്യർ സമാധിയായ സ്ഥാനത്താണ് ഇന്ന് അദ്ദേഹത്തിന്റെ ശ്രീകോവിൽ പണിതിരിയ്ക്കുന്നത്. ശങ്കരാചാര്യരുടെ പൂർണകായപ്രതിമ കിഴക്കോട്ട് ദർശനമാക്കി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. നാലടി ഉയരം കാണും. ശ്രീകോവിലിനുചുറ്റും ശങ്കരാചാര്യരുടെ ജീവിതകഥയിലെ ചില സുപ്രധാന സന്ദർഭങ്ങൾ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ശങ്കരാചാര്യരുടെ ശ്രീകോവിലിന് തെക്കുഭാഗത്തായി ശംഖചക്രങ്ങളുടെ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. വിഷ്ണുഭഗവാന്റെ തിരുവായുധങ്ങളായ ശംഖചക്രങ്ങളുടെ ശിലാരൂപങ്ങൾ ക്ഷേത്രത്തിലെ ശൈവവൈഷ്ണവശക്തിസംയോഗത്തെ സൂചിപ്പിയ്ക്കുന്നു.

കാശീവിശ്വനാഥൻ

[തിരുത്തുക]

സിംഹോദരന്റെ ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് നാലമ്പലച്ചുവരിൽ ത്രികോണാകൃതിയിൽ ഒരു ചെറിയ ദ്വാരമുണ്ട്. ആ ദ്വാരത്തിലൂടെ വടക്കുംനാഥന്റെ താഴികക്കുടം കണ്ടുതൊഴുന്ന ഭക്തർ തുടർന്ന് അതിന് കിഴക്കുഭാഗത്തുള്ള ഒരു തറയിൽ കയറിനിന്ന് വടക്കുകിഴക്കേമൂലയിലേയ്ക്ക് തിരിഞ്ഞുനോക്കി കാശീവിശ്വനാഥനെ വന്ദിയ്ക്കുന്നു. കാശീവിശ്വനാഥൻ തന്നെയാണ് വടക്കുംനാഥനായി വാഴുന്നത് എന്ന വിശ്വാസമാണ് ഇതിനുപിന്നിൽ. ഇതുകഴിഞ്ഞാൽ ഇതിന് തൊട്ടുമുമ്പിലുള്ള ബലിക്കല്ലിന് മുകളിൽ കല്ലുകൾ കൂട്ടിയിടുന്ന ഒരു ആചാരമുണ്ടായിരുന്നു. 2005-ൽ നടന്ന ദേവപ്രശ്നത്തിൽ ആ ആചാരം റദ്ദാക്കി. എന്നാൽ ഇന്നും ഇതറിയാത്ത ചിലർ ഇത് തുടർന്നുപോരുന്നുണ്ട്. ഇതിനടിയിലൂടെ ഒരു രഹസ്യമാർഗ്ഗമുണ്ടെന്നും അതുവഴി നേരെ കാശിയിലെ മണികർണികാഘട്ടത്തിലെത്തിച്ചേരാമെന്നും വിശ്വസിയ്ക്കപ്പെടുന്നു. പണ്ട് ഇവിടെ ഭജനമിരുന്ന ദേശമംഗലം നമ്പൂതിരിയ്ക്ക് കാശീവിശ്വനാഥദർശനം എന്ന മോഹം സാധിച്ചുകൊടുക്കാൻ വടക്കുംനാഥൻ തന്നെ നിർമ്മിച്ചുകൊടുത്തതാണ് ആ വഴിയെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ കാശിയിലെത്തി ദർശനം പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് ഇതേ മാർഗ്ഗത്തിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ തിരിച്ചെത്തിയെന്നും വിശ്വസിയ്ക്കപ്പെടുന്നു. തുടർന്ന് ഈ വഴി അടച്ചു.

ചിദംബരനടരാജൻ, രാമനാഥസ്വാമി

[തിരുത്തുക]

കാശീവിശ്വനാഥനെ തൊഴുത് തെക്കോട്ട് യാത്ര ചെയ്താൽ മറ്റൊരു തറയിലെത്താം. തെക്കുകിഴക്കേമൂലയിലുള്ള ഈ തറയിൽനിന്ന് കിഴക്കോട്ട് നോക്കി ചിദംബരനടരാജനെയും തെക്കോട്ട് നോക്കി രാമേശ്വരത്തെ രാമനാഥസ്വാമിയെയും ഭക്തർ വന്ദിയ്ക്കുന്നു. ശിവൻ നടരാജഭാവത്തിൽ കുടികൊള്ളുന്ന ഏക ക്ഷേത്രമാണ് ചിദംബരം ക്ഷേത്രം. പ്രതിഷ്ഠാമൂർത്തി തന്നെ ശീവേലിമൂർത്തിയായും വരുന്ന ഏക ക്ഷേത്രവും ഇതുതന്നെ. ചിദംബരനാഥന്റെ ആനന്ദതാണ്ഡവം രാമേശ്വരത്തും പ്രതിഫലിച്ചുവത്രേ! രാമേശ്വരം ക്ഷേത്രമാകട്ടെ ഐതിഹ്യപ്രകാരം രാവണനെ കൊന്നതുമൂലമുണ്ടായ ബ്രഹ്മഹത്യാപാപം തീർക്കാൻ ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവക്ഷേത്രമാണ്. ശ്രീരാമൻ പ്രതിഷ്ഠ നടത്തിയതിനാൽ സ്ഥലത്തിന് രാമേശ്വരം എന്നും പ്രതിഷ്ഠയ്ക്ക് രാമനാഥൻ എന്നും പേരുകൾ വന്നു. ഒരിയ്ക്കൽ നന്ദിയുടെ നിർദ്ദേശപ്രകാരം ഇവിടെത്തിയ അനന്തൻ ഈ തറയിലിരുന്ന് താണ്ഡവനൃത്തം ദർശിച്ചുവെന്ന് ഐതിഹ്യമുണ്ട്.

ഊരകത്തമ്മത്തിരുവടി, കൂടൽമാണിക്യസ്വാമി

[തിരുത്തുക]

കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന ഊരകത്തമ്മത്തിരുവടിക്ഷേത്രം തൃശ്ശൂർ നഗരത്തിൽനിന്ന് ഉദ്ദേശം 12 കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്നു; ഭാരതത്തിൽ ഭരതപ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം 24 കിലോമീറ്റർ തെക്കുമാറിയും. ഈ രണ്ട് ക്ഷേത്രങ്ങളിലേയ്ക്കും നോക്കിത്തൊഴാനുള്ള തറ തെക്കേ ഗോപുരത്തിൽ നിന്ന് അല്പം മാറി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഊരകത്തമ്മ തന്റെ ഭക്തനായ തിരുവലയന്നൂർ ഭട്ടതിരിയുടെ ഓലക്കുടയിൽ കയറിയിരുന്ന കാഞ്ചീ കാമാക്ഷി തന്നെയാണ്. ഊരകത്ത് പ്രതിഷ്ഠ നടത്തിയപ്പോൾ ഭഗവതിയുടെ ഒരംശം വടക്കുംനാഥക്ഷേത്രത്തിലും സാന്നിദ്ധ്യമരുളി എന്ന് വിശ്വസിയ്ക്കപ്പെടുന്നു. കൂടാതെ, വടക്കുംനാഥക്ഷേത്രത്തിൽ ജ്യേഷ്ഠനായ ശ്രീരാമനോടൊപ്പം കുടികൊള്ളാനായിരുന്നു ഭരതന്റെ ആഗ്രഹമത്രേ. എന്നാൽ ഭക്തനായ വാക്കയിൽ കൈമളുടെ അഭ്യർത്ഥനപ്രകാരം ഭരതൻ കൂടൽമാണിക്യത്ത് സംഗമേശ്വരനായി കുടികൊണ്ടുവെന്നും എന്നാൽ അദ്ദേഹത്തിന്റെ അദൃശ്യസാന്നിദ്ധ്യം ഇന്നും വടക്കുംനാഥക്ഷേത്രത്തിലുണ്ടെന്നുമാണ് കഥ.

കൊടുങ്ങല്ലൂരമ്മ (ഭദ്രകാളി)

[തിരുത്തുക]

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം തൃശ്ശൂരിൽ നിന്ന് ഉദ്ദേശം 36 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്നു. പരശുരാമൻ പ്രതിഷ്ഠിച്ച നാല് അംബികാലയങ്ങളിലൊന്നാണത്രേ ഇത്. കേരളത്തിലെ 64 ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലസ്ഥാനമായും കൊടുങ്ങല്ലൂരിനെ കണ്ടുവരുന്നു. ചിലപ്പതികാരത്തിലെ വീരനായികയായ കണ്ണകിയായും ഭഗവതിയെ കണ്ടുവരുന്നുണ്ട്. കൊടുങ്ങല്ലരിലേയ്ക്ക് നോക്കിത്തൊഴാനുള്ള തറ ഒരു ആൽമരത്തിന്റെ തറയാണ്. ക്ഷേത്രത്തിലെ തെക്കേ ഗോപുരത്തിൽനിന്ന് അല്പം പടിഞ്ഞാറുമാറിയാണ് ഈ ആൽമരം. ഊരകം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഊരകത്തമ്മയുടെ അദൃശ്യ സാന്നിദ്ധ്യമുള്ളതുകൊണ്ട് കൂടിയാകണം കൊടുങ്ങല്ലൂരമ്മയ്ക്കും ഇവിടെ സ്ഥാനം ഉറപ്പിച്ചത്. തെക്കുപടിഞ്ഞാറേ മൂലയിലേയ്ക്കു നോക്കി കൊടുങ്ങല്ലൂരമ്മയെ തൊഴുന്ന ഭക്തർ തുടർന്ന് അവിടെത്തന്നെ വടക്കോട്ട് തിരിഞ്ഞുനിന്ന് പ്രധാന ശ്രീകോവിലുകളുടെ താഴികക്കുടങ്ങളും നോക്കിത്തൊഴുന്നു.

വേദവ്യാസൻ, ദക്ഷിണാമൂർത്തി

[തിരുത്തുക]

ഇതിഹാസകാവ്യമായ മഹാഭാരതത്തിന്റെയും പതിനെട്ട് പുരാണങ്ങളുടെയും കർത്താവായ വേദവ്യാസന് ഇവിടെ തെക്കുഭാഗത്തെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ അദൃശ്യസാന്നിദ്ധ്യമുണ്ട്. ഒരു ചെറിയ ഉരുളൻകല്ലിലാണ് വേദവ്യാസനെ സങ്കല്പിച്ചുതൊഴുന്നത്. കൊടുങ്ങല്ലൂരമ്മയുടെ തറയ്ക്ക് തൊട്ടുപടിഞ്ഞാറുമാറിയാണ് വേദവ്യാസസങ്കല്പം. ഈ തറയിൽ ദർശനം നടത്തിക്കഴിഞ്ഞാൽ മണലിൽ 'ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ' എന്ന വിദ്യാരംഭമന്ത്രം എഴുതുകയും വേണം. വ്യാസശിലയുടെ താഴെ ദക്ഷിണാമൂർത്തിസങ്കല്പവുമുണ്ട്. ശിവന്റെ തന്നെ സന്യാസഭാവമാണ് ദക്ഷിണാമൂർത്തി. പ്രപഞ്ചത്തിന്റെ ആദിഗുരു എന്ന സങ്കല്പത്തിലുള്ളതാണ് ഈ ഭാവം. അതിനാൽ വിദ്യാഭിവൃദ്ധിയ്ക്ക് ദക്ഷിണാമൂർത്തിഭജനവും ഉത്തമമായി കണക്കാക്കപ്പെടുന്നു. വ്യാസശിലയുടെ ചുവട്ടിലുള്ള ദക്ഷിണാമൂർത്തിയെ തൊഴുതുവേണം അയ്യപ്പനെ തൊഴാൻ എന്നാണ് ആചാരം. ഇല്ലെങ്കിൽ ദർശനപുണ്യം നശിയ്ക്കുമത്രേ!

പാറമേക്കാവിലമ്മ (ഭദ്രകാളി - മൂലസ്ഥാനം)

[തിരുത്തുക]

വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്ത് തൃശ്ശൂർ നഗരത്തിൽത്തന്നെയുള്ള പ്രസിദ്ധമായ ഭഗവതിക്ഷേത്രമാണ് പാറമേക്കാവ് ക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ പ്രധാനപ്പെട്ട് രണ്ട് പങ്കാളികളിലൊരാളായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പ്രതിഷ്ഠയാണെന്ന് വിശ്വസിച്ചുവരുന്നു. ഈ പ്രതിഷ്ഠയുടെ മൂലസ്ഥാനം വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് വടക്കുഭാഗത്തുള്ള ഇലഞ്ഞിത്തറയാണ്. ഇത് ഇവിടെ വരാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്തുള്ള കൂർക്കഞ്ചേരിയിലെ അപ്പാട്ട് കളരിത്തറവാട്ടിലെ കാരണവരായിരുന്ന കുറുപ്പാൾ തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ തിരുമാന്ധാംകുന്നിൽ ദർശനത്തിനുപോയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യം കാരണം അതിന് കഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം ഭഗവതിയോട് നാട്ടിൽ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. കരുണാമയിയായ ഭഗവതി അത് സമ്മതിച്ച് കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിയിരുന്നു.

യാത്രകഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാൾ വടക്കുംനാഥനെ തൊഴുത് ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാൻ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചുകഴിഞ്ഞതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ ദേവീസാന്നിദ്ധ്യം കണ്ടു. ദേവീസാന്നിധ്യം കണ്ടതിനെത്തുടർന്ന് ഭഗവതിയെ തന്റെ തറവാട്ടിലെ കളരിയിൽ പ്രതിഷ്ഠിച്ചു യഥാവിധി പൂജാവിധികൾ ചെയ്തു കൊള്ളാം എന്ന് മനമുരുകി പ്രാർത്ഥിച്ചതിനെ തുടർന്ന് ഓലക്കുട അവിടെ നിന്നും എടുക്കുകയും തുടർന്ന് തന്റെ കൂർക്കഞ്ചേരി തറവാട്ടിലെ കളരിയിൽ ദേവിയെ ശാക്തേയവിധി പ്രകാരം പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ദേവിയുടെ പ്രതിഷ്ഠ നടത്തിയത് കളരിയുടെ തൊട്ടുപുറകിലുള്ള പാറോം മരച്ചുവട്ടിൽ ആയതിനാൽ പാറോംകാവ് ഭഗവതി എന്ന് ദേശനിവാസികൾ വിളിച്ചു പോന്നു .കാലക്രമേണ പാറോംകാവ് ലോപിച്ചു പാറമേക്കാവ് ഭഗവതി എന്നറിയപ്പെട്ടു. ദേവീദർശനം വെളിപ്പെട്ടത് ഇലഞ്ഞിത്തറയിൽ വെച്ചായതുകൊണ്ട് കാരണവർ ഇവിടെയും ദേവിയുടെ ഒരു ശിലാപ്രതിഷ്ഠ നടത്തി. പിന്നീട് വടക്കുംനാഥ ക്ഷേത്രം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ പ്രതിഷ്ഠ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റൻ പാറയുടെ മുകളിലേയ്ക്കുമാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു. കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിലെ കാരണവരുടെ കളരിയിൽ പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ കൂടാതെ ചണ്ഡികാഭഗവതി, മനക്കൊടി അയ്യപ്പൻ, വനശാസ്താവ് ,വീരഭദ്രൻ, കുറുപ്പാൾ കാരണവർ എന്നീ പ്രതിഷ്ഠകൾ കൂടിയുണ്ട്. കാരണവർ ദേവിയിൽ സമാധി പ്രാപിച്ചതോടെ കാരണവരുടെ രൂപം പിന്തലമുറക്കാർ കളരിയ്ക്ക് പുറത്ത് പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. ശിവലിംഗരൂപത്തിലുള്ള കുഴയുടെ രൂപത്തിൽ ആണ് കാരണവരുടെ പ്രതിഷ്ഠ നടത്തിയത്. കുറുപ്പാൾ കാരണവർക്ക് ദേവിയുമായുള്ള അഭേദ്ധ്യമായ ബന്ധം ഉള്ളതിനാൽ പുറത്തുള്ള പ്രതിഷ്ഠ ഉറയ്ക്കാതെയിരിയ്ക്കുകയും പിന്നീട് കളരിയ്ക്ക് അകത്തുതന്നെ പ്രതിഷ്ഠിയ്ക്കുകയും ചെയ്യുകയായിരുന്നു. കൂർക്കഞ്ചേരി കുറുപ്പാൾ കളരിയോട് അനുബന്ധിച്ചു സർപ്പക്കാവും, ബ്രഹ്മരക്ഷസ്സും നിലകൊള്ളുന്നു. ഇന്നും പാറമേക്കാവ് ക്ഷേത്രത്തിലെ വേല അടിയന്തരം പ്രമാണിച്ച് ക്ഷേത്രക്കോമരം കൂർക്കഞ്ചേരി കുറുപ്പാൾ കളരിയിൽ വരുകയും അരിയേറു നടത്തി മൂലസ്ഥാനത്തോടുള്ള കടപ്പാട് അറിയിയ്ക്കുകയും ചെയ്തു വരുന്നു. മകരമാസത്തിലെ പാനപ്പറ, തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പൂരപ്പറ ഇതെല്ലാം തുടങ്ങുന്നത് കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിൽ നിന്നുമാണ്. കാരണവർ ഇലഞ്ഞിത്തറയിൽ വിശ്രമിച്ചതിനെ തുടർന്ന് ദേവീചൈതന്യം ബോധ്യപ്പെട്ടതിന്റെ ഓർമ്മയ്ക്കാണ് തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം വടക്കുംനാഥക്ഷേത്രത്തിനകത്ത് നടത്തിവരുന്നത്. തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിൽ മതിൽക്കെട്ടിനകത്ത് കയറുന്നത് പാറമേക്കാവിലമ്മ മാത്രമാണ്.

നിത്യപൂജകൾ

[തിരുത്തുക]

നിത്യേന മൂന്നുപൂജകൾ നടക്കുന്ന മഹാക്ഷേത്രമാണ് തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയും തുടർന്ന് ഏഴുപ്രാവശ്യമുള്ള ശംഖുവിളിയും തവിൽ, നാദസ്വരം, കുഴിത്താളം, ഇടുതുടി തുടങ്ങിയ വാദ്യങ്ങളുമുപയോഗിച്ച് ഭഗവാന്മാരെയും ദേവിയെയും പള്ളിയുണർത്തിയശേഷം നാലുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഭിഷേകങ്ങൾ തുടങ്ങുന്നു. വടക്കുന്നാഥന് നെയ്യഭിഷേകം നടക്കുന്നത് ഈ സമയത്താണ്. രാവിലെ ആറുമണിയ്ക്ക് ഉഷഃപൂജ തുടങ്ങുന്നു. ആദ്യം വടക്കുന്നാഥന്നും, പിന്നീട് ക്രമത്തിൽ ശ്രീപാർവ്വതി, ശങ്കരനാരായണൻ, ശ്രീരാമൻ, ഗണപതി എന്നിവർക്കും ഈ സമയത്ത് പൂജ നടക്കുന്നു. അതിനുശേഷം രാവിലെ ഏഴുമണിയ്ക്കും എട്ടുമണിയ്ക്കുമിടയിൽ വടക്കുന്നാഥന്ന് ശംഖാഭിഷേകം, ധാര, രുദ്രാഭിഷേകം തുടങ്ങിയവയും നടത്തുന്നു. പത്തുമണിയ്ക്ക് ഉച്ചപ്പൂജ തുടങ്ങുന്നു. ഉഷഃപൂജയുടെ അതേ ക്രമത്തിലാണ് ഇവിടെയും പൂജ നടക്കുന്നത്. പത്തേമുക്കാൽ വരെ പൂജ നീണ്ടുനിൽക്കും. തുടർന്ന് പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. ഉഷഃപൂജയുടെയും ഉച്ചപ്പൂജയുടെയും അതേ ക്രമമാണ് ഇതിനും അനുവർത്തിയ്ക്കുന്നത്. തുടർന്ന് ഏഴുമണിയ്ക്ക് അതേ ക്രമത്തിൽ അത്താഴപ്പൂജയും നടക്കുന്നു. എട്ടുമണിയ്ക്ക് തൃപ്പുക. സുഗന്ധപൂരിതമായ പുക നവധാന്യങ്ങളുപയോഗിച്ച് ശ്രീകോവിൽ മുഴുവൻ വ്യാപിപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. വടക്കുന്നാഥന്നും ശ്രീരാമസ്വാമിയ്ക്കുമാണ് തൃപ്പുക നടത്തുന്നത്. വടക്കുന്നാഥക്ഷേത്രത്തിൽ തൃപ്പുക തൊഴുന്നത് അതിവിശേഷമായി കണക്കാക്കപ്പെടുന്നു. തൃപ്പുക തൊഴുതാൽ സർവ്വാഭീഷ്ടസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. തന്മൂലം നിരവധി ഭക്തർ ഇതിന് നിൽക്കും. ഹൈന്ദവവിശ്വാസപ്രകാരം സപ്തചിരഞ്ജീവികളിലൊരാളായ അശ്വത്ഥാമാവ് നിത്യവും തൃപ്പുക തൊഴാൻ ഇവിടെ വരുമെന്നൊരു സങ്കല്പമുണ്ട്. ശാപം മൂലം വ്രണം പൊട്ടിയൊലിച്ചുകഴിയുന്നതായി പറയപ്പെടുന്ന അശ്വത്ഥാമാവ് വരുമ്പോൾ എല്ലാവരും വഴിമാറിനിൽക്കണമെന്നാണ് സങ്കല്പം. തൃപ്പുക കഴിഞ്ഞാൽ പ്രദക്ഷിണം വയ്ക്കാൻ പാടില്ലെന്നാണ് നിയമം. തുടർന്ന് രാത്രി എട്ടരയ്ക്ക് നടയടയ്ക്കും.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ശിവരാത്രി, തിരുവാതിര, പ്രദോഷവ്രതം, മുപ്പെട്ട് തിങ്കളാഴ്ച) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും പൂജാക്രമങ്ങളിൽ മാറ്റം വരും. ശിവരാത്രിനാളിൽ രാത്രി നടയടയ്ക്കില്ല. പകരം, രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും കലശാഭിഷേകവുമുണ്ടാകും. പ്രദോഷദിവസം സന്ധ്യയ്ക്ക് വിശേഷാൽ അഭിഷേകമുണ്ട്. മീനമാസത്തിലെ ആറാട്ടുപുഴ പൂരം ദിവസം സന്ധ്യയ്ക്ക് ക്ഷേത്രനട അടയ്ക്കും. ദേവസംഗമം കാണാൻ വടക്കുന്നാഥൻ നേരത്തേ പുറപ്പെടുന്നു എന്നാണ് വിശ്വാസം. എല്ലാ പൂജകൾക്കും ദീപാരാധനയ്ക്കും അകത്ത് ഇടയ്ക്ക വായനയും പുറത്ത് നാദസ്വരവുമുണ്ടാകും.

കേരളത്തിലെ അറിയപ്പെടുന്ന തന്ത്രികുടുംബങ്ങളിലൊന്നായ എളവള്ളി പുലിയന്നൂർ മനയ്ക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി പദവികൾ ദേവസ്വം വക നിയമനമാണ്. പുറപ്പെടാശാന്തി സമ്പ്രദായം നിലനിൽക്കുന്ന ക്ഷേത്രമാണ് വടക്കുന്നാഥക്ഷേത്രം. നിലവിൽ നാല് മേൽശാന്തിമാർ ക്ഷേത്രത്തിലുണ്ട്. ഇവർ 2007-ൽ സ്ഥാനമേറ്റവരാണ്. മേൽശാന്തി പദവി അനുഷ്ഠിയ്ക്കുന്നവർ കർശനമായ ബ്രഹ്മചര്യനിഷ്ഠ പാലിയ്ക്കേണ്ടതുണ്ട്. ശിവപാർവ്വതിമാരുടെയും ശ്രീരാമസ്വാമിയുടെയും മേൽശാന്തിമാർ പൂർണ്ണമായും പുറപ്പെടാശാന്തിമാരായി കഴിച്ചുകൂട്ടേണ്ടതാണ്. മറ്റ് രണ്ടുപേർക്ക് പൂജകൾക്കോ മറ്റ് വിശേഷച്ചടങ്ങുകൾക്കോ പോകാം. മൂന്നുമാസം കൂടുമ്പോൾ ഇവർ പരസ്പരം വച്ചുമാറുന്നതിനാൽ ഒരു വർഷം അഞ്ച് പ്രധാനമൂർത്തികളെയും പൂജിയ്ക്കാനുള്ള അവസരം ഇവർക്ക് ലഭിയ്ക്കുന്നു.

തൊഴേണ്ട രീതികൾ

[തിരുത്തുക]

വടക്കുന്നാഥ ക്ഷേത്രത്തിൽ വരുന്ന ഭക്തർ കർശനമായും പാലിയ്ക്കേണ്ട ഒരു ദർശനക്രമം പുരാതനകാലം മുതലേ പറഞ്ഞുവരുന്നുണ്ട്. നാലമ്പലത്തിനകത്തും പുറത്തുമായി നടത്തേണ്ട ദർശനക്രമം അനുവർത്തിയ്ക്കുന്ന രണ്ട് സംസ്കൃതശ്ലോകങ്ങളാണ് ഇവയുടെ ആധാരം. അവയിൽ പുറത്ത് ദർശനം നടത്തേണ്ട ക്രമം പറയുന്ന ശ്ലോകം ഇതാണ്:

ശ്രീമൂലസ്ഥാന, വൃഷ്ണീശ്വര, വൃഷ, ഭൃഗുജാൻ, ഹന്ത സിംഹോദരം തം, കാശീശം, ശംഭുകുംഭം, കനകവരസഭാനായകം, സേതുനാഥം, ശ്രീഭദ്രാം, സംഗമേശം, വലയപുരിശിവാം, കുംഭപംക്തിം, മുനീന്ദ്രം, ഭൂതേശം, ശംഖചക്രം, ഫണിവരശയനം, നൃത്തനാഥം ച വന്ദേ.

ഇതനുസരിച്ച് ആദ്യം ശ്രീമൂലസ്ഥാനത്ത് വന്ദിയ്ക്കുക. തുടർന്ന പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്ന് വടക്കുന്നാഥനെ പുറത്തുനിന്ന് മനസാ വണങ്ങി പ്രദക്ഷിണം വച്ചശേഷം കൂത്തമ്പലത്തിനടുത്തുള്ള ഗോശാലകൃഷ്ണനെ (വൃഷ്ണീശ്വരൻ) വന്ദിയ്ക്കുക. പിന്നീട് പ്രദക്ഷിണമായി വന്ന് വടക്കുപടിഞ്ഞാറേ നാലമ്പലക്കെട്ടിലുള്ള ഋഷഭനെ (വൃഷം) വന്ദിയ്ക്കുക. ഋഷഭൻ സദാ ധ്യാനനിമഗ്നനും നഗ്നനുമായി സങ്കല്പിയ്ക്കപ്പെടുന്നതിനാൽ കൈകൊട്ടിയുണർത്തി, വസ്ത്രത്തിൽ നിന്ന് ഒരു നൂലെടുത്തുവേണം ഇവിടെ ദർശനം നടത്താൻ. അതിനുശേഷം പ്രദക്ഷിണം തുടർന്ന് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ദീപരൂപത്തിലുള്ള പരശുരാമനെ (ഭൃഗുജൻ) വന്ദിയ്ക്കുക. അതിനുശേഷം പ്രദക്ഷിണമായി വന്ന് കിഴക്കേ നടയിലെ സിംഹോദരനെ വണങ്ങുക. സിംഹോദരന്റെ നടയിലെത്തുന്നത് ശ്രീകോവിലിന് തെക്കുവശത്തുകൂടിയേ ആകാവൂ എന്നാണ് നിയമം. ശിവഭൃത്യനായ സിംഹോദരനെ തൊഴുതശേഷം അടുത്തുള്ള ഒരു ചെറിയ ബലിക്കല്ലിനടുത്തുനിന്ന് വടക്കോട്ട് തിരിഞ്ഞുനിന്ന് കാശീവിശ്വനാഥനെ വന്ദിയ്ക്കുക. അതിനുശേഷം അടുത്തുള്ള ദ്വാരത്തിലൂടെ വടക്കുന്നാഥന്റെ താഴികക്കുടം നോക്കിത്തൊഴുക. ഭഗവാനെ കാശീവിശ്വനാഥനായി സങ്കല്പിച്ചുവേണം ഈ ദർശനം. തുടർന്ന് തിരിഞ്ഞുനടക്കാതെ പ്രദക്ഷിണവഴിയിലേയ്ക്ക് ചെല്ലുക. അങ്ങനെ പ്രദക്ഷിണം വച്ച് തെക്കുകിഴക്കേമൂലയിലെത്തുമ്പോൾ അവിടെയുള്ള ശംഭുത്തറയിൽ കയറിച്ചെന്ന് വടക്കോട്ട് നോക്കി ചിദംബരനടരാജനെയും (കനകവരസഭാനായകൻ) കിഴക്കോട്ട് നോക്കി രാമനാഥസ്വാമിയെയും (സേതുനാഥൻ) വന്ദിയ്ക്കുക. അതിനുശേഷം, തറയുടെ തെക്കുഭാഗത്തുകൂടെ ഇറങ്ങിച്ചെന്ന് പ്രദക്ഷിണം തുടരുക. തെക്കേ ഗോപുരത്തിനടുത്തെത്തുമ്പോൾ അവിടെനിന്ന് തെക്കോട്ട് തിരിഞ്ഞുനിന്ന് കൊടുങ്ങല്ലൂരമ്മയെ (ശ്രീഭദ്ര) വന്ദിയ്ക്കുക. തുടർന്ന് തെക്കുപടിഞ്ഞാറേമൂലയിലെ അമ്മൻതറയിലെത്തുമ്പോൾ അവിടെ കയറിനിന്ന് തെക്കോട്ട് നോക്കി ആദ്യം കൂടൽമാണിക്യസ്വാമിയെയും (സംഗമേശൻ) പിന്നീട് ഊരകത്തമ്മത്തിരുവടിയെയും (വലയപുരിശിവ) അവസാനം വടക്കോട്ട് നോക്കി പ്രധാനശ്രീകോവിലുകളുടെ താഴികക്കുടങ്ങളെയും (കുംഭപംക്തി) വന്ദിയ്ക്കുക. അതിനുശേഷം വ്യാസശിലയിലെത്തി വേദവ്യാസനെയും (മുനീന്ദ്രൻ) ഗണപതിയെയും വന്ദിച്ച് 'ഓം ഹരിശ്രീ ഗണപതേ നമഃ' എന്ന് മണലിൽ എഴുതുക. പിന്നീട് പ്രദക്ഷിണമായി വന്ന് അയ്യപ്പസ്വാമിയെയും (ഭൂതേശൻ) പുറകിലെ മൃതസഞ്ജീവനിത്തറിയിലെ ഹനുമാൻ സ്വാമിയെയും (ശ്ലോകത്തിൽ പരാമർശമില്ല) വന്ദിയ്ക്കുക. അതിനുശേഷം വേട്ടേയ്ക്കരൻ സ്വാമിയെയും നാഗദൈവങ്ങളെയും (ശ്ലോകത്തിൽ പരാമർശമില്ല) വന്ദിച്ച് പ്രദക്ഷിണമായി വന്ന് ശംഖചക്രങ്ങളെയും തൊഴുത് പടിഞ്ഞാറേ നടയിൽ തിരിച്ചെത്തുക. അവിടെയുള്ള ശങ്കരാചാര്യപ്രതിഷ്ഠയെ വന്ദിച്ചശേഷം വടക്കുന്നാഥന്റെ നടയ്ക്കുനേരെയുള്ള വാതിലിലൂടെ അകത്തേയ്ക്ക് കടക്കുക. ഇടതുവശത്ത് കാണപ്പെടുന്ന നന്ദികേശനെ വന്ദിച്ചശേഷം ഇരുവശങ്ങളിലായി കാണപ്പെടുന്ന വാസുകീശയനനെയും (ഫണിവരശയനൻ) നൃത്തനാഥനെയും കൂടി വന്ദിച്ചാൽ പുറത്തെ പ്രദക്ഷിണം പൂർത്തിയായി.

ഇതിനുശേഷം പഞ്ചാക്ഷരജപത്തോടെ നാലമ്പലത്തിനകത്തേയ്ക്ക് കടക്കുക. അകത്ത് പ്രദക്ഷിണം വയ്ക്കുന്നതിനും ഒരു നിശ്ചിതക്രമമുണ്ട്. അത് ഇപ്രകാരമാണ്:

ശംഭും, ഗൗരീം, ഗണേശം, പുരമുരമഥനം, മാധവം, മധ്യനാഥം, വിഘ്നേശം, ശൈലകന്യാം, ഹര, ഹരതനയം, മദ്ധ്യനാഥാംബുജാക്ഷൗ, ഭൂയോഹം പാർവ്വതീമാധവമപി ച ഹരിം രാവണാനംഗശത്രും, ഹേരംബം തം ഭവാനീം, വൃഷഗിരിനിലയം ശങ്കരം ച വന്ദേ.

ഇതുനസരിച്ച് ആദ്യം വടക്കുന്നാഥനെ (ശംഭു, ഹരൻ, ശങ്കരൻ) വന്ദിയ്ക്കുക. ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിന്റെ വടക്കുവശത്തുകൂടി വന്നിട്ടുവേണം ഭഗവാനെ വന്ദിയ്ക്കാൻ. തുടർന്ന്, മണ്ഡപത്തിലിരുന്ന് ജപിയ്ക്കുന്ന ബ്രാഹ്മണരെയും വന്ദിച്ചശേഷം തെക്കുഭാഗത്തുനിന്ന് ഭഗവാനെ ഒന്നുകൂടി തൊഴുത് എതിർദിശയിലുള്ള ശ്രീപാർവ്വതിയെ (ഗൗരി, ശൈലകന്യ, ഭവാനി) വന്ദിയ്ക്കാൻ ചെല്ലുക. ദേവിയെ തൊഴുതശേഷം അടുത്തുള്ള മുത്തിക്കല്ലിലും തൊഴുത് ഓവുവരെ പോയി തിരിച്ചുവരിക. വീണ്ടും ദേവിയെ തൊഴുതശേഷം ശ്രീകോവിലിന്റെ കന്നിമൂലയിൽ വാഴുന്ന മഹാഗണപതിയെ (ഗണേശൻ, വിഘ്നേശൻ, ഹരതനയൻ, ഹേരംബൻ) വന്ദിയ്ക്കുക. ഗണപതിയെ തൊഴുതശേഷം പ്രദക്ഷിണം നിർത്തിവച്ച് തെക്കോട്ട് വന്ന് ശങ്കരനാരായണസ്വാമിയെ (പുരമുരമഥനൻ, മദ്ധ്യനാഥൻ, പാർവ്വതീമാധവൻ, രാവണാനംഗശത്രു) വന്ദിയ്ക്കുക. പിന്നീട് വീണ്ടും തെക്കോട്ട് യാത്രചെയ്ത് ശ്രീരാമസ്വാമിയെ (മാധവൻ, അംബുജാക്ഷൻ, ഹരി) വന്ദിയ്ക്കുക. അതിനുശേഷം ശ്രീരാമസ്വാമിയുടെ ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ ദീപരൂപത്തിൽ കുടികൊള്ളുന്ന ഹനുമാൻ സ്വാമിയെ (ശ്ലോകത്തിൽ പരാമർശമില്ല) മനസാ സ്മരിയ്ക്കുക. പിന്നീട് വീണ്ടും തെക്കോട്ട് വന്ന് ശ്രീകോവിൽച്ചുമരിലെ നരസിംഹമൂർത്തിയെ വന്ദിച്ചശേഷം കിഴക്കോട്ട് നോക്കി സൂര്യഭഗവാനെയും (ശ്ലോകത്തിൽ പരാമർശമില്ല) സ്മരിച്ച് നമസ്കരിയ്ക്കുക. അതിനുശേഷം തിരിച്ചുവന്ന് വീണ്ടും ശങ്കരനാരായണസ്വാമിയെയും ഗണപതിയെയും വന്ദിയ്ക്കുക. അതിനുശേഷം വീണ്ടും പാർവ്വതീദേവിയുടെ നടയിലേയ്ക്ക് വരിക. ദേവിയെ തൊഴുത് അപ്രദക്ഷിണമായി വന്ന് വീണ്ടും വടക്കുന്നാഥനെ തൊഴുത് ഓവിനടുത്തെത്തിവേണം പ്രദക്ഷിണം പൂർത്തിയാക്കാൻ. തുടർന്ന് വീണ്ടും ഗണപതി, ശങ്കരനാരായണൻ, ശ്രീരാമൻ, ഹനുമാൻ, നരസിംഹം, സൂര്യൻ, ശങ്കരനാരായണൻ, ശ്രീരാമൻ, ഹനുമാൻ, നരസിംഹം, സൂര്യൻ എന്നീ ക്രമത്തിൽ വന്ദിയ്ക്കുക. അതിനുശേഷം ശങ്കരനാരായണനെ ഒരിയ്ക്കൽ കൂടി തൊഴുത് ഗണപതിയെയും പാർവ്വതിയെയും അവസാനം വീണ്ടും വടക്കുന്നാഥനെയും വന്ദിച്ച് പുറത്ത് കടക്കുക. അതോടെ അകത്തെ ദർശനവും പൂർത്തിയാകുന്നു.

ഇപ്രകാരമാണ് വടക്കുന്നാഥക്ഷേത്രത്തിലെ ദർശനക്രമം. മേല്പറഞ്ഞ രണ്ട് ശ്ലോകങ്ങൾ കൂടാതെ മലയാളഭാഷയിൽ തന്നെ രചിച്ച ഒരു കീർത്തനവും ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. തൃശ്ശിവപ്പേരൂർ മതിലകത്തുള്ളൊരു എന്ന് തുടങ്ങുന്ന ഈ ശ്ലോകത്തിൽ ക്ഷേത്രത്തിലെ ദർശനക്രമം വിശദമായി പറയുന്നുണ്ട്. എന്നാൽ, ഇതേ ചിട്ടയിൽ തന്നെ ദർശനം നടത്തുന്നവർ ഇന്ന് കുറവാണ്. പലർക്കും ഈ ശ്ലോകങ്ങൾ അറിയുകപോലുമില്ല എന്നതാണ് സത്യം. ചിലർ പ്രദക്ഷിണം പാതിവഴിയിൽ അവസാനിപ്പിച്ച് കിഴക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവിൽ ദർശനത്തിന് പോകാറുണ്ട്. അല്പസമയം അവിടെ ചെലവഴിച്ച ശേഷം തിരിച്ച് കിഴക്കേ ഗോപുരത്തിലൂടെ വന്നാണ് അവർ ദർശനം പൂർത്തിയാക്കുന്നത്. കൂടാതെ അടുത്തുള്ള മണികണ്ഠനാലിലെ സുബ്രഹ്മണ്യസ്വാമിയെയും ഭക്തർ വന്ദിയ്ക്കാറുണ്ട്.

വിശേഷ ദിവസങ്ങൾ

[തിരുത്തുക]
ക്ഷേത്രം തൃശൂർ പൂരം നാളിൽ

ഉത്സവമില്ലാത്ത ദേവനാണ് വടക്കുന്നാഥൻ. വടക്കുന്നാഥൻ ക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവാഘോഷമോ പൂരമോ ഇല്ല. പണ്ട് കാലത്ത് ഉത്സവമുണ്ടായിരുന്നെന്നും അത് പിന്നീട് മുടങ്ങിയെന്നും പറയുന്നു. ഒരിയ്ക്കൽ ഇന്ദ്രാദിദേവന്മാരെല്ലാവരും കൂടി ഒരു ഗംഭീര ഉത്സവം നടത്തിയെന്നും അത് അതിഗംഭീരമായതിനാൽ പിന്നീട് അത്തരത്തിലൊന്ന് ആവശ്യമില്ലെന്ന് ശിവൻ പറഞ്ഞുവെന്നും ഐതിഹ്യമുണ്ട്. അതിനാൽ പ്രത്യേക ഉത്സവങ്ങൾ ഇവിടെ ഇല്ല. എന്നിരുന്നാലും എല്ലാ ആഴ്ചയിലെയും ശിവപ്രധാനമായ ഞായറാഴ്ച, ശിവപാർവതി പ്രധാനമായ തിങ്കളാഴ്ച, പ്രദോഷവ്രതം എന്നിവ ധാരാളം വിശ്വാസികൾ എത്തിച്ചേരുന്ന പ്രധാന ദിവസങ്ങളാണ്. ശ്രീപാർവതിയ്ക്ക് ചൊവ്വ, വെള്ളി, പൗർണമി എന്നിവയും ശ്രീരാമസ്വാമിയ്ക്ക് വ്യാഴാഴ്ചയും പ്രധാനം.

മഹാശിവരാത്രി

[തിരുത്തുക]
പ്രധാന ലേഖനം: ശിവരാത്രി

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ലക്ഷദീപങ്ങൾ തെളിയിച്ചും പുഷ്പങ്ങളാൽ അലങ്കരിച്ചും ആഘോഷിയ്ക്കുന്ന മഹാശിവരാത്രി ഉത്സവമാണ് ഇവിടെ പ്രധാനം. ലോകത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷദിവസമാണിത്. അന്ന് തൃശ്ശൂർ പൂരത്തിനു വരുന്ന ക്ഷേത്രങ്ങളിൽ നിന്ന് ദേവീദേവന്മാർ എഴുന്നള്ളിവന്ന് വടക്കുംനാഥനെ വന്ദിച്ച് മടങ്ങുന്നു. അവ പാറമേക്കാവ്, തിരുവമ്പാടി, ചെമ്പുക്കാവ്, കണിമംഗലം, ലാലൂർ, അയ്യന്തോൾ, നൈതലക്കാവ്, ചൂരക്കോട്, കാരമുക്ക്, പനമുക്കമ്പിള്ളി, അശോകേശ്വരം എന്നീ ക്ഷേത്രങ്ങളിൽ നിന്നാണ്. ശിവരാത്രിയോടനുബന്ധിച്ച് രാവിലെയും വൈകുന്നേരവും 1001 കതിനവെടിയും ദിവസം മുഴുവൻ നെയ്യഭിഷേകവും നടത്താറുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ കലാപരിപാടികളുമുണ്ടാകും.

ധനു തിരുവാതിര

[തിരുത്തുക]

ധനുമാസത്തിലെ തിരുവാതിര, വടക്കുന്നാഥക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടുകൂടി ആചരിച്ചുവരുന്നു. ഭഗവാന്റെ പിറന്നാൾ ദിനമാണെന്നും, അതല്ല, ശിവപാർവ്വതിമാരുടെ വിവാഹ ദിവസമാണെന്നും പറയപ്പെടുന്ന ഈ ദിവസം, ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീരുദ്രമന്ത്രജപം നടത്താറുണ്ട്. നെടുമംഗല്യത്തിനായി നിരവധി സ്ത്രീകൾ ഇവിടെ ദർശനത്തിനെത്താറുണ്ട്. അവർക്ക് വിശേഷാൽ ഗോതമ്പുകഞ്ഞിയും പുഴുക്കും നൽകുന്നത് ഈ ദിവസത്തെ പ്രധാന ചടങ്ങാണ്. തിരുവാതിരയോടനുബന്ധിച്ചും നിരവധി കലാപരിപാടികൾ നടത്താറുണ്ട്. എങ്കിലും അവയിൽ ഏറ്റവും പ്രധാനം തിരുവാതിരക്കളി തന്നെ. നിരവധി സ്ത്രീകളാണ് അന്നേദിവസം തിരുവാതിരക്കളി നടത്തുന്നത്.

തൃശ്ശൂർപൂരം

[തിരുത്തുക]

അതിപ്രസിദ്ധമായ തൃശ്ശൂർ പൂരം ശ്രീ വടക്കുംനാഥന്റെ സാനിധ്യത്തിലാണ് നടക്കുക. തൃശ്ശൂർ പൂരം നാളിൽ കൈലാസനാഥനെ കണ്ട് വന്ദിക്കാൻ ചുറ്റുവട്ടത്തിൽനിന്നു ദേവീദേവന്മാർ എഴുന്നള്ളിയെത്തും. തൃശ്ശൂർ പൂരമെന്നത് പല പല ക്ഷേത്രങ്ങളിൽ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്ര മൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. അതിൽ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വടക്കുന്നാഥൻ ഈ പൂരത്തിന്റെ സാക്ഷി മാത്രമാണ്. ഓരോരുത്തരും വന്നുപോകുന്നു. അത്രമാത്രം. പാറമേക്കാവ് ഭഗവതി മതിൽക്കെട്ടിനകത്തേക്ക് കടക്കുന്നതിന്റെ ഐതിഹ്യമിതാണ്:

കൊച്ചിരാജാവിന്റെ കീഴിലെ ധീരയോദ്ധാവായിരുന്ന അപ്പാട്ട് കുറുപ്പാൾ തികഞ്ഞ ദേവീഭക്തനായിരുന്നു. എല്ലാമാസവും അദ്ദേഹം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേയ്ക്ക് ദർശനത്തിനു പോകുമായിരുന്നു. വാർദ്ധക്യത്തെത്തുടർന്ന് അദ്ദേഹത്തിനുപോകാൻ കഴിയാതെ വരുമെന്ന അവസ്ഥ വന്നപ്പോൾ അവസാന ദർശനത്തിനുശേഷം അദ്ദേഹം ഭഗവതിയോട് തന്റെ വീടിനടുത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഭക്തവത്സലയായ തിരുമാന്ധാംകുന്നിലമ്മ ആ ആവശ്യം സ്വീകരിച്ചു. തിരിച്ചെത്തിയ കുറുപ്പാൾ വടക്കുന്നാഥനെയും തൊഴുതശേഷം വടക്കുപടിഞ്ഞാറുവശത്തുള്ള ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്ന് തന്റെ കുടയുമെടുത്ത് യാത്ര ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ അപ്പോഴേക്കും കുട ഉറച്ചുകഴിഞ്ഞിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ജ്യോത്സ്യന്മാർ കുടയിൽ ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അവിടെ പ്രതിഷ്ഠയും നടത്തി. ഇന്നും ദിവസവും പാറമേക്കാവിലെ ദീപാരാധനാ സമയത്ത് അവിടെ വിളക്കുവച്ച് പൂജയും നടത്തിവന്നു.

കാലക്രമത്തിൽ ഭഗവതിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ഒരു ചെറുപുഴയുടെ കരയിലെ പാറയുടെ മുകളിൽ പ്രതിഷ്ഠിച്ചു. പാറയുടെ മുകളിൽ പ്രതിഷ്ഠിച്ചതിനാൽ പാറമേക്കാവ് എന്ന പേരുവന്നു. ഭഗവതിയുടെ മൂലസ്ഥാനമായതുകൊണ്ടാണ് പൂരത്തിന് മതിൽക്കെട്ടിനകത്ത് ഇലഞ്ഞിത്തറയിൽ പാണ്ടിമേളം നടത്തുന്നത്. ഹിന്ദുനിയമപ്രകാരം പാണ്ടിമേളം മതിൽക്കെട്ടിനകത്ത് നടത്താൻ പാടില്ല. കാരണം അത് ആസുരവാദ്യമാണ്. ദേവവാദ്യമായ പഞ്ചാരിമാത്രമേ പാടുള്ളൂ എന്നാണ് ചിട്ട. എന്നാൽ, അന്നത്തെ കേരളീയസമൂഹത്തിലുണ്ടായിരുന്ന ബ്രാഹ്മണമേധാവിത്വത്തെ എതിർത്ത നഗരപിതാവായ ശക്തൻ തമ്പുരാൻ പ്രതിഷേധസൂചകമായി ചിട്ട തെറ്റിയ്ക്കുകയായിരുന്നു.

വഴിപാടുകൾ

[തിരുത്തുക]

ഉദയാസ്തമയ പൂജ, പ്രദോഷ പൂജ, ഉമാമഹേശ്വരപൂജ, സ്വയംവര പുഷ്‌പാഞ്‌ജലി, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ അർച്ചന, ആയുർസൂക്ത പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, കൂവളഹാര സമർപ്പണം തുടങ്ങിയവയാണ് ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന വഴിപാടുകൾ.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. 1.0 1.1 S. C. Bhatt, Gopal, K. Bhargav (2006). Land and People of Indian States and Union Territories:a. Gyan Publishing House,.{{cite book}}: CS1 maint: extra punctuation (link)
 2. സദാശിവൻ, എസ്. എൻ. (2000). A Social History of India. എ.പി.എച്ച്. പബ്ലിക്കേഷൻസ്.

  തൃശൂർ പൂരം
  തൃശൂർ പൂരം

  ക്ഷേത്രങ്ങൾ

  പാറമേക്കാവ് ക്ഷേത്രംതിരുവമ്പാടി ക്ഷേത്രം
  കണിമംഗലം ശാസ്താ ക്ഷേത്രംപനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രംചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രംപൂക്കാട്ടിക്കര കാരമുക്ക് ഭഗവതിലാലൂർ കാർത്ത്യായനി ക്ഷേത്രംചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രംഅയ്യന്തോൾ കാർത്ത്യായനി ക്ഷേത്രംകുറ്റൂർ നെയ്തലക്കാവിലമ്മ
  വടക്കുംനാഥൻ ക്ഷേത്രം

  ചടങ്ങുകൾ

  മഠത്തിൽ വരവ്പൂരപ്പുറപ്പാട്
  ഇലഞ്ഞിത്തറമേളംതെക്കോട്ടിറക്കം
  കുടമാറ്റംവെടിക്കെട്ട്

  ഇതുംകാണുക

  തൃശ്ശൂർശക്തൻ തമ്പുരാൻ
  പഞ്ചവാദ്യംപാണ്ടിമേളം

 3. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
 4. കുഞ്ഞികുട്ടൻ ഇളയതിൻറെ “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”
 5. ഡോ. എ. ശ്രീധരമേനോൻ -- കേരളശില്പികൾ -- നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം
 6. പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം"
 7. ശ്രീ പാറമേക്കാവ് ക്ഷേത്രമാഹാത്മ്യം -- പി.ആർ. രവിചന്ദ്രൻ
 8. ഐതിഹ്യമാല/കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട് -- കൊട്ടാരത്തിൽ ശങ്കുണ്ണി -- കറന്റ് ബുക്സ്, കോട്ടയം
 9. സ്ഥലനാമ കൗതുകം -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ്
 10. പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”

കുറിപ്പുകൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
 1. ശബരിമലയിലും മുമ്പ് ശിലാവിഗ്രഹമായിരുന്നു. 1950-ൽ ക്ഷേത്രം കൊള്ളയടിച്ച ചില ഭീകരവാദികൾ അത് തകർത്തെറിഞ്ഞ് ക്ഷേത്രത്തിന് തീവച്ചു. തുടർന്ന് ക്ഷേത്രം പുതുക്കിപ്പണിതശേഷമാണ് ഇന്നത്തെ പഞ്ചലോഹവിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിച്ചത്‌