ഉള്ളടക്കത്തിലേക്ക് പോവുക

മമ്മിയൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മമ്മിയൂർ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രം
മമ്മിയൂർ ക്ഷേത്രഗോപുരം
മമ്മിയൂർ ക്ഷേത്രഗോപുരം
മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രം is located in Kerala
മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രം
മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°35′59″N 76°2′9″E / 10.59972°N 76.03583°E / 10.59972; 76.03583
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:ഗുരുവായൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ, പാർവ്വതി, മഹാവിഷ്ണു, ഭദ്രകാളി (പ്രത്യേക പ്രാധാന്യം)
പ്രധാന ഉത്സവങ്ങൾ:മഹാശിവരാത്രി, തിരുവാതിര
ക്ഷേത്രങ്ങൾ:3
ചരിത്രം
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്

തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ ക്ഷേത്രനഗരമായ ഗുരുവായൂരിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ശിവക്ഷേത്രമാണ് മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വളരെ അടുത്തായി, ഏകദേശം ഒരു കിലോമീറ്ററോളം വടക്കുപടിഞ്ഞാറുമാറി, ഗുരുവായൂർ-കുന്നംകുളം/കോഴിക്കോട് റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഗുരുവായൂർ തീർത്ഥാടനത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഭാഗമാണ്. ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തായതിനാൽ ഗുരുവായൂരിൽ എത്തുന്ന ഭക്തർ ഇവിടേയ്ക്ക് നടന്നുപോകുന്നതായി കാണാം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന പ്രധാനപ്പെട്ട ശിവക്ഷേത്രമാണ് [1]. വൈഷ്ണവാംശഭൂതനായ പരശുരാമനാൽ പ്രതിഷ്ഠിയ്ക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ പരമശിവന്റെ സാന്നിദ്ധ്യം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാ സമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം[2]. ഗുരുവായൂർ ദർശനം പൂർണ്ണമാകാൻ എല്ലാ ഭക്തജനങ്ങളും ഇവിടെയും പോകണം എന്നാണ് ആചാരം.

മമ്മിയൂർ മഹാദേവക്ഷേത്രം

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, പാർവ്വതീദേവിയെ ഇടത്തെ തുടയിലിരുത്തി ആനന്ദഭാവത്തിലിരിയ്ക്കുന്ന പരമശിവനാണ്. മമ്മിയൂരപ്പൻ എന്നാണ് ഇവിടെ ഭഗവാൻ അറിയപ്പെടുന്നത്. ശിവനെക്കൂടാതെ, തൊട്ടടുത്തുതന്നെ മഹാവിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. ഈ മഹാവിഷ്ണു സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇരുവർക്കും ക്ഷേത്രത്തിൽ തുല്യപ്രാധാന്യമാണ് കല്പിയ്ക്കുന്നത്. ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി (മമ്മിയൂർ ഭഗവതി), നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ചെറുരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇവരിൽ ഭദ്രകാളിയ്ക്ക് കൂടുതൽ പ്രാധാന്യം കല്പിച്ചുപോരുന്നു. ശിവകുടുംബ സാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ദേവിയെ ഇടത്തെ തുടയിലിരുത്തി ദർശനം നൽകുന്ന ഭഗവാൻ മുഖ്യപ്രതിഷ്ഠയും, പുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർ ഉപപ്രതിഷ്ഠകളുമായി വരുന്നതാണ് കാരണം. കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിൽ തിരുവാതിര, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, കന്നിമാസത്തിലെ നവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, ശിവപ്രധാനമായ എല്ലാ തിങ്കളാഴ്ചകളിലും പ്രദോഷദിവസങ്ങളിലും ശിവന്നും വ്യാഴാഴ്ച, ഏകാദശി തുടങ്ങിയ അവസരങ്ങളിൽ മഹാവിഷ്ണുവിന്നും വിശേഷാൽ പൂജകളുമുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.

ഐതിഹ്യങ്ങൾ

[തിരുത്തുക]

നാരദപുരാണത്തിൽ പറയുന്ന ഗുരുപവനപുര മാഹാത്മ്യം തന്നെയാണ് മമ്മിയൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണമായ കഥ. തന്റെ പിതാവായ പരീക്ഷിത്ത് മഹാരാജാവിന്റെ അന്ത്യത്തിന് കാരണക്കാരനായ തക്ഷകന്റെ വംശത്തെ മുഴുവൻ ഇല്ലാതാക്കാൻ നടത്തിയ ഭീകരയാഗത്തിന്റെ ഫലമായി കുഷ്ഠരോഗം പിടിപെട്ട് നരകയാതൻ അനുഭവിച്ച ജനമേജയൻ ഒടുവിൽ ദത്താത്രേയമഹർഷിയുടെ വാക്കുകേട്ട് ഗുരുവായൂരിൽ പോയി ഭജനം ആരംഭിച്ചു. അന്ന് ജനമേജയന് ദത്താത്രേയൻ പറഞ്ഞുകൊടുത്ത ഐതിഹ്യം ഇങ്ങനെയാണ്:

പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനുമുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പൃശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ താൻ തന്നെ നാലുജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി പൃശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പൃശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് ത്രേതായുഗത്തിൽത്തന്നെ അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീരാമൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ നാലുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.

തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുക്മിണി-സത്യഭാമ ദേവിമാർക്കൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയും ഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു.

ചരിത്രം

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]

ചരിത്രപരമായി ഏതാണ് ഗുരുവായൂർ ക്ഷേത്രത്തോളം തന്നെ പഴക്കം മമ്മിയൂരിനുമുണ്ട്. എന്നാൽ, ഇത് കാണിയ്ക്കാൻ കൃത്യമായ തെളിവുകളൊന്നുമില്ല. ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി പരാമർശിയ്ക്കപ്പെടുന്ന ഗ്രന്ഥമായ കോകസന്ദേശം എന്ന കൃതിയിൽ, പക്ഷേ മമ്മിയൂർ ക്ഷേത്രത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല. ഇത് പലതരത്തിലുള്ള സംശയങ്ങൾക്കിടയാക്കുന്നുണ്ട്. നിരവധി ശിവക്ഷേത്രങ്ങളെക്കുറിച്ച് പരാമർശമുള്ള കോകസന്ദേശത്തിൽ, എന്തുകൊണ്ട് മമ്മിയൂരിനെക്കുറിച്ച് ഒരക്ഷരം പോലും പരാമർശമില്ല എന്നത് ചോദ്യചിഹ്നമാണ്. പതിനാലാം നൂറ്റാണ്ടിലെഴുതിയ കോകസന്ദേശത്തിൽ പരാമർശമില്ലാത്ത ഈ ക്ഷേത്രത്തെക്കുറിച്ച് ആദ്യം ലഭിയ്ക്കുന്ന ചരിത്രസൂചന, പതിനഞ്ചാം നൂറ്റാണ്ടിലെ സാമൂതിരിയുടെ പടപ്പുറപ്പാടുകളുമായി ബന്ധപ്പെട്ട രേഖകളാണ്. അന്ന് ഗുരുവായൂർ കൊച്ചി രാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന പുന്നത്തൂർ രാജവംശത്തിന്റെ കീഴിലായിരുന്നു. ഗുരുവായൂർ കൂടാതെ സമീപപ്രദേശങ്ങളായ കുന്നംകുളം, ചാവക്കാട്, വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും ഭരിച്ചിരുന്ന തലപ്പിള്ളി രാജവംശത്തിന്റെ അഞ്ചുശാഖകളിലൊന്നായിരുന്നു ഇത്. സാമൂതിരിയുടെ പടപ്പുറപ്പാടിനെക്കുറിച്ച് അറിയാനിടയായ അന്നത്തെ പുന്നത്തൂർ തമ്പുരാൻ, ഉടനെ അന്നത്തെ സാമൂതിരിയുടെ മുമ്പിൽ സ്വയം അടിയറവുവയ്ക്കുകയും അദ്ദേഹത്തിന്റെ സാമന്തനാകുകയും ചെയ്തു. ഇതിന് പകരമായി ഗുരുവായൂർ ക്ഷേത്രത്തിന്റെയും മമ്മിയൂർ ക്ഷേത്രത്തിന്റെയും പുറക്കോയ്മാവകാശം സാമൂതിരിയ്ക്ക് വിട്ടുകൊടുക്കാനും തീരുമാനമായി. എന്നാൽ, മമ്മിയൂർ ക്ഷേത്രത്തിന്റെ അവകാശം സാമൂതിരി തന്റെ അനന്തരാവകാശിയായ ഏറാൾപ്പാടിന് കൊടുക്കുകയാണുണ്ടായത്. ഏറാൾപ്പാടിന്റെ കീഴിലുണ്ടായിരുന്ന മൂന്ന് ക്ഷേത്രങ്ങളിലൊന്നായിരുന്നു 1981 വരെ മമ്മിയൂർ ക്ഷേത്രം. അദ്ദേഹത്തിന്റെ ആസ്ഥാനമായിരുന്ന, നിലവിൽ പാലക്കാട് ജില്ലയിലുള്ള കരിമ്പുഴയിൽ സ്ഥിതിചെയ്യുന്ന ശ്രീരാമസ്വാമിക്ഷേത്രവും അതേ ജില്ലയിൽ നെന്മാറയ്ക്കും കൊല്ലങ്കോടിനുമടുത്ത് എലവഞ്ചേരിയിലുള്ള പെരിങ്ങോട്ടുകാവ് ഭഗവതിക്ഷേത്രവുമാണ് മറ്റുള്ളവ. ഇപ്പോഴും ഈ മൂന്ന് ക്ഷേത്രങ്ങളിലെയും പാരമ്പര്യട്രസ്റ്റികളിലൊരാൾ ഏറാൾപ്പാടാണ്.

കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യത്തിന്റെ രചയിതാവും കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവുമായ ശ്രീമാനവേദൻ രാജയുടെ കാലത്ത് ക്ഷേത്രത്തിൽ വൻ തോതിൽ നവീകരണപ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. മുമ്പ് വിഷ്ണുപ്രതിഷ്ഠയില്ലാതിരുന്ന ക്ഷേത്രത്തിൽ, ഗുരുവായൂരപ്പന്റെ സങ്കല്പത്തിൽ തന്നെ വിഷ്ണുവിനെ പ്രതിഷ്ഠിച്ചതും, ഒരു സരസ്വതീമണ്ഡപം പണികഴിപ്പിച്ചതുമെല്ലാം ഇക്കാലത്താണ്. ഗുരുവായൂരിൽ അക്കാലത്തുണ്ടായിരുന്ന വരുമാനത്തിൽ നിന്നുതന്നെ ഒരു പങ്കെടുത്താണ് മാനവേദൻ ഇവിടെ വിഷ്ണുപ്രതിഷ്ഠ നടത്തിയതത്രേ! കൃഷ്ണനാട്ടത്തിന്റെ ആദ്യ കളരി പ്രസ്തുത സരസ്വതീമണ്ഡപമായിരുന്നു. മമ്മിയൂരപ്പനെ സ്തുതിച്ച് മാനവേദൻ ഏതാനും സംസ്കൃതശ്ലോകങ്ങൾ രചിച്ചിട്ടുമുണ്ട്. തികഞ്ഞ ശിവഭക്തനുമായിരുന്നു അദ്ദേഹം എന്നതിന്റെ തെളിവായി ഇതിനെ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, മാനവേദന്റെ സമകാലികരായ മേല്പുത്തൂർ, പൂന്താനം, വില്വമംഗലം മൂന്നാമൻ എന്നിവരുടെ കൃതികളൊന്നും മമ്മിയൂരപ്പനെക്കുറിച്ച് കാണാനില്ല. ഇവർ എഴുതിക്കാണണമെന്നും പിന്നീട് നശിച്ചുപോയതാണെന്നുമാണ് ചരിത്രകാരന്മാരുടെ അനുമാനം.

തകർച്ചയുടെ കാലം

[തിരുത്തുക]

1716-ൽ കൊച്ചി രാജാവിന്റെയും അദ്ദേഹത്തെ സംരക്ഷിച്ചിരുന്ന ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും സൈനികർ ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കുകയും അവിടെയുണ്ടായിരുന്ന സ്വർണ്ണക്കൊടിമരവും പടിഞ്ഞാറേ ഗോപുരവും നശിപ്പിയ്ക്കുകയും ചെയ്തപ്പോൾ മമ്മിയൂർ ക്ഷേത്രം അടക്കമുള്ള സമീപക്ഷേത്രങ്ങളെ വെറുതെ വിടുകയുണ്ടായി. എന്നാൽ, ഇത് ഇരുണ്ട ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. 1788-ൽ ടിപ്പു സുൽത്താൻ കേരളത്തിലേയ്ക്കുള്ള പടയോട്ടത്തിനിടയിൽ ഗുരുവായൂരിലെത്തി. അവിടെ പരിസരത്തുണ്ടായിരുന്ന നിരവധി ക്ഷേത്രങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർത്ത കൂട്ടത്തിൽ മമ്മിയൂർ ക്ഷേത്രവും പെടുകയുണ്ടായി. ടിപ്പുവിന്റെ പടയാളികൾ ഇവിടെയുണ്ടായിരുന്ന ശ്രീകോവിലുകൾക്ക് വ്യാപകമായ കേടുപാടുകൾ സൃഷ്ടിയ്ക്കുകയും അന്നുണ്ടായിരുന്ന വിഷ്ണുവിഗ്രഹത്തിന്റെ തല വെട്ടിമാറ്റുകയും ചെയ്തു. എങ്കിലും, ക്ഷേത്രം ഊരാളന്മാരുടെ സാമ്പത്തികപ്രശ്നങ്ങൾ കാരണം വിഗ്രഹം മാറ്റാൻ സാധിച്ചില്ല. പിന്നീട് ക്ഷേത്രഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ തർക്കങ്ങളുണ്ടാകുകയും, ഒടുവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മലബാർ പ്രദേശം മുഴുവൻ ഏറ്റെടുത്ത കൂട്ടത്തിൽ ഗുരുവായൂർ ഉൾപ്പെടുകയും ചെയ്തു. എങ്കിലും, ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരായ്മ സാമൂതിരിയ്ക്കും മമ്മിയൂർ ക്ഷേത്രത്തിന്റെ ഊരായ്മ ഏറാൾപ്പാടിനും തന്നെ നൽകി.

തിരിച്ചുവരവിന്റെ കാലം

[തിരുത്തുക]

1960 വരെ മമ്മിയൂർ ക്ഷേത്രം തികച്ചും ജീർണ്ണാവസ്ഥയിലാണ് കഴിഞ്ഞിരുന്നത്. ഗുരുവായൂരിൽ നിന്ന് ഇങ്ങോട്ടെത്തുക എന്നത് അതീവദുഷ്കരമായ പ്രവൃത്തിയായിരുന്നു. അന്ന് ഗുരുവായൂരിന്റെ ഹൃദയഭാഗമായിരുന്ന പടിഞ്ഞാറേ നടയിൽ നിന്ന് മുതുവട്ടൂർ വഴി ചെന്നാലേ ക്ഷേത്രപരിസരത്ത് വണ്ടിയെത്തൂ. ക്ഷേത്രത്തിൽ നിന്ന് അല്പം തെക്കുമാറി കാണപ്പെടുന്ന തോടിനുകുറുകെ അന്നൊരു മരപ്പാലമാണുണ്ടായിരുന്നത്. അതുവഴിയുള്ള യാത്ര അപകടമായതിനാൽ അധികം പേർ ഇക്കാലത്ത് മമ്മിയൂർ ദർശനം നടത്തിയിരുന്നില്ല. പ്രധാനദേവനായ ശിവനെക്കൂടാതെ ഗണപതിയ്ക്കും ഭഗവതിയ്ക്കും മാത്രമാണ് ഇക്കാലത്ത് പൂർണ്ണമായ പൂജയുണ്ടായിരുന്നത്. ടിപ്പുവിന്റെ പടയാളികൾ തകർത്ത വിഷ്ണുവിഗ്രഹം അന്നും ക്ഷേത്രത്തിൽ തന്നെയുണ്ടായിരുന്നു. അവിടെ രണ്ടുനേരം വിളക്കുവയ്പുമാത്രമേയുണ്ടായിരുന്നുള്ളൂ. സുബ്രഹ്മണ്യന്റെയും അയ്യപ്പന്റെയും പ്രതിഷ്ഠകൾ അന്നുണ്ടായിരുന്നില്ല. ഇങ്ങനെ തീർത്തും പരിതാപകരമായ അവസ്ഥയിൽ കഴിഞ്ഞ മമ്മിയൂർ ക്ഷേത്രത്തിനും അതുവഴി മമ്മിയൂർ ദേശത്തിനും അഭിവൃദ്ധിയുണ്ടാകുന്നത് 1954-ൽ മമ്മിയൂർ തോടിനുകുറുകെ ഗതാഗതയോഗ്യമായ പാലം വരുന്നതോടെയാണ്. അക്കാലത്തെ പ്രശസ്ത നടിമാരും നർത്തകിമാരുമായിരുന്ന ലളിത-പത്മിനി-രാഗിണിമാരുടെ നൃത്തപരിപാടി ഉപയോഗിച്ചാണ് പാലം പണിയാനുള്ള തുക പിരിച്ചെടുത്തത്. അതിനുശേഷം കൂടുതൽ ഭക്തർ ഇങ്ങോട്ട് വരാൻ തുടങ്ങുകയും ഇത് ക്ഷേത്രനവീകരണത്തിന് വഴിയൊരുക്കുകയും ചെയ്തു. പാലത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ വടേക്കര ബാലകൃഷ്ണൻ നായർ, കുറുവായിൽ അപ്പുണ്ണി നായർ, വാരിയത്ത് കേശവൻ നായർ തുടങ്ങിയവർ തന്നെയാണ് ക്ഷേത്രനവീകരണത്തിനും നേതൃത്വം നൽകിയത്. തുടർന്ന് ഇരു ശ്രീകോവിലുകളും പുനർനിർമ്മിയ്ക്കുകയും മഹാവിഷ്ണുവിന് പുതിയ വിഗ്രഹം പണിയുകയും ചെയ്തു. 1960 ആകുമ്പോഴേയ്ക്കും നിർമ്മാണപ്രവർത്തനങ്ങളിൽ നല്ലൊരുഭാഗവും അവസാനിയ്ക്കുകയും ആ വർഷം ഫെബ്രുവരി ഒന്നിന് മകരമാസത്തിലെ രേവതിനാളിൽ മഹാവിഷ്ണുവിന്റെ പുനഃപ്രതിഷ്ഠ നടക്കുകയും ചെയ്തു. അതേ വർഷം നവംബർ ഒമ്പതിന് തുലാമാസത്തിലെ പൂയം നാളിൽ സുബ്രഹ്മണ്യന്റെയും വൃശ്ചികത്തിലെ ഉത്രം നാളിൽ അയ്യപ്പന്റെയും പ്രതിഷ്ഠകളും നടത്തുകയുണ്ടായി. ഇതോടെ ക്ഷേത്രം ശിവകുടുംബസ്ഥാനമായി അറിയപ്പെടാൻ തുടങ്ങി.

1981-ൽ ക്ഷേത്രത്തിൽ രണ്ടാം ഘട്ട നവീകരണപ്രവർത്തനങ്ങൾ തുടങ്ങി. ആ വർഷമാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ നടന്നതും ക്ഷേത്രത്തിലെ മുമ്പത്തെ സരസ്വതീമണ്ഡപം പൊളിച്ചുമാറ്റിയതും. പഴയ സരസ്വതീമണ്ഡപത്തിന്റെ സ്ഥാനത്ത് ക്ഷേത്രം വക നവരാത്രിമണ്ഡപം ഉയർന്നുവന്നു. ഇതേ വർഷമാണ് ക്ഷേത്രഭരണം കേരള സർക്കാർ വക സ്ഥാപനമായിരുന്ന ഹിന്ദുമത സാംസ്കാരികകേന്ദ്രം (എച്ച്.ആർ.&സി.ഇ.) ഏറ്റെടുത്തത്. ഇതെത്തുടർന്ന്, ആറുപേരടങ്ങിയ ഒരു ട്രസ്റ്റി ബോർഡിനെയും നിയമിച്ചു. അവയിൽ ഏറാൾപ്പാട് രാജയടക്കമുള്ള രണ്ടുപേർ പാരമ്പര്യട്രസ്റ്റിമാരും കേരള സർക്കാർ നിയമിയ്ക്കുന്ന മൂന്നുപേർ പാരമ്പര്യേതര ട്രസ്റ്റിമാരുമായി നിയമിയ്ക്കപ്പെട്ടു. എച്ച്.ആർ.&സി.ഇ. 2008-ൽ മലബാർ ദേവസ്വം ബോർഡായി രൂപാന്തരം പ്രാപിച്ചപ്പോഴും ഇതേ ക്രമം തന്നെ തുടർന്നു. ഇപ്പോഴും ഇതേ രീതിയിലാണ് ക്ഷേത്രഭരണം നടന്നുവരുന്നത്. മലബാർ ദേവസ്വം ബോർഡിന്റെ മലപ്പുറം ഡിവിഷനുകീഴിൽ വരുന്ന ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് മമ്മിയൂർ ദേവസ്വം. ഗുരുവായൂർ പരിസരത്ത് മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും ഇവരുടെ കീഴിലാണ്. 1981-ൽ തന്നെയാണ് പ്രധാന ശ്രീകോവിലുകൾക്കുചുറ്റും ചുവർച്ചിത്രങ്ങൾ വരച്ചുചേർത്തതും. പ്രദേശവാസിയും കേരളീയ ചുവർച്ചിത്രകലയുടെ പുനരുദ്ധാരകനുമായിരുന്ന മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ നേതൃത്വത്തിൽ, ക്ഷേത്രാചാരങ്ങൾക്ക് തടസ്സം വരാത്ത രീതിയിലാണ് ചുവർച്ചിത്രങ്ങൾ വരച്ചത്.

മഹാരുദ്രവും അതിരുദ്രവും

[തിരുത്തുക]

ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയ്ക്കുശേഷം മുടങ്ങാതെ ശിവന്റെ നടയിൽ ശ്രീരുദ്രമന്ത്രം ജപിച്ചുള്ള അർച്ചനകൾ നടത്തിപ്പോന്നിരുന്നു. തുടർന്ന് ചൈതന്യവർദ്ധനവിനായി 1985-ൽ ക്ഷേത്രത്തിൽ ആദ്യമായി തന്ത്രിയുടെ നേതൃത്വത്തിൽ മഹാരുദ്രയജ്ഞം നടത്തുകയുണ്ടായി. ആധുനിക കേരളത്തിൽ ആദ്യമായി ഇത് നടന്ന സ്ഥലങ്ങളിലൊന്ന് മമ്മിയൂരാണ്. 11 മഹാരുദ്രയജ്ഞങ്ങൾക്കുശേഷം 1997 ഡിസംബറിൽ ക്ഷേത്രത്തിൽ ഒരു അതിരുദ്രമഹായജ്ഞം നടത്തുകയുണ്ടായി. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിനുശേഷം ഇത് നടന്ന ആദ്യ കേരളീയക്ഷേത്രം മമ്മിയൂരാണ്. രാവിലെ മുതൽ ഉച്ചവരെ ഒരു ആവൃത്തി ശ്രീരുദ്രം ചൊല്ലിത്തീർക്കുന്ന ചടങ്ങിനുശേഷം വിവിധ കലാപരിപാടികളോടുകൂടി 11 ദിവസം നീണ്ടുനിന്ന ചടങ്ങായിരുന്നു ഇത്. ഇതിനുശേഷം 12 വർഷം കൂടുമ്പോൾ നടക്കുന്ന ചടങ്ങാക്കി അതിരുദ്രമഹായജ്ഞത്തെ മാറ്റാൻ തീരുമാനിയ്ക്കുകയും 2009, 2021 വർഷങ്ങളിലും ഇതേപോലെ അതിരുദ്രമഹായജ്ഞം നടക്കുകയും ചെയ്തു. ഇനി 2033-ലാകും ഇത് നടക്കുക.

മറ്റ് നിർമ്മാണപ്രവർത്തനങ്ങൾ

[തിരുത്തുക]

പ്രശസ്തിയിലേയ്ക്ക് കുതിച്ചുയർന്നതോടെ മമ്മിയൂർ ക്ഷേത്രത്തെ ഒരു മഹാക്ഷേത്രമാക്കി മാറ്റാൻ ക്ഷേത്രഭരണസമിതി കൂടുതൽ ശ്രമങ്ങൾ തുടങ്ങി. അതനുസരിച്ച് 1990-ൽ ക്ഷേത്രത്തിൽ ഇരുനടകൾക്കും കൂടി നടപ്പുര പണിതു. 1995-ൽ ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ ദേവസ്വം ഓഫീസും 1998-ൽ വടക്കുകിഴക്കുഭാഗത്തുള്ള ഓഡിറ്റോറിയവും പണികഴിപ്പിച്ചതോടെ ക്ഷേത്രത്തിൽ കൂടുതൽ ചടങ്ങുകൾ നടക്കാൻ തുടങ്ങി. 2004-ലാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് റോഡരികിലുള്ള ഇരുനില ഗോപുരം പണിതത്. അതിനുശേഷം ക്ഷേത്രമതിലകത്തിന്റെ വിസ്തീർണ്ണം കൂടി. 2006-ൽ ക്ഷേത്രത്തിനകത്തുതന്നെ, വടക്കുകിഴക്കേമൂലയിൽ സ്റ്റേജും പണിതു. ഇന്ന് വിശേഷദിവസങ്ങളിൽ ഇവിടെ ധാരാളം കലാപരിപാടികൾ നടന്നുവരുന്നുണ്ട്. 1981-ൽ പുതുക്കിപ്പണിത ഊട്ടുപുര, 2023-ൽ അത്യാധുനിക സൗകര്യങ്ങളോടെ വീണ്ടും പുതുക്കിപ്പണിതു. വിശേഷദിവസങ്ങളിൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഇതിന്റെ താഴത്തെ നിലയിൽ സരസ്വതീമണ്ഡപം പണിതിരിയ്ക്കുന്നു. നവരാത്രിക്കാലത്ത് പുസ്തകങ്ങളും സംഗീതോപകരണങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നത് ഇവിടെയാണ്.

2022-ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിനുശേഷം ഇരുശ്രീകോവിലുകളിലും ദ്രവ്യകലശച്ചടങ്ങുകൾ നടക്കുകയുണ്ടായി. അതനുസരിച്ച് 2023 മേയ് 22-ന് ക്ഷേത്രത്തിലെ ശിവലിംഗം താത്കാലികമായി ബാലാലയം പണിത് അങ്ങോട്ട് മാറ്റുകയും നവീകരണം കഴിഞ്ഞ് ജൂൺ 28-ന് മിഥുനമാസത്തിലെ ചിത്തിരനാളിൽ മഹാദേവനെ പുനഃപ്രതിഷ്ഠിയ്ക്കുകയും ചെയ്തു. പ്രതിഷ്ഠയോടനുബന്ധിച്ച് ജൂലൈ ഒന്നിന് ദ്രവ്യാവർത്തികലശം വിശേഷാൽ ചടങ്ങുകളോടെ നടത്തുകയുണ്ടായി. അതിനുശേഷം 2024 മാർച്ച് മാസത്തിൽ നാലമ്പലം പൂർണ്ണമായും പൊളിച്ചുമാറ്റുകയും ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരെ ഇരുശ്രീകോവിലുകൾക്കും നടുവിൽ ബാലാലയം പണിത് മാറ്റുകയുമുണ്ടായി. നാലമ്പലത്തിനകത്തെ ബലിക്കല്ലുകളും ഇതിനനുസരിച്ച് മാറ്റിസ്ഥാപിച്ചു. 2025 ജൂൺ മാസത്തോടെ നാലമ്പലത്തിന്റെ പുറംഭാഗം പൂർണ്ണമായും പുനർനിർമ്മിയ്ക്കുകയും ജൂൺ 27-ന് സുബ്രഹ്മണ്യന്റെയും 30-ന് ഗണപതിയുടെയും ജൂലൈ 2-ന് അയ്യപ്പന്റെയും പുനഃപ്രതിഷ്ഠകൾ നടക്കുകയും ചെയ്തു. നിലവിൽ നാലമ്പലത്തിനകത്ത് കരിങ്കല്ല് പാകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. 2026 തുടക്കത്തോടെ അത് പൂർത്തിയാകുമെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്നു.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

മമ്മിയൂർ ദേശത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ മുന്നിലൂടെ ഗുരുവായൂർ-കോഴിക്കോട് പാത കടന്നുപോകുന്നു. മമ്മിയൂർ പോസ്റ്റ് ഓഫീസ്, ഗുരുവായൂർ ദേവസ്വം വകയായ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ബി.ജെ.പി. പ്രാദേശിക കാര്യാലയം, മമ്മിയൂർ എൻ.എസ്.എസ്. കരയോഗം കാര്യാലയം, അയ്യപ്പഭജനമഠം, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. കിഴക്കേ നടയിൽ പ്രധാന വഴിയുടെ സമീപത്തുതന്നെ രണ്ടുനില ഗോപുരം പണിതിട്ടുണ്ട്. ഇത് 2004-ൽ പണിത് ഉദ്ഘാടനം ചെയ്തതാണ്. ഗോപുരവാതിലിൽ ശിവന്റെ വിവിധ രൂപങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഗോപുരത്തിനടുത്ത് 2015-ൽ ഒരു ഗണപതിപ്രതിഷ്ഠ നടത്തിയിരുന്നു. ഈ ഗണപതിയെ തൊഴുതാണ് ഭക്തർ ശിവനെ തൊഴാൻ പോകുന്നത്. ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം വലിയ അരയാൽ കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ ചുവട്ടിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കിവരുന്നു. അരയാലിന് ചുവട്ടിലായി ചെറിയൊരു ഗണപതിവിഗ്രഹവും ധാരാളം നാഗവിഗ്രഹങ്ങളും ശിവലിംഗങ്ങളും കാണാം. അരയാലിന്റെ തൊട്ട് തെക്കുവശത്താണ് ദേവസ്വം ഓഫീസും വഴിപാട് കൗണ്ടറുകളും മറ്റും. ഋഗ്വേദം ജപിച്ചുനടത്തുന്ന ധാരയും മഹാമൃത്യുഞ്ജയഹോമവുമാണ് മമ്മിയൂരപ്പന്റെ പ്രധാന വഴിപാടുകൾ. പാർവ്വതീസമേതനായ ശിവനായതിനാൽ ഉമാമഹേശ്വരപൂജ, പിൻവിളക്ക്, സ്വയംവരപുഷ്പാഞ്ജലി എന്നിവയും അതിവിശേഷമാണ്. മഹാവിഷ്ണുവിന് പാൽപ്പായസം, ചന്ദനം ചാർത്തൽ, തുളസിമാല എന്നിവയാണ് പ്രധാന വഴിപാടുകൾ.

മൂന്നേക്കറോളം വരുന്ന ക്ഷേത്രവളപ്പാണ് മമ്മിയൂരിലേത്. ഇതിന്റെ നല്ലൊരു ഭാഗവും കരിങ്കല്ലുപാകിയാണ് കാണപ്പെടുന്നത്. കൊടിയേറി ഉത്സവമില്ലാത്തതിനാൽ ക്ഷേത്രത്തിൽ കൊടിമരവുമില്ല. ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കൊന്നിച്ച് നടപ്പുര പണിതിട്ടുണ്ട്. ഇവിടെയാണ് പ്രധാനചടങ്ങുകളെല്ലാം നടക്കുന്നത്. എട്ടുതൂണുകളോടുകൂടിയ ഈ നടപ്പുരയുടെ ഓരോ തൂണിലും വിവിധ ദേവരൂപങ്ങൾ കാണാം. രണ്ടു നടകളിലും പ്രധാന ബലിക്കല്ലുകളും കാണാം. വളരെ ഉയരം കുറഞ്ഞ ബലിക്കല്ലുകളാണ് രണ്ടും. ഇവയിൽ ശിവന്റെ നടയ്ക്കുനേരെയുള്ള ബലിക്കല്ല്, ശിവന്റെ പ്രധാന സേനാനിയായ ഹരസേനനെയും വിഷ്ണുവിന്റെ നടയ്ക്കുനേരെയുള്ള ബലിക്കല്ല്, വിഷ്ണുവിന്റെ പ്രധാന സേനാനിയായ ഹരിസേനനെയും പ്രതിനിധീകരിയ്ക്കുന്നു. ഇവയ്ക്കുചുവട്ടിൽ അപ്പം അടുക്കിവച്ചതുപോലെ എട്ട് ചെറിയ ബലിക്കല്ലുകളും കാണാം. ഇവ ഇരു ഭഗവാന്മാരുടെയും ഉപസൈന്യാധിപന്മാരെയാണ് പ്രതിനിധീകരിയ്ക്കുന്നത്. ക്ഷേത്രത്തിൽ ബലിക്കൽപ്പുരയില്ലാത്തതിനാൽ പുറത്തുനിന്നുനോക്കിയാൽതന്നെ രണ്ടു വിഗ്രഹങ്ങളും നന്നായി കാണാം.

തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത തറയിൽ ബ്രഹ്മരക്ഷസ്സ് കുടികൊള്ളുന്നു. പണ്ടെന്നോ അപമൃത്യുവിനിരയായ ഒരു ബ്രാഹ്മണനാണ് ബ്രഹ്മരക്ഷസ്സായി കുടികൊള്ളുന്നത്. 1981-ലാണ് ഈ പ്രതിഷ്ഠ നടത്തിയത്. വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ അത്യുഗ്രദേവതയായ ഭദ്രകാളി കുടികൊള്ളുന്നു. ഒരു കാവിന്റെ പ്രതീതി ജനിപ്പിയ്ക്കുന്ന അതിമനോഹരമായ പ്രദേശമാണ് ഇവിടം. നട്ടുച്ചയ്ക്കും ഇവിടെ വെളിച്ചം കുറവാണ്. വനദുർഗ്ഗാസങ്കല്പത്തോടുകൂടിയ ഭദ്രകാളിയുടെ ശ്രീകോവിലിന് മേൽക്കൂരയില്ല. ഈ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ദീർഘകാലം ഒരു പിടക്കോഴി ഇവിടെ വളർന്നുവന്നിരുന്നു. എവിടെനിന്നോ വന്ന ഈ കോഴി മമ്മിയൂരിലെത്തുന്ന ഭക്തരുടെ ആകർഷണമായി ദീർഘകാലം കഴിച്ചശേഷം 2015-ൽ ചത്തുപോയി. ഭദ്രകാളിയുടെ ശ്രീകോവിലിന് വടക്കുവശത്ത് പ്രത്യേകം തീർത്ത തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകി കുടികൊള്ളുന്ന പീഠത്തിൽ, കൂടെ നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും ചിത്രകൂടവും പരിവാരങ്ങളുമുണ്ട്. ഭഗവതിയുടെ ശ്രീകോവിലിന് തെക്കുവശത്താണ് ചെറുരക്ഷസ്സിന്റെ പ്രതിഷ്ഠ. ചെറിയൊരു ശിവലിംഗത്തിന്റെ രൂപത്തിലാണ് ഇവിടെ രക്ഷസ്സിനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഇവിടെ നിത്യേന വിളക്കുവയ്പുണ്ട്. മൂലക്ഷേത്രത്തിന് അനഭിമുഖമായി പടിഞ്ഞാറോട്ട് ദർശനമായാണ് ഈ പ്രതിഷ്ഠകൾ നടത്തിയിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ഇവർക്കായി പ്രത്യേകം വഴിപാട് കൗണ്ടറും പണിതിട്ടുണ്ട്. മുട്ടറുക്കലും പൂമൂടലുമാണ് ഭദ്രകാളിയ്ക്ക് പ്രധാന വഴിപാടുകൾ. നാഗങ്ങൾക്ക് നൂറും പാലും, രക്ഷസ്സിന് പാൽപ്പായസം എന്നിവയും വിശേഷമാണ്.

വടക്കുവശത്ത് നെടുനീളത്തിൽ ഊട്ടുപുര പണിതിട്ടുണ്ട്. 2022-'23 കാലത്ത് നടന്ന നവീകരണത്തിനുശേഷം പുതുക്കിപ്പണിത ഊട്ടുപുരയാണ് ഇപ്പോഴുള്ളത്. രണ്ടുനിലകളോടുകൂടിയ ഊട്ടുപുരയുടെ രണ്ടുനിലകളിലും വിശേഷദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യയുണ്ടാകാറുണ്ട്. ഇതിലെ ഒരുഭാഗം സരസ്വതീമണ്ഡപമായും ഉപയോഗിച്ചുവരുന്നു. ഇവിടെ വച്ചാണ് നവരാത്രിക്കാലത്ത് സരസ്വതീപൂജ നടത്തുന്നത്. വിദ്യാദേവതയായ സരസ്വതിയെക്കൂടാതെ ഹനുമാനെയും ഇവിടെ ആരാധിയ്ക്കുന്നു. ഊട്ടുപുരയ്ക്കപ്പുറം അതിവിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. 2019-ൽ നടന്ന നവീകരണത്തിനുശേഷം സൗന്ദര്യവത്കരിച്ച കുളമാണ് ഇപ്പോഴുള്ളത്. ശാന്തിക്കാരും ഭക്തരും ഇവിടെ കുളിച്ചശേഷമാണ് ദർശനം നടത്തുന്നത്. ഇവ രണ്ടിനും സമീപമാണ് മമ്മിയൂർ ദേവസ്വം വക ഓഡിറ്റോറിയം. കൈലാസം ഓഡിറ്റോറിയം എന്നാണ് ഇതിന്റെ പേര്. ഇവിടം വിവാഹങ്ങൾക്കും കലാപരിപാടികൾക്കുമായി ഉപയോഗിച്ചുവരുന്നുണ്ട്. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ ക്ഷേത്രത്തിൽ പ്രത്യേകം സ്റ്റേജും പണിതിട്ടുണ്ട്. നടരാജമണ്ഡപം എന്നുപേരിട്ട ഈ സ്റ്റേജിൽ, വിശേഷദിവസങ്ങളിൽ ധാരാളം പരിപാടികൾ നടന്നുവരുന്നു.

ശ്രീകോവിലുകൾ

[തിരുത്തുക]

ചതുരാകൃതിയിൽ ഇരുനിലയിൽ പണിതീർത്ത സൗധങ്ങളാണ് ഇവിടെയുള്ള മുഖ്യശ്രീകോവിലുകൾ. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലുകളുടെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടങ്ങൾ പ്രശോഭിച്ചുനിൽക്കുന്നു. അകത്തേയ്ക്ക് കയറാനുള്ള സോപാനപ്പടികൾ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിയിട്ടുണ്ട്. ഇവയിൽ ശിവന്റെ നടയ്ക്കുനേരെയുള്ളത് നേരിട്ടുകയറാൻ പറ്റുന്ന രീതിയിലുള്ളതും വിഷ്ണുവിന്റെ നടയ്ക്കുനേരെയുള്ളത് ഇരുവശങ്ങളിൽ നിന്നും കയറുന്ന രീതിയിലുള്ളതുമാണ്. രണ്ടു ശ്രീകോവിലുകൾക്കകത്തും മൂന്നുമുറികൾ വീതമുണ്ട്. രണ്ടിടത്തും പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ഗർഭഗൃഹങ്ങൾ. രണ്ടടി ഉയരം വരുന്ന ശിവലിംഗവും നാലടി ഉയരം വരുന്ന ചതുർബാഹുവിഷ്ണുവിഗ്രഹവും യഥാക്രമം തെക്കും വടക്കുമുള്ള ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കുന്നുണ്ടാകും. വിഷ്ണുവിഗ്രഹമാണെങ്കിൽ ചന്ദനം ചാർത്തി, പീതാംബരവും ചുറ്റി, സർവ്വാഭരണങ്ങളുടെ പ്രഭയോടെ വിളങ്ങുന്നു. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീമമ്മിയൂരപ്പനും ശ്രീനാരായണനും മമ്മിയൂരിൽ വാഴുന്നു.

മുഖമണ്ഡപത്തോടുകൂടിയ ഈ ശ്രീകോവിലുകളുടെ പുറംചുവരുകൾ ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. തദ്ദേശവാസിയും പ്രശസ്ത ചുവർച്ചിത്രകാരനുമായിരുന്ന മമ്മിയൂർ കൃഷ്ണൻകുട്ടി നായരാണ് ഇവ വരച്ചുചേർത്തത്. ശിവന്റെ ശ്രീകോവിലിൽ അർദ്ധനാരീശ്വരൻ, ശക്തിപഞ്ചാക്ഷരി, കിരാതാർജ്ജുനീയം, ദക്ഷിണാമൂർത്തി, നടരാജൻ, മഹിഷാസുരമർദ്ദിനി, നവദുർഗ്ഗമാർ, സരസ്വതി തുടങ്ങിയ ശൈവ-ശാക്തേയരൂപങ്ങളും വിഷ്ണുവിന്റെ ശ്രീകോവിലിൽ അനന്തശയനം, ദശാവതാരങ്ങൾ, ഗരുഡൻ, ഹനുമാൻ, ശ്രീകൃഷ്ണലീല, ശ്രീരാമപട്ടാഭിഷേകം തുടങ്ങിയ വൈഷ്ണവരൂപങ്ങളുമാണ് കാണാൻ സാധിയ്ക്കുക. ഇവ നിലവിൽ പുതുക്കിവരയ്ക്കാനുള്ള ശ്രമത്തിലാണ്. ശിവന്റെ ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്ത് പാർവ്വതീദേവിയുടെ ചിലിട്ടുവച്ച ഒരു ചുവർച്ചിത്രം കാണാം. ഇവിടെ ശിവഭഗവാൻ പാർവ്വതീദേവിയെ ഇടത്തെ തുടയിലിരുത്തി ദർശനം നൽകുന്ന ഭാവത്തിലാണ് കുടികൊള്ളുന്നത്. എന്നാൽ, ദേവിയുടെ പ്രത്യക്ഷീഭാവം പടിഞ്ഞാറോട്ടാണ്. അതിനാലാണ് ഇവിടെ ശക്തമായ ദേവീസാന്നിദ്ധ്യം വന്നത്. പാർവ്വതീദേവിയ്ക്ക് ഇവിടെ ദിവസവും വിളക്കുവയ്പുണ്ട്. രണ്ടു ശ്രീകോവിലുകളുടെയും വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടെ പണിതിട്ടുണ്ട്. ശിവന്റെ ശ്രീകോവിലിനുചുറ്റും പൂർണപ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.

നാലമ്പലം

[തിരുത്തുക]

ശ്രീകോവിലുകളെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ഓടുമേഞ്ഞതാണ് ഇവിടത്തെ നാലമ്പലം. രണ്ട് ശ്രീകോവിലുകളും ഉൾക്കൊള്ളാൻ പാകത്തിനാണ് ഇതിന്റെ നിർമ്മാണം. ശിവന്റെയും വിഷ്ണുവിന്റെയും നടകളിലേയ്ക്കുള്ള പ്രവേശനകവാടങ്ങൾക്കിരുവശവും വലിയ വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കുഭാഗത്തുള്ള വാതിൽമാടത്തിലാണ് ഉമാമഹേശ്വരപൂജ പോലെയുള്ള വിശേഷാൽ പൂജകളും ഗണപതിഹോമവും മൃത്യുഞ്ജയഹോമവുമടക്കമുള്ള ഹോമങ്ങളും നടത്തുന്നത്. നടുക്കുള്ള വാതിൽമാടത്തിൽ പൂജാസമയമൊഴികെയുള്ളപ്പോൾ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നത് കാണാം. ഇവിടെത്തന്നെയാണ് ക്ഷേത്രം വക കൂത്തമ്പലവും പണിതിരിയ്ക്കുന്നത്. ചാക്യാർക്കൂത്തിനും കൂടിയാട്ടത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം. എല്ലാ വർഷവും ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ അതിവിശേഷമായ മത്തവിലാസം കൂത്ത് നടത്തിവരാറുണ്ട്. പല്ലവ ചക്രവർത്തിയായിരുന്ന മഹേന്ദ്രവർമ്മൻ രചിച്ച മത്തവിലാസപ്രഹസനത്തെ ആസ്പദമാക്കി നടത്തുന്ന ഈ കൂത്ത്, വളരെ കുറച്ച് ക്ഷേത്രങ്ങളിലേ നടത്താറുള്ളൂ. മൂന്നുദിവസം നടത്തുന്ന കൂത്ത് കഴിഞ്ഞാൽ കൂടിയാട്ടവും പതിവാണ്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളിയും ഇരു ശ്രീകോവിലുകളുടെയും നടുക്കായി കിണറും പണിതിട്ടുണ്ട്.

തെക്കുപടിഞ്ഞാറേമൂലയിൽ ഒരു ചെറിയ മുറിയിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. സാധാരണ രൂപത്തിലുള്ള ഗണപതിവിഗ്രഹത്തിന് ഏകദേശം ഒരടി ഉയരം വരും. വിഘ്നേശ്വരപ്രീതിയ്ക്കായി ഇവിടെ നിത്യേന ഗണപതിഹോമം നടന്നുവരുന്നുണ്ട്. ഗണപതിഹോമം കൂടാതെ ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല, നാളികേരമുടയ്ക്കൽ എന്നിവയും ഇവിടെ പ്രധാന വഴിപാടുകളാണ്. വിനായക ചതുർത്ഥിനാളിൽ ഇവിടെ വിശേഷാൽ പൂജകൾ നടത്താറുണ്ട്. പടിഞ്ഞാറേ നടയിൽ പ്രധാന ശ്രീകോവിലുകൾക്കിടയിലെ മറ്റൊരു ചെറിയ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി മറ്റൊരു ചെറിയ മുറിയിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ബാലസുബ്രഹ്മണ്യരൂപത്തിലാണ് ഇവിടെ വിഗ്രഹം. പ്രസിദ്ധമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ വിഗ്രഹത്തോട് രൂപത്തിൽ വളരെയധികം സാദൃശ്യമുള്ള ശിലാവിഗ്രഹമാണിത്. നാലടി ഉയരം വരും. പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം എന്നിവയാണ് സുബ്രഹ്മണ്യന്റെ പ്രധാന വഴിപാടുകൾ. തുലാമാസത്തിലെ സ്കന്ദഷഷ്ഠിയും മകരമാസത്തിലെ തൈപ്പൂയവുമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. വടക്കുപടിഞ്ഞാറേമൂലയിൽ മറ്റൊരു മുറിയിൽ അയ്യപ്പസ്വാമി കുടികൊള്ളുന്നു. പ്രസിദ്ധമായ ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുള്ള പഞ്ചലോഹവിഗ്രഹമാണ് ഇവിടെ അയ്യപ്പസ്വാമിയ്ക്ക്. ഏകദേശം ഒന്നരയടി ഉയരം വരും. നീരാജനം, അഷ്ടാഭിഷേകം, എള്ളുപായസം എന്നിവയാണ് അയ്യപ്പന്റെ പ്രധാന വഴിപാടുകൾ. അയ്യപ്പന്റെ നടയിൽ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. അങ്ങനെ പാർവ്വതീസമേതനായ പരമശിവൻ, പുത്രന്മാരായ ഗണപതിയ്ക്കും സുബ്രഹ്മണ്യന്നും അയ്യപ്പന്നുമൊപ്പം വാഴുന്ന ഈ പുണ്യക്ഷേത്രം കൈലാസത്തിന് തുല്യമാകുന്നു എന്ന് ഭക്തജനങ്ങൾ വിശ്വസിയ്ക്കുന്നു.

പ്രധാന ലേഖനം: ബലിക്കല്ല്

ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന ക്ഷേത്രമായതിനാൽ ഇരുവർക്കും പ്രത്യേകമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ശിവന്ന് ചണ്ഡികേശ്വരനും വിഷ്ണുവിന് വിഷ്വക്സേനനും) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ക്ഷേത്രത്തിൽ നിത്യശീവേലിയില്ലാത്തതിനാൽ ഇവ പ്രതീകാത്മകമായി മാത്രമാണ് നിർമ്മിച്ചിരിയ്ക്കുന്നത്. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ടുതലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നമസ്കാരമണ്ഡപങ്ങൾ

[തിരുത്തുക]

ക്ഷേത്രത്തിൽ ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപങ്ങൾ പണിതിട്ടുണ്ട്. കരിങ്കല്ലിൽ തീർത്ത നമസ്കാരമണ്ഡപങ്ങൾക്ക് നാല് തൂണുകളേയുള്ളൂ. അവയിൽ കാര്യമായ അലങ്കാരങ്ങളൊന്നുമില്ല താനും. ശിവന്റെ നടയ്ക്കുനേരെയുള്ള മണ്ഡപത്തിൽ ഭഗവദ്വാഹനമായ നന്ദിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിത്യവും നന്ദിയ്ക്ക് വിളക്കുവയ്പുണ്ട്. മണ്ഡപങ്ങളുടെ മേൽക്കൂര ചെമ്പുമേഞ്ഞ് അവയിൽ സ്വർണ്ണത്താഴികക്കുടങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് കലശപൂജയും മറ്റും നടത്തുന്നത് ശിവന്റെ നടയിലാണ്.

പ്രധാന പ്രതിഷ്ഠകൾ

[തിരുത്തുക]

ശ്രീ മമ്മിയൂരപ്പൻ (ശിവൻ)

[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. പാർവ്വതീസമേതനായ പരമശിവനാണ് പ്രതിഷ്ഠാസങ്കല്പം. രണ്ടടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി മമ്മിയൂരപ്പൻ കുടികൊള്ളുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കും. ശിവലിംഗത്തിൽ ചാർത്താൻ സ്വർണ്ണത്തിലും വെള്ളിയിലും ചന്ദ്രക്കലകളും ത്രിനേത്രങ്ങളുമുണ്ട്. വിശ്വപ്രകൃതിയുടെ മൂലഭാവം മുഴുവൻ ആവാഹിച്ചുകൊണ്ട് മമ്മിയൂരപ്പൻ ശിവലിംഗമായി മമ്മിയൂരിൽ കുടികൊള്ളുന്നു. ഉദയാസ്തമനപൂജ, കൂവളമാല, പിൻവിളക്ക്, ധാര, ശംഖാഭിഷേകം, ഉമാമഹേശ്വരപൂജ തുടങ്ങിയവയാണ് മമ്മിയൂരപ്പന്റെ പ്രധാന വഴിപാടുകൾ.

ശ്രീ പാർവ്വതീദേവി

[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്നാണ് മാതൃദേവതയും ആദിപരാശക്തിയുമായ ശ്രീപാർവ്വതി. ഇവിടെ ദേവിയ്ക്ക് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠയില്ല. എന്നാൽ, ശിവഭഗവാന്റെ സങ്കല്പം പാർവ്വതീസമേതഭാവത്തിലായതിനാൽ ഇവിടെ ദേവിയുടെ ഒരു അദൃശ്യസാന്നിദ്ധ്യമുണ്ട്. ശിവശ്രീകോവിലിന്റെ പുറകിൽ (പടിഞ്ഞാറുഭാഗത്ത്) ഭഗവാന് അനഭിമുഖമായാണ് മഹാദേവി കുടികൊള്ളുന്നത്. ഇവിടെ ദേവിയുടെ ഒരു ചുവർച്ചിത്രവും അതിനുമുന്നിൽ ഒരു കെടാവിളക്കുമാണുള്ളത്. വിളക്കിൽ എണ്ണയൊഴിയ്ക്കുന്നതാണ് പ്രധാന വഴിപാട്. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ സർവ്വമംഗളകാരിണിയായ ഇഷ്ടമംഗല്യവരദായിനിയാണ്. ദേവിയ്ക്ക് മുന്നിലായി പ്രത്യേകം തീർത്ത ഒരു പീഠത്തിൽ മഞ്ഞൾ, കുങ്കുമം മുതലായ ദ്രവ്യങ്ങൾ കാണാം.

ശ്രീ മഹാവിഷ്ണു

[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. സാധാരണ ക്ഷേത്രങ്ങളിലുള്ളതുപോലെത്തന്നെയാണ് ഇവിടെയും മഹാവിഷ്ണുപ്രതിഷ്ഠ. നാലടി ഉയരമുള്ള നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പരമാത്മാവായ ഭഗവാൻ കുടികൊള്ളുന്നത്. ചതുർബാഹുവായ ഭഗവാൻ തൃക്കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുന്നു. ഗുരുവായൂരപ്പപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച ശിവൻ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചപ്പോൾ വിഷ്ണുവും ഇവിടെ കുടികൊണ്ടുവെന്നും തന്മൂലം ഈ പ്രതിഷ്ഠ ശ്രീഗുരുവായൂരപ്പൻ തന്നെയാണെന്നും വിശ്വസിച്ചുവരുന്നു. പാൽപ്പായസം, അപ്പം, അട, വെണ്ണ, കദളിപ്പഴം, തുളസിമാല, പുരുഷസൂക്താർച്ചന തുടങ്ങിയവയാണ് വിഷ്ണുഭഗവാന്റെ പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

[തിരുത്തുക]

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഗണപതിയുടേത്. സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ് ഇതും കാഴ്ചയിൽ. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭഗവാൻ അനുഗ്രഹിയ്ക്കുന്നു. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിഭഗവാന്റെ മറ്റ് പ്രധാന വഴിപാടുകൾ.

സുബ്രഹ്മണ്യൻ

[തിരുത്തുക]

നാലമ്പലത്തിനകത്ത് പടിഞ്ഞാറുഭാഗത്ത് (ശിവന്റെയും വിഷ്ണുവിന്റെയും ശ്രീകോവിലുകൾക്കിടയിൽ പുറകുഭാഗത്ത്) കിഴക്കോട്ട് ദർശനമായാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. ബാലസുബ്രഹ്മണ്യഭാവത്തിലുള്ള പ്രതിഷ്ഠയാണിത്. നാലടി ഉയരം വരുന്ന ഇവിടത്തെ ശിലാവിഗ്രഹത്തിന് പഴനിയിലെ വിഗ്രഹവുമായി രൂപത്തിൽ നല്ല സാദൃശ്യമുണ്ട്. ദ്വിബാഹുവായ ഭഗവാൻ ഇടതുകൈ അരയിൽ കുത്തി വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് വിഗ്രഹം. വലത്തെച്ചുമലിൽ ആയുധമായ വേലും കാണാം. പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം എന്നിവയാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വഴിപാടുകൾ.

അയ്യപ്പൻ

[തിരുത്തുക]

നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ശബരിമലയിലെ വിഗ്രഹുമായി രൂപത്തിൽ നല്ല സാമ്യമുണ്ട് ഒന്നരയടി ഉയരം വരുന്ന ഇവിടത്തെ പഞ്ചലോഹവിഗ്രഹത്തിന്. ഇടതുകൈ തൃത്തുടയിൽ വച്ച് വലതുകൈ ചിന്മുദ്രാങ്കിതമാക്കി നിർത്തിക്കൊണ്ട് കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ തിരുനടയിലാണ് ശബരിമലയ്ക്കുപോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം (എള്ളുതിരി), നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയാണ് അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടുകൾ.

ബ്രഹ്മരക്ഷസ്സ്

[തിരുത്തുക]

നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തറയിൽ കിഴക്കോട്ട് ദർശനമായാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. പണ്ടെന്നോ കൊല ചെയ്യപ്പെട്ട തന്ത്രവിദ്യാവിശാരദനായ ഒരു ബ്രാഹ്മണനാണ് ബ്രഹ്മരക്ഷസ്സായി കുടികൊള്ളുന്നത്. 1981-ലാണ് ഈ പ്രതിഷ്ഠ നടത്തിയത്. ശിവലിംഗരൂപത്തിലുള്ള കൊച്ചുവിഗ്രഹമാണ് ബ്രഹ്മരക്ഷസ്സിനെ പ്രതിനിധീകരിയ്ക്കുന്നത്. അരയടി ഉയരമേ ഇതിനുള്ളൂ. നിത്യേന രണ്ട് സന്ധ്യയ്ക്കുമുള്ള വിളക്കുവയ്പും പാൽപ്പായസനിവേദ്യവുമൊഴികെ മറ്റ് വഴിപാടുകളൊന്നുമില്ല.

ഭഗവതി (ഭദ്രകാളി)

[തിരുത്തുക]

നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം മതിൽക്കെട്ടിലാണ് ആദിപരാശക്തിയുടെ രൗദ്രഭാവമായ ശ്രീ ഭദ്രകാളി ഭഗവതിയുടെ പ്രതിഷ്ഠ. ഒരു കാവിന്റെ അന്തരീക്ഷം ജനിപ്പിയ്ക്കുന്ന മനോഹരമായ പ്രദേശത്താണ് ലോകമാതാവായ ഭദ്രകാളിയുടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് അനഭിമുഖമായി പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇത് പ്രതിഷ്ഠയുടെ ഉഗ്രത സൂചിപ്പിയ്ക്കുന്നതാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. നാലടി ഉയരമുള്ള ശിലാപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. എന്നാൽ, ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ചതുർബാഹുവായ ഭഗവതി പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ പാനപ്പാത്രവും പിടിച്ചിട്ടുണ്ട്. പൂമൂടൽ, മുട്ടറുക്കൽ, ഗുരുതി, പട്ടും താലിയും ചാർത്തൽ, ശത്രുദോഷ പരിഹാരപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി എന്നിവയാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ. തിരക്ക് കാരണം പ്രത്യേക വഴിപാട് കൗണ്ടർ ഇവിടെ നിർമ്മിച്ചിട്ടുണ്ട്.

നാഗദൈവങ്ങൾ

[തിരുത്തുക]

ഭദ്രകാളിയുടെ ശ്രീകോവിലിന് തൊട്ടടുത്തു തന്നെയാണ് നാഗദൈവങ്ങളുടെയും പ്രതിഷ്ഠ. ഭദ്രകാളിയുടെയും നാഗദൈവങ്ങളുടെയും പ്രതിഷ്ഠകൾ ആദിദ്രാവിഡ സങ്കല്പത്തിന്റെ ബാക്കിപത്രങ്ങളായി നിലകൊള്ളുന്നു. പടിഞ്ഞാട്ടുതന്നെയാണ് നാഗദൈവങ്ങളുടെയും ദർശനം. നാഗരാജാവായി ശിവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകിയും നാഗാമാതാവായ നാഗയക്ഷിയും നാഗകന്യകയും സഹോദരി നാഗചാമുണ്ഡിയും ചിത്രകൂടവും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. ആൽമരത്തിന്റെ തണലിൽ വിരാജിയ്ക്കുന്ന നാഗദൈവങ്ങൾക്ക് നൂറും പാലും സമർപ്പിയ്ക്കുന്നതാണ് പ്രധാന വഴിപാട്. പുറ്റും മുട്ടയും, ആയില്യപൂജ, പാൽപ്പായസം എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.

ചെറുരക്ഷസ്സ്

[തിരുത്തുക]

ഭദ്രകാളിയുടെ ശ്രീകോവിലിനടുത്തുതന്നെയാണ് ചെറുരക്ഷസ്സിന്റെയും പ്രതിഷ്ഠ. പണ്ടെന്നോ കൊല്ലപ്പെട്ട ദേവീഭക്തനായ ഒരു പടയാളിയാണ് രക്ഷസ്സായി കുടികൊള്ളുന്നത്. വർഷത്തിലൊരിയ്ക്കൽ അതിരുദ്ര/മഹാരുദ്ര മഹായജ്ഞത്തിന്റെ സമയത്തുമാത്രമേ ചെറുരക്ഷസ്സിന് പൂജയുണ്ടാകൂ.

നിത്യപൂജകളും തന്ത്രവും

[തിരുത്തുക]

നിത്യേന മൂന്നുപൂജകളുള്ള മഹാക്ഷേത്രമാണ് മമ്മിയൂർ ക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് ശംഖനാദത്തോടെ ഭഗവാന്മാരെ പള്ളിയുണർത്തി നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന്, ശിവന്നും വിഷ്ണുവിനും എണ്ണയഭിഷേകവും ശംഖാഭിഷേകവും വിഷ്ണുവിന് മാത്രം വാകച്ചാർത്തും നടത്തുന്നു. തുടർന്ന് വിഗ്രഹങ്ങൾ അലങ്കരിച്ച് ഇരുവർക്കും മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയോടെ ഗണപതിഹോമം നടത്തുന്നു. ആറേമുക്കാലിന് ശിവന് ഋഗ്വേദ ധാരയാണ്. എട്ടുമണിയ്ക്ക് ഉഷഃപൂജ നടത്തുന്നു. പത്തുമണി തൊട്ട് പതിനൊന്നുമണി വരെയുള്ള സമയങ്ങളിൽ മഹാമൃത്യുഞ്ജയഹോമം, കറുകഹോമം, തിലഹോമം, ആയുഷ്യഹോമം തുടങ്ങിയ ഹോമങ്ങളും രാഹുപൂജ, നാഗപൂജ, രക്ഷസ്സ് പൂജ തുടങ്ങിയ പൂജകളും നടത്തുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ഉച്ചപ്പൂജയും നടത്തി പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാലരയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്നാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളായ ഉമാമഹേശ്വരപൂജ, ഭഗവതിസേവ, ദമ്പതിപൂജ എന്നിവ നടത്തുന്നത്. രാത്രി ഏഴരയോടെ അത്താഴപ്പൂജ നടത്തി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ശിവരാത്രി, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഇവയിൽ മാറ്റം വരും. ശിവരാത്രിനാളിൽ രാത്രി നടയടയ്ക്കില്ല. പകരം രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും അതിനോടനുബന്ധിച്ച് വിശേഷാൽ കലശാഭിഷേകവുമുണ്ടാകും. അഷ്ടമിരോഹിണിയ്ക്ക് വിഷ്ണുനടയിലും പ്രത്യേകം പൂജകളുണ്ടാകാറുണ്ട്. രണ്ടാഴ്ചതോറും വരുന്ന പ്രദോഷവ്രതത്തിന് ശിവന്ന് ദീപാരാധനയ്ക്കുമുമ്പ് വിശേഷാൽ അഭിഷേകമുണ്ടാകും. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിൽ പതിനെട്ടുപൂജകളുണ്ടാകും. അന്ന് ചുറ്റുവിളക്ക് കഴിഞ്ഞ് രാത്രി നടയടയ്ക്കുമ്പോൾ ഏകദേശം പത്തുമണിയാകും.

ഗുരുവായൂർ ക്ഷേത്രം തന്ത്രിമാരായ പുഴക്കര ചേന്നാസ് നമ്പൂതിരിമാർക്കുതന്നെയാണ് ഇവിടെയും തന്ത്രാധികാരം. ദേവസ്വം ബോർഡ് നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക.

വിശേഷദിവസങ്ങൾ

[തിരുത്തുക]

മഹാശിവരാത്രി

[തിരുത്തുക]

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശി ദിവസം ആഘോഷിയ്ക്കപ്പെടുന്ന ശിവരാത്രിയാണ് മമ്മിയൂർ ക്ഷേത്രത്തിലെ പ്രധാന ആഘോഷം. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വൈദികാചാരങ്ങൾക്ക് മുൻതൂക്കം നൽകിയാണ് മമ്മിയൂർ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം. ശുദ്ധിക്രിയകൾ, ലക്ഷാർച്ചന, ഏകാദശ രുദ്രാഭിഷേകം, ചുറ്റുവിളക്ക്, നിറമാല തുടങ്ങിയവയാണ് ശിവരാത്രിനാളിലെ പ്രധാന ചടങ്ങുകൾ. ശിവരാത്രിനാളിൽ രാത്രി വിളക്കെഴുന്നള്ളിപ്പിനും ശ്രീഭൂതബലിയ്ക്കുമായി ശിവനെയും വിഷ്ണുവിനെയും ആനപ്പുറത്ത് എഴുന്നള്ളിയ്ക്കുന്നു. ഇത് ഈ ക്ഷേത്രത്തിലെ ഒരു പ്രത്യേകതയാണ്. ശ്രീഭൂതബലിയ്ക്ക് ചെണ്ടമേളമാണ് അകമ്പടിയേകുന്നത്. തുടർന്ന് ഇടയ്ക്കയും നാദസ്വരവും ഉപയോഗിച്ചുള്ള പ്രദക്ഷിണം നടത്തുന്നു. വർണ്ണശബളമായ വെടിക്കെട്ടോടെ പരിപാടികൾ അവസാനിയ്ക്കുന്നു. അന്ന് രാത്രി നടയടയ്ക്കില്ല. പകരം, രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും അതിനോടനുബന്ധിച്ചുള്ള കലശാഭിഷേകവുമുണ്ടാകും. നിരവധി ഭക്തരാണ് ഉറക്കമൊഴിച്ച് യാമപൂജകൾ തൊഴാൻ കഴിച്ചുകൂട്ടുന്നത്.

ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ കലാപരിപാടികളുണ്ടാകാറുണ്ട്. ശാസ്ത്രീയ സംഗീതം, ഗാനമേള, കഥാപ്രസംഗം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവ അവയിൽ പ്രധാനമാണ്. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ ഇതിനോടനുബന്ധിച്ച് ഒരു സ്റ്റേജ് കെട്ടിപ്പൊക്കിയിട്ടുണ്ട്. നടരാജമണ്ഡപം എന്നാണ് ഇതിന് പേരിട്ടിട്ടുള്ളത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കലാപരിപാടി, ശിവരാത്രിയ്ക്ക് തൊട്ടുമുമ്പുള്ള മൂന്നുദിവസം ക്ഷേത്രത്തിൽ നടത്തുന്ന മത്തവിലാസം കൂത്താണ്. ശിവക്ഷേത്രങ്ങളിൽ മാത്രം നടത്തിവരുന്ന ഈ കൂത്ത്, പല്ലവരാജാവായിരുന്ന മഹേന്ദ്രവിക്രമ വർമ്മൻ രചിച്ച മത്തവിലാസപ്രഹസനത്തെ ആസ്പദമാക്കി രൂപം കൊണ്ടതാണ്. ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവനെ തപസ്സുചെയ്യുന്ന സത്യസോമനെന്ന ബ്രാഹ്മണൻ ശിവന്റെ നിർദ്ദേശാനുസരണം കപാലിവേഷത്തിൽ നൃത്തം ചെയ്യുന്നുവെന്നാണ് സങ്കല്പം. സത്യസോമന്റെ നൃത്തം കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടകാര്യങ്ങൾ സാധിയ്ക്കുമെന്നാണ് വിശ്വാസം. ശിവരാത്രിനാളിൽ രാത്രി തന്നെ ക്ഷേത്രത്തിൽ ഗുരുവായൂർ ദേവസ്വം വക കൃഷ്ണനാട്ടം കളിയുമുണ്ടാകും. ശിവൻ കഥാപാത്രമായി വരുന്ന ബാണയുദ്ധമാണ് അന്നേദിവസത്തെ കഥ.

തിരുവാതിര

[തിരുത്തുക]

ധനുമാസത്തിലെ തിരുവാതിരയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആഘോഷം. മംഗല്യസൗഭാഗ്യത്തിനും നെടുമംഗല്യത്തിനുമായി നിരവധി സ്ത്രീകൾ ഇന്നും തിരുവാതിരവ്രതം അനുഷ്ഠിച്ചുവരുന്നുണ്ട്. മമ്മിയൂർ ക്ഷേത്രത്തിൽ തിരുവാതിര ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അന്നത്തെ പ്രധാന ചടങ്ങ് മഹാരുദ്രാഭിഷേകമാണ്. പുലർച്ചെ നടതുറന്നതുമുതൽ നിരവധി ദ്രവ്യങ്ങൾ ഉപയോഗിച്ച് ശിവലിംഗത്തിനുമുകളിൽ അഭിഷേകം നടത്തുന്നുണ്ടാകും. ഈ സമയത്തെല്ലാം വേദപണ്ഡിതരുടെ വക ശ്രീരുദ്രമന്ത്രം ചൊല്ലുന്നുമുണ്ടാകും. സന്ധ്യയ്ക്ക് ദീപാരാധനയോടനുബന്ധിച്ച് നിറമാല, ചുറ്റുവിളക്ക് തുടങ്ങിയ പരിപാടികളുമുണ്ടാകും.

അഷ്ടമിരോഹിണി

[തിരുത്തുക]

ദർശന സമയം

[തിരുത്തുക]

*അതിരാവിലെ 4.45 am മുതൽ ഉച്ചക്ക് 12.30 pm വരെ.

*വൈകുന്നേരം 4.45 pm മുതൽ രാത്രി 8.30 pm വരെ.

വഴിപാടുകൾ

[തിരുത്തുക]

ഉദയാസ്തമയ പൂജ, പ്രദോഷ പൂജ, ഉമാമഹേശ്വരപൂജ, സ്വയംവര പുഷ്‌പാഞ്‌ജലി, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ അർച്ചന, ആയുർസൂക്ത പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, കൂവളഹാര സമർപ്പണം തുടങ്ങിയവയാണ് ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന വഴിപാടുകൾ.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ