ഉള്ളടക്കത്തിലേക്ക് പോവുക

അനന്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനന്തശയനം

ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും സാക്ഷാൽ മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന നാഗ ശ്രേഷ്ഠനാണ് അനന്തൻ.

ആദ്യം ഉണ്ടായവനും ഏറ്റവും അവസാനം ശേഷിക്കുന്നവനുമായ ഈ അൽഭുത നാഗം ആദിശേഷൻ എന്നും അറിയപ്പെടുന്നു.

ആദിശേഷന്റെ വിഷ്ണുവിനോടുള്ള ഭക്തി സമാനതകളില്ലാത്തതായിരുന്നു. ഭഗവാനെ സേവിക്കാനും സംരക്ഷിക്കാനുമുള്ള അദ്ദേഹത്തിന്റെ സന്നദ്ധത വിഷ്ണു തിരിച്ചറിഞ്ഞു, അദ്ദേഹം ആദിശേഷനെ തന്റെ നിത്യസഹചാരിയായി തിരഞ്ഞെടുത്തു.

പ്രപഞ്ചം പ്രക്ഷുബ്ധമായി കിടക്കുകയും വിഷ്ണുവിന് വിശ്രമിക്കാൻ സ്ഥിരമായ ഒരു സ്ഥലം ഇല്ലാതിരിക്കുകയും ചെയ്തപ്പോൾ, ആദിശേഷൻ സ്വമേധയാ ഭഗവാൻ്റെ ഇരിപ്പിടമാകാൻ മുന്നോട്ടുവന്നു  തന്റെ ഭീമാകാരമായ ശരീരം ചുരുട്ടി മൃദുവായതും എന്നാൽ ഉറപ്പുള്ളതുമായ ഒരു കിടക്ക രൂപപ്പെടുത്തി, അദ്ദേഹത്തിന്റെ ആയിരം ഫണങ്ങൾ വികസിച്ച് വിഷ്ണുവിന്റെ തലയ്ക്ക് മുകളിൽ ഒരു സംരക്ഷണ മേലാപ്പ് സൃഷ്ടിച്ചു. പകരമായി മഹാവിഷ്ണു ആദിശേഷനെ അമർത്യത നൽകി അനുഗ്രഹിച്ചു.

നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്. അനന്തൻ അഥവാ ആദിശേഷന്റെ അഞ്ചു ശിരസ്സുകൾ പഞ്ചഭൂതങ്ങളെയും, നാമം ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിനെയും പ്രതിനിധീകരിക്കുന്നു. അനന്തന്റെ ഉടൽ മൂന്ന് ചുറ്റുകളായി കാണപ്പെടുന്നു. ത്രിഗുണങ്ങളെയാണ് അത് പ്രതിനിധീകരിക്കുന്നത്. വാസുകി, തക്ഷകൻ, കാർക്കോടകൻ തുടങ്ങി അനേകം കനിഷ്ഠ സഹോദരന്മാർ അനന്തന് ഉണ്ടായിരുന്നു.

അന്തമില്ലാത്ത ഗുണങ്ങളുടെ അധിപനാണ് അനന്തൻ. കല്പാന്ത പ്രളയക്കാലത്ത് എല്ലാം നശിക്കുമ്പോഴും ശേഷിക്കുന്നവനാകയാൽ ശേഷനാഗം എന്നും അറിയപ്പെടുന്നു.

കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോൾ അനന്തൻ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തിൽ നിന്നൊഴിഞ്ഞ് അനന്തൻ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളിൽ പോയി തപസ്സു ചെയ്തു. ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പാതാളത്തിൽ ചെന്ന് ലോകങ്ങളെ ശിരസ്സിൻമേൽ താങ്ങി നിർത്താൻ അനന്തനെ നിയോഗിച്ചു.

ആയിരം തലയുള്ള അനന്തൻ ഭൂമിയെ ഒരു തലയിൽനിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികൾ ഒരു കാലത്ത് കരുതിയിരുന്നു.

നാഗദേവതകളിൽ ശ്രേഷ്ഠനായ അനന്തൻ്റെ മഹത്വത്തെപ്പറ്റി വിഷ്ണു പുരാണത്തിൽ പറയുന്നത് ഇപ്രകാരമാണ്. പാതാളത്തിൻ്റെ അധോഭാഗത്ത് വിഷ്ണുവിൻ്റെ തമോഗുണ സ്വരൂപമായ ഒരു ശരീരമുണ്ട്. അതിൻ്റെ ഗുണങ്ങളെ വർണ്ണിക്കുവാൻ ആരാലും സാദ്ധ്യമല്ല. ദേവൻമാരും ഋഷിവര്യന്മാരും പൂജിക്കുന്ന ആ ദേവനെ സിദ്ധന്മാർ അനന്തൻ എന്ന് പുകഴ്ത്തി പറയുന്നു.

അനന്തന് ആയിരം ശിരസ്സുകളുണ്ട്. സ്പഷ്ടമായി കാണാവുന്ന സ്വസ്തിക ചിഹ്നം അനന്തൻ്റെ ശിരസ്സിനെ ശോഭിപ്പിക്കുന്നു. ഓരോ ശിരസ്സിലും കാണുന്ന അമൂല്യ രത്നങ്ങൾ നാലു ദിക്കുകളേയും പ്രകാശിപ്പിക്കുന്നു. ലോക നന്മയ്ക്കായി അസുരന്മാരെയെല്ലാം അനന്തമൂർത്തി അശക്തന്മാരാക്കി തീർക്കുന്നു.

മദോന്മത്തനും നില വസ്ത്രമണിഞ്ഞവനും വെളുത്ത രത്നഹാരം ധരിച്ചിരിക്കുന്നവനുമായ അനന്തൻ മേഘമാല ചാർത്തിയതും ഗംഗാ പ്രവാഹത്താൽ അലങ്കരിച്ചതുമായ മറ്റൊരു കൈലാസ പർവ്വതത്തെപ്പോലെ ശോഭിക്കുന്നു. ഒരു കൈയിൽ കലപ്പയും മറ്റൊരു കയ്യിൽ ഇരുമ്പുലക്കയും ധരിച്ചിരിക്കുന്ന അനന്തനെ ശ്രീദേവിയും വാരുണീദേവിയും സേവിക്കുന്നു.

കല്പാന്ത കാലത്ത് സംഘർഷണ മൂർത്തിയായ രുദ്രൻ മറ്റ് രുദ്രന്മാരോടും ത്രിശൂലം മുതലായ ആയുധങ്ങളോടും കൂടി അനന്തൻ്റെ മുഖത്ത് നിന്നും വിഷാഗ്നി ജ്വാലയായി ആവിർഭവിച്ച് മൂന്നു ലോകങ്ങളെയും സംഹരിക്കുന്നു.

സകല ദേവന്മാരും പൂജിക്കുന്ന ആ ആദിശേഷൻ ഭൂമണ്ഡലത്തെ ഒരു കിരീടം പോലെ ശിരസ്സിൽ ധരിച്ചു കൊണ്ട് പാതാളലോകത്തിൽ സ്ഥിതി ചെയ്യുന്നു. അനന്തൻ്റെ ബലം, പ്രതാപം, സ്വരൂപം, ആകൃതി എന്നിവ വർണ്ണിക്കുവാനോ അവ മനസ്സിലാക്കുവാനോ ദേവൻമാർക്കു പോലും സാദ്ധ്യമല്ല.

അനന്തൻ്റെ വാസസ്ഥലമായ പാതാളത്തെപ്പറ്റി ചില വിവരങ്ങൾ ദേവീ ഭാഗവതം അഷ്ടമ സ്കന്ദത്തിൽ കാണുന്നു. പാതാളത്തിൻ്റെ മൂല സ്ഥാനത്ത് അനന്ത എന്ന പേരോടു കൂടിയ ഒരു സ്ഥലമുണ്ട്. ഇതിന് മുപ്പതിനായിരം യോജന വിസ്താരമുണ്ട്. അനന്തന് സംഘർഷണൻ എന്ന് കൂടി പേരുണ്ട്. മറ്റുള്ള സർപ്പനാഥന്മാർ ഭക്തിയോടു കൂടി അനന്തൻ്റെ പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം ചെയ്തു കൊണ്ട് വർത്തിക്കുന്നു.

മറ്റു പേരുകൾ

[തിരുത്തുക]
  • ശേഷനാഗം (Sesha the serpent)
  • ആദിശേഷൻ (the first Sesha)
  • അനന്ത ശേഷൻ (Endless Sesha)
  • അനന്തൻ (endless/infinite).
  • നാഗശയനൻ (വിഷ്ണുവിന്റെ നാമം ആണ്)
  • ശേഷ
  • പിംഗലൻ

അവതാരങ്ങൾ

[തിരുത്തുക]

പ്രമാണങ്ങൾ

[തിരുത്തുക]

    മറ്റ് കണ്ണികൾ

    [തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=അനന്തൻ&oldid=4581728" എന്ന താളിൽനിന്ന് ശേഖരിച്ചത്