ഉള്ളടക്കത്തിലേക്ക് പോവുക

വാസുകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാസുകിയെ കയറായി ഉപയോഗിച്ച് പാലാഴി മഥനം നടത്തുന്നു

ഭാരതീയ പുരാണപ്രകാരം പാതാളത്തിലെ നാഗദൈവങ്ങളുടെ രാജാക്കന്മാരിൽ ഒന്നാണ് വാസുകി. അദ്ദേഹം കശ്യപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്, അനന്തന്റെ സഹോദരനുമാണ്. അമ്മയുടെ ശാപമേറ്റ മകനാണ്. 800 തലകളും വെള്ളിനിറവുമുള്ള വാസുകി ശിരസ്സിൽ വജ്രം ധരിക്കുന്നവനും ശിവൻ്റെ കഴുത്തിലെ ആഭരണവുമാണ്.

അനന്തൻ തപസ്സിന് പോയശേഷം, നാഗ വംശത്തിൻ്റെ നേതൃത്വം വാസുകി ഏറ്റെടുത്തു. അമ്മയായ കദ്രുവിൽ നിന്ന് ലഭിച്ച ശാപത്തിന് ഒരു പരിഹാരം കണ്ടെത്താൻ അദ്ദേഹം ആഗ്രഹിച്ചു.

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞ് അമൃത് എടുക്കാൻ തിരുമാനിച്ചു. പാലാഴി മഥനത്തിന് കടകോലായി മന്ദരപർവ്വതത്തെ കൊണ്ടുവന്നു.

ഇനി ആ പർവതത്തെ ചുറ്റിപ്പിടിക്കാൻ കെല്പുള്ള ഒരു കയർ വേണം. അതിനായി അവർ വാസുകിയുടെ സഹായം തേടി.

നാഗലോകത്ത് ചെന്ന് ഗരുഡൻ വാസുകി യോട് പാലാഴിയിലേക്കെത്തണമെന്ന് അഭ്യർഥിച്ചു. വേണമെങ്കിൽ എടുത്തു കൊണ്ടുപൊയ്‌ക്കോളൂ, എന്നായിരുന്നു വാസുകിയുടെ മറുപടി.

ഗരുഡൻ വാസുകിയുടെ മധ്യഭാഗം കൊത്തിയെടുത്ത് പറക്കാൻ ശ്രമിച്ചു. ചക്രവാളത്തിനപ്പുറമെത്തിയിട്ടും നാഗപതി യുടെ മധ്യഭാഗം തറയിൽ തന്നെ അവശേഷിച്ചു. എത്ര തന്നെ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ ഗരുഡൻ തിരിച്ചു പോയി. ശിവൻ തന്റെ കൈ പാതാളത്തിലേക്ക് നീട്ടി. ശിവന്റെ കൈയിലെ ചെറുവളയായി വാസുകി പാലാഴിയിലെത്തി. പാലാഴിയിൽ താഴ്ന്ന മന്ദരത്തെ ഉയർത്താൻ മഹാവിഷ്ണു കൂർമ്മാവതാരം കൈകൊണ്ടു. മന്ദരത്തിനു ചുറ്റും വാസുകിയെ കയറായി ചുറ്റി അസുരന്മാർ വാസുകിയുടെ തലഭാഗത്തും ദേവന്മാർ വാൽ ഭാഗത്തും നിലയുറപ്പിച്ചു. പാലാഴി മഥനം വർഷങ്ങളോളം നീണ്ടു.

പാലാഴിയിൽ നിന്ന് മഹാലക്ഷ്മി ഉൾപ്പെടെ അമൂല്യങ്ങളായ പലതും ഉയർന്ന് വന്നു. മഥനത്തിൻ്റെ ശക്തിയിൽ വാസുകി കാളകൂടം ഛർദ്ദിച്ചു. ആ വിഷം പാനം ചെയ്ത് ശിവൻ നീലകണ്ഠനായി മാറി.

ശിവന്റെ നിസ്വാർത്ഥതയിലും വേദനയിലും ആകൃഷ്ടയായ വാസുകി, എന്നേയ്ക്കും ഭഗവാനെ സേവിക്കാൻ തീരുമാനിച്ചു. ശിവൻ്റെ കണ്ഠാഭരണമായി അദ്ദേഹത്തിന് ശക്തിയും സംരക്ഷണവും നൽകി.

വാസുകിയുടെ സേവനത്തിൽ സന്തുഷ്ടരായ ദേവന്മാർ വരാനിരിക്കുന്ന വിനാശകരമായ സർപ്പ യജ്ഞത്തെക്കുറിച്ചുള്ള വാസുകിയുടെ ആശങ്ക അകറ്റണമെന്ന് ബ്രഹ്മാവിനോട് അഭ്യർത്ഥിച്ചു.

വാസുകിയുടെ സഹോദരി ജരത്കരു മുനിയെ കാത്തിരിക്കണമെന്നും ശരിയായ സമയത്ത് അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നും ബ്രഹ്മാവ് ഊന്നിപ്പറഞ്ഞു.

വാസുകിയുടെ സഹോദരിയായ ജരത്കരു വിനും യയവര പരമ്പരയിൽപ്പെട്ട ജരത്കരു മുനിയ്ക്കും ജനിച്ച ആസ്തിക മുനി, സർപ്പ യാഗം തടയാനും നീതിമാനായ സർപ്പങ്ങളെ സംരക്ഷിക്കാനും വിധിക്കപ്പെട്ടവനായിരുന്നു.

ആസ്തികന്റെ പ്രേരണയാൽ നല്ലവരായ സർപ്പങ്ങൾ യജ്ഞത്തെ അതിജീവിക്കുമെന്ന് ബ്രഹ്മാവ് ഉറപ്പുനൽകി. ദുഷ്ട സർപ്പങ്ങളുടെ ഉന്മൂലനം തടയാൻ യാതൊന്നിനും കഴിയില്ല, പക്ഷേ നീതിമാന്മാർക്ക് വിഷമിക്കേണ്ട കാര്യമില്ല. അതോടെ വാസുകിയുടെ ആശങ്കകളെല്ലാം അകന്നു.

ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ത്രിപുര ദഹനത്തിന് വാസുകി മികച്ച സംഭാവന നൽകി.

താരകാസുരൻ്റെ പുത്രന്മാരായ താരകാക്ഷൻ, വിദ്യുന്മാലി, കമലാക്ഷൻ എന്നിവർ ബ്രഹ്മാവിനെ തപസ്സ് ചെയ്തു പ്രത്യക്ഷനാക്കി. ബ്രഹ്മാവിൻ്റെ നിദ്ദേശ പ്രകാരം അസുര ശില്പിയായ മയൻ അവർക്ക് അതിശക്തമായ മൂന്ന് കോട്ടകൾ നിർമ്മിച്ച് നൽകി.

ആദ്യത്തെ കോട്ട സ്വർഗത്തിൽ സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചത്, രണ്ടാമത്തേത് ആകാശത്ത് വെള്ളി കൊണ്ടാണ് നിർമ്മിച്ചത്, മൂന്നാമത്തേത് ഭൂമിയിൽ ഇരുമ്പ് കൊണ്ടാണ് നിർമ്മിച്ചത്. അവ ത്രിപുരങ്ങൾ എന്ന് അറിയപ്പെടുന്നു.

സഞ്ചരിക്കുന്ന ത്രിപുരങ്ങൾ ആയിരം വർഷത്തിലൊരിക്കൽ മാത്രം നേർരേഖയിൽ വരും. ആ നിമിഷം ഒരൊറ്റ അമ്പുകൊണ്ട് മാത്രമേ അവയെ തകർക്കാൻ കഴിയൂ.

വരബലത്താൽ അഹങ്കാരികളായി തീർന്ന അസുരന്മാർ ദേവന്മാരെ ഉപദ്രവിക്കാൻ തുടങ്ങി.

ത്രിപുരന്മാരെ നശിപ്പിക്കാനായി ശിവൻ ദിവ്യരഥത്തിൽ കയറി, അജഗവം എന്ന വില്ലുമെടുത്ത് ത്രിപുരയിലേക്ക് പോയി. ഘോരയുദ്ധം നടന്നു. പെട്ടെന്ന് ശിവൻ്റെ വില്ലിൻ്റെ ഞാൺ പൊട്ടി. അപ്പോൾ വാസുകി ശിവധനുസ്സിന്റെ ചരടായി മാറി.

മൂന്ന് പുരങ്ങളും ഒത്തുച്ചേർന്ന ധന്യ നിമിഷത്തിൽ ദിവ്യമായ പാശുപതാസ്ത്രം തൊടുത്ത് ശിവൻ ത്രിപുരങ്ങളെ ചാരമാക്കി.

അതുപോലെ, ഹിന്ദു ഇതിഹാസമായ മഹാഭാരതത്തിൽ നാഗരാജാവായ വാസുകി ഭീമനെ മരണത്തിൽ നിന്ന് രക്ഷിച്ച ഒരു കഥ പറയുന്നുണ്ട്.

ബാല്യത്തിൽ ഭീമനെ ഭക്ഷണത്തിൽ വിഷം കലർത്തി ഇല്ലാതാക്കാൻ ദുര്യോധനൻ ഒരു പദ്ധതി തയ്യാറാക്കി.

ഭക്ഷണം കഴിച്ച ഉടനെ ഭീമൻ മരിച്ചു, ദുര്യോധനൻ അയാളുടെ ശരീരം ഗംഗാനദിയിലേക്ക് എറിഞ്ഞു.

പാമ്പുകൾ ഭീമന്റെ മൃതദേഹം കണ്ടെത്തി, പാതാളത്തിലെ അവരുടെ സ്ഥലമായ നാഗ ലോകത്തിലേക്ക് കൊണ്ടുപോയി.

അമൃതം നൽകി ഭീമനെ ജീവിപ്പിച്ച വാസുകി അവന് 10000 ആനകളുടെ ശക്തി നൽകി അനുഗ്രഹിച്ചു.

ബുദ്ധമതത്തിൽ

[തിരുത്തുക]

ബുദ്ധമതത്തിലും വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വാസുകി തലയിൽ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ് മാനസ. ചൈനീസ്, ജാപ്പനീസ് ഐതിഹ്യങ്ങളിൽ വാസുകി എട്ട് മഹാനാഗങ്ങളിൽ ഒരാളാണ്. മറ്റുള്ളവർ നന്ദ (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), തക്ഷകൻ, ബലവാൻ, അനവതപ്ത, ഉത്പല എന്നിവരാണ്.

പ്രമാണങ്ങൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വാസുകി&oldid=4581903" എന്ന താളിൽനിന്ന് ശേഖരിച്ചത്