പാലാഴിമഥനം

പാലാഴിമഥനം അഥവാ സമുദ്രമന്തനം എന്നത്
അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞുവെന്ന് ഹൈന്ദവ പുരാണങ്ങൾ പറയുന്നു. കടകോലായി മന്ഥരപർവ്വതവും, കയറായി വാസുകി എന്ന സർപ്പ ശ്രേഷ്ഠനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. മഥനത്തെ തുടർന്ന് പാലാഴിയിൽ നിന്നും നിരവധി ദിവ്യ വസ്തുക്കൾ പൊന്തി വന്നു. ഒടുവിൽ സ്വർണ്ണകുംഭത്തിൽ അമൃതുമായി ധന്വന്തരിദേവൻ ഉയർന്നു വന്നു.
നിരവധി പുരാണങ്ങളിൽ പാലാഴിമഥനം പ്രതിപാദിച്ചിട്ടുണ്ട്. മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും പാലാഴിമഥനം വർണ്ണിച്ചിട്ടുണ്ട്. [1] [2]
കഥ
[തിരുത്തുക]അത്രി മഹർഷിയുടെ പുത്രനും പരമശിവന്റെ അംശവുമായ ദുർവാസാവ് മഹർഷിക്ക് ഒരിക്കൽ ദേവലോകത്തു വെച്ച് സുന്ദരികളായ വിദ്യാധര സ്ത്രീകൾ ദിവ്യമായ പാരിജാത പുഷ്പമാല സമർപ്പിച്ചു. അദ്ദേഹം അത് ഐരാവതത്തിന്റെ പുറത്തേറി വരുന്ന ദേവേന്ദ്രന് സ്നേഹപൂർവ്വം സമ്മാനിച്ചു.
പൂമാല കിട്ടിയ സന്തോഷത്തിൽ അത് തലയിൽ ചൂടാനായി ഇന്ദ്രൻ മാല ഐരാവതത്തിന്റെ മുകളിൽ വച്ചു തലമുടി വൃത്തിയായി ചീകിയൊതുക്കാൻ തുടങ്ങി. അതിനോടകം പൂവിന്റെ വാസനയിൽ ആകൃഷ്ടരായി എത്തിയ വണ്ടുകൾ ഐരാവതത്തിനു ചുറ്റും മൂളി പറക്കാൻ തുടങ്ങി. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ ഐരാവതം പൂമാലയെടുത്ത് നിലത്തിട്ട് ചതച്ചുകളഞ്ഞു. ഇതുകണ്ട് കോപിഷ്ടനായ ദുർവ്വാസാവ് ദേവേന്ദ്രനെ ഉൾപ്പെടെ എല്ലാ ദേവന്മാരെയും ജരാനര ബാധിക്കട്ടെ ! എന്ന് ശപിച്ചു. പാലാഴി കടഞ്ഞ് അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്ന് ത്രിമൂർത്തികൾ ഉപദേശിച്ചു.
ദേവന്മാരും അസുരന്മാരും ഒത്തുചേർന്ന് പാലാഴി കടയാൻ തിരുമാനിച്ചു. കടക്കോലായി മന്ദരപർവ്വതത്തേയും കയറായി വാസുകിയെയും നിശ്ചയിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിക്കാൻ തുടങ്ങി. വലിയുടെ ശക്തിയിൽ കടകോലായ മന്ദരം പാലാഴിയിൽ താഴാൻ തുടങ്ങി. മഹാവിഷ്‌ണു കൂർമ്മം അവതാരം കൈകൊണ്ട് മന്ദരത്തിന് ആധാരമായി നിലകൊണ്ടു.
പാലാഴിമഥനം വർഷങ്ങളോളം തുടർന്നു. ക്ഷീണിതനായ വാസുകി കാളകൂടം ഛർദ്ദിച്ചു. ലോക നാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തിൽ അമർത്തി പിടിച്ചു.
വിഷം പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു ശിവൻ്റെ വായ് പൊത്തി പിടിച്ചു. അതോടെ ഗതിമുട്ടിയ ഹലാഹലം ശിവ കണ്ഠത്തിൽ ഉറച്ചു. അങ്ങനെ ശിവൻ നീലകണ്ഠനായി മാറി.
ക്ഷീണിതനായ ഭഗവാൻ ശ്രീപാർവ്വതിയുടെ മടിയിൽ തല ചായ്ച്ച് വിശ്രമിച്ചു. ഇന്ദ്രനും മറ്റ് ദേവന്മാരും ശിവന് വേണ്ടി പ്രാർത്ഥനയോടെ ഉറങ്ങാതിരുന്ന ആ ദിനമാണ് ശിവരാത്രിയായി നാം ആചരിക്കുന്നത്.
പാലാഴിമഥനം വീണ്ടും തുടർന്നപ്പോൾ ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയോടൊപ്പം പലതരം ദിവ്യ വസ്തുക്കളും ഉയർന്നുവന്നു. അവസാനം അമൃത കുംഭവുമായി ധന്വന്തരി പുറത്തുവന്നു. ഉടനെ അസുരന്മാർ അമൃത് തട്ടിയെടുത്ത് പാതാളത്തിലേക്ക് പോയി. ദേവന്മാർ വിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണു മോഹിനിരൂപത്തിൽ അസുരന്മാരുടെ അടുത്തെത്തി തന്ത്രപൂർവം അമൃത് കൈക്കലാക്കി ദേവന്മാർക്ക് നൽകി.