മന്ദര പർവതം

ഹിന്ദു പുരാണത്തിലെ പാലാഴി മഥനവുമായി ബന്ധപ്പെട്ട പർവ്വതമാണ് മന്ദര പർവ്വതം. വരാഹപുരാണത്തിലെ 75-ാം അദ്ധ്യായം അനുസരിച്ച്, മേരു പർവതത്തിന്റെ കിഴക്കു വശത്ത് 11000 യോജന ഉയരമുള്ള മേഘ തുല്യമായ കൊടുമുടികളാൽ അലങ്കരിച്ച മന്ദരം എന്നൊരു പർവ്വതമുണ്ട്. പർവത ങ്ങളിൽ ഏറ്റവും മികച്ചത്, അത് മുഴുവൻ പരസ്പരം ഇഴചേർന്ന സസ്യങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. എണ്ണമറ്റ പക്ഷികൾ അവിടെ സംഗീതം പൊഴിക്കുന്നു, ഇരപിടിയൻ മൃഗങ്ങൾ അവിടെ വിഹരിക്കുന്നു. ദേവന്മാരും കിന്നരന്മാരും അപ്സരസ്സുകളും അവിടം സന്ദർശിക്കുന്നു.
മന്ദര പർവതത്തിന്റെ കൊടുമുടിയിൽ ദേവന്മാർ, അസുരന്മാർ, അപ്സരസ്സുകൾ എന്നിവർ വസിക്കുന്ന ഒരു കദംബവൃക്ഷം നിലകൊള്ളുന്നു . ഈ ദിശയിലുള്ള തടാകത്തെ അരുണോദ എന്ന് വിളിക്കുന്നു, അതിന് ചുറ്റുമായി പതിനൊന്ന് പർവ്വതങ്ങളുണ്ട്.
പുരാണങ്ങളിൽ പലയിടങ്ങളിലും മന്ദര പർവ്വതത്തിലെ വിവിധ പുണ്യസ്ഥലങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. അതിന്റെ താഴ്വരകളിൽ ഹിരണ്യകശിപു തപസ്സു ചെയ്തു; ഉമയെ വിവാഹം കഴിച്ച ശേഷം ശിവൻ തന്റെ മധുവിധു ഇവിടെ ചെലവഴിച്ചു;
പാൽക്കടൽ കടയാൻ മന്ദരത്തെ മത്തായി ഉപയോഗിച്ചു. മഥനസമയത്ത് പാലാഴിയിൽ ആണ്ടുപോയ മന്ദരത്തെ ഉയർത്താൻ മഹാവിഷ്ണു കൂർമ്മമായി അവതരിച്ചു. ആ കഥ ഇങ്ങനെ...
ഒരിക്കൽ ദുർവ്വാസാവ് മഹർഷി ഇന്ദ്രന് വാസനയുള്ളൊരു പൂമാല സമ്മാനിച്ചു. സന്തോഷത്തോടെ ഇന്ദ്രൻ അതിനെ തന്റെ വാഹനമായ ഐരാവതത്തിന്റെ മസ്തകത്തിൽ അണിയിച്ചു. പൂക്കളുടെ ദിവ്യസുഗന്ധത്തിൽ ആകൃഷ്ടരായി എത്തിയ വണ്ടുകൾ ഐരാവതത്തെ ശല്യപ്പെടുത്താൻ തുടങ്ങി. അസ്വസ്ഥനായ ആന തുമ്പിക്കൈ കൊണ്ട് മാല എടുത്ത് കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ചു. ഇതുകണ്ട് കലി പൂണ്ട ദുർവ്വാസാവ് ശക്തിയെല്ലാം ചോർന്ന് ദേവന്മാർ നിർഗ്ഗുണന്മാരായിപ്പോകട്ടെ എന്ന് ശപിച്ചു.
ശാപമോചനത്തിനുള്ള മാർഗ്ഗം തേടി ദേവന്മാർ വൈകുണ്ഠത്തിലേക്ക് ചെന്നു. ശക്തിശാലി കളായ അസുരന്മാർ ത്രിലോകങ്ങളും പിടിച്ചടക്കുമെന്ന് അവർ ഭയപ്പെട്ടു.
ഭഗവാൻ പറഞ്ഞു, 'ശുക്രാചാര്യന് സഞ്ജീവനി വിദ്യ അറിയാം. യുദ്ധത്തിൽ മരിച്ചുവീഴുന്ന അസുരന്മാരെ അദ്ദേഹം പുനരുജ്ജീവിപ്പിക്കും. അതാണ് അവരുടെ കരുത്ത്. അവരെ എതിരിടണമെങ്കിൽ നിങ്ങളും അമരത്വം നേടണം. അതിനുള്ള വഴി ഞാൻ പറഞ്ഞു തരാം'.
'മന്ദരപർവ്വതത്തെ മത്താക്കി വാസുകിയെ കയറാക്കി പാൽക്കടൽ കടയുക. മന്ദര പർവ്വതത്തിൽ ധാരാളം ഔഷധ സസ്യങ്ങളും ധാതുക്കളും ഉണ്ട്. അവയുടെയൊക്കെ രസം ക്ഷീരസാഗരത്തിൽ അലിയിച്ച് ഒരു ഔഷധക്കൂട്ട് (അമൃത്) ഉണ്ടാക്കിയാൽ അതിന് മരണത്തെ ജയിക്കാനാകും.'
'എന്നാൽ ഇത് നിങ്ങളെക്കൊണ്ട് മാത്രം സാധിക്കാവുന്ന കാര്യമല്ല. ദേവന്മാരും അസുരന്മാരും ഒത്തുചേർന്ന് പരിശ്രമിച്ചാലേ ഇത് സാധ്യമാവൂ. അതിനായി പകുതി അമൃത് നിങ്ങൾക്കും തരാം എന്നവർക്ക് വാഗ്ദാനം ചെയ്യണം. പിന്നീടുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.'
പാലിന് സ്വതവേ ഔഷധഗുണമുണ്ട്. പശുക്കൾ ഭക്ഷിക്കുന്ന പലതരം സസ്യങ്ങളുടെ ഔഷധഗുണം പാലിനും ഉണ്ടാകും. ആയുർവേദത്തിലെ പല ഔഷധങ്ങളും പാലും നെയ്യും ചേർത്താണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് മഥനത്തിനായി സപ്ത സാഗരങ്ങളിൽ ഒന്നായ പാലാഴി തന്നെ തിരഞ്ഞെടുത്തത്.
വാസുകിയെ കൊണ്ടുവരാൻ വിഷ്ണു ഗരുഡനെ അയച്ചു. ഗരുഡൻ വാസുകിയെ കൊത്തിയെടുത്ത് പറക്കാൻ ശ്രമിച്ചപ്പോൾ വാസുകിയുടെ കുറെ ഭാഗം നിലത്തുകിടന്നു ഇഴയുന്നതുകണ്ട് ഗരുഡൻ ശിവനെ ധ്യാനിച്ചു. കരുണാമയനായ ഭഗവാൻ തന്റെ തൃക്കൈ നീട്ടിയതും വാസുകി ഒരു ചെറുവളയായി ശിവൻ്റെ കയ്യിൽ ചുറ്റിക്കിടന്നു. മഹാദേവൻ വാസുകിയെ പാലാഴിയിൽ എത്തിച്ചു.
മന്ദരപർവ്വതത്തെ കൊണ്ടുവരാൻ ശിവ ഭൂതങ്ങളെ അയച്ചു. അവർ ശക്തമായി പൊക്കിനോക്കിയെങ്കിലും പർവ്വതത്തെ കൊണ്ടുവരാൻ സാധിച്ചില്ല. ഒടുവിൽ വിഷ്ണു ഭഗവാൻ പന്നഗേന്ദ്രനായ ആദിശേഷനെ അയച്ചു. ആദിശേഷൻ ഞൊടിയിൽ മന്ദര പർവ്വതത്തെ പൊക്കി തന്റെ ഫണത്തിൽ വഹിച്ചുകൊണ്ട് അവിടെയെത്തി.
പാലാഴിയിൽ താഴ്ന്നുപോയ മന്ദരപർവ്വതത്തെ വിഷ്ണുവിൻ്റെ കൂർമ്മാവതാരം തന്റെ പുറത്ത് താങ്ങി നിർത്തി. വാസുകിയെ കയറാക്കി ദേവന്മാരും അസുരന്മാരും ചേർന്ന് മഥനം ആരംഭിച്ചു.
11000 യോജന ഭൂമിക്ക് മുകളിലും 11000 യോജന ഭൂമിക്കടിയിലുമായാണ് മന്ദര പർവ്വതം നിലകൊണ്ടിരുന്നത്. അതിൽ ഉണ്ടായിരുന്ന കോടിക്കണക്കിന് ഔഷധ ച്ചെടികളുടേയും ധാതുക്കളുടേയും സാരമാണ് ഒടുവിൽ ഒരു കുടം അമൃതായി മാറിയത്.
മന്ദരപർവ്വതത്തെ കടകോൽ പോലെ കടഞ്ഞപ്പോൾ പരസ്പരം ഞെരിഞ്ഞമർന്ന് സസ്യങ്ങളുടെയും മറ്റും രസം ക്ഷീര സാഗരത്തിൽ ലയിച്ചുചേർന്നു. മഥനം വർഷങ്ങളോളം നീണ്ടു. ക്ഷീണിതനായ വാസുകി ഛർദ്ദിച്ച കാളകൂടവിഷത്തെ പാനം ചെയ്ത് ശിവൻ നീലകണ്ഠനായി മാറി.
മഹാലക്ഷ്മിയോടൊപ്പം ധാരാളം അമൂല്യ വസ്തുക്കൾ പാലാഴിയിൽ നിന്നും ഉയർന്നു വന്നു. ഒടുവിൽ അമൃതകുംഭവുമായി ധന്വന്തരി പ്രത്യക്ഷപ്പെട്ടു. അസുരന്മാർ അമൃത് കവർന്നെടുത്ത് മറഞ്ഞു. മോഹിനിയായി അവതരിച്ച മഹാവിഷ്ണു അസുരന്മാരെ കബളിപ്പിച്ച് അമൃത് ദേവന്മാർക്ക് നൽകി.