ധന്വന്തരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ധന്വന്തരി
ആയുർവേദ മരുന്നുകൾ
Godofayurveda.jpg
ധന്വന്തരി
ദേവനാഗരി धन्वंतरी
Affiliation മഹാവിഷ്ണുവിന്റെ അവതാരം
സർവരോഗനാശകനും വിഷ്‌ണു അവതാരവുമായ ധന്വന്തരിയെ ആയുർ‌വേദത്തിന്റെ ദൈവമായി ഹൈന്ദവർ കണക്കാക്കുന്നു

ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നു ശ്രീ ധന്വന്തരി(ദേവനാഗരി: धन्वंतरी; ഇംഗ്ലീഷ്: Dhanwantari). പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുസിന്റെ വേദമായ ആയുർവേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്‌ടാംഗങ്ങൾ) വിഭജിച്ചു. പരമാത്മാവായ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും ആയൂർവേദത്തിന്റെ നാഥനായി വർണ്ണിക്കുന്നു. രോഗികളും ആതുരസുശ്രൂഷകരും ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി. രോഗനാശകനായ ശ്രീ ധന്വന്തരി പാലാഴി മഥനവേളയിൽ അമരത്വം പ്രദാനം ചെയ്യുന്ന അമൃതകുംഭവുമായി അവതരിച്ചു എന്നാണ് ഐതീഹ്യം. ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയൂർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ഠാനം ഹൈന്ദവർക്കിടയിലുണ്ട്. ധന്വന്തരിയെ ആരാധിച്ചാൽ രോഗങ്ങൾ അകന്ന് ആരോഗ്യവും ആയുസും സിദ്ധിക്കും എന്നാണ് ഹൈന്ദവവിശ്വാസം.

നമാമി ധന്വന്തരിമാദിദേവം സുരാസുരൈർ വ്വന്ദിതപാദപത്മം

ലോകേ ജരാരുഗ്ഭയമൃത്യുനാശം ധാതാരമീശം വിവിധൌഷധീനാം”

ഔപധേനവൻ, ഔരദ്രൻ, പൗഷ്‌കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.

വിവിധതരം ശസ്‌ത്രക്രിയകളെപ്പറ്റിയും ധന്വന്തരിക്ക്‌ അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്‌ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്‌ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയിൽ നിന്ന്‌ മനസ്സിലാക്കാം.

സ്‌കന്ദ-ഗരുഡ-മാർക്കണ്ഡേയ പുരാണങ്ങളനുസരിച്ച്‌ ത്രേതായുഗത്തിലാണ്‌ ധന്വന്തരി ജീവിച്ചിരുന്നത്‌. എന്നാൽ, വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊരാളായിരുന്നു ധന്വന്തരിയെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.

ക്രി.വ. നാലാം ശതകത്തിന്റെ അവസാനമോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയാണ്‌ പിൽക്കാലത്ത്‌ ധന്വന്തരിയെന്ന പേരിൽ പ്രശസ്‌തയാർജ്ജിച്ചതെന്നു കരുതുന്നു.

ധന്വന്തരി നിഘണ്ടു, ചികിത്സാദർശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി തുടങ്ങി പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ ധന്വന്തരിയുടേതായി അറിയപ്പെടുന്നു. "ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരീമൂർത്തയെ അമൃതകലശഹസ്തായ സർവാമയവിനാശായ ത്രൈലോക്യനാഥായ മഹാവിഷ്ണുവേ നമഃ" എന്ന ധന്വന്തരീസ്തുതി പ്രസിദ്ധമാണ്.

ധന്വന്തരി ക്ഷേത്രങ്ങൾ[തിരുത്തുക]

ആയുർവേദത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലെ കോട്ടക്കലുള്ള ധന്വന്തരീ ക്ഷേത്രം പ്രസിദ്ധമാണ്. മലപ്പുറത്തെ പുലാമന്തോളിലുള്ള ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം ഈ പ്രദേശത്തിന്റെ ആയുർവേദ പാരമ്പര്യം വിളിച്ചോതുന്നു. തമിഴ്‌നാട്ടിലെ ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രത്തിന്റെ അങ്കണത്തിൽ ധന്വന്തരീപ്രതിഷ്ഠയുണ്ട്. ഈ ക്ഷേത്രത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഒരു ശിലാഫലകമുണ്ട്. അക്കാലത്തെ പ്രമുഖ ആയൂർവേദ ഭിഷഗ്വരനായ ഗരുഡവാഹനൻ ഭട്ടരാണ് ക്ഷേത്രത്തിനുള്ളിൽ ധന്വന്തരീ പ്രതിഷ്ഠ നടത്തിയതെന്ന് ഇതിൽ പ്രസ്താവിക്കുന്നു. ഇവിടെ ധന്വന്തരി മൂർത്തിയുടെ പ്രസാദമായി ഭക്തർക്ക് ഔഷധസസ്യങ്ങളാണ് നൽകാറുള്ളത്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് തോട്ടുവാ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് "തോട്ടുവ ശ്രീ ധന്വന്തരിമൂർത്തിക്ഷേത്രം". ആറടി ഉയരത്തിൽ കിഴക്കോട്ട് ദർശനമായാണ് ഇവിടെ പ്രതിഷ്ഠ. ചതുർബാഹുവായ ഭഗവാന്റെ കൈകളിൽ ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണ്. തോട്ടുവ ക്ഷേത്രത്തോട് ചേർന്ന് കിഴക്കോട്ട് ഒഴുകുന്ന തോടിന് ഔഷധശക്തി ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ഈ തോട്ടിൽ കുളിച്ചു ധന്വന്തരിയെ തൊഴുന്നത് രോഗശാന്തിക്ക് ഉത്തമം ആണ് എന്നാണ് വിശ്വാസം. എറണാകുളത്തെ പള്ളുരുത്തിയിലും ധന്വന്തരിക്ക് ക്ഷേത്രമുണ്ട്. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ക്ഷേത്രമാണിത്.

തൃശ്ശൂർ ജില്ലയിലെ പ്രസിദ്ധമായ നെല്ലുവായ, പെരിങ്ങാവ് ക്ഷേത്രങ്ങളിൽ ധന്വന്തരിയെ ആരാധിച്ചു വരുന്നു. മാവേലിക്കരയിലേ പ്രായിക്കര ക്ഷേത്രത്തിലും ചതുർബാഹുവായ ധന്വന്തരീമൂർത്തിയെ ആരാധിക്കുന്നു[1].

കോയമ്പത്തൂരിലെ രാമനാഥപുരത്ത് ആര്യവൈദ്യഫാർമസി അങ്കണത്തിൽ ധന്വന്തരി ക്ഷേത്രമുണ്ട്. 1977 ഏപ്രിൽ 25-ന് മേടമാസത്തിലെ പുണർതം നക്ഷത്രത്തിൽ താന്ത്രികരത്നം കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില് ശ്രീ കൽപ്പുഴ ഹരീശ്വരൻ നമ്പൂതിരിപ്പട് ധന്വന്തരീ ഭഗവാന്റെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചു. ആര്യവൈദ്യഫാർമസി നല്ല രീതിയിൽ തന്നെ നടത്തിപ്പോരുന്ന ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ഭദ്രകാളി, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും സന്നിധികളുണ്ട്. ഹനുമാനൊഴികെയുള്ള എല്ലാവർക്കും കേരളീയ രീതിയിലാണ് പൂജകൾ നടത്തിപ്പോരുന്നത്.

തൃശ്ശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ മനയ്ക്കലപ്പടി എന്ന സ്ഥലത്ത് ഒരു ധന്വന്തരി ക്ഷേത്രമുണ്ട്. ആനയ്ക്കൽ ശ്രീ ധന്വന്തരമൂർത്തി ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്തുള്ള "മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം" പ്രസിദ്ധമാണ്. കണ്ണൂർ ജില്ലയിലെ ചിറക്കലിലും ഒരു ധന്വന്തരിക്ഷേത്രമുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലും "ശ്രീ വാസുദേവപുരം ധന്വന്തരീ ക്ഷേത്രം" എന്ന പേരിൽ ധന്വന്തരിക്ക് ക്ഷേത്രമുണ്ട്. [2] പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലെ പരിയാരത്ത് ശ്രീ ധന്വന്തരിയുടെ പേരിൽ ആയിരം വർഷത്തോളം പഴക്കമുള്ള ഒരു ക്ഷേത്രമുണ്ട്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തുള്ള ശ്രീധരീയം നെല്യക്കാട്ട് ഭഗവതീ (ഔഷധേശ്വരീ) ക്ഷേത്രത്തിൽ ഉപദേവനായി ധന്വന്തരി കുടികൊള്ളുന്നു. ഈ ക്ഷേത്രത്തിലെ കർക്കിടകമാസത്തിലെ ഔഷധസേവ ധാരാളം ഭക്തർ പങ്കെടുക്കുന്ന ഒരു വഴിപാടാണ്.

അവലംബം[തിരുത്തുക]

  1. http://sreedhanwantharitemple.com/index.html
  2. http://www.aanakkaldhanwantharitemple.com/pages/home.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധന്വന്തരി&oldid=2868432" എന്ന താളിൽനിന്നു ശേഖരിച്ചത്