ഇടുക്കി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടുക്കി ജില്ല
ജില്ല
ആനമുടി മലനിരകൾ
ആനമുടി മലനിരകൾ
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം പൈനാവ്
Government
 • കലക്ടർ ഇ. ദേവദാസൻ
Area
 • Total 4,479 കി.മീ.2(1 ച മൈ)
Elevation 1,200 മീ(3 അടി)
Population (2011)
 • Total 1,108
 • Density 259/കി.മീ.2(670/ച മൈ)
ഭാഷകൾ
 • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ്
Time zone IST (UTC+5:30)
ISO 3166 code IN-KL-IDU
വാഹന റെജിസ്ട്രേഷൻ KL-06(ഇടുക്കി),KL-37(വണ്ടിപെരിയാർ),KL-38(തൊടുപുഴ),KL-68(അടിമാലി),KL-69( ഉടുമ്പഞ്ചോല ) (KLI{Old}).
വെബ്‌സൈറ്റ് www.idukki.nic.in
ഇടുക്കി അണക്കെട്ട്, തേക്കടി, മൂന്നാർ, മാട്ടുപ്പെട്ടി

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി നെടുംകണ്ടം, ഇടുക്കി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല (പത്തനംതിട്ട വേർപെടുത്തിയതിന് ശേഷം) (ഏറ്റവും വലിയ ജില്ല പാലക്കാട് ജില്ല)[1]. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇത് (മറ്റേത്) വയനാട്).രാജവാഴ്ച കാലത്ത് |വേനാട്ട് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇടുക്കി. ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട്, ഇടുക്കി എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയും കട്ടപ്പനയുമാണ് ജില്ലയിലെ മുനിസിപ്പാലിറ്റികൾ. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, ഇടമലക്കുടി എന്ന കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി 2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ്‌ അടർത്തി മാറ്റിയാണ് ഇടമലക്കുടി രൂപീകരിക്കപ്പെട്ടത്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.

വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ( Arch dam) ഇടുക്കി അണക്കെട്ട് (ഏഷ്യയിലെ ഏറ്റവും വലിയ അണകെട്ടുകളിൽ ഒന്നാണ് )ഇവിടെയാണ്. ഇതു ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്. വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത

അതിർത്തികൾ[തിരുത്തുക]

വടക്ക് എറണാകുളം, കോയമ്പത്തൂർ ജില്ല, കിഴക്ക് തമിഴ്‌നാട്ടിലെ തേനി ജില്ല ദിണ്ടുക്കൽ ജില്ല തിരുപ്പൂർ ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകൾ, തെക്ക് പത്തനംതിട്ട ജില്ലയുമാണ്‌ ഇടുക്കി ജില്ലയുടെ അതിർത്തികൾ.

പ്രാചീന ചരിത്രം[തിരുത്തുക]

ഇടുക്കി ജില്ലയിലെ മനുഷ്യവാസം ആരംഭിക്കുന്നത് നവീന ശിലായുഗത്തെ തുടർന്ന് വന്ന, പെരിങ്കൽ പരിഷ്കൃതിയുടെ കാലഘട്ടം മുതൽ കേരളത്തിലെ മറ്റെല്ലാ സ്ഥലങ്ങൾക്കൊപ്പം ഇടുക്കി ജില്ലയിലും ജനവാസമുണ്ടായിരുന്നുവെന്ന് റേഡിയോ കാർബൺ പരീക്ഷണങ്ങൾ തെളിയിക്കുന്നു. മഹാ ശിലായുഗ സംസ്കാരത്തിന്റെ കാലം മുതൽ B C അഞ്ചാം നൂറ്റാണ്ടു മുതൽ ഇരുമ്പ് ഉചയോഗിച്ചിരുന്നു. ഇടുക്കിയുടെ മലയോരങ്ങളിലും താഴ്വരകളിലമുള്ള ശവസംസ്കാരസ്മാരകങ്ങളിലധികവും, നന്നങ്ങാടികളും, മുനിയറകളുമാണെങ്കിലും അപൂർവ്വമായി കുടക്കല്ലുകളും, നടുക്കലുകളും, തൊപ്പിക്കല്ലുകളും, കാണപ്പെട്ടിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള മൺപാത്രങ്ങൾ, ആയുധങ്ങൾ,കൽപാളികൾ, തുടങ്ങിയവയൊക്കെയാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ള മറ്റു ശിലാവശിഷ്ടങ്ങൾ. ശിലായുഗ മനുഷ്യവിഭാഗമായിരുന്ന ചുടുവോർ,ഇടുവോർ എന്നീ വിഭാഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. മൃതദേഹം അടക്കം ചെയ്തിരുന്ന ശ്മശാനഭൂമികളാണ് ശിലായുഗത്തിലെ അവശേഷിപ്പുകളിലേറെയും. പത്തോ പതിനഞ്ചോ, അതിലധികമോ മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ, അന്നത്തെ ചുടുകാടായിരുന്നുവെന്ന് കരുതുന്നു.മറയൂർ, ചെമ്പകപാറ, മുനിയറ, കട്ടപ്പന, പുറ്റടി, കള്ളിപ്പാറ, തോപ്രാംകുടി എന്നിവടങ്ങളിലാണ് ഇത്തരത്തിലുള്ള ശവപ്പറമ്പുകൾ കണ്ടെത്തിയിട്ടുള്ളതെങ്കിലും, ജില്ലയുടെ മറ്റെല്ലാ ഭാഗങ്ങളിലും ഒറ്റതിരിഞ്ഞ മഹാ ശിലായുഗ സ്മാരകങ്ങൾ കാണപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലധികം വർഷങ്ങളെ അതിജീവിച്ച ശിലായുഗ സ്മാരകമായ മുനിയറകൾ ഇടുക്കിയിലെ മറയൂരിൽ മാത്രം കാണപ്പെടുന്നു. അഗ്നികുണ്ഡമുപയോഗിച്ച് ചുട്ടുപഴുപ്പിക്കുന്ന പാറകളിൽ തണുത്ത വെള്ളമെഴിക്കുമ്പോൾ അടർന്നു വരുന്ന കുറ്റൻ ശിലാപാളിയുപയോഗിച്ചാണ് മുനിയറ അടക്കമുള്ള എല്ലാ പ്രാചീന ശവക്കല്ലറകളും നിർമ്മിച്ചിരിക്കുന്നത്. നാല് അടിയിലേറെ വലിപ്പമുള്ള നന്നങ്ങാടിയെന്നും മുതുമക്കച്ചാടിയെന്നും പറയപ്പെടുന്ന വലിയ മൺകലങ്ങൾ ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മറയൂർ, ഉടുമ്പൻചോല, അടിമാലി, അമരാവതി, അണക്കര, തോപ്രാംകുടി,കാഞ്ചിയാർ, മുരിക്കാട്ടുകുടി മേരികുളം ഉപ്പുതറ, കമ്പിളികണ്ടം, കൊബെടിഞ്ഞാൽ എന്നിവടങ്ങജിൽ നിന്നെല്ലാം നന്നങ്ങാടികൾ കണ്ടെത്തിയിട്ടുണ്ട്.ഇവ ധാരാളമായി കണ്ടെത്തിയിട്ടുള്ളത് കട്ടപ്പനക്കടുത്തുള്ള ചെമ്പകപാറ പ്രദേശത്താണ്. ഇടുക്കി ജില്ലയിലെ തങ്കമണിക്കടുത്തുള്ള അമ്പലമേട്ടിൽ കണ്ടെത്തിയ ശിലായുഗ ഗുഹക്ക്, ഗുരുവായൂരിലെ അരിയന്നൂരിലും തൃശൂർ ജില്ലയിലെ ചില ഭാഗങ്ങളിലും കണ്ടെത്തിയ ചെങ്കൽ ഗുഹകളോട് സാമ്യമുണ്ട്. ഒന്നിലധികം അറകളുള്ള ഗുഹാ ശ്മശാനങ്ങളിൽ നിന്നും, ഇരുമ്പു കൊണ്ടുള്ള ആയുധങ്ങളും ധാരാളം മൺപാത്രങ്ങളും ലഭിക്കുകയുണ്ടായി. നടുക്കല്ലുകൾ അഥവാ പുലച്ചിക്കല്ലുകളാണ് ഇടുക്കി ജില്ലയിൽ നിന്നും കണ്ടെത്തിയ മറ്റൊരു മഹാ ശിലായുഗ സ്മാരകം.മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത സ്ഥലത്ത് നാട്ടുന്ന ഒറ്റക്കല്ലുകളാണിത്. അയ്യപ്പൻകോവിലിലും,ചെമ്പകപാറക്കടു ത്തുള്ള കൊച്ചു കാമാക്ഷിയിലും, തൂക്കുപാലത്തിനടുത്തുള്ള ബാലഗ്രാമിലും, മുണ്ടിയെരുമയിലും കണ്ടെത്തിയ നടുക്കല്ലു കൾ ശിലായുഗത്തിലെ മറ്റൊരു ശവസംസ്കാകാര രീതിയെ സൂചിപ്പിക്കുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവിടെത്തെ മനുഷ്യവാസത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ടന്ന് ചരിത്രകാരൻമാർ അഭിപ്രയപ്പെടുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വാസമുറപ്പിച്ച ജനങ്ങളുടെ ജീവിത രീതിയും ആചാരനുഷ്ഠാനങ്ങളും തമ്മിൽ പ്രകടമായ പ്രാദേശിക ഭേദം നിലനിന്നിരുന്നു. മുനിയറകൾ കല്ലറകൾ, നന്നങ്ങാടികൾ തുടങ്ങിവയെല്ലാം ചില സ്ഥലങ്ങളിൽ കാണപ്പെട്ടതിന്റെ കാരണ വും ഇതാണ്.[2]

ഗോത്ര സംസ്കാരം[തിരുത്തുക]

ശിലായുഗ സംസ്കാരത്തിനു ശേഷം ഇടുക്കിയിലെ മലഞ്ചെരുവുകളിൽ സ്ഥാപിക്കപ്പെട്ട മറ്റൊരു സംസ്കൃതിയാണ് ഗോത്രവർഗ്ഗങ്ങളുടേത്.

ചരിത്രം[തിരുത്തുക]

കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയിൽ ആയിരുന്ന ദേവികുളം താലൂക്കിനെയും തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂർക്കാടും ഒഴികെയുള്ള പ്രദേശങ്ങളെയും കൂട്ടിച്ചേർത്ത് 1972 ജനുവരി 26നു് രൂപീകരിക്കപ്പെട്ട ഇടിക്കി ജില്ലയുടെ പേരു് ഇടുക്കി ജില്ല എന്നാക്കിക്കൊണ്ടു് പിന്നീടു് സർക്കാർ വിജ്ഞാപനമിറക്കി[3]. തുടക്കത്തിൽ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത്.
കുറവൻ, കുറത്തി എന്നീ മലകൾക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്.

ഭൂപ്രകൃതി[തിരുത്തുക]

മറയൂർ മേഖലയിലെ ഒരു അരുവി

കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന പ്രദേശമായ മറയൂർ ഇടുക്കി ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടികളായ ആനമുടിയും, മീശപ്പുലിമലയും മൂന്നാർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.

എരവിമല, കാത്തുമല, ചെന്തവര, കുമരിക്കൽ, കരിങ്കുളം, ദേവിമല, പെരുമാൾ, ഗുഡൂർ, കബുല, ദേവികുളം, അഞ്ചനാട്, കരിമല, എന്നിവയാണ് പ്രധാന മലകൾ.

നദികളും അണക്കെട്ടുകളും[തിരുത്തുക]

ഇടുക്കി അണക്കെട്ടിന്റെ ഒരു ദൃശ്യം

പെരിയാർ, തൊടുപുഴയാർ, കാളിയാർ എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ. പമ്പാനദി ഉൽഭവിക്കുന്നതും ഇടുക്കി ജില്ലയിൽ നിന്നാണ്. പെരിയാർ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയിൽ നിന്നും ഉൽഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു. വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകൾ പെരിയാറിനു കുറുകേ നിർമ്മിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ലോവർപെരിയാർ അണക്കെട്ട്, ഭൂതതാന്കെട്ടു അണക്കെട്ട് മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ്.

കുണ്ടള അണക്കെട്ട്, മാട്ടുപ്പെട്ടി അണക്കെട്ട്, ആനയിറങ്കൽ അണക്കെട്ട്, പൊന്മുടി അണക്കെട്ട്, കല്ലാർകുട്ടി അണക്കെട്ട്, ഇടമലയാർ അണക്കെട്ട് തുടങ്ങിയവ പെരിയാറിന്റെ പോഷകനദികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളാണ്. ദേവികുളം താലൂക്കിലെ ഇരവികുളം, ദേവികുളം തടാകങ്ങൾ, തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറ എന്നിവ പ്രകൃതിദത്ത തടാകങ്ങളാണ്.

സാമ്പത്തികം[തിരുത്തുക]

കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. പുഷ്പങ്ങൾ, കൂൺ , മരുന്നുചെടികൾ, വാനില മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു.

കാർഷിക വിളകൾ[തിരുത്തുക]

സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് ഏറ്റവും അനുയോജ്യമാണ്. തേയില, കാപ്പി, റബ്ബറ്, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ. കാർഷികോൽപ്പാദനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല. ചെറുകിടകർഷകരാണ് കൂടുതലെങ്കിലും തേയില, ഏലം മുതലായ തോട്ടങ്ങൾ നടത്തുന്നത് വൻ‌കിട കാർഷിക കമ്പനികളാണ്.

മൂന്നാറിലെ ഒരു ചായത്തോട്ടം.

കാലി വളർത്തൽ[തിരുത്തുക]

ഇവിടുത്തെ സവിശേഷ കാലാവസ്ഥ കാലിവളർത്തലിന് അനുയോജ്യമാണ്. പശു, എരുമ, ആട് മുതലായവയാണ് പ്രധാന വളർത്തു മൃഗങ്ങൾ. മാട്ടുപ്പെട്ടിയിലെ കാലിവളർത്തൽ കേന്ദ്രം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. കന്നുകാലികളുടെ വംശ വർധനവിനും അതുവഴി മെച്ചപ്പെട്ട ക്ഷീരോത്പാദനത്തിനുമായി തയ്യാറാക്കിയ മാട്ടുപ്പെട്ടി കന്നുകാലി വികസനകേന്ദ്രം ഇവിടെയാണ്.

വിനോദസഞ്ചാരം[തിരുത്തുക]

കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്. രാമക്കൽമേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം,പാൽക്കുളം , തൊമ്മൻ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.

 • മൂന്നാർ, ഇടുക്കി, തേക്കടി, എന്നീ പ്രധാന കേന്ദ്രങ്ങളെയാണ് വിനോദ സഞ്ചാരത്തിൻറെ സുവർണ്ണ ത്രികോണം എന്ന് വിളിക്കുന്നത്.
 • മൂന്നാർ തേയിലത്തോട്ടങ്ങൾ നിറഞ്ഞ മലമടക്കിലെ സുഖവാസകേന്ദ്രം കൊച്ചിയിൽ നിന്നു 136 കി.മീ. അകലെ. നീലക്കുറിഞ്ഞി പൂക്കുന്ന
  സ്ഥലമെന്ന പ്രശസ്തിയുമുണ്ട്.
 • തേക്കടി: പെരിയാർ തടാകവും വന്യമൃഗസംരക്ഷണ കേന്ദ്രവുമടങ്ങുന്നതാണ് തേക്കടി. പെരിയാർ നദിക്ക് കുറുകെ മുൻ മദ്രാസ് ഗവൺമെൻറ് 1895-ൽ അണകെട്ടിയപ്പോൾ രൂപം കൊണ്ടതാണ് തടാകം. ശ്രീചിത്തിര തിരുന്നാൾ മഹാരാജാവ് 1934-ൽ സ്ഥാപിച്ച വന്യമൃഗ സംരക്ഷണ കേന്ദ്രം വിസ്തീർണ്ണം 777 ച.കി.മീ. 1978-ൽ ഇത് കടുവ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.
 • കുമളി: തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. കുമളിയിൽ നിന്ന് 13.കി.മീ. സഞ്ചരിച്ചാൽ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെത്താം.
 • പീരുമേട്: പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ശ്രീമൂലം തിരുനാൾ മഹാരാജാവ് നിർമ്മിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്.
 • രാമക്കൽമേട്: ഇടുക്കി ജില്ലയുടെ അതിർത്തി ഗ്രാമമായ രാമക്കൽമേട് മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. സമുദ്ര നിരപ്പിൽനിന്നും 3334 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന രാമക്കൽ മലയിൽനിന്നും താഴെ തമിഴ്നാട്ടിലെ കാഴ്ചകൾ നന്നായി ആസ്വദിക്കാൻ കഴിയും.

തീർത്ഥാടന കേന്ദ്രങ്ങൾ[തിരുത്തുക]

മുതലകോടം വിശുദ്ധ ഗീവര്ഗീ സിന്റെ ദേവാലയം,വാഗമൺ കുരിശുമല, രാജാകുമാരി പള്ളി, പഴയവിടുതി പള്ളി, തങ്ങൾപാറ, പട്ടുമലപള്ളി, പള്ളിക്കുന്ന് പള്ളി, പീർമുഹമ്മദിന്റെ ശവകുടീരം,നാലുമുക്ക് പള്ളി,മൂന്നാർ സി എസ് ഐ പള്ളി,തേക്കടി മംഗളാദേവി ക്ഷേത്രം,നരിയംപാറ പുതിയകാവ് ദേവിക്ഷേത്രം, കല്യാണത്തണ്ഡ് കൈലാസനാഥ ക്ഷേത്രം അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം മുതലായവ ഇടുക്കിയിലെ പ്രധാന പുരാതന കാല ചരിത്രം ഓതുന്ന തീർത്ഥാടനകേന്ദ്രങ്ങൾ കൂടിയാണ്...

ഗതാഗതം[തിരുത്തുക]

തീവണ്ടിപ്പാത ഇല്ലാത്തതിനാൽ റോഡുമാർഗ്ഗം മാത്രമേ ഇടുക്കി ജില്ലയിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ദേശീയപാത 49ഉം ദേശീയപാത 220ഉം, 8,13,[അവലംബം ആവശ്യമാണ്] 14, 17,18, 19, 21 എന്നീ സംസ്ഥാനപാതകളും ജില്ലയിലൂടെ കടന്നുപോകുന്നു.

അടുത്തുള്ള വിമാനത്താവളങ്ങൾ[തിരുത്തുക]

അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷനുകൾ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

എഞ്ചിനീയറിംഗ് കോളേജുകൾ[തിരുത്തുക]

 • സർക്കാർ എഞ്ചിനീയറിംഗ് കോളേജ് -പൈനാവ്
 • മഹാത്മാഗാന്ധി യുണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് - മുട്ടം തൊടുപുഴ
 • കോളേജ് ഓഫ് എഞ്ചിനീയറിംഗ് - കൗണ്ടി ഹിൽസ് മൂന്നാർ
 • മാർ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് - പീരുമേട്
 • അൽ അസ്ഹർ എൻജിനീയറിങ് കോളേജ് - പെരുമ്പിള്ളിച്ചിറ തൊടുപുഴ

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

പെരിഞ്ചാംകുട്ടി മല

അവലംബം[തിരുത്തുക]

 1. http://alappuzha.nic.in/dist_wise_popu.htm
 2. kazhcha Books Kattappa.ഇടുക്കി: ചരിത്രവും ചരിത്രാതീതവും
 3. കഥ ഇതുവരെ (ജൂൺ 2012) - ഡി. ബാബു പോൾ - DC Books ISBN 978-81-264-2085-8 (ഇടുക്കി ജില്ലയുടെ ഉദ്ഘാടനം എന്ന ചിത്രത്തിന്റെ അടിക്കുറിപ്പു്)


"https://ml.wikipedia.org/w/index.php?title=ഇടുക്കി_ജില്ല&oldid=2603777" എന്ന താളിൽനിന്നു ശേഖരിച്ചത്