വാത്തിക്കുടി ഗ്രാമപഞ്ചായത്ത്
Vathikudy വാത്തിക്കുടി | |
---|---|
Gram panchayat | |
Coordinates: 9°54′30″N 77°0′30″E / 9.90833°N 77.00833°E | |
Country | India |
State | Kerala |
District | Idukki |
(2001) | |
• ആകെ | 32,518 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വെബ്സൈറ്റ് | www.thopramkudy.org |
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ ഇടുക്കി ബ്ളോക്ക് പരിധിയിൽ വാത്തിക്കുടി, ഉപ്പുതോട് എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വാത്തിക്കുടി ഗ്രാമപഞ്ചായത്ത്. 80.90 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിൻറെ അതിരുകൾ കിഴക്ക് നെടുങ്കണ്ടം, ഇരട്ടയാർ ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, തെക്ക് കാമാക്ഷി, മരിയാപുരം ഗ്രാമപഞ്ചായത്തുകൾ, വടക്ക് കൊന്നത്തടി ഗ്രാമപഞ്ചായത്ത് എന്നിവയാണ്. 1953-ൽ കൊന്നത്തടി, വാത്തിക്കുടി എന്നീ പ്രദേശങ്ങൾ അവിഭക്ത കോട്ടയം ജില്ലയിലെ ഉടുമ്പൻചോല പഞ്ചായത്തിൻറെ 2-ാം വാർഡായിരുന്നു. വാത്തിക്കുടി വൈവിദ്ധ്യ സംസ്കാരത്തിന്റെ സങ്കലനഭൂമിയാണ്. ഇവിടത്തെ ഭൂരിഭാഗം ആളുകളും മീനച്ചിൽ, തൊടുപുഴ, കോതമംഗലം, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ നിന്നും 1950-60 കളിൽ കുടിയേറിയ കർഷകരാണ്. ജാതിയ്ക്കും മതത്തിനും വർഗ്ഗത്തിനും അപ്പുറമായി വിശപ്പിൻറെ വിളിയിൽ ഒരുമിച്ചു നിന്ന് നിലനിൽപ്പിനായി പോരാടിയ ഒരു ജനതയാണ് വാത്തിക്കുടിയിലുള്ളത്. ഗോത്രസംസ്ക്കാരത്തിൽ മികച്ച പൈതൃകം അവകാശപ്പെടാവുന്ന പ്രദേശങ്ങളിൽ ഒന്നാണ് വാത്തിക്കുടി. ഹിന്ദു, ക്രിസ്ത്യൻ, മുസ്ളീം വിഭാഗങ്ങൾ ഇടകലർന്നു ജീവിക്കുന്ന ഒരു പ്രദേശമാണ് ഇത്. പശ്ചിമഘട്ടത്തിൽ ആനമുടിക്ക് തെക്കു പടിഞ്ഞാറായി കിടക്കുന്ന കുന്നും മലകളും പാറക്കെട്ടുകളും താഴ്വരകളും പുഴയോരങ്ങളും ഉൾക്കൊള്ളുന്ന ഈ പഞ്ചായത്തിൻറെ വടക്കേ അതിർത്തിയിൽ കൂടി കിഴക്കു നിന്നും പടിഞ്ഞാറോട്ടു ചിന്നാർ പുഴ ഒഴുകുന്നു. സമുദ്ര നിരപ്പിൽ നിന്നും 1050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിൻറെ പടിഞ്ഞാറുഭാഗം പെരിയാർ നദിയും തെക്കുഭാഗം ഉപ്പുതോട് തോടും കിഴക്കു ഭാഗം നെടുങ്കണ്ടം, ഇരട്ടയാർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയോടനുബന്ധിച്ചുള്ള മലയോര പാതകളുമാണ്. മേലേ ചിന്നാർ, ബഥേൽ, ചെമ്പകപ്പാറ, ചിന്നാർ, പെരിയാർവാലി എന്നീ പ്രദേശങ്ങൾ ചിന്നാർ പുഴയുടെ തീരദേശങ്ങളിൽ സ്ഥിതി ചെയ്യുന്നു. ഇവ പൊതുവെ ഫലഭൂയിഷ്ഠമായതും താഴ്ന്നതുമായ പ്രദേശങ്ങളാണ്. വൈവിധ്യമാർന്ന ജൈവസമ്പത്തുകൊണ്ട് അനുഗൃഹീതമായിരുന്നു കുടിയേറ്റകാലയളവിൽ ഈ പ്രദേശം. ഏലക്കാടുകളും മരക്കാടുകളും പുൽമേടുകളും അന്നത്തെ പ്രത്യേകതകളായിരുന്നു. ഈട്ടി, തേക്ക്, ആഞ്ഞിലി, വെൺതേക്ക്, മരുത്, ഇലവ്, പുന്നപ്പ, ചേല കമ്പകം, പത്രി തുടങ്ങിയ വൃക്ഷങ്ങൾ കൊണ്ടും അപൂർവ്വ പുൽമേടുകൾ കൊണ്ടും നിറഞ്ഞതായിരുന്നു ഈ മേഖല. അതുപോലെ കാട്ടുപോത്ത്, ആന, കരടി, മുള്ളൻപന്നി, കാട്ടുപന്നി, കേഴ, മ്ളാവ്, കരിമന്തി, വെള്ളകുരങ്ങ്, ഉടുമ്പ്, മലമ്പാമ്പ്, മുയൽ, കൂരൻ, വെരുക്, കാട്ടുമാക്കൻ, മരപ്പട്ടി, മലയണ്ണാൻ, ആമ, ഈനാംപേച്ചി എന്നീ മൃഗങ്ങളും പുകവിഴുങ്ങി പക്ഷി, മൈന, തത്ത, പ്രാവ്, പാറയാത്തൻ എന്നീ പക്ഷികൾ കൊണ്ടും സമൃദ്ധമായിരുന്നു ഈ പ്രദേശം.
സാമൂഹിക ചരിത്രം
[തിരുത്തുക]1951 മുതലുള്ള കാലഘട്ടങ്ങളിൽ കണയന്നൂർ, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോതമംഗലം, തൊടുപുഴ തുടങ്ങിയ താലൂക്കുകളിൽ പ്രതിസന്ധികളോട് പടവെട്ടി പടുത്തുയർത്തിയ ഇന്നലെകളാണ് ഈ നാടിന്റെ ചരിത്രം. ആദിവാസികളായ ‘മന്നാൻമാർ’ ധാരാളമായി അധിവസിച്ചിരുന്ന പ്രദേശങ്ങളാണ് വാത്തിക്കുടി, മുരിക്കാശ്ശേരി, പടമുഖം, പതിനാറാംകണ്ടം, കിളിയാർകണ്ടം തുടങ്ങിയ സ്ഥലങ്ങൾ. ശ്രദ്ധേയമായ ഒരു സാംസ്കാരിക ജീവിതം നയിച്ചു വന്നവരായിരുന്നു അവർ. വനവിഭവങ്ങൾ ശേഖരിച്ചും, കാട്ടുതേനും, കായ്കനികളും ഭക്ഷിച്ചും പ്രകൃതിയോടിണങ്ങി ജീവിച്ച അവർ പ്രാചീന സംസ്കൃതിയിലൂടെ ആർജ്ജിച്ചെടുത്ത തനത് കലാരൂപങ്ങളുടെ പ്രാണേതാക്കളായിരുന്നു. ദേവീ-ദേവൻമാരെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി വർഷത്തിലൊരിക്കൽ നടത്തുന്ന ഉത്സവങ്ങളോടും വിവാഹ ആഘോഷങ്ങളോടും മറ്റ് പ്രധാന ചടങ്ങുകളോടും അനുബന്ധിച്ച് നടത്തിയിരുന്ന കൂത്ത് മന്നാൻമാരുടെ തനതുകലയാണ്. മൂങ്ങാപ്പാറ, നേർച്ചപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ അവരുടെ ക്ഷേത്രങ്ങൾ കാണാം. ഈറ്റ കൊണ്ട് നിർമ്മിച്ച മനോഹരമായ കുടിലുകളിലാണ് ഇവർ പാർത്തിരുന്നത്. കാട്ടാനയുടെ ശല്യം ഉള്ളപ്പോൾ ഏറുമാടങ്ങളിലും അവർ താമസിച്ചിരുന്നു. നിലമൊരുക്കി നെല്ല്, കുറുംപുല്ല്, തിന എന്നിവ അവർ കൃഷി ചെയ്യുകയും ഓരോ പ്രാവശ്യവും കൃഷിസ്ഥലങ്ങൾ മാറ്റുകയും ചെയ്തിരുന്നു. കോഴിമലയിലെ രാജ മന്നാന്റെ പ്രജകളായ ഇവർ ഓരോ പ്രദേശത്തും കാണിക്കാരൻ എന്ന നേതാവിന്റെ നിയന്ത്രണത്തിലായിരുന്നു. 1960 ന് ശേഷം ഉള്ളാടൻ വർഗ്ഗത്തിൽപ്പെട്ട ആദിവാസികൾ വിവിധ പ്രദേശങ്ങളിൽ നിന്നും ഈ പ്രദേശത്ത് എത്തുകയും ജനങ്ങളോടിടകലർന്ന് ജീവിതം നയിക്കുകയും സാമൂഹികമായും വിദ്യാഭ്യാസപരമായും പുരോഗതി നേടുകയും ചെയ്തു. ആദിവാസികളായ മന്നാന്മാർക്ക് മുൻപ് ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതിന്റെ തെളിവുകൾ തോപ്രാൻകുടി, പ്രകാശ്, കള്ളിപ്പാറ, മുരിക്കാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച വർഷങ്ങൾ പഴക്കമുള്ള മൺകുടങ്ങൾ, ജാറ മുതലായവയിൽ നിന്നും, പതിനാറാംകണ്ടം, കള്ളിപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന മുനിയറകളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. പടമുഖത്തിന്റെ സ്ഥലനാമവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ പാണ്ഡ്യരാജാക്കൻമാരും ചേര രാജാക്കൻമാരും തമ്മിൽ യുദ്ധം നടന്നതായും അവർ ഈ പ്രദേശത്ത് തമ്പടിക്കുകയോ താമസിക്കുകയോ ചെയ്തിരുന്നതായും നാട്ടറിവുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. മുനിയറകൾ പ്രാചീന കേരളത്തിലെ വീരനായകൻമാരെ സംസ്ക്കരിച്ചിരുന്ന സ്ഥലങ്ങളാണെന്ന് കേരള ചരിത്രം പ്രതിപാദിക്കുന്നു.
ഭരണ ചരിത്രം
[തിരുത്തുക]1964-ൽ കൊന്നത്തടി പഞ്ചായത്ത് രൂപീകരിച്ചു. ശ്രീ.വി.അയ്യപ്പൻനായർ പ്രഥമ പ്രസിഡന്റ് ആയിരുന്നു. ഹൈറേഞ്ച് മേഖലയിൽ കുടിയേറിയ കർഷകരെ കുടിയിറക്കണമോ വേണ്ടയോ, വനഭൂമിയുടെ അതിരുകൾ നിർണ്ണയിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാത്യു മണിയങ്ങാടൻ എം.പി. ചെയർമാനായുള്ള കമ്മിഷനെ കേന്ദ്രഗവൺമെന്റ് നിയമിച്ചു. വിമലഗിരിയിൽ നിന്നും പതിനാറാംകണ്ടത്തേയ്ക്ക് മൺപാത വെട്ടിയാണ് കമ്മിഷനെ കൊണ്ടുവന്നത്. കർഷകരെ കുടിയിറക്കേണ്ടതില്ലെന്ന് കമ്മിഷൻ തീരുമാനിക്കുകയും റിപ്പോർട്ട് രേഖയാക്കിക്കൊണ്ട് അന്നത്തെ റവന്യൂ വകുപ്പു മന്ത്രി കല്ല്യാണതണ്ടിനും ചിന്നാറിനുമിടയ്ക്ക് 33000 ഏക്കർ ഭൂമിക്ക് പട്ടയം നൽകാൻ പ്രഖ്യാപനം നടത്തി. ഈ കാലയളവിൽ മുരിക്കാശ്ശേരി ഒരു വ്യാപാര കേന്ദ്രമായി മാറുകയും ചെയ്തു. 1969 ൽ മുരിക്കാശ്ശേരിയിൽ സിനിമാ തിയേറ്റർ ആരംഭിച്ചു. ഈ കാലയളവിൽ ചിന്നാർ ചപ്പാത്ത് നിർമ്മിക്കപ്പെട്ടു. ചപ്പാത്തിന്റെ നിർമ്മാണം ഗതാഗത രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ചു. 17-4-70 ലെ ജി.ഒ.എം.എസ്. 81/70- ആർ.ഡി ഉത്തരവ് പ്രകാരം കൊന്നത്തടി പഞ്ചായത്തിന്റെ ഒന്നാം വാർഡ് ഉൾപ്പെടുത്തികൊണ്ട് വാത്തിക്കുടി പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടു. 12-5-1970 ൽ പഞ്ചായത്തിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. 14-5-1970 ൽ പി.എം.ജോൺ പ്രസിഡന്റായിട്ടുള്ള ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1972-ൽ മുരിക്കാശ്ശേരി മൃഗാശുപത്രി നിലവിൽ വന്നു. ഇക്കാലത്ത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിവാസികളിൽ പലരും സ്ഥലം കർഷകർക്ക് വിലയ്ക്ക് നൽകുകയും അവർ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറുകയും ചെയ്തു. 1977 നു ശേഷം 12500 ഏക്കറോളം വരുന്ന ഏലത്തോട്ടം ചെറുകിട കർഷകരുടെ കൈകളിലെത്തുകയും കാർഷിക രംഗത്തും വികസന രംഗത്തും പുതിയ ദിശാബോധം സൃഷ്ടിക്കപ്പെടുകയും ചെയ്തു. 1978 ൽ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷൻ ആരംഭിച്ചു. 1979 സെപ്റ്റംബർ 28-ന് തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഭരണ സമിതി അധികാരത്തിലേറി. പി.കെ.ചന്ദ്രൻ പ്രസിഡന്റായും, ശ്രീ.റ്റി.വി.സദാശിവൻ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1981 ഓക്ടോബർ 2-ാം തീയതി തറക്കല്ലിട്ട പഞ്ചായത്താഫീസ് മന്ദിരം ധൃതഗതിയിൽ പണി പൂർത്തിയാക്കി ഉദ്ഘാടനം 1982 ജൂലായ് 6-ാം തീയതി നിർവഹിച്ചു. 1982 -ൽ മുരിക്കാശ്ശേരി കേന്ദ്രമാക്കി വാത്തിക്കുടി വില്ലേജ് രൂപീകരിച്ചു. 1980-ൽ മുരിക്കാശ്ശേരി സെന്റ് മേരീസ് ഹൈസ്കൂളൂം 1981-ൽ തോപ്രാൻകുടി ഗവ.ഹൈസ്കൂളും പതിനാറാം കണ്ടം ഗവ.ഹൈസ്കൂളും അപ്ഗ്രേഡ് ചെയ്യപ്പെട്ടത് വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടത്തിന് കാരണമായി. ഹൈറേഞ്ചിന്റെ സമഗ്ര വികസനത്തിലെ പൊൻതാരകമായി വിശേഷിപ്പിക്കാൻ കഴിയുന്നതാണ് മുരിക്കാശ്ശേരി പാവനാത്മ കോളേജ്. ഈ കാലഘട്ടത്തിൽ കരിമ്പിൻ മുരിക്കാശ്ശേരി റോഡ് പി.ഡബ്ള്യൂ.ഡി ഏറ്റെടുത്ത് നിർമ്മാണം പൂർത്തീകരിച്ചത് ഗതാഗത രംഗത്ത് വികസനത്തിന് വഴി തെളിച്ചു.
വികസന ചരിത്രം
[തിരുത്തുക]വാത്തിക്കുടി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ തോപ്രാൻകുടി ട്രൈബൽ എൽ.പി സ്കൂൾ, വാത്തിക്കുടി ടൈബ്രൽ എൽ.പി സ്കൂൾ മുതലായവ സ്ഥാപിച്ചത് 1958 ൽ ആണ്. ഹൈലാന്റ് കർഷക യൂണിയൻ, മലയോര കർഷക യൂണിയൻ തുടങ്ങിയ സംഘടനകൾ കുടിയിറക്കിനും, കർഷക വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ സംഘടിത പ്രവർത്തനം നടത്തുകയുണ്ടായി. കാട് വെട്ടിത്തെളിച്ച് നെൽകൃഷിയാണ് ആദ്യമായി നടത്തിയത്. മരച്ചീനിയും കൃഷി ചെയ്തിരുന്നു. വടക്ക് ഭാഗങ്ങളിൽ നിന്നും വന്നവർ പുൽകൃഷിയാണ് നടത്തിയത്. ചികിത്സാസൌകര്യങ്ങൾ പരിമിതമായിരുന്നതിനാലും വഴികൾ ദുർഘടമായതുകൊണ്ടും രോഗികളെ അടിമാലിയിലേക്കും കട്ടപ്പനയിലേക്കും ചാക്കുകട്ടിലുകളിലും മറ്റും ചുമന്നുകൊണ്ടുപോകേണ്ടി വന്നു. പഞ്ചായത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ക്രിസ്തീയ ദേവാലയം കിളിയാർകണ്ടം ഹോളിഫാമിലി പള്ളിയാണ്. ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ ദേവികുളം ആയിരുന്നു. മലയോരഗ്രാമമായ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാഭ്യാസ സ്ഥാപനമായ തോപ്രാൻകുടി ട്രൈബൽ എൽ.പി.സ്കൂൾ 1954 ൽ സ്ഥാപിതമായി. 1980 ന് മുൻപ് ഈ പഞ്ചായത്തിലെ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി അനേക കിലോമീറ്റർ യാത്ര ചെയ്ത് പാറത്തോട് ഹൈസ്ക്കൂളിൽ പോകേണ്ടി വന്നു. വിദ്യാഭ്യാസ മേഖലയിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. ആദ്യകാലത്തെ ഈ പഞ്ചായത്തിലെ ഏക അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനം മുരിക്കാശ്ശേരി പാവനാത്മ കോളേജാണ്. 1971 വരെ പഞ്ചായത്തിലെ ജനങ്ങൾ ചികിത്സാരംഗത്ത് പ്രധാനമായും പാരമ്പര്യ വൈദ്യ കുടുംബങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ആധുനിക ചികിത്സാ കേന്ദ്രങ്ങളൊന്നും പഞ്ചായത്തിൽ ഉണ്ടായിരുന്നില്ല. 1972-ൽ സ്ഥാപിതമായ പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് പഞ്ചായത്തിലെ പ്രഥമ ആധുനിക ചികിത്സാസ്ഥാപനം. പൊതുജനാരോഗ്യരംഗത്ത് വാത്തിക്കുടി പ്രൈമറി ഹെൽത്ത് സെന്ററും, വാത്തിക്കുടി ഗവ.ആയുർവേദ ഡിസ്പെൻസറിയും ആണ് സേവനം അനുഷ്ഠിക്കുന്ന രണ്ടു പൊതുസ്ഥാപനങ്ങൾ. കുടിയേറിപാർത്ത കർഷകരുടെയും കർഷകതൊഴിലാളികളുടെയും സഹകരണമനോഭാവത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ഗതാഗതരംഗത്ത് ഉണ്ടായിട്ടുള്ള പുരോഗതിക്ക് അടിസ്ഥാനം. ഈ പഞ്ചായത്തിലെ തോപ്രാൻകുടി, വാത്തിക്കുടി, മൂങ്ങാപ്പാറ, ചിന്നാർ, നേർച്ചപ്പാറ എന്നിവിടങ്ങളിൽ കൂത്ത് നടത്തപ്പെടുന്നു. വിവിധ മതാചാര ചടങ്ങുകൾക്ക് അനുബന്ധമെന്നാണം വിൽപ്പാട്ട്, അമ്മൻകുടം, തിരുവാതിര, കടുവാകളി തുടങ്ങി അനുഷ്ഠാന കലാരൂപങ്ങളും ഉണ്ട്.
സ്ഥലനാമചരിത്രം
[തിരുത്തുക]ആദിവാസി വിഭാഗമായ ‘മന്നാൻ’മാരുടെ പുരോഹിതനായിരുന്ന ‘വാത്തി’യുടെ കുടിയായിരുന്നതിനാൽ വാത്തിക്കുടി എന്ന പേരുണ്ടായി. ആദ്യകാലത്ത് ജനവാസം കൂടുതൽ ഉണ്ടായിരുന്നതിനാൽ പിന്നീട് രൂപവത്കരിക്കപ്പെട്ട പഞ്ചായത്തിന് അതേ പേരു തന്നെ ലഭിച്ചു. ‘മുരിക്കാൻ’ എന്ന ആദിവാസി നേതാവും അനുയായികളും താമസിച്ചിരുന്ന ‘ചേരി’ ആയിരുന്നതിനാൽ മുരിക്കാൻ ചേരി എന്നും മുരിക്കാശ്ശേരി എന്നും പേരായി. ആദിവാസികളുടെ നേതാവ് തോപ്രാൻ എന്ന ആളുടെ വാസസ്ഥലമായിരുന്നതിനാൽ തോപ്രാൻകുടി എന്ന പേരുണ്ടായി. കുന്നിനു മുകളിൽ നിബിഡ വനങ്ങളുടെ ഇടയിലായി പ്രകാശമാനമായ പ്രദേശത്തെ പ്രകാശ് കാനം എന്നു വിളിക്കപ്പെട്ടു. പ്രകാശ് കാനം പിന്നീട് പ്രകാശ് ആയി മാറി.
പൊതുവിവരങ്ങൾ
[തിരുത്തുക]ജില്ല | : | ഇടുക്കി |
ബ്ളോക്ക് | : | ഇടുക്കി |
വിസ്തീർണ്ണം | : | 80.9ച.കി.മീ. |
വാർഡുകളുടെ എണ്ണം | : | 18 |
| ||
ജനസംഖ്യ | : | 25584 |
പുരുഷൻമാർ | : | 12905 |
സ്ത്രീകൾ | : | 12679 |
ജനസാന്ദ്രത | : | 316 |
സ്ത്രീ : പുരുഷ അനുപാതം | : | 982 |
മൊത്തം സാക്ഷരത | : | 94 |
സാക്ഷരത (പുരുഷൻമാർ) | : | 95 |
സാക്ഷരത (സ്ത്രീകൾ) | : | 92 |
Source : Census data 2001 |
കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് വാത്തിക്കുടി. പഴം പച്ചക്കറി ഉല്പാദനരംഗത്ത് ഈ ഗ്രാമപഞ്ചായത്ത് കാര്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സ്വാശ്രയ കർഷകഗ്രാമമാണ് വാത്തിക്കുടി പഞ്ചായത്ത്[1].
പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശങ്ങൾ
[തിരുത്തുക]വാത്തിക്കുടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഒടക്കു സിറ്റി.[2] കരിമ്പൻ കവലയാണ് അടുത്തുള്ള മറ്റൊരു ഗ്രാമം. ഇടുക്കി ഡാമിൽ നിന്നും 9 കി.മി. ആണ് ഇവിടെയ്ക്കുള്ള ദൂരം.
വാർഡുകൾ
[തിരുത്തുക]- തേക്കിന് തണ്ട്
- മുരിക്കാശ്ശേരി
- സേനാപതി
- മൂങ്ങാപ്പാറ
- ചെമ്പകപ്പാറ
- ജോസ് പുരം
- ദൈവമേട്
- മേലേ ചിന്നാര്
- കടക്കയം
- കനകക്കുന്ന്
- തോപ്രാംകുടി
- പെരുംതൊട്ടി
- രാജപുരം
- വാത്തിക്കുടി
- പടമുഖം
- പതിനാറാംകണ്ടം
- ഉപ്പുതോട്
- പൂമാംകണ്ടം
അവലംബം
[തിരുത്തുക]- ↑ മാതൃഭൂമി - 2009 ജനുവരി 3[പ്രവർത്തിക്കാത്ത കണ്ണി] (ശേഖരിച്ചത് 2009 ഓഗസ്റ്റ് 7)
- ↑ “കേരള സ്ഥല വിജ്ഞാന കോശം. കോട്ടയം ബാബുരാജ്; പബ്ലീഷർ: ജീജോ പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം 686019“
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001