ചെറുതോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ പ്രധാന പോഷകനദിയാണ് ചെറുതോണി. ചെറുതോണി എന്ന പേര് കൂടുതലും അറിയപ്പെടുന്നത് ഇടുക്കി ഡാമിനും ചെറുതോണി ഡാമിനും ഇടക്കുള്ള ഇതേ പേരുള്ള ഭൂപ്രദേശത്തിനാണ്. ഈ ഡാമുകളും കുളമാവ് ഡാമും ചേർന്ന് ഇടുക്കി ജലവൈദ്യുത പദ്ധതി രൂപവത്കരിക്കുന്നു.

ചരിത്രം[തിരുത്തുക]

ചെറുതോണി അണക്കെട്ട്

1940-കളിലെ ക്ഷാമത്തിനുശേഷം അന്നത്തെ സർക്കാർ കർഷകരെ കൃഷിക്ക് അനുയോജ്യമായ മലവാ‍രങ്ങളിൽ കുടിയേറിപ്പാർക്കുവാൻ അനുവദിച്ചു. താഴ്‌വാരങ്ങളിൽ നിന്നുള്ള കർഷകർ അങ്ങനെ മലേറിയ, കാട്ടുമൃഗങ്ങൾ, ക്ഷുഭിതമാ‍യ ഭൂപ്രകൃതി എന്നിവയെ വകവയ്ക്കാതെ മലകയറി കാടുവെട്ടിത്തെളിച്ച് കൃഷി തുടങ്ങി. പിൽക്കാലത്ത് ഈ ഭൂമി ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകൾ ഉൾപ്പെടുന്ന ഒരു ജല വൈദ്യുത പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയായി പരിഗണിക്കപ്പെട്ടു. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് അങ്ങനെ ജലവൈദ്യുത പദ്ധതി ആരംഭിച്ചു. ഓഫീസുകളുടെ രൂപവൽക്കരണവും ഡാമുകൾ നിർമ്മിച്ച ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ വരവും കൂടിയായപ്പോൾ ചെറുതോണി ഒരു തിരക്കേറിയ പ്രദേശമായി. 1960-കളിൽ ചെറുതോണിയിൽ വസിച്ച ജനസംഖ്യയുടെ ഒരു വിഭാഗം ഡാമിന്റെ നിർമ്മാണത്തിനായി പഞ്ചാബിൽ‍നിന്നും വന്ന സിഖുമത വിശ്വാസികളായിരുന്നു. (ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കാരിൽ സിഖുകാർ ഉൾപ്പെടെ വടക്കേഇൻഡ്യയിലെ മിക്കവാറും എല്ലാ സംസ്ഥാനത്തെയും തൊഴിലാളികളും വളരെ അധികം മലയാളികളും ഉണ്ടായിരുന്നു). ഡാമിന്റെ നിർമ്മാണത്തിനായി കൂലിത്തൊഴിലാളികളായി വന്ന തമിഴരും ചെറുതോണിയിൽ താമസം ഉറപ്പിച്ചു. (സിഖുകാരുടെ ശാരീരികാവശ്യങ്ങൾ നിറവേറ്റുവാനായി നൂറുകണക്കിന് വേശ്യകളും ചെറുതോണിയിൽ താമസം തുടങ്ങി. നമ്പ്ര 3 എന്ന ഒരു വേശ്യാത്തെരുവ് തന്നെ ചെറുതോണിയിൽ രൂപപ്പെട്ടു) [അവലംബം ആവശ്യമാണ്].

ചെറുതോണി പട്ടണം[തിരുത്തുക]

ഇന്ന് ചെറുതോണി ചെറുതെങ്കിലും തിരക്കേറിയ ഒരു പട്ടണമാണ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്ക് ഇടക്കായി സ്ഥിതിചെയ്യുന്നെങ്കിലും സംരക്ഷിത പ്രദേശങ്ങളായ ഇവ സന്ദർശിക്കുന്നതിനുള്ള വിലക്കുകൾ കാരണം വിനോദസഞ്ചാരികൾ ചെറുതോണിയിൽ വലുതായി വരാറില്ല. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ചെറുതോണിയിൽ ദുർലഭമാണ്. ഏറ്റവും അടുത്ത താമസലഭ്യതയുള്ള സ്ഥലങ്ങൾ കട്ടപ്പന, തൊടുപുഴ, കോതമംഗലം എന്നിവയാണ്. സ്വകാര്യ, ഗവർണ്മെന്റ് ബസ്സുകൾ കൊച്ചി/എറണാകുളം, കോതമംഗലം, കോട്ടയം, കട്ടപ്പന എന്നിവിടങ്ങളിൽ നിന്ന് ചെറുതോണിയിലേക്ക് സുലഭമാണ്.

അടുത്ത ഗ്രാമങ്ങൾ[തിരുത്തുക]

ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പഞ്ചായത്തിന്റെ ഭാഗമാണ് ചെറുതോണി. ചെറുതോണിയോട് ചേർന്നുള്ള മറ്റു ഗ്രാമങ്ങൾ വാഴത്തോപ്പ്, തടിയൻ‌പാട്, കരിമ്പൻ, മഞ്ഞപ്പാറ, മണിയാറൻ‌കുടി, ഭൂമിയാംകുളം, പേപ്പാറ, മഞ്ഞിക്കവല, പൈനാവ് തുടങ്ങിയവയാണ്.

രാഷ്ട്രീയം[തിരുത്തുക]

1960-കളിലും 1970-കളിലും ചെറുതോണി രാഷ്ട്രീയമായി വളരെ സജീവമായിരുന്നു. ട്രേഡ് യൂണിയനിസം അതിന്റെ പാരമ്യത്തിലെത്തി. രാഷ്ട്രീയ രംഗം കമ്യൂണിസ്റ്റുകൾ അടക്കിഭരിച്ചു. ഒരുപാട് രാഷ്രീയ കൊലപാതകങ്ങളും ചെറുതോണിയിൽ അരങ്ങേറി. താടിയും മുടിയും വളർത്തിയ ചുവന്ന ലുങ്കിയുടുത്ത, കഞ്ചാവും ചരസ്സും ഉപയോഗിക്കുന്ന യുവാക്കൾ ചെറുതോണിയിൽ സാധാരണമായിരുന്നു. [അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ചെറുതോണി&oldid=1918935" എന്ന താളിൽനിന്നു ശേഖരിച്ചത്