മന്നാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ആദിവാസി വർഗ്ഗമാണ്‌ മന്നാൻ അഥവാ മന്നാന്മാർ . മധുരയിലെ പാണ്ഡ്യരാജാവുമായി ബന്ധപ്പെട്ടവരാണ് ഇവർ എന്നാണ് കരുതിപ്പോരുന്നത്. കേരളത്തിൽ രാജഭരണം നിലനിൽക്കുന്ന ഒരു സമുദായമാണ് ഇവരുടേത്. കട്ടപ്പനയിലുള്ള കോഴിമലയിലാണ് രാജാവിന്റെ ആസ്ഥാനം. മധുരയിൽ മന്നാന്മാർ താമസിച്ചിരുന്ന സ്ഥലത്തെ കോട്ടയ്ക്കും മന്നാൻ കോട്ടയെന്നാണ് പേര്. അവിടെ ഇന്നും അവർക്ക് ചില അവകാശങ്ങൾ ഉണ്ട്. വളരെയധികം സത്യസന്ധത നിത്യജീവിതത്തിൽ പുലർത്തുന്ന ഇവർ ഇക്കാലത്ത് നിരവധി ചൂഷണങ്ങൾക്ക് വിധേയരാകുന്നു. കേരളത്തിൽ ചാലക്കുടി കൂടാതെ പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും തമിഴ്നാട്ടിലെ മധുരയിലുമാണ് മന്നാൻ സമുദായക്കാർ താമസിക്കുന്നത്. [1]

ഭാഷ[തിരുത്തുക]

തമിഴ് കലർന്ന പ്രാകൃതഭാഷയാണ് സംസാരിക്കുന്നത്. ലിപി ഇല്ലാത്ത ഭാഷയാണിത്. അതിനാൽ ഒന്നും തന്നെ എഴുതിവയ്ക്കുന്ന രീതി ഇവർക്കിടയിലില്ല. തൊഴിൽ സംബന്ധമായി മറ്റുള്ളവരുമായി ഇടപഴകുന്നതിനാൽ ഭാഷയിൽ അല്പം വ്യത്യാസം വന്നിട്ടുണ്ട്.

ആചാരാനുഷ്ഠാനങ്ങൾ, ആരാധനാക്രമം.[തിരുത്തുക]

മധുരമീനാക്ഷിയാണ് മന്നാന്മാരുടെ ആരാധനാമൂർത്തി. കുടികളിലെല്ലാം മുത്തിയമ്മയേയും മലദൈവങ്ങളേയും വച്ചു പൂജിക്കുവാൻ പ്രത്യേകം സ്ഥലം കെട്ടിയുണ്ടാക്കും. വിശേഷദിവസങ്ങളിൽ മാത്രമേ പ്രത്യേക പൂജയുണ്ടാകൂ. പകർച്ച വ്യാധിയോ മറ്റോ ഉണ്ടായായാൽ മണ്മറഞ്ഞുപോയവരെ വിളിച്ച് കാര്യമറിയിക്കുന്ന ചടങ്ങുണ്ട്. മന്ത്രവാദിയാണ് ഇത് ചെയ്യുന്നത്. അടിയുറച്ച ഈശ്വരവിശ്വാസമുള്ളവരാണിവർ. കോടയ്ങ്കി വയ്ക്കുക (അല്ലെങ്കിൽ കണിയിട്ടുനോക്കുക) എന്ന ചടങ്ങ് മിക്ക പ്രശ്നങ്ങൾക്കും നടത്തുന്നു. കുട്ടിക്ക് പേരിടണമെങ്കിലും കറ്റമെതിക്കുമ്പോൾ പൊലി കുറഞ്ഞാലും ഇത് ചെയ്യുന്നു. തെറ്റുകൾ കണ്ടുപിടിക്കാനായി കവടി നിരത്തുന്നതുപോലെ കോടയ്ങ്കി ഇട്ടു നോക്കുന്നു. നെന്മണികൾ ഉപയോഗിച്ചാണ് കോടയ്ങ്കി ഇടുന്നത്. തെറ്റു ചെയ്തയാൾ പതിനാറുമുഴം ചേല പരിഹാരമായി സമർപ്പിക്കണം. ചിലപ്പോൾ അടിയും ശിക്ഷയായി കൊടുക്കാറുണ്ട്.

പെരുന്തേൻ മെഴുക്ക് ഉരുട്ടി കത്തിക്കാളുന്ന തീയിലിട്ടാൽ എത്ര ശക്തമായ മഴയും ശമിക്കും എന്നാണിവരുടെ വിശ്വാസം. ഉപ്പു കിഴികെട്ടി വെള്ളത്തിലിട്ടാൽ പെരുമഴയുണ്ടാകുമെന്നും ഇവർ വിശ്വസിക്കുന്നു.

കൃഷി, പരമ്പരാഗത തൊഴിൽ[തിരുത്തുക]

സ്വന്തം കൃഷിയിടങ്ങളിലും പുറത്തും പോയി ജോലിയെടുക്കുന്നവരാണിവർ. റാഗിയും നെല്ലുമാണ് പ്രധാനകൃഷികൾ കുരുമുളക്, മരച്ചീനി, തിന, ചോളം, കാപ്പി, ഇഞ്ചിപ്പുല്ല് എന്നിവയും കൃഷിചെയ്യുന്നു.

കൂട്ടുകൃഷിയും ഇവരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. പതിവായി മാറ്റകൃഷി ചെയ്തിരുന്ന കാലത്ത് കൃഷിയിടത്തിനടുത്തായി എല്ലാവരും ഒരുമിച്ച് താമസിക്കുക പതിവായിരുന്നു. ഇങ്ങനെയുള്ള സ്ഥലത്തിനു വെട്ടുകുടി എന്നാണ് വിളിക്കുക. വെട്ടുകുടിയിൽ വന്നാൽ താമസത്തിനും ധാന്യങ്ങൾ സൂക്ഷിക്കുന്നതിനുമായി ഇവർ ഏറുമാടങ്ങൾ ഉണ്ടാക്കുന്നു. ഓരോരുത്തരുടേയും ധാന്യങ്ങൾ വെവ്വേറെ കൂടകളിൽ സൂക്ഷിക്കുന്നു. മറ്റുള്ളവർ ഇതെടുക്കുകയില്ല.

മണ്ണിനെ സം‍രക്ഷിക്കുന്നത് പുള്ളവശിയാണ്. ഇദ്ദേഹത്തെ പ്രീതിപ്പെടുത്താൻ അട ചുട്ട് വക്കുകയും കോഴിയെ ബലി കൊടുക്കുകയും ചെയ്യുന്നു. ദോഷങ്ങൾക്ക് പരിഹാരമായി കണിയിട്ട് നോക്കി, പ്രശ്നം മനസ്സിലാക്കി പരിഹാരം ചെയ്യുന്നു.

കണ്ണാടിപ്പനമ്പ്, കുട്ട, വട്ടി, മുറം, ധാന്യങ്ങൾ ശേഖരിച്ചുവെയ്ക്കാനുള്ള വലിയ കൂടകൾ, ഉരൽ, ഉലക്ക, ഉണ്ടവില്ല്, വിവിധയിനം കെണികൾ, ശവമഞ്ചം, ഏറുമാടം, ഈറ്റയില കൊണ്ട് നിർമ്മിച്ച പുര, ചെറിയ വെറ്റിലച്ചെല്ലം, തുടങ്ങിയവയുടെ നിർമ്മാണത്തിൽ ഇവർ വിദഗ്ദ്ധരാണ്.

ഭക്ഷണരീതി[തിരുത്തുക]

റാഗികൊണ്ടുണ്ടാക്കുന്ന കട്ടി, കഞ്ഞി എന്നിവയാണ് ആഹാരം. പശു, പോത്ത് എന്നിവയുടെ മാംസം ഇവർക്ക് നിഷിദ്ധമാണ്. നെല്ലുവിളയുന്നതിനു മുൻപ് കതിരു മുറിച്ചെടുത്ത് ആവിയിൽ വച്ച് സത്ത് ഊറ്റിയെടുത്ത് അതിൽ തേനും ചേർത്തുണ്ടാക്കുന്ന ആഹാരമാണ് വെള്ളക്കട്ടി. വിശേഷാവസരങ്ങളിലും വീട്ടിൽ വിരുന്നുകാർ വരുമ്പോഴും ഇവർ വെള്ളക്കട്ടി ഉണ്ടാക്കുന്നു.

കുറുമ്പുല്ല് കുറുക്കിയെടുത്ത് ഉണ്ടാക്കുന്നതാണ് കട്ടി. ഞണ്ടുചാറായിരുന്നു പണ്ട് കറിയായി ഉപയോഗിച്ചിരുന്നത്. ഇന്ന് ഇതിനുപകരം ചമ്മന്തിച്ചാറാണുപയോഗിക്കുന്നത്. കാട്ടിൽ നിന്നു കിട്ടുന്ന കിഴങ്ങുകൾ ചുട്ടും ഇവർ തിന്നാറുണ്ട്. തേനീച്ച പറക്കുന്നതു കണ്ടാൽ അതിനെ പിന്തുടർന്നു ചെന്ന് തേൻ എടുക്കുന്നതുവരെ ഇവർക്ക് വിശ്രമം ഇല്ല. മറ്റു നിവൃത്തിയില്ലെങ്കിൽ പക്ഷികളേയും മൃഗങ്ങളേയും വേട്ടയാടിപ്പിടിച്ച് ചുട്ടു തിന്നാറുണ്ട്.

ഭരണക്രമം[തിരുത്തുക]

വ്യവസ്ഥാപിതമായ ഭരണത്തിന് കീഴിലുള്ള ഒരു സമൂഹമാണ് ഇവരുടേത്. പലവീടുകൾ ചേർന്നതിനെ കുടി എന്നാണുപറയുക. ഓരോ കുടിക്കും ഒരു കാണിക്കാരനുണ്ടാകും. കാണിക്കാരനുകീഴിൽ വാരിക്കുടിയാനവൻ, പെരുംകുടിയാനവൻ, ഇളന്താരി കുടിയാനവൻ, വല്യ ഇളന്താരി, ഇളവെട്ടം, തണ്ടക്കാരൻ, തണ്ണിപ്പാത്ത, എന്നീ ഉദ്യോഗസ്ഥന്മാരുണ്ട്. എല്ലാറ്റിനും മുകളിലാണ് രാജാവ്. രാജമന്നാന് ഒരു മന്ത്രിയുമുണ്ടാകും. സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണ് കല്പിച്ചിരിക്കുന്നത്.

നിയമങ്ങളും ചിട്ടകളും ചെറുപ്പത്തിലേ തന്നെ നിഷ്കർഷ പുലർത്തുന്നു. രാജാവിന്റെയും കാരണവന്മാരുടേയും മുന്നിൽ ഉയർന്ന സ്ഥാനത്തിരിക്കുകയോ ചെരിപ്പിടുകയോ ചെയ്യാറില്ല. മൂണ്ട് മടക്കികുത്തിനടക്കുകയോ അസഭ്യം പറയുകയോ പാടില്ല. ഇത് ലംഘിച്ചാൽ കടുത്ത ശിക്ഷ നൽകിയിരുന്നു.

വിശേഷാവസരങ്ങൾ[തിരുത്തുക]

വിവാഹം[തിരുത്തുക]

മുറച്ചെറുക്കനും മുറപ്പെണ്ണുമായാണ് വിവാഹം. വിവാഹ നിശ്ചയം ശൈശവത്തിൽ തന്നെ നടത്തുന്നു. പ്രായപൂർത്തിയായാൽ ചെറുക്കൻ നിശ്ചയിച്ച പെണ്ണിൻറെ വീട്ടില് പോയി ജോലിയെടുക്കണം. പണ്ടിത് 5 വർഷമായിരുന്നു എങ്കിലും ഇപ്പോള് 1 വർഷമെങ്കിലും മതിയാകും. ഈ കാലയളവിനുശേഷം പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടമാണെങ്കിൽ മാത്രം വിവാഹം ഉറപ്പിക്കുന്നു. സ്ത്രീധനസമ്പ്രദായമില്ല. കാലവൂട്ടിൻറെ നാളിലായിരിക്കും വിവാഹം നടത്തുക.

ആർത്തവത്തിന് കീശായെ എന്നാണ് പറയുന്നത്. ഋതുവായ സ്ത്രീ ആറു ദിവസത്തേക്ക് പുരക്ക് വെളിയില് താമസിക്കണം. അതിനായി പ്രത്യേകം പള്ളപ്പുര എന്ന കൂരയിൽ താമസിക്കുന്നു. ഈ ദിവസങ്ങളിൽ പുരുഷന്മാരെ കാണാനോ വീട്ടില് പാകം ചെയ്ത ഭക്ഷണം കഴിക്കാനോ അനുവാദമില്ല. ഭക്ഷണം സ്വന്തമായി പാകം ചെയ്യുകയാണ് വേണ്ടത്. ഏഴാം ദിവസം ആഘോഷപൂർവം മറ്റു പെണ്ണുങ്ങൾ കുടിയിലേക്ക് കൊണ്ടുവരുന്നു.

ജനനം[തിരുത്തുക]

പ്രസവം പെണ്ണിൻറെ വീട്ടിൽ വച്ചാണ് നടത്തുന്നത്. പ്രസവത്തിനു പെത്തേയ, ഓയുക, പുള്ളപുറന്തേയ എന്നൊക്കെയും പറയും. പ്രസവ സമയത്ത് ഗർഭിണിയെ പള്ളപ്പുരയിലേക്ക് മാറ്റും. പ്രസവത്തിനു ശേഷം 14 ദിവസം പള്ളപ്പുരയിൽ തന്നെ താമസിക്കണം. കുട്ടിക്ക് പേരിടുന്നതും പ്രത്യേകം ചടങ്ങാണ്. മന്നാന്മാരുടെ ഇടയിൽ പെൺ വീട്ടുകാർക്ക് പ്രാധാന്യം കല്പിക്കുന്നതിനാൽ പെൺകുട്ടിയോടാണ് താല്പര്യം കൂടുതൽ.

മരണം[തിരുത്തുക]

മരിച്ച വ്യക്തിയെ തറയിൽ പരമ്പ് വിരിച്ച് അതിൽ കിടത്തി ചടങ്ങുകൾ നടത്തുന്നു. ചന്ദനം അരച്ച് നെറ്റിയിൽ വച്ച് അതിൽ നാണയം ഒട്ടിക്കുന്നു. തുടർന്ന് പട്ട് പുതപ്പിച്ച്, വിവാഹിതയായ സ്ത്രീകൾക്ക് താലിയും ചരടും തലഭാഗത്ത് വക്കുന്നു. രാത്രിമുഴുവൽ കൂത്ത് ഉണ്ടാകും. മരിച്ച വ്യക്തിയെ സംസ്കരിക്കുന്നതുവരെ മന്ത്രവാദി മന്തോച്ചാരണം നടത്തുന്നു. മരക്കമ്പുകൊണ്ട് ശവപ്പെട്ടിയുടെ ആകൃതിയിലുണ്ടാക്കിയ മഞ്ചത്തിലാണ് ശവക്കുഴിയുടെ അടുത്തേക്ക് കൊണ്ടുപോകുന്നത്. പുരക്കരികിൽ തെക്കുവടക്കായി ഉണ്ടാക്കിയ കുഴിയിൽ തല തെക്കോട്ട് വരത്തക്കവിധം ശവം സംസ്കരിക്കുന്നു. മരിച്ചയാൾ ഉപയോഗിച്ചിരുന്ന സാധനങ്ങൾ കൂടെ വക്കും. പ്രായമായ ആളാണെങ്കിൽ പണിയായുധങ്ങൾ, കലം ,കത്തി, മദ്യം മുറുക്കാൻ എന്നിവയും കൂടെ വക്കാറുണ്ട്. ഏഴുദിവസത്തേക്ക് ബന്ധുക്കളിൽ ഒരാൾ നോമ്പ് നോക്കുന്നു. ഏഴ്, പതിനാറ്, ആണ്ട് എന്നിവയും ചടങ്ങായി നടത്തുന്നു. ഏഴുദിവസം ഈ ബന്ധു ലഘുജീവിതം നയിക്കണം, ഭർത്താവാണ് മരിച്ചതെങ്കിൽ ഭാര്യയും ഭാര്യയാണെങ്കിൽ ഭർത്താവും ഒരു വർഷത്തോളം ലഘു ജീവിതം നയിക്കണം. അക്കാലത്ത് ദീക്ഷ വടിക്കാൽ പാടില്ല., സ്ത്രീകൾ പൂവണിയുകയോ പൊട്ട് തൊടുകയോ പാടില്ല ഏഴാം ദിവസം കഞ്ചിവെയൊ എന്നൊരു ചടങ്ങിൽ എല്ലാ ബന്ധുക്കളും പങ്കെടുക്കണം.

കലാരൂപങ്ങൾ[തിരുത്തുക]

മന്നാന്മാരുടെ ഏറ്റവും വിശേഷപ്പെട്ട കലാരൂപം കൂത്താണ്. വിശേഷ സന്ദർഭങ്ങളിൽ കൂത്ത അവതരിപ്പിക്കപ്പെടുന്നു. കൂത്തിന് ചാരൽ, മത്താളം എന്നീ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. വിത്തുകളപ്പാട്ട്, പൂണ്ടല് കിള, പരമ്പുപാട്ട്, നെല്ലുകുത്തുപാട്ട്, വിനോദപ്പാട്ടുകൾ, കോമാളിപ്പാട്ടുകൾ, ശില്ലറപ്പാട്ടുകൾ, ആചാരപ്പാട്ടുകൾ, പത്തടിപ്പാട്ടുകൾ, താരാട്ടുപാട്ടുകൾ. ഒപ്പാരുപാട്ടുകൾ എന്നിവയാണ് മറ്റു കലാരൂപങ്ങൾ

അവലംബം[തിരുത്തുക]

  1. ഡോ. സീലിയ തോമസ് പെരുമ്പനാനി കേരളത്തിലെ ആദിവാസികളുടെ ജീവിതവും സംസ്കാരവും. കറൻറ് ബുക്സ്. 2005
"https://ml.wikipedia.org/w/index.php?title=മന്നാൻ&oldid=1859038" എന്ന താളിൽനിന്നു ശേഖരിച്ചത്