Jump to content

ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന സമ്പ്രദായത്തെയാണ്‌ ലിപി എന്നു പറയുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സംസാരഭാഷ രേഖപ്പെടുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി. എന്നിരുന്നാലും വ്യക്തിമായി ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയിൽ ലിപിയുടെ നിർമ്മാണത്തിന്‌ തുടക്കം കുറിച്ചിരുന്നതായി കാണാം [1]. അത് ചിത്രലിപി, സൂത്രലിപി, പ്രതീകലിപി, ഭാവാത്മകലിപി, ഭാവധ്വനിലിപി, ധ്വനിമൂലലിപി, വർണാത്മകലിപി, എന്നിങ്ങനെ തരം തിരിക്കാം [1]. അവയും അവയുടെ പിരവുകളിൽ നിന്നും ആണ്‌ ഇന്ന് കാണുന്നതരത്തിൽ ലിപികൾ ഉണ്ടായത്.അക്ഷരങ്ങൾ എന്ന രൂപങ്ങളിലൂടെയാണ് സാധ്യമാക്കുന്നത്. മലയാളം അക്ഷരമാലയിലെ സ്വരങ്ങൾ, വ്യഞ്ജനങ്ങൾ, ചില്ലുകൾ, അനുസ്വാരം, വിസർഗ്ഗം, ചിഹ്നം എന്നിവ ചേരുന്നതാണ് മലയാളം ലിപി‍.

ലോകത്ത് വിവിധയിടങ്ങളിൽ ഉപയോഗത്തിലിരിക്കുന്ന ലിപികൾ

ചിത്രലിപി

[തിരുത്തുക]

ലേഖനവിദ്യയുടെ തുടക്കം തന്നെ ചിത്രലിപികളിലൂടെയാണ്‌. അതിലൂടെയാണ്‌ ചിത്രകലയും ആരംഭിക്കുന്നത്. ഗുഹാജീവികളായിരുന്ന മനുഷ്യർ ഗുഹകളുടെ ഭിത്തികളിൽ വരച്ചിരുന്ന മൃഗങ്ങളുടേയും ചെടികളുടേയും ചിത്രങ്ങളും രേഖഗണിതരീതിയിലുള്ള ചിത്രങ്ങളും രചിച്ചിരുന്നു. അത്തരം ചിത്രങ്ങൾ ഫ്രാൻസ്, സ്പെയിൻ, ഗ്രീസ്, ഇറ്റലി, മെസൊപ്പൊട്ടേമിയ, ഓസ്ട്രേലിയ, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട് [1]. ചിത്രലിപിയിൽ സംസാരത്തിന്‌ പ്രാധാന്യം ഇല്ലാത്തതുമൂലം കാലദേശങ്ങൾക്കതീതമായി ചിത്രലി സന്ദേശങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ഇതായിരുന്നു ചിത്രലിപിയുടെ പ്രധാന മേന്മയായി ഉണ്ടായിരുന്നത്. ഈ മേന്മപോലെ തന്നെയോ അതിനെക്കാൾ ഉപരിയോ ദോഷങ്ങളും ചിത്രലിപിക്ക് ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു വസ്തുവിനെ കാണിക്കുന്നതിനായി ചിത്രലിപികളിൽ സാധിക്കുമായിരുന്നു. പക്ഷേ, ഗുണഭാവങ്ങളേയും മനോഭാവനകളേയും വിവരിക്കുന്നതിൽ ചിത്രലിപികൾ മൂലം കഴിഞ്ഞിരുന്നില്ല. കൂടാതെ ചിത്രലിപി നിർമ്മിക്കുന്നതിന്‌ സമയവും; ചിത്രകലയിൽ പ്രാഗല്ഭ്യവും അത്യാവശ്യ ഘടകങ്ങളായിരുന്നു. പിന്നീട് ചിത്രങ്ങൾ‍ക്കുപകരമായും സ്ഥലലാഭത്തിനായും ചില പ്രതീകങ്ങൾ ഉപയോഗിച്ചിരിക്കാമെന്നും , അത്തരം പ്രതീകങ്ങൾ എല്ലായ്പ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നതിന്‌ കഴിയാതെ വരുകയും ചെയ്തതോടെ ചിത്രലിപി സമ്പ്രദായം നശിക്കുകയും ചെയ്തിരിക്കാം എന്ന് കരുതുന്നു [1].

സൂത്രലിപി

[തിരുത്തുക]

ഇന്നും നിലനിൽക്കുന്നതും വളരെ പുരാതനവുമായ ലേഖനരീതിയാണ്‌ സുത്രലിപി. പണ്ട് ആവർത്തിച്ച് ഉപയോഗിക്കേണ്ടിവരുന്ന എന്തിനെയെങ്കിലും കണക്കാക്കുന്നതിനായി നൂലിലോ, മരവുരിയുടെ നാടയിലോ, ഓരോ ആവർത്തനത്തിനും ഓരോ കെട്ടുവീതം ഇടുന്ന രീതി നിലനിന്നിരുന്നു. ഇങ്ങനെയുണ്ടാക്കുന്ന കെട്ടുകൾ മൂലം ഒരു ചെറിയ കെട്ടിൽ നിന്നും വിപുലമായ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു എന്ന് കരുതുന്നു. ആ രീതിയുടെ ആധുനിക രൂപമാണ്‌ ഉടുമുണ്ടിന്റെ അറ്റത്തോ കൈലേസിലോ ഒരു കെട്ടിടുന്നത്. വീണ്ടും എപ്പോഴെങ്കിലും അത്തരം കെട്ടുകൾ കാണുമ്പോൾ ഏത് കാര്യത്തിനാണോ നമ്മൾ കെട്ടിട്ടത് അത് ഓർമ്മയിൽ വരുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു[1]. സൂത്രലിപിയിൽ ആശയസംവാദത്തിന്‌ പല രീതികളും നിലനിന്നിരുന്നു.

  • ഒരു ചരടിൽ പല നിറങ്ങളിലുള്ള നൂലുകൾ ബന്ധിച്ച്.
  • ഒരു ചരടിൽ തന്നെ പലനിറങ്ങൾ ചേർത്ത്.
  • ചരടിലോ തുകലിലോ മുത്ത്, ചിപ്പി, ചെറിയ ശംഖ് എന്നിവ കോർത്ത്.
  • വ്യത്യസ്ത ദൈർഘ്യത്തിലുള്ള ചരടുകൾ ഒരുമിച്ച് കൂട്ടിക്കെട്ടി.
  • ചരടുകളിൽ അവിടവിടെയായി വിവിധ തരത്തിലും വലിപ്പത്തിലുമുള്ള കെട്ടുകൾ.
  • ഒരു ദണ്ഡിൽ വ്യത്യസ്ത നിറങ്ങളിലോ, ദൈർഘ്യത്തിലോ, ഉള്ള ചരടുകൾ ബന്ധിച്ച്. ഇങ്ങനെ പലരീതികളിലും സൂത്രലിപി ഉപയോഗിച്ചിരുന്നു. ഇത്തരം ലിപികൾക്കുദാഹരണമായി ഹെറോഡോട്ടസ് , പീരു പ്രദേശത്ത് പ്രചരിച്ചിരുന്ന ക്വീപൂലിപി ഇതിന്‌ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. കെട്ടുകളിട്ട വ്യത്യസ്ത നിറത്തിലും രൂപത്തിലും നീളത്തിലും നൂലുകൾ കൊരുത്ത ഒരു വലിയ കയർ മുഖേന ആശയവിനിമയം നടത്തിയിരുന്നു[1].

പ്രതീകലിപി

[തിരുത്തുക]

ഇത് ഏതെങ്കിലും പ്രതീകം അഥവാ അടയാളം മുഖേന ആശയസംവേദനം നടത്തുന്ന രീതിയാണ്‌. അംഗചലനങ്ങൾ മുഖേനയോ ഏതെങ്കിലും വസ്തുമുഖേനയോ ആണ്‌ ഇത്തരം ആശയവിനിമയം നടത്തുന്നത്. ഇന്ന് ഈ രീതിയിൽ ആശയവിനിമയം നടത്തുന്നത് ഏറ്റവും കൂടുതൽ ഊമകളാണ്‌. അവർ അവരുടെ കൈചലനങ്ങൾ മുഖേന ആശയവിനിമയം നടത്തുന്നു[1].

ഭാവാത്മകലിപി

[തിരുത്തുക]

ഈ വിഭാഗത്തിൽ വരുന്നതും ഒരുതരത്തിലുള്ള ചിത്രലിപിയാണ്‌. ഇതിൽ ചിത്രലിപിയിൽ നിന്നും വ്യത്യസ്തമായി ഭാവങ്ങളേയും സൂചിപ്പിക്കുന്നു. വടക്കേ അമേരിക്ക, ചൈന, പശ്ചിമ ആഫ്രിക്ക എന്നീ പ്രദേശങ്ങളിൽ ഭാവാത്മകലിപി പ്രചാരത്തിലിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു[1].

ഭാവധ്വനിമൂലകലിപി

[തിരുത്തുക]

പരിഷ്കാരം വരുത്തിയ ചിത്രലിപിയാണ്‌ ഭാവധ്വനിമൂലകലിപി. ചില നിരൂപകന്മാരുടെ അഭിപ്രായത്തിൽ മെസൊപ്പൊട്ടേമിയ, മിസ്രീ തുടങ്ങിയ ലിപികൾ ഈ ഗണത്തിൽ പെടുന്നതായി കരുതുന്നു[1]. ഈ ലിപികൾ ചില അംശങ്ങളിൽ ഭാവമൂലകലിപിയുടേയും ചില അംശങ്ങളിൽ ധ്വനിമൂലകലിപിയുടേയും സ്വഭാവങ്ങൾ കാണിക്കുന്നു. ആധുനിക ചൈനീസ് ലിപി ഇത്തരത്തിൽ പെടുന്നവയാണ്‌[1]. ചൈനീസ് ലിപികളിൽ ചിലത് ചിത്രലിപികളും ചിലവ ഭാവമൂലകലിപികളും ചില ലിപികൾ ധ്വനിമൂലകലിപികളുമാണ്‌[1]. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ സിന്ധുനദീതടസംസ്കാരത്ത് ഉപയോഗിച്ചിരുന്നത് ഇത്തരം ലിപി സമ്പ്രദായമായിരുന്നു[1].

ധ്വനിമൂലകലിപി

[തിരുത്തുക]

ധ്വനിമൂലകലിപികൾ ഒരു വസ്തുവിന്റേയോ ഭാവത്തേയോ പേരുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ഇത് ഒരു വസ്തുവിനേയോ ഭാവത്തേയോ കുറിക്കാതെ ധ്വനിയെ മാത്രം പ്രതിനിധീകരിക്കുന്നു. അത്തരം ധ്വനികൊണ്ട് വസ്തുവിന്റേയോ ഭാവത്തിനേയോ പേരുമൂലം കുറിക്കപ്പെടുന്നു. ദേവനാഗരി, അറബിക്, ഇംഗ്ലീഷ്, മലയാളം, തമിഴ് തുടങ്ങിയവ ധ്വനിമൂലകലിപികൾക്ക് ഉദാഹരണങ്ങളാണ്‌[1]. ധ്വനിമൂലകലിപികളെ അക്ഷരാത്മകലിപി എന്നും വർണ്ണാത്മകലിപി എന്നും രണ്ടായി തിരിക്കാം[1].

അക്ഷരാത്മകലിപി

[തിരുത്തുക]

ഈ വിഭാഗത്തിൽ പെടുന്ന ഓരോ ലിപിചിഹ്നവും ഓരോ അക്ഷരത്തെയാണ്‌ സൂചിപ്പിക്കുന്നത്. അറബി, പേർഷ്യൻ, ഗുജറാത്തി, ഒറിയ, തമിഴ്, മലയാളം, തെലുഗ് തുടങ്ങിയ ലിപികൾ അക്ഷരാത്മകലിപികളാണ്‌[1].

വർണ്ണാത്മകലിപി

[തിരുത്തുക]

ലിപിയുടെ വികാസപരിണാമങ്ങളിൽ ചിത്രലിപി ആദ്യഘട്ടമാണ്‌ എങ്കിൽ വർണ്ണാത്മകലിപി അന്തിമഘട്ടമാണ്‌. ഈ ലിപിയുടെ പ്രത്യേകത ധ്വനിയുടെ ഓരോ ഏകകത്തിലും പ്രത്യേകം പ്രത്യേകം ചിഹ്നം ഉപയോഗിക്കുന്നു എന്നതാണ്‌. ഏതുഭാഷയിലെ ഏതു ശബ്ദവും ഈ ലിപികളിലൂടെ എഴുതുന്നതിന്‌ സഹായകമാണ്‌. ലോകത്ത് പ്രചരിച്ചിരുന്ന ലിപികളെ രണ്ടുഭാഗങ്ങളായി തരം തിരിക്കാം[1].

  • അക്ഷരമോ വർണ്ണമോ ഇല്ലാത്ത ലിപികൾ:
  1. ക്യൂനിഫാം ലിപി
  2. ഹീരോഗ്ലഫിക് ലിപി
  3. ക്രീറ്റ് ലിപി
  4. സിന്ധുനദീതടത്തിൽ ഉപയോഗിച്ചിരുന്ന ലിപി
  5. ഹിറ്റൈറ്റ് ലിപി
  6. മെക്സിക്കോ മധ്യ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിൽ പണ്ട് പ്രചാരത്തിലിരുന്ന ലിപി.
  • അക്ഷരപ്രധാനമോ വർണ്ണപ്രധാനമോ ആയ ലിപികൾ:
  1. ദക്ഷിണ സാമീ ലിപി
  2. ഹീബ്രു ലിപി
  3. ഫിനീഷ്യൻ ലിപി
  4. ഖരോഷ്ടി ലിപി
  5. ആർമായിക് ലിപി
  6. അറബിക് ലിപി
  7. ഭാരതീയ ലിപികൾ
  8. ഗ്രീക്ക് ലിപി
  9. ലാറ്റിൻ ലിപി

എന്നിങ്ങനെ പല രീതികളിലായി ലിപികളെ തരം തിരിച്ചിട്ടുണ്ട്.

ക്യൂനിഫാം ലിപി

[തിരുത്തുക]

ഗവേഷകന്മരുടെ അഭിപ്രായപ്രകാരം ക്രിസ്തുവിന്‌ മുൻപ് 4000 വർഷത്തോളം ഈ ലിപി സമ്പ്രദായത്തിന്‌ പ്രാധാന്യം ഉണ്ടായിരുന്നതായി കണക്കാക്കുന്നു. സുമേറിയൻ വർഗ്ഗക്കാരാണ്‌ ഈ ലിപിസമ്പ്രദായത്തിന്റെ ആവിഷ്കാരകരെന്ന് കരുതുന്നു. ക്രി.വർഷത്തിന്റെ ആരംഭകാലം വരെ ഈ ലിപി പ്രയോഗത്തിലിരുന്നതായി കരുതപ്പെടുന്നു. ചൈനീസ് ,സിന്ധുനദീതട ലിപികളെപ്പോലെ ഈ ലിപികൾ ചിത്രലിപികളുടെ വിഭാഗത്തിൽ പ്പെടുന്നു. അധികവും നേർവരകളായിരുന്നു ഈ ലിപികളിൽ ഉപയോഗിച്ചിരുന്നത്[1]. ക്രി.വ. 1700 കളിൽ ഭാഷാശാസ്ത്രജ്ഞനായിരുന്ന തോമസ് ഹൈഡൻ ലിപിയുടെ ത്രികോണാകൃതി മൂലം ഈ ലിപിക്ക് ക്യൂനിഫാം ലിപി എന്ന് നാമകരണം നടത്തിയത്[1].

ഹീരോഗ്ലിഫിക് ലിപി

[തിരുത്തുക]

പ്രാചീനമായ ലിപിയാണ്‌ ഈ വിഭാഗത്തിൽ പെടുന്ന ലിപിസമ്പ്രദായം. ക്രി.മു. 4000 വർഷത്തിനും മുൻപേ ഈ ലേഖന സമ്പ്രദായം നിലനിന്നിരുന്നു[1]. ആദ്യകാലങ്ങളിൽ ചിത്രലിപിയായിരുന്ന ഈ ലിപി പിൽക്കാലത്ത് ഭാവാത്മകലിപിയും തുടർന്ന് അക്ഷരാത്മകലിപിയും ആയിത്തീർന്നു[1]. ഒരേ ശബ്ദത്തിന്‌ പല ചിഹ്നങ്ങൾ എന്നപോലെ ഒരേ ചിഹ്നത്തിന്‌ പല ശബ്ദങ്ങളും ഈ ലിപിയിൽ പ്രചാരത്തിലുണ്ടായിരുന്നു. ഈ ലിപി വലിച്ചുനീട്ടി എഴുതുന്ന ലേഖന സമ്പ്രദായത്തെ ഹീരാടിക് ലിപി എന്നും അറിയപ്പെട്ടിരുന്നു[1].

ക്രീറ്റ് ലിപി

[തിരുത്തുക]

ഈ ലേഖന സമ്പ്രദായത്തിൽ ചിത്രലിപികളും രേഖാലിപികളും കണ്ടെത്തിയിട്ടുണ്ട്. പണ്ഡിതരുടെ അഭിപ്രായത്തിൽ ഇത്തരം ലിപികൾ ഹീരോഗ്ലിഫിക് ലിപികളിൽ നിന്നും ഉണ്ടായതാണെന്ന് കരുതുന്നു. കൂടുതലായും ഈ ലിപികൾ ഇടത്തുനിന്നും വലത്തോട്ട് എഴുതപ്പെട്ടിരുന്നു. കൂടാതെ വലത്തുനിന്നും ഇടത്തെയ്ക്കും ഇത്തരം ലിപികളിൽ ലേഖനവിദ്യ നടത്തിയിരുന്നു. ക്രി.മു. 3000 മുതൽ 1700 വരെ ഈ ലേഖനസമ്പദായം നിലനിന്നിരുന്നു. തൊണ്ണൂറോളം ലിപി ചിഹ്നങ്ങളിൽ, ചിത്രലിപികളും ഭാവാത്മകലിപികളും ശബ്ദാത്മകലിപികളും അടങ്ങിയിരുന്നു[1].

ഹിറൈറ്റ് ലിപി

[തിരുത്തുക]

ക്രി.മു. 1500 മുതൽ 600 വരെ പ്രചാരത്തിലുണ്ടായിരുന്ന ലിപി യാണ്‌ ഇത്. ഈ ലിപി ഹീരോഗ്ലാഫിക് ലിപി എന്നും അറിയപ്പെടുന്നു. ഇത് അടിസ്ഥാനപരമായി ചിത്രലിപി ആയിരുന്നു, എങ്കിലും പിന്നീട് പല മാറ്റങ്ങളും ഇത്തരം ലിപിൽ ഉണ്ടായി. 419 ലിപി ചിഹ്നങ്ങൾ അടങ്ങിയ ഈലിപി സമ്പ്രദായം ഇടത്തുനിന്നും വലത്തേയ്ക്കും വലത്തുനിന്നും ഇടത്തേയ്ക്കും എഴുതിയിരുന്നു[1].

ചൈനീസ് ലിപി

[തിരുത്തുക]

ക്രി.മു. 3200 നോടടത്തു ഫൂഹേ എന്ന വ്യക്തിയെ ചൈനീസ് ലിപിയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്നു. ചൈനയിലെ മതവിശ്വാസികൾ ചൈനീസ് ദേവനായ ത്സൂശേൻ ആണ്‌ ഈ ലിപിയുടെ കർത്താവ് എന്ന് വിശ്വസിക്കുന്നു. ക്രി.മു.2700 നോടടുത്ത് ജീവിച്ചിരുന്ന ത്‌സംകീ എന്ന പണ്ഡിതനാണ്‌ ഈ ലിപികലുടെ നിർമ്മാതാവെന്നും ഒരഭിപ്രായം നിലവിലുണ്ട്. മെസൊപ്പൊട്ടേമിയ, ഇറാൻ, സിന്ധുനദീതടം എന്നിവിടങ്ങളിൽ പ്രചരിച്ചിരുന്ന ലിപികളുടെ സ്വാധീനം ചൈനീസ് ലിപികളിൽ കാണുവാൻ കഴിയും. ഈ രാജ്യങ്ങളുമായി വളരെ പണ്ടുമുതൽക്കേ ചൈനയ്ക്ക് വ്യാപാരബന്ധം ഉണ്ടായിരുന്നതായിരിക്കാം ഈ സ്വാധീനത്തിനു കാരണം എന്നു കണക്കാക്കുന്നു.

വർണ്ണങ്ങളോ അക്ഷരങ്ങളോ ഇല്ല എന്നതാണ്‌ ചൈനീസ് ലിപികളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പകരമായി ഓരോ പദത്തിനും അതിനനുസരിച്ചുള്ള ചിഹ്നങ്ങളാണ്‌ ഉപയോഗിക്കുന്നത്. ഇന്ന് ചൈനീസ് ലിപികൾ ഏകദേശം 5000 (അയ്യായിരം) എണ്ണത്തോളം വരും എന്നു കണക്കാക്കിയിരിക്കുന്നു.

അറബിലിപി

[തിരുത്തുക]

ലോകത്തിൽ ഏറ്റവും അധികം പ്രചരിച്ചിട്ടുള്ള ലിപികളിൽ ഒന്നാണ്‌ അറബിലിപി. മുൻപ് പ്രചാരത്തിലിരുന്ന സാമീലിപിയ്ക്ക് ഉത്തര-ദക്ഷിണ ദേശങ്ങളിലായി രണ്ട് രൂപങ്ങൾ ഉണ്ടാകുകയും, ഉത്തരസാമീലിപിയിൽ നിന്നും ആർമേയിക്, ഫോനീഷ്യൻ എന്ന രണ്ട് വകഭേദങ്ങളും ഉണ്ടായി. ആർമേയിക് ലിപിയിൽ നിന്നും ഹീബ്രു, പഹല്‌വി, നേബാതേൻ തുടങ്ങി അനേകം ലിപികൾ ഉണ്ടായി. നേബാതേൻ എന്ന ലിപിയിൽ നിന്നും സിനേതിക് ലിപിയും സിനങ്ക് ലിപിയിൽ നിന്നും പ്രാചീന അറബിലിപിയും രൂപംകൊണ്ടു. കണ്ടുകിട്ടിയതിൽ ഏറ്റവും പഴക്കമുള്ള അറബിലിപീലിഖിതം ക്രിസ്ത്വബ്ദം 512ലേതാണ്‌. വലത്തുനിന്നും ഇടത്തേയ്ക്ക് എഴുതുന്ന അറബിലിപിയിൽ 28 (ഇരുപത്തി എട്ട്) അക്ഷരങ്ങളാണുള്ളത്.

ഇവ കൂടി കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 1.21 1.22 വി.രാം കുമാറിന്റെ സമ്പൂർണ്ണ മലയാള വ്യാകരണം, സിസോ ബുക്സ്, പട്ടം, തിരുവനന്തപുരം. ISBN ISBN 81-7797-025-9
"https://ml.wikipedia.org/w/index.php?title=ലിപി&oldid=3718828" എന്ന താളിൽനിന്ന് ശേഖരിച്ചത്