മലയാളഭാഷയുടെ ആറു നയങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളഭാഷയെ തമിഴിൽ നിന്ന് വ്യത്യസ്തമാക്കുന്ന പൊതു നിയമങ്ങളാണ് ആറു നയങ്ങളെന്നറിയപ്പെടുന്നത്. തമിഴിന് പന്ത്രണ്ടു നാടുകളിലായി ദേശഭേദങ്ങൾ ഉണ്ടായിരുന്നു . മധുര ജില്ലയിൽ നിലനിന്നുരുന്ന ഭാഷയ്ക്ക് ചെന്തമിഴ് എന്നും, കുട്ടം, കുടം, കർക്കാ, വേൺ, പൂഴി എന്നിങ്ങനെ പന്ത്രണ്ട് ദേശങ്ങളിൽ കേരളത്തിൽ ഉൾപ്പെട്ട അഞ്ചെണ്ണത്തിൽ കൊടുംതമിഴു എന്ന വകഭേദവും ഉണ്ടായി.

എന്നാൽ ദേശ്യഭേദങ്ങൾ കൊണ്ട് മാത്രം ഭാഷാ ഭേദം കല്പിക്കുന്നതിൽ ന്യായമില്ല എന്ന് മാത്രമല്ല ആ ഭേദങ്ങൾക്കപ്പുറം പതിപ്പറ്റു പോലുള്ള കൃതികൾ ഇന്നും തമിഴ് ഗ്രന്ഥങ്ങളായി തന്നെ ഗണിക്കപ്പെടുന്നു . ഇക്കാരണങ്ങളാൽ മലയാളഭാഷയെ തമിഴിൽ നിന്ന് വ്യത്യസ്തമാക്കുന്ന പൊതു നിയമങ്ങളാണ് ആറു നയങ്ങളായി വേർ തിരിച്ചു കാണിക്കുന്നത്.

താഴെ പറയുന്നതാണ് എ.ആർ. രാജരാജവർമ്മ ആറു നയങ്ങൾ ആയി അവതരിപ്പിച്ചിരിക്കുന്നത്

അനുനാസികാതിപ്രസരം[തിരുത്തുക]

അനുനാസികവർണ്ണങ്ങൾ അതിനടുത്ത് പിന്നാലെ വരുന്ന വരുന്ന വർണ്ണം ഖരമാണെങ്കിൽ അതിനെ കടന്നാക്രമിച്ച് അനുനാസികമാക്കിത്തീർക്കും.

താലവ്യാദേശം[തിരുത്തുക]

ഒരു താലവ്യ സ്വരത്തിനുശേഷം ദന്ത്യവർണ്ണം വരികയാണെങ്കിൽ ആ ദന്ത്യം താലവ്യമായി മാറുന്ന പ്രക്രിയയാണ് താലവ്യാദേശം.

സ്വരസംവരണം[തിരുത്തുക]

സ്വരങ്ങളെ വേണ്ടിടത്തോളം തുറന്നുച്ചരിക്കാതെ ഒതുക്കി ഉച്ചരിക്കുന്ന സ്വഭാവമാണിത്. സംവരണം എന്നതിന് അടയ്ക്കുക, ഒതുക്കുക എന്നർത്ഥം.

പുരുഷഭേദനിരാസം[തിരുത്തുക]

തമിഴിൽ കാലവാചകങ്ങളായ ആഖ്യാതങ്ങളോടു കൂടി, കർത്താവിനോടുള്ള പൊരുത്തത്തിനു വേണ്ടി ലിംഗം, പുരുഷൻ, വചനം എന്നിവയെക്കുറിക്കുന്ന പ്രത്യയം ചേർക്കാറുണ്ട്. മലയാളഭാഷ ഇതെല്ലാം ഒന്നോടെ ഉപേക്ഷിച്ചു. ഇതിനെയാണു പുരുഷഭേദനിരാസം എന്നു പറയുന്നത്.

ഖിലോപസംഗ്രഹം[തിരുത്തുക]

ഖിലമെന്നാൽ അപ്രയുക്തം എന്നർത്ഥം. ഒരുകാലത്ത് ഭാഷയിൽ പ്രയോഗത്തിൽ ഉണ്ടായിരുന്നതും കാലക്രമേണ അപ്രയുക്തമായതുമായ പ്രകൃതികളെയും പ്രത്യയങ്ങളെയും നിലനിർത്തുന്നു എന്ന അർത്ഥത്തിലാണ് എ. ആർ ഖിലോപസംഗ്രഹം എന്ന നയം അവതരിപ്പിച്ചിരിക്കുന്നത്.

അംഗഭംഗം[തിരുത്തുക]

തമിഴിലെ ഉദ്ദേശിക, സംബന്ധിക പദങ്ങൾക്ക് അംഗഭംഗം സംഭവിച്ച് മലയാള വാക്കുകളായി പരിണമിച്ചു.