തദ്ധിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമശബ്ദങ്ങളാണ് തദ്ധിതം. [1] ക്രിയാധാതുക്കളിൽ നിന്ന് നിഷ്പാദിപ്പിക്കാവുന്ന ശബ്ദങ്ങളെ കൃത്ത് എന്നും പറയുന്നു. ഒരു ഭാഷയുടെ നവശബ്ദനിഷ്പാദനശക്തി സ്ഥിതിചെയ്യുന്നത് അതിലെ കൃത്തുകളിലും തദ്ധിതങ്ങളിലുമാണ്. സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും പദങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതിന്റെ ഫലമായി മലയാളത്തിന്റെ തനതായ രൂപനിഷ്പാദനക്ഷമത ദുർബബലമായിത്തീരുന്നു.

ഉദാഹരണം[തിരുത്തുക]

 • ദശരഥൻ – ദാശരഥി
 • ബുദ്ധി – ബൌദ്ധികം
 • വർഷത്തിൽ ഭവിക്കുന്നത് – വാർഷികം
 • മൃദുവായിരിക്കുന്നത് – മൃദുത്വം
 • വ്യാകരണമറിയുന്നവൻ – വൈയാകരണൻ

ഉപവിഭാഗങ്ങൾ[തിരുത്തുക]

തദ്ധിതങ്ങൾക്ക് പല വിഭാഗങ്ങൾ ഉണ്ട്.

തന്മാത്രതദ്ധിതം[തിരുത്തുക]

അനേകം ധർമ്മങ്ങളുള്ള ഒരു ധർമ്മിയിൽ നിന്ന് ഒരു ധർമ്മത്തെ മാത്രം വേർതിരിച്ചു കാണിക്കുന്നതാണ് തന്മാത്രതദ്ധിതം. പ്രത്യേക ധർമ്മങ്ങളെ സൂചിപ്പിക്കുന്ന ഭേദകങ്ങളിൽ നിന്നും ഉണ്ടായ നാമരൂപങ്ങളാണിവ. മ, ത്തം, തനം, തരം മുതലായ പ്രത്യയങ്ങൾ ചേർത്ത് തന്മാത്രതദ്ധിതം ഉണ്ടാക്കാം.

ഭേദകാർത്ഥപ്രകൃതിയിൽ
മ തന്മാത്രാഖ്യതദ്ധിതം
ശേഷത്തിൽ ത്തം യഥായോഗം
പിന്നെത്തനതരാദിയും.

എന്നാണ് ഏ.ആർ. രാജരാജവർമ്മ കേരളപാണിനീയത്തിൽ പറയുന്നത്. [2] ഭേദകപ്രകൃതിയിൽ മുഖ്യമായും എന്ന പ്രത്യയം ചേർക്കുന്നു. സാധാരണമായി ശുദ്ധം എന്ന വിഭാഗത്തിൽപ്പെടുന്ന ഭേദകങ്ങളുടെ പ്രകൃതികളോടാണ് 'മ'പ്രത്യം ചേർക്കാറുള്ളത്.

 • പുതുമ
 • വെണ്മ
 • തിന്മ
 • നീലിമ
 • മധുരിമ

തുടങ്ങിയവ ഉദാഹരണം.

മറ്റ് ഭേദകാർത്ഥപ്രകൃതികളിൽ നിന്ന് തദ്ധിതമുണ്ടാക്കാൻ മുഖ്യമായും ഉപയോഗിക്കുന്നത് ത്തം എന്ന പ്രത്യയമാണ്. സംസ്കൃതത്തിലെ തന്മാത്രാ പ്രത്യയമായ ത്വം എന്നതിന് തുല്യമായ മലയാളപ്രത്യമാണ് ത്തം. അതായത് സംസ്കൃത പ്രകൃതികളോട് ത്വം ചേർക്കുമ്പോൾ മലയാള പ്രകൃതികളോട് ത്തം ചേർക്കും.

ഉദാഹരണം
 • മടയൻ - മടയത്തം
 • മണ്ടൻ - മണ്ടത്തം
 • കാട്ടാളൻ - കാട്ടാളത്തം
 • തെണ്ടി - തെണ്ടിത്തം

സംസ്കൃതശബ്ദങ്ങളിൽ സംസ്കൃതരൂപങ്ങൾ തന്നെ ഉപയോഗിക്കാം.

 • മൃദു - മൃദുത്വം
 • ഗുരു - ഗുരുത്വം
 • ലഘു - ലഘുത്വം
 • സുന്ദര – സൌന്ദര്യം, സുന്ദരത്വം

കൂടാതെ മലയാളത്തിൽ തരം, തനംഎന്നീ പ്രത്യേക ശബ്ദങ്ങളും തന്മാത്രാതദ്ധിതമായി പ്രയോഗിക്കപ്പെടാറുണ്ട്.

ഉദാഹരണം
 • വേണ്ടാതനം
 • മുട്ടാളത്തരം
 • പൊട്ടത്തരം
 • മണ്ടത്തരം

തദ്വത്തദ്ധിതം[തിരുത്തുക]

അതുള്ളത്, അതിലുള്ളത്, അവിടെനിന്നു വരുന്നത്, അവിടെ ജനിച്ചത് മുതലായ അർത്ഥമുള്ളതിനെ തദ്വത്തദ്ധിതം എന്നു പറയുന്നു.

അതുള്ളതിത്യാദ്യർത്ഥത്തിൽ
അൻ തദ്വത്തെന്ന തദ്ധിതം [3]
 • മൂപ്പ് ഉള്ളവൻ – മൂപ്പൻ
 • കൂനുള്ളവൻ - കൂനൻ
 • മടിയുള്ളവൻ – മടിയൻ
 • തെക്കുനിന്നു വരുന്നവൻ - തെക്കൻ

നാമനിർമ്മായിതദ്ധിതം[തിരുത്തുക]

പേരെച്ചം, സംബന്ധിക, ആധാരികാഭാസം എന്നിവയോട് അൻ, അൾ, തു എന്നീ ലിംഗപ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന തദ്ധിതത്തെ നാമനിർമ്മായിതദ്ധിതം എന്നു വിളിക്കുന്നു.

:അനൾതുവെന്ന ലിംഗംതാൻ

നാമനിർമ്മായിതദ്ധിതം
നാമാംഗാധാരികാഭാസ
സംബന്ധികകൾ മൂന്നിലും[4]
 • കണ്ട – കണ്ടവൻ
 • കാണുന്ന - കാണുന്നവൻ

പൂരണിതദ്ധിതം[തിരുത്തുക]

സംഖ്യാവാചികളായ നാമങ്ങളോട് അതിനെ പൂരിപ്പിക്കുന്ന എന്ന അർത്ഥത്തില് ആം എന്ന പ്രത്യയം ചേർത്താൽ പൂരണിതദ്ധിതമാകും. ഇവിടെ സൂചിപ്പിക്കുന്ന ആം എന്ന പ്രത്യയം ആകും എന്ന ഭാവിപേരെച്ചത്തിന്റെ സങ്കോചിതരൂപമാണ്. പുല്ലിംഗപ്രത്യയമായ അന് ചേര്ത്ത് ഒന്നാമൻ, പത്താമൻ എന്നു പറയാം. എന്നാൽ സ്ത്രീലിംഗവിവക്ഷയിൽ ഒന്നാമി, പത്താമി ഇങ്ങനെ പ്രയോഗിക്കാറില്ല. നാമനിർമ്മായിതദ്ധിതം ഉപയോഗിച്ച് ഒന്നാമത്തേവൾ എന്നിങ്ങനെ പ്രയോഗിക്കുകയാണ് പതിവ്.

 • ഒന്ന് – ഒന്നാം
 • പത്ത് – പത്താം

ചുട്ടെഴുത്തുകളോടൊപ്പം[തിരുത്തുക]

ഇതുകൂടാതെ ചുട്ടെഴുത്തുകളോട് ചേർത്തുപയോഗിക്കുന്ന തദ്ധിതരൂപങ്ങളും ഉണ്ട്. ഇവ സ്ഥലം, കാലം, വിധം, അളവ് എന്നിങ്ങനെയുള്ള അർത്ഥങ്ങള് ലഭ്യമാകുന്ന രീതിയിൽ യഥാക്രമം ങ്, ന്ന്, ങനെ, ത്ര എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്നു.

 • അ – അങ്ങ്, അന്ന്, അത്ര, അങ്ങനെ
 • ഇ – ഇങ്ങ്, ഇന്ന്, ഇത്ര, ഇങ്ങനെ
 • എ – എങ്ങ്, എന്ന്, എത്ര, എങ്ങനെ

ക പ്രത്യയത്തിൽ അനുനാസികം ചേർന്ന് അങ് കു – അങ്ങ് എന്ന രൂപവും തിര (മാത്ര) എന്ന ശബ്ദത്തിന് മാറ്റം സംഭവിച്ച് അത്ര എന്ന രൂപവും ഉണ്ടാകുന്നു.

അവലംബം[തിരുത്തുക]

കേരളപാണിനീയം, ഏ.ആർ. രാജരാജവർമ്മ

കാരികകൾ[തിരുത്തുക]

 1. ഏ.ആർ. രാജരാജവർമ്മ, കേരളപാണിനീയം
 2. ഏ.ആർ. രാജരാജവർമ്മ, കേരളപാണിനീയം കാരിക 91.
 3. ഏ.ആർ. രാജരാജവർമ്മ, കേരളപാണിനീയം കാരിക 92.
 4. ഏ.ആർ. രാജരാജവർമ്മ, കേരളപാണിനീയം കാരിക 93.

"https://ml.wikipedia.org/w/index.php?title=തദ്ധിതം&oldid=3751226" എന്ന താളിൽനിന്ന് ശേഖരിച്ചത്