നാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യാകരണത്തിൽ ദ്രവ്യത്തിന്റെയോ ക്രിയയുടെയോ ഗുണത്തിന്റെയോ പേരായ ശബ്ദത്തെ നാമം എന്ന് പറയുന്നു.

നാമങ്ങൾ നാലുവിധമാണുള്ളത്

 1. ദ്രവ്യനാമം
 2. ഗുണനാമം
 3. ക്രിയാനാമം
 4. സർ‌വ്വനാമം

ദ്രവ്യനാമം[തിരുത്തുക]

ദ്രവ്യങ്ങളുടെ (വസ്തുക്കളുടെ ) പേരായ ശബ്ദത്തിന് ദ്രവ്യനാമം എന്നു പറയുന്നു. ഉദാ. മല, കൃഷ്ണൻ, രാജു.

ദ്രവ്യനാമത്തിന്റെ പിരിവുകൾ[തിരുത്തുക]

 • സംജ്ഞാനാമം.

ഒരു പ്രത്യേക വ്യക്തിയേയോ ഒരു പ്രത്യേക വസ്തുവിന്റെയോ നാമമാണ് ഇത്. ഉദാ. രാമൻ, കൃഷ്ണൻ, രാധ, രാജു, ഭാരതപ്പുഴ, ആനമുടി, പമ്പ.

 • സാമാന്യനാമം.

ഒരേയിനത്തിൽപ്പെട്ട വസ്തുക്കൾക്കോ വ്യക്തികൾക്കോ പൊതുവായിപ്പറയുന്ന പേരാണ്‌ സാമാന്യ നാമം. ഉദാ. പുഴ, നദി, മൃഗം, മനുഷ്യൻ.

 • മേയനാമം.

ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കാനാവാത്തതാണ് മേയനാമം. ഉദാ. വെയിൽ, മഴ, ഇരുട്ട്.

 • സമൂഹനാമം.

ഒരു കൂട്ടത്തെക്കുറിക്കുന്ന നാമമാണ് സമൂഹനാമം എന്ന് പറയുന്നത്. ഉദാ. പറ്റം, ഗണം തുടങ്ങിയവ.

ഗുണനാമം[തിരുത്തുക]

നിറത്തേയോ തരത്തേയോ സ്വഭാവത്തേയോ കുറിക്കുന്ന നാമമാണ് ഗുണനാമം എന്ന് പറയുന്നത്. ഉദാ. വെളുപ്പ്, കറുപ്പ്, മിടുക്കൻ, സുന്ദരി തുടങ്ങിയവ.

ക്രിയാനാമം[തിരുത്തുക]

ഒരു ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമമാണ് ക്രിയാനാമം. അഥവാ ക്രിയയുടെ പേരിനെയാണ്‌ ക്രിയാനാമം എന്ന് പറയുന്നത്.

ഉദാ. ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം തുടങ്ങിയവ

സർവ്വനാമം[തിരുത്തുക]

സർവ്വ നാമത്തിനു പലവിഭാഗങ്ങൾ ഉണ്ട്.അവ താഴെക്കൊടുക്കുന്നു.

 • ഉത്തമപുരുഷസർവ്വനാമം (First Person)

പറയുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദത്തെ ഉത്തമപുരുഷസർവ്വനാമം എന്നു പറയുന്നു.

ഉദാ:ഞാൻ, നമ്മൾ, തൻ, എൻ,

 • മദ്ധ്യമപുരുഷസർവ്വനാമം (Second Person)

കേൾക്കുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദം

ഉദാ: നീ , നിങ്ങൾ, താൻ.

 • പ്രഥമപുരുഷസർവ്വനാമം (Third Person)

ആരെപ്പറ്റിപ്പറയുന്നുവോ അവർക്കു പകരം നിൽക്കുന്നു.ഉത്തമ , മദ്ധ്യമപുരുഷസർവ്വനാമങ്ങളൊഴികെ മറ്റെല്ലാം ഇതിൽ‌പ്പെടുന്നു.

ഉദാ: അവൻ, അവൾ, അവർ.

അവലംബം[തിരുത്തുക]

ശ്രീ എം കെ വാസുദേവൻ എഴുതിയ ഹൈസ്കൂൾ മലയാളം വ്യാകരണവും രചനയും എന്ന പുസ്തകം

റോയൽ ബുക്സ്ല് ,കോട്ടയം

"https://ml.wikipedia.org/w/index.php?title=നാമം&oldid=3509051" എന്ന താളിൽനിന്ന് ശേഖരിച്ചത്