സന്ധി (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary-logo-ml.svg
സന്ധി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെയാണ്‌ വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്. ഉച്ചാരണസൗകര്യമാണ്‌ സന്ധിയിലെ വർണ്ണപരിണാമത്തിന് മുഖ്യകാരണം. എന്നാൽ ചിലപ്പോൾ സന്ധി വ്യാകരണപരമായ അർത്ഥത്തെത്തെയും കുറിക്കുന്നു. [1] . പദങ്ങൾ തമ്മിലോ പദഘടകങ്ങളായ രൂപിമങ്ങൾ തമ്മിലോ സന്ധിക്കുമ്പോൾ സംഭവിക്കുന്ന വർണ്ണലോപവും വർണ്ണാഗമവും സന്ധിക്കു വിഷയമാണ്‌. ഭാഷാശാസ്ത്രത്തിൽ രൂപസ്വനവിജ്ഞാനത്തിലാണ്‌ സന്ധികാര്യം ചർച്ച ചെയ്യുന്നത്.

ഭാരതീയഭാഷകളിലാണ്‌ സന്ധി സർവ്വസാധാരണമായുള്ളത്. സന്ധിപരിണാമങ്ങൾ ഭാഷണത്തിൽ സാമാന്യമെങ്കിലും പല ഭാഷകളും എഴുത്തിൽ അത് സൂചിപ്പിക്കാറില്ല, പ്രത്യേകിച്ചും ബാഹ്യസന്ധികളിൽ.

സംധാ എന്ന സംസ്കൃത ശബ്ദത്തിൽ നിന്നാണ് സന്ധി എന്ന വാക്കുണ്ടായത്. ചന്തി എന്ന് മലയാളത്തിൽ ഉപയോഗിക്കുന്നതും ഈ വാക്കാണ്. ചേർച്ച എന്ന് അർത്ഥം. ഭാഷയിൽ രണ്ടു ശബ്ദങ്ങൾ തമ്മിൽ ചേരുമ്പോൾ സന്ധിയായി. രണ്ട് ശബ്ദങ്ങൾ ചേരുമ്പോൾ എന്തെങ്കിലും വർണ്ണവികാരം ഉണ്ടാകണം. വർണ്ണവികാരം എന്നു പറഞ്ഞാൽ സന്ധിചേരുന്ന ശബ്ദങ്ങൾക്കു വരുന്ന മാറ്റം എന്നർത്ഥം.


നിർവ്വചനം[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേരളപാണിനീയം എന്ന താളിലുണ്ട്.

പാണിനി സന്ധിശബ്ദത്തിനു പകരം സംഹിത എന്ന സംജ്ഞയാണ്‌ സ്വീകരിച്ചിട്ടുള്ളത്. അത്യന്തമായ ചേർച്ച (പരഃ സന്നികർഷഃ സംഹിതാ) എന്ന് അദ്ദേഹം നിർവ്വചിക്കുന്നു. യോഗജന്യവികാരം സന്ധി എന്നും പറയുന്നുണ്ട്. അക്ഷരങ്ങൾ അല്ലെങ്കിൽ വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയാണ് സന്ധി എന്ന് കേരളപാണിനി പറയുന്നു.

'സന്ധി' എന്ന പദത്തിനു് സാമാന്യമായ അർത്ഥം 'ചേർച്ച' എന്നാണല്ലോ. രസതന്ത്രപ്രപദാർത്ഥങ്ങളിൽ ചിലതു് തമ്മിൽ ചേരുമ്പോൾ അവയുടെ വർണ്ണം മുതലായ ഗുണങ്ങൾ മാറിപ്പോകുന്നു. മറ്റുചിലതു് തമ്മിൽ ചേരുമ്പോൾ ഗുണങ്ങൾ മാത്രമല്ല, പദാർത്ഥംതന്നെയും മാറുന്നു. വേറെ ചിലതു് തമ്മിൽ എത്രതന്നെ ചേർത്താലും യാതൊരംശത്തിലും മാററം വരാതെ അതാതിന്റെ സ്ഥിതിയിൽത്തന്നെ ഇരിക്കുന്നു. ഇതുപോലെ അക്ഷരങ്ങൾ, അല്ലെങ്കിൽ വ്യാകരണശാസ്ത്രപ്രകാരമുള്ള വർണ്ണങ്ങൾ, തമ്മിൽ ചേരുമ്പോഴും ഓരോതരം മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്. ആവക സംഗതികളെപ്പറ്റി വിവരിക്കുന്ന ഭാഗത്തിനാണു് വ്യാകരണത്തിൽ "സന്ധിപ്രകരണം' എന്നു പറയുന്നതു്.[2].

വർണ്ണങ്ങൾ തമ്മിലുള്ള യോഗത്തിന്റെ സ്ഥലഭേദമനുസരിച്ചും വർണ്ണങ്ങളുടെ സ്വരവ്യഞ്ജനഭേദമനുസരിച്ചും സന്ധികളെ വർഗ്ഗീകരിക്കാമെന്ന് ഏ.ആർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും സന്ധി വരുമ്പോൾ വർണ്ണങ്ങൾക്കു് ഉണ്ടാകാവുന്ന വികാരങ്ങളനുസരിച്ചുള്ള വിഭാഗത്തെയാണ് കോരളപാണിനീയത്തിൽ വിശദമായി ചർച്ചചെയ്യുന്നത്.

സംഹിതയിലുണ്ടാവുന്ന സ്വനിമപരിണാമത്തെ‌‌ മാത്രമാണ്‌ മലയാളത്തിൽ സന്ധിയെന്ന് വിളിക്കുന്നത്.[3] കെ. സുകുമാരപിള്ള നിരീക്ഷിക്കുന്നു.


സ്വര-വ്യഞ്ജനങ്ങളിൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്ന പകുപ്പതം, പകാപ്പതം എന്നീ രണ്ടു വിഭാഗത്തിലും പെട്ട ശബ്ദങ്ങൾ പരസ്പരം വിഭക്തിബന്ധത്തിലോ(വേറ്റുമൈ), അല്ലാതുള്ള അർത്ഥത്തിലോ(അൽവഴി) പൂർവ്വോത്തരപദങ്ങളായി വികാരംകൂടാതെയോ വികാരത്തോടുകൂടിയോ ചേരുന്നതാണ്‌ സന്ധി(പുണർച്ചി) എന്ന് നന്നൂൽ വിവരിക്കുന്നു. ഒരു വികാരവും കൂടാതെയുള്ള സംഹിതയ്ക്ക് ഇയല്പ് എന്നാണ്‌ പേര്.[4]

വർഗ്ഗീകരണം[തിരുത്തുക]

പല മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സന്ധിയെ വൈയാകരണർ പല വിധത്തിൽ വർഗ്ഗീകരിച്ചിട്ടുണ്ട് .

സന്ധിക്കുന്ന സ്ഥാനം[തിരുത്തുക]

സന്ധിസംഭവിക്കുന്നത് പദങ്ങൾക്കിടയിലോ, പദഘടകങ്ങളായ രൂപിമങ്ങൾ(പ്രകൃതി, പ്രത്യയം)ക്കിടയിലോ എന്നതിനെ ആസ്പദമാക്കിയാണ്‌ ഈ വിഭജനം.

ഒരു പദത്തിനുള്ളിൽത്തന്നെ പ്രകൃതിയും പ്രത്യയവും ചേരുന്നിടത്ത് വരുന്ന മാറ്റങ്ങളെ ആഭ്യന്തരസന്ധി (പദമദ്ധ്യസന്ധി) എന്ന് വിളിക്കുന്നു.

ഉദാ:-

മരം + ഇൽ = മരത്തിൽ
കേൾ ‍+ തു = കേട്ടു

രണ്ടു പദങ്ങൾ ചേരുന്നിടത്താണ്‌ ബാഹ്യസന്ധി(പദാന്തസന്ധി) സംഭവിക്കുക.

ഉദാ:-

പിൻ + കാലം = പിൽക്കാലം
തിര + ഇല്ല = തിരയില്ല.

സന്ധിക്കുന്ന വർണ്ണങ്ങൾ[തിരുത്തുക]

സന്ധിക്കുന്ന വർണ്ണങ്ങൾ സ്വരമോ വ്യഞ്ജനമോ എന്നതിനെ അടിസ്ഥാനമാക്കി സന്ധികളെ സ്വരസന്ധി(സ്വരം + സ്വരം), വ്യഞ്ജനസന്ധി(വ്യഞ്ജനം + വ്യഞ്ജനം), സ്വരവ്യഞ്ജനസന്ധി(സ്വരം + വ്യഞ്ജനം), വ്യഞ്ജനസ്വരസന്ധി(വ്യഞ്ജനം + സ്വരം) എന്നിങ്ങനെ നാലായി തിരിക്കാം. ഉദാ:-

സ്വരസന്ധി - മണി + അറ = മണിയറ, ഓടി + ഇല്ല =ഓടിയില്ല
വ്യഞ്ജനസന്ധി - കൽ + മദം = കന്മദം
സ്വരവ്യഞ്ജനസന്ധി - താമര + കുളം = താമരക്കുളം
വ്യഞ്ജനസ്വരസന്ധി - കൺ + ഇല്ല = കണ്ണില്ല

സന്ധിയിലെ മാറ്റം[തിരുത്തുക]

ലോപസന്ധി:- സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ്‌ ലോപസന്ധി.

കൊടുത്തു + ഇല്ല = കൊടുത്തില്ല.
വരിക + എടോ = വരികെടോ

മലയാളത്തിൽ പൂർവ്വപദാന്തത്തിലെ സംവൃതോകാരം മറ്റൊരു സ്വരത്തിനുമുൻപ് സാർവത്രികമായി ലോപിക്കുന്നു.

തണുപ്പു് + ഉണ്ട് = തണുപ്പുണ്ട്
കാറ്റു് + അടിക്കുന്നു =കാറ്റടിക്കുന്നു

ആഗമസന്ധി:- സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ്‌ ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.

സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ പല ഭാഷകളിലും യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ്‌ യകാരവകാരാദികൾ ആഗമിക്കുന്നത്.

തിരു + അനന്തപുരം = തിരുവനന്തപുരം
പന + ഓല = പനയോല

മറ്റു വർണങ്ങളും സ്വരസംയോഗത്തിൽ ആഗമിക്കാറുണ്ട്.

കാട്ടി + ഏൻ =കാട്ടിനേൻ

മലയാളത്തിൽ ചില പദച്ചേർച്ചയിൽ വിവൃത്തിപരിഹാരം, ഉച്ചാരണസൗകര്യം ഇവ ഉദ്ദേശിച്ച് ഒര്‌, അൻ തുടങ്ങിയ ഇടനിലകൾ ചേർക്കാറുണ്ട്.

പോയ + ആന > പോയ + ഒര്‌ + ആന = പോയൊരാന
വക്കീൽ + മാർ > വക്കീൽ +അൻ+ മാര് ‍= വക്കീലന്മാർ

ദ്വിത്വസന്ധി:-

രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ്‌ ദ്വിത്വസന്ധി.

നിൻ + എ = നിന്നെ
പച്ച + കല്ല്= പച്ചക്കല്ല്

പുതിയ ഒരു വർണ്ണം ആഗമിക്കുകയാണെന്നതിനാൽ ഇതും ആഗമസന്ധിതന്നെ. പക്ഷേ, ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്‌. മലയാളത്തിൽ സന്ധിയിലെ ഇരട്ടിപ്പിന്‌‌ വ്യാകരണപരമായ അർത്ഥമുണ്ട്. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ കല്ല് എന്ന പദത്തെ പച്ച എന്ന പദം വിശേഷിപ്പിക്കുന്നതിനാലാണ്‌ പദാദികകാരം ഇരട്ടിച്ചത്. ദ്വന്ദസമാസം വിശേഷണവിശേഷ്യങ്ങൾ ചേർന്ന് സമാസിക്കുന്നതല്ലായ്കയാൽ അതിൽ ദ്വിത്വം വരികയില്ല. (ഉദാ: കൈകാൽ, ആനകുതിരകൾ, രാമകൃഷ്ണന്മാർ)[5]

ആദേശസന്ധി;-

സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന്‌ സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി‌.

അവൻ + ഓടി = അവനോടി (/ൻ/ > /ന/)
വിൺ + തലം = വിണ്ടലം (/ത/ > /ട/)
നെൽ + മണി = നെന്മണി (/ല/ > /ന/)

സംസ്കൃതസന്ധിനിയമങ്ങൾ[തിരുത്തുക]

സ്വരസന്ധി[തിരുത്തുക]

സവർണ്ണദീർഘം

രണ്ട് സവർണ്ണസ്വരങ്ങൾ സന്ധിക്കുമ്പോൾ രണ്ടിനും പകരം(ഏകാദേശം) ആ സ്വരത്തിന്റെ ദീർഘം ആദേശമായിവരുന്നു.

അ/ആ + അ/ആ = ആ

പരമ + അർത്ഥം = പരമാർത്ഥം ദുബ
രത്ന + ആകരം = രത്നാകരം
വിദ്യാ + അഭ്യാസം = വിദ്യാഭ്യാസം
കലാ + ആലയം = കലാലയംദ്

ഇ/ഈ + ഇ/ഈ = ഈ

കവി + ഇന്ദ്രൻ = കവീന്ദ്രൻ
കവി + ഈശ്വരൻ = കവീശ്വരൻ
മഹീ + ഇന്ദ്രൻ = മഹീന്ദ്രൻ
മഹീ + ഈശ്വരൻ = മഹീശ്വരൻ

ഉ/ഊ + ഉ/ഊ = ഊ

ഗുരു + ഉപദേശം = ഗുരൂപദേശം
സിന്ധു + ഊർമ്മി = സിന്ധൂർമ്മി
വധൂ + ഉത്സവം = വധൂത്സവം
വധൂ + ഊർമ്മിളാ = വധൂർമ്മിളാ

ഗുണം

ഹ്രസ്വദീർഘാകാരങ്ങളോട് ഇകാര-ഉകാര-ഋകാരങ്ങൾ ചേരുമ്പോൾ യഥാക്രമം ഏ, ഓ, അർ എന്നിവ രണ്ടിന്റെയും സ്ഥാനം ആദേശംചെയ്യുന്നു.

അ/ആ + ഇ/ഈ = ഏ

ദേവ + ഇന്ദ്രൻ = ദേവേന്ദ്രൻ
മഹാ + ഇന്ദ്രൻ = മഹേന്ദ്രൻ
പരമ + ഈശ്വരൻ = പരമേശ്വരൻ
രമാ + ഈശൻ = രമേശൻ

അ/ആ + ഉ/ഊ = ഓ

വീര + ഉചിതം = വീരോചിതം
മഹാ + ഉത്സവം = മഹോത്സവം
നവ + ഊഢാ = നവോഢാ
ഗംഗാ + ഊർമ്മി = ഗംഗോർമ്മി

അ/ആ + ഋ = അർ

സപ്ത + ഋഷി = സപ്തർഷി
മഹാ + ഋഷി = മഹർഷി

വൃദ്ധി

അ, ആ ഇവയോട് ഏ, ഐ, ഓ, ഔ എന്നീ സ്വരങ്ങൾ ചേരുമ്പോൾ വരുന്ന മാറ്റമാണ്‌ വൃദ്ധി.

അ/ആ + ഏ/ഐ = ഐ

ഏക + ഏകം = ഏകൈകം
തദാ + ഏവ = തദൈവ
മത + ഐക്യം = മതൈക്യം
മഹാ + ഐശ്വര്യം = മഹൈശ്വര്യം

അ/ആ + ഓ/ഔ = ഔ

മൃഗ + ഓഘം = മൃഗൗഘം
മഹാ + ഓഘം = മഹൗഘം
പരമ + ഔദാത്യം = പരമൗദാത്യം
മഹാ + ഔത്സുക്യം = മഹൗത്സുക്യം

എന്നാൽ ഉപസർഗ്ഗങ്ങൾക്കൊടുവിലെ അകാരം ഏതി, ഏതധി എന്നീ ധാതുക്കളിലൊഴിച്ചുള്ളവയോട് ചേരുമ്പോൾ നിത്യമായി ലോപിക്കുന്നു. അവയിൽ വൃദ്ധി സംഭവിക്കുന്നില്ല.

പ്ര + ഏജതേ = പ്രേജതേ

ഏതി, ഏതധി എന്നിവയിൽ വൃദ്ധിതന്നെ.

അവ + ഏതി = അവൈതി
ഉപ + ഏധതേ = ഉപൈധതേ

ഓം എന്ന പ്രണവത്തിനും വൃദ്ധി സംഭവിക്കില്ല.

ശിവായ + ഓം നമഃ = ശിവായോം നമഃ

ഓതു, ഓഷ്ഠശബ്ദങ്ങൾ ഉത്തരപദമാകുമ്പോൾ വൃദ്ധി വികല്പമാണ്‌.

ബാല + ഓതുഃ = ബാലോതുഃ, ബാലൗതുഃ
ബിംബ + ഓഷ്ഠഃ = ബിംബോഷ്ഠഃ, ബിംബൗഷ്ഠഃ

യൺ

ഇ, ഉ, ഋ എന്നീ മൂലസ്വരങ്ങൾക്കും അവയുടെ ദീർഘങ്ങൾക്കും ശേഷം അസവർണ്ണസ്വരം വന്നാൽ പൂർവ്വസ്വരത്തിന്റെ സ്ഥാനത്ത് അതതിന്റെ മദ്ധ്യമങ്ങൾ(/യ/, /വ/, /ര/‍) ആദേശമായിവരുന്നു.

ഇതി + ആദി = ഇത്യാദി
ഇതി + ഉവാചാ = ഇത്യുവാചാ
പ്രതി + ഏകം = പ്രത്യേകം
സു + ആഗതം = സ്വാഗതം
പിതൃ + ആജ്ഞാ = പിത്രാജ്ഞാ

അയാദ്യാദേശം

സ്വരം പരമായാൽ ഏകാര-ഓകാരാന്തങ്ങൾക്ക് അയ്, അവ് എന്നിവ ആദേശം വരും. ഐകാര-ഔകാരങ്ങൾക്ക് ആയ്, ആവ് എന്നും. പദാന്തസന്ധിയാണെങ്കിൽ യകാരവകാരങ്ങൾ എഴുത്തിൽ നിർബന്ധമില്ല. ഈ രീതി ഏ, ഓ -കളിലാണ്‌ നടപ്പ്; ഐഔകളിൽ ലോപിപ്പിക്കാറില്ല.

നേ + അനം = നയനം
ഹരേ + ഏഹി = ഹരയേഹി, ഹരഏഹി
ഭോ + അനം = ഭവനം
നൈ + അക = നായക(ൻ)
തസ്മൈ + ഉക്തം = തസ്മായുക്തം
ഭൗ + അക = ഭാവക(ൻ)
തൗ + ഇവ = താവിവ

ഏ, ഓ ഇവ പദാന്തസന്ധിയിലാണെങ്കിൽ പരമായി "അ" വരുമ്പോൾ പൂർ‌വ്വരൂപാദേശമാണ്‌ സാധാരണ വരിക. പരരൂപാദേശം

പൂർവ്വപദാന്തസ്വരം പരപദാദിസ്വരത്തിനുമുൻപ് ലോപിക്കുന്നതാണ്‌ പരരൂപാദേശം. സവർണ്ണദീർഘം മുതലായ സാമാന്യവിധികൾക്ക് അപവാദമായ ചില പദരൂപവത്കരണങ്ങൽക്കുള്ള വിധിയാണ്‌ ഇത്.

കുല + അടാ = കുലടാ
ശക + അന്ധു = ശകന്ധു
പതൻ + അഞ്ജലി = പതഞ്ജലി

പൂർവ്വരൂപാദേശം

പദാന്തത്തിലെ ഏകാര-ഓകാരങ്ങൾക്കു ശേഷം വരുന്ന പദാദിയായ അകാരം സന്ധിയിൽ ലോപിക്കുന്നു. ലോപം സൂചിപ്പിക്കാൻ പ്രശ്ലേഷചിഹ്നം( ʃ ) ചേർക്കാറുണ്ട്.

സ്വപ്നേ + അപി = സ്വപ്നേപി (സ്വപ്നേʃപി)
സോ + അഹം = സോഹം (സോʃഹം)

ഇവകൂടി കാണുക[തിരുത്തുക]

സമാസം
വർണ്ണവികാരം
രൂപസ്വനവിജ്ഞാനം
സവർണ്ണനം

അവലംബം[തിരുത്തുക]

  1. എൻ. എൻ. മൂസ്സത് -വ്യാകരണവിവേകം, എൻ. ബി. എസ്., 1984
  2. ഏ. ആർ. രാജരാജവർമ്മ, കേരളപാണിനീയം
  3. കെ. സുകുമാരപിള്ള, കൈരളീശബ്ദാനുശാസനം
  4. നന്നൂൽ
  5. ഏ. ആർ. രാജരാജവർമ്മ, കേരളപാണിനീയം
"https://ml.wikipedia.org/w/index.php?title=സന്ധി_(വ്യാകരണം)&oldid=2372822" എന്ന താളിൽനിന്നു ശേഖരിച്ചത്