ധാതു (ഭാഷാശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധാതു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധാതു (വിവക്ഷകൾ) എന്ന താൾ കാണുക. ധാതു (വിവക്ഷകൾ)

പദങ്ങളുടെ മൂലാംശംമാണു് ധാതു. വ്യാകരണപരമായ അടിസ്ഥാന ശബ്ദം അഥവാ പ്രകൃതി എന്നും ധാതുവിനെ നിർവചിക്കാം.

ഭാഷയിലെ അർത്ഥയുക്തമായ ഏറ്റവും ചെറിയ ശബ്ദമൂലക സമൂഹമാണ് രൂപമൂലകം (morpheme). രൂപമൂലകങ്ങളുടെ ക്രമീകൃത വിന്യാസത്തിൽനിന്നാണ് പദം ഉണ്ടാകുന്നത്. ഒരു പദം കുറിക്കുന്ന ആശയത്തിന്റെ മുഖ്യ ഭാവം ഉൾക്കൊള്ളുന്ന രൂപമൂലകത്തെ മുഖ്യ രൂപമൂലകം എന്നും അതിനോടു ചേർന്നുനില്ക്കുന്ന രൂപമൂലകത്തെ സഹായക രൂപമൂലകമെന്നും വിളിക്കുന്നു.

തരങ്ങൾ[തിരുത്തുക]

പാടി, ഓടി എന്നീ പദങ്ങളിൽ പാട്, ഓട് എന്നിവ മുഖ്യ രൂപമൂലകവും 'ഇ' സഹായക മൂലകവുമാണ്. മുഖ്യരൂപമൂലകത്തോട് സഹായക രൂപമൂലകങ്ങൾ ചേർന്നുണ്ടാകുന്ന പദത്തെ ധാതു, പ്രത്യയം എന്നിങ്ങനെ രണ്ടായി തിരിക്കാം. മുഖ്യരൂപമൂലകമാണ് ധാതു. ഇതിനോടു ചേർന്നുനില്ക്കുന്ന സഹായക രൂപമൂലകങ്ങൾ പ്രത്യയങ്ങളും. പ്രത്യയങ്ങൾ കൂട്ടിച്ചേർക്കുന്നതിനാവശ്യമായ രൂപഭേദം വരുത്തിയ ധാതുവിന് പ്രകൃതി എന്നാണു പേര്. രൂപഭേദങ്ങൾ വരാത്ത സാഹചര്യത്തിൽ ധാതു തന്നെയാണ് പ്രകൃതി.

ഉദാ. നട > നടക് + ഉന്നു > നടക്കുന്നു (നട ധാതുവും നടക് പ്രകൃതിയും).
നട + ന്നു > നടന്നു (നട എന്ന ധാതു തന്നെയാണ് പ്രകൃതിയും).

പ്രത്യയം[തിരുത്തുക]

ധാതു ഒന്നിലധികം ശബ്ദമൂലകങ്ങൾ ഉൾക്കൊള്ളുന്നതാണെങ്കിൽ പ്രത്യയം ധാതുവിനുള്ളിലും ചേർക്കാറുണ്ട്. മുഖ്യ രൂപമൂലകത്തിനോ അതിന്റെ പ്രകൃതിക്കുമുമ്പോ വരുന്ന പ്രത്യയത്തെ പുരപ്രത്യയം (prefix) എന്നും രൂപമൂലകത്തിനുള്ളിൽ ചേർന്നുവരുന്ന പ്രത്യയത്തെ മധ്യപ്രത്യയം (infix) എന്നും പ്രകൃതിയെ തുടർന്നുവരുന്ന പ്രത്യയത്തെ പരപ്രത്യയം (suffix) എന്നും വിളിക്കുന്നു.

ധാതുവെന്നാൽ ക്രിയയെ കുറിക്കുന്ന പദമെന്ന് കേരളപാണിനി അഭിപ്രായപ്പെടുന്നുണ്ടെങ്കിലും നാമത്തിൽനിന്ന് രൂപംകൊള്ളുന്ന ധാതുക്കളെ നാമധാതുക്കൾ എന്നും വിളിക്കുന്നു. ധാതുക്കൾ രണ്ടുവിധമുണ്ട്. നാമത്തിൽനിന്ന് നാമധാതുവും ക്രിയയിൽനിന്ന് ക്രിയാധാതുവും ഉണ്ടാകുന്നു.

ഉദാ. തടി-തടി-തടിക്കുന്നു നാമധാതു

കല്ല്-കല്ലി-കല്ലിക്കുന്നു

അടി-അടിക്-അടിക്കുന്നു ക്രിയാധാതു

ഇടി-ഇടിക്-ഇടിക്കുന്നു

ക്രിയയോട് സദാ ചേർന്നുനില്ക്കുന്ന ഓരോരോ ഉപാധികളെ കുറിക്കുന്നതിന് അതതിന്റെ വാചകമായ ധാതുവിൽ ഓരോരോ വികാരങ്ങളെ ചെയ്യുന്നു. ഈ വികാരങ്ങളാണ് ധാതുവിന്റെ രൂപങ്ങൾ. പ്രകൃതി, സ്വഭാവം, കാലം, പ്രകാരം, പ്രയോഗം, പുരുഷൻ, ലിംഗം, വചനം എന്നിവയാണ് ഉപാധികൾ. സ്വതേ ഉള്ള ധാതുക്കൾ കൂടാതെ മറ്റു ശബ്ദങ്ങളിൽനിന്നു സൃഷ്ടിക്കുന്ന ധാതുക്കൾ മിക്കവാറും നാമജങ്ങളാകയാൽ ഇവയെ നാമധാതുക്കൾ എന്നു പറയുന്നു. നാമധാതുക്കൾ വിവിധ പ്രത്യയങ്ങൾ ചേർത്ത് ഉണ്ടാക്കുന്നു.

"ഇ' പ്രത്യയത്താൽ കൃതിയായ്

ചമയും മിക്ക നാമവും' (കേരള പാണിനീയം).

ചില നാമങ്ങളോട് 'ഇ' ചേർത്ത് ക്രിയാധാതു ഉണ്ടാക്കുന്നു.

ഉദാ. ഒന്ന്-ഒന്നിക്കുന്നു

കല്ല്-കല്ലിക്കുന്നു.

'നാമം സ്വരാന്തമാണെങ്കിൽ

കാരിതീകരണം മതി.'

സ്വരത്തിൽ അവസാനിക്കുന്ന നാമത്തിന് കാരിതത്തിനുള്ള 'ക്കു' പ്രയോഗവും ഭൂതകാല 'തു'കാര ദ്വിത്വവും മതിയാകും (അടു-അടുക്കുന്നു, ബല-ബലക്കുന്നു).

'വികാരമെന്നിയേ നാമം

ധാതുവാകുമപൂർവമായ്'

അപൂർവം ചില ധാതുക്കൾ വികാരമൊന്നും കൂടാതെ യഥാസ്ഥിതമായ നിലയിൽത്തന്നെ ധാതുവാകുന്നുണ്ട് (കരി-കരിയുന്നു, പുക-പുകയുന്നു).

'കൊള്ളാം പെടുകയെന്നുള്ള

ധാതുവോട് സമാസവും.'

പെട് എന്ന ധാതുവിനോട് സമാസം ചെയ്തും നാമധാതുവിനെ ഉണ്ടാക്കാം (സുഖ-സുഖപ്പെടുന്നു, ഗുണ-ഗുണപ്പെടുന്നു).

'ഗുണം പ്രസക്തിയുണ്ടെങ്കിൽ

ചെയ്തിട്ടി പ്രത്യയത്തോടെ

പ്രയോഗിപ്പൂ സംസ്കൃതത്തിൽ

നിന്നു ധാതുവെടുക്കുകിൽ

രൂപമെല്ലാമികാരാന്ത

കാരിതത്തിനു തുല്യമാം.'

സംസ്കൃതത്തിൽനിന്ന് ധാതുക്കളെ ഭാഷയിലേക്ക് എടുക്കുമ്പോൾ അവയ്ക്ക് സംസ്കൃത പ്രസിദ്ധമായ 'ഗുണം' എന്ന സ്വരവികാരം നിമിത്തമുള്ളിടത്തെല്ലാം ചെയ്തിട്ട് പ്രയോജകത്തിനു പറഞ്ഞ 'ഇ' പ്രത്യയം ചേർക്കണം. അപ്പോൾ അത് 'ഇ'കാരാന്ത കാരിതധാതുപോലെ ആയിത്തീരുന്നതിനാൽ ആ നിലയിൽ വരുന്ന രൂപങ്ങളെല്ലാം അതിന് വന്നുചേരും (നമ്-നമി-നമിക്കുന്നു, ചിന്ത്-ചിന്തി-ചിന്തിക്കുന്നു).

ഏതൊരു ക്രിയയോടും ചില പ്രത്യയങ്ങൾ ചേർക്കുമ്പോൾ ആ ക്രിയയുടെ പേരിനെ കുറിക്കുന്ന നാമരൂപങ്ങൾ ഉണ്ടാകുന്നു (എഴുതുക-എഴുത്ത്, കഴിക്കുക-കഴിപ്പ്). ക്രിയകളിൽ നിന്നുണ്ടാകുന്ന നാമരൂപങ്ങളെ ക്രിയാനാമങ്ങൾ എന്നു പറയുന്നു. ക്രിയാപദങ്ങളെ ക്രിയാനാമങ്ങളാക്കാൻ ഉപയോഗിക്കുന്ന ധാരാളം പ്രത്യയങ്ങൾ (കൃത്ത്) ഉണ്ട്: ചുട്-ചൂട്, വിടു-വിടുതൽ, കിട-കിടപ്പ്, അറി-അറിവ്, കാൺ-കാഴ്ച, കെടു-കെടുതി, മറ-മറവി, വരു-വരുമാനം, നൽ-നന്മ, നീൾ-നീളം ആദിയായവ.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധാതു_(ഭാഷാശാസ്ത്രം)&oldid=2913928" എന്ന താളിൽനിന്ന് ശേഖരിച്ചത്