വാക്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary
Wiktionary
വാക്യം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ആകാംക്ഷയ്‌ക്കെല്ലാം പൂർത്തിവരുന്ന വിധത്തിൽ ചേർത്ത് ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണ് വാക്യം (Sentence). ഒരുവാക്യത്തെ അഴിച്ചു നോക്കിയാൽ സർവ്വസാധാരണമായിട്ട് രണ്ടുഭാഗം കാണും ആഖ്യയും ആഖ്യാതവും.പരസ്പരം ബന്ധമുള്ള പദങ്ങളെ ഒരു പൂർണ്ണമായ ആശയം വിശദമാക്കത്തക്ക വണ്ണം പ്രയോഗിക്കുന്നതിനാണ് വാക്യം എന്നു പറയുന്നത്.

പ്രസ്താവന, ചോദ്യം, ആശ്ചര്യം, ആജ്ഞ, അപേക്ഷ എന്നിവയെല്ലാം പ്രകടമാക്കുന്നത് വാക്യങ്ങളിൽക്കൂടിയാണ്.

വാചകം[തിരുത്തുക]

പ്രധാന ലേഖനം: വാചകം

ഒന്നോ അതിലധികമോ പദം (Word) അല്ലെങ്കിൽ വാക്കുകൾ ചേർന്ന് ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടാക്കപ്പെടുന്ന അർത്ഥ സമ്പുഷ്ടമായ പദമോ, പദങ്ങളുടെ കൂട്ടമോ ആണ് വാചകം (Phrase) എന്ന് പറയുന്നത്. ഒരു വാചകത്തിൽ നാമം, ക്രിയ, വിശേഷണം എന്നിവയിൽ ഏതും അടങ്ങിയിരിക്കാം.

അംഗിവാക്യം[തിരുത്തുക]

സ്വതന്ത്രമായി നിൽക്കുന്ന പ്രധാനവാക്യമാണ് അംഗിവാക്യം.

അംഗവാക്യം[തിരുത്തുക]

പ്രധാന ലേഖനം: അംഗവാക്യം

ഒരു പ്രധാനവാക്യത്തിന് സഹായകമായി നില്ക്കുന്ന ഉപവാക്യമാണ് അംഗവാക്യം (Subordinate clause) . ശരീരത്തിന് അവയവമെന്നോണം, പ്രധാന (അംഗി) വാക്യത്തിന് അംഗമായി വർത്തിക്കുന്നു. ഇത് കർത്താവ്, കർമ്മം, ക്രിയ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ വിശേഷണമായിരിക്കും. അനേകം ഉപവാക്യങ്ങൾ ചേർന്ന ഒരു ബൃഹദ് വാക്യത്തെ തരംതിരിച്ച് അപഗ്രഥിക്കുന്നതിന് അപോദ്ധാരമെന്നു പറയുന്നു. അംഗിവാക്യത്തെയും അംഗവാക്യങ്ങളെയും വേർതിരിക്കുകയാണ് ഇതിന്റെ ആദ്യത്തെ പടി.

വർഗീകരണം[തിരുത്തുക]

  • അർത്ഥമനുസരിച്ച് വാക്യങ്ങളെ നാലായി തിരിക്കാം.
  1. നിർദ്ദേശകവാക്യം (Assertive sentence) : വിശേഷാൽ അർത്ഥകല്പനയൊന്നുമില്ലാതെ കേവലം ഒരു വസ്തുത മാത്രം നിർദ്ദേശിക്കുന്നത്.
    ഉദാ – അവൻ ഇന്നലെ വന്നു.
    - ഗംഗ പുണ്യനദിയാണ്.
  2. ചോദ്യവാക്യം (Interrogative sentence) : ചോദ്യരൂപത്തിലുള്ള വാക്യമാണിത്.
    ഉദാ – നിങ്ങളുടെ പേരെന്താണ്?
    - എപ്പോൾ വന്നു?
  3. നിയോജകവാക്യം (Imperative sentence) : ആജ്ഞ, സമ്മതം, പ്രാർത്ഥന, വിധി, ആശംസ മുതലായ അര്ത്ഥങ്ങളെ ദ്യോതിപ്പിക്കുന്ന വാക്യം.
    ഉദാ – അകത്തേക്കു വരൂ.
    - നന്നായി വരട്ടെ.
  4. വ്യാക്ഷേപകവാക്യം (Exclamatory sentence) : വക്താവിന്റെ ശക്തമായ വികാരത്തെ പ്രകടിപ്പിക്കുന്നത്.
    ഉദാ – കഷ്ടം! എന്തൊരപകടം!
    - അയ്യോ! എനിക്കു പേടിയാകുന്നു!
  • വാക്യങ്ങളെ ആശയസ്വഭാവമനുസരിച്ചു മൂന്നായി തിരിക്കാം.
  1. ചൂർണ്ണിക (കേവലവാക്യം)
    ഒരു അംഗിവാക്യം മാത്രം ഉള്ളത്.
    ഉദാ - കുട്ടി പട്ടിയെ ഓടിച്ചു.
    - സീത പാടി.
  2. സങ്കീർണ്ണം (മിശ്രവാക്യം)
    ഒരു അംഗിവാക്യവും ഒന്നിലധികം അംഗവാക്യങ്ങളുമുള്ളത്.
    ഉദാ - ഇടിവെട്ടിയിട്ടും,കാറ്റടിച്ചിട്ടും മഴ പെയ്തില്ല.
  3. യൗഗികം (മഹാവാക്യം)
    ഒന്നിൽ കൂടുതൽ അംഗിവാക്യങ്ങൾ ഉള്ളത്.അംഗവാക്യങ്ങൾ ഇതിൽ വരാം വരാതിരിക്കാം.
    ഉദാ - ഞങ്ങൾ പഠിച്ചു ഞങ്ങൾ ജയിച്ചു.
    - പറഞ്ഞില്ലെങ്കിലും ഞങ്ങൾ പഠിക്കുകയും ജയിക്കുകയും ചെയ്യും.

ഇവ കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • കേരളപാണിനീയം


"https://ml.wikipedia.org/w/index.php?title=വാക്യം&oldid=3729329" എന്ന താളിൽനിന്ന് ശേഖരിച്ചത്