Jump to content

ഹെൻറി ബേർഗ്‌സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Henri Bergson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെൻറി ലൂയിസ് ബേർഗ്‌സൺ
ജനനം(1859-10-18)ഒക്ടോബർ 18, 1859
പാരീസ്, ഫ്രാൻസ്
മരണംജനുവരി 4, 1941(1941-01-04) (പ്രായം 81)
പാരീസ്, ഫ്രാൻസ്
കാലഘട്ടം20-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരയൂറോപ്യൻ വൻകരയിലെ ദർശനം
സാഹിത്യത്തിനുള്ള നോബൽ സമ്മാനം
1927
പ്രധാന താത്പര്യങ്ങൾതത്ത്വമീമാംസ, വിജ്ഞാനശാസ്ത്രം, ഭാഷാദർശനം,
ഗണിതദർശനം
ശ്രദ്ധേയമായ ആശയങ്ങൾകാലദൈർഘ്യം, അന്തർജ്ഞാനം,
ജീവിതാവേശം(elan vital),
തുറന്ന സമൂഹം
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

അറിവിന്റെ അന്വേഷണത്തിൽ യുക്തിവിചാരത്തേയും ശാസ്ത്രീയാന്വേഷണത്തേയുംകാൾ വിശ്വസിക്കാവുന്നത് തൽക്ഷണാനുഭവവും അന്തർജ്ഞാനവും ആണെന്നു വാദിച്ച ഫ്രെഞ്ചു ദാർശനികനും എഴുത്തുകാരനുമായിരുന്നു ഹെൻറി ബേർഗ്‌സൺ (18 ഒക്ടോബർ 1859 – 4 ജനുവരി 1941). അന്തർജ്ഞാനം(Intuition) ധിഷണയേക്കാൾ അഗാധമാണെന്ന് ബേർഗ്‌സൺ വാദിച്ചു. പദാർത്ഥവും സ്മരണയും (Matter and Memory -1896), സർഗ്ഗപരിണാമം (Creative Evolution -1907) എന്നീ കൃതികളിൽ അദ്ദേഹം ആധുനിക ജീവശാസ്ത്രത്തിലെ കണ്ടെത്തലുകളെ, പ്രജ്ഞയെ സംബന്ധിച്ച ഒരു സിദ്ധാന്തവുമായി സമന്വയിപ്പിക്കാൻ ശ്രമിച്ചു. "സർഗ്ഗപരിണാമ"-ത്തിൽ അദ്ദേഹം, ജീവന്റെ പരിണാമത്തിന് പ്രകൃതിനിർദ്ധാരണത്തെ അടിസ്ഥാനമാക്കി ഡാർവിൻ നൽകിയ വിശദീകരണത്തെ, യാന്ത്രികമെന്നു കരുതി തള്ളിക്കളഞ്ഞു. ജീവപ്രക്രിയകൾക്കു പിന്നിൽ, ജീവശരീരങ്ങളുടെ ഭൗതികഘടനയുടെ സങ്കീർണ്ണതയ്ക്കപ്പുറം എല്ലാ ജീവികളിലും കാണപ്പെടുന്ന അഭൗതികഘടകമായ 'ജീവിതാവേശം' (elan vital) എന്ന സർഗ്ഗശക്തി നിലകൊള്ളുന്നുണ്ടെന്നും, വളർച്ചയേയും പുരോഗതിയേയും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത്, പരിണാമത്തിനു വഴിയൊരുക്കുന്നത് ഈ അഭൗതികശക്തിയാണെന്നും അദ്ദേഹം വാദിച്ചു.[1] മനുഷ്യന്റെ ആന്തരികജീവിതത്തെ, ശാസ്ത്രീയമായ നിരീക്ഷണത്തിനും മാനനത്തിനും വഴങ്ങാത്ത യഥാർത്ഥ സമയമായി കാണുന്ന 'കാലദൈർഘ്യം' (Duration) എന്ന സങ്കല്പമാണ് ബെർഗ്‌സന്റെ മറ്റൊരു പ്രധാന ആശയം.

വസ്തുപ്രകൃതിയെ യാന്ത്രികമായി വീക്ഷിക്കുന്ന തത്ത്വചിന്തയ്ക്ക് ആധുനിക കാലത്തു നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയായി ബേർഗ്‌സന്റെ ദർശനം കരുതപ്പെട്ടു. ആപേക്ഷികതാസിദ്ധാന്തത്തിലേയും ആധുനികമനോവിജ്ഞാനത്തിലേയും പല വെളിപാടുകളേയും ബേർഗ്‌സന്റെ ചിന്ത മുൻകൂട്ടി കണ്ടതായി വാദിക്കപ്പെടാറുണ്ട്.[2] സമ്പന്നവും ജീവസ്സുറ്റതുമായ ചിന്തയ്ക്കും, അതിന്റെ അവതരണത്തിൽ കാട്ടിയ മികവിനും ഉള്ള അംഗീകാരമായി 1927-ൽ അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു.[3]

ജീവിതം

[തിരുത്തുക]

പശ്ചാത്തലം

[തിരുത്തുക]

ഡാർവിനീയ പരിണാമസിദ്ധാന്തത്തിന്റെ നിശിതവിമർശകനായിത്തീർന്ന ബേർഗ്‌സൺ, ചാൾസ് ഡാർവിന്റെ വിഖ്യാതഗ്രന്ഥമായ 'വംശോല്പത്തി'-യുടെ പ്രസിദ്ധീകരണത്തിന്റെ തലേമാസം, ഫ്രാൻസിൽ, പാരിസിലെ ലാമാർട്ടിനിലാണ് ജനിച്ചത്. പോളിഷ് പശ്ചാത്തലമുള്ള സംഗീതജ്ഞനായ അദ്ദേഹത്തിന്റെ പിതാവ് മൈക്കൽ ബേർഗ്‌സണും, ഇംഗ്ലണ്ടിൽ യോർക്ക്ഷയറിൽ നിന്നുള്ള ആംഗല-ഐറിഷ് പശ്ചാത്തലത്തിൽ പെട്ട ഒരു വൈദ്യന്റെ മകളായ അമ്മയും യഹൂദരായിരുന്നു. മാതാപിതാക്കളുടെ ഏഴുമക്കളിൽ രണ്ടാമനായിരുന്നു ബേർഗ്‌സൺ. അദ്ദേഹത്തിന്റെ ബാല്യത്തിൽ കുടുംബം കുറേക്കാലം ലണ്ടനിൽ ചിലവഴിച്ചു. ഇതും, അമ്മയുടെ ഇംഗ്ലീഷ് പശ്ചാത്തലവും ഇംഗ്ലീഷ് ഭാഷയുമായി ചെറുപ്രായത്തിലെ പരിചയപ്പെടാൻ അദ്ദേഹത്തിന് അവസരം നൽകി.[൧] എങ്കിലും അദ്ദേഹത്തിന് ഒൻപതു വയസ്സായപ്പോൾ കുടുംബം ഫ്രാൻസിലേക്കു മടങ്ങി അവിടെ സ്ഥിരതാമസമാക്കി. അങ്ങനെ ബേർഗ്‌സൺ ഫ്രഞ്ചു പൗരനായി.

വിദ്യാഭ്യാസം

[തിരുത്തുക]

പഠനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഏറെ പ്രതിഭാവിലാസം കാട്ടിയ ബേർഗ്‌സൺ കിട്ടാവുന്ന സമ്മാനങ്ങളൊക്കെ വാങ്ങിക്കൂട്ടി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം, ഗണിതശാസ്ത്രത്തിന് ഊന്നൽ കൊടുത്തുള്ളതായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാനഘട്ടത്തിലുള്ളവർക്കിടയിൽ നിന്ന് പ്രതിഭാശാലികളെ കണ്ടെത്താനായി ആണ്ടുതോറും ദേശവ്യാപകമായി നടത്തിയിരുന്ന "കോൺകൂഴ്സ് ജനറൽ"(Concours Général) എന്ന മത്സരപ്പരീക്ഷയിൽ അദ്ദേഹം, 1877-ൽ പാസ്കൽ പരിഹരിച്ച്, പരിഹാരം രേഖപ്പെടുത്താതെ വിട്ടിരുന്ന ഒരു ഗണിതസമസ്യ പരിഹരിച്ച് ഒന്നാം സ്ഥാനം നേടി. എങ്കിലും കലാശാലാ വിദ്യാഭ്യാസത്തിന് ഗണിതത്തിനു പകരം തത്ത്വചിന്ത തെരഞ്ഞെടുത്ത് ബേർഗ്‌സൺ തന്റെ ഗണിതാദ്ധ്യാപകനെ അത്ഭുതപ്പെടുത്തി. "ഗണിതശാസ്ത്രജ്ഞൻ ആകേണ്ടിയിരുന്ന നീ, ഇനി വെറും ദാർശനികനാകും" എന്നായിരുന്നു നിരാശനായ അദ്ധ്യാപകന്റെ പരിതാപം.[4] പാരിസിലെ പ്രസിദ്ധമായ "ഇക്കോൾ നോർമേൽ" എന്ന കലാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഉന്നതവിദ്യാഭ്യാസം. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ജീൻ ജാറസ്(Jean Jaurès), ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ പിതാവ് എമിൽ ദുർക്കീം എന്നിവർ അവിടെ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. ദാർശനികനായ ജൂൾസ് ലാച്ചലിയർ, ചിന്തകനും പുരാവസ്തുവിജ്ഞാനിയുമായ ഫെലിക്സ് റവായ്‌സൺ, എന്നിവർ അദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു. പ്രമുഖ ഇംഗ്ലീഷ് ചിന്തകൻ ഹെർബർട്ട് സ്പെൻസറുടെ കൃതികൾ ഇക്കാലത്ത് ബേർഗ്‌സൺ ആവേശപൂർവം വായിച്ചിരുന്നു.

അദ്ധ്യാപകൻ

[തിരുത്തുക]

ഇക്കോൾ നോർമേലിൽ നിന്ന് 1881-ൽ ബേർഗ്‌സൺ ബിരുദം നേടി. ഹൈസ്കൂൾ-കലാലയ തലങ്ങളിൽ തത്ത്വചിന്ത പഠിപ്പിക്കാൻ അദ്ധ്യാപകരെ കണ്ടെത്തുന്ന "അഗ്രഗേഷൻ ഡി ഫിലോസഫി" എന്ന തെരഞ്ഞെടുപ്പു പ്രക്രിയയിൽ അദ്ദേഹത്തിനു രണ്ടാം സ്ഥാനം ലഭിച്ചു. ആദ്യം ആങ്കേഴ്സ് എന്ന സ്ഥലത്തെ ലൈസിയമിൽ(ഹൈസ്കൂൾ) അദ്ധ്യാപകനായ അദ്ദേഹം തുടർന്ന് ക്ലെർമോണ്ട് ഫെരാണ്ടിലേക്കു മാറി. അവിടെ ഹൈസ്കൂൾ കോളേജ് തലങ്ങളിൽ ബേർഗ്‌സൺ അഞ്ചു വർഷം പഠിപ്പിച്ചു.[4] പ്രസിദ്ധ ഫ്രെഞ്ചു സാഹിത്യകാരൻ മാർസെൽ പ്രൂസ്തിന്റെ[൨] ബന്ധു ലൂയി ന്യൂബെർഗറെ ബേർഗ്‌സൺ 1891-ൽ വിവാഹം കഴിച്ചു. അവർക്ക് 1896-ൽ ജന്മനാ ബധിരയായി ജീൻ എന്ന മകൾ പിറന്നു. 1900-മാണ്ടിൽ കോളജ് ഡി ഫ്രാൻസ് എന്ന കലാശാല ബേർഗ്‌സണെ, അവരുടെ യവന-ലത്തീൻ ചിന്തകളുടെ വിഭാഗത്തിന്റെ മേധാവിയാക്കി. 1904 വരെ അദ്ദേഹം ആ പദവി വഹിച്ചു. തുടർന്ന് അതേ സ്ഥാപനത്തിൽ തന്നെ, ഗബ്രിയേൽ ടാർദേയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി ആധുനികദാർശനികതയുടെ വിഭാഗത്തിന്റെ മേധാവിയായ അദ്ദേഹം 1920 വരെ ആ സ്ഥാനത്തു തുടർന്നു. ഒരു ഫ്രെഞ്ചു പ്രൊഫസറുടെ പ്രശാന്തജീവിതമാണ് അദ്ദേഹം നയിച്ചത്. എല്ലാവർക്കും പ്രവേശനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ ഒട്ടേറെ സാധാരണജനങ്ങളും കേൾവിക്കാരായി.

കൃതികൾ

[തിരുത്തുക]
ബേർഗ്‌സൺ 1927-ൽ - ആ വർഷമാണ് അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടത്

ബേർഗ്‌സന്റെ തത്ത്വചിന്തയ്ക്കു ലഭിച്ച സ്വീകരണത്തിന്റെ കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ അതുല്യമായ രചനാവൈഭവമാണ്. നീച്ചയെപ്പോലെ വൈരുദ്ധ്യങ്ങളുടെ കരിമരുന്നു പ്രകടനം നടത്താതെ ഫ്രഞ്ചു ഗദ്യത്തിന്റെ ഉന്നതപാരമ്പര്യത്തിലൂന്നിയ സ്ഥിരോജ്ജ്വല ശൈലി പിന്തുടരുകയാണ് അദ്ദേഹം ചെയ്തത്.[5] സാഹിത്യഭംഗിയുടെ കാര്യത്തിൽ ബെർഗ്‌സന്റെ സ്ഥാനം, തത്ത്വചിന്തയിലെ പൂർവഗാമികളായ പ്ലേറ്റോയ്ക്കും അഗസ്റ്റിനും ഒപ്പമാണെന്ന് ഡേവിഡ് ഓക്കോണർ അഭിപ്രായപ്പെട്ടിട്ടുണ്ട്.[6]

മത്സരപ്പരീക്ഷയുടെ ഭാഗമായി പാസ്കലിന്റെ സമസ്യയ്ക്കു കണ്ടെത്തിയ പരിഹാരമാണ് ബേർഗ്‌സന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. 1878-ൽ അനൽസ് ഡി മാത്തമറ്റിക്സ് എന്ന പ്രസിദ്ധീകരണത്തിലാണ് അതു വെളിച്ചം കണ്ടത്. ക്ലെർമോണ്ട് ഫെരാണ്ടിൽ അദ്ധ്യാപകനായെത്തി ഏറെ താമസിയാതെ 1884-ൽ അദ്ദേഹം ലത്തീൻ കവി ലുക്രീഷസിന്റെ രചനകളിൽ നിന്നുള്ള ചില തെരഞ്ഞെടുപ്പുകൾ, പാഠത്തിന്റേയും ആ കവിയുടെ ചിന്തയുടേയും വിമർശനാത്മകപഠനത്തോടെ പ്രസിദ്ധീകരിച്ചു.[7] ക്ലെർമോണ്ട് ഫെറാന്റിലെ ലൈസിയമിൽ അദ്ധ്യാപകനായിരിക്കെ 1888-ൽ ബേർഗ്‌സൺ സമർപ്പിച്ച രണ്ടു ഗവേഷണപ്രബന്ധങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികളിൽ ആദ്യത്തേതായി, കാലവും സ്വതന്ത്രേച്ഛയും എന്ന പേരിൽ അടുത്തവർഷം പ്രസിദ്ധീകരിക്കപ്പെട്ടത്. അതിനൊപ്പം സമർപ്പിച്ച രണ്ടാമത്തെ പ്രബന്ധം അരിസ്റ്റോട്ടിലിന്റെ സ്ഥലസങ്കല്പത്തെക്കുറിച്ചു ലത്തീനിൽ എഴുതിയതായിരുന്നു. എട്ടു വർഷങ്ങൾക്കു ശേഷം 1896-ൽ അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും ദുർഗ്രാഹ്യമെന്നു കരുതപ്പെടുന്ന ദ്രവ്യവും സ്മരണയും വെളിച്ചം കണ്ടു. ബേർഗ്‌സൺ, പ്രസിദ്ധമായ കോളേജ് ഡി ഫ്രാൻസിൽ അദ്ധ്യാപകനായ ശേഷം 1907-ലാണ് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ സർഗ്ഗപരിണാമം പ്രസിദ്ധീകരിക്കപ്പെട്ടത്. ബേർഗ്‌സന്റെ മുഖ്യകൃതികളിൽ ഒടുവിലത്തേതായ ധാർമ്മികതയുടേയും മതത്തിന്റേയും രണ്ട് സ്രോതസ്സുകൾ, ഏറെക്കാലം കഴിഞ്ഞ്, 1932-ലാണ്.

"ചിരി: ഹാസ്യത്തിന്റെ അർത്ഥത്തെക്കുറിച്ച് ഒരന്വേഷണം" എന്ന പേരിൽ 1901-ൽ പ്രസിദ്ധീകരിച്ച പ്രബന്ധം, ബേർഗ്‌സന്റെ ലഘുരചനകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ബേർഗ്‌സന്റെ കലാ-ജീവിതദർശനങ്ങളെക്കുറിച്ചറിയാൻ ഏറെ സഹായിക്കുന്ന ഒരു രചനയാണത്.[8] 1903-ൽ ഒരു ആനുകാലികത്തിൽ "തത്ത്വമീമാംസയ്ക്ക് ഒരാമുഖം" (An introduction to metaphysics) എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനവും ബേർഗ്‌സന്റെ ഹ്രസ്വരചനകളിൽ പ്രധാനമാണ്. ബേർഗ്‌സന്റെ ചിന്തയിലേക്കുള്ള വഴികാട്ടിയായി കരുതപ്പെടുന്ന ഈ ലേഖനമാണ്, ഇതരഭാഷകളിലേക്കു പരക്കെ മൊഴിമാറ്റം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ആദ്യരചന. 1934-ൽ "സർഗ്ഗചേതന"(Creative mind) എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ബേർഗ്‌സന്റെ ലേഖനങ്ങളുടെ സമാഹാരത്തിൽ കേദ്രഖണ്ഡമായതും ഈ ലേഖനമാണ്.[4]

ബേർഗ്‌സൺ ഇതിഹാസം

[തിരുത്തുക]

ഈ കൃതികൾ ബേർഗ്‌സണെ ആഗോളപ്രശസ്തിയിലേക്കുയർത്തി. പ്രത്യേകിച്ച്, സർഗ്ഗപരിണാമം, അദ്ദേഹത്തെ പെട്ടെന്ന്, ദാർശനികലോകത്തിലെ ഏറ്റവും അറിയപ്പെടുന്നവനാക്കുകയും[5] ഒരു ബേർഗ്‌സൺ ഇതിഹാസത്തിന്റെ തന്നെ പിറവിക്ക് അവസരമൊരുക്കുകയും ചെയ്തു. 1907 മുതൽ 1918 വരെ, വർഷത്തിൽ രണ്ടെന്ന കണക്കിൽ, ഈ കൃതിയ്ക്ക് 21 പതിപ്പുകൾ വേണ്ടിവന്നു.[7] 1913-ൽ ആദ്യമായി അമേരിക്ക സന്ദർശിച്ച ബേർഗ്‌സണെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഒരു ദീർഘലേഖനം പ്രസിദ്ധീകരിച്ചു. കൊളംബിയാ സർവകലാശാലയിൽ അദ്ദേഹം നടത്തിയ പ്രഭാഷണം കേൾക്കാനെത്തിയവരുടെ തിരക്ക് ന്യൂയോർക്ക് ബ്രോഡ്‌വേയുടെ ചരിത്രത്തിലെ ആദ്യത്തെ ട്രാഫിക് തടസ്സത്തിനു പോലും കാരണമായതായി പറയപ്പെടുന്നു. എന്നാൽ "സർഗ്ഗപരിണാമം" പരിണാമവാദത്തെ പിന്തുണയ്ക്കുന്നതായി ഭയന്ന കത്തോലിക്കാ സഭ ബേർഗ്‌സന്റെ കൃതികളെ, വിലക്കപ്പെട്ട രചനകളുടെ പട്ടികയിൽ ചേർത്തു. അതേവർഷം തന്നെ ബേർഗ്‌സൺ, പേരുകേട്ട ഫ്രഞ്ച് അക്കാദമിയിൽ അംഗമാക്കപ്പെട്ടു. ആ പദവിയിൽ എത്തുന്ന ആദ്യത്തെ യഹൂദനായിരുന്നു അദ്ദേഹം[4]

1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ബേർഗ്‌സൺ രാജനീതിയിലും നയതന്ത്രദൗത്യങ്ങളിലും ഇടപെട്ടു. 1917-ൽ ഫ്രെഞ്ചു സർക്കാരിന്റെ ദൂതനായി അദ്ദേഹം ആദ്യം സ്പെയിനും തുടർന്ന് യുദ്ധത്തിൽ പ്രവേശിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കാനായി ഐക്യനാടുകളും സന്ദർശിച്ചു. രാജനീതിയിലെ അദ്ദേഹത്തിന്റെ നിലപാടുകൾ തത്ത്വചിന്തയിലെ അഭിപ്രായങ്ങളേക്കാൾ ശ്രദ്ധിക്കപ്പെടുക പോലും ചെയ്തു. യുദ്ധാനന്തരം, ലീഗ് ഓഫ് നേഷൻസിന്റെ ഭാഗമായ ബൗദ്ധികസഹകരണ സമിതിയുടെ (Committee for Intellectual Cooperation) രൂപീകരണത്തിന് അദ്ദേഹം മേൽനോട്ടം വഹിച്ചു. 1921 മുതൽ 1926 വരെ അദ്ദേഹമായിരുന്നു ഈ സമിതിയുടെ അദ്ധ്യക്ഷൻ.[9] ഈ സംഘടനയാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുനേസ്കോ(UNESCO) ആയി പരിണമിച്ചത്.[10]

അന്തിമവർഷങ്ങൾ

[തിരുത്തുക]

1920-കളുടെ അവസാനത്തോടടുത്ത്, അനാരോഗ്യം മൂലം ബേർഗ്‌സൺ പൊതുജീവിതത്തിൽ നിന്നു വിരമിച്ചു. ജീവിതത്തിന്റെ അവസാനത്തെ 17 വർഷം, കടുത്ത വാതരോഗം അദ്ദേഹത്തെ അവശനാക്കി. 1927-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചെങ്കിലും അതു നേരിട്ടു സ്വീകരിക്കുവാൻ അനാരോഗ്യം മൂലം അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും 1932-ൽ, തന്റെ പ്രധാനകൃതികളിൽ അവസാനത്തേതായ "ധാർമ്മികതയുടേയും മതത്തിന്റേയും രണ്ടു മുഖ്യ സ്രോതസ്സുകൾ" അദ്ദേഹം പ്രസിദ്ധീകരിച്ചു. തത്ത്വചിന്തയിലെ ബേർഗ്‌സന്റെ നിലപാടുകൾക്ക്, ധാർമ്മികതയുടേയും, മതത്തിന്റേയും കലയുടേയും മേഖലകളിലുള്ള പ്രസക്തി പരിശോധിക്കുന്ന ഈ കൃതി ബഹുമാനപൂർവം സ്വീകരിക്കപ്പെട്ടെങ്കിലും, തത്ത്വചിന്തയിലെ അദ്ദേഹത്തിന്റെ മേധാവിത്വത്തിന് അറുതിയായെന്ന് അതു വ്യക്തമാക്കി. 1941-ൽ ബേർഗ്‌സൺ മരിക്കുമ്പോൽ, രണ്ടാം ലോകമഹായുദ്ധത്തിൽ, ജർമ്മനിയുടെ അധിനിവേശത്തിലായ ഫ്രാൻസ്, നാത്സികൾ പാരിസിനടുത്തുള്ള വിഷി(Vichy) കേന്ദ്രമാക്കി സ്ഥാപിച്ച പാവ സർക്കാരിന്റെ ഭരണത്തിലായിരുന്നു. യഹൂദർക്കെതിരെയുള്ള വിലക്കുകളിൽ നിന്ന് ബേർഗ്‌സണെ ഒഴിവാക്കാൻ വിഷി ഭരണകൂടം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, നാത്സികൾ വച്ചുനീട്ടിയ ബഹുമാനം സ്വീകരിക്കുന്നതിനു പകരം, മുന്നേ തനിക്കു ലഭിച്ചിരുന്ന ബഹുമതികൾ പോലും തിരസ്കരിച്ച്, തന്റെ മൗലികവിശ്വാസങ്ങൾ ആവർത്തിക്കുകയാണ് ബേർഗ്‌സൺ ചെയ്തത്.

അവസാനകാലത്ത് കത്തോലിക്കാമതത്തോട് ചായ്‌വു കാട്ടിയ ബേർഗ്‌സൺ 1937 ഫെബ്രുവരി 7-ന് ഇങ്ങനെ എഴുതി: "എന്റെ ചിന്ത എന്നെ എപ്പോഴും കത്തോലിക്കാവിശ്വാസത്തിനടുത്തെത്തിച്ചിരുന്നു. യഹൂദതയുടെ തികവ് അതിലാണ് ഞാൻ കാണുന്നത്."[11] കത്തോലിക്കാവിശ്വാസത്തിലേക്കു പരിവർത്തിതനാകാൻ ആഗ്രഹിച്ചെന്നും, യഹൂദജനതയുടെ മേൽ നാത്സികളും ഫ്രാൻസിലെ അവരുടെ സഹയാത്രികരും കാട്ടിയ പാതകങ്ങളോർത്താണ് അദ്ദേഹം അതിൽ നിന്നു പിന്തിരിഞ്ഞതെന്നും പറയപ്പെടുന്നു; പീഡിതർക്കൊപ്പമായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.[9] 1941 ഒക്ടോബർ മൂന്നിന്, നാത്സി അധിനിവേശത്തിലിരുന്ന ഫ്രാൻസിലെ പാരിസിൽ ഹെൻറി ബേർഗ്‌സൺ മരിച്ചു. യഹൂദനായി പേരു ചേർക്കാൻ മണിക്കൂറുകൾ ക്യൂവിൽ നിന്നതു വഴികിട്ടിയ ന്യുമോണിയ ആയിരുന്നു മരണകാരണമെന്നു പറയപ്പെടുന്നു.[12]

ബേർഗ്‌സന്റെ ചിന്ത

[തിരുത്തുക]

എല്ലാശാസ്ത്രങ്ങളുടേയും പിന്നിൽ ഒളിഞ്ഞിരിക്കുന്ന അതിഭൗതികസമസ്യകൾ ഉണർത്തിയ കൗതുകമാണ് ഗണിതത്തേയും ഇതര ഭൗതികശാസ്ത്രങ്ങളേയും വിട്ട് തത്ത്വചിന്തയിലേക്കു തിരിയുവാൻ ബേർഗ്‌സണു പ്രേരണയായതെന്ന് തത്ത്വചിന്തയുടെ കഥയിൽ വിൽ ഡുറാന്റ് പറയുന്നു. യുവപ്രായത്തിൽ, ഹെർബർട്ട് സ്പെൻസറുടെ തീവ്രഭൗതികവാദത്തിന്റെ ആരാധകനായിരുന്ന ബേർഗ്‌സൺ പിന്നീട്, ഭൗതികവാദത്തിന്റെ ഗോലിയാത്തിനെ കൊല്ലുന്ന ദാവീദായി. "സ്പെൻസറുടെ ഓരോ വായനയും, ഭൗതികവാദയന്ത്രത്തിന്റെ ബലഹീനതകളെക്കുറിച്ച്, ദ്രവ്യവും ജീവനും, ശരീരവും മനസ്സും, നിശ്ചിതവാദവും സ്വതന്ത്രേച്ഛയും ചേരുന്ന അതിലെ മൂന്നു വാതസന്ധികളെക്കുറിച്ച്, ബേർഗ്‌സണെ കൂടുതൽ ബോധവാനാക്കി."[5]

അന്തർജ്ഞാനം

[തിരുത്തുക]

പരമ്പരാഗത തത്ത്വചിന്തയുടെ ബൗദ്ധിക സമീപനത്തിന്, മനുഷ്യനേയും അവനു ചുറ്റുമുള്ള ലോകത്തേയും സംബന്ധിച്ച് തത്ത്വചിന്തകന്മാരെ എക്കാലവും അലട്ടിയിരുന്ന സമസ്യകൾ പരിഹരിക്കുന്നതു പോയിട്ട്, അവയെ ഫലപ്രദമായി അവതരിപ്പിക്കാൻ പോലും കഴിയില്ലെന്ന് ബെർഗ്‌സൺ കരുതി.[6] ഭൗതികശാസ്ത്രങ്ങളുടെ വിശകലനമാർഗ്ഗം പിന്തുടരുന്ന തത്ത്വചിന്തയ്ക്ക് ഒരിക്കലും സത്യാന്വേഷണത്തിൽ വിജയിക്കാനാവില്ല. ദാർശനികന്മാരുടെ അമൂർത്തസങ്കല്പങ്ങളുടേയും ശാസ്ത്രത്തിന്റെ സമവാക്യങ്ങളുടേയും സ്ഥാനത്ത് അറിവിന്റെ പ്രാപ്തിയ്ക്ക് ബെർഗ്‌സൺ നിർദ്ദേശിച്ചത് അന്തർജ്ഞാനത്തിന്റെ മാർഗ്ഗമാണ്. അറിയാനാഗ്രഹിക്കുന്ന വിഷയത്തിന്റെ സത്താകേന്ദ്രത്തിലേയ്ക്ക് കടന്നു ചെന്ന് അതുമായി താദാത്മ്യം പ്രാപിച്ച് അതിന്റെ അവാച്യമായ സവിശേഷതയെക്കുറിച്ചുള്ള ജ്ഞാനം സ്വാംശീകരിക്കുന്നതാണ് ബെർഗ്‌സന്റെ അന്തർജ്ഞാനം. ശിഥിലവും ആപേക്ഷികവുമായ അറിവു മാത്രം നൽകുന്ന ബൗദ്ധികവിശകലനത്തിൽ നിന്നു ഭിന്നമായി, അന്തർജ്ഞാനത്തിന്റെ വഴി അന്വേഷകനെ അപരിമിതവും പരമവുമായ അറിവിലെത്തിക്കുന്നു.[13]

ജഡവും ചേതനയും

[തിരുത്തുക]

ജഡലോകത്തിനു ബാധകമായ സങ്കല്പങ്ങൾ കൊണ്ട് ചിന്താപ്രപഞ്ചത്തെ അളക്കാൻ ശ്രമിച്ചതിനാലാണ് തത്ത്വചിന്ത നിശ്ചിതവാദത്തിലും, യാന്ത്രികതയിലും, ഭൗതികവാദത്തിലും എത്തി വഴിമുട്ടിയതെന്ന് ബെർഗ്‌സൺ വാദിച്ചു. ഭൗതികശാസ്ത്രത്തിലെ നിയമങ്ങൾ മനസ്സിന്റെ ലോകത്തിനു ബാധകമല്ല. മനസ്സിന് ഉലകം ചുറ്റിവരാൻ നിമിഷാർത്ഥമേ വേണ്ടൂ. നമ്മുടെ ആശയങ്ങൾ സ്ഥലപ്പരപ്പിൽ സഞ്ചരിക്കുന്ന പദാർത്ഥകണികകളല്ല. സ്ഥലനിയമങ്ങൾ അവയുടെ ഗതിയെയോ പ്രവർത്തത്തെയോ ബാധിക്കുന്നില്ല. ജീവന് സ്ഥലവുമായല്ല, കാലവുമായാണ് ബന്ധമുള്ളത്. ജീവൻ അവസ്ഥയല്ല, മാറ്റമാണ്; അത് അളവല്ല, ഗുണമാണ്; അതു ഖരമായ ദ്രവ്യത്തിന്റേയും ചലനത്തിന്റേയും പുനക്രമീകരണമല്ല, ദ്രവവും നിരന്തരവുമായ സൃഷ്ടിയാണ്.[5] സർഗ്ഗപരിണാമത്തിൽ ബെർഗ്‌സൺ, ജീവൻ ഭൗതിക-രാസഘടകങ്ങളുടെ ചേരുവയാണെന്ന വാദത്തെ, വൃത്തം എണ്ണമില്ലാത്ത ചെറിയ നേർരേഖകൾ ചേർന്നുണ്ടാകുന്നതാണെന്ന വാദത്തോട് താരതമ്യപ്പെടുത്തി വിമർശിക്കുന്നു.

സർഗ്ഗപരിണാമം

[തിരുത്തുക]

ജീവിവർഗ്ഗങ്ങളിൽ ആകസ്മികമായി നടക്കുന്ന പരിവർത്തനങ്ങൾക്കിടയിൽ പ്രകൃതിനിർദ്ധാരണത്തിന്റെ അന്ധവും അലക്ഷ്യവുമായ തെരഞ്ഞെടുപ്പിലൂടെ യാന്ത്രികമായി നടക്കുന്ന ഒരു പ്രക്രിയയായി ജൈവപരിണാമത്തെ വിശദീകരിക്കുന്ന ഡാർവിനീയ പരിണാമസിദ്ധാന്തത്തെ ബെർഗ്‌സൺ തള്ളിക്കളഞ്ഞു. മാറ്റങ്ങളുടേയും തെരഞ്ഞെടുപ്പിന്റേയും അന്ധമായ പ്രക്രിയയിൽ സങ്കീർണ്ണമായ ശരീരവ്യവസ്ഥകൾ രൂപപ്പെടുന്നതിൽ അദ്ദേഹം കിന്നരിക്കഥകളെ അതിശയിക്കുന്ന അവിശ്വസനീയത കണ്ടു. ബെർഗ്‌സണ് പരിണാമം ലക്ഷ്യോന്മുഖമായ ഒരു പ്രക്രിയയായിരുന്നു. പലപ്പോഴും, വ്യത്യസ്തജീവിവർഗ്ഗങ്ങളിൽ വ്യത്യസ്തമായ പരിണാമപഥങ്ങളിലൂടെ സമാനമായ അവയവങ്ങളും ശരീരവ്യവസ്ഥകളും പ്രക്രിയകളും രൂപപ്പെടുന്നുവെന്നത്, ആകസ്മികതകളെ ആശ്രയിച്ചുള്ള അലക്ഷ്യപരിണാമത്തിനെതിരായ ഏറ്റവും വലിയ തെളിവായി അദ്ദേഹം കണ്ടു. സസ്യങ്ങളിലും ജന്തുക്കളിലും വികസിച്ചിട്ടുള്ള ലൈംഗികപ്രജജനവും, കശേരുകികളുടേയും, ഒച്ചിനേയും മറ്റും പോലുള്ള മൊള്ളസ്കുകളുടേയും(Mollusks) കണ്ണുകളും, വ്യത്യസ്ത ജീവജാതികളിൽ വ്യത്യസ്തപന്ഥാവുകളിലൂടെ ഉണ്ടായ സമാനപരിവർത്തനങ്ങൾക്കു ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടി. ജീവികളിൽ പ്രത്യക്ഷപ്പെടുന്ന മാറ്റങ്ങൾ ആകസ്മികമല്ലെന്നും ജീവശരീരങ്ങളുടെ ഭൗതികഘടനകൾക്കപ്പുറത്ത് ജീവികൾക്ക് തലമുറകളിലൂടെ കൈമാറിക്കിട്ടുന്ന ജീവിതാവേശം(elan vital) എന്ന അഭൗതികശക്തിയുടെ പ്രേരണയിൽ നടക്കുന്ന ലക്ഷ്യോന്മുഖമായ ഒരു സർഗ്ഗപ്രക്രിയയാണു പരിണാമെമെന്നും ബെർഗ്‌സൺ വാദിച്ചു.[1][15]

കാലദൈർഘ്യം

[തിരുത്തുക]

ഹെർബർട്ട് സ്പെൻസറുടെ തത്ത്വചിന്തയുടെ കുറവുകൾ നികത്താനായി നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയ "കാലദൈർഘ്യം"(duration) എന്ന ആശയം ബേർഗ്‌സന്റെ ചിന്തയുടെ മൂലസങ്കല്പങ്ങളിൽ ഒന്നാണ്.[16] സമയത്തേയും ബോധത്തേയും സംബന്ധിച്ച ഒരു സിദ്ധാന്തമായി അദ്ദേഹം ഇതവതരിപ്പിച്ചത് "സമയവും സ്വതന്ത്രേച്ഛയും: ബോധത്തിന്റെ നേർവസ്തുതാശേഖരത്തെക്കുറിച്ച് ഒരു പഠനം" എന്ന പേരിൽ എഴുതിയ ഗവേഷണപ്രബന്ധത്തിലാണ്. ബേർഗ്‌സന്റെ ചിന്തയുടെ വികാസത്തെ ഏറെ സ്വാധീനിച്ച ഇമ്മാനുവേൽ കാന്റിനോടുള്ള പ്രതികരണമായിരുന്നു അത്.

സ്വതന്ത്രേച്ഛയ്ക്ക് സ്ഥലകാലങ്ങൾക്കു പുറത്തു മാത്രം നിലനില്പുള്ളതിനാൽ അതുണ്ടോയെന്നറിയാൻ പോലും നമുക്കു നിവൃത്തിയില്ലെന്നും, പ്രായോഗികബുദ്ധി പിന്തുടരുന്ന ഒരു വിശ്വാസം മാത്രമായേ അതിനേ ഉറപ്പിക്കാനൊക്കൂ എന്നുമാണ് കാന്റ് വാദിച്ചത്. മറ്റു പല ചിന്തകന്മാരേയും പോലെ കാന്റും സമയത്തെ സ്ഥലമാനത്തിൽ സങ്കല്പിച്ചു ചിന്താക്കുഴപ്പം വിളിച്ചു വരുത്തിയെന്നായിരുന്നു ഇതിനു ബെർഗ്‌സന്റെ പ്രതികരണം.[17] വാസ്തവത്തിൽ സമയമെന്നത് അരേഖീയവും എന്നാൽ വൈവിദ്ധ്യം കലർന്നതുമാണ്. അതിനാൽ അതിന്റെ ഭാഗങ്ങൾ തമ്മിൽ ഒന്നിനു പിന്നാലെ ഒന്നെന്ന മട്ടിലുള്ള അടുക്കിലൊ ഒന്നു മറ്റൊന്നിന്റെ കാരണമെന്ന മട്ടിലോ അല്ല ബന്ധപ്പെട്ടിരിക്കുന്നത്. സമയത്തിന്റെ ഈ സ്വഭാവം നിശ്ചിതത്വത്തെ(determinism) അസാദ്ധ്യതയാക്കുകയും ചലനക്ഷമതയുടെ രൂപത്തിൽ സ്വതന്ത്രേച്ഛയെ അവതരിപ്പിക്കുകയും ചെയ്യുന്നു. "സ്വാതന്ത്ര്യത്തെ ചലനസ്വഭാവമായി കണ്ടതാണ് ബേർഗ്‌സന്റെ ഏറ്റവും വലിയ ഉൾക്കാഴ്ച" എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4]

ബെർഗ്‌സന്റെ 'കാലദൈർഘ്യം' സമയത്തെ ഒരു സ്വരൂപിക്കലായും(accumulation) വളർച്ചയായും സങ്കല്പിക്കുന്നു. ഭുതകാലം നിലനിൽക്കുന്നെന്നും ഒന്നും നഷ്ടപ്പെടുന്നില്ലെന്നും ആണ് ഇതിനർത്ഥം.[5] പൊതുവേ ദുർഗ്രഹമായി കരുതപ്പെടുന്ന ഈ ആശയത്തെ ബെർട്രാൻഡ് റസ്സൽ ഇങ്ങനെ സംഗ്രഹിക്കുന്നു: "സമയം എന്നത്, വ്യതിരിക്തമായ സന്ദർഭങ്ങളുടേയോ സംഭവങ്ങളുടേയോ ഒരു പരമ്പരയല്ല, വളർച്ചയുടെ നൈരന്തര്യമാണ്. അതിൽ ഭാവിയെ മുൻകൂട്ടി കാണാനാകാത്തത് അത് തികച്ചും പുതിയതാണെന്നതിനാൽ സങ്കല്പാതീതമായിരിക്കുക മൂലമാണ്. യഥാർത്ഥത്തിൽ സംഭവിച്ചു കഴിഞ്ഞതൊക്കെ, നിലനിൽക്കുന്നു. അതിനാൽ ലോകം ക്രമത്തിൽ വളർന്ന് സമ്പൂർണ്ണവും ധന്യവും ആയിക്കൊണ്ടിരിക്കുന്നു. മസ്തിഷ്കത്തിലെ കപടസ്മരണയിൽ നിന്നു ഭിന്നമായിരിക്കുന്ന അന്തർജ്ഞാനത്തിന്റെ ശുദ്ധസ്മരണയിൽ സംഭവിച്ചു കഴിഞ്ഞതൊക്കെ നിലനിൽക്കുന്നു. ഈ നിലനില്പാണ് 'കാലദൈർഘ്യം'. പുതിയ സൃഷ്ടിയ്ക്കുള്ള ത്വരയാകട്ടെ ജീവിതാവേശവും('elan vital')."[18]

ചിരിയുടെ പൊരുൾ

[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രസിദ്ധീകരിച്ച, ചിരി: ഹാസ്യത്തിന്റെ പൊരുളിനെക്കുറിച്ച് ഒരന്വേഷണം എന്ന പ്രബന്ധം, ബേർഗ്‌സന്റെ ശ്രദ്ധേയമായ ലഘുരചനകളിൽ ഒന്നാണ്. ചിരിയുടേയും ഹാസ്യത്തിന്റേയും സ്വഭാവത്തേയും ഉല്പത്തിയേയും ധർമ്മങ്ങളേയും കുറിച്ചുള്ള പഠനമാണത്. മാനുഷികമായതിനു പുറത്ത് ഹാസ്യത്തിനു സ്ഥാനമില്ലെന്ന് ഈ കൃതിയിൽ ബേർഗ്‌സൺ ചൂണ്ടിക്കാട്ടുന്നു.[൩] ആസ്പദമായ വിഷയത്തെ സംബന്ധിച്ച സംവേദനാരാഹിത്യം ഹാസ്യത്തിന് അനുപേക്ഷണീയമാണ്. നിർമ്മമതയാണ് ഹാസ്യത്തിന്റെ സ്വാഭാവികമായ ചുറ്റുപാട്. അതിന് വൈകാരികതയേക്കാൾ വലിയ ശത്രുവില്ല. ഹാസ്യം സാമുഹികമാണ്. മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുമ്പോൾ നിങ്ങളിൽ ഹാസ്യഭാവം ഉറവെടുക്കുക ബുദ്ധിമുട്ടാണ്. ഹാസ്യത്തിന് ഒരു മുഴക്കം(echo) കൂടിയേ തീരൂ. അവ്യക്തവും സൂക്ഷ്മവുമെങ്കിലും ആ മുഴക്കം ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു പകരുന്നു. വികാരങ്ങളിൽ നിന്ന് അവധിയെടുത്ത് ബുദ്ധിമാത്രം ഉപയോഗിച്ച് മനുഷ്യർ മറ്റുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ ഹാസ്യം ജനിക്കുന്നു.(ഒന്നാം അദ്ധ്യായം)[8]

അപരനെ മാനംകെടുത്തി നേർവഴിക്കുനയിക്കുകയെന്ന അപ്രഖ്യാപിതലക്ഷ്യം ചിരിയിൽ എപ്പോഴും ഒളിഞ്ഞിരിക്കുന്നു. അസാമൂഹ്യർ (unsocial) ആയ വ്യക്തികൾക്ക് സമുഹം വിധിക്കുന്ന തിരുത്തൽ ശിക്ഷയാണ് ചിരി. എല്ലാ ചിരിയും ആൾക്കൂട്ടത്തിന്റെ ചിരിയാണ്.[2]

വിമർശനം

[തിരുത്തുക]

ബേർഗ്‌സന്റെ തത്ത്വചിന്തയുടെ വലിയൊരു ഭാഗം പരമ്പരാഗതമായ മിസ്റ്റിസിസത്തിന്റെ വ്യത്യസ്തഭാഷയിലുള്ള അവതാരമാണെന്ന് ബെർട്രാൻഡ് റസ്സൽ വിമർശിക്കുന്നു. സർഗ്ഗപരിണാമം എന്ന പ്രഖ്യാതകൃതിയിൽ ഭാവനയെ ആകർഷിക്കുന്ന രൂപകങ്ങളല്ലാതെ ഒരു വാദം പോലും ഇല്ലെന്നു പറയുന്ന റസ്സൽ ബേർഗ്‌സന്റെ ചിന്തയെ കൂടുതൽ പേർക്ക് ബോദ്ധ്യപ്പെടുത്താൻ ആ കൃതിയ്ക്ക് കഴിഞ്ഞതിന്റെ രഹസ്യം ഇങ്ങനെ വിശദീകരിക്കുന്നു: "ആദ്യവസാനം അതിൽ ഒരു വാദം പോലുമില്ല; അതുകൊണ്ട് ഒരു മോശം വാദവും ഇല്ല."[൪] സ്ഥലകാലദ്വന്ദത്തെപ്പറ്റിയും മറ്റുമുള്ള ബേർഗ്‌സന്റെ വാദങ്ങളിൽ പുത്തനെന്നു പറയാൻ അവയുടെ ശൈലി മാത്രമേയുള്ളെന്നും പുതിയ പദസമുച്ചയത്തിന്റെ കണ്ടെത്തലിൽ അദ്ദേഹം ഏറെ സാമർത്ഥ്യം കാട്ടുന്നെങ്കിലും അത് ദാർശനികന്റെ സാമർത്ഥ്യമല്ല കമ്പനി പ്രചാരകന്റെ മിടുക്കാണെന്നും റസ്സൽ വിമർശിക്കുന്നു.[18]

ബേർഗ്‌സന്റെ 'ജീവിതാവേശം'(elan vital) എന്ന സങ്കല്പത്തിന്റെ പ്രസക്തിയ്ക്ക് രസകരമായൊരു വിശദീകരണവും റസ്സൽ അവതരിപ്പിക്കുന്നു:- സാധിക്കുമ്പോഴൊക്കെ, നമ്മുടെ ആത്മാഭിമാനത്തിനു കേടുണ്ടാക്കാത്ത വിശ്വാസം തെരഞ്ഞെടുക്കുകയാണ് നാം ചെയ്യാറ്.[൫] മിസ്റ്റിസിസം അലസന്മാരുടെ ദർശനമാണ്. പ്രവർത്തനനിരതമായ സ്വഭാവമുണ്ടായിരിക്കെ നിഷ്ക്രിയരാകാൻ നിർബ്ബന്ധിക്കപ്പെട്ടവരാണ് മനുഷ്യകർമ്മങ്ങളുടെ ഫലശൂന്യതയിൽ വിശ്വസിക്കുന്ന പരമ്പരാഗതമായ മിസ്റ്റിസിസം തെരഞ്ഞെടുക്കുന്നത്. സ്വഭാവത്താലേ നിഷ്ക്രിയരായിരിക്കെ, കർമ്മനിർതരായിരിക്കാൻ നിർബ്ബദ്ധരാകുന്നവരും ഏറെയുണ്ട്. കർമ്മലോകത്തിൽ വിരസതയാലും സന്ദേഹത്താലും പീഡിതരാകുന്ന അത്തരക്കാർ, ഉത്തേജനത്തിനും അന്ധമായ വിശ്വാസത്തിനും കൊതിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമ്മാതിരിക്കാർ ലോകത്ത് ഏറെയുണ്ടായിരുന്നു. അവർക്ക് ആകർഷകമാകും വിധം മിസ്റ്റിസിസത്തെ മാറ്റിയെടുക്കുകയാണ് ബേർഗ്‌സൺ ചെയ്തതെന്നു റസ്സൽ കരുതി. "അലസനായിരിക്കാൻ വിധിക്കപ്പെട്ട കർമ്മകുശലനാണ് സാധാരണ മിസ്റ്റിക്കെങ്കിൽ, കർമ്മനിരതനായിരിക്കാൻ ശാപം കിട്ടിയ അലസനാണ് ജീവിതാവേശവാദി"(Vitalist).[18]

ബുദ്ധിയുടെ അതിരില്ലാത്ത കഴിവിൽ വിശ്വസിച്ച്, പ്രപഞ്ചത്തെ പരീക്ഷണനാളിയിൽ ഒതുക്കാമെന്നു ധരിച്ച ഭൗതികവാദത്തിനെതിരെ ബേർഗ്‌സൺ ഉന്നയിച്ച വെല്ലുവിളി ആവശ്യവും അവസരോചിതവും ആയിരുന്നുവെന്നു സമ്മതിക്കുന്ന വിൽ ഡുറാന്റ് പോലും അന്തർജ്ഞാനത്തെ ധിഷണയ്ക്കു പകരം വയ്ക്കാനുള്ള ബേർഗ്‌സന്റെ തീരുമാനത്തെ പുതിയതെറ്റുകൾ തിരുത്താനുള്ള ശ്രമത്തിൽ പഴയതെറ്റുകളിലേയ്ക്കും "യുവത്വത്തിന്റെ മനക്കോട്ടയിൽ നിന്ന് ശൈശവത്തിലെ കിന്നരിക്കഥകളിലേയ്ക്കും" ഉള്ള മടക്കമായി കണ്ടു. മനുഷ്യർ തെറ്റുകൾ തിരുത്തി പിന്മാറുകയല്ല മുന്നേറുകയാണു വേണ്ടത്. ബുദ്ധിയുടെ ആധിക്യമാണ് ലോകത്തിന്റെ ശാപമെന്നു പറയാൻ ഭ്രാന്തു നൽകുന്ന ധൈര്യത്തിനേ കഴിയൂ എന്നു ഡുറാന്റ് വിമർശിക്കുന്നു.[5]

കുറിപ്പുകൾ

[തിരുത്തുക]

^ യുവപ്രായത്തിൽ ഇംഗ്ലീഷ് ചിന്തകരായ ഹെർബർട്ട് സ്പെൻസർ, ജോൺ സ്ട്ട്യൂവർട്ട് മിൽ, ചാൾസ് ഡാർവിൻ തുടങ്ങിയവരുടെ അഗാധസ്വാധീനത്തിൽ വരാൻ ബേർഗ്‌സന് അമ്മവഴി ലഭിച്ച ഇംഗ്ലീഷ് പശ്ചാത്തലം അവസരമൊരുക്കി. എങ്കിലും ഈ ചിന്തകന്മാരുടെ യുക്തിയിലൂന്നിയ ദർശനവ്യവസ്ഥയോടുള്ള കലാപമായിരുന്നു ബേർഗ്‌സന്റെ പക്വമായ ചിന്ത.[19]

^ മാർസെൽ പ്രൂസ്തിന് "കഴിഞ്ഞുപോയ കാര്യങ്ങളുടെ ഓർമ്മ" (Remembrance of things past) എന്ന പ്രഖ്യാത രചനയുടെ ആശയം ബേർഗ്‌സണിൽ നിന്നു കിട്ടിയതാണെന്നു പറയപ്പെടുന്നു.[2]

^ മനുഷ്യേതരജീവികളും നിർജ്ജീവസ്തുക്കളും നമ്മിൽ ചിരിയുണർത്തുന്നത്, മനുഷ്യരെ അനുസ്മരിപ്പിക്കുമ്പോഴാണ്.

^ "The book contains , from beginning to end, no argument, and therefore no bad argument."[18]

^ "It is a law of our being that, whenever it is in any way possible, we adopt such beliefs as will preserve our self-respect."[18]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Massline.org/PhilosDog, ഹെൻറി ബെർഗ്‌സൺ
  2. 2.0 2.1 2.2 Books and Writers, Amazon.com, ഹെൻറി ബേർഗ്‌സൺ Archived 2006-12-05 at the Wayback Machine.
  3. "The Nobel prize in Literature". Retrieved 2010-11-15.
  4. 4.0 4.1 4.2 4.3 4.4 സ്റ്റാൻഫോർഡ് ദർശനവിജ്ഞാനകോശം, ഹെൻറി ബേർഗ്‌സൺ
  5. 5.0 5.1 5.2 5.3 5.4 5.5 തത്ത്വചിന്തയുടെ കഥ, വിൽ ഡുറാന്റ്, അദ്ധ്യായം X, സമകാലീന യൂറോപ്യൻ ചിന്തകന്മാർ, ബേർഗ്‌സണും ക്രോസും ബെർട്രാൻഡ് റസ്സലും (പുറങ്ങൾ 336-350)
  6. 6.0 6.1 ബെർഗ്‌സൻ, ഹെൻറി ലൂയീസ്, റോളന്റ് ടേണർ സംശോധന ചെയ്ത "ഇരുപതാം നൂറ്റാണ്ടിലെ ചിന്തകന്മാർ" എന്ന പുസ്തകത്തിൽ ഡേവിഡ് ഓക്കോണർ എഴുതിയ ലേഖനം(പുറങ്ങൾ 69-71)
  7. 7.0 7.1 Philosophy Professor ഹെൻറി ലൂയീസ് ബെർഗ്‌സൺ
  8. 8.0 8.1 "ചിരി: ഹാസ്യത്തിന്റെ അർത്ഥത്തെക്കുറിച്ച് ഒരന്വേഷണം" ഇംഗ്ലീഷ് പരിഭാഷ
  9. 9.0 9.1 Jewish Virtual Library, ഹെൻറി ലൂയീസ് ബെർഗ്‌സൺ
  10. awardt.com, ഹെൻറി ബേർഗ്‌സൺ Archived 2011-06-04 at the Wayback Machine.
  11. Quoted in: Zolli, Eugenio (2008) [1954]. Before the Dawn. Ignatius Press. p. 89. ISBN 9781586172879. {{cite book}}: Cite has empty unknown parameter: |trans_title= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  12. "Henri Bergson - Philosopher - Biography". www.egs.edu. 1941-01-03. Archived from the original on 2010-05-27. Retrieved 2010-02-17.
  13. Henri Bergson, The Creative Mind: An Introduction to Metaphysics, pages 159 to 162.
  14. ഹെൻറി ബെർഗ്‌സന്റെ "സർഗ്ഗപരിണാമം" 1911-ൽ ആർതർ മിച്ചൽ നടത്തിയ ഇംഗ്ലീഷ് പരിഭാഷ ഒന്നാം അദ്ധ്യായം
  15. Basic Problems of Philosophy, Selected Readings with Introductions, Theories of Reality(പുറം 592)
  16. Henri Bergson, The Creative Mind: An Introduction to Metaphysics, pages 11 to 13
  17. ഹെൻറി ബേർഗ്‌സൻ, Time and Free Will: An Essay on the Immediate Data of Consciousness, ഗ്രന്ഥകാരന്റെ സ്വന്തം ആമുഖം.
  18. 18.0 18.1 18.2 18.3 18.4 "ബെർട്രാൻഡ് റസ്സലിന്റെ അടിസ്ഥാനരചനകൾ" എന്ന പുസ്തകത്തിലെ "ഇരുപതാം നൂറ്റാണ്ടിലെ തത്ത്വചിന്ത" എന്ന ലേഖനം(പുറങ്ങൾ 265-267)
  19. Nobel Prize.org ഹെൻറി ബേർഗ്‌സൺ


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


"https://ml.wikipedia.org/w/index.php?title=ഹെൻറി_ബേർഗ്‌സൺ&oldid=3901263" എന്ന താളിൽനിന്ന് ശേഖരിച്ചത്