Jump to content

കാമിലോ ഹൊസെ ഥേലാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാമിലോ ഹൊസെ സേലാ
കാമിലോ ഹൊസെ സേലായുടെ ഛായാചിത്രം by Ricardo Asensio (1996)
കാമിലോ ഹൊസെ സേലായുടെ ഛായാചിത്രം by Ricardo Asensio (1996)
ജനനംCamilo José Cela y Trulock
(1916-05-11)മേയ് 11, 1916
Padrón, Galicia, Spain
മരണംജനുവരി 17, 2002(2002-01-17) (പ്രായം 85)
മാഡ്രിഡ്, സ്പെയിൻ
അന്ത്യവിശ്രമംIria Flavia cemetery
തൊഴിൽNovelist, short story writer, essayist
ഭാഷസ്പാനിഷ്
ദേശീയതസ്പാനിഷ്
സാഹിത്യ പ്രസ്ഥാനംTremendismo
ശ്രദ്ധേയമായ രചന(കൾ)The Family of Pascual Duarte, The Hive
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
(1989)
പങ്കാളിMaría del Rosario Conde Picavea (m. 1944-div. 1990)
Marina Concepción Castaño López (m. 1991-2002)
(his death)
കുട്ടികൾCamilo José Cela Conde

കാമിലോ ഹൊസെ സേലാ സ്പാനിഷ് സാഹിത്യകാരനായിരുന്നു. 1989-ലെ സാഹിത്യത്തിനുള്ള നോബൽസമ്മാനജേതാവായ ഇദ്ദേഹം നോവലിസ്റ്റ്, കവി, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിൽ പ്രസിദ്ധനായി. 1916 മേയ് 11-ന് കൊറുന്ന പ്രവിശ്യയിലെ ഇറിയ ഫ്ലാവിയയിൽ ജനിച്ചു.

ജീവിതരേഖ

[തിരുത്തുക]

മാഡ്രിഡ് സർവകലാശാലയിൽ നിയമപഠനം നടത്തി. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് (1936-39) ഫ്രാങ്കോയുടെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. യുദ്ധത്തിൽ മുറിവേറ്റ ഥേലായുടെ യുദ്ധാനുഭവങ്ങൾ പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ കൃതികളിൽ ആവിഷ്കാരം നേടി. യുദ്ധാനന്തരം പഠനം തുടർന്ന് 27-ആം വയസ്സിൽ ബിരുദമെടുത്തു. 1944-ൽ മറിയ ദെൽ റൊസേറിയോ കോൻദെ പിഥാവിയയെ വിവാഹം കഴിച്ചു. 1989 വരെ ഈ ബന്ധം നിലനിന്നു. 1991-ൽ ഇദ്ദേഹം തന്നെക്കാൾ 40 വയസ്സുകുറഞ്ഞ മറിന കാസ്തനോയെ വിവാഹം ചെയ്തു.

ഥേലായുടെ കഥാപ്രപഞ്ചം

[തിരുത്തുക]

യാഥാതഥ്യ (realism)ത്തിന്റെയും ഫലിതത്തിന്റെയും അംശങ്ങൾ ഉൾ ച്ചേർന്നതാണ് ഥേലായുടെ കഥാപ്രപഞ്ചം. അസ്തിത്വവാദത്തിന്റെ അനുരണനവും അങ്ങിങ്ങുണ്ട്. നിരവധി വ്യക്തിത്വങ്ങളുടെ സങ്കരങ്ങളെന്നു വിശേഷിപ്പിക്കാവുന്നവയാണ് കഥാപാത്രങ്ങൾ മിക്കവയും. ഥേലായുടെ ആദ്യ നോവലായ ലാ ഫാമിലിയ ദെ പാസ്ക്വൽ ദുവാർത് (The Family of Pascal Duarte ) 1942-ൽ പ്രസിദ്ധീകരിച്ചു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തെത്തുടർന്നു രചിച്ച ഈ നോവലിലെ വിഭ്രാമകമായ ഉള്ളടക്കംകാരണം ഇത് അർജന്റീനയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സ്പെയിനിൽ ആദ്യം നിരോധിക്കപ്പെട്ട ഈ ഗ്രന്ഥം 1946-ൽ അവിടെയും പ്രസിദ്ധീകരിക്കപ്പെട്ടു. ദുരിതത്തിനും അക്രമത്തിനും മുൻതൂക്കം നൽകുന്ന ട്രെമൻദിസ്മൊ എന്ന കഥാശൈലിയാണ് ഈ നോവലിന്റെ രചനയിൽ ഥേലാ സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തരയുദ്ധത്തിനുശേഷമുള്ള മാഡ്രിഡ് ജീവിതത്തിലെ മൂന്നുദിവസത്തിന്റെ സൂക്ഷ്മ ചിത്രീകരണമാണ് 1951-ൽ പ്രസിദ്ധീകരിച്ച ലാ കോൽമെന(The Hive)യിലുള്ളത്. അഞ്ചുവർഷംകൊണ്ടു പൂർത്തിയാക്കിയ ഈ നോവലിൽ 360-ഓളം കഥാപാത്രങ്ങളുണ്ട്. സിനിമയിൽനിന്നു കടംകൊണ്ട മൊന്താഷ് സങ്കേതം നോവലിസ്റ്റ് ഇതിൽ പ്രയോഗിച്ചിട്ടുണ്ട്. യുദ്ധാനന്തരസമൂഹത്തിലെ അപചയവും കാപട്യവും ദാരിദ്ര്യവുമെല്ലാം ഇതിൽ തെളിഞ്ഞുകാണാം.

  • മസൂർക്ക പാരാ ദോസ് മ്യുവെർത്തോ (1983; Mazurka for two Dead People)
  • ലാ ക്രുസ് ദെ സാൻ ആന്ദ്രെസ് (1944; St.Andres's Cross)
  • മദേര ദെ ബോജ് (1999; Box Wood)
  • പാബ്ലോൻ ദെ റിപ്പോസോ (1943)
  • ലാ കാതിര (1955)
  • ക്രിസ്തോ വേഴ്സസ് അരിസോണ (1988)

എന്നിവ ഥേലായുടെ ഇതര പ്രധാന നോവലുകളാണ്.

കവിയും ചെറുകഥയും

[തിരുത്തുക]

കവി എന്ന നിലയിലുള്ള ഥേലായുടെ രചനകൾ

  • പിസാൻദോ ലാ ദുദോസ ലുഥ് ദെൽ ദിയാ (1945)
  • കാൻസിയോനെറോ ദെ ലാ അൽകാരിയ (1948)

എന്നീ സമാഹാരങ്ങളിൽ ഉൾ പ്പെടുത്തിയിരിക്കുന്നു.

  • എസാസ് ന്യൂബ്സ് ക്വെ പാസാൻ (1945)
  • എൽ ഗാലെഗോ ഈ സു ക്വാദ്രില്ല (1951)
  • വിയാജെ എ യു.എസ്.എ. (1967)
  • റോൽ ദെ കോർനുദോസ് (1976)

എന്നിവ ചെറുകഥാസമാഹാരങ്ങളുടെ കൂട്ടത്തിൽ മികച്ചുനില്ക്കുന്നു. 1965-66 കാലഘട്ടത്തിൽ

  • ന്യുവാസ് എസ്കെനാസ് മാത്രിതെൻസെസ്

ഏഴ് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു.

  • മറിയ സബിന (1967)
  • എൽ കാരോ ദെ ഹെനോ ഒ എൽ ഇൻവെന്തർ ദെ ലാ ഗില്ലെത്തിന(1969)

എന്നിവ ഥേലായുടെ നാടകപ്രതിഭയ്ക്കു നിദർശനങ്ങളാണ്.

യാത്രാവിവരണം

[തിരുത്തുക]
  • വിയാജെ അലാ അൽകാരിയ (1948),
  • ജൂദിയോസ് മോറോസ് ഇ ക്രിസ്തിയാനോസ് (1956)
  • വിയാജെ അ പിറിനെറോ ദെ ലെരിദ (1965)

എന്നിവ ഇദ്ദേഹത്തിന്റെ യാത്രാവിവരണ ഗ്രന്ഥങ്ങളാണ്. ഥേലായുടെ നിരീക്ഷണപാടവവും വർണനാവൈഭവവും യാത്രാവിവരണഗ്രന്ഥങ്ങളിൽ തെളിഞ്ഞു കാണാം. സ്പെയിനിന്റെ ആത്മചൈതന്യം തുളുമ്പുന്ന ഉൾനാടുകളിലും ലാറ്റിനമേരിക്കയിലും നടത്തിയ പര്യടനങ്ങൾ സമ്മാനിച്ച അനുഭവവിശേഷം ഒപ്പിയെടുക്കുന്ന ഈ വിവരണങ്ങൾ ഗ്രന്ഥകാരന്റെയും ആത്മചൈതന്യം തുളുമ്പുന്നവയാണ്.

  • മെസാ റെവ്യൂൽത്ത (1945)
  • ഗാരിതോ ദെ ഹോസ്പിസിയാനോസ് (1963)
  • ലോസ് സ്വെനോസ് വാനോസ് ലോസ് ആഞ്ജെലസ് ക്യൂറിയോസോസ് (1979)
  • എൽ അസ്നോ ദെ ബുരിദാൻ (1986)

തുടങ്ങി നിരവധി ഉപന്യാസ സമാഹാരങ്ങളും ഥേലായുടെ സംഭാവനയായുണ്ട്. ഇദ്ദേഹത്തിന്റെ സമ്പൂർണ കൃതികൾ

  • ഒബ്രാസ് കൊംപ്ലേത്താസ് (1989-90)

എന്ന പേരിൽ 25 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

1955-ൽ ഥേലാ മജോർക്കയിൽ താമസമാക്കി. അടുത്തവർഷം പേപ്പലസ് ദെ സൊൻ ആർമദൻസ് എന്ന സാഹിത്യാനുകാലികത്തിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു. 1979 വരെ ഈ പ്രസിദ്ധീകരണം നിലനിന്നു. ബഹുവാല്യങ്ങളിലുള്ള ഡിക്ഷനറിയോ സെക്രെതോയുടെ പ്രസിദ്ധീകരണവും ഇക്കാലത്തു (1968-72) നടക്കുകയുണ്ടായി. വിലക്കപ്പെട്ട പദങ്ങളുടെയും പ്രയോഗങ്ങളുടെയും സഞ്ചയം എന്നാണ് ഥേലാ ഇതിനെ വിശേഷിപ്പിച്ചത്. 1957-ൽ സ്പാനിഷ് അക്കാദമിയിൽ അംഗമായ ഇദ്ദേഹം 1977-78 കാലഘട്ടത്തിൽ ഭരണനിർമ്മാണസഭയിൽ സെനറ്ററായി സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റി ഒഫ് പാൽമ ദെ മല്ലോർക്കയിൽ പ്രൊഫസറായും ഹിസ്പാനിക് സൊസൈറ്റി ഒഫ് അമേരിക്ക, സൊസൈറ്റി ഒഫ് സ്പാനിഷ് ആൻഡ് സ്പാനിഷ് അമേരിക്കൻ സ്റ്റഡീസ്, അമേരിക്കൻ അസോസിയേഷൻ ഒഫ് ടീച്ചേഴ്സ് ഒഫ് സ്പാനിഷ് ആൻഡ് പോർച്ചുഗീസ് തുടങ്ങിയ സംഘടനകളിൽ അംഗമായും ഇദ്ദേഹം പ്രവർത്തനം നടത്തിയിട്ടുണ്ട്. നോബൽ സമ്മാനത്തിനുപുറമേ പ്രെമിയോ ദെ ലാ ക്രിട്ടിക്കാ, പ്രെമിയോ നാഷനൽ ദെ ലിത്തറേത്തൂറ, പ്രെമിയോ പ്രിൻസിപ്പെ ദെ ഓസ്ത്രിയാസ്, സെർവാന്റസ് പ്രൈസ് (1995) തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചു. 2002 ജനുവരി 17-ന് മാഡ്രിഡിൽ ഥേലാ അന്തരിച്ചു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഥേലാ, കാമിലോ ഹൊസെ (1916 - 2002) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കാമിലോ_ഹൊസെ_ഥേലാ&oldid=2281657" എന്ന താളിൽനിന്ന് ശേഖരിച്ചത്