Jump to content

യഥാതഥ്യപ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോൺജ്ഞൂ മെസ്യൂ കൂർബെ, ഗുസ്റ്റാഫ് കൂർബേ (Gustave Courbet) വരച്ച ഒരു റിയലിസ്റ്റ് ചിത്രം (1854)

ദൃശ്യകലകളിലും സാഹിത്യത്തിലും യഥാതഥ്യം എന്ന പദം സൂചിപ്പിക്കുന്നത് വസ്തുക്കളെ അല്ലെങ്കിൽ കഥാപാത്രങ്ങളെ അവ ദൈനംദിനജീവിതത്തിൽ അവതരിക്കുന്നതുപോലെ, നിറപ്പകിട്ടോ വിശകലനമോ ഇല്ലാതെ ചിത്രീകരിക്കുന്നതിനെയാണ്‌. സത്യത്തെ അനാവരണം ചെയ്യുമ്പോൾ വൈകൃതമോ അറപ്പുളവാക്കുന്നതോ ആയ കാര്യങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളെയും റിയലിസത്തിൽ പെടുത്താം. [1]

പശ്ചാത്തലം

[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഫ്രാൻസിൽ രൂപം കൊണ്ട സാഹിത്യമുന്നേറ്റത്തെയും റിയലിസം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നു. 1800-കളുടെ അവസാനത്തിൽ ഫ്രാൻസിൽ ഇത് വളരെ ജനപ്രിയമായ ഒരു കലാരൂപമായിരുന്നു. ഛായാഗ്രഹണത്തിന്റെ ആവിർഭാവത്തോടെയാണ് റിയലിസം നിലവിൽ വന്നത് - ഈ പുതിയ ദൃശ്യസങ്കേതം ജനങ്ങളിൽ വസ്തുതാപരമായി യഥാർത്ഥമായ കലാസൃഷ്ടികൾ സൃഷ്ടിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഫ്രഞ്ച് സാഹിത്യത്തിലും കലയിലും നിറഞ്ഞുനിന്ന കാൽപ്പനികതയ്ക്ക് (റൊമാന്റിസിസം) ശക്തമായ ബദലായിരുന്നു റിയലിസം. വ്യക്തിപരമായ ചായ്‌വുകൾ കൊണ്ട് വളച്ചൊടിക്കപ്പെടാതെ, വസ്തുതാപരമായ യാഥാർത്ഥ്യം (ഒബ്ജെക്ടീവ് റിയാലിറ്റി) എന്ന തത്ത്വത്തിൽ വിശ്വസിച്ച റിയലിസം അതിവർണ്ണനകൾ കൊണ്ടുനിറഞ്ഞ വൈകാരികതയ്ക്ക് എതിരായിരുന്നു. സത്യം, കൃത്യത എന്നിവ പല റിയലിസ്റ്റുകളുടെയും ലക്ഷ്യങ്ങളായിത്തീർന്നു.

സാഹിത്യരചനകളിൽ

[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച് സാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ട ചില രചനകളിലാണ് യഥാതഥ്യം എന്ന സങ്കേതം പ്രത്യക്ഷമായത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ ഒട്ടും അതിശയോക്തിയില്ലാതെ ചിത്രീകരിച്ച് അവരുടെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളിൽക്കൂടി ജീവിതദർശനം അനുവാചകനിലേക്ക് എത്തിച്ച ശ്രീ ബൽസാക്കാണ് സാഹിത്യത്തിൽ ഈ സങ്കേതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ഇദ്ദേഹം തുറന്ന വഴികളിലൂടെ സഞ്ചരിച്ച എഴുത്തുകാരാണ് എമിൽ സോള, ഫ്ലോബേർ എന്നിവർ. ബൽസാക്ക് തുടങ്ങിവച്ചത് പിൽക്കാലത്ത് ഫ്ലോബേറിന്റെ കൃതികളിൽ പൂർണ്ണതയെത്തിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. [2]

ചിത്രരചനയിൽ

[തിരുത്തുക]

ചിത്രരചനയുടെ കാര്യത്തിൽ യഥാതഥ്യവും സ്വാഭാവികതയും തമ്മിൽ പരസ്പരം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. സ്വാഭാവികത എന്ന് പറഞ്ഞാൽ വസ്തുക്കളെ ക്രൃത്യതയോടെ വരയ്ക്കുന്ന രീതിയാണ്. ചിത്രകലയിൽ യഥാതഥ്യ സങ്കേതം പ്രത്യക്ഷപ്പെടുന്നത് ചിത്രകാരൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലാണ്. ദൈനംദിന ജീവിതത്തിലെ ദൃശ്യങ്ങളും സംഭവങ്ങളും ഒട്ടും നാടകീയതയോ കൃത്രിമത്വമോ ഇല്ലാതെ അവതരിപ്പിക്കുക എന്നതാണ് ഒരു റിയലിസ്റ്റ് ചിത്രകാരന്റെ ലക്ഷ്യം. കാൽപ്പനികതയുടെ കൃത്രിമ നാടകീയതക്കെതിരെ പത്തൊമ്പതാം നൂറ്റാണ്ടിലെ ചില ചിത്രകാരന്മാരുടെ പ്രതികരണമാണ് പിൽക്കാലത്ത് ചിത്രകലയിലെ റിയലിസ്റ്റ് മൂവ്മെന്റ് എന്ന പേരിൽ ശക്തിപ്രാപിച്ചത്. [3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യഥാതഥ്യപ്രസ്ഥാനം&oldid=3867377" എന്ന താളിൽനിന്ന് ശേഖരിച്ചത്